ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 5 August 2017

ഹദീസ്: എഴുത്തും മനഃപാഠവും

അറബികള്‍ പൊതുവെ എഴുത്തും വായനയുമറിയാത്തവരായിരുന്നു. അക്ഷരാഭ്യാസമുള്ളവര്‍ വളരെ കുറവായിരുന്നു. ഓര്‍മശക്തിയെ ആശ്രയിക്കുകയായിരുന്നു അവരുടെ പതിവ്. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ സ്വഹാബിമാരുണ്ടായിരുന്നു. അതിനു പുറമേ എഴുത്ത് കലയില്‍ പ്രാവീണ്യമുള്ള പ്രമുഖരായ സ്വഹാബിമാരെക്കൊണ്ട് ഖുര്‍ആന്‍ അവതരിക്കുന്നതിനനുസരിച്ച് അപ്പോള്‍ തന്നെ എഴുതിച്ചു വയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. എഴുത്തോലകളിലും എല്ലിന്‍ കഷ്ണങ്ങളിലും കല്ലുകളിലുമായിരുന്നു എഴുത്ത്. പുസ്തക രൂപത്തിലല്ലെങ്കിലും ഖുര്‍ആന്‍ മുഴുവനും വള്ളി പുള്ളി വ്യത്യാസമില്ലാതെ രേഖപ്പെടുത്തിയിരുന്നു. ഖുര്‍ആന്‍ ആയത്തുകളും ചെറിയ സൂറത്തുകളുമായി അവസരോചിതം അവതരിക്കുന്നതിനാല്‍ മനഃപാഠമാക്കുന്നതിന് കൂടുതല്‍ സൌകര്യമുണ്ടായിരുന്നു. എന്നാല്‍ ഹദീസുകള്‍ അപ്രകാരമായിരുന്നില്ല. നബി തിരുമേനിയുടെ ഇരുപത്തിനാലു വര്‍ഷത്തെ ജീവിതത്തിലെ ചലനങ്ങളഖിലവും മനഃപാഠമാക്കുക ഏറെ ദുഷ്കരമായിരുന്നു. എന്നിട്ട് പോലും കടുത്ത ത്യാഗം സഹിച്ച് ചില സ്വഹാബികള്‍ അതു മനഃപാഠമാക്കുകയും വേറെ ചിലര്‍ എഴുതി വയ്ക്കുകയും ചെയ്തിരുന്നു. ജീവിതത്തിലനിവാര്യമായ ഹദീസുകള്‍ മനഃപാഠമില്ലാത്തവരുണ്ടാകില്ല. നബി (സ്വ) യുടെ വചനങ്ങള്‍ അതേ പ്രകാരം ശ്രദ്ധിച്ചു കൊണ്ട് മനഃപാഠമാക്കിയതിനെ സംബന്ധിച്ചാണിവിടെ പരാമര്‍ശം. മനഃപാഠമാക്കിയ ഹദീസുകളുടെ വര്‍ദ്ധ നവ്  ഹദീസുകള്‍ ശ്രദ്ധിക്കുന്നതിലുള്ള അവരുടെ മികവും ശുഷ്കാന്തിയുമാണ് തെളിയിക്കുന്നത്. പുസ്തകത്തില്‍ എഴുതിച്ച ഹദീസ് ചൊല്ലിപറഞ്ഞ് ഹൃദിസ്ഥമാക്കലായിരുന്നില്ല സ്വഹാബിമാരുടെ മനഃപാഠം. പ്രത്യുത നബി (സ്വ) യുടെ ചലനങ്ങള്‍ നിരീക്ഷിച്ചു, കൂടുതല്‍ അവസരങ്ങളുണ്ടാക്കി തിരുനബിയുടെ ജീവിതം ഒപ്പിയെടുക്കലായിരുന്നു. ആയിരത്തിലധികം ഹദീസുകള്‍ മനഃപാഠമാക്കിയ ഏഴു സ്വഹാബികള്‍ പ്രശസ്തരാണ്:
അബൂ ഹുറൈറഃ (റ) (5374), അബൂ സഈദുല്‍ ഖുദ്രി (റ) (1170), ജാബിര്‍ബിന്‍ അബ്ദില്ല (റ) (1540), അനസ്ബിന്‍ മാലിക് (റ) (2276), ആഇശാ (റ) (2210), അബ്ദുല്ലാഹിബിന്‍ അബ്ബാസ് (റ) (1670), അബ്ദുല്ലാഹിബിന്‍ ഉമര്‍ (റ) (2630). ഉദ്ധരണം, ബിഗ്യ: (പേജ് 296) ശദറാത്തുദ്ദഹബ് (1-63), തഹ്ദീബുല്‍ അസ്മാഅ് (2: 519).
വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലമായതിനാല്‍ ഹദീസുകള്‍ എഴുതി വെക്കുന്നതിനു നബി  (സ്വ) വലിയ പ്രോത്സാഹനം നല്‍കിയില്ല. എന്നാല്‍ പാടെ നിരോധിച്ചതുമില്ല. കൂടുതല്‍ പേരും ഖുര്‍ആന്‍ എഴുതുകയും ക്രോഡീകരിക്കുകയും ചെയ്യുന്നതില്‍ വ്യാപൃതരായിരുന്നു. മാത്രമല്ല, ഹദീസുകള്‍ എഴുതി വെച്ചാല്‍ ചിലര്‍ എഴുതിയതെങ്കിലും ഖുര്‍ആനുമായി കൂടിക്കലര്‍ന്നു പോകുമോയെന്ന ആശങ്ക കാരണമായി ഒരിക്കല്‍ നബി (സ്വ) പറഞ്ഞു : “നിങ്ങള്‍ എന്നില്‍ നിന്ന് ഒന്നും എഴുതി വയ്ക്കരുത്. ഖുര്‍ആനല്ലാത്ത വല്ലതും എഴുതിയിട്ടുണ്ടെങ്കില്‍ അത് മായ്ച്ചു കളയുക” (മുസ്ലിം). എന്നാല്‍ ആശങ്കയില്ലാത്തവര്‍ക്ക് എഴുതാന്‍ അനുവാദം നല്‍കുകയും എഴുതിക്കൊടുക്കാന്‍ നബി (സ്വ) ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ആ നിലക്ക് നബി (സ്വ) യുടെ ഹദീസുകള്‍ എഴുതി ശേഖരിച്ച ചില സ്വഹാബിമാരുണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു അംറ് അവരില്‍ ഒരാളായിരുന്നു. അസ്സ്വഹീഫത്തുസ്സ്വാദിഖ എന്നായിരുന്നു അബ്ദുല്ലാ (റ) അതിന് പേരിട്ടിരുന്നത്. നബി തിരുമേനിയില്‍ നിന്ന് കാണുന്നതും കേള്‍ക്കുന്നതുമായ ഹദീസുകള്‍ ഇടതടവില്ലാതെ, കൃത്യമായി രേഖപ്പെടുത്തുന്ന അബ്ദുല്ലാ (റ) യുടെ നടപടി സ്വഹാബികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വേള സ്വഹാബികള്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. ഈ എഴുത്ത് എവിടെ ചെന്നെത്തുമെന്ന ആശങ്ക കാരണമായി  അവര്‍ പറഞ്ഞു: “അബ്ദുല്ലാ, താങ്കള്‍ നബി (സ്വ) യുടെ ഹദീസുകള്‍ മുഴുക്കെ രേഖപ്പെടുത്തുന്നുണ്ടല്ലോ. തിരുനബി ചിലപ്പോള്‍ കുപിതനായേക്കും. അപ്പോള്‍ വല്ലതും സംസാരിക്കും. താങ്കള്‍ അതു രേഖപ്പെടുത്തിയേക്കും. അത്തരം വചനങ്ങളൊന്നും ചിലപ്പോള്‍ മതപരമായിരിക്കില്ല”. അവരുടെ താക്കീത് കേട്ടപ്പോള്‍ ഇബ്നു അംറ് നേരെ നബി (സ്വ) സന്നിധിയിലെത്തി. സ്വഹാബികള്‍ സംസാരിച്ച വിവരങ്ങളെല്ലാം നബി (സ്വ) യെ കേള്‍പിച്ചു. ഉടനെ തിരുനബി    (സ്വ) ഇപ്രകാരം പ്രതിവചിച്ചു: “താങ്കള്‍ എഴുതുക, എന്റെ തടി ഏതൊരല്ലാഹുവിന്റെ അധികാരത്തിലാണോ അവനാണ് സത്യം, സത്യവചനങ്ങളല്ലാതെ എന്റെ നാവില്‍ നിന്ന് വരികയില്ല” (അസ്സുന്നതു വമകാനത്തുഹാ പേ :60).
അലി (റ) യും ഹദീസുകള്‍ എഴുതി വെച്ച ചില റിക്കാര്‍ഡുകള്‍ കൈവശം വച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ അവകാശികള്‍ക്ക് ഘാതകന്റെ ഭാഗത്ത് നിന്ന് നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ കണക്കുകളും അത് അടച്ചു തീര്‍ക്കേണ്ടവരുടെ പട്ടികയുമൊക്കെ അതില്‍ എഴുതി വെച്ചിരുന്നു. സകാത് നല്‍കേണ്ട ധനങ്ങളും അവയുടെ തോതുകളും വിവരങ്ങളുമടങ്ങിയ ചില എഴുത്തുകള്‍ നബി (സ്വ) തന്നെ ഉദ്യോഗസ്ഥന്മാര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ചുരുക്കത്തില്‍ അക്ഷരാഭ്യാസമുള്ളവര്‍ വളരെ കുറവായിരുന്നിട്ട് കൂടി എഴുത്തും വായനയും മനഃപാഠവുമായി തിരുനബിയുടെ ഹദീസുകള്‍ ശേഖരിക്കുന്നതിലും സംരക്ഷിക്കുന്നതിലും സ്വഹാബികള്‍ അതീവ ജാഗ്രത കാണിച്ചിരുന്നു.