പരമ്പരാഗതമായ ഇസ്‌ലാമികതയിലേക്ക് തിരിച്ചുപോകും; സഊദി നിര്‍ണായക നയം മാറ്റത്തിന്
റിയാദ്: സാംസ്‌കാരിക, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി രാജ്യം പരമ്പരാഗതമായ ഇസ്‌ലാമികതയിലേക്ക് തിരിച്ചുപോകുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കുന്നതിന് തീവ്രചിന്താഗതികള്‍ ഇല്ലാതാക്കുമെന്നും മുഹമ്മദ് രാജകുമാരന്‍ വ്യക്തമാക്കി.
‘രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും 30 വയസ്സില്‍ താഴെയുള്ളവരാണ്. എല്ലാ ആത്മാര്‍ഥതയോടും കൂടി പറയുകയാണ്, കഴിഞ്ഞ 30 വര്‍ഷത്തെ തീവ്ര ആശയങ്ങളുമായി ഇനി രാജ്യം മുന്നോട്ടുപോകില്ല. ഇന്നുതന്നെ എത്രയും പെട്ടെന്ന് അവ തകര്‍ത്തുകളയുകയാണ്’- അദ്ദേഹം പറഞ്ഞു.
1979ന് മുമ്പ് സഊദി അറേബ്യയും രാജ്യം ഉള്‍പ്പെടുന്ന മേഖലയും ഇങ്ങനെയായിരുന്നില്ല. നവോത്ഥാനം നടന്ന ആ വര്‍ഷത്തിന് മുമ്പുള്ള രാജ്യത്തിന്റെ കാലത്തിലേക്ക് തിരിച്ചുപോകുന്നതിനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. എല്ലാ മതങ്ങള്‍ക്കും ലോകത്തിനും പാരമ്പര്യങ്ങള്‍ക്കും ജനതക്കും പ്രാപ്യമായ പക്വമായ ഇസ്‌ലാമികതയാണ് ലക്ഷ്യമെന്നും സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. തീവ്രവാദത്തിന്റെ അവശിഷ്ടങ്ങള്‍ രാജ്യം തച്ചുടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമിക ലോകത്തിന്റെ നിയന്ത്രണം കൈയാളുന്നത് സംബന്ധിച്ച് ഇറാനുമായുണ്ടായ തര്‍ക്കം നടന്ന വര്‍ഷമാണ് 1979. സഊദി അറേബ്യയിലെ ശിയാ വിഭാഗം അല്‍ ഹസ പ്രവിശ്യയില്‍ ശക്തമായ പ്രക്ഷോഭം നടത്തിയ വര്‍ഷം കൂടിയാണിത്. മസ്ജിദുല്‍ ഹറം പിടിച്ചെടുക്കുന്ന സ്ഥിതി വരെയെത്തി. തീവ്ര വഹാബി ആശയങ്ങളിലേക്ക് കൂടുതല്‍ ശക്തമായി സഞ്ചരിച്ചു കൊണ്ടാണ് സഊദി ഇതിനോട് പ്രതികരിച്ചത്. ഈ നില മാറുകയും പാരമ്പര്യ, മിതവാദ സമീപനങ്ങളിലേക്ക് മടങ്ങുമെന്നുമാണ് സഊദി കിരീടാവകാശിയുടെ പുതിയ പ്രഖ്യാപനത്തിന്റെ അന്തസ്സത്ത.
‘ഞങ്ങള്‍ സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളുടെ മതവും പാരമ്പര്യവും സഹിഷ്ണുതയില്‍ ഊന്നിയുള്ളതാണ്. അങ്ങനെയാണ് ലോകരാജ്യങ്ങളുമായി സഊദി സഹവര്‍ത്തിത്വം ഉണ്ടാക്കിയതും ലോകപുരോഗതിയുടെ ഭാഗമായിത്തീര്‍ന്നതും’- സല്‍മാന്‍ രാജകുമാരന്‍ ഓര്‍മിപ്പിച്ചു.
സിറാജ് 26-10-2017