ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 14 August 2017

നബി തങ്ങള്‍(സ്വ) അഭയ കേന്ദ്രം തന്നെ



സര്‍വ ശക്തനും സകലമാന സഹായങ്ങളുടെയും ഉടമയുമായ ഏകനായ അല്ലാഹുവിന്റെ അടിയാറുകളായ നമ്മുടെ ഓരോ ചിന്തയും പ്രവര്‍ത്തിയും അവന്റെ ഇഷ്ടത്തിലും പൊരുത്തത്തിലും ആകണം.ആകപ്പാടെ അവന്റെ ഖലീഫമാരാക്കി മനുഷ്യ സമുദായത്തെ ഭൂമിയിലേക്ക് പറഞ്ഞു വിട്ടത് തന്നെ തന്നെ ആരാധിക്കാന്‍ വേണ്ടി മാത്രമാണ്.സൃഷ്ടികളില്‍ എല്ലാവരെയും തുല്യരും സമരൂപ,ഭാവ സ്വഭാവങ്ങള്‍ ഉള്ളവരും ആയല്ല അവന്‍ സംവിധാനിചിട്ടുള്ളത്.മഹത്വത്തിന്റെ കാര്യം എടുത്താലും അങ്ങനെ തന്നെ.

فضل الله بعضهم على بعض


'നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ അല്ലാഹു ബഹുമാനിച്ചിരിക്കുന്നു.'
മഹത്വം അല്ലാഹു നല്‍കിയ കൂട്ടരില്‍ തന്നെ അതിന്റെ അളവ് കൂടിയും കുറഞ്ഞും ഇരിക്കുന്നു എന്നതും വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്.അമ്പിയാക്കന്മാരില്‍ നമ്മുടെ നബി തങ്ങളെ(സ്വ) അല്ലാഹു നേതാവും ശ്രേഷ്ടരും ആക്കിയിരിക്കുന്നു.

تلك الرسل فضلنا بعضهم على بعض


ഓരോ സമുദായത്തിനും അവരിലേക്ക് ഏകദൈവ വിശ്വാസത്തിന്റെ സന്ദേശവുമായി ആണ് അല്ലാഹു മുര്സലുകളായ നബിമാരെ അയച്ചിട്ടുള്ളത്.അഥവാ കാലാകാലത്തെ നാശമേകുന്ന മരണത്തെ തൊട്ട് സര്‍വ സൗഭാഗ്യമേകുന്ന സന്മാര്ഗ്ഗിയായ മരണത്തിലേക്ക് ആ സമുദായത്തെ എത്തിക്കാന്‍ തന്നെ.വ്യാപകാര്‍ത്ഥത്തില്‍ അവരുടെ രക്ഷയുടെ മാധ്യമം ആയിട്ടാണ് എന്ന് പറയാം.കാരണം അവര്‍ക്ക് രക്ഷയേകുവാന്‍ ഉള്ള മാര്‍ഗത്തെ അവരിലേക്ക് എത്തിച്ചു കൊടുക്കാന്‍ അല്ലാഹു തിരഞ്ഞെടുത്ത് അയച്ചവര്‍ തന്നെ പ്രവാചകന്മാര്‍.

"പടപ്പുകളില്‍ വിശേഷ ബുദ്ധിയുള്ളവര്‍ക്കും അല്ലാഹുവിനും ഇടയിലുള്ള ഒരടിമയുടെ ദൌത്യമാണ് രിസാലത്ത്"(ഇമാം തഫ്താസാനി).

കൂട്ടത്തില്‍ അകല സ്രിഷ്ടികളിലെക്കും ഏറ്റവും ഉന്നതരും അതിനും അപ്പുറം അല്ലാഹു എന്ന ഒരേ ഒരു ഉണ്മ മാത്രം ഉണ്ടായിരുന്ന ആദ്യമില്ലാത്ത കാലത്തിനു ശേഷം അവനല്ലാത്ത ഒരു ഉണ്മയെ അവന്‍ സൃഷ്ടിച്ചത് ഹബീബായ നബി തങ്ങളുടെ(സ്വ) തിരു ഒളിവിനെ ആയിരുന്നു.ഹദീസിന്റെ സ്വിഹ്ഹത്തിലേക്ക് സംശയ ദ്രിഷ്ടിയോടെ നോക്കുന്നവര്‍ക്ക് ഒരുപാട് ഹദീസുകള്‍ മറുപടി പറയുന്നുണ്ട്.

ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍

'സര്‍വ്വ സ്രിഷ്ടികളിലെക്കും ഞാന്‍ റസൂലായി അയക്കപ്പെട്ടു'

എന്ന് കാണാം.അഥവാ അല്ലാഹുവിന്റെ ഉണ്മ മാത്രം ഉണ്ടായിരുന്നതിന് ശേഷം ആദ്യം ഉണ്ടായതാനല്ലോ ആദ്യത്തെ സൃഷ്ടി.ആ സൃഷ്ടി ഏത് എന്ന് എന്ത് വസ്തുവിനെ കൊണ്ട് പറയുന്നുവോ അതിലേക്കും നബി തങ്ങള്‍ റസൂലാണ് എന്ന് വന്നു.സ്ര്ഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഒരു സൃഷ്ടി എങ്ങനെ മറ്റൊന്നിനു റസൂലായി?

ആദ്യ മനുഷ്യന്‍ ആദം നബി(അ) ആണെന്നതില്‍ തര്‍ക്കമില്ല.ആദ്യത്തെ നബിയും അവര്‍ തന്നെ.എന്നാല്‍ അവര്‍ക്ക് മുമ്പേ തന്നെ നബി തങ്ങള്‍(സ്വ) ഉണ്ടായിരുന്നോ?അതെ അവിടുത്തെ തിരു ഒളിവ് അന്നും ഉണ്മയില്‍ ഉണ്ടായിരുന്നു.ഇമാം അഹ്മദും ബൈഹഖിയും ഹാക്കിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് നോക്കാം.

ഇര്ബാളുബ്നു സാരിയ(റ) വിനെ തൊട്ട് നിവേദനം:നബി (സ്വ) പറഞ്ഞു:"ആദം നബി(അ) ചെളി മണ്ണില്‍ കുഴഞ്ഞു കിടക്കുന്ന അവസരത്തില്‍ ഞാന്‍ അല്ലാഹുവിന്റെ അടുത്ത് അന്ത്യ പ്രവാചകര്‍ ആയി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്."


ഇബ്നു അബീ ഹാതമിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ:
"ഞാന്‍ സൃഷ്ടിപ്പില്‍ നബിമാരില്‍ ആദ്യത്തെ ആളും നിയോഗിച്ചതില്‍ അവസാനത്തെ ആളും ആണ്."

ഇവിടെയും ആദ്യത്തെ പ്രവാചകര്‍ ആദം നബി ആണ് എന്നത് വെച്ച് നോക്കുമ്പോള്‍ അവര്‍ക്കും മുമ്പേ നബി തങ്ങള്‍ ഉണ്മയില്‍ ഉണ്ട് എന്ന് തെളിയുന്നു.നിരവധി റിപ്പോര്‍ട്ടുകള്‍ ഈ രൂപത്തില്‍ വന്നിട്ടുണ്ട്.ഏത് വഴിയിലൂടെ നോക്കിയാലും മറ്റെല്ലാ അമ്പിയാക്കളുടെയും സയ്യിദാണ് നമ്മുടെ നബി(സ്വ).ഇമാം ഹാക്കിം മുസ്തദ്രക്കില്‍ ഇബ്നു അബ്ബാസ്(റ) വിനെ തൊട്ട്

'മുഹമ്മദ്‌ ഉണ്ടായിരുന്നില്ലെങ്കില്‍ ആദമിനെയും നരക സ്വര്‍ഗങ്ങളെയും നാം സ്രിഷ്ടിക്കുമായിരുന്നില്ല'

എന്ന് ഉദ്ധരിച്ചിട്ടുണ്ട്.ഏതൊരു നബിക്കും അവരുടെ സമുദായത്തിന്റെ മേല്‍ ദൈവിക സന്ദേശത്തിന്റെ പ്രചാരണത്തിന്റെ സഹായിയായി അത്ഭുതങ്ങളായ സിദ്ധികള്‍ അല്ലാഹു നല്‍കിയ പോലെ അവരുടെയെല്ലാം അത്ഭുത കവച്ചു വെക്കാന്‍ പര്യാപ്തമായ മുജിസാതുകളെ അല്ലാഹു നമ്മുടെ നബിക്ക് നല്‍കി.അതില്‍ ഏറ്റവും പ്രധാനവും ഖിയാമം വരെ നില നില്‍ക്കുന്നതും ആയ അത്ഭുതം ആണ് ഖുര്‍ആന്‍.


ആ നബി തങ്ങള്‍ വഹിയ് സ്വീകരിക്കുന്നു എന്നതിലും അല്ലാഹു മനുഷ്യരില്‍ തിരഞ്ഞെടുത്തു നിയമിച്ചവര്‍ എന്നതിലും കവിഞ്ഞു മേലേക്ക് പറയാന്‍ പറ്റുന്നവര്‍ അല്ലെന്നും സാധാരണ മനുഷ്യന്‍ മാത്രമാണെന്നും അവിടുത്തോട്‌ സഹായവും ശുപാര്‍ശയും തേടുന്നത് ബഹുദൈവ വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണം ആണെന്നും അങ്ങനെ ചെയ്യുന്നവര്‍ മില്ലത്തിന്റെ പുറത്താണെന്നും ഒരു കൂട്ടര്‍ വാദിക്കാന്‍ തുടങ്ങിയിട്ട് 600 ഓളം വര്‍ഷമായി.ഹിജ്ര എട്ടാം നൂറ്റാണ്ടില്‍ ഇബ്നു തീമിയ്യ എന്ന പണ്ഡിതന്‍ തുടങ്ങി വെച്ച ഈ വിദണ്ട വാദത്തെ അന്ന് മുതലേ ഖണ്ഡിച്ചു തകര്‍ത്ത മുസ്ലിം ഉമ്മതിലെ മഹാന്മാരായ പണ്ഡിത മഹത്തുക്കള്‍ക്കും ഇസ്ലാമിന്റെ പ്രാമാണിക സത്യങ്ങള്‍ക്കും എതിരിലും നെഞ്ചോടു ചേര്‍ത്ത് വെക്കുകയാണ് ഇക്കൂട്ടര്‍.സത്യാ വിശ്വാസിയായ മനുഷ്യന്റെ മേല്‍ കുഫ്ര്‍ ആരോപിക്കുന്നതിന്റെ ഗൗരവവും വരും വരായികള്‍ ഒന്നും ഇവര്‍ കാര്യമാക്കുന്നില്ല.തങ്ങളുടെ യുക്തിയില്‍ വിരിഞ്ഞ കുറെ കാര്യങ്ങളുടെ പേരില്‍ സമുദായത്തിന്റെ അടിവേരില്‍ കത്തി വെക്കാന്‍ മറ്റു മതസ്ഥര്‍ക്ക് സഹായമെകും വിധം പ്രമാണം എന്തെന്ന് പഠിപ്പിച്ച എങ്ങനെ പ്രമാണം അറിയും എന്ന് പഠിപ്പിച്ച ആരാണ് പ്രാമാണികര്‍ എന്ന് പഠിപ്പിച്ച മഹത്തുക്കളെ മുഴുവന്‍ കാഫിറും മുശ്രിക്കും ആക്കുന്ന ദുരവസ്ഥ.

നബി തങ്ങള്‍ രക്ഷകന്‍ ആണ് എന്ന് പറഞ്ഞു കൂടാ,നബി തങ്ങള്‍ അല്ലാഹുവിന്റെ അടിമ മാത്രം;നബി തങ്ങള്‍ ഇടയാളര്‍ ആണെന്ന് പറയാന്‍ പാടില്ല,അല്ലാഹുവിന്റെയും നമ്മുടെയും ഇടയില്‍ വസീലയുടെ ആവശ്യമില്ല,നബി തങ്ങളുടെ ഖബ്രിങ്കല്‌ പറയാന്‍ പാടില്ല, ശിര്‍ക്കിലേക്ക് പോകും എന്നത് പോലെയുള്ള തികച്ചും പ്രമാണ വിരുധമായ ജല്‍പ്പനങ്ങള്‍.രക്ഷകന്‍ ആയി കണ്ടാല്‍ മുശ്രിക്കോ?നബി തങ്ങള്‍ അഭയകെന്ദ്രമാണെന്ന് പറഞ്ഞാല്‍ കാഫിറോ?ഒരല്‍പം പ്രമാണങ്ങളിലൂടെ വിലയിരുത്താം.

إِنَّ لِلَّهِ عَزَّ وَجَلَّ خَلْقًا خَلَقَهُمْ لِحَوَائِجِ النَّاسِ ، يَفْزَعُ إِلَيْهِمُ النَّاسُ فِي حَوَائِجِهِمْ ، أُولَئِكَ الآمِنُونَ غَدًا مِنْ عَذَابِ اللَّهِ

അല്ലാഹുവിനു ഒരു വിഭാഗം സൃഷ്ടികള്‍ ഉണ്ട്.ആവശ്യാവസരങ്ങളില്‍ ജനങ്ങള്‍ അവരിലേക്ക് അഭയം തേടുന്നു.അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് നിര്ഭയര്‍ ആയ സജ്ജനങ്ങള്‍ ആണവര്. (ത്വബ്രാനി)
അല്ലാഹുവിനെ കൂടാതെ 'അഭയം' തെടപ്പെടാന്‍ ചില അടിമകള്‍ അല്ലാഹുവിന്‌ ഉണ്ട് എന്ന് വ്യക്തം.ഇവിടെ 'അഭയം' മറ്റൊരാളിലേക്ക് തേടുന്നത് ശിര്‍ക്കായി ഹബീബായ നബി തങ്ങള്‍ പഠിപ്പിച്ചില്ല. അങ്ങനെ ഉണ്ട് എങ്കില്‍ അവരെക്കാളൊക്കെ 'അഭയം' തെടപ്പെടാന്‍ അര്‍ഹര്‍ നബി തങ്ങള്‍ തന്നെ.
قال رسول الله صلى الله عليه وسلم أنا سيد ولد آدم يوم القيامة وأول من ينشق عنه القبر وأول شافع وأول مشفع

അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു:"അന്ത്യനാളില്‍ ഞാന്‍ ആദം സന്തതികളുടെ നേതാവ് ആകുന്നു. ഖബര്‍ പിളര്‍ന്നു ആദ്യം വരുന്നതും ഞാനാകുന്നു. ശുപാര്‍ശ ചെയ്യുന്നവനും ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവനും ഞാന്‍ തന്നെ." (സ്വഹീഹ് മുസ്ലിം)

ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു:


"സയ്യിദ് എന്നാല്‍ തന്റെ ജനതയില്‍ ഉന്നതനായവന് ആണ്.അപ്രകാരം തന്നെ സയ്യിദ് എന്നാല്‍ വിഷമ ഘട്ടങ്ങളിലും പ്രതിസന്ധികളിലും അഭയം തേടപ്പെടുന്നവന്‍ ആണ്.അങ്ങനെ അവരുടെ കാര്യത്തില്‍ ഇടപെടുകയും ബുദ്ധിമുട്ടുകള്‍ അകറ്റി കൊടുക്കുകയും ചെയ്യും.നബി(സ്വ) ദുനിയാവിലും ആഖിരത്തിലും നേതാവ് തന്നെയാണ്.എന്നാല്‍ ഹദീസില്‍ 'അന്ത്യ നാളില്‍' എന്ന് പ്രത്യേകം പറയാന്‍ കാരണം അന്ന് തര്‍ക്കമറ്റ രീതിയില്‍ ലേശമന്യേ,ഏവരാലും അന്ഗീകരിക്കപ്പെട്ട നിലയില്‍ ആ നേതൃത്വം വെളിവാകും എന്നതിനാലാണ്.ദുനിയാവില്‍ പലരും നേതൃത്വം അവകാശപ്പെടാരുണ്ടല്ലോ.എന്നാല്‍ ആഖിറത്തില്‍ അത് അസംഭവ്യം ആണ്.

ഈ പ്രയോഗം അല്ലാഹു 'ഇന്ന് അധികാരം ആര്‍ക്കാണ്? ഏകനും പ്രതാപവാനുമായ അല്ലാഹുവിനു മാത്രം ' എന്ന് പ്രഖ്യാപിച്ചതിനു സമാനമാണ്.അതിനു മുമ്പും അധികാരം അല്ലാഹുവിനു തന്നെയാണല്ലോ.പക്ഷെ ദുനിയാവില്‍ മറ്റുപലരും അധികാരം അവകാശപ്പെടാരുണ്ട്.മറ്റു 'പലരിലേക്കും അധികാരം' എന്നാ ആലന്കാരികം ആയി ചേര്‍ത്ത് പറയാറുണ്ട്.ആഖിരത്തില്‍ അതെല്ലാം അവസാനിച്ചിരിക്കുന്നു."

(ഇമാം നവവി-ശറഹ് മുസ്ലിം 2/245)

ഇത്തരം വിളികള്‍ അഥവാ നബി തങ്ങള്‍ സഹായിയാണ്,അഭയമാണ് രക്ഷകനാണ്‌ എന്നൊക്കെ പറയുന്ന രൂപത്തില്‍ അല്ലാഹുവിന്റെ ഹബീബ് തന്നെ മറ്റു സൃഷ്ടികളെ ഇതേ പെരുകളിലെക്ക് ചേര്‍ത്തിയതില്‍ അവിടുത്തേക്ക് തൗഹീദിന്റെ വിരുദ്ധത തോന്നിയില്ല എങ്കില്‍ ഞങ്ങള്‍ക്കും അതെ.കാരണം അവിടുത്തെ വഴിയിലാണ് ഞങ്ങള്‍.

അല്ലാഹുവിന്റെ മാത്രമായ അധികാരത്തില്‍ മറ്റൊരാളെ ചേര്‍ത്ത് പറയുന്നത് തന്നെ ശിര്‍ക്കാനെന്നു പറയുന്നവര്‍ക്ക് അല്ലാഹു തന്നെ പല പല ആയതുകളിലൂടെ മറുപടി പറയുന്നു.സൂചനക്ക് ചിലത് ഉദ്ധരിക്കാം.

ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അല്ലാഹു മാത്രമാണ്.അല്ലാഹു പക്ഷെ മരിപ്പിക്കുക എന്നതിനെ ഒരേ പ്രാവശ്യം തന്നിലേക്കും തന്റെ സൃഷ്ടിയായ മലക്കിലെക്കും ചേര്‍ത്ത് പറയുന്നത് നോക്കൂ.


قل يتوفاكم ملك الموت الذي وكل بكم 
(പറയുക:നിങ്ങളെ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മാലാഖ നിങ്ങളെ മരിപ്പിക്കുന്നു)
മറ്റൊരിടത്ത് ഇങ്ങനെ:

الله يتوفى الأنفس حين موتها
-അല്ലാഹു മനുഷ്യരെ മരിപ്പിക്കുന്നു-




അല്ലാഹുവിന്റെ രണ്ടു സവിശേഷതകള്‍ ആയ റഊഫ് ,റഹീം എന്നത് ഹബീബായ നബി തങ്ങളുടെ വിശേഷണം ആയി അല്ലാഹു ഖുര്‍ആനില്‍ പഠിപ്പിക്കുന്നു.



بالوؤمنين رؤوف رحيم

വിശ്വാസികളോട് കൃപയും കാരുണ്യവും ഉള്ളവര്‍ .

يوم يجعل الولدان شيبا



'നരപ്പിക്കുന്നത് ദിവസം ആണ് എന്ന് ചേര്‍ത്ത് പറഞ്ഞത് ആര്‍ക്കും അറിയാതെയല്ല അല്ലാഹുവാണ് നരപ്പിക്കുന്നവന്‍ എന്ന്.അതെ പോലെ രക്ഷിക്കുന്നവന്‍ അല്ലാഹുവാണ് എന്ന് രക്ഷകന്‍ നബി തങ്ങള്‍ എന്ന് പറയുന്ന മുസ്ലിമിന് വ്യക്തമായും അറിയാം.കാരണം അവനു സ്രഷ്ടാവും സൃഷ്ടിയും തമ്മിലെ വ്യത്യാസം വ്യക്തമായി അറിയാം.ഓര്‍ത്തു നോക്കൂ.നമ്മുടെ വഹ്ഹാബീ ആദര്ഷക്കാരുടെ ഭാഷയില്‍ അല്ലാഹുവിനു 'തൗഹീദ്' തിരിഞ്ഞില്ല എന്ന് പറയേണ്ടി വരും.!ഇനി അതും പറയുമോ ആവോ??

ഉദ്ധരിക്കാന്‍ ഒരുപാടുണ്ട്.വിഷയത്തിന്റെ മര്‍മ്മതിലെക്ക് വരാം.ഇങ്ങനെയുള്ള നബിയെ 'അഭയം' തെടാനുള്ളവരായി പറഞ്ഞതാണല്ലോ എന്നെ തിരുത്താന്‍ വേണ്ടി വാദം ഉന്നയിച്ചവര്‍ കണ്ട കാരണം.ആ ഭാഗത്തേക്ക് നോക്കാം.അവരുടെ വാദ പ്രകാരം അത് നസ്രാണികള്‍ യേശു രക്ഷകന്‍ എന്ന് പറയുമ്പോലെ ആണത്രേ.! എന്തൊരു അത്ഭുതമാണ് കൂട്ടരേ.യേശു എന്ന് വിളിക്കപ്പെടുന്ന ആള്‍ ഈസാ നബി ആണെങ്കില്‍ ആ സമൂഹത്തിന്റെ രക്ഷകര്‍ അഥവാ അവരെ സ്വര്‍ഗത്തിലേക്ക് നരകത്തില്‍ നിന്നും രക്ഷിച്ചു കൊണ്ട് പോകേണ്ടവര്‍ അല്ലെ ഈസാ നബി???ആ അര്‍ത്ഥത്തില്‍ എടുത്താല്‍ തന്നെ ഈസാ നബി രക്ഷകര്‍ അല്ലെ?ഓരോ പ്രവാചകരും അതതു സമൂഹത്തിന്റെ രക്ഷകര്‍ തന്നെയാണ്.എല്ലാ സൃഷ്ടികള്‍ക്കും രക്ഷകര്‍ ആണ് ഹബീബായ നബി തങ്ങള്‍(സ്വ).സ്വന്തം ഒരു ശ്വാസം കഴിക്കാന്‍ പോലും കഴിവില്ലാത്ത നബി തങ്ങള്‍ തന്നെയാണ് എല്ലാ സൃഷ്ടികള്‍ക്കും രക്ഷകര്‍.എങ്ങനെ?അതറിയാന്‍ അധികം പ്രമാനങ്ങളിലെക്ക് പോകേണ്ടതില്ല.സൃഷ്ടിയും സ്രഷ്ടാവും വേര്‍തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ഉണ്ടായാല്‍ മതി.


റബീഅതുബ്നു കഅ്ബ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. "ഞാന്‍ നബി (സ്വ) യോടു കൂടെ രാത്രി താമസിച്ചു. നബി (സ്വ) ക്ക് വുളൂഇനും ശുദ്ധീകരണത്തിനു മാവശ്യമായ വെള്ളം ഞാന്‍ എത്തിച്ചുകൊടുത്തു. അപ്പോള്‍ നബി (സ്വ) എന്നോട് പറഞ്ഞു. ‘നീ (ആവശ്യമുള്ളത്) ചോദിക്കുക.’ ഞാന്‍ ചോദിച്ചു: ‘സ്വര്‍ഗത്തിലും എനിക്ക് അങ്ങയുടെ കൂടെ കഴിയണം. അപ്പോള്‍ റസൂല്‍ ചോദിച്ചു. മറ്റൊന്നും ചോദി ക്കാനില്ലേ? റബീഅത് (റ) പറഞ്ഞു. എനിക്ക് അതുതന്നെ മതി. നബി (സ്വ) പറഞ്ഞു. സൂജുദ് വര്‍ധിപ്പിച്ചുകൊണ്ട് ഇക്കാര്യത്തില്‍ നീ എന്നെയും സഹായിക്കുക"(മുസ്ലിം 2/206).


നബി തങ്ങള്‍ക്ക് അല്ലാഹു ഏകുന്ന അനുഗ്രഹം കൊണ്ട് തന്നെ അവര്‍ നമ്മുടെ രക്ഷകര്‍ ആകും.ജീവിത കാലതാകട്ടെ മരണ ശേഷം ആകട്ടെ അവിടുന്ന് സഹായിയും രക്ഷകരും തന്നെ.


മാലിക് (റ) വില്‍ നിന്ന് നിവേദനം:ഉമര്‍ (റ) വിന്റെ കാലത്ത് ശക്തമായ വരള്‍ച്ച ബാധിച്ചു.അന്ന് ഒരാള്‍ നബി(സ്വ) യുടെ ഖബ്രു ഷരീഫിന്റെ സമീപം വന്നു പറഞ്ഞു:"അല്ലാഹുവിന്റെ തിരുദൂതരെ,അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവോട് മഴക്ക വേണ്ടി പ്രാര്‍ത്തിക്കുക.നിശ്ചയം അവര്‍ നാശത്തിന്റെ വക്കിലാണ്.പിന്നീട് അദ്ദേശം നബി(സ്വ) യെ സ്വപ്നത്തില്‍ ദര്‍ശിച്ചു.നബി(സ്വ) അദ്ദേഹത്തെ അറിയിച്ചു:"നീ ഉമര്‍ (റ) വിനെ സമീപിച്ചു എന്റെ സലാം പറയുക.അവര്‍ക്ക് വെള്ളം നല്‍കപ്പെടും എന്നറിയിക്കുക.".അദ്ദേഹം ഉടന്‍ തന്നെ ഉമര്‍ (റ) വിനെ സമീപിച്ചു.പ്രസ്തുത സംഭവം വിവരിച്ചു."ഇമാം ഇബ്നു കസീര്‍ (റ) പറയുന്നു"ഇത് സ്വഹീഹായ പരമ്പരയിലൂടെ അന്ഗീക്രിതമാണ്.(അല്‍ ബിദായ വന്നിഹായ 7/111)

ഇനി ഇതും വിട്ടു ഏറ്റവും വൈഷമ്യമേറിയ മഹ്ഷരിലും രക്ഷകര്‍ നബി തങ്ങള്‍ (സ്വ) തന്നെയല്ലേ?



'ഈയാമ്പാറ്റകളെ പോലെ നിങ്ങള്‍ നരകത്തിലേക്ക് വീഴാന്‍ നോക്കുമ്പോ ഊരക്ക് പിടിച്ചു രക്ഷപ്പെടുത്തുന്ന' നബി രക്ഷകന്‍ അല്ലെങ്കില്‍ ആരാണ് കൂട്ടരേ രക്ഷകര്‍?ആരാണ് മഹ്ഷരില്‍ നമുക്ക് അഭയമേകാന്‍ ഉള്ളത്?ആരിലെക്കാന് നമുക്ക് ഇസ്തിഗാസ നടത്താനുള്ളത്?എന്തെ അന്ന് അല്ലാഹുവിലേക്ക് നേരിട്ട് ചോദിചൂടെ ?എന്തെ അന്ന് കണ്ടനാളിയെക്കാള്‍ അല്ലാഹു അടുതില്ലേ?


മഹാനായ അലി(റ) നബി തങ്ങളുടെ കബര് ഷരീഫിന് അടുത്ത് വന്നു സൂറത്ത് നിസാഇലെ ആയത് ഓതി പാപം പൊറുക്കാന്‍ അഭ്യര്തിച്ച അഅറാബിയുടെ ചരിത്രം ഉധരിചപ്പൊ (ഖുര്‍തുബി 8:265) അലിയാര്‍ (റ) തങ്ങള്‍ക്ക് തിരിയാത്ത ശിര്‍ക്കും കുഫ്രുമാനൊ നിങ്ങള്‍ക്ക് തിരിഞ്ഞത്?നിങ്ങളുടെ ഭാഷയില്‍ 'ശിര്‍ക്ക്' ചെയ്തതും പോര അവിടെ വെച്ച് 'നിനക്ക് പൊറുത്തിരിക്കുന്നു' എന്ന് അശരീരി മുഴങ്ങി എന്നും ഉധരിചപ്പൊ അദ്ദേഹത്തിന് തൗഹീദ് അന്യമായിരുന്നോ?


قل لله الشفاعة جميعا

എന്ന് അള്ളാഹു പറഞ്ഞപ്പോ

وأنا أول شافع ومشفع
ഞാന്‍ ആദ്യമായി ശഫാഅത്ത് ചെയ്യുന്നവനും ശഫാഅത്ത് സ്വീകരിക്കപ്പെടുന്നവനും ആണ്'

എന്ന് പറഞ്ഞ നബി തങ്ങള്‍ അല്ലാഹുവിനു വിരുദ്ധം പറഞ്ഞോ?ചിന്തിക്കൂ സഹോദരാ.യുക്തിയെ മതമാക്കി കാണാതെ വിശ്വാസം യുക്തിയുടെയും അപ്പുറമാണ് എന്ന അടിതരയിലെക്ക് വരൂ.
എത്ര എത്ര സ്വഹാബാക്കള്‍ അവസരം കിട്ടുമ്പോഴൊക്കെ ഈ ശഫാഅത്ത് തേടി..!അവര്‍ക്കൊന്നും തിരിയാത്ത എട്ടാം നൂട്ടണ്ട്ടിന്റെ നിര്‍മ്മിതിയായ തൗഹീദ് ,അവര്‍ അത് ചോദിക്കുമ്പോ അത് ഏറ്റെടുക്കുന്ന നബി തങ്ങള്‍ക്ക് മനസ്സിലാകാത്ത തൗഹീദ്..!

ഇമാം തുര്‍മുദി (അനസ് റ) ശഫാഅത്ത് തേടുന്ന സംഭവം സുനനില്‍ ഉദ്ധരിക്കുന്നു.അദ്ദേഹത്തോട് ഇന്ഷാ അല്ലാഹു പറഞ്ഞു ഏറ്റെടുക്കുന്നു നബി..!
ഇമാം ബൈഹക്കിയുടെ ദലാഇലു നുബുവ്വയില്‍ സവാദ് ഇബ്നു ഖാരിബ് തങ്ങളുടെ തേട്ടം ഉദ്ധരിക്കുന്നു.അവിടുന്ന് പാടിയ ബൈതിന്റെ അവസാനം ഇങ്ങനെ:

فكن لي شفيعايوم لا ذو شفاعة
سواك بمغن عن سوادبن قارب


"അവ്ടുന്നല്ലാതെ മറ്റൊരു ശഫാഅത്തുകാരനും ഐശ്വര്യം ആകാത്ത ഒരു ദിവസത്തില്‍ സവാദിബ്നു ഖാരിബ്നു അവിടുന്ന് ശുപാര്‍ശ ചെയ്യണേ" .

ഹബീബിന്റെ ജീവിത കാലത്ത് അവിടുത്തെ തിരു മുമ്പില്‍ വെച്ച് ഇത് പാടിയപ്പോ ഹബീബിന് തോന്നിയില്ല ഇത് തൗഹീദിനു വിരുദ്ധമെന്ന്.!ബുര്‍ദ ബൈതിന്റെ ഈരടി ഈയുള്ളവന്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ നമ്മുടെ എട്ടാം നൂറ്റാണ്ടിന്റെ അപ്പുറം തപ്പി നോക്കിയാല്‍ പൊടി പോലും കാണാത്ത തൗഹീദുകാര്‌ക്ക് മനസ്സിലാകും...!!!ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍.ഉദ്ധരിച്ചാല്‍ തീരാത്ത അത്രയും ഉണ്ട്.ഏവര്‍ക്കും സുപരിചിതമാണ് രബീഅ തങ്ങളുടെ ചരിത്രം.സ്വര്‍ഗം അല്ല ചോദിച്ചത് അതിന്റെ ഏറ്റവും ഉന്നതമായ പദവി.അവിടെയും നബി തങ്ങള്‍ നിങ്ങളുടെ ഭാഷയില്‍ 'തൗഹീദ്' തിരിയാത്തവര്‍.പൊട്ടക്കിണറ്റിലെ മൂഡന് തവളകളെ ആ വഹ്ഹാബിസതിന്റെ ചെളിക്കുണ്ടില്‍ നിന്നും കയരിയിറ്റൊന്നു നോക്കൂ ലോകം എത്ര വിഷാലമെന്നു..ഇസ്ലാം എത്ര ബ്രിഹതാണെന്ന്..

ഞങ്ങള്‍ ഞങ്ങളുടെ ഹബീബിനെ വര്‍ണ്ണിക്കുന്നു.അവിടുത്തെ അപദാനങ്ങള്‍ വാഴ്ത്തുന്നു.അവിടുത്തെ കവി ആഹ്സ്സാന്‍ തങ്ങള്‍ ചെയ്ത പോലെ.റൂഹുല്‍ ഖുട്സ് കൊണ്ട് അദ്ദേഹത്തെ ശക്തിപ്പെടുത്താനാണ് നബി തങ്ങള്‍ ദുആ ചെയ്തത്-അല്ലാതെ അമിത പ്രശംസ എന്നും പറഞു ശിര്‍ക്കാരോപിച്ചില്ല.നബി തങ്ങള്‍ സ്വയം തന്നെ പറഞ്ഞു എന്തെന്തെല്ലാം...!കാണുക


ان خير اصحاب اليمين

ഞാന്‍ സുകൃതരില്‍ ഉത്തമരാണ്.

ان خير السابقين
ഞാന്‍ മുന്‍ കടന്നവരില്‍ ഏറ്റവും ശ്രെഷ്ടരാന്.
ان اكرم الاولين ولاخرين
ഞാന്‍ ആദ്യതെവരിലും അവസാനതെവരിലും ഏറ്റവും ശ്രേഷ്ടനാണ്.
ان اتقى ولد ادم واكرمهم على الله
ഞാന്‍ ആദം സന്തതികളില്‍ ഏറ്റവും ഭക്തനും അല്ലാഹുവിങ്കല്‍ ഉത്തമ സ്ഥാനീയനുമാണ്.

ഇങ്ങനെ ഹബീബ് തങ്ങള്‍ തന്നെ അവിടുത്തെ മദ്ഹ് പറഞു മാതൃക കാട്ടി ഞങ്ങള്‍ക്ക്.സ്വഹാബത് അത് പിന്തുടര്‍ന്ന്,അവരെ താബിഉകള്‍ പിന്‍പറ്റി...അങ്ങനെ അങ്ങനെ അനുസ്യൂതം മുസ്ലിം ഉമ്മത്ത്‌ അത് തുടര്‍ന്ന് വരുന്നു.എന്നെന്നും ഈമാന്‍ തരിമ്പു ഹൃദയത്തില്‍ ബാക്കിയുള്ള മുസ്ലിം ഉള്ള കാലത്തോളം ഇത് തുടരും.

അബൂഹുറൈറ(റ)യെ തൊട്ടുബുഖാരിയും മുസ് ലിമും ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാന് ബ്നു സാബിത്(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമാനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു; എന്നിട്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: "ശരിയാണ്". ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്".
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ ബഖറ: 87)




അനസ്(റ) ഉദ്ധരിക്കുന്നു:ഖിയാമ നാളില്‍ ആദ്യം ആദം നബിയുടെയും അവിടുന്ന് ഇബ്രാഹീം നബിയുടെയും അവിടുന്ന് മൂസാ നബിയുടെയും പിന്നെ ഈസാ നബിയുടെയും അടുത്തേക്ക് ജനങ്ങള്‍ ശഫാഅത്ത് തേടാന്‍ വേണ്ടി ചെല്ലും.അവസാനം അവരൊക്കെ കൈ മലര്ത്തുമ്പോ ഞാന്‍ തന്നെ അതിനു അര്‍ഹന്‍ എന്ന് പറഞ്ഞു സുജൂടിലെക്ക് വീണു അല്ലാഹുവില്‍ ശുപാര്‍ശ ചെയ്യും.എന്റെ ശുപാര്‍ശ സ്വീകരിക്കപ്പെടും.'ബാര്‍ലി മണിയോളം എങ്കിലും ഈമാനുല്ലവരെ നരകത്തില്‍ നിന്ന് പുറത്തു കൊണ്ട് വരാന്‍ അല്ലാഹു പറയും.ഞാന്‍ പോയി അങ്ങനെ ചെയ്യും.ശേഷം ഇതേ പ്രകാരം വീണ്ടും സുജൂദില്‍ വീഴും.എന്റെ സമുദായം എന്റെ സമുദായം എന്ന് പറഞ്ഞു ശുപാര്‍ശ ചെയ്യുമ്പോ അല്ലാഹു ഹൃദയത്തില്‍ ഒരു കടുക് മണിയോളം എങ്കിലും ഈമാനുല്ലവരെ നരകത്തില്‍ നിന്നും പുറത്തു കൊണ്ട് വരാന്‍ പറയുംഞാന്‍ അങ്ങനെ ചെയ്യും.അങ്ങനെ വീണ്ടും പഴയ പടി ചെയ്യും.വീണ്ടും രക്ഷപ്പെടുത്തും....

ഇങ്ങനെ നരകത്തിനെ തൊട്ട് നമ്മെ രക്ഷിക്കുന്ന ഒരേ ഒരു അഭയ കേന്ദ്രമായ നബി തങ്ങളെ വർണിച്ചതിന്റെ പേരില്‍ , പിഴവും തെറ്റും ആരോപിക്കുന്നവർ, ചിന്തിക്കുന്നത് നന്നാായിരിക്കും.