തട്ടിപ്പും വെട്ടിപ്പും ജമാതിന്റെ ജന്മ വാസനയാണ് .പക്ഷെ ആ വാസന ജനങ്ങൾക്ക് അസഹ്യമായി എന്ന് ബോധ്യപെട്ടാൽ എങ്കിലും അവർ ഇത് അവസാനിപ്പിക്കേണ്ടതല്ലേ .ജമാതിന്റെ അനേകം തട്ടിപ്പുകളിൽ ഒന്ന് സുന്നി വോയിസിലെ ഈ ലേഖനത്തിലൂടെ മനസ്സിലാക്കൂ..
മുഹ്യിദ്ദീന്‍ മാല: ജമാഅത്തെ ഇസ്‌ലാമിക്ക് ഒളിയജണ്ടകളുണ്ട്
ചിലരങ്ങനെയാണ്, തങ്ങളുടെ ഒളിയജണ്ടകളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും സംരക്ഷിക്കാനും വിജയിപ്പിച്ചെടുക്കാനും വേണ്ടി എന്തു നെറികേടും കാണിച്ചെന്നിരിക്കും. ഏതു വലിയ കളവും തട്ടിവിടും. ഒരു സമൂഹത്തെയാകമാനം അപഹസിക്കാനുള്ള വൃഥാശ്രമങ്ങളും നടത്തും. ഒടുവില്‍ ഇളിഭ്യരായി, മാനംകെട്ടു തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതിയിലകപ്പെടുകയും ചെയ്യും. ഈ ഗണത്തില്‍ ഒന്നാം സ്ഥാനത്താണു കേരളത്തിലെ ജമാഅത്തുകാര്‍. പറഞ്ഞു വരുന്നത് മുഹ്യിദ്ദീന്‍ മാലയും അതിന്റെ രചയിതാവായ ഖാളീ മുഹമ്മദിനെയും സംബന്ധിച്ചു കുറച്ചു വര്‍ഷങ്ങളായി ജമാഅത്തെ ഇസ്‌ലാമി നടത്തിക്കൊണ്ടിരിക്കുന്ന ഒളിപ്പോരിനെ സംബന്ധിച്ചാണ്.
കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാപ്പിള കാവ്യമെന്ന നിലയില്‍ ചരിത്രത്തിന്റെ സിംഹാസനത്തില്‍ അവരോധിക്കപ്പെട്ട കൃതിയാണ് മുഹ്യിദ്ദീന്‍ മാല. അതിന്റെ രചയിതാവ് ഖാളിമുഹമ്മദാണെന്നത് മുസ്‌ലിംഅമുസ്‌ലിം ഭേദമന്യെ അംഗീകൃത ചരിത്ര ഗവേഷക പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കമറ്റ വിഷയവുമാണ്. എന്നാല്‍ ഖാളീ മുഹമ്മദിനെ മാലയുടെ പിതൃസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ഇയ്യിടെ ചില തല്‍പര കക്ഷികള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഏറ്റവും അവസാനത്തെ അധ്യായമാണ് പ്രബോധനം ലക്കം2837ല്‍ (2014 ഫെബ്രുവരി) വി.എം കുട്ടിയുടേതായി വന്ന ലേഖനം.
മാലക്ക് ഗവണ്‍മെന്‍റ് തലത്തില്‍ ഔദ്യേഗികാംഗീകാരം ലഭിച്ച 2008ല്‍ ജനുവരി 13ന് പ്രസിദ്ധീകരിച്ച വാരാദ്യമാധ്യമത്തിലാണ് ആദ്യമായി വി.എം കുട്ടി മാലയെക്കുറിച്ച് “ചില പുതിയ ചിന്തകളു’മായി പ്രത്യക്ഷപ്പെട്ടത്. അന്നദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത് മാലയുടെ രചയിതാവ് ഖാളീ മുഹമ്മദ് അല്ല എന്നായിരുന്നു. ലേഖനത്തിന്റെ സിംഹഭാഗവും അദ്ദേഹം ഉപയോഗപ്പെടുത്തിയത് കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് ഖാളീ മുഹമ്മദ് മരിച്ചതിന് ശേഷമാണ് മാല രചിക്കപ്പെട്ടത് എന്ന് സ്ഥാപിക്കാനാണ്. അതിങ്ങനെ സംഗ്രഹിക്കാം: കൊല്ലവര്‍ഷം 782ലാണ് മാല രചിക്കപ്പെട്ടതെന്ന് മാലയിലെ വരികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇത് ക്രിസ്തു വര്‍ഷ പ്രകാരം 1607ലായിരിക്കും. എന്നാല്‍ ഖാളീ മുഹമ്മദ് മരിക്കുന്നതാവട്ടെ ചരിത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നതനുസരിച്ച് ഹിജ്റ 1025ലും. ഹിജ്റ വര്‍ഷവും ക്രിസ്തു വര്‍ഷവും തമ്മിലുള്ള അന്തരം 622കൊല്ലം. ഹിജ്റ വര്‍ഷം ഒരു കൊല്ലത്തില്‍ ക്രിസ്തു വര്‍ഷത്തെക്കാള്‍ പതിനൊന്ന് ദിവസം കുറവുമായിരിക്കും. ഈ മാനദണ്ഡപ്രകാരം കണക്കു കൂട്ടുമ്പോള്‍ ഖാളീ മുഹമ്മദിന്റെ മരണ വര്‍ഷം ക്രി1597ലാണെന്ന്(?)വരുന്നു. മാല രചന നടന്നതാവട്ടെ1607ലും. ചുരുക്കത്തില്‍ ഖാളീ മുഹമ്മദിന്റെ മരണ ശേഷം പത്ത് വര്‍ഷം കഴിഞ്ഞിട്ടാണ് മാല രചിക്കപ്പെട്ടത്.
ഇതു സമര്‍ത്ഥിക്കാനായി കണക്കുകളുടെ പരമ്പര തന്നെ സൃഷ്ടിക്കുന്നുണ്ടദ്ദേഹം. പക്ഷേ, അവയത്രയും ഭീമാബദ്ധങ്ങളാണെന്നതാണ് വസ്തുത. കണക്കിന്റെ ബാല പാഠമറിയുന്ന ആര്‍ക്കും നിഷ്പ്രയാസം ഇത് ബോധ്യപ്പെടും. ഹിജ്റ വര്‍ഷത്തെ ക്രിസ്തു വര്‍ഷത്തിലേക്ക് മാറ്റിയപ്പോള്‍ പറ്റിയ അമളിയാണ് അദ്ദേഹത്തെ പുതിയ ചിന്തകളിലേക്ക് നയിച്ചതെന്ന് വ്യക്തം. ഖാളീ മുഹമ്മദിന്റെ ജനനം രേഖപ്പെടുത്തുന്നിടത്തും മാലയുടെ വാര്‍ഷികക്കണക്ക് പറയുന്നിടത്തുമെല്ലാം ഈ ആന മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. പാട്ടുകാരന്‍ കുട്ടിയുടെ വികല ചിന്തകളെ ഏറ്റുപിടിക്കാന്‍ മാലയെ ശിര്‍ക്കിന്റെ കണ്ണാടിയിലൂടെ മാത്രം നോക്കിക്കാണുന്ന “വഴിത്തിരിവ്’ബുദ്ധിജീവികള്‍ ചാടി വീഴുകയായിരുന്നു. ഖാളീമുഹമ്മദിനെ “ഖുറാഫാതി’ല്‍ നിന്ന് മോചിപ്പിച്ച് ജമാഅത്തുവല്‍കരിക്കാനുള്ള ബദ്ധപ്പാടിലാണ് ജമാഅത്ത് പുരോഹിതര്‍. എന്നും വിവാദങ്ങള്‍ ഇഷ്ടപ്പെടുന്ന വെള്ളിമാട്കുന്നിലെ പത്രവും അണിയറ ശില്‍പ്പികളും മാലക്ക് പുതുതായി കൈവന്ന ഔദ്യോഗികാംഗീകാരം കൂടി കണ്ടപ്പോള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത ഊഹിക്കാവുന്നതേയുള്ളൂ.
സത്യത്തില്‍ ഖാളീ മുഹമ്മദിന്റെ വഫാത്ത് വര്‍ഷമായ ഹിജ്റ 1025 എന്നത് ക്രിസ്തു വര്‍ഷത്തിലേക്ക് മാറ്റുമ്പോള്‍ 1616 ആണ് വരിക. ഹിജ്റക്രിസ്തു വര്‍ഷങ്ങള്‍ തമ്മിലെ വ്യത്യാസവും ഓരോ വര്‍ഷത്തിനും ഹിജ്റ വര്‍ഷത്തില്‍ വരുന്ന പതിനൊന്ന് ദിവസത്തെ കുറവും വെച്ച് കൈകൊണ്ട് കണക്കു കൂട്ടിയാല്‍ തന്നെ ഇത് ആര്‍ക്കും കിട്ടും. ഖാളീമുഹമ്മദ് മരിച്ചത് ഹിജ്റ വര്‍ഷം 1025 റബീഉല്‍ അവ്വല്‍ 25നാണെന്നതു പ്രകാരം കണക്കു കൂട്ടുമ്പോള്‍ ക്രിസ്താബ്ദം 1616 ഏപ്രില്‍ 13ബുധനാഴ്ചയാണ് മഹാനവര്‍കള്‍ മരണപ്പെടുന്നത് എന്നു വരുന്നു. മാല രചന നടന്നതാവട്ടെ 1607ലും. മാല രചിച്ച് ഒമ്പതോളം വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് വഫാതെന്ന് സാരം.
വിഎം കുട്ടിയുടെ ലേഖനം 2008ല്‍ കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. വസ്തുതകള്‍ ബോധ്യപ്പെട്ടത് കൊണ്ടോ പ്രതികരണങ്ങള്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാഞ്ഞതു കൊണ്ടോ എന്നറിയില്ല, 2008 മാര്‍ച്ച് 23ന് വാരാദ്യമാധ്യമത്തില്‍ വിഎം കുട്ടി വീണ്ടും പ്രത്യക്ഷപ്പെടുകയും വിവാദങ്ങള്‍ അവസാനിപ്പിക്കുന്നുവെന്നും മാലയെക്കുറിച്ച് മതപണ്ഡിതന്മാര്‍ പറയട്ടെ എന്നും പ്രതികരിച്ച് കൈകഴുകുകയുണ്ടായി. എന്നാല്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷം അബദ്ധങ്ങളുടെ പരമ്പരകളുമായി വിഎം കുട്ടി തന്നെ മറ്റൊരു ജമാഅത്ത് വാരികയില്‍ വീണ്ടും ലേഖനമെഴുതിയപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ തീരുമാനിച്ചു. (ഖാളീ മുഹമ്മദിന്റെ ആയുസ്സില്‍ മുന്‍ ലേഖനത്തിലേതിനേക്കാള്‍ ഒമ്പതു വര്‍ഷം കൂടി അധികം വകവെച്ചു നല്‍കാന്‍ പുതിയ ലേഖനത്തില്‍ വിഎം കുട്ടി ദയ കാണിച്ചിട്ടുണ്ടെങ്കിലും മാല രചനയുടെ ഒരു വര്‍ഷം മുമ്പേ ഖാളീമുഹമ്മദിനെ മരിപ്പിക്കുന്നുണ്ടദ്ദേഹം!)
വിഎം കുട്ടിയുടെ വീട്ടില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട സംസാരത്തിനിടയില്‍ അദ്ദേഹം പല സത്യങ്ങളും തുറന്നു പറഞ്ഞു. അതിങ്ങനെ സംഗ്രഹിക്കാം: 2008ല്‍ എനിക്ക് ചില അബദ്ധങ്ങള്‍ പറ്റിയെന്ന് സ്വയം ബോധ്യപ്പെട്ടിരിക്കുന്നു. ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എഴുതി നല്‍കിയ വര്‍ഷങ്ങളുടെ കണക്കില്‍ സംഭവിച്ച പിഴവ് കാരണമാണ് അന്ന് എന്റെ ലേഖനത്തില്‍ വസ്തുതാവിരുദ്ധമായ കണക്കുകള്‍ കടന്നുകൂടിയത്. അതിനു ഞാന്‍ നല്ല വില നല്‍കേണ്ടിവന്നു. പിന്നീട് ഇത്തരമൊരു വിവാദത്തിന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇക്കാര്യം 2008 മാര്‍ച്ച് 23ലെ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി എന്നെ സമീപിച്ച ആലുവാ സ്വദേശി ഇഎം സക്കീര്‍ ഹുസൈന്‍, ഖാളീ മുഹമ്മദിനെക്കുറിച്ച് പഠിക്കാനെന്ന് പറഞ്ഞ് എന്റെ ലേഖനം ആവശ്യപ്പെടുകയുണ്ടായി. ഞാനത് നല്‍കുകയും ചെയ്തു. അത് സക്കീര്‍ ഹുസൈന്‍ പ്രബോധനത്തിന് കൈമാറിയ ശേഷമാണ് ഞാനക്കാര്യമറിയുന്നത്. എനിക്ക് ആ ലേഖനത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനുണ്ടായിരുന്നുവെന്ന് ഞാന്‍ സക്കീറിനോട് പറയുകയും ചെയ്തു. 2008ലേതില്‍ നിന്ന് വ്യത്യസ്തമായി പുതിയ ലേഖനത്തില്‍ ഖാളീ മുഹമ്മദിന്റെ മരണ വര്‍ഷം 1606 എന്നാണല്ലോ കാണുന്നത് എന്ന് പറഞ്ഞപ്പോള്‍ (2008ല്‍ സമര്‍ത്ഥിച്ചത്1597എന്നായിരുന്നു) അത് തന്റെ വകയല്ലെന്നും ചരിത്ര പണ്ഡിതനായ ഡോ. കെഎം മുഹമ്മദിന്റെ “അറബി സാഹിത്യത്തിന് കേരളീയ സംഭാവനകള്‍’ എന്ന പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കുക മാത്രമായിരുന്നുവെന്നും വിഎം കുട്ടി വിശദീകരിച്ചു. മുസ്തഫല്‍ ഫൈസി “മുഹ്യിദ്ദീന്‍ മാല വ്യാഖ്യാനം’ എന്ന പുസ്തകത്തില്‍ മാലയുടെ രചന നടന്നത് ഹിജ്റ 1026എന്ന് എഴുതിയിട്ടുണ്ടെന്നാണ് നിങ്ങളുടെ ലേഖനത്തില്‍ കാണുന്നത്. എന്നാല്‍ ഫൈസിയുടെ വ്യാഖ്യാനത്തില്‍ കാണുന്നത് രചന ഹിജ്റ 1015ല്‍ എന്നാണല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ പുതിയ പതിപ്പില്‍ ഫൈസി തെറ്റുതിരുത്തി നല്‍കിയത് അറിഞ്ഞില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.
ചരിത്ര ഗവേഷണം “കുട്ടിക്കളി’യല്ല പ്രബോധനത്തിലെ കുട്ടിയുടെ ലേഖനം ഉത്തരവാദിത്വ ബോധമില്ലാതെ എഴുതിയതാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. അദ്ദേഹം തെറ്റായ കണക്കുകള്‍ ഉദ്ധരിച്ച ഡോ കെഎം മുഹമ്മദുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണമിങ്ങനെയായിരുന്നു: താന്‍ “അല്‍ മുന്‍ജിദ്’എന്ന അറബിക് ഡിക്ഷ്ണറിയിലെ കണ്‍വേഷന്‍ ടേബിള്‍ ഉപയോഗിച്ചാണ് ഹിജ്റ വര്‍ഷം ക്രിസ്തുവര്‍ഷത്തിലേക്ക് മാറ്റിയത്. മുന്‍ജിദിലുള്ളതാണ് ശരി, അതിനു വിപരീതമായി എന്റെ കൃതിയിലുണ്ടെങ്കില്‍ അത് അച്ചടിപ്പിശകാണ്.
മുന്‍ജിദിലെ കണ്‍വേഷന്‍ ടേബിള്‍ ഉപയോഗിച്ചു പരിശോധിച്ചു നോക്കിയാലും ഗ്രിഗേറിയന്‍ ഹിജ്റ കണ്‍വേഷന്‍ സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചു നോക്കിയാലും ഹി: 1025 എന്നത് ക്രിസ്താബ്ദം 1616എന്നേ ലഭിക്കൂ എന്ന് ബോധ്യപ്പെടുത്തിയപ്പോള്‍ “എന്റെ പുസ്തകത്തില്‍ അച്ചടിപ്പിശക് സംഭവിച്ചതാണ്. 1616എന്നതാണ് ശരി’ എന്ന് കെഎം മുഹമ്മദ് പറയുകയുണ്ടായി. ഇവിടെ രസകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്, “അറബി സാഹിത്യത്തിന് കേരളീയ സംഭാവനകള്‍’ എന്ന തന്റെ പുസ്തകത്തിന്റെ 154ാം പേജില്‍ ഈ തെറ്റായ കണക്ക് കൊടുത്തതിന് തൊട്ടുതാഴെ അദ്ദേഹം വിശദീകരിക്കുന്നത് മുഹ്യിദ്ദീന്‍ മാലയുടെ രചയിതാവ് ഖാളി മുഹമ്മദാണെന്നാണ്. ഇത് മറച്ചു പിടിച്ചുകൊണ്ടാണ് വിഎം കുട്ടി തന്റെ ലേഖനത്തില്‍ കെഎം മുഹമ്മദിനെ ഉപയോഗിച്ചത്. ഒരു പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കുമ്പോള്‍ അതില്‍ സ്ഖലിതങ്ങള്‍ കടന്നു കൂടിയിട്ടുണ്ടോ എന്നതും പ്രസ്തുത ഗ്രന്ഥകര്‍ത്താവിന്റെ പൊതുവായ അഭിപ്രായമെന്തെന്നും പരിശോധിക്കേണ്ട ഉത്തരവാദിത്തം ലേഖകനുണ്ട്, ചരിത്രപരമായി വലിയ തെറ്റിദ്ധരിപ്പിക്കലുകള്‍ നടത്താവുന്ന ഇത്തരം വിഷയങ്ങളില്‍ പ്രത്യേകിച്ചും. ഇവിടെ വിഎം കുട്ടി വളരെ ലാഘവത്തോടെയാണു വിഷയങ്ങള്‍ കൈകാര്യം ചെയ്തതെന്നത് കുട്ടിയുടെ ഉദ്ദ്യേ ശുദ്ധിയില്‍ സംശയം ജനിപ്പിക്കുകയും ജമാഅത്തുമായി ചേര്‍ന്നുള്ള ഗൂഢാലോചനയില്‍ അദ്ദേഹത്തിന്റെ റോള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
വിഎം കുട്ടിയുടെ രണ്ടാമത്തെ അവലംബം മുസ്തഫല്‍ ഫൈസിയുടെ “സന്പൂര്‍ണ്ണ മുഹ്യിദ്ദീന്‍ മാല വ്യാഖ്യാന’മാണ്. ഹി: 1026ലാണ് മാല രചിച്ചതെന്നും ഹിജ്റ1025ല്‍ ഖാളി മുഹമ്മദ് മരിച്ചുവെന്നും മുസ്തഫല്‍ ഫൈസിയുടെ പുസ്തകത്തിലുണ്ടത്രെ. പ്രസ്തുത പുസ്തകത്തിന്റെ പഴയ പതിപ്പില്‍ അങ്ങനെയൊരു സ്ഖലിതം കടന്നുകൂടിയിരുന്നു. അത് 2008ലെ വിവാദകാലത്ത് ചന്ദ്രികയിലൂടെയും പിന്നീട് തന്റെ വ്യാഖ്യാന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പിന്റെ ആമുഖത്തിലൂടെയും താന്‍ തന്നെ തിരുത്തിയിട്ടുണ്ടെന്ന് ഫൈസി വിശദീകരണം നല്‍കി. സന്പൂര്‍ണ മുഹ്യിദ്ദീന്‍ മാല വ്യാഖ്യാനം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് (പേജ് 17) പരിശോധിക്കുന്ന ആര്‍ക്കും ഈ സത്യം ബോധ്യപ്പെടും. അദ്ദേഹത്തിന്റെ മറ്റു ന്യായങ്ങള്‍ക്കെല്ലാം2008ല്‍ സുന്നീ പണ്ഡിതര്‍ സലക്ഷ്യം അക്കമിട്ടു വിശദീകരണം നല്‍കിയതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.
വിഎം കുട്ടിയെ പോലുള്ള മുറിവ്യൈന്‍മാരും അത്തരക്കാരെ ചാവേറാക്കി നിര്‍ത്തുന്ന ജമാഅത്തുകാരും തിരിച്ചറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ചരിത്രം കുട്ടിക്കളിയല്ല. അത്യാവശ്യം വിവരവും വിദ്യാഭ്യാസവും വേണ്ട ഇതു പോലുള്ള ഗവേഷണങ്ങള്‍ക്ക് മുണ്ടുമാറ്റിയിറങ്ങും മുമ്പ് രണ്ടു വട്ടം ചിന്തിക്കണം. ശൂന്യമായ കൈകളുമായി വിവരം വിളന്പാന്‍ വന്നാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും.തനിക്ക് കണക്കും ചരിത്രവും പണ്ടേ വശമില്ലെന്നും താനുദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും ആവര്‍ത്തിച്ചു പറഞ്ഞ കുട്ടി എന്തിനാണ് കഴിയാത്ത ഭാരങ്ങള്‍ തലയിലേറ്റാന്‍ ശ്രമിക്കുന്നത്. താങ്കള്‍ പഠിച്ച പണി പാട്ടുപാടലാണ്. അതുമായി മുന്നോട്ട് പോവുക. പൊന്നുരുക്കുന്നിടത്ത് കുട്ടിക്കെന്ത് കാര്യം. കണക്കിലെ ചെറിയൊരു പിഴവല്ലേ എന്നു പറഞ്ഞ് കൈ കഴുകാമെന്ന് കുട്ടി കരുതണ്ട. ഇതുകൊണ്ടുണ്ടാകുന്ന അനര്‍ത്ഥങ്ങളെ കുറിച്ച് താങ്കള്‍ ബോധവാനാണോ. കേരളത്തിലെ മുഖ്യധാര മുസ്‌ലിംകള്‍ മാത്രമല്ല, മാപ്പിള കലകളെ നെഞ്ചേറ്റുന്നവരും തെളിവുകളുടെ പിന്‍ബലത്തില്‍ വിശ്വസിച്ചു പോരുന്ന കാര്യങ്ങള്‍ ശുദ്ധാബദ്ധങ്ങളാണെന്നും മുഹ്യിദ്ദീന്‍ മാല ജാരസന്തതിയാണെന്നും താങ്കളുടെ ലേഖനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇതെത്ര വലിയ ചരിത്രധ്വംസനമാണ്?
തെറ്റുകള്‍ ബോധ്യപ്പെട്ട സ്ഥിതിക്ക് പ്രബോധനത്തില്‍ തന്നെ തിരുത്തുകൊടുക്കില്ലേ എന്നു ചോദിച്ചപ്പോള്‍ എനിക്ക് വയസ്സ് 80 പൂര്‍ത്തിയായി. ശാരീരിക അവശതകള്‍ പലതും അനുഭവിക്കുന്നു. ഇനിയൊരു വിവാദത്തിലേക്ക് എന്നെ വലിച്ചിഴക്കരുത് എന്ന് ദയനീയമായി പറഞ്ഞൊഴിയുകയായിരുന്നു അദ്ദേഹം.ഇത്തരം ചിന്തകള്‍ കുറച്ചു മുമ്പുണ്ടായിരുന്നെങ്കില്‍ കേരള സമൂഹം എന്നേ രക്ഷപ്പെടുമായിരുന്നില്ലേ?
മൗദൂദികള്‍ക്ക് ഒളിയജണ്ടകളുണ്ട്
സ്വന്തമായി ഒരു ആദര്‍ശമില്ലാതെയും അവസരത്തിനൊത്ത് കോലം മാറിയും കേരള സമൂഹത്തില്‍ പരിഹാസ്യ പാത്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ജമാഅത്തുകാര്‍. ഇവരുടെ തൊലിക്കട്ടി അപാരം തന്നെ. തരം പോലെ നിറം മാറാന്‍ അസാമാന്യമായ പാടവവുമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗവും തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യലും ശിര്‍ക്കാണെന്ന് പറഞ്ഞു തുടങ്ങിയ ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ചിരിക്കുകയാണ്. കേരളാ ജമാഅത്തുകള്‍ക്കു മുമ്പില്‍ കണ്ടാമൃഗം പോലും നാണിച്ചു പോകും. വന്‍ സാമ്പത്തിക സ്രോതസ്സുകളുടെ സഹായത്തോടെ പ്രവര്‍ത്തിച്ചിട്ടും കാര്യമായ അംഗബലം ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടായപ്പോഴാണ് ഏറ്റെടുക്കല്‍ രാഷ്ട്രീയത്തെക്കുറിച്ച് മൗദൂദി ബുദ്ധിജീവികള്‍ ചിന്തിച്ചു തുടങ്ങിയത്. അങ്ങനെയാണ് ഗസ്സാലി ഇമാമും മഖ്ദൂം തങ്ങളും മമ്പുറം തങ്ങളും ഫസല്‍ തങ്ങളും ഉമര്‍ഖാളിയും ആലി മുസ്ലിയാരും വാരിയന്‍ കുന്നനുമെല്ലാം“ജമാഅത്തു’കാരാവുന്നത്.
കേരളാ മുസ്‌ലിം നവോത്ഥാന നായകന്‍മാരെ സന്ദര്‍ഭത്തിനൊത്ത് ഉപയോഗപ്പെടുത്തുന്ന ഇവര്‍ ഈ പണ്ഡിതന്മാരുടെ ആദര്‍ശം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഏറ്റെടുക്കല്‍ രാഷ്ട്രീയം അങ്ങനെ സജീവമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ശാന്തപുരത്ത് നടന്ന അന്താരാഷ്ട്ര അക്കഡമിക്ക് സെമിനാറില്‍ ഇത് കൂടുതല്‍ പ്രകടമായി. ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ ഈ ദൗത്യം മാന്യതയില്ലാതെ നിര്‍വഹിച്ചു പോന്നു.
ഇതിനിടയിലാണ് വെള്ളിമാടുകുന്നില്‍ ഇസ്‌ലാമിക് ഹിസ്റ്ററി കോണ്‍ഫറന്‍സ് അരങ്ങേറുന്നത്. ഉമര്‍ഖാളിയും മഖ്ദൂമുമാരും ഇവിടെ ചര്‍ച്ചയില്‍ വന്നു. ഖാളീമുഹമ്മദിന്റെ പതിനാറാമത്തെ കൃതി ഈയടുത്ത് കണ്ടെടുത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടന്നു. പോര്‍ച്ചുഗീസുകാരില്‍ നിന്ന് ചാലിയം കോട്ട മോചിപ്പിക്കാന്‍ 1571ല്‍ ഖാളീമുഹമ്മദ് ആഹ്വാനം ചെയ്ത“അല്ഖുത്വ്ബത്തുല് ജിഹാദിയ്യഃ’യുടെ കൈയ്യെഴുത്ത് പ്രതിയായിരുന്നു അത് പാങ്ങില്‍ എപി അഹ്്മദ് കുട്ടി മുസ്്ലിയാരുടെ ഗ്രന്ഥ ശേഖരത്തില്‍ നിന്നാണത് കണ്ടെടുത്തത്. മുസ്‌ലിം നേതാക്കളുടെ രാജ്യഭക്തിയും ജാഗ്രതയും ബോധ്യപ്പെടുത്തുന്ന ഖാളീ മുഹമ്മദിന്റെ കൃതികളെക്കുറിച്ച് തിരിച്ചറിവുണ്ടായ ജമാഅത്തുകാര്‍ ഒന്ന് തീരുമാനിച്ചു. ഖാളീ മുഹമ്മദിനെ മൗദൂദിയാക്കണം. അതിനു ഖുറാഫാതിന്റെ സമാഹാരമായ (?) മുഹ്യിദ്ദീന്‍ മാലയുടെ പിടിയില്‍ നിന്ന് അദ്ദേഹത്തെ മോചിപ്പിച്ചെടുക്കണം. അദ്ദേഹമാണതിന്റെ രചയിതാവെന്നു പറയുന്നത് ഇനിയും സമ്മതിച്ചു കൊടുത്തുകൂടാ. അങ്ങനെവന്നാല്‍ ഇത്രയും വലിയ നവോത്ഥാന സേവനങ്ങള്‍ ചെയ്ത ഖാളീ മുഹമ്മദ് കറാമത്ത് വാദിയും ഖുറാഫത്ത് പ്രചാരകനും ആയ സുന്നിയാണെന്ന് വരും. അങ്ങനെയാണ് എന്തിനും മടിക്കാത്ത ജമാഅത്തുകള്‍ കണക്കില്‍ തിരിമറികള്‍ നടത്തുന്നത്. 2008-ല്‍ കുട്ടി അവസാനിപ്പിച്ച ചര്‍ച്ച കോണ്‍ഫറന്‍സിനു തൊട്ടുപിറകെ വീണ്ടും കുത്തിപ്പൊക്കുന്നതും അതിനു തന്നെ. ആത്മാര്‍ത്ഥത അല്‍പമെങ്കിലും തൊട്ടു തീണ്ടിയിരുന്നുവെങ്കില്‍ തങ്ങളെ അബദ്ധത്തിന്റെ പടുകുഴിയില്‍ ചാടിച്ച കണക്കുകളുമായി വിഎം കുട്ടി വീണ്ടും വന്നപ്പോള്‍ അതിന്റെ സത്യാവസ്ഥ കണക്കറിയാവുന്ന ആരെക്കൊണ്ടെങ്കിലും കൂട്ടിക്കിഴിച്ചു ഉറപ്പു വരുത്താനെങ്കിലും ജമാഅത്ത് സൈദ്ധാന്തികര്‍ ശ്രമിക്കുമായിരുന്നില്ലേ. വിശിഷ്യാ കണ്‍വേഷന്‍ സോഫ്റ്റ്വെയറുകള്‍ വളരെ സുലഭമായിക്കിട്ടുന്ന ഈ യുഗത്തില്‍. ചരിത്ര ഗവേഷകനായി ചമയുന്ന ആലുവാ സ്വദേശിയായ മുന്‍ ശാന്തപുരം വിദ്യാര്‍ത്ഥി സക്കീര്‍ ഹുസൈന്റെ സഹായത്തോടെ കുട്ടിയുടെ ലേഖനം രണ്ടാമതും ജമാഅത്തികള്‍ വാരിപ്പുണര്‍ന്നു. അല്‍പം ഭേദഗതികളോടെയാണ് ഇത്തവണ പ്രസിദ്ധീകരിച്ചതെങ്കിലും വായനക്കാര്‍ ഉയര്‍ത്തിവിടുന്ന ചോദ്യ ശരങ്ങള്‍ക്കുമുമ്പില്‍ ഉത്തരമില്ലാതെ പ്രബോധനം എഡിറ്റോറിയല്‍ ബോര്‍ഡ് നട്ടം തിരിയുകയാണ്. 2008ല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ വിഷയമായിട്ടുപോലും കണക്കുകള്‍ പരിശോധിക്കാനോ വി.എം കുട്ടിയുടെ കാലുമാറ്റങ്ങള്‍ ശ്രദ്ധിക്കാനോ വാരിക മെനക്കെട്ടില്ല. ഹിജ്റ 1025 ക്രിസ്താബ്ദം 1606 ആണെന്ന് കണ്ണുമടച്ച് പ്രസിദ്ധീകരിച്ചു. പ്രസ്തുത കണക്കു ശരിയാണെങ്കില്‍ തങ്ങളിപ്പോള്‍ ജീവിക്കുന്ന വര്‍ഷം ക്രസ്തുവര്‍ഷപ്രകാരം2003 മാത്രമേ ആകൂ എന്ന യാഥാര്‍ത്ഥ്യം പോലും ഈ ബുദ്ധി(?)ജീവികള്‍ ഓര്‍ത്തില്ല. പ്രബോധനത്തിന്റെ പിടിപ്പുകേട് അങ്ങനെ നാട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. കണ്ണന്‍ ചിരട്ടകൊണ്ട് സൂര്യനെ മറച്ചു പിടിക്കാമെന്ന് ഏതെങ്കിലും ജമാഅത്തികള്‍ കരുതിയോ?നിങ്ങളുടെ നാടേതാണ് കൂട്ടരേ!
ലേഖനം പ്രസിദ്ധീകരിക്കാന്‍ ദല്ലാള്‍ പണിയെടുത്ത സക്കീര്‍ഹുസൈനുമായും ബന്ധപ്പെട്ടു. അപ്പോഴാണ് പ്രബോധനത്തിന്റെ ഗൂഢ താല്‍പര്യങ്ങള്‍ കൂടുതല്‍ വെളിവായത്. ഗവേഷകനെന്ന് സ്വയം പരിചയപ്പെടുത്തിയ സക്കീര്‍ പറഞ്ഞത് “മുഹ്യിദ്ദീന്‍ മാല ഖുറാഫാത്ത് പ്രചരിപ്പിക്കുന്ന കൃതിയാണ്. ഇത് ഖാളി മുഹമ്മദിന്റേതല്ലെന്ന് പൊതു സമൂഹത്തെ ധരിപ്പിക്കേണ്ടതുണ്ട്. കണക്കില്‍ തെറ്റുപറ്റിയെന്നു കരുതി നിങ്ങള്‍ അതൊരു ഇഷ്യൂ ആക്കേണ്ടതില്ല. മാല ഖുര്‍ആനൊന്നുമല്ലല്ലോ’ എന്നായിരുന്നു. മാലയിലുള്ളത് ശിര്‍ക്കാണെന്ന് സമര്‍ത്ഥിക്കാനോ കണക്കുകള്‍ ശരിയാണെന്ന് തെളിയിക്കാനോ കഴിയാതെ സക്കീര്‍ ഹുസൈന്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്യുകയായിരുന്നു.“കെഎം മുഹമ്മദും വിഎം കുട്ടിയുമൊക്കെ എഴുതിയതിനെ ചോദ്യം ചെയ്യാമോ’ എന്ന വില കുറഞ്ഞ മറുചോദ്യമായിരുന്നു സക്കീറിന്റെ ന്യായം. പകല്‍ പോലെ വ്യക്തമായ തെറ്റുകള്‍ “വലിയ ബുദ്ധിജീവികളും’ “ചരിത്രപണ്ഡിതന്മാരും’ ഉദ്ധരിക്കുമ്പോള്‍ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള നട്ടെല്ലാണ് ഗവേഷകര്‍ക്ക് വേണ്ടത്. റിസള്‍ട്ട് ആദ്യം എഴുതി വെച്ച് അതിനൊപ്പിച്ച് ഗവേഷണം നടത്താനുള്ള ജമാഅത്തുകാരുടെ മിടുക്ക് കേമം തന്നെ. ഇത്തരം ഗവേഷണ പരിപാടികളുമായി മുന്നോട്ടുപോയാല്‍ മാപ്പിളസാഹിത്യവും പൈതൃകവും കടിച്ചുകുടഞ്ഞ് മൗദൂദികള്‍ മുന്നേറുകയേയുള്ളൂ.
മാലയോടും മാപ്പിളസാഹിത്യങ്ങളോടും കപട ഭക്തി കാണിക്കുന്ന ഇത്തരം മൂഢ ഗവേഷകരുടെ തോല്‍ സമൂഹത്തിനു മുന്നില്‍ ഉരിഞ്ഞു കാണിക്കുകയും മാപ്പിളസാഹിത്യത്തെ സംരക്ഷിക്കുകയും ചെയ്യേണ്ടത് നിഷ്പക്ഷമതികളുടെ ബാധ്യതയാണ്. കണക്കുകളില്‍ കൃത്രിമം കാണിച്ച് മുഹ്യിദ്ദീന്‍ മാലയെ ജാരസന്തതിയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു കേരളസമൂഹത്തിനു മുന്നില്‍ പരിഹാസ്യരായ വിഎം കുട്ടിയും പ്രബോധനവും മാധ്യമവും ഇഎം സക്കീര്‍ഹുസൈനുമെല്ലാം പൊതുസമൂഹത്തിനു മുന്നില്‍ മാപ്പു പറഞ്ഞു തെറ്റുതിരുത്താന്‍ തയ്യാറാവുക. അതാണ് മിതഭാഷയില്‍ പറഞ്ഞാല്‍ മാന്യത.
മുഹ്യിദ്ദീന്‍ മാല: ജമാഅത്തെ ഇസ്‌ലാമിക്ക് ഒളിയജണ്ടകളുണ്ട്
അബ്ദുല്‍ഖാദിര്‍ അഹ്സനി ചാപ്പനങ്ങാടി