ലോകത്തിന് അനുഗ്രഹമായി ജനിച്ച മഹാ വ്യക്തിത്വം മുഹമ്മദ് നബി (സ്വ) യുടെ പിറന്നാളിലുള്ള സന്തോഷ പ്രകടനമാണ് മൌലിദാഘോഷം. നിറഞ്ഞ മനസ്സോടെയാണ് ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേല്‍ക്കുന്നത്. ആളിക്കത്തുന്ന നരകാഗ്നിയില്‍ നിന്ന് മനുഷ്യകുലത്തെ രക്ഷിച്ചത് ഈ മഹാനുഭാവനായിരുന്നു. പ്രവാചകന്മാരുടെ ജന്മവും ജീവിതവുമെല്ലാം ഒരു തരം അലര്‍ജിയോടെ കാണുന്നവരുണ്ടാകാം. മക്കയിലെ അബൂജഹ്ല്‍ ഈ കൂട്ടത്തിലായിരുന്നു.
നബിദിനാഘോഷത്തിന് ലോക മുസ്ലിംകളുടെ അംഗീകാരമുണ്ട്. മുസ്ലിം ലോകത്തിന്റെ ‘ഇജ്മാഅ” തള്ളിപ്പറയുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല. മൌലിദില്‍ നടക്കുന്നത് മദ്ഹ് കീര്‍ത്തനവും അന്നദാനവും മറ്റ് സല്‍ക്കര്‍മങ്ങളുമാണ്. ഇതെല്ലാം ശിര്‍ക്കാരോപിച്ച് തള്ളിക്കളയാന്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവര്‍ക്കേ കഴിയൂ.
പ്രവാചകന്‍ തന്റെ ജന്മദിനം ആഘോഷിച്ചിരുന്നോ? നവീന വാദികള്‍ ഇങ്ങനെ ചോദിക്കാറുണ്ട്. നമുക്ക് തിരിച്ച് ചോദിക്കാം. നബി (സ്വ) ആഘോഷിക്കാത്തതിനാല്‍ അത് അനാചാരമാണെന്ന് തെളിയുമോ? പ്രവാചകന്‍ (സ്വ) ചെയ്യാത്തതല്ലാം അനാചാരമായി ഗണിക്കുന്നത് ഭീമാബദ്ധമായിരിക്കും. നമ്മുടെ മദ്റസകളും കോളജുകളും ഹോസ്പിറ്റലുകളുമെല്ലാം അടച്ചു പൂട്ടുന്നതിലാണ് ഇത് കലാശിക്കുക. വിജ്ഞാനം നിര്‍ബന്ധമായും അഭ്യസിക്കണമെന്ന് ഇസ്ലാം പറയുന്നെങ്കില്‍ അത് മതവിരുദ്ധമാകാത്ത ഏത് രൂപത്തിലുമാകാം. ക്ളാസുകള്‍ ദിനേനെയോ പ്രത്യേക ദിവസങ്ങളിലോ ആഴ്ചയിലോ ആകാം. ഏതെങ്കിലും പ്രത്യേക ദിവസങ്ങളിലോ സമയങ്ങളിലോ ആകാം. അതിലൂടെ പുതിയ ആചാരങ്ങളുടെ സൃഷ്ടി കര്‍മമല്ല നടക്കുന്നത്. പഴയതിന്റെ വികാസമാണ്. അടിസ്ഥാന തെളിവുകളോട് നിരക്കുന്നതാകുമ്പോള്‍ ഈ വികാസം ആക്ഷേപാര്‍ഹമല്ല. നബി (സ്വ) യുടെ കാലത്തിനു ശേഷം ലോകത്ത് സംഭവിച്ച പല മാറ്റങ്ങളും ഈ ഗണത്തില്‍ പെടുന്നു.
നബി (സ്വ) ജന്മദിനം ആഘോഷിച്ചതിന് തെളിവുകളുണ്ട്. തെളിവില്ലെങ്കിലും ആഘോഷം ബിദ്അത്താക്കാന്‍ കഴിയില്ലെന്നാണ് മുകളില്‍ പറഞ്ഞത്. ഇമാം സുയൂത്വി (റ) യുടെ ഫത്വ ശ്രദ്ധിക്കുക: സുയൂത്വിയോട് ഒരു ചോദ്യം: മൌലീദാഘോഷത്തിന് തെളിവുണ്ടോ? മറുപടി വ്യക്തമായിരുന്നു: ഇമാം ബൈഹഖി (റ) ഉദ്ധരിച്ച ഹദീസ് നബിദിനാഘോഷത്തിന് തെളിവാണ്. അനസ് (റ) പറഞ്ഞു : പ്രവാചകത്വ ലബ്ധിക്കു ശേഷം സ്വന്തം ശരീരത്തിനു വേണ്ടി നബി (സ്വ) അഖീഖഃ അറുത്തു കൊടുത്തു. നബി(സ്വ)യുടെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുല്‍ മുത്ത്വലിബ് നബി (സ്വ) ക്കു വേണ്ടി അറുത്തതായി ഹദീസില്‍ സ്ഥിരപ്പെട്ടതാണ്. അഖീഖഃ ആവര്‍ത്തിച്ചു ചെയ്യപ്പെടുന്ന കാര്യമല്ല. അപ്പോള്‍ പിന്നെ ലോകാനുഗ്രഹിയായ നബി (സ്വ) ജനിച്ചതിന് നന്ദി സൂചകമായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മുസ്ലിം സമുദായത്തിന് മൌലീദാഘോഷം നിയമമാക്കുക കൂടിയായിരുന്നു പ്രവാചകന്‍ (സ്വ). തിരുമേനി അറുത്തു കൊടുത്തതില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നത് (ഫതാവാ സുയൂഥി 1/196).
എന്റെ ജന്മ ദിനത്തില്‍ സന്തോഷിക്കുകയും അത് പ്രകടിപ്പിക്കുകയും വേണമെന്ന് പ്രവര്‍ ത്തനത്തിലൂടെ കാണിച്ചു കൊടുക്കുകയാണ് നബി (സ്വ) ചെയ്തത്. അനിഷേധ്യമായ രേ ഖയാണിത്.
ഈ തെളിവ് തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളില്‍ ഒന്ന് ഇപ്രകാരമാണ്: “വളരെയധികം ദുര്‍ബലമായൊരു തെളിവാണ് ഇവിടെ സുയൂത്വി ഉദ്ധരിക്കുന്നത്.”
ഇമാം ഇബ്നു ഹജര്‍ (റ) ഈ ആരോപണത്തിന് മറുപടി നല്‍കുന്നത് കാണുക: “ഈ ഹദീസിന്റെ സനദുകളില്‍ ഒന്നിന്റെ കാര്യത്തില്‍ ഹാഫിള് ഹൈസമി (റ) പറയുന്നു: ഈ ഹദീസിന്റെ പരമ്പരയിലെ ആളുകള്‍ സ്വഹീഹായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരാണ് ഒരാള്‍ ഒഴികെ. അയാള്‍ സ്വീകാര്യനാണ്.” (തുഹ്ഫഃ 9/371)
ഹാഫിള് ഇബ്നു ഹജര്‍ (റ) എഴുതുന്നു: “ഈ ഹദീസിന്റെ പരമ്പര പ്രബലമാണ്.”(ഫത്ഹുല്‍ബാരി 12/386) ഈ ഹദീസിന്റെ പരമ്പരയിലുള്ള ഹൈസം (റ) സ്വീകാര്യനാണ്. പരമ്പരയില്‍ പെട്ട അബ്ദുല്ല (റ) ഇമാം ബുഖാരിയുടെ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ടവരുമാണ് (ഫത്ഹുല്‍ബാരി 9/371).
വ്യത്യസ്ത സനദുകളില്‍ ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ഏതെങ്കിലും പരമ്പരയിലെ ഒന്നോ രണ്ടോ, വ്യക്തികള്‍ ദുര്‍ബലരാണെന്ന് വരുത്തിയത് കൊണ്ടായില്ല. ഹദീസിന്റെ പരമ്പരയിലുള്ള ഹൈസം (റ) സ്വീകാര്യനും അബ്ദുല്ല (റ) ഇമാം ബുഖാരി (റ) യുടെ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ടവരുമാണ്. അപ്പോള്‍ പ്രബലമാണ് ഈ ഹദീസ് (തുഹ്ഫഃതുല്‍ അഹ്വദി 5/117).
ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെടുന്നതോടെ പ്രവാചക വിരുദ്ധര്‍ ഒരിക്കല്‍ കൂടി തകരുന്നു. നബി (സ്വ) അഖീഖഃ അറവു നടത്തി സ്വന്തം ജന്മ ദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ചതായി സ്ഥിരപ്പെടുന്നു. നബിദിനത്തില്‍ സല്‍കര്‍മങ്ങള്‍ ചെയ്തു സന്തോഷ പ്രകടനമാകാമെന്ന് ഈ ഹദീസ് വ്യക്തമാകുന്നു.
നബി (സ്വ) യുടെ ജന്മദിനത്തില്‍ സ്വഹാബത് സന്തോഷം പ്രകടിപ്പിക്കുകയോ പ്രത്യേക കര്‍മങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്തിട്ടുണ്ടോ? നബിദിനത്തോട് വിയോജിക്കുന്നവര്‍ ഉന്നയിക്കാറുള്ള ചോദ്യമാണിത്.
ഇമാം ഖസ്ത്വല്ലാനി (റ) ഈ ചോദ്യത്തിന് മറുപടി നല്‍കുന്നു. നബി (സ്വ) യുടെ ജനനം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതനുസരിച്ചാണ് മക്കയിലെ മുസ്ലിംകള്‍ മുന്‍കാലത്തും ഇക്കാലത്തും പ്രവര്‍ത്തിച്ചിരുന്നത്. നബി (സ്വ) ജനിച്ച സ്ഥലം ഈ സന്ദര്‍ഭത്തില്‍ (റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്) അവര്‍ സന്ദര്‍ശിക്കാറുണ്ട് (അല്‍മവാഹിബുല്ലദുന്നിയ്യ 1/132).
നബി (സ്വ) ജനിച്ച ദിവസത്തിന് സ്വഹാബത് മുതല്‍ പില്‍ക്കാല മുസ്ലിംകള്‍ വരെ പ്രത്യേകത കല്‍പിച്ചിരുന്നുവെന്നും അന്നവര്‍ നബി (സ്വ) ജനിച്ച സ്ഥലം സന്തോഷപൂര്‍വ്വം സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും ഇതിലൂടെ വ്യക്തമായി.
തെളിവിന്റെ ഏത് മാനദണ്ഡത്തിലായിരിക്കും സ്വഹാബത് നബിദിനത്തിന്റെ പ്രത്യേകത മനസ്സിലാക്കിയിരിക്കുക? ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെളിവുകള്‍ ലഭിക്കാതെ സ്വഹാബതോ മുന്‍ഗാമികളോ ഇപ്രകാരം ചെയ്യാനിടയില്ല. നിഷ്പക്ഷമായി ആ ലോചിക്കുമ്പോള്‍ ഖുര്‍ആനും സുന്നത്തും നബിദിനാഘോഷത്തിന് പ്രോത്സാഹനം നല്‍കിയതായി കാണാം.
1. അല്ലാഹു പറയുന്നു : “ജനങ്ങളെ നിങ്ങള്‍ക്ക് നാഥനില്‍ നിന്ന് നിശ്ചയം സദുപദേശവും ഹൃദയങ്ങളിലുള്ളവയുടെ ചികിത്സയും വന്നിരിക്കുന്നു. (ദുര്‍മാര്‍ഗത്തില്‍ നിന്നുള്ള) നേര്‍വഴിയും. സത്യ വിശ്വാസികള്‍ക്ക് (അത്) അനുഗ്രഹമത്രെ. പറയുക അല്ലാഹുവിന്റെ ഔദാര്യവും (ഫള്ല്) അവന്റെ കാരുണ്യവും (റഹ്മത്) കൊണ്ട് അവര്‍ സന്തോഷിക്കട്ടെ” (സൂറ : യൂനുസ് 57,58).
അല്ലാഹു നല്‍കുന്ന അനുഗ്രഹത്തില്‍ സന്തോഷിക്കാനുളള വ്യക്തമായ കല്‍പന ഈ സൂ ക്തത്തിലുണ്ട്. വ്യാഖ്യാതാക്കളുടെ വിശദീകരണം ശ്രദ്ധിക്കുക:
അല്ലാമാ ആലൂസി എഴുതുന്നു: “അതു കൊണ്ട് അവര്‍ സന്തോഷിക്കട്ടെയെന്നത് അല്ലാഹുവിന്റെ റഹ്മത് എടുത്ത് പറയണമെന്ന ആശയത്തെ ശക്തിപ്പെടുത്താനും ഉറപ്പിക്കാനും വേണ്ടിയുള്ളതാണ്. വല്ലതുകൊണ്ടും അവര്‍ സന്തോഷിക്കുകയാണെങ്കില്‍ ഇത് കൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. മറ്റെന്ത് കൊണ്ടുമല്ല എന്നതാണ് ഇതിന്റെ അടിസ്ഥാന അര്‍ഥം” (റൂഹുല്‍ മആനി 6/140).
ഇമാം സമഖ്ശരിയില്‍ നിന്നും ഉദ്ധരിക്കുന്നു: അതു കൊണ്ട് നിങ്ങള്‍ സന്തോഷിച്ചുകൊള്ളുവീന്‍ എന്ന് അല്ലാഹു ആവര്‍ത്തിച്ചു പറയുന്നത് ആശയം ശക്തിപ്പെടുത്താനും ഉറപ്പിക്കാനും വേണ്ടിയാണ്. അല്ലാഹുവിന്റെ ഔദാര്യത്തിലും അനുഗ്രഹത്തിലും പ്രത്യേക സന്തോഷം നിര്‍ബന്ധമാക്കാനും (ഖാസിന്‍ 2/194).
എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ സന്തോഷിക്കുകയാണെങ്കില്‍ അത് അല്ലാഹുവിന്റെ റഹ്മതിനെ ചൊല്ലി മാത്രമായിരിക്കണം. മറ്റൊന്നുകൊണ്ടുമല്ല (റൂഹുല്‍ ബയാന്‍ 4/54).
ഇമാം റാസി (റ) എഴുതുന്നു: അല്ലാഹു ഉദ്ദേശിക്കുന്നത്, അല്ലാഹുവിന്റെ റഹ്മത് കൊണ്ടല്ലാതെ സന്തോഷിക്കാതിരിക്കല്‍ അനിവാര്യമാണെന്നാകുന്നു. ആത്മീയമായ അനുഗ്രഹങ്ങള്‍ കരസ്ഥമായാല്‍ അത് അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹവും (റഹ്മത്) ഔദാര്യവും (ഫള്ല്) ആണെന്ന അടിസ്ഥാനത്തില്‍ സന്തോഷിക്കല്‍ ബുദ്ധിയുള്ളവര്‍ക്ക് നിര്‍ബന്ധമാകുന്നു. ഈ കാരണത്താല്‍ സ്വിദ്ദീഖീങ്ങള്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ഒരാള്‍ നിഅ്മത് (അനുഗ്രഹം) അല്ലാഹുവില്‍ നിന്നുള്ളതാണെന്ന അടിസ്ഥാനത്തില്‍ സന്തോഷിച്ചാല്‍ അവന്റെ സന്തോഷം അല്ലാഹുവിനെക്കൊണ്ടായി. ഇത് വിശ്വാസപരമായി പൂര്‍ണതയുടെയും വിജയത്തിന്റെയും സമ്പൂര്‍ണ്ണതയാണ” (തഫ്സീറുല്‍ കബീര്‍ 17/95).
ഉപര്യുക്ത ഖുര്‍ആനിക സൂക്തത്തില്‍ റഹ്മത് കൊണ്ട് വിവക്ഷ നബി (സ്വ) യാണെന്ന് ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു: ഇബ്നു അബ്ബാസ് (റ) ല്‍ നിന്ന് അബൂശൈഖ് (റ) നിവേദനം: നിശ്ചയം അല്ലാഹുവിന്റെ ഔദാര്യം (ഫള്ല്) വിജ്ഞാനമാകുന്നു. അല്ലാഹുവിന്റെ അനുഗ്രഹം (റഹ്മത്) മുഹമ്മദ് നബി (സ്വ) യുമാകുന്നു (റൂഹുല്‍ മആനി 6/141, അല്‍ ദുര്‍റുല്‍ മന്‍സൂര്‍ 4/367).
ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് ളഹ്ഹാകി (റ) ന്റെ നിവേദനത്തില്‍ ഇങ്ങനെ കാണാം: ഔദാര്യം കൊണ്ടുദ്ദേശ്യം വിജ്ഞാനവും അനുഗ്രഹം (റഹ്മത്) കൊണ്ടുദ്ദേശ്യം മുഹമ്മദ് നബി (സ്വ) യുമാകുന്നു (അല്‍ ബഹ്റുല്‍ മുഹീത്വ് 5/161).
നബി (സ്വ) അനുഗ്രഹമാണെന്നും അനുഗ്രഹത്തില്‍ സന്തോഷിക്കണമെന്നും ഈ സൂക്തം തര്യപ്പെടുത്തുന്നു. ഈ ആഹ്വാന പ്രകാരം സ്വഹാബത് ഉള്‍പ്പെടുന്ന മുസ്ലിംകള്‍ നബിദിനത്തില്‍ അവിടുത്തെ ജന്മ സ്ഥലം സന്ദര്‍ശിച്ച് കൊണ്ട് പ്രത്യേക സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഇമാം ഖസ്ത്വല്ലാനി (റ) എഴുതി : ഇസ്ലാമിന്റെ ആളുകള്‍ (അഹ്ലുല്‍ ഇസ്ലാം) നബി (സ്വ) യുടെ ജന്മമാസത്തില്‍ സംഘടിക്കുകയും പ്രത്യേക സദ്യകള്‍ ഉണ്ടാക്കുകയും ചെയ്യുന്നവരായിരുന്നു. ജന്മമാസത്തിന്റെ രാവുകളില്‍ അവര്‍ വ്യത്യസ്തങ്ങളായ ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും സല്‍ക്കര്‍മങ്ങളില്‍ വര്‍ദ്ദനവ് വരുത്തുകയും നബി (സ്വ) യുടെ മൌലീദ് പാരായണം കൊണ്ട് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. (അല്‍മവാഹിബുല്ലദുന്നിയ്യ 1/132).
അഹ്ലുല്‍ ഇസ്ലാം (ഇസ്ലാമിന്റെ ആളുകള്‍) എന്ന പ്രയോഗത്തില്‍ പൂര്‍വ്വികരും ഉള്‍പ്പെടുമല്ലൊ. അവരെല്ലാവരും നബി(സ്വ)യുടെ ജന്മമാസത്തില്‍ പ്രത്യേകം സന്തോഷിക്കുകയും സല്‍കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമായി. നേരത്തെ നല്‍കിയ വിശദീകരണത്തില്‍ നിന്ന് ഇതേ ആശയം കൂടുതല്‍ വ്യക്തമാകുന്നതാണ്.
2) അബൂഖതാദഃ (റ) യില്‍ നിന്ന് ഇമാം ഗസ്സാലി (റ) നിവേദനം: തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബി (സ്വ) യോട് ചോദിക്കപ്പെട്ടു. നബി (സ്വ) പറഞ്ഞു: അത് ഞാന്‍ ജനിച്ച ദിവസമാണ്. ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടതും എന്റെ മേല്‍ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം).
തിങ്കളാഴ്ച ദിവസത്തിന്റെ മൂന്ന് പ്രത്യേകതകള്‍ ഇവിടെ നബി (സ്വ) എണ്ണിപ്പറയുന്നതില്‍ ഒന്നാമതായി പറയുന്നത് അന്ന് എന്റെ ജന്മദിനമാകുന്നു എന്നാണ്. എന്റെ ജന്മദിനത്തിലുള്ള സന്തോഷ പ്രകടനമായാണ് അന്നത്തെ വ്രതാനുഷ്ഠാനമെന്ന് സിദ്ധം.
ഇമാം ഇബ്നുല്‍ ഹാജ് (റ) എഴുതുന്നു:തിങ്കളാഴ്ച ദിവത്തെ നോമ്പിനെ സംബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി (സ്വ) സൂചന നല്‍കുന്നു. നബി (സ്വ) പറഞ്ഞു: അന്ന് (തിങ്കള്‍) ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി (സ്വ) ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ടമാക്കിയത് കാരണം മറ്റു മാസങ്ങളിലുപരി നാം അതിനെ ശ്രേഷ്ടമാക്കുന്നു (അല്‍ മദ്ഖല്‍).
ഈ അടിസ്ഥാനത്തില്‍ തന്നെയാണ് നബി (സ്വ) ജനിച്ച രാവിന്റെ സുദിനമായ തിങ്കളാഴ്ച ദിവസങ്ങളിലെല്ലാം നബി (സ്വ) വ്രതമെടുത്തത്. ഇത് ഇമാം മുസ്ലിം (റ) നിവേദനം ചെയ്ത ഹദീസില്‍ സ്ഥിരപ്പെട്ടതാണ്. ഖുര്‍ആന്‍ അവതരിക്കലെന്ന അനുഗ്രഹത്തിന്റെ സന്തോഷ പ്രകടനമായി എല്ലാ വര്‍ഷത്തിലും റമളാന്‍ മാസത്തില്‍ വ്രതമെടുക്കാന്‍ നിയമമാക്കി. ഏറ്റവും വലിയ അനുഗ്രഹമായ നബി (സ്വ) യുടെ ജന്മത്തിന്റെ സന്തോഷ പ്രകടനമായി എല്ലാ ആഴ്ചയിലും തിങ്കളാഴ്ച ദിവസം വ്രതമെടുക്കലും നിയമമാക്കി.
റമളാന്റെ ഒരു രാത്രിയില്‍ ഖുര്‍ആന്‍ അവതരണത്തിന് തുടക്കം കുറിച്ചതിനാല്‍ ആ രാവ് ഉള്‍കൊള്ളുന്ന മാസത്തിന് ശ്രേഷ്ഠത ലഭിച്ചത് പോലെ റബീഉല്‍ അവ്വലിന്റെ ഒരു രാത്രിയില്‍ ലോകാനുഗ്രഹിയായ നബി (സ്വ) ഭൂജാതനായ കാരണത്താല്‍ ആ രാവ് ഉള്‍കൊ ളളുന്ന റബീഉല്‍അവ്വല്‍ മാസത്തിന് മാത്രമല്ല, ആ രാവിന്റെ ദിനമായ എല്ലാ തിങ്കളാഴ്ചകള്‍ക്കും ശ്രേഷ്ഠത ലഭിച്ചു. വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള റബീഉല്‍അവ്വല്‍ മാസത്തില്‍ വിവിധ സല്‍ക്കര്‍മങ്ങള്‍ കൊണ്ടുള്ള ആഹ്ളാദ പ്രകടനം ആ മാസത്തില്‍ ഒതുക്കി നിര്‍ത്താതെ വര്‍ഷത്തില്‍ ഒരു മാസത്തിന്റെ ഇരട്ടിയോളം ആവര്‍ത്തച്ചു വരുന്ന എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും വ്രതമെടുക്കല്‍ കൊണ്ടും മറ്റും ആഹ്ളാദ പ്രകടനം നടത്തേണ്ടതാണെന്ന് വ്യക്തം.
സ്വഹീഹ് മുസ്ലിം രേഖപ്പെടുത്തിയ ഈ ഹദീസ് ദുര്‍ബലമാണെന്നാണ് ആരോപകരുടെ വാദം. ഹദീസ് പരമ്പര മുറിഞ്ഞതാ(മുന്‍ഖത്വിഅ്) ണെന്ന കണ്ടെത്തലാണ് പ്രധാന ആരോപണം. മുസ്ലിമില്‍ ഇപ്രകാരം പരമ്പര മുറിഞ്ഞ ധാരാളം ഹദീസുകളുണ്ടെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇത് തീര്‍ത്തും തെറ്റാണ്. ഇമാം നവവി (റ) എഴുതുന്നു: “ഇമാം അംറുബ്നു സ്വലാഹ് (റ) പറയുന്നു: ബുഖാരിയിലും മുസ്ലിമിലും മുന്‍ഖത്വിഇന്റെ രൂപത്തില്‍ വന്ന ഹദീസുകള്‍ സ്വഹീഹിന്റെ അവസ്ഥയില്‍ നിന്ന് ളഈഫിന്റെ അവസ്ഥയിലേക്ക് നീങ്ങുന്ന വിഷയത്തില്‍ സാങ്കേതികമായ മുന്‍ഖത്വിഇനോട് ചേര്‍ക്കപ്പെടില്ല. ഈ ഇനത്തെകുറിച്ച് തഅ്ലീഖ് എ ന്നാണ് പറയുക” (ശര്‍ഹുമുസ്ലിം 1/16).
ഇമാം നവവി (റ) യുടെ വിശദീകരണ പ്രകാരമുള്ള പന്ത്രണ്ടു ഹദീസുകളാണ് മുസ്ലിമിലുള്ളത്. തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ചുള്ള ഹദീസ്; പക്ഷേ, ഇവയിലും പെടില്ല.
ഹദീസില്‍ ജന്മദിനം മാത്രമല്ല, ഖുര്‍ആന്‍ അവതരണം കൂടി പരാമര്‍ശിക്കുന്നുണ്ട്. അതിനാല്‍ ഖുര്‍ആന്‍ അവതരണത്തിനാണ് സുന്നത്ത് നോമ്പ് അനുഷ്ഠിച്ചതില്‍ പ്രധാനമായും മുന്‍ഗണന നല്‍കിയിട്ടുള്ളതെന്ന വാദവും ബാലിശമാണ്. തിങ്കളാഴ്ച നോമ്പിന്റെ കാരണങ്ങള്‍ പറയുന്ന കൂട്ടത്തില്‍ നബി (സ്വ) ആദ്യമായി എണ്ണുന്നത് അവിടുത്തെ ജന്മത്തെയാണ്. ഖുര്‍ആന്‍ അവതരണത്തേക്കാള്‍ സ്ഥാനം നബി (സ്വ) യുടെ ജന്മത്തിനാണ്. ഖുര്‍ആന്‍ മനുഷ്യ ലോകത്തേക്ക് വരാന്‍ തന്നെ നിമിത്തമായത് നബി (സ്വ) യുടെ മഹത്തായ ജന്മമാണ്.
അലിയ്യുശ്ശിബ്റാമുല്ലസി (റ) പറയുന്നു : “ഇമാം റംലി (റ) യോട് ചോദിക്കപ്പെട്ടു. വ്യാഴാഴ്ച നോമ്പിനാണോ തിങ്കളാഴ്ച നോമ്പിനാണോ കൂടുതല്‍ പുണ്യം. തീര്‍ച്ചയായും തിങ്കളാഴ്ച നോമ്പാണ് കൂടുതല്‍ ശ്രേഷ്ടമെന്ന് അവര്‍ മറുപടി നല്‍കി. ഇതിന്റെ ന്യായം അന്ന് നബി (സ്വ) യുടെ ജന്മദിനമായതാവാം” (ഹാശിയതുന്നിഹായഃ 3/206, ശര്‍വാനി 3/453).
റബീഉല്‍ അവ്വലിലെ തിങ്കളാഴ്ച മാത്രമല്ല, എല്ലാ തിങ്കളാഴ്ചയും നബി (സ്വ) നോമ്പനുഷ്ഠിച്ചിരുന്നു എന്ന ഒരു പ്രസ്താവനയും ഹദീസിന് മറുപടി എന്നോണം പറഞ്ഞു കേള്‍ ക്കുന്നു. ഇതോടെ വിഷയം കൂടുതല്‍ വ്യക്തമായി. തിങ്കളാഴ്ച നോമ്പ് സുന്നത്താകാന്‍ കാരണം എന്റെ ജന്മമാണെന്ന് നബി (സ്വ) പറയുന്നു. എല്ലാ തിങ്കളാഴ്ചയും നബി (സ്വ) നോമ്പനുഷ്ഠിച്ച് കൊണ്ട് ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നു. എങ്കില്‍ കൊല്ലത്തിലൊരു പ്രാവശ്യമെങ്കിലും ഈ ജന്മത്തിന്റെ പേരില്‍ നന്ദിപ്രകാശനവും സന്തോഷ പ്രകടനവും വേണമെന്ന് ഏറ്റവും ഉത്തമമായ നിലക്ക് വ്യക്തമാകുന്നതാണ്. നബി (സ്വ) നോമ്പനുഷ്ഠിക്കുകയല്ലേ ചെയ്തത്. അതിനാല്‍ മറ്റു സല്‍കര്‍മ്മങ്ങളൊന്നും പാടില്ലെന്ന വാദം നിരര്‍ഥകമാണ്.
3) അബൂഹുറൈറഃ (റ) യില്‍ നിന്ന് ഇമാം മുസ്ലിം (റ) നിവേദനം: “നിശ്ചയം നബി (സ്വ) പറഞ്ഞു: സൂര്യന്‍ ഉദിച്ച ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ജുമുഅഃ ദിവസമാകുന്നു. അന്നാണ് ആദം നബി (അ) യെ സൃഷ്ടിക്കപ്പെടുന്നതും അവിടുന്ന് സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുന്നതും (മുസ്ലിം).
വെള്ളിയാഴ്ച ദിവസത്തിന്റെ പുണ്യം വിശദീകരിക്കുകയാണ് ഈ ഹദീസില്‍ നബി (സ്വ) ചെയ്യുന്നത്. ആദം നബി (അ) യുടെ സൃഷ്ടിപ്പ് അന്നായിരുന്നുവെന്ന് നബി (സ്വ) വ്യക്തമാക്കുന്നു. മനുഷ്യ കുലത്തിന് ആരംഭം കുറിച്ചുകൊണ്ട് നടന്ന ഈ ജനനം നിമിത്തം മറ്റു പലതുകൊണ്ടെന്ന പോലെ വെള്ളിയാഴ്ച ദിവസത്തിന് ശ്രേഷ്ഠത ലഭിച്ചു. നിഷ്പക്ഷമതികള്‍ക്ക് ഹദീസില്‍ നിന്ന് ഇതാണ് മനസ്സിലാവുക. ഒട്ടേറെ അനുഗ്രഹങ്ങളുണ്ടായ ഈ ദിനം അര്‍ഹമാം വിധം മുസ്ലികള്‍ ആഘോഷിച്ചിരുന്നു. മാത്രമല്ല മഹത്തുകളുടെ ജന്മമടക്കമുള്ള സംഭവങ്ങള്‍ കാരണം ദിവസത്തിനും സമയത്തിനും മഹത്വം ലഭിക്കുമെന്ന് പണ്ഢിതന്മാര്‍ പ്രസ്താവിക്കുന്നു.
ഒരു പ്രത്യേക സമയത്തുണ്ടാകുന്ന സംഭവങ്ങള്‍ നിമിത്തം ആ സമയത്തിന് പുണ്യം ലഭിക്കുന്നതാണ്. അതിന് ഹദീസില്‍ തെളിവുണ്ട് (മിര്‍ഖാത് 2/541).
ഫിര്‍ഔനിനെയും കിങ്കരന്മാരെയും മുക്കി നശിപ്പിച്ചത് സ്മരിച്ച് ബനൂ ഇസ്റാഈല്‍ മുഹര്‍റം പത്തിനെ ആദരിക്കുകയും നബി (സ്വ) യും പ്രസ്തുത ആദരവ് പ്രകടമാക്കി നോമ്പ് സുന്നത്താക്കുകയും ചെയ്ത ഹദീസ് അടിസ്ഥാനമാക്കി ഹാഫിള് ഇബ്നു ഹജര്‍ (റ) പ്രസ്താവിച്ചതായി ഇമാം സുയൂത്വി (റ) ഉദ്ധരിക്കുന്നത് കാണുക:
“ഒരു നിശ്ചിത ദിവസത്തില്‍ അല്ലാഹുവില്‍ നിന്നുള്ള ഒരു അനുഗ്രഹം ലഭ്യമായാല്‍ എല്ലാ വര്‍ഷവും പ്രസ്തുത ദിവസം ആവര്‍ത്തിച്ചുവരുമ്പോള്‍ ആ അനുഗ്രഹത്തിന് നന്ദി പ്രകടനം നടത്തേണ്ടതാണെന്ന് മേല്‍ ഹദീസു തെളിയിക്കുന്നു. പ്രഭലമായ അഭിപ്രായമനുസ രിച്ച് നബിയുടെ (സ്വ) ജനനം റബീഉല്‍അവ്വല്‍ പന്ത്രണ്ടിനാണ്. ഈ ജന്മത്തെക്കാള്‍ വലുതായി മറ്റെന്ത് അനുഗ്രഹമാണുള്ളത്. അതു കൊണ്ട് പ്രസ്തുത ദിവസം തന്നെ പ്രത്യേകം കണക്കിലെടുത്ത് നന്ദി പ്രകടനം നടത്തേണ്ടതുണ്ട്. ഇത് നബി (സ്വ) യുടെ ജന്മദിനം ആഘോഷിക്കുന്നതിന് ഒരു അടിസ്ഥാന രേഖയായി ഗണിക്കാവുന്നതാണ്”(അല്‍ ഹാവീ ലില്‍ ഫതാവ 1/196).
നബി (സ്വ) യുഗ പ്രഭാവനാണ്. അജ്ഞത തുടച്ചു നീക്കി വിജ്ഞാനത്തിന്റെ വെളിച്ചം വിതറാനായിരുന്നു അവിടത്തെ നിയോഗം. വിവരണാതീതമായ ശോഭ ലഭിക്കാന്‍ ഇത് നിമിത്തമായി. മുഹമ്മദ് നബി (സ്വ) യുടെ നിയോഗം ഒരു മഹാ സംഭവമായിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ അരങ്ങേറുന്ന കാലം സവിശേഷമായിരിക്കുമെന്ന് പണ്ഢിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
ഇമാം ബൈഹഖി (റ) വിന്റെ ഹദീസ് അടിസ്ഥാനപ്പെടുത്തി മിര്‍ഖാതില്‍ (വാ:1 പേ:542) ഇങ്ങനെ കാണാം: വിശിഷ്ട സംഭവങ്ങള്‍ക്ക് സാക്ഷിയാവുന്ന കാലത്തിന് അവ നിമിത്തം ശ്രേഷ്ഠത ലഭിക്കുന്നതാണ്. ഇതു കൊണ്ടാണ് നബി (സ്വ) യുടെ ജന്മദിനം ഒരാഘോഷ ദിനമായി നിര്‍ണയിക്കപ്പെട്ടതെന്ന് ഇമാം ശൈബാനി (റ) രേഖപ്പെടുത്തിയതായി കാണാം. പണ്ഢിതരും രേഖകളും നബി (സ്വ) വിരുദ്ധര്‍ക്കെതിരാണ്.
മൌലിദിന് വിരോധമില്ല. അത് റബീഉല്‍ പന്ത്രണ്ടിന് തന്നെയാവുന്നതാണ് കുഴപ്പം. നബിദിന വിരോധികള്‍ അവസാനം എത്തി നില്‍ക്കുന്നതവിടെയാണ്. ഹാഫിള് ഇബ്നു ഹജറി (റ)ല്‍ നിന്ന് ഇമാം സുയൂത്വി ഉദ്ധരിക്കുന്നത് കാണുക : “അനുഗ്രഹമായ നബി (സ്വ) യുടെ ജന്മം നിമിത്തമുള്ള അനുഗ്രഹത്തേക്കാള്‍ മറ്റെന്തൊരു അനുഗ്രഹമാണുള്ളത്. അതിനാല്‍ നബി (സ്വ) യുടെ ജന്മദിനം തന്നെ (ആഘോഷത്തിന്) പ്രത്യേകം പരിഗണിക്കേണ്ടതാണ്. പ്രസ്തുത ദിവസം പരിഗണിക്കാതെ വന്നാല്‍ മാസത്തിലെ ഏത് ദിവസത്തിലുമാകാം’ (ഫതാവാ സുയൂത്വി 1/196).
അല്‍ ഫുതൂഹാതുല്‍ ഇലാഹിയ്യ: എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം കാണാം.ആഘോഷത്തിന് പകലിനേക്കാള്‍ നല്ലത് രാത്രിയാണ്. അവയില്‍ തന്നെ ശ്രേഷ്ടം നബി തങ്ങള്‍ ജനിച്ച രാവാണ്. നബിദിനാഘോഷത്തിന്റെ സാധുതയില്‍ പണ്ഢിതന്മാര്‍ക്ക് ശങ്കയില്ല. അത് എപ്പോള്‍ എങ്ങനെ ആഘോഷിക്കണമെന്നാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. മൌലീദാഘോഷം ഇസ്ലാമികമായിരിക്കണം. നല്ലതിന്റെ പേരില്‍ വ്യാജന്മാര്‍ വിലസുന്ന കാലമാണിത്. അനിസ്ലാമിക കാര്യങ്ങള്‍ വന്നു കൂടുതരുത്.
മൌലിദാഘോഷത്തിന്റെ രൂപം ഇമാം സുയൂത്വി (റ) വിശദീകരിക്കുന്നതിപ്രകാരമാണ്. “ഖുര്‍ആന്‍ പാരായണം, നബി (സ്വ) യുടെ മദ്ഹ് പാരായണം, സ്വദഖ, അന്നദാനം തുട ങ്ങിയവ കൊണ്ട് ധന്യമായതും സല്‍കര്‍മ്മങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതുമായിരിക്കണം” (ഫതാവാ സുയൂത്വി വാ:1 പേജ് 196).
ഇമാം സുയൂത്വി (റ) എഴുതുന്നു: “മൌലീദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചുകൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി (സ്വ) യുടെ ജീവിതത്തിലെ ആരംഭത്തിലുണ്ടായ സംഭവങ്ങളെ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെയ്യുക. ജനനത്തില്‍ സംഭവിച്ച അത്ഭുതങ്ങള്‍ എടുത്തു പറയുക എന്നിവയാണ്. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി (സ്വ) യെ ബഹുമാനിക്കലും അവിടത്തെ ജനനം കൊണ്ട് സന്തോഷം പ്രകടിപ്പിക്കലും ഉള്ളത് കൊണ്ടാണിത് (അല്‍ ഹാവി ലില്‍ ഫതാവാ. വാ :1, പേജ് 252, ശര്‍വാനി വാ :7 പേജ് 422).
ഇബ്നു ഹജറില്‍ അസ്ഖലാനി (റ) പറയുന്നു : അല്ലാഹുവിലുള്ള നന്ദിപ്രകടനത്തെ ഗ്രഹിക്കുന്നവയിലായി നബിദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ചുരുക്കപ്പെണം. നേരത്തെ വ്യക്തമാക്കിയ ഖുര്‍ആന്‍ പാരായണം, അന്നദാനം, ദാന ധര്‍മ്മങ്ങള്‍, പ്രവാചക കീര്‍ത്തനങ്ങള്‍, മനസുകള്‍ കോരിത്തരിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തി വിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയാണവ,. എന്നാല്‍ ഇതിനോടനുബന്ധിച്ച് നടത്തുന്ന വിനോദങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ പറയാം. നബിദിനത്തിലെ സന്തോഷം പ്രകടമാകുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യുന്നത് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയത് തടയണം, ഇമാം സുയൂത്വി(റ)യില്‍ നിന്ന് ഇസ്മാഈല്‍ ഹിഖി (റ) പറഞ്ഞിരിക്കുന്നു: “നബി (സ്വ) യുടെ ജന്മദിനത്തില്‍ നന്ദി പ്രകടനം നമുക്ക് സുന്നത്താണ്” (റൂഹുല്‍ ബയാന്‍, വാ:9 പേജ് 56).
ഇസ്മാഈലുല്‍ ഹിഖി (റ) തന്നെ ഇബ്നു ഹജറില്‍ ഹൈതമിയില്‍ നിന്നുദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബിദിനാഘോഷവും അതിനു വേണ്ടി മാത്രം ജനങ്ങള്‍ സംഘടിക്കലും നല്ല ആചാരമാണ് (റൂഹുല്‍ ബയാന്‍ വാ: 9, പേജ് 94).
ഇമാം നവവി (റ) യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു. നബി (സ്വ) യുടെ ജന്മദിനത്തില്‍ ചെയ്യുന്ന സല്‍ക്കര്‍മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പദ്രായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവട്ടെവര്‍ക്ക് ഗുണം ചെയ്യലോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി (സ്വ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നുവെന്നതാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയക്കപ്പെട്ട നബി (സ്വ) യുടെ ജനന്മനദിനത്തില്‍ അല്ലാഹുവിനോടുള്ള നന്ദിപ്രകാശത്തെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു (അല്‍ ബാഇസ് പേജ് : 23).
ഇമാം ശൈബാനി (റ) പറയുന്നു: നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ് (ഹദാഇഖുല്‍ അന്‍വാര്‍ 1/19).