ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 16 July 2017

സയ്യിദ് & സയ്യിദിനാ

സയ്യിദ് & സയ്യിദിനാ
   -------------------------------------
നേതാവ്, അഭയകേന്ദ്രം എന്നൊക്കെയാണ് സയ്യിദിനർത്ഥം. വിശുദ്ധ ഖുർആനിൽ ആലുഇമ്രാൻ 39- ആം വചനത്തിൽ ഈ പടം വരുന്നുണ്ട്. യഹ്‌യാനബി(അ)യെയാണ് പ്രസ്തുത വചനത്തിൽ സയ്യിദ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ വായിക്കാം:

عن  أبو هريرة قال قال رسول الله صلى الله عليه وسلم ((أنا سيد ولد آدم يوم القيامة)) (مسلم: ٤٢٢٣)

അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "അന്ത്യദിനത്തിൽ ഞാൻ ആദം സന്തതികളുടെ അഭയകേന്ദ്രമാണ്". (മുസ്‌ലിം: 4223)

ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:

قال الهروي : السيد هو الذي يفوق قومه في الخير ، وقال غيره : هو الذي يفزع إليه في النوائب والشدائد ، فيقوم بأمرهم ، ويتحمل عنهم مكارههم ، ويدفعها عنهم .

وأما قوله صلى الله عليه وسلم : ( يوم القيامة ) مع أنه سيدهم في الدنيا والآخرة ، فسبب التقييد أن في يوم القيامة يظهر سؤدده لكل أحد ، ولا يبقى منازع ، ولا معاند ، ونحوه ، بخلاف الدنيا فقد نازعه ذلك فيها ملوك الكفار وزعماء المشركين . وهذا التقييد قريب من معنى قوله تعالى : لمن الملك اليوم لله الواحد القهار مع أن الملك له سبحانه قبل ذلك ، لكن كان في الدنيا من يدعي الملك ، أو من يضاف إليه مجازا ، فانقطع كل ذلك في الآخرة . (شرح النووي على مسلم: ٤٧٣/٧)
സാരം:
ഹർവി(റ) പറയുന്നു: നന്മയിൽ തന്റെ ജനതയുടെ മീതെ നിൽക്കുന്ന വ്യക്തിയാണ് സയ്യിദ്. മറ്റു പണ്ഡിതന്മാർ പറയുന്നു: വിപൽഘട്ടങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും അഭയം തേടുന്ന വ്യക്തിയാണ് സയ്യിദ്. അങ്ങനെ അവരുടെ കാര്യങ്ങൾ നിർവ്വഹിക്കുകയും അവരുടെ പ്രയാസങ്ങൾ ഏറ്റെടുക്കുകയും അവരിൽ നിന്ന്‌ അവ തട്ടിമാറ്റുകയും ചെയ്യും. ദുൻയാവിലും ആഖിറത്തിലും നബി(സ) മനുഷ്യരുടെ സയ്യിദായിരിക്കെ, 'അന്ത്യദിനത്തിൽ എന്ന് പ്രത്യേകം പറഞ്ഞത് അന്ത്യദിനത്തിൽ നബി(സ)യുടെ 'സിയാദത്ത്' എല്ലാവര്ക്കും വ്യക്തമാകുന്നത്കൊണ്ടാണ്. അന്ന് ആ കാര്യത്തിൽ നബി(സ)യോട് തർക്കിക്കുന്നവരോ എതിർക്കുന്നവരോ മറ്റോ ഉണ്ടാവുകയില്ല. ദുൻയാവിലെ കാര്യം അതായിരുന്നില്ലല്ലോ. സത്യനിഷേധികളിലെ രാജാക്കന്മാരും ഖുറൈശികളിലെ നേതാക്കന്മാരും  ആ വിഷയത്തിൽ നബി(സ) യോട്  തർക്കിച്ചിരുന്നുവല്ലോ. "ഈ ദിവസം ആർക്കാണ് രാജാധികാരം? ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിനു". (മുഅ്മിൻ : 16) എന്ന ഖുർആനിക വചനത്തോട് സാമീപ്യം പുലർത്തുന്ന ഒരു പരാമർശമാണിത്. അതിനു മുമ്പും രാജാധികാരം അല്ലാഹുവിനു തന്നെയാണല്ലോ. എങ്കിലും ദുൻയാവിൽ അധികാരം അവകാശപ്പെടുന്നവരും ആലങ്കാരികമായി അധികാരത്തിലേക്ക് ചേർത്തിപറയുന്നവരും ഉണ്ടായിരുന്നുവല്ലോ. പരലോകത്ത് അതെല്ലാം അവസാനിച്ചിരിക്കുന്നു. (ശർഹു മുസ്‌ലിം: 7/473)

നബി(സ) ഇപ്രകാരം പ്രഖ്യാപിക്കാനുള്ള കാരണം വിശദീകരിച്ച് ഇമാം നവവി(റ) തുടരുന്നു...

قال العلماء : وقوله صلى الله عليه وسلم : ( أنا سيد ولد آدم ) لم يقله فخرا ، بل صرح بنفي الفخر في غير مسلم في الحديث المشهور ( أنا سيد ولد آدم ولا فخر ) وإنما قاله لوجهين : أحدهما امتثال قوله تعالى : وأما بنعمة ربك فحدث والثاني أنه من البيان الذي يجب عليه تبليغه إلى أمته ليعرفوه ، ويعتقدوه ، ويعملوا بمقتضاه ، ويوقروه صلى الله عليه وسلم بما تقتضي مرتبته كما أمرهم الله تعالى. (شرح النووي على مسلم: ٤٧٣/٧)

പണ്ഡിതന്മാർ പറയുന്നു: "ഞാൻ ആദം സന്തതികളുടെ അഭയകേന്ദ്രമാണ്" എന്ന് നബി(സ) പൊങ്ങച്ചം പറഞ്ഞതല്ല. മറിച്ച് പ്രസിദ്ധമായ ഹദീസിൽ "പൊങ്ങച്ചം പറയുകയില്ല" എന്ന് തന്നെ നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കാര്യങ്ങൾക്കു വേണ്ടിയാണ് നബി(സ) അപ്രകാരം പ്രസ്താവിച്ചത്.

    ഒന്ന് : "താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് താങ്കൾ സംസാരിക്കുക" എന്ന അല്ലാഹുവിന്റെ നിർദ്ദേശം മാനിച്ച് പറഞ്ഞതാണ്.

    രണ്ട് : സമുദായത്തെ അറിയിക്കൽ നിര്ബന്ധമായ വിശദീകരണത്തിൽ പെട്ടതാണിത്. സമുദായം അറിഞ്ഞിരിക്കാനും വിശ്വസിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു നിർദ്ദേശിച്ചതുപോലെ നബി(സ)യുടെ പദവി തേടുന്നതനുസരിച്ച്  നബി(സ)യെ സമുദായം ആദരിക്കാനും വേണ്ടി. (ശർഹു മുസ്‌ലിം : 7/473)

ഇമാം നവവി(റ) തുടരുന്നു...

وهذا الحديث دليل لتفضيله صلى الله عليه وسلم على الخلق كلهم ؛ لأن مذهب أهل السنة أن الآدميين أفضل من الملائكة ، وهو صلى الله عليه وسلم أفضل الآدميين وغيرهم .

وأما الحديث الآخر : " لا تفضلوا بين الأنبياء " فجوابه من خمسة أوجه : أحدها أنه صلى الله عليه وسلم قاله قبل أن يعلم أنه سيد ولد آدم ، فلما علم أخبر به . والثاني قاله أدبا وتواضعا . والثالث أن النهي إنما هو عن تفضيل يؤدي إلى تنقيص [ ص: 439 ] المفضول . والرابع إنما نهى عن تفضيل يؤدي إلى الخصومة والفتنة كما هو المشهور في سبب الحديث . والخامس أن النهي مختص بالتفضيل في نفس النبوة ، فلا تفاضل فيها ، وإنما التفاضل بالخصائص وفضائل أخرى ، ولا بد من اعتقاد التفضيل ، فقد قال الله تعالى تلك الرسل فضلنا بعضهم على بعض . (شرح النووي على مسلم: ٤٧٣/٧)

സാരം:
എല്ലാ സൃഷ്ട്ടികളേക്കാളും നബി(സ) ശ്രേഷ്ഠനാണെന്നതിന് ഈ ഹദീസ് രേഖയാണ്. കാരണം അഹ്‌ലുസ്സുന്നയുടെ വീക്ഷണം മനുഷ്യർ മലക്കുകളേക്കാൾ ശ്രേഷ്ട്ടരാണ് എന്നാണ്. മുഹമ്മദ് നബി(സ) മനുഷ്യരെക്കാളും മറ്റുള്ളവരെക്കാളും ശ്രേഷ്ഠരുമാണ്. "അമ്പിയാക്കൾക്കിടയിൽ നിങ്ങൾ ശ്രേഷ്ഠത കല്പിക്കരുത്" എന്ന് മറ്റൊരു ഹദീസിൽ വന്നിട്ടുണ്ട്. ആ ഹദീസിന്‌ അഞ്ചുരൂപത്തിൽ മറുപടി പറയാം:

     1- ആദം സന്തതികളുടെ സയ്യിദാണ് താനെന്ന് നബി(സ) അറിയുന്നതിനു മുമ്പുള്ള പ്രസ്താവനയാണിത്. അക്കാര്യം അറിഞ്ഞപ്പോൾ അത് അവിടുന്ന് പ്രഖ്യാപിച്ചു.

     2- വിനയം കാണിച്ചും മര്യാദയുടെ ഭാഗമായും നബി(സ) പറഞ്ഞതാണത്.

     3- മറ്റുള്ളവരെ തരംതാഴ്‌ത്തും വിധം ചിലർക്ക് ശ്രേഷ്ഠത കല്പിക്കുന്നതിനാണ് വിലക്ക്.
 
     4- നാശത്തിലേക്കും തർക്കത്തിലേക്കും നയിക്കും വിധമുള്ള ശ്രേഷ്ഠത കല്പിക്കുന്നതിനാണ് വിലക്കുള്ളത്. പ്രസിദ്ദാഭിപ്രായത്തിൽ നബി(സ) ഇത് പ്രസ്താവിക്കാനുള്ള കാരണം തന്നെ അതാണ്.

     5- പ്രസ്തുത വിലക്ക് പ്രവാചകത്വത്തിൽ ശ്രേഷ്ഠത കല്പിക്കുന്നതിനുമാത്രം ബാധകമാണ്. പ്രവാചകത്വം മാത്രം പരിഗണിക്കുമ്പോൾ എല്ലാ പ്രവാചകന്മാരും തുല്യരാണ്. ചിലർക്ക് ചിലരെക്കാൾ ശ്രേഷ്ടമാകുന്നത് സവിശേഷതകളും മറ്റും പരിഗണിച്ചാണ്. ഈ നാളേക്ക് ചിലർ ചിലരെക്കാൾ ശ്രേഷ്ടരാണെന്ന് വിശ്വാസിച്ചേമതിയാവൂ. കാരണം മുർസലുകളിൽ ചിലർക്ക് ചിലരേക്കാൾ നാം ശ്രേഷ്ഠത നൽകിയിരിക്കുന്നു " എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. (ശർഹു മുസ്‌ലിം : 7/373)  

ചുരുക്കത്തിൽ ഈ ഹദീസ് ഇസ്തിഗാസക്ക് വ്യക്തമായ പ്രമാണമാണ്. ഇഹത്തിലും പരത്തിലും നബി(സ്) ആദം സന്തതികളുടെ അഭയകേന്ദ്രമാണെന്ന് ഈ ഹദീസ് കൊണ്ട് വ്യക്തമായല്ലോ. ബർസഖീലോകത്തും അങ്ങനെയാണെന്ന് മറ്റു പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്തിഗാസ നൂറ്റാണ്ടുകളിൽ എന്ന വിഷയം ചർച്ച ചെയ്ത ഭാഗം കാണുക.

                           സയ്യിദിനാ
                    --------------------------

സ്വലാത്ത് ചൊല്ലുമ്പോൾ 'മുഹമ്മദ്' എന്നതിന്റെ മുമ്പ് 'സയ്യിദിനാ' എന്ന് ചേർത്ത് ചൊല്ലൽ സുന്നത്താണ്. "ഞാൻ ആദം സന്തതികളുടെ സയ്യിദാണ്" എന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇമാം റംലി(റ) എഴുതുന്നു:  

സയ്യിദ് എന്ന പദം കൊണ്ടുവരുന്നതാണ് കൂടുതൽ ഉത്തമം. ഇക്കാര്യം ഇബ്നു ള്വഹീറ(റ) പ്രസ്താവിക്കുകയും ഒരു കൂട്ടം പണ്ഡിതന്മാർ അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കാരണം അത് കൊണ്ടു വരുന്നത്  നമ്മോട് കൽപ്പിച്ചകാര്യം നിറവേറ്റലും മര്യാദയുടെ ഭാഗമായി കാണാവുന്ന സത്യം തുറന്നു പറയലും ഉൾകൊള്ളുന്നു. അതിനാൽ അതുപേക്ഷിക്കുന്നതിനേക്കാൾ അത് കൊണ്ടുവരുന്നതാണ് കൂടുതൽ ശ്രേഷ്ഠമായത്. അത് കൂടുതൽ പുണ്യകരമാണെന്ന വിഷയത്തിൽ ഇമാം അസ്നവി(റ) സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ശരി. 'സ്വലാത്തിൽ എന്നെ നിങ്ങൾ സയ്യിദാക്കരുത്' എന്ന ഹദീസ് ബാത്വിലാണെന്നും അതിന് യാതൊരടിസ്ഥാനവുമില്ലെന്നും പിൽക്കാലക്കാരായ ഹാഫിളുകൾ പ്രഖ്യാപിച്ചതാണ്. അത് നിസ്കാരത്തെ ബാത്വിലാക്കുമെന്ന ത്വൂസിയുടെ പരാമർശം പിശകാണ്.  (നിഹായ: 4/330)

പ്രസ്തുത ഹദീസിനെ കുറിച്ച് ഹാഫിള് ഇബ്നുൽ ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:

وحديث ((لا تسيدوني فى الصلاة)) لا أصل له (المقاصد الحسنة: ٢٤٠/١)

'സ്വലാത്തിൽ എന്നെ നിങ്ങൾ സയ്യിദാക്കരുത്' എന്ന ഹദീസിന്‌ യാതൊരടിസ്ഥാനവുമില്ല. (അൽമഖാസ്വിദുൽ ഹസന: 1/240)

ഇതേ ആശയം 'കശ്ഫുൽ ഖഫാഅ്': 2/355-ലും കാണാം.