*മുജാഹിദ് ഐക്യവും മൗലവിമാരുടെ മൂന്ന് ക[കു]ത്തുകളും !!!*
സഹാബികളിൽ നിന്ന് ദീൻ പഠിച്ച കേരളത്തിലെ മുസ്ലിംകളെ മുഴുവൻ മുശ്രിക്കാക്കി- പടച്ചോന് സമാന്തരമായി സ്വന്തമായി സ്വർഗം പടച്ച് - അതിൽ അടക്കി വാണ് ആധിപത്യം ഉറപ്പിച്ച വഹാബിസം ഇന്നെത്തി നിൽക്കുന്ന ആദർശ ശൂന്യതയുടെ നേർസാക്ഷ്യങ്ങളായി നിലവിളിക്കുന്ന മൂന്ന് കത്തുകൾ...!!!..വായിക്കുക...വിലയിരുത്തുക.... രണ്ട് കത്തുകൾ മക്കത്ത് നിന്നാണെങ്കിൽ-മക്കത്ത് മഴ പെയ്തതിന് മുക്കത്ത് കുട പിടിച്ച് മൂന്നാമത്തെ കത്ത്...!!!.... ശത്രുക്കൾക്ക് മുഴുവൻ പ്രവാചകൻ മാപ്പ് കൊടുത്ത മക്കം ഫതഹിന്റെ നാട്ടിൽ നിന്ന് തന്നെ വഹാബീ ഫതഹ് കത്ത് രൂപത്തിലവതരിച്ചത് മാപ്പ് പറയാനും കൊടുക്കാനുമല്ല....പിന്നെ ...?... ബാക്കി നിങ്ങൾ വായിച്ചു നോക്ക്.... പാവപ്പെട്ട മുസ്ലിം ഉമ്മമാർക്കും ഉപ്പമാർക്കും നേരെ ശിർക്കിന്റെ വിരൽ ചൂണ്ടി സംഹാര നൃത്തം ചവിട്ടിയവർ ഇസ്ലാമിക ഐഡന്റിറ്റി തെളിയിക്കാൻ പെടാപാട് പെടുന്നത്- കാലത്തിന്റെ മധുരമായ പകരം വീട്ടലാകാം....!!!
ഒന്നാമത്തെ കത്ത് - ഹുസൈൻ മടവൂർ ...!!!
*തൗഹീദിന്റെ പ്രചാരണത്തിന്നായി ഐക്യത്തോടെ മുന്നോട്ട്.*
ഡോ. ഹുസൈൻ മടവൂർ.
സുഹൃത്തുക്കളെ !
السلام عليكم
പരിശുദ്ധ മക്കയിൽ വെച്ചാണി തെഴുതുന്നത്. മുമ്പും ഇത് പോലെ മക്കയിൽ വെച്ച് എഴുതിയിട്ടുണ്ട്. ഇനിയും മക്കയിൽ വെച്ച് എഴുതാനും പറയാനുമാവുമോ എന്ന് യാതൊരു ഉറപ്പുമില്ല. ഇവിടെത്തെ പ്രാർത്ഥനക്ക് വലിയ ഫലസിദ്ധിയുണ്ട്. ഇവിടെ വെച്ച് പണ്ടെഴുതിയ ലേഖനം ഫലം കണ്ടതാണല്ലോ. ഇതിന്നും നല്ല ഫലങ്ങളുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇന്ന്
റമസാൻ 17ന് ഹറമിൽ വെച്ച് സുബ്ഹ് നമസ്കാരം കഴിഞ്ഞ സമയത്ത് മനസ്സിൽ നിന്ന് നിർഗളിച്ച ആശയങ്ങളാണിത്. വാക്കുകളെയല്ല, അതുൾക്കൊള്ളുന്ന ആശയത്തെയും വികാരത്തെയുമാണ് പരിഗണിക്കേണ്ടത് എന്ന് ആദ്യമേ പറയട്ടെ . തള്ളിക്കളയരുതേ എന്ന് അപേക്ഷിക്കുന്നു.
വളരെ പ്രധാനപ്പെട്ട ദിവസങ്ങളാണിത്. റമസാനിലെ പുണ്യമേറിയ ദിനരാത്രങ്ങൾ. നോമ്പ് , ഖുർആൻ പാരായണം, ഖുർ ആൻ പഠനം , രാത്രി നമസ്‌കാരം, ദാനധർമ്മങ്ങൾ .....തുടങ്ങിയ നന്മകൾ വർദ്ധിപ്പിക്കേണ്ട വിലപ്പെട്ട സമയങ്ങളാണിത്. നിയ്യത്ത് അനുസരിച്ചേ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയുള്ളു. അതിനാൽ ആദ്യം ചെയ്യേണ്ടത് നിയ്യത്ത് നന്നാക്കൽ തന്നെയാവണം. നമ്മുടെ വാക്കും പ്രവൃത്തിയും ആരെയും വേദനിപ്പിക്കരുത്. കഴിഞ്ഞ കാലത്ത് അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരെ ചെന്ന് കണ്ട് അതെല്ലാം മാപ്പാക്കിത്തരാൻ അപേക്ഷിക്കണം. നമ്മോടങ്ങനെ ചെയ്തവർക്ക് നമ്മളും മാപ്പ് നൽകണം. ഞാനങ്ങനെ മാപ്പ് നൽകിക്കഴിഞ്ഞു. എന്റെ മനസ്സിൽ ആരോടും വെറുപ്പും വിദ്വേഷവുമില്ല. എന്നെ വിഷമിപ്പിച്ചവരോട് പകയുമില്ല. എല്ലാവരും മനസ്സിനെ ശുദ്ധീകരിച്ച് നമ്മിലും നമ്മുടെ ചുറ്റുവട്ടത്തും സ്നേഹവും ബഹുമാനവും സുഗന്ധവും പരത്തട്ടെ. കുടുംബത്തിലും അയൽപക്കത്തും സമൂഹത്തിലും നാമൊരു വേണ്ടപ്പെട്ടവനായിത്തീരാൻ നമ്മുടെ പെരുമാറ്റത്തിൽ ഇനിയും മാറ്റം വരുത്തേണ്ടതുണ്ടാവും. അതെന്തെല്ലാമാണെന്ന് നമുക്കറിയുന്നതും അറിയാത്തതു മുണ്ടാവും. നാം പുഞ്ചിരിക്കണം. അതൊരു സ്വദഖയാണ്. നാം സ്നേഹിക്കണം. അത് സ്വർഗത്തിലേക്കുള്ള വഴിയാണ്. നാം പരസ്പരം നന്മക്ക് വേണ്ടി പ്രാർത്ഥിക്കണം. അത് നമുക്കിടയിൽ സ്നേഹം വളർത്തുന്ന പ്രവർത്തനമാണ്. നമ്മെ ഉപദ്രവിച്ചവർക്ക് നാം ഉപകാരം ചെയ്യുക. ശത്രു ഉറ്റ മിത്രമാവാനുള്ള മാർഗ്ഗമാണതെന്ന് ഖുർആൻ പറയുന്നുണ്ട് . പക്ഷെ , അങ്ങനെ ചെയ്യാൻ സാധിക്കണമെങ്കിൽ നല്ല ക്ഷമയും അല്ലാഹുവിന്റെ പ്രത്യേക സഹായവും വേണം.
നമ്മുടെ ജീവിത ക്രമമാണ് ഇസ്ലാം. തൗഹീദ് ആണതിൽ പ്രഥമവും പ്രധാനവും. ഖുർആനും സുന്നത്തുമാണ് നമുക്ക് പ്രമാണങ്ങൾ. ഇസ്ലാമിക പ്രവർത്തനങ്ങൾ ഭംഗിയായി നിർവ്വഹിച്ചാൽ തീർച്ചയായും ഇസ്ലാഹ് ഉണ്ടായിക്കൊള്ളും . ഫലം കുറവാവാം , കൂടുതലാവാം , പെട്ടെന്നാവാം , വൈകിയാവാം.
കേരളത്തിലെ മുജാഹിദ് സംഘടന നടത്തുന്നത് ഇസ്ലാഹി പ്രവർത്തനമാണ്. അതിനുള്ള സംഘടിത രൂപമാണ് KNM ഉം പോഷക സംഘടനകളും. ഇത് മഹത്തായ ഒരു നവോത്ഥാന സംരംഭമാണ്. തികച്ചും ബുദ്ധിപരവും ശാസ്ത്രീയവും പ്രായോഗികവും ആണതിന്റെ കർമ്മ പദ്ധതികൾ .
നാം ഐക്യപ്പെട്ട ശേഷം ലഭിച്ച രണ്ടാമത്തെ റമസാനാണിത്. ഐക്യം അല്ലാഹു നൽകിയ മഹത്തായ ദാനമാണ്. അതിന്റെ നന്മകൾ വളരെ വലുതാണ്. കുടുംബങ്ങളിലും മഹല്ലുകളിലും അയൽപക്കങ്ങളിലും അത് മൂലം സ്നേഹ ബഹുമാനങ്ങൾ തിരിച്ചു വന്നു. തെറ്റി നിന്നവർ എല്ലാം മറന്ന് നമ്മളൊന്നാണ് എന്ന് പ്രവർത്തിച്ചു കാണിച്ചു കൊടുത്തു .വലിയ നന്മകളാണ് കൈവന്നത്.
ഇനി ഈ ഐക്യം കാത്ത് സൂക്ഷിക്കേണ്ടത് നാം തന്നെയാണ്. ഐക്യ മുജാഹിദ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ എല്ലാവരും വേണം. അതിന്നായി എല്ലാവരും എല്ലാവരെയും ആദരിക്കുക പരിഗണിക്കുക. നാം മുമ്പ് അങ്ങോട്ടുമിങ്ങോട്ടംപലതും പറഞ്ഞ് പോയിട്ടുണ്ട്, ചെയ്ത് പോയിട്ടുണ്ട്. അതെല്ലാം വിട്ട് വീഴ്ച ചെയ്തു മാപ്പാക്കിയാണ് നാം ഐക്യപ്പെട്ടത്. ഇനി പഴയ കാര്യങ്ങൾ പറഞ്ഞു പുതിയ പ്രശ്നങ്ങളുണ്ടാക്കരുത്. നമ്മുടെ ആദർശം പണ്ടേ ഉള്ള ആദർശമാണ്. ഇജ്തിഹാദീ വിഷയങ്ങളിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ പ്രസ്ഥാനത്തിൽ പണ്ടുമുണ്ട് , ഇപ്പോഴുമുണ്ട് , ഇനിയുമുണ്ടാവാം. ഇതൊക്കെ സംസ്ഥാന ഉന്നതാധികാര സമിതിയും സെക്രട്ടേരിയേറ്റും എക്സിക്യുട്ടീവും അംഗീകരിച്ച മധ്യസ്ഥ നിർദ്ദേശങ്ങളിലുണ്ട്. പോഷക സംഘടനകൾക്ക് ധാരാളം പ്രവർത്തനങ്ങളുമായിക്കഴിഞ്ഞു. പഴയ ഇരുവിഭാഗവും നടപ്പിലാക്കിയ എല്ലാ നല്ല കാര്യങ്ങളും ഇപ്പോൾ ഐക്യത്തോടെ നടപ്പിലാക്കി വരികയാണ്. ഇപ്പോൾ പ്രവർത്തനത്തിന്റെ ആധിക്യമാണുള്ളത്. വിഷൻ 2022 നമ്മുടെ വലിയ സ്വപ്നങ്ങളാണ്. അവ പൂവണിയാൻ നാം ഒന്നിച്ച് പ്രവർത്തിക്കുക.ആ വിഷനും മധ്യസ്ഥ നിർദ്ദേശങ്ങളുമാണല്ലോ നമ്മുടെ കൈയ്യിലുള്ള അവസാനത്തെ രേഖകൾ . മധ്യസ്ഥന്മാരെ എല്ലാവരും അംഗീകരിച്ച നിലക്ക് അവർ ഹറാമായത് പറയാത്ത കാലത്തോളം അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ നമുക്ക് മതപരമായ ബാധ്യതയുണ്ട്. ഇത് ദീൻ ആണല്ലോ. വ്യക്തി താൽപര്യങ്ങൾക്ക് ഇവിടെ ഒരു സ്ഥാനവുമില്ല. ദീൻ ആണ് വലുത്. ദീനീ പ്രവർത്തനം നടത്തുന്ന പ്രസ്ഥാനമാണ് വലുത്. എനിക്ക് ഭൗതികമായ ഒരു പരിഗണനയും സ്ഥാനമാനങ്ങളും വേണ്ടായെന്നാണ് എന്റെ അഭിപ്രായം. റബ്ബിന്റെ തൃപ്തി മാത്രം മതി. മരിക്കുന്നതിന്റെ മുമ്പ് നമ്മളൊന്നാവുമോ എന്ന് ലേഖനമെഴുതുകയും പ്രാർത്ഥിക്കുകയും ചെയ്ത മക്കയിൽ വെച്ചാണ് നീറുന്ന ഹൃദയവുമായി ഇതും കൂത്തിക്കറിക്കൂന്നത്. ഹാർട്ട് സർജറി കഴിഞ്ഞ വിശ്രമ സമയത്ത് നടന്ന മുജാഹിദ് ഐക്യമഹാ സമ്മേളനത്തിൽ " ഇനി സമാധാനത്തോടെ മരിക്കാം " എന്ന് ഞാൻ പറഞ്ഞത് നൂറ് ശതമാനം ആത്മാർത്ഥമായിത്തന്നെയായിരുന്നു. അന്ന് മനസ്സിൽ അതിരില്ലാത്ത സന്തോഷമായിരുന്നു. ഇപ്പോൾ ഹൃദയത്തിന്ന് വേണ്ടത്ര ആരോഗ്യ മില്ല. ടെൻഷൻ ഉള്ള സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്നാണ് സർജറിക്ക് ശേഷം ഡോക്ടർ നൽകിയ നിർദ്ദേശം. അതും സൂക്ഷിക്കണം .
പ്രസ്ഥാനത്തിന്റെ ആദർശവും നയ നിലപാടുകളും വിശദീകരണം ആവശ്യമുള്ളപ്പോഴെല്ലാം. ബഹുമാനപ്പെട്ട നമ്മുടെ പ്രസിഡന്റ് തന്നെ പറയുന്നുണ്ട്. ഈ നവോത്ഥാന സംഘത്തിന്റെ മുന്നോട്ടുള്ള പ്രയാണം പക്വവും സന്തുലിതവുമായിരിക്കണമെന്നും നാം ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന ന്യൂനപക്ഷ സമുദായത്തിലെ ഒരു ന്യൂനപക്ഷ വിഭാഗമാണെന്ന കാര്യം മറക്കരുതെന്നും നമ്മുടെ പ്രബോധകരോടും പ്രവർത്തകരോടും അദ്ദേഹം ആവർത്തിക്കുന്നുണ്ട്.
അല്ലാഹുവേ! ഇനിയും ഒരു അനൈക്യം താങ്ങാൻ മുസ്ലിം സമുദായത്തിന് ആരോഗ്യമില്ലെന്ന് നിനക്കറിയാമല്ലോ. അതിനാൽ ഐക്യം ദുർബലപ്പെടുത്തുന്ന ഒരു വാക്കും പ്രവർത്തിയും ഞങ്ങളിൽ നിന്ന് വന്ന് പോവാതിരിക്കാൻ നീ ഞങ്ങളെ അനുഗ്രഹിക്കേണമേ. നീ കനിഞ്ഞരുളിയ ഈ മഹത്തായ ഐക്യം കാത്ത് സൂക്ഷിക്കാൻ വേണ്ടി പരിശ്രമിക്കാനായി ഈ വിശുദ്ധ റമസാനിൽ ഞങ്ങൾക്കെല്ലാം സൻമനസ്സ് നൽകേണമേ .
എല്ലാ മുജാഹിദുകളും യോജിക്കണം. എല്ലാ സുന്നികളും യോജിക്കണം. വേറെ വേറെ സംഘടനകളിൽ പ്രവർത്തിക്കുന്നവരും പൊതു കാര്യങ്ങളിൽ വിഷയാധിഷ്ഠിതമായി സഹകരിക്കാൻ തയ്യാറാവണം. ഇന്നലെ എട്ടിക്കുളത്ത് വിശുദ്ധ റമസാനിലെ വിലപ്പെട്ട ജുമുഅ സമയത്ത് സുന്നികൾക്കിടയിൽ സംഘർഷവും സംഘട്ടനവുമുണ്ടായത് സമുദായത്തിന്ന് ദുഷ്പേരുണ്ടാക്കിയിട്ടുണ്ട്. മോശമായിപ്പോയി അത് വേണ്ടായിരുന്നു. പ്രശ്നങ്ങൾ ഇനിയും പറഞ്ഞ് തീർക്കാവുന്നതേയുള്ളൂ. വേണ്ടപ്പെട്ടവർ ശ്രമിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഐക്യത്തിന്ന് വേണ്ടിയുള്ള ഏത് ശ്രമവും വലിയ പുണ്യമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഐക്യം നശിപ്പിക്കുന്നത് വലിയ പാപവും കുറ്റവുമായിരിക്കും.
അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ ആമീൻ.
ഹുസൈൻ മടവൂർ (മക്ക) 1/06/2018
രണ്ടാം കത്ത്-ഒന്നാം കത്തിന് മറുപടിയുമായി മൗലവി കരുമ്പിലാക്കൽ...!!!
ഡോ. ഹുസൈൻ മടവൂര് അവര്കൾക്ക്
وعليكم السلام ورحمة الله
പരിശുദ്ധ മക്കയിൽ വെച്ചാണിതും എഴുതുന്നത്...
മുമ്പൊരിക്കലും മക്കയിൽ വെച്ചെഴുതിയിട്ടില്ല...
ഇനി ഇവിടെ വെച്ചെഴുതാനൊ പറയാനൊ കഴിയുമെന്നെനിക്കും അറിയില്ല.....
ഇന്ന് റമളാൻ 19, ഹറമിലെ തറാവീഹിൽ പങ്കെടുത്ത് വന്ന് കഞ്ഞി കുടിക്കുമ്പോഴാണ് റമളാൻ 17 ന് താങ്കളെഴുതിയ "തൗഹീദിന്റെ പ്രചരണത്തിനായി ഐക്യത്തോടെ മുന്നോട്ട്" എന്ന സുദീര്ഘമായ കുറിപ്പ് ശ്രദ്ധയിൽ പെട്ടത്....
റമളാനിന്റെ തുടക്കം മുതൽ നമ്മൾ തമ്മിൽ നടത്തിയ വാട്സാപ് ചര്ച്ചകളൊ അതിൽ ഒരു വിഷയത്തിൽ പോലും വെക്തമായ നിലപാട് പറയാൻ കഴിയാതെ താങ്കളൊഴിഞ്ഞ് മാറിയതൊ ഞാനിത് വരെ പുറത്ത് വിട്ടിട്ടില്ല...
താങ്കൾ മക്കയിൽ വന്ന ശേഷം ഞാനടക്കം മൂന്ന് പേരെകുറിച്ച് ചിലരോട് സ്വകാര്യമായി ദുശിച്ച് പറഞ്ഞതിനെ കുറിച്ചും, മദ്ധ്യസ്ഥനിര്ദേശങ്ങളെ കുറിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പങ്ക് വെച്ചതിനെ കുറിച്ചും നമ്മൾ തമ്മിലുണ്ടായ എഴുത്ത്കുത്തുകളും മാലോകരറിഞ്ഞിട്ടില്ല.....
-------------------------------
തൗഹീദിന്റെ പ്രചാരണത്തിനായി ഐക്യത്തോടെ മുന്നോട്ട് പോകാനാഹ്വാനം ചെയ്യുന്ന താങ്കൾ മുജാഹിദ് പ്രസ്ഥാനത്തിലെ തൗഹീദിന്റെ അമരക്കാരനായ ബഹുമാന്യ പണ്ഡിതൻ സി പി യുടെ കൂടെ നിൽക്കാൻ തയ്യാറാകുമൊ...?
കഴിഞ്ഞ 14 വര്ഷത്തെ തൗഹീദീ പ്രബോധനം കൊണ്ട് പ്രസ്ഥാനത്തിന്റെ ഇസ്സത്ത് വീണ്ടെടുത്ത (താങ്കളുടെ പേരിലറിയപ്പട്ട) മര്ക്കസുദ്ദഅവ വിഭാഗത്തിന് വേണ്ടി താങ്കളേറ്റെടുത്ത ഉത്തരവാദിത്തങ്ങളേതെങ്കിലുമൊന്നെങ്കിലും നിര്വ്വഹിക്കാൻ താങ്കളൊരുക്കമാണൊ...?
ആദര്ശപരമായും സംഘടനാപരമായും താങ്കൾ വിഷമിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത പതിനായിരക്കണക്കിന് പ്രവര്ത്തകരെയും നൂറ്കണക്കിന് പണ്ഡിതൻമാരെയും പഴയ സഹപ്രവര്ത്തകൻമാരെയും നേരിൽ കണ്ടൊ അല്ലാതെയൊ മാപ്പ് ചോദിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തുവൊ....?
ഐക്യപ്രഖ്യാപനത്തിന് ശേഷം അപൂര്വ്വം ചില പ്രദേശങ്ങളിൽ സൗഹാര്ദ്ദമുണ്ടായി എന്നത് ശരിയാണെങ്കിലും ഭൂരിപക്ഷം പ്രദേശങ്ങളിലും നേരത്തെ ഉണ്ടായിരുന്ന സൗഹാരദ്ദം പോലും തകര്ന്നതും മര്ക്കസുദ്ദഅവ വിഭാഗവുമായി താങ്കളുടെ നേതൃത്വത്തിൽ ചിലര് അകന്ന് കൊണ്ടിരിക്കുന്നതും ഒാര്ക്കാത്തതെന്ത്കൊണ്ടാണ്....?
സിഹ്റ് വിഷയത്തിൽ പ്രകടമായ ശിര്ക്കിനെ വെള്ള പൂശാനുള്ള കുത്സിത ശ്രമങ്ങൾക്ക് കൂട്ട്നിന്നുകൊണ്ടെങ്ങിനെയാണ് തൗഹീദ് പ്രബോധനം നടത്തുക....?
അതല്ല തൗഹീദും ശിര്ക്കും എന്ന് മുതലാണ് ഇജ്ത്തിഹാദീ വിഷയമായി മാറിയത്....?
ഐക്യം പുണ്യമാണെങ്കിൽ അത് തകര്ക്കുന്നത് പാപവുമായിരിക്കും...
എന്നാൽ വിചിന്തനം ലേഖനത്തിലൂടെയും സിഹ്റ് സര്ക്കുലറിലൂടെയും സമ്മേളനപ്രോഗ്രാമിലൂടെയും കരാറുകൾ തുടര്ച്ചയായി ലംഘിച്ച് ഐക്യം തകര്ത്ത രണ്ടു മഹാപാപികളെ(താങ്കളുടെ ഭാഷയിൽ) മാറ്റി നിര്ത്താതെ ഇനിയും ഐക്യമുണ്ടാകുമൊ....?
ഐക്യം തകര്ത്ത അവരെ മാറ്റി നിര്ത്തിയിട്ടേ ഇനി ഐക്യ സംഘടനയിൽ പ്രവര്ത്തിക്കുകയുള്ളൂ എന്ന് കഴിഞ്ഞ ജനുവരി 10 നും 13 നും പഴയ സഹപ്രവര്ത്തകര്ക്ക് ആവര്ത്തിച്ച് വാക്ക് നൽകിയിട്ട് വിശ്വാസ വഞ്ചന നടത്തിയ താങ്കളും കൂട്ടുകാരും ഇപ്പോൾ ഏത് ഐക്യ തകര്ച്ചയെ കുറിച്ചാണ് മഹാപാപമെന്ന് പറയുന്നത്....?
ഏതായാലും ഐക്യം തകര്ത്തവര് അകത്ത് തന്നെ ഇരിക്കുന്ന കാലത്തോളം ഒരു പുനരൈക്യമുണ്ടാവാൻ മക്കയിലിരുന്ന് ലൈലത്തുൽ ഖദ്റിൽ പ്രാര്ത്ഥിച്ചാൽ പോലും ഉത്തരമുണ്ടാവില്ലെന്ന് ഉറപ്പുള്ളവരാണ് താങ്കളുടെ പഴയ സഹപ്രവര്ത്തകര്....
അതിനാൽ ഇനിയുമൊരൈക്യമുണ്ടാവണമെങ്കിൽ താങ്കളടക്കമുള്ളവര് ഏറ്റെടുത്ത ഒരുപാട് കാര്യങ്ങൾ പൂര്ത്തീകരിക്കാനുണ്ട്....
അതിന് സാധ്യമല്ലെന്നുറപ്പായ സ്ഥിതിക്ക് പൊട്ടിപ്പൊളിഞ്ഞ കരാറുകൾ കെട്ടിപ്പിടിച്ചിരിക്കാതെ,
ആദര്ശവിശുദ്ധിക്ക് കളങ്കമേൽക്കാത്ത മര്കസുദ്ദഅവ വിഭാഗത്തിന്റെ കൂടെ ഐക്യത്തോടെ നിന്ന് തൗഹീദീ പ്രബോധന രംഗത്ത് ബഹു: സി പി യുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി മുന്നേറാം...
ഇനിയെങ്കിലും അതിന് തയ്യാറാവണേയെന്ന് വിനയപൂര്വ്വം അഭ്യര്ത്ഥിക്കുന്നു....
ഇൗ റമളാനിൽ ബാക്കിയുള്ള ദിവസങ്ങൾ ഒരു പുനരാലോചനക്ക് ഉപയോഗപ്പെടുത്തുമല്ലൊ....
അല്ലാഹു അനുഗ്രഹിക്കട്ടെ
സ്നേഹാദരവോടെ സഹോദരൻ കരുമ്പുലാക്കൽ(മക്ക)
3/6/2018
മൂന്നാം കത്ത്- രണ്ടു കത്തിനുമുള്ള നിരൂപണം-മൗലവി ശംസുദ്ധീൻ ഫാറൂഖി...!!!
👉 മക്കത്ത് നിന്നുള്ള രണ്ടു കത്തുകളും,
കോഴിക്കോട്ട് നിന്നുള്ള എന്റെ നിരൂപണവും,
ശംസുദ്ദീൻ ഫാറൂഖി.
----------------------------------------
ഇന്ന് (4/6/18) കോഴിക്കോട്ടിനടുത്ത് ചക്കുംകടവ് ഇസ്ലാഹീ സെന്ററിലായിരുന്നു റമദാൻ പ്രഭാഷണം.
വണ്ടി കോഴിക്കോട്ടെത്തിയപ്പോൾ കോരിച്ചൊരിയുന്ന മഴ. മഴ അൽപം ശമിക്കാൻ കാത്ത് സ്റ്റേഷനിൽ വെറുതെയിരുന്നപ്പോൾ വാട്ട്സപ്പ് തുറന്നു. അതിനിടയിലാണ് മക്കയിൽ നിന്നെഴുതിയ മടവൂരിന്റെ കത്തും മക്കയിൽ നിന്ന് തന്നെ കരുമ്പുലാക്കൽ അതിനെഴുതിയ ശ്രദ്ധേയമായ മറുപടിക്കത്തും കണ്ടത്. താൽപര്യത്തോടെ രണ്ട് കത്തും രണ്ട് തവണ വായിച്ചു.
ഒരു കാര്യം വ്യക്തം, എന്റെ ഗുരുനാഥനും ബഹുമാന്യനുമായ മടവൂർ സാർ കുറെ സത്യങ്ങൾ മറച്ചു പിടിച്ചു കൊണ്ടല്ലേ എഴുതുന്നത് എന്ന് തീർച്ചയായും എനിക്ക് തോന്നുന്നു.
ഐക്യത്തിന്റെ നന്മകൾ വളരെ വലുതാണ് എന്നാണ് ഒരു വാചകം. ഇത് പൊതുവായതാണെങ്കിൽ ശരിയാണ്. 2016 ലുണ്ടായ മുജാഹിദ് ഐക്യത്തെക്കുറിച്ചാണെങ്കിൽ ഇപ്പറഞ്ഞത് ശരിയാണോ സാർ? മുജാഹിദ് പ്രവർത്തകർക്കിടയിൽ മാനസികമായ ഐക്യമല്ല മുമ്പത്തെക്കാളധികം മാനസിക അകൽച്ചയാണുണ്ടായത് എന്ന എല്ലാവർക്കുമറിയുന്ന സത്യം എന്തിനാണ് സാർ താങ്കൾ മനോഹര വൈകാരിക വാക്കുകളിൽ പൊതിഞ്ഞ് ഈ വിധം തമസ്കരിച്ചത്?
'തെറ്റി നിന്നവർ എല്ലാം മറന്ന് നമ്മളൊന്നാണ് എന്ന് പ്രവർത്തിച്ചു കാണിച്ചു കൊടുത്തു. വലിയ നന്മകളാണ് കൈവന്നത് '
സാർ, ഈ വരികൾ സ്വന്തം മനസ്സാക്ഷിയോട് ചോദിച്ച് ശരിയെന്ന് ബോധ്യപ്പെടുത്തിയിട്ട് തന്നെയാണോ നിങ്ങളെഴുതിയത്? മുജാഹിദ് ഐക്യം കൊണ്ട് വലിയ നന്മകൾ ഉണ്ടായി എന്നാണല്ലോ താങ്കൾ എഴുതിയത്. ആരുടെ നന്മയാണ് സാർ താങ്കൾ ഉദ്ദേശിച്ചത്. താങ്കളെ ജീവനുതുല്യം സ്നേഹിച്ച പതിനായിരക്കണക്കായ സാധാരണക്കാരും നിഷ്കളങ്കരും അപ്രശസ്തരുമായ മുജാഹിദ് പ്രവർത്തകർക്കൊന്നും 'ആ വലിയ നന്മകൾ' ബോധ്യപ്പെട്ടിട്ടില്ല സാർ!14 കൊല്ലം ഒരുമിച്ച് പ്രവർത്തിച്ച പതിനായരക്കണക്കായ പ്രവർത്തകർ അനുഭവിക്കുന്ന ഐ ക്യാനന്തര വേദനകളെയാണോ താങ്കൾ നന്മകൾ എന്ന് വിശേഷിപ്പിച്ചത്? അതോ ഐ ക്യാനന്തരം താങ്കൾ ഉൾപ്പെടെയുള്ള കുറച്ച് പേർ അനുഭവിക്കുന്ന നന്മകളോ?
അകന്നു നിന്നവർ ഞങ്ങളൊന്നാണ് എന്ന് പ്രവർത്തിച്ചു കാണിച്ചു കൊടുത്തതെവിടെയാണ് സാർ?മുജാഹിദ് സമ്മേള ന മാണോ താങ്കളുദ്ദേശിച്ചത്?
എങ്കിൽ താങ്കൾക്കും താങ്കളുടെ ആളുകൾക്കു മുണ്ടായിട്ടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സമ്മേളനപ്പന്തലിലെ ജുമുഅയിൽ പോലും പങ്കെടുക്കാതെ മാറി നിന്നതും താങ്കളുടെ സങ്കടവും പ്രതിഷേധവും വാട്ട്സപ്പ് മെസ്സേജുകളായി രൂക്ഷമായ പ്രതിഷേധ ഭാഷയിൽ താങ്കൾ ചിലർക്കൊക്കെ അയച്ചതിന് ദയവായി ഒരു വിശദീകരണം തരൂ സാർ!
ഐക്യപ്പെട്ട് ഒരു കൊല്ലം കഴിഞ്ഞിട്ടും മുജാഹിദുകളുടെ മനസ്സടുത്തിട്ടില്ല എന്നതിന്റെ ജീവിക്കുന്നതെളിവല്ലേ സാർ താങ്കളുടെ വാട്ട്സപ്പ് മെസ്സേ ജുകൾ?
താങ്കളെപ്പോലുള്ള ഉന്നത മർകസുദ്ദഅവാ നേതാക്കൾ ഒരു വശത്ത് ചാരി നിന്ന് ഐക്യത്തിന്റെ മഹത്വം ഇത്രയാവർത്തിച്ച് പറഞ്ഞിട്ടും താങ്കളോടൊപ്പംമുമ്പ് പാറപോലെ ഉറച്ച് നിന്ന മർകസുദ്ദഅവാ വിഭാഗക്കാരിൽ ബഹുഭൂരിപക്ഷത്തിനും അത് ബോധ്യപ്പെടാതെ അവർ ചില നിലപാടുകളിൽ ഉറച്ചു നിൽക്കുന്നത് എന്ത് കൊണ്ട് എന്നും മുജാഹിദ് പ്രസ്ഥാനത്തറവാട്ടിലെ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന ബഹുമാന്യ സി.പി.ആ നിലപാടുകളുടെ മുന്നിലുണ്ടെന്നതും താങ്കളെ ഒട്ടും ചിന്തിപ്പിക്കുന്നില്ലേ സാർ?
താങ്കളെപ്പോലുള്ള നേതാക്കളിൽ ചെറിയൊരു വിഭാഗം ഒരു ഭാഗത്തും ബഹു ഭൂരിഭാഗം പ്രവർത്തകരും നേതാക്കളും ഒരു ഭാഗത്തുമായി താങ്കൾ നേതൃത്വം നൽകിയ മർകസുദ്ദഅവാ വിഭാഗം രണ്ട് ചേരിയായത് താങ്കൾ കാണുന്നില്ലേ സാർ? അങ്ങനെ നമ്മൾ രണ്ടായതിലും രണ്ടായതിൽ ഇപ്പോൾ താങ്കളോടൊപ്പമുണ്ടായ ചിലർ സന്തോഷിക്കുന്നതും താങ്കൾ കാണുന്നില്ലേ സാർ? ' മടവൂർ വിഭാഗം' എന്ന് ചിലർ അന്നും ഇന്നും വിളിക്കുന്ന മർകസുദ്ദഅവാ വിഭാഗം ഒന്നാകുമോ എന്ന ചിന്തയും ലേഖനവും പ്രാർഥനയും താങ്കളുടെ ഭാഗത്തു നിന്നുണ്ടാകാത്തതെന്താണ് സാർ?
അഥവാ രണ്ടാകുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?
മുജാഹിദുകളുടെ
മനസ്സകന്നതിന്റെ കാരണം കണ്ടെത്തി അതിന് പരിഹാരം കാണാൻ മനസ്സുവെച്ചാൽ താങ്കൾക്ക് കഴിയുന്നത് പോലെ കഴിയുന്ന വേറെയാരുമില്ല സാർ! ആരംഗത്ത്, മർകസുദ്ദഅവയിൽ യോഗം വിളിച്ചും മറ്റും വളരെ മുന്നോട്ട് പോയതാങ്കൾ ആശ്രമംപാതി വഴിയിൽ ഉപേക്ഷിച്ച് അത് വരെ താങ്കൾ ആക്ഷേപിച്ച സംഘത്തിന്റെ പക്ഷം ചേർന്ന് മർകസുദ്ദഅവാ വിഭാഗത്തിൽ ഭിന്നിപ്പുണ്ടാകുന്നതിൽ താങ്കൾക്കും ചെറുതല്ലാത്ത പങ്കുണ്ടെന്ന സത്യം എത്ര വിസ്മരിച്ചാലും തമസ്കൃതമാവുമോ സാർ? അതിനാൽ, മുജാഹിദുകൾ ഐക്യപ്പെട്ടിട്ടം ഐക്യപ്പെടാതെ നിൽക്കുന്നതിന്റെ കാരണം പരിശുദ്ധ ഹറമിൽ വെച്ച് താങ്കൾ ചിന്തിക്കുകയും പരിഹാരത്തിന് മുൻകൈയെടുക്കണമെന്നും എന്നിട്ട് ഐക്യത്തിന് വേണ്ടി പ്രാർഥിക്കണമെന്നും അപേക്ഷിക്കുന്നു. ഈ രംഗത്ത് അല്ലാഹു താങ്കൾക്ക് നൽകിയ വിപുലമായ കഴിവും ആരോഗ്യവും ഉപയോഗപ്പെടുത്തി പ്രവർത്തിക്കാൻ എല്ലാം അറിയുന്ന സർവ ശക്തനായ അല്ലാഹു എന്റെ ആദരണീയ ഗുരുനാഥന് തൗഫീഖ് ചെയ്യട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.
- കെ.പി .എസ്.ഫാറൂഖി
4/6/2018