*ബഹു.* ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുജാഹിദ്/സലഫീ തൗഹീദിന്റെ ഒരപഗ്രഥനമാണ് നടത്തുന്നത്. തൗഹീദ്, ശിര്‍ക്ക് തുടങ്ങിയ കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടെന്ന നിലപാട് തള്ളി, ഇനിയും അത്തരം കാര്യങ്ങളില്‍ ഇടപെടുമെന്നും സലഫി സ്റ്റേജുകളില്‍ കയറി സുന്നികളെ തൗഹീദ് പഠിപ്പിക്കുമെന്നുമാണല്ലോ അദ്ദേഹം പറയാതെ പറഞ്ഞിരിക്കുന്നത്.
ഏതാണ് ആ സലഫി തൗഹീദ്? നിരന്തരം അപ്‌ഡേഷന്‍ നടക്കുന്നതിനാല്‍ മുജാഹിദ് തൗഹീദിനെ ഫോളോ ചെയ്യാന്‍ വലിയ പ്രയാസമുണ്ട്. ഇത് എഴുതി അച്ചടിക്കുന്നതിനിടയില്‍ പോലും ചിലപ്പോള്‍ പരിണാമങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാം. ചിലര്‍ നിലപാട് മാറ്റിയിട്ടുണ്ടാകാം. അതുകൊണ്ട് അപഗ്രഥനത്തിൽ വല്ല സൂക്ഷ്മ വ്യത്യാസങ്ങൾ ശ്രദ്ധയില്‍ പെട്ടാല്‍ ഇഖ്‌ലാസുള്ള സലഫികള്‍ ചൂണ്ടിക്കാണിക്കണം. ഒന്നുമാത്രം പറയരുത്. എല്ലാം ഒന്നാണ് എന്ന്. അടിസ്ഥാനപരമായി അഭിപ്രായ വ്യത്യാസങ്ങളില്ല എന്നും പറഞ്ഞേക്കരുത്. സുന്നികള്‍ ബഹുദൈവ വിശ്വാസികളാണ് എന്ന് വാദിച്ചുനില്‍ക്കാന്‍ വേണ്ടി നിര്‍മിച്ചുണ്ടാക്കിയ തൗഹീദ് ഒരു നൂറ്റാണ്ട് തികയും മുമ്പേ പലതായി ചിതറി തെറിച്ച് ഓരോന്നും മറ്റേതിനെ ബഹുദൈവാരാധനയാക്കി മാറ്റിയിരിക്കുന്നു. അനുരാഗബദ്ധരായ ഹൃദയത്തോടെ മുത്ത് നബിയെ വിളിച്ചുതേടിയ വിശ്വാസികളെ, അവിടുത്തെകൊന്നൊടുക്കാന്‍ പാത്ത് കഴിഞ്ഞ അബൂജഹ്‌ലുമാരേക്കാള്‍ കടുത്ത അവിശ്വാസികളെന്ന് മുദ്രകുത്തിയവര്‍ പരസ്പരം ശിര്‍ക്കാക്രമണം തുടരുകയാണ്. വാളെടുത്തവന്‍ വാളാല്‍ എന്ന് പറയാറില്ലേ, അതേപോലെ.
* റിളവിയ്യ തൗഹീദ്*
ഈജിപ്തിലെ റഷീദ് രിള സ്ഥാപിച്ചു. അഭൗതികമായ ഗുണവും ദോഷവും ചെയ്യുന്നവന്‍ അല്ലാഹു മാത്രം എന്നാണ് ഈ തൗഹീദിന്റെ കാതൽ. അപ്പോള്‍ തിരുശേഷിപ്പുകള്‍ കൊണ്ട് ബറകത്തെടുക്കല്‍, കണ്ണേറ്, സിഹ്‌റ് എന്നിവ ഫലിക്കുമെന്ന് വിശ്വസിക്കല്‍, സംസം വെള്ളം കൊണ്ട് ബറകത്ത് കിട്ടുമെന്ന് വിശ്വസിക്കല്‍, ജിന്ന്, മലക്ക്, വലിയ്യ് എന്നിവര്‍ സഹായിക്കുമെന്ന് വിശ്വസിക്കല്‍, ഏലസ്സ്, മന്ത്രം, മന്ത്രിച്ചൂതിയ വെള്ളം എന്നിവയില്‍ നിന്നു ഫലം പ്രതീക്ഷിക്കല്‍ എല്ലാം തനിച്ച ബഹുദൈവവിശ്വാസം. തവസ്സുല്‍, ഇസ്തിഗാസ, നേര്‍ച്ച പെരുംശിര്‍ക്കുകള്‍.
കേരളത്തില്‍ ഐക്യസംഘം വിത്തിടുകയും ഉമര്‍ മൗലവി പ്രചാരണം നല്‍കുകയും സലഫീ പ്രസ്ഥാനങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്ത ഈ തൗഹീദ് ഇപ്പോള്‍ സംഘടനാ രൂപത്തില്‍ നിലനില്‍ക്കുന്നില്ല! സംഘടനയില്‍ ഇല്ലാത്ത സലാം സുല്ലമി, ഐക്യമുജാഹിദില്‍ ചൊറിഞ്ഞ് നില്‍ക്കുന്ന അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍, മൊറയൂര്‍ ടീം, നേരത്തെ കെ എന്‍ എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുര്‍റഹ്മാന്‍ ഇരിവേറ്റി എന്നിവരാണ് പ്രചാരകര്‍. ഇവരുടെ വാദപ്രകാരം ഇന്നത്തെ മുഴുവന്‍ സലഫീ സംഘടനകളും ബഹുദൈവത്വവുമായി സന്ധിയിലാണ്. അഥവാ ശിര്‍ക്കിലാണ്!!
* തൗഹീദുൽ അസ്മാഇ വസ്വിഫാത് (2001)*
അല്ലാഹു ആകാശത്തിലാണ്, അവന് കൈയും കാലും വിരലുകളും ഊരയുമുണ്ട്. അവന്‍ ഇറങ്ങുകയും കയറുകയും ചെയ്യും എന്നൊക്കെയാണ് ഈ തൗഹീദ് സിദ്ധാന്തിക്കുന്നത്. ആദ്യകാല മുജാഹിദ് നേതാക്കളായ വക്കം മൗലവിക്കും മറ്റും ഈ വാദം ഉണ്ടായിരുന്നില്ല. അമാനി മൗലവിയും വക്കം മൗലവിയുടെ പാതയിലാണ് വന്നത്. എന്നാല്‍, പില്‍ക്കാലത്ത് ഗള്‍ഫ് സലഫികളുടെ ഇത്തരം വിചിത്രമായ വാദങ്ങള്‍ തൗഹീദിന്റെ ഭാഗമായി 2001 ജൂൺ 4 ന് പുളിക്കൽ മദീനതുൽ ഉലൂമിൽ ചേർന്ന യോഗത്തിൽ അല്ലാഹുവിനെ ജഡ വൽക്കരിക്കുന്ന ഈ തൗഹീദ് എഴുതിച്ചേര്‍ത്തു.
അങ്ങനെ പഴയ കാല തൗഹീദ് നിര്‍മാതാക്കളും പ്രചാരകരുമൊക്കെയായിരുന്ന അമാനിയും വക്കവുമൊക്കെ തൗഹീദില്‍ നിന്ന് പുറത്തായി. പടച്ചവന് കൈയും കാലുമില്ല എന്ന് വാദിച്ചിരുന്ന എം എം അക്ബര്‍ പശ്ചാതപിച്ചു മടങ്ങി. പുതിയ തൗഹീദ് സ്വീകരിച്ച് നവമുസ്‌ലിമായി. പുതിയ അല്ലാഹുവിനെ പരിചയപ്പെടുത്തി ഗ്രന്ഥരചന നടത്തി.
* തൗഹീദുത്തഅ്‌വീല്‍* (1952)
2001ല്‍ പാസാക്കിയ, നടേ പരാമർശിച്ച തൗഹീദ് പക്ഷേ, പ്രായോഗിക തലത്തില്‍ എല്ലാവരും അംഗീകരിച്ചിട്ടൊന്നുമില്ല. ഇപ്പോഴും അല്ലാഹുവിന് ഊരയില്ല, സ്ഥലമില്ല, കാലമില്ല, ജഡമില്ല എന്നൊക്കെ വാദിക്കുന്നവര്‍ മുജാഹിദുകളിലുണ്ട്. അല്ലാഹുവിന് സ്ഥലം, രൂപം, ജഡം, ഭാഗം എന്നിവയുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോയ കാഫിറായ മുബ്തദിഅ് ആണെന്ന് 1952ലെ അല്‍മനാറില്‍ മുജാഹിദുകള്‍ ഫത്‌വ കൊടുത്തിട്ടുമുണ്ട്. അതു പ്രകാരം 2001 ൽ നിർമ്മിക്കപ്പെട്ട തൗഹീദ് അബദ്ധമാണ് അതിന്റെ വാക്താക്കൾ ബഹുദൈവ വിശ്വാസികളും! എന്നാല്‍, ഇപ്പോള്‍ ഈ വിഭാഗത്തില്‍ ആള് കുറവാണ്. ഡോ. ഇ കെ അഹ്മദ് കുട്ടിയും സലാം സുല്ലമിയുമൊക്കെ ഊര ഉണ്ട് എന്ന്പറയേണ്ട അഥവാ തഅ്‌വീല്‍ (വ്യാഖ്യാനം ചെയ്യുക) ആകാം എന്ന പക്ഷക്കാരാണ് എന്നാണറിവ്. തഅ്‌വീല്‍ പറ്റില്ല എന്ന് പറയുമ്പോള്‍ തന്നെ തഅ്‌വീല്‍ ചെയ്യുന്ന വിരുതന്മാരും ഉണ്ട്.
*ജിന്ന് തൗഹീദ് (2007)*
മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് വിവാദം പൊട്ടപ്പുറപ്പെട്ടതിന് ശേഷം രൂപപ്പെട്ട തൗഹീദാണിത്. സ്ഥാപകന്‍ സകരിയ്യ സ്വലാഹി. ‘സൃഷ്ടികളുടെ കഴിവുകള്‍ക്കതീതമായ കാര്യങ്ങള്‍ സ്രഷ്ടാവിനോട് മാത്രമേ ചോദിക്കാവൂ, എന്നാല്‍ സൃഷ്ടികളുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ സൃഷ്ടികളോട് ചോദിക്കുന്നത് ബഹുദൈവ വിശ്വാസമാകില്ല’ എന്നാണ് ഈ തൗഹീദ് സിദ്ധാന്തിക്കുന്നത്. ഇത് പ്രകാരം നേരത്തെ ബഹുദൈവവിശ്വാസമായിരുന്ന ബറകത്ത്, സംസം, കണ്ണേറ്, സിഹ്‌റ് വിശ്വാസങ്ങള്‍ക്ക് മോചനം കിട്ടുകയും അവ തൗഹീദിന്റെ അവിഭാജ്യ ഘടകമാകുകയും ചെയ്തു. ഒപ്പം മരുഭൂമിയില്‍ അകപ്പെട്ടാല്‍, കടലില്‍ കപ്പല്‍ മുങ്ങിത്താഴ്ന്നാല്‍, താമരശ്ശേരി ചുരത്തില്‍ നജീബിന്റെ വാഹനം മറിഞ്ഞുപോയാല്‍… പരിസരത്തുണ്ടാകാന്‍ ഇടയുള്ള മുസ്‌ലിംകളായ ജിന്നുകളോട് അവര്‍ക്ക് കഴിവ് നല്‍കപ്പെട്ട വിഷയത്തില്‍ സഹായം ചോദിക്കുന്നത് ശിര്‍ക്കല്ലാതായി മാറി. പണിപ്പെട്ട് കുഞ്ഞീതു മദനി അവര്‍കള്‍ ഉണ്ടാക്കിയെടുത്ത ‘താമരശ്ശേരി ചരം എഫക്ട്’ അങ്ങനെ കഞ്ഞിയായി. ഈ സിദ്ധാന്തമനുസരിച്ച്, ഔലിയാക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ കഴിവുകളില്‍ നിന്നാണെന്ന് സമര്‍ഥിച്ചാല്‍ സുന്നികളും ‘ബഹുദൈവ വിശ്വാസ’ത്തില്‍ നിന്ന് മോചിതരാകും. തറവാട് പൊളിച്ച ഈ തെറിച്ച ന്യൂജനറേഷനെ സംഘടന പുറത്താക്കി. അവരാണ് ഇപ്പോഴത്തെ വിസ്ഡം മുജാഹിദുകള്‍. സ്ഥാപക നേതാവ് പക്ഷേ, ഈ സംഘടനയില്‍ നിന്നും പുറത്തുപോയത് മറ്റൊരു ഫലിതം.
*ഔദ്യോഗിക തൗഹീദ് (2012)*
രിളവിയ്യ തൗഹീദില്‍ നിന്ന് വിടുകയും എന്നാല്‍, ജിന്ന് തൗഹീദ് അപകടമാണ് എന്ന് തിരിച്ചറിയുകയും ചെയ്ത അഞ്ച് വര്‍ഷത്തെ ‘ശിര്‍ക്ക് വാസ’ത്തിന് ശേഷം തട്ടിക്കൂട്ടിയുണ്ടാക്കിയ ധാരയാണിത്. 2012ല്‍ വിസ്ഡം ഗ്രൂപ്പിനെ പുറത്താക്കുമ്പോള്‍ ഔദ്യോഗിക മുജാഹിദുകള്‍ക്ക് കൃത്യമായ ഒരു നിലപാട് തൗഹീദ് വിഷയത്തിലുണ്ടായിരുന്നില്ലത്രേ. അവര്‍ക്ക് കണ്ണേറും സിഹ്‌റും വേണമായിരുന്നു. എന്നാല്‍, ജിന്നിനെ വിടുകയും ചെയ്യണം. അപ്പോള്‍ സബബ് (കാരണം) വാദവുമായി മുന്നോട്ട് വന്നു അവര്‍. അത് ഇങ്ങനെയാണെന്നാണ് ഈ കുറിപ്പുകാരൻ മനസ്സിലാക്കിയത്: അല്ലാഹു സബബായി(കാരണമായി) നിശ്ചയിച്ചതല്ലാത്തതിനെ സബബാണെന്ന് വിശ്വസിക്കുകയോ ബന്ധപ്പെടുകയോ ചെയ്യരുത്. ചെയ്താല്‍ ശിര്‍ക്ക്. കണ്ണേറ് സബബായി നിശ്ചയിച്ചതാണ്. ജിന്നുകളെ നിശ്ചയിച്ചിട്ടില്ല. അതിനാല്‍ കണ്ണേറില്‍ വിശ്വസിക്കാം. എന്നാല്‍ ജിന്നിനെ വിളിക്കരുത്. ഇതാണിപ്പോള്‍ ‘ഔദ്യോഗിക’ തൗഹീദ്.!!
*ലയന തൗഹീദ് (2016)*
അവസാനം അത്ഭുതം സംഭവിച്ചു. റിളവിയ്യ തൗഹീദും ‘തൗഹീദ് 2012′(ഔദ്യോഗിക തൗഹീദ്)ഉം ലയിച്ചു. ആരും ഒരിഞ്ചുവിട്ടുകൊടുത്തില്ല. എന്നിട്ടും വ്യക്തമായി പറഞ്ഞാല്‍, ഇപ്പോഴും മടവൂര്‍ വിഭാഗത്തിന് സിഹ്‌റ് ഫലിക്കുമെന്ന വിശ്വാസം ശിര്‍ക്ക് തന്നെ. കണ്ണേറും ബറകത്തും തഥൈവ. ഔദ്യോഗിക കെ എന്‍ എമ്മിനോ? സിഹ്‌റ് ഫലിക്കുമെന്നത് യഥാര്‍ഥ വിശ്വാസവും. എന്നിട്ടും അവര്‍ ഒത്തു. ഔദ്യോഗിക വിഭാഗത്തില്‍ താരതമ്യേന വയോധികരാണ്. പ്രവര്‍ത്തകരെയും പ്രഭാഷകരെയുമെല്ലാം വിസ്ഡം അടിച്ചുകൊണ്ടുപോയി. മടവൂര്‍ വിഭാഗത്തിനാണെങ്കില്‍, ‘ഔദ്യോഗിക സംഘടന’യില്ല. തല്‍ക്കാലം ‘ബഹുദൈവത്വ’വുമായി സന്ധി ചെയ്താലും വൃദ്ധന്മാരുടെ കാലം കഴിഞ്ഞാല്‍ സംഘടന തട്ടിയെടുക്കാം എന്ന വ്യാമോഹത്തിലായിരുന്നു അവര്‍. കച്ചിത്തുരുമ്പായി ശംസുദ്ദീന്‍ പാലത്തിന്റെ അറസ്റ്റും തീവ്രവാദ ആരോപണവും. ബഹുദൈവത്വവും ഏകദൈവത്വവുമൊക്കെ കുറച്ച് കോംമ്പര്‍മെയ്‌സ് ചെയ്തു.
ആ ഫോര്‍മുല ഇങ്ങനെ: സിഹ്‌റിന് ഫലമുണ്ടാകുന്നത് കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായിട്ടാണെങ്കില്‍ സിഹ്‌റ് ഫലിക്കും എന്ന് വിശ്വസിക്കല്‍ ശിര്‍ക്കാണ്. എന്നാല്‍, അങ്ങനെ അല്ലെങ്കില്‍ അത് ശിര്‍ക്കല്ല. മാത്രമല്ല, ഫലിക്കുമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്. തൗഹീദും ശിര്‍ക്കും സന്ധിയാകാന്‍ ഇത്രമതി. എന്നാല്‍ പിന്നെ സുന്നികളെ ഇനി ശിര്‍ക്ക് ആരോപിച്ച് മാറ്റിനിര്‍ത്തുന്നത് എന്തിനാണ്? സമസ്തയുമായും ഒരു സമവായമാകാം. ഫോര്‍മുല ഇങ്ങനെ: മരിച്ചുപോയ മഹാന്മാരെ വിളിക്കുമ്പോള്‍ അല്ലാഹുവിന്റെ ഗുണവിശേഷങ്ങള്‍ മഹാന്മാര്‍ക്ക് ചാര്‍ത്തുന്നുണ്ടെങ്കില്‍ അത് ശിര്‍ക്കാണ്. അല്ലെങ്കില്‍ ശിര്‍ക്കല്ല. മാത്രവുമല്ല, ധാരാളം മഹാന്മാര്‍ അങ്ങനെ ചെയ്തിട്ടുമുണ്ട്.’
*‘സെല്‍ഫീ’ തൗഹീദ്*
മുജാഹിദുകള്‍ ഗവേഷകരാണല്ലോ. ഒരു സലഫിക്ക് മറ്റേ സലഫിയെ തഖ്‌ലീദ്(അനുകരിക്കാന്‍) ചെയ്യാന്‍ പറ്റില്ല. അപ്പോള്‍ പൊതുവായ ഒരു തൗഹീദിന് പുറമെ വ്യക്തികള്‍ക്ക് വെവ്വേറെ സ്‌പെഷ്യല്‍ തൗഹീദുകളുണ്ടാകും. വാക്‌സിനേഷന്‍ ബഹുദൈവവിശ്വാസമാണ്. ഒരേ ഡോക്ടറെ ഒന്നിലേറെ തവണ കാണിച്ചാല്‍ ശഹാദത്തില്‍ (സത്യസാക്ഷ്യം) നിന്ന് തെറിച്ച്‌പോയി കാലാകാലം നരകത്തില്‍ വസിക്കേണ്ടിവരും എന്നൊക്കെ സലഫി മൗലവിമാര്‍ പറയുമ്പോള്‍ അതൊക്കെ സംഘടനയുടെ ഔദ്യോഗിക പക്ഷമാണെന്ന് പറയാതെ ഓരോരുത്തരുടെ വൈയക്തിക തൗഹീദുകളാണെന്ന് പറയുന്നതാണല്ലോ സംഗതം. പക്ഷേ, ഇവര്‍ക്കൊക്കെ വേദി അനുവദിക്കുമ്പോള്‍ സാമൂഹികാന്തരീക്ഷത്തില്‍ അതുണ്ടാക്കുന്ന അനര്‍ഥങ്ങള്‍ എന്തൊക്കെയായിരിക്കും?
ആളുകള്‍ ആട് മേക്കാന്‍ സിറിയയിലേക്ക് പോയതും അത്തിക്കാട്ടില്‍ ആശ്രമം ഉണ്ടാക്കിയതും പ്രകൃതിയോടുള്ള പരിണയം കൊണ്ടല്ല. മറിച്ച് ഇത്തരം തെറിച്ച ഗവേഷകരുടെ പ്രഭാഷണങ്ങള്‍ കേട്ടാണ്. ഇവര്‍ക്കൊക്കെ മൂക്കുകയര്‍ ഇട്ടില്ലെങ്കില്‍ കേരളം അനുഭവിക്കേണ്ടിവരും. കഴിഞ്ഞ ദിവസം ഒരു സലഫിയുടെ പ്രസംഗം കേട്ടു. ഭയപ്പെടുത്തുന്ന ഭാവഹാവങ്ങളും വേഷവുമുള്ള അയാള്‍ പറയുകയാണ്: മഖ്ബറ പൊളിച്ചത് ഞങ്ങള്‍ തന്നെയാ. മുമ്പും പൊളിച്ചിട്ടുണ്ട്. ഇനിയും പൊളിക്കും. അത് ഭീകരവാദമാണെന്നൊന്നും പറയേണ്ട….
ഇത്തരം 'സെൽഫീ' തൗഹീദിന് വേണ്ടിയാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ശംസുദ്ദീന്‍ പാലത്തിനും സാക്കിര്‍ നായിക്കിനും വേണ്ടി പ്രക്ഷോഭത്തിനിറങ്ങിയവർ മഖ്ബറ പൊളിച്ചതിനെതിരെ മിണ്ടിയില്ല എന്ന് മാത്രമല്ല, മഖ്ബറയുടെ പ്രാധാന്യത്തെ പോലും ചോദ്യം ചെയ്യുകയുമുണ്ടായി. നിരന്തരം ഭാവപ്പകര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സലഫീകളുടെ തൗഹീദിന്റെ സംരക്ഷണത്തിന് ലീഗ് നേതാക്കള്‍ ഇത്ര പച്ചയായി ഇറങ്ങി എന്നത് ഗൗരവമുള്ള വിഷയമാണ്.
നിരന്തരം പരിണാമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സലഫി തൗഹീദിന്റെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും ഇവിടെ തീരുന്നില്ല. മുമ്പൊരിക്കില്‍ തങ്ങളുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ അൽ മനാറിൽ ഒരു മൗലവി എഴുതിയത് ‘വാഹനങ്ങളിലും വീടുകളിലുമൊക്കെ തവക്കല്‍ത്തു അലല്ലാ(എല്ലാം അല്ലാഹുവില്‍ ഏല്‍പ്പിക്കുന്നു) എന്നെഴുതിവെച്ചാല്‍ അതും ശിര്‍ക്കാണ് എന്നായിരുന്നു! ഹാവൂ! എനിക്ക് വയ്യ! എത്ര ഇനം തൗഹീദുകള്‍! എത്ര വര്‍ണങ്ങള്‍! എത്ര കോലങ്ങള്‍! ജമാഅത്തെ ഇസ്‌ലാമിയുടെയും ചേകന്നൂരിന്റെയും സി എന്‍ അഹ്മദ് മൗലവിയുടെയും ഇരുമ്പുഴി മൊയ്തീന്റെയും ഖമര്‍സമാന്റെയും തൗഹീദുകള്‍ വേറെയുമുണ്ട്. എല്ലാം സലഫീ തൗഹീദിൽ നിന്നും അവർ തുറന്നിട്ട ഗവേഷണ ജാലകം വഴി ഉരുവം കൊണ്ടവ തന്നെ. അപ്പോള്‍ ഇ ടി പറഞ്ഞതിന്റെ അര്‍ഥം എങ്ങനെയായിരിക്കും? വൈരുധ്യവും വൈവിധ്യവുമായ ഒട്ടേറെ തൗഹീദുകള്‍ നല്‍കി കേരളത്തെ സമ്പന്നമാക്കിയ മഹത്തായ പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. ആ ക്രഡിറ്റ് മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. എന്നായിരിക്കും അല്ലേ? അങ്ങനെയെങ്കിൽ ആ പറഞ്ഞത് ശരിയാ. രാഷ്ട്രീയക്കാരുടെ സാമൂഹിക വിലയിരുത്തലുകൾ നാം പരിഗണിക്കണമല്ലോ..
*ഇതാണ് തൗഹീദ്*
ഇസ്‌ലാമിന്റെ തൗഹീദ് ഇത്രയും സങ്കീര്‍ണമൊന്നുമല്ല. അത് പല കോലത്തിലും നിറത്തിലുമില്ല. അതില്‍ വൈരുധ്യം ഒട്ടുമില്ല. ‘സൂറത്തുത്തൗഹീദ്’ എന്നറിയപ്പെടുന്ന ഒരു അധ്യായം തന്നെ ഖുര്‍ആനിലുണ്ട്. അതിന്റെ അധ്യാപനം ഇങ്ങനെ: പ്രഖ്യാപിക്കുക, അല്ലാഹു ഏകനാണ് എന്നതത്രേ വസ്തുത. അഥവാ, അവനാണ് ആരെയും ആശ്രയിക്കാത്തവൻ. അവന്‍ ജനകനല്ല; ജാതനുമല്ല. അവനെപ്പോലെ ഒന്നുമില്ല.
അല്ലാഹു ഏകനാണ് (തൗഹീദ്) എന്നതിന്റെ അര്‍ഥം അവന്‍ മാത്രമാണ് ആരെയും ആശ്രയിക്കാത്തവൻ എന്നത് ഖുര്‍ആന്റെ കൃത്യമായ വിശദീകരണമാണ്. എല്ലാവരും അല്ലാഹുവിലേക്ക് ആശ്രയിക്കുന്നു. അല്ലാഹു ആരിലേക്കും ആശ്രയിക്കുന്നില്ല. മറ്റാര്‍ക്കെങ്കിലും സ്വതന്ത്രമായ അസ്തിത്വമോ അധികാര അവകാശങ്ങളോ വിശേഷണങ്ങളോ ഉണ്ടെന്ന് വിശ്വസിക്കുമ്പോള്‍ അവരെ ‘ദൈവ’മാക്കുന്നു. അപ്പോള്‍ അല്ലാഹുവിന് പുറമെ ദൈവമുണ്ടെന്ന വിശ്വാസം രൂപപ്പെടുന്നു. യേശുവും കൃഷ്ണനും ഇങ്ങനെ ദൈവങ്ങളാണെന്ന് ഇതര മതവിശ്വാസികള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് അവര്‍ ബഹുദൈവ വിശ്വാസികള്‍.
അല്ലാഹു മാത്രമാണ് ദൈവം. മറ്റാരും ദൈവങ്ങളല്ല, ദൈവപുത്രന്മാരല്ല, ദൈവാവതാരങ്ങളല്ല, ദൈവീക ഗുണങ്ങളുള്ളവരല്ല, അടിമകള്‍ മാത്രമാണ്. എല്ലാം സൃഷ്ടിക്കുന്നതും എല്ലാം പരിപാലിക്കുന്നതും അല്ലാഹു. ദാഹം ശമിപ്പിക്കുന്നവനും വിശപ്പ് കെടുത്തുന്നവനും രോഗം സുഖപ്പെടുത്തുന്നവനും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും മക്കളെ നല്‍കുന്നവനും അല്ലാഹു മാത്രം. എന്നാല്‍, ദാഹം മാറാന്‍ വെള്ളം കുടിച്ചാലോ രോഗം മാറാന്‍ ഡോക്ടറെ സമീപിച്ചാലോ രോഗം വരാതിരിക്കാന്‍ വാക്‌സിനേഷന്‍ ചെയ്താലോ മക്കളെ ലഭിക്കാന്‍ ദിക്‌റുകള്‍ ചൊല്ലിയാലോ അപകടത്തില്‍ പെടുമ്പോള്‍ ‘ബദ്‌രീങ്ങളേ’ എന്ന് വിളിച്ചാലോ ആ തൗഹീദ് പൊളിഞ്ഞുവീഴില്ല. സ്രഷ്ടാവായ അല്ലാഹു നിശ്ചയിച്ച ഭൗതികമോ ആത്മീയമോ ആയ കാരണങ്ങള്‍ മാത്രമാണവ. ഇത് തിരിയാത്തതുകൊണ്ടാണ് ഡോക്ടറെ കാണിക്കുന്നതിനെതിരെയും ഖബറുകള്‍ക്കെതിരെയും സലഫികള്‍ കൊലവിളികള്‍ നടത്തുന്നത്.
ഡോ. ഫൈസല്‍ അഹ്‌സനി സിദ്ദീഖി രണ്ടത്താണി.
http://www.sirajlive.com/2017/10/24/297715.html