ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 8 November 2018

ഇസ്തിഗാസക്കെതിരെ ഇമാം റാസി[റ]യോ?

*ഇമാം റാസിرَحِمَهُ اللَّهُയുടെ പേരിൽ ഇസ്തിഗാസക്ക് എതിരെ വഹാബികൾ നടത്തുന്ന കുപ്രചാരണങ്ങൾക്കു മറുപടി*

✒_ബഹു:പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ_


*ചോദ്യം:* മഹാന്മാരുടെ കബറുകളെ ബഹുമാനിച്ചാൽ അല്ലാഹുവിന്റെയടുക്കൽ അവർ തങ്ങളുടെ ശുപാർഷകരായിത്തീരുമെന്ന വിശ്വാസത്തോടെ ധാരാളം ആളുകൾ ഇക്കാലത്ത് മഹാന്മാരുടെ ഖബറുകൾ ബഹുമാനിക്കുന്നതിൽ വ്യാപൃതരായിട്ടുണ്ട്. ഇത് മക്ക മുശ്രിക്കുകളുടെ ആരാധനയോടു തുല്യമായ കാര്യമാണ്  (തഫ്സീറുൽ കബീർ).. ഇന്ന് സുന്നികളായ നാം ചെയ്യുന്നതിനെ കുറിച്ചല്ലേ  ഇമാം റാസി رَحِمَهُ اللَّهُ ഇപ്പറഞ്ഞത്? പ്രതികരണമെന്തു?

*മറുപടി:*  - ഇമാം റാസി رَحِمَهُ اللَّهُപറയുന്നതിപ്രകാരമാണ് . "ബിംബാരാധകർ അവരുടെ *ആരാധ്യവസ്തുക്കളെ സംബന്ധിച്ച്* അല്ലാഹുവിന്റെ അരികിൽ *ശുപാർശകരാവുമെന്നു* വിശ്വസിച്ചിരുന്നുവെന്നുഖുർആൻ പറഞ്ഞപ്പോൾ ആ വിശ്വാസം എങ്ങനെ ആയിരുന്നുവെന്നത്തിൽ മുഫസ്സിറുകൾ ധാരാളം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ നാലാമത്തേത് ഇതാണ്. അവർ അമ്പിയാക്കളുടെയും അവരുടെ അകാബിരി (മേലാളന്മാർ)ന്റെയും *രൂപത്തിൽ പ്രതിമകളുണ്ടാക്കും, അവകൾക്കു ആരാധിച്ചാൽ* അവർ തങ്ങൾക്കു അല്ലാഹുവിന്റെ അരികിൽ ശുപാര്ശകരാകുമെന്ന് വിശ്വസിക്കുകയും ചെയ്തു. ഇതിനു തുല്യമാണ് ഈ കാലഘട്ടത്തിലെ കുറെ ആളുകൾ അവരുടെ അകാബിറിന്റെ ഖബറുകൾ ബഹുമാനിക്കൽ കൊണ്ട് ജോലിയാകുന്നത്. കബറുകളെ ബഹുമാനിച്ചു കൊണ്ടിരുന്നാൽ തങ്ങൾക്കു അവർ അല്ലാഹുവിന്റെയരികിൽ ശുപാർശ ചെയ്യുമെന്നാണ് അവർ വിശ്വസിക്കുന്നത്" (തഫ്സീറുൽ കബീർ വാ:
17 , പേ:49 നോക്കുക-സൂറത്ത് യൂനുസ് 18 )
   ഇമാം റാസി رَحِمَهُ اللَّهُ ഈ പറഞ്ഞത് സുന്നികളായ നാം ചെയ്യുന്നതുമായി ബന്ധപ്പെട്ടതേയല്ല. കാരണം *മുശ്രിക്കുകൾ അവരുടെ ബിംബങ്ങൾക്കു അർപ്പിച്ചിരുന്ന ബഹുമാനവും താഴ്മയും പരാമമായിരുന്നു.* അത് കൊണ്ട് തന്നെയാണ് അത് ആരാധനയാണെന്നു ഇമാം റാസിرَحِمَهُ اللَّهُ തന്നെ ഇതിന്റെ തൊട്ടു മുൻപ് വ്യക്തമാക്കിയത് .അപ്പോൾ *അതിനു തുല്യമായ ബഹുമാനമാകണമെങ്കിൽ ഖബറിന് പരമമായ ബഹുമാനമർപ്പിക്കണമെന്നത് വ്യക്തമാണ്.* *ഒരു വസ്തുവിന് പരമമായ ചെയ്യുന്ന ബഹുമാനം തന്നെയാണ് അതിനെ ആരാധിക്കലെന്നു* ഇമാം റാസി رَحِمَهُ اللَّهُ തഫ്സീറുൽ കബീറിൽ ധാരാളം സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്. *ഖബറിന് പരമമായ ബഹുമാനമർപ്പിക്കുന്നവരല്ല സുന്നികൾ.* അപ്പോൾ ഇമാം *റാസി رَحِمَهُ اللَّهُ യുടെ വിവക്ഷ തന്റെ കാലഘട്ടത്തിലുണ്ടായിരുന്ന ഖബറാരാധകരായ കുഫ്ഫാറുകളാകണം.* ഇതിനു തെളിവാണ് 'ഇഷ്തിഗാല് കസീറിൻ  *മിനൽ ഖൽഖി'* (കുറെ ആളുകൾ ജോലിയാകുന്നത്) എന്ന് അപ്പറഞ്ഞ സ്ഥലത്തു 'ഇഷ്തിഗാല് കസീറിൻ  *മിനൽ മുസ്ലിമീന'* (കുറെ മുസ്ലിമീങ്ങൾ  ജോലിയാകുന്നത്) എന്ന് പറയാതിരുന്നത്. പരമമല്ലാത്ത ബഹുമാനത്തോടെ ഖബറിന്നരികിൽ ആരാധനാ രൂപത്തിലുള്ള റുകൂഉ പോലുള്ളവ ചെയ്യൽ ഹറാമാണ്. കാരണം അത് ബാഹ്യത്തിൽ ശിർക്കിനെ തോന്നിപ്പിക്കുന്ന രൂപമാണെന്നത് തന്നെ. *അല്ലാഹുവിനെ ബഹുമാനിക്കുംപോലെയുള്ള* ബഹുമാനമാണ് ഉദ്ദേശിച്ചതെങ്കിൽ അത് *പരമമായ ബഹുമാനമായത്  കൊണ്ട്
ശിർക്ക്‌ തന്നെയാണ്.* ബാഹ്യത്തിൽ ആരാധനാ രൂപമില്ലാത്ത തൊട്ടുമുറ്റത്തൽ ,ചുംബനം പോലെയുള്ളവ പരമമായ ബഹുമാനമില്ലാതെയാണ് ചെയ്തതെങ്കിൽ ഹറാമില്ല. മറിച്ച് കറാഹത്ത് മാത്രമാണ്. ബഹു:ഇബ്നു ഹജർ رَحِمَهُ اللَّهُ അൽ ജൗഹറിൽ മുനള്ളം  പേ:66 ൽ പറഞ്ഞതാണിതെല്ലാം. തന്റെ ഹാശിയത്തുൽ ഈളാഹ് പേ: 502 ലും ഇപ്രകാരം കാണാം.

ഇമാം നവവി رَحِمَهُ اللَّهُ യുടെ ഈളാഹിന്റെ വ്യാഖ്യാനത്തിൽ ഇമാം റംലി رَحِمَهُ اللَّهُ പറയുന്നു "കറാഹത്തിനുള്ള കാരണം പ്രസ്തുത കാരണങ്ങൾ അപമര്യാദയാണെന്നുള്ളതാണ്. അപ്പോൾ തബറുക് (പുണ്യം കരസ്ഥമാക്കൽ ) മാത്രമാണ് ഉദ്ദേശ്യമെങ്കിൽ ഒരു വിരോധവുമില്ലെന്നു മനസ്സിലാക്കാം" (ഫതാവൽ കുർദി പേ: 259)

ഇമാം റംലി رَحِمَهُ اللَّهُ നിഹായയിൽ ഇപ്രകാരം പറയുന്നു "തബറുക് മാത്രമുദ്ദേശിച്ചു കൊണ്ട് അവ ചെയ്യുന്നതിൽ കറാഹത്തില്ലെന്നു എന്റെ പിതാവ് ഫത്വ നൽകിയിട്ടുണ്ട്" ഇതിന്റെ വ്യാഖ്യാനത്തിൽ അലിയ്യുശ്ശിബ്രാമുല്ലസി رَحِمَهُ اللَّهُ  പറയുന്നു : "ഔലിയാക്കളുടെ ജാറത്തിന്റെ അടുക്കൽ തിരക്ക് അനുഭവപ്പെടുകയും ഖബറിന്റെ അടുത്ത എത്താൻ കഴിയാതെ വരികയും ചെയ്യുമ്പോൾ ഒഴിഞ്ഞൊരു സ്ഥലത്തു നിന്ന് സൗകര്യമുള്ളത്ര ഓതുകയും മറ്റും ചെയ്തു കൊണ്ട് കൈകൊണ്ടോ മറ്റോ ആ ജാറത്തിലേക്കു ആംഗ്യം കാണിച്ചു അത് ചുംബിക്കാവുന്നതാണ് ." ( നിഹായ വാ:3 പേ:34 مسائل منشورة ഹാശിയ സഹിതം നോക്കുക)

പക്ഷെ ബഹുമാനവും തബറുകും (പുണ്യം കരസ്ഥമാക്കൽ) വ്യത്യസ്തമായി മനസ്സിലാക്കാൻ കഴിയാത്ത പാമരന്മാരുടെ സാന്നിധ്യത്തിൽ പണ്ഡിതന്മാർ അത് ചെയ്യാതിരിക്കലാണ് വേണ്ടതെന്നു ബസ്വരി رَحِمَهُ اللَّهُ  പറഞ്ഞതായി ശർവാനി വാ;3 പേ: 176 ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ചുരുക്കത്തിൽ സുന്നികൾ ഇന്ന് ഇപ്രകാരം ചെയ്യുന്നത് ബഹുമാനം അർപ്പിച്ചു കൊണ്ടോ ഇങ്ങനെ ചെയ്‌താൽ അവരുടെ ശുപാര്ശയുണ്ടാകുമെന്നു വിശ്വസിച്ചു കൊണ്ടോ അല്ല , മറിച്ച് തബറുക് ഉദ്ദേശിച്ചു കൊണ്ട് മാത്രമാണ്. ഇത് സ്വഹാബത്തുകളും മറ്റുംرَضِيَ اللَّهُ عَنْهم ചെയ്തിരുന്നെവെന്നതിനു ധാരാളം തെളിവുകളുണ്ട് . ബഹു:ബിലാൽرَضِيَ اللَّهُ عَنْهُ  റസൂലുല്ലാഹി ﷺയുടെ റൗളയുടെ മേൽ മുഖം വെച്ചുരുട്ടിയതായി അബുദ്ദര്ദാഇرَضِيَ اللَّهُ عَنْهُൽ നിന്ന് ഇബ്നു അസാകിർ رَحِمَهُ اللَّهതാരീഖു ദിമശ്കിൽ (വാ:2, പേ:256,257) നിവേദനം ചെയ്തിട്ടുണ്ട്.
ഇതിന്റെ നിവേദക പരമ്പര ശെരിയാണെന്നു ഇബ്നു ഹജർ رَحِمَهُ اللَّهഅൽ ജൗഹറുൽ മുനള്ളമിലും (പേ:66)ഇമാം സുബുകിرَحِمَهُ اللَّه പറഞ്ഞതായി ആസാറുസ്സുനൻ  വാ:2 പേ:127 ലും പ്രസ്താവിച്ചിട്ടുണ്ട്.

ഇത് പോലെ അബൂ അയ്യൂബുൽ  അൻസാരിرَضِيَ اللَّهُ عَنْهُ നബിﷺ യുടെ റൗള ചുംബിച്ചതായി അഹ്മെദ്ബ്നു ഹമ്പൽرَحِمَهُ اللَّه  ത്വബ്റാനിرَحِمَهُ اللَّه നസാഈرَحِمَهُ اللَّه തുടങ്ങിയവർ നിവേദനം ചെയ്തിട്ടുണ്ടെന്നു  ഫതാവൽ കുർദി 258 ൽ വ്യക്തമാക്കിയതിന് ശേഷം ഇങ്ങനെ പറയുന്നു. '' ഇതിന്റെ നിവേദകാരിൽ കബീറുബ്നു സൈദ് رَحِمَهُ اللَّهഎന്നൊരാളുണ്ട്,അദ്ദേഹം അയോഗ്യനാണെന്നു നസാഈ رَحِمَهُ اللَّهപറഞ്ഞിട്ടുണ്ടെങ്കിലും മറ്റൊരു സംഘം യോഗ്യനാണെന്നും പറഞ്ഞിട്ടുണ്ട്.''
ഈ സംഭവം അഹമ്മദ്ബ്നു ഹമ്പൽرَحِمَهُ اللَّهُ നിവേദനം ചെയ്തതായി മജ്മഉ സവാഇദ് വാ:രണ്ട് പേജ് 4 ൽ പറഞ്ഞ ശേഷം അഹമ്മദ് ബ്നു ഹമ്പൽ رَحِمَهُ اللَّهُഈ ഹദീസിനെ ആരും ള്വഈഫ് ആക്കിയിട്ടില്ലെന്നു പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.

ഏതായിരുന്നാലും ഇമാം റാസിرَحِمَهُ اللَّهയുടെ വിമർശനം തബറുകിനെ അല്ല..സുന്നികൾ ചെയ്യുന്നത് അതാണ്.ഇമാം റാസി رَحِمَهُ اللَّهസുന്നിയാണല്ലോ . മറിച്ച് ത'ളീമിനെയാണ് വിമർശനം. അതാണ് മുശ്രിക്കുകൾ ചെയ്യുന്നത്..അവർ അല്ലാഹുവിനെ സ്നേഹിക്കും ക്രമത്തിൽ അവരുടെ ആരാധ്യ വസ്തുക്കളെയും സ്നേഹിച്ചിരുന്നുവെന്നും സത്യാ വിശ്വാസികൾ അല്ലാഹു سبحانه وتَعَالَى യെ  കൂടുതലായി സ്നേഹിക്കുന്നവരുമാണെന്നുള്ള അൽ ബഖറ സൂറയിലെ 165-ആം സൂക്തവും നിശ്ചയം വ്യക്തമായ ദുർമാര്ഗ്ഗത്തിൽ ഞങ്ങൾ അകപ്പെട്ടിട്ടുണ്ടെന്നും ലോക രക്ഷിതാവിനോട് നിങ്ങളെ (ആരാധ്യ വസ്തുക്കളെ)ഞങ്ങൾ തുലനം ചെയ്തിരിക്കുന്നുവെന്നുമുള്ള ശുഅറാ സൂറയിലെ 97 ,98 സൂക്തവും മേൽ വിശദീകരണത്തിനു ഉപോൽബലകമാണ്.



📖പുസ്തകം: *ഫതാവാ മുഹിയുസ്സുന്ന*
📚ഗ്രന്ഥകർത്താവ് : *പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ*
📜 _പ്രസാധനം: മുഹ്‌യിസ്സുന്ന ബുക്ക്സ്. ചെമ്മാട്_
📓 _ഭാഗം ഒന്ന് .പരിഷ്കരിച്ച മൂന്നാം പതിപ്പ്. പേജ്:320 -323_