ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 28 October 2017

അഖീഖത്തിന്റെ കർമ്മ ശാസ്ത്രം

ഒരു കുട്ടി ജനിച്ചാല്‍ ആ ശിശുവിനു വേണ്ടി അഖീഖ അറുക്കല്‍ സാധാരണമാണല്ലോ. അഖീഖത്ത് എന്നാല്‍ നവജാത ശിശുവിന്റെ മുടി എന്നാണര്‍ത്ഥം. ആ 'മുടി' കളയുന്ന സമയത്ത് ശിശുവിനുവേണ്ടി സുന്നത്തായി അറുക്കപ്പെടുന്ന നിശ്ചിത മൃഗം എന്നാണ് ഇതിന്റെ ശറഇയ്യായ ഭാഷ്യം (തര്‍ശീഹ്: 206).
കുട്ടിയുടെ ജനനം പൂര്‍ണമായതുമുതല്‍ അറുപത് ദിവസത്തിനു മുമ്പു രക്ഷിതാവ് ഫിത്ര്‍ സക്കാത്ത് കൊടുക്കല്‍ നിര്‍ബന്ധമാകുന്ന വിധം കഴിവുള്ളവനാണെങ്കില്‍ അഖീഖത്തറവ് സുന്നത്താണ്.  കഴിവില്ലാത്ത, സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ അഖീഖത്തറുക്കേണ്ടതില്ല. അവനത് സുന്നത്തില്ല (തുഹ്ഫ: 9/370).
അഖീഖത്തിനു കഴിവുണ്ടായിട്ടും അറുക്കാതിരുന്നാല്‍ മാതാപിതാക്കള്‍ക്കു വേണ്ടി അല്ലാഹുവിന്റെ മുമ്പില്‍ ശുപാര്‍ശ ചെയ്യാല്‍ കുട്ടിക്ക് അനുവാദം ലഭിക്കില്ലെന്നു പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 2/327).
സാധാരണ ഗതിയില്‍ നവജാത ശിശുവിന്റെ പേരില്‍ നടത്തപ്പെടുന്ന അറവിനെ അഖീഖത്ത് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ അഖീഖത്ത് എന്ന അറബി ശബ്ദത്തിന്റെ ധാതുവില്‍ ഉഖൂഖ് എന്ന പദമുണ്ട്. മാതാപിതാക്കളെ വെറുപ്പിക്കുക എന്നാണതിന്റെ അര്‍ത്ഥം. അപ്പോള്‍ നവജാതശിശുവിന്റെ പേരിലുള്ള  അഖീഖത്ത് എന്നു കേള്‍ക്കുമ്പോള്‍ ആ കുട്ടി മാതാപിതാക്കളെ വെറുപ്പിക്കുന്നവനാണെന്നു അവലക്ഷണം  പറയാനിടയുണ്ട്. ഈ അറവ് നടത്തുന്നയാളെ 'ആഖ്ഖ്' എന്നാണ് പറയുക. ഇതിനാലാവാം അഖീഖത്തിനെക്കുറിച്ച് ചോദിച്ചയാളോട് അല്ലാഹു ഉഖൂഖ് (മാതാപിതാക്കളെ വെറുപ്പിക്കല്‍) ഇഷ്ടപ്പെടുകയില്ലെന്നു പ്രവാചകന്‍ പ്രതികരിച്ചത് (അബൂദാവൂദ്).
നബി (സ്വ) തങ്ങള്‍ ചീത്ത ലക്ഷണം പറയാനിടയുള്ള സാഹചര്യങ്ങളെയും പദങ്ങളെയും വെറുത്തിരുന്നു.
തദടിസ്ഥാനത്തില്‍ നവജാതശിശുവിന്റെ പേരിലുള്ള അറവിനെ അഖീഖത്ത് എന്നു പറയുന്നത് ഇമാം ശാഫിഈ (റ) നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നും വെറും അറവെന്നോ (ദബീഹത്ത്) പുണ്യ ബലി (നസീകത്ത്) എന്നോ പറയുകയാണ് നല്ലതെന്നും നമ്മുടെ ഇമാമുകള്‍ പ്രസ്താവിച്ചിട്ടുണ്ട് (തുഹ്ഫ, ശര്‍വാനി: 9/369). അഖീഖ എന്ന പേരില്‍ പ്രസിദ്ധമായതുകൊണ്ടാണ് തലക്കെട്ടില്‍ അഖീഖത്ത് എന്നു പ്രയോഗിച്ചത്.
കുട്ടി പ്രസവിക്കപ്പെട്ട സമയം ദരിദ്രനായ രക്ഷിതാവിനു പ്രസവം മുതല്‍ അറുപത് ദിവസത്തിനുള്ളില്‍ മുമ്പു വിവരിച്ച രീതിയില്‍ കഴിവുണ്ടെങ്കില്‍ ആ കുട്ടിക്കുവേണ്ടി ദബീഹത്ത് സുന്നത്തുണ്ട്. കുട്ടിയുടെ  ജനനത്തോടെ അറവിന്റെ സമയമായി. ഒരു മൃഗത്തിന്റെ വില ദാനം ചെയ്താല്‍ അറവിനു പകരം അതു മതിയാവില്ല. ഒരു കുഞ്ഞു ജനിച്ചുവെന്ന മഹത്തായ അനുഗ്രഹത്താല്‍ സന്തോഷം പ്രകടിപ്പിക്കലും രക്തബന്ധം വിളംബരം ചെയ്യലും അറവിന്റെ ലക്ഷ്യത്തില്‍ പെട്ടതാണ്.
പ്രസവശേഷം കുട്ടി മരണപ്പെട്ടാലും കുട്ടിയുടെ പേരിലുള്ള അറവു സുന്നത്തുണ്ട്. അതുപോലെത്തന്നെ റുഹു ഊതപ്പെടുന്ന കാലം (120 ദിവസം) കഴിഞ്ഞു പ്രസവിക്കപ്പെട്ട കുട്ടി ചാപ്പിള്ളയാണെങ്കിലും അറവു സുന്നത്തുണ്ട് (ബിഗ്‌യ: 162). ഏഴാം ദിവസം അറവു നടത്തലാണ് സുന്നത്ത്. അതുതന്നെ അന്നു സൂര്യന്‍ ഉദിക്കുന്ന സമയത്താവല്‍ പ്രത്യേകം സുന്നത്തുണ്ട്. പ്രസവം നടന്നതു പകലിലാണെങ്കില്‍ ആ ദിവസം കൂട്ടിയാണ് ഏഴു ദിവസം കണക്കാക്കേണ്ടത്. പ്രസവം നടന്ന രാത്രി കണക്കിലെടുക്കുകയില്ല (തുഹ്ഫ: 9/372).
ഏഴാം ദിവസം അറവ് നടത്തുന്നില്ലെങ്കില്‍ പിന്നെ 14, 21, 28 എന്നിങ്ങനെ ഏഴുകള്‍ ആവര്‍ത്തിച്ചുവരുന്ന ദിവസങ്ങളിലാണ് കുട്ടിയുടെ പേരിലുള്ള അറവ് സുന്നത്തുള്ളത് (ശര്‍ഹു ബാഫള്ല്‍, കുര്‍ദി: 2/308).
കുട്ടിയുടെ രക്ഷിതാവിനു അറവു സുന്നത്തായിരിക്കെ അതു നിര്‍വഹിക്കപ്പെടാതെ നീട്ടിക്കൊണ്ടു പോയാല്‍ കുട്ടിക്കു പ്രായപൂര്‍ത്തി ആവലോടുകൂടി രക്ഷിതാവിനു പ്രസ്തുത കര്‍മം നഷ്ടപ്പെടും.
ഇനി പ്രായം തികഞ്ഞവനു അവനെ തൊട്ടു അറവു സുന്നത്തുണ്ട്. കുട്ടി ആണായാലും പെണ്ണായാലും ഉളുഹിയ്യത്തിന്റെ നിബന്ധനയൊത്ത ഒരു ആടിനെ അറുത്താല്‍ മതിയാകും. കുട്ടി ആണാണെങ്കില്‍ തുല്യമായ രണ്ടാടും പെണ്ണാണെങ്കില്‍ ഒരാടും അറുക്കണമെന്നു ഹദീസില്‍ വന്നതുകൊണ്ട് അതു സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഉളുഹിയ്യത്തിനെപ്പോലെ അഖീഖയിലും ഏഴു ആട്, ഒരു ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമത്തിലാണ് ശ്രേഷ്ഠത. കുട്ടി ആണാണെങ്കിലും പെണ്ണാണെങ്കിലും (തുഹ്ഫ: 9/371).
ആദ്യം കുട്ടിക്ക് പേരിടുക, പിന്നീട് അറവ്, ശേഷം മുടി കളയുക എന്നതാണ് ക്രമം. കുട്ടിയുടെ പേര് പറഞ്ഞ്, അത് അവന്റെ ദബീഹത്താണ്, അല്ലാഹുവേ ഇതു നീ സ്വീകരിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചു ബിസ്മി ചൊല്ലി മൃഗത്തെ അറവു നടത്തലാണ് സുന്നത്ത്. മൃഗത്തിന്റെ കഴുത്തിലും കുട്ടിയുടെ തലയിലും കുട്ടിയുടെ തലയിലും കത്തിവെക്കുന്നത് ഒരേ സമയത്താവണമെന്ന ധാരണ ചിലയിടങ്ങളിലുണ്ട്. ഇതിന് അടിസ്ഥാനമില്ല.
അഖീഖത്തിന്റെ ഭാഷാര്‍ത്ഥവും ശര്‍ഈ അര്‍ത്ഥവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ വേണ്ടി മുടി കളയുന്ന സമയത്ത് അറവു സുന്നത്താണെന്നു കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം (ബാജൂരി: 2/312, തര്‍ശീഹ്: 206). ഇതിന്റെ ഉദ്ദേശ്യം മുടി കളയല്‍ കര്‍മവും അഖീഖത്തിന്റെ അറഴും ഒരു ദിവസം തന്നെയാവല്‍ സുന്നത്താണെന്നാണ്. ഇക്കാര്യം പറഞ്ഞ ഗ്രന്ഥങ്ങളില്‍തന്നെ അറവിനു ശേമാണ് മുടി കളയേണ്ടതെന്നു വ്യക്തമാക്കിയിട്ടുണ്ട്.
അഖീഖത്തിന്റെ മാംസം വേവിച്ചു നല്‍കലും വലതു കുറക് വേവിക്കാതെ വയറ്റാട്ടിക്ക് (പേറ്റിച്ചി) നല്‍കലും സുന്നത്തുണ്ട്. . ഒരു വയറ്റാട്ടിയും ഒന്നിലധികം മൃഗങ്ങളുമാണെങ്കില്‍ അവയുടെയെല്ലാം വലതു കുറക് അവര്‍ക്കു നല്‍കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/372).
മാംസം മധുരം ചേര്‍ത്തു വേവിക്കലും അറുക്കുന്നവനും തിന്നുന്നവനും എല്ലുകള്‍ പൊട്ടിക്കാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കലും സുന്നത്തുണ്ട്. മധുരം ചേര്‍ക്കുന്നതില്‍ കുട്ടിയുടെ സ്വഭാവ മാധുര്യത്തിലുള്ള ശുഭലക്ഷണവും എല്ലു പൊട്ടാതിരിക്കുന്നതില്‍ കുട്ടിയുടെ അവയവങ്ങള്‍ രക്ഷപ്പെടുക എന്ന ശുഭലക്ഷണവുമാണുള്ളത് (തുഹ്ഫ: 9/372).
അഖീഖത്തറുക്കുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. ഏഴു കുട്ടികളെതൊട്ടു ഒരു മാടിനെ അറുത്താല്‍ ഏഴു പേരെ തൊട്ടും അതു അഖീഖത്താവും (തുഹ്ഫ, ശര്‍വാനി: 9/371). കുട്ടിയുടെ നാട്ടില്‍തന്നെ അറവു നടത്തണമെന്നില്ല. ഏതു നാട്ടില്‍ വെച്ചറുത്താലും അഖീഖത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ് (ഫതാവല്‍ കുബ്‌റ: 4/257).
ഉള്ഹിയ്യത്തിന്റെ മിക്ക നിയമങ്ങളും അഖീഖത്തിലും ബാധകമാണ്. മൃഗത്തിന്റെ പ്രായം, ഇനം, ഗുണമേന്മ, ന്യൂന്യതകളെതൊട്ടു മുക്തമാകല്‍, നിയ്യത്ത്, അറവ്, സ്വയം ഭക്ഷിക്കല്‍, വിതരണം, സൂക്ഷിച്ചു വെക്കല്‍ എന്നിവയിലെല്ലാം രണ്ടിനും ഒരേ നിയമമാണുള്ളത് (തുഹ്ഫ: 9/371, നിഹായ: 8/138).
അഖീഖത്തിനു മാത്രം ബാധകമാകുന്ന ചില നിയമങ്ങളുണ്ട്. ഒന്ന് അറവിന് നിശ്ചിത സമയമില്ല. രണ്ട്: വേവിക്കാതെ തന്നെ ദരിദ്രര്‍ക്കു മാംസ വിതരണം നടത്തല്‍ നിര്‍ബന്ധമില്ല. മൂന്ന്: ധനികര്‍ക്ക് മാംസം     ഹദ്‌യയായി ലഭിച്ചാല്‍ ഉടമാവകാശം വരുന്നതാണ് (ഇആനത്ത്: 2/327).
അഖീഖത്തിന്റെ ഇറച്ചി അമുസ്‌ലിമിനു ദാനം ചെയ്യാനോ ഭക്ഷിപ്പിക്കാനോ ഹദ്‌യ നല്‍കാനോ പാടില്ല. അഖീഖത്ത് നല്‍കപ്പെടുന്ന നിര്‍ധനരും സമ്പന്നരും മുസ്‌ലിമായിരിക്കണം (ബാജൂരി: 2/313).

സദ്യയിലേക്കു ജനങ്ങളെ വിളിച്ചു വരുത്താമെങ്കിലും വേവിച്ച മാംസം (ചാറിനോടു കൂടെ) ദരിദ്രര്‍ക്കു കൊടുത്തയക്കലാണ് ഉത്തമം (ഇആനത്ത്: 2/327).
അഖീഖത്ത് മൃഗത്തിന്റെ തോല് സ്വദഖ ചെയ്യുകയാണ് വേണ്ടത്. ഉടമസ്ഥന്‍ ഉപയോഗിക്കുന്നതിനും വിരോധമില്ല. വില്‍പന നിഷിദ്ധമാണ് (തുഹ്ഫ: 9/363). പ്രസവിക്കപ്പെട്ട കുട്ടി ജാരസന്താനമാണെങ്കില്‍ നിര്‍ധനനായ ആ കുട്ടിക്കു ചെലവ് കൊടുക്കേണ്ട കടമ മാതാവിനാണ്. പ്രസ്തുത കുട്ടിക്കു ഉമ്മ അഖീഖത്തറുക്കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/370).
കടം വാങ്ങി അഖീഖത്തറുക്കുന്ന സമ്പ്രദായം ഇന്നു കണ്ടുവരുന്നുണ്ട്. അത് ഭൂഷണമല്ല. അതുപോലെത്തന്നെ കടം ഉള്ളവര്‍ അത് വീട്ടാനുള്ള സംഖ്യകൊണ്ട് അഖീഖത്ത് അറുക്കുന്നതും ശരിയല്ല.