ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 21 March 2018

ഭിന്നിപ്പിന്റെ കക്ഷികൾ !

ഫിർഖത് = കക്ഷി

ഭിന്നിപ്പും കക്ഷിത്വവും ഇസ്’ലാം കഠിനമായി വെറുക്കുന്നു. കക്ഷിത്വത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകികൊണ്ട് വിശുദ്ധ ഖുർആൻ വചനങ്ങൾ വന്നിരിക്കുന്നു.

(إِنَّ ٱلَّذِينَ فَرَّقُواْ دِينَهُمْ وَكَانُواْ شِيَعاً لَّسْتَ مِنْهُمْ فِي شَيْءٍ إِنَّمَآ أَمْرُهُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُواْ يَفْعَلُونَ) (الأنعام – 159)

‘നിശ്ചയം, തങ്ങളുടെ ദീനിനെ ഛിന്നഭിന്നമാക്കുകയും കക്ഷികളായി തിരിയുകയും ചെയ്തവരുമായി, നബിയേ, താങ്കൾക്ക് ഒരു ബന്ധവും ഇല്ല. അവർക്കും താങ്കളുമായി ഒരു ബന്ധവും ഇല്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ്. പിന്നീട് അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ പറ്റി അല്ലാഹു അവരെ അറിയിക്കുന്നതുമാകുന്നു.’

(അൽ അൻആം – 159)

ഇമാം ത്വിബ്’രി(റ) വിശദീകരിക്കുന്നു:

فكان من فارق دينه الذي بعث به صلى الله عليه وسلم من مشرك ووثنيّ ويهوديّ ونصرانيّ ومتحنف مبتدع قد ابتدع في الدين ما ضلّ به عن الصراط المستقيم والدين القيم، ملة إبراهيم المسلم، فهو بريء من محمد صلى الله عليه وسلم ومحمد منه بريء، وهو داخل في عموم قوله: (إنَّ الَّذِينَ فَرَّقُوا دِينَهُمْ وكانُوا شِيَعاً لَسْتَ مِنْهُمْ فِي شَيْءٍ)

‘നിശ്ചയം മുഹമ്മദ് നബി(സ)യെ ഏതൊരു ദീനുമായി അയക്കപ്പെട്ടുവോ ആ ദീനുമായി വിട്ടു പിരിഞ്ഞവരായ ബഹുദൈവ വിശ്വാസികളും ബിംബാരാധകരും യഹൂദികളും നസാറാക്കളും പുത്തൻവാദികളും മുസ്’ലിമായ ഇബ്രാഹീം നബി(അ)യുടെ മില്ലത്ത് ആയ, യഥാർത്ഥ ദീനിനെയും ഋജുവായ മാർഗത്തെയും തൊട്ട് പിഴച്ചു പോയി പല പുതുനിർമ്മിതികളും കൊണ്ട് വന്നിരിക്കുന്നു. അക്കൂട്ടർ മുഹമ്മദ് നബി(സ)യിൽ നിന്നും ബന്ധമറ്റവരാണ്. മുഹമ്മദ് നബി(സ) അക്കൂട്ടരെ തൊട്ടും ബന്ധമറ്റവർ ആണ്. ഇതാണ് ഈ ആയത്തിൽ പൊതുവായി പറഞ്ഞത്.’

അല്ലാമാ ഇബ്നുകസീർ(റ) വിശദീകരിക്കുന്നു:

والظاهر أن الآية عامة في كل من فارق دين الله، وكان مخالفاً له؛ فإن الله بعث رسوله بالهدى ودين الحق ليظهره على الدين كله، وشرعه واحد لا اختلاف فيه ولا افتراق، فمن اختلف فيه، { وَكَانُواْ شِيَعًا } أي: فرقاً؛ كأهل الملل والنحل والأهواء والضلالات،

‘പ്രത്യക്ഷത്തിൽ, ദീനിനെ വിട്ടുപിരിഞ്ഞ കക്ഷികൾക്കും ദീനിനോട് എതിരായ കക്ഷികൾക്കും പൊതുവായി ആയത്ത് ബാധകമാണെന്ന് വ്യക്തമാണ്. നിശ്ചയം അല്ലാഹു തആലാ വ്യക്തമായ ദൃഷ്ടാന്തങ്ങളോടെയും സത്യമായ ദീനോടെയും അവന്റെ ദൂതനെ അയച്ചു – മറ്റെല്ലാ മതങ്ങളേക്കാളും ആ ദീനിനെ വെളിവാക്കുവാൻ വേണ്ടി. അഭിപ്രായഭിന്നതകളോ കക്ഷിത്വമോ ഇല്ലാത്ത ഒരൊറ്റ നിയമസംഹിതയാക്കി അതിനെ നിശ്ചയിച്ചു. അപ്പോൾ അതിൽ ആരെങ്കിലും ഭിന്നത വെച്ചു പുലർത്തിയാൽ അവർ കക്ഷികളായി മാറി – വിവിധമതക്കാരെയും പിഴച്ച മാർഗക്കാരെയും സ്വന്തം ഹവയെ പിൻപറ്റുന്നവരെയും പോലെ.’

ഇമാം റാസി(റ) വ്യക്തമാക്കുന്നു:

قال مجاهد: إن الذين فرقوا دينهم من هذه الأمة، هم أهل البدع والشبهات واعلم أن المراد من الآية الحث على أن تكون كلمة المسلمين واحدة، وأن لا يتفرقوا في الدين ولا يبتدعوا البدع

‘മുജാഹിദ്(റ) പറഞ്ഞു: ദീനിനെ ഭിന്നിച്ച ഈ ഉമ്മത്തിൽ പെട്ടവർ സംശയാലുക്കളും പുത്തൻവാദികളും ആണ്. അറിയണം, നിശ്ചയം ഈ ആയത്തിന്റെ ഉദ്ദേശം മുസ്’ലിംകളുടെ കലിമത്ത് ഒന്നാവണമെന്നും അവർ അവരുടെ ദീനിൽ ഭിന്നിക്കരുതെന്നും അതിൽ പുതുനിർമ്മിതികൾ കൊണ്ട് വരരുതെന്നും ഉള്ള പ്രേരണ ആണ്.’

ആയത്തിന്റെ തഫ്സീറിൽ ഇമാം ബൈളാവി(റ) ഈ ഹദീസ് ഉദ്ധരിക്കുന്നു:

قال عليه الصلاة والسلام: ” إفترقت اليهود على إحدى وسبعين فرقة كلها في الهاوية إلا واحدة، وافترقت النصارى على اثنتين وسبعين فرقة كلها في الهاوية إلا واحدة، وتفترق أمتي على ثلاث وسبعين فرقة كلها في الهاوية إلا واحدة “

‘യഹൂദികൾ എഴുപത്തി ഒന്ന് വിഭാഗങ്ങളായി ഭിന്നിച്ചു. അവയിൽ ഒന്നൊഴികെ എല്ലാം നരകത്തിലാകുന്നു. നസാറാക്കൾ എഴുപത്തി രണ്ട് വിഭാഗങ്ങളായി ഭിന്നിച്ചു. അവയിൽ ഒന്നൊഴികെ എല്ലാം നരകത്തിലാകുന്നു. എന്റെ ഉമ്മത്ത് എഴുപത്തി മൂന്ന് വിഭാഗങ്ങളായി ഭിന്നിക്കുന്നതാകുന്നു. അവയിൽ ഒന്നൊഴികെ എല്ലാം നരകത്തിലാകുന്നു.’

(مِنَ ٱلَّذِينَ فَرَّقُواْ دِينَهُمْ وَكَانُواْ شِيَعاً كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ) (الروم 32)

‘തങ്ങളുടെ ദീനിനെ ഛിന്നഭിന്നമാക്കുകയും കക്ഷികളായി തിരിയുകയും ചെയ്തവരിൽ നിങ്ങൾ പെട്ടുപോകരുത്. അവരിൽ നിന്നും ഓരോ കക്ഷിക്കും സന്തോഷിക്കുവാനുള്ള വകയുണ്ട്’. (റൂം – 32(

ഇമാം ഥ്വിബ്’രി(റ) വിശദീകരിക്കുന്നു:

وقوله: { كُلُّ حِزْبٍ بِـمَا لَدَيْهِمْ فَرِحُونَ } يقول: كل طائفة وفرقة من هؤلاء الذين فـارقوا دينهم الـحقّ، فأحدثوا البدع التـي أحدثوا بـما لديهم فرحون. يقول: بـما هم به متـمسكون من الـمذهب، فرحون مسرورون، يحسبون أن الصواب معهم دون غيرهم.

‘സത്യമായ ദീനിനെ വിട്ടു പിരിഞ്ഞ ഓരോ കക്ഷിയും (ജൂതന്മാർ, നസാറാക്കൾ, മജൂസികൾ, ബഹുദൈവവിശ്വാസികൾ മുതൽ പേർ) ദീനിൽ പുത്തൻനിർമ്മിതികൾ കൊണ്ട് വന്നവരും (മുബ്തദിഉകൾ) അവരുടെ മതത്തിൽ നിന്ന് മുറുകെ പിടിച്ച കാര്യങ്ങൾ കൊണ്ട് സന്തോഷിക്കുന്നവരും ആനന്ദിക്കുന്നവരും ആകുന്നു. മറ്റുള്ളവരെയെല്ലാം ഒഴിവാക്കി അവർക്ക് മാത്രമാണ് പ്രതിഫലം ലഭിക്കുകയെന്ന് അവർ ധരിച്ചു വശാകുന്നതാണ്.’

ഇബ്നുകസീർ(റ) വിശദീകരിക്കുന്നു:

وهذه الأمة أيضاً اختلفوا فيما بينهم على نحل، كلها ضلالة إلا واحدة، وهم أهل السنة والجماعة، المتمسكون بكتاب الله وسنة رسول الله صلى الله عليه وسلم وبما كان عليه الصدر الأول من الصحابة والتابعين وأئمة المسلمين في قديم الدهر وحديثه، كما رواه الحاكم في ” مستدركه “: أنه سئل رسول الله صلى الله عليه وسلم عن الفرقة الناجية منهم فقال: ” ما أنا عليه اليوم وأصحابي “.

‘ഈ ഉമ്മത്തും വിവിധ ആശയങ്ങളുടെ പേരിൽ കക്ഷികളായി വിഭജിച്ചിരിക്കുന്നു. അവയിൽ ഒന്നൊഴികെ എല്ലാം പിഴച്ചതാണ്. അത് അഹ്’ലുസ്സുന്നത്തി വൽ ജമാഅ: ആണ്. അല്ലാഹുവിന്റെ കിതാബിനെയും മുഹമ്മദ് നബി(സ)യുടെ ചര്യയെയും അതു രണ്ടിനെയും നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് സ്വഹാബത്തും താബിഉകളൂം മുൻകാലത്തും ഇപ്പോഴും ഉള്ള മുസ്’ലിംകളിലെ ഇമാമുമാരും ഏതൊന്നിൽ നിലകൊണ്ടുവോ അതിനെയും മുറുകെ പിടിക്കുന്നവരാണ് അവർ. ഇമാം ഹാകിം(റ) ‘മുസ്തദ്റകി’ൽ നിവേദനം ചെയ്തതു പോലെ: അവരിൽ നിന്നുള്ള വിജയികളായ കക്ഷികളെ കുറിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് മറുപടി പറഞ്ഞു. ‘ഇന്ന് ഞാനും എന്റെ സ്വഹാബത്തും നിലകൊള്ളുന്ന മാർഗം’’.

(شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِ نُوحاً وَٱلَّذِيۤ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ أَنْ أَقِيمُواْ ٱلدِّينَ وَلاَ تَتَفَرَّقُواْ فِيهِ كَبُرَ عَلَى ٱلْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ٱللَّهُ يَجْتَبِيۤ إِلَيْهِ مَن يَشَآءُ وَيَهْدِيۤ إِلَيْهِ مَن يُنِيبُ) (الشورى: 13)

‘അല്ലാഹു ഉണർത്തുന്നു: നബിയേ, താങ്കൾക്ക് നാം ഉദ്ബോധനം ചെയ്തത് പ്രകാരവും നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ തുടങ്ങി എല്ലാ ദൂതന്മാർക്കും നാം നിർദ്ദേശം നൽകിയതു പ്രകാരവും നിങ്ങൾ ദീനിനെ ശരിയായി നിലനിറുത്തുകയും ആ ദീനിൽ ഭിന്നിക്കാതിരിക്കുകയും ചെയ്യുക എന്ന കാര്യം നിങ്ങൾക്ക് നാം മതചര്യയായി നിശ്ചയിച്ചിരിക്കുന്നു. താങ്കളുടെ തൗഹീദിലേക്കുള്ള ക്ഷണം ബഹുദൈവവിശ്വാസികൾക്ക് വലിയ ഭാരമായിരിക്കുന്നു. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ അവങ്കലേക്ക് പ്രത്യേകം തിരഞ്ഞെടുക്കുകയും എളിമയോടെ മടങ്ങുന്നവരെ അവനിലേക്ക് സന്മാർഗം കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.’

ദീൻ എന്ന് പറഞ്ഞാൽ തന്നെ അത് ഭിന്നതയില്ലാത്ത ഒരൊറ്റ ആദർശസംഹിതക്കാണെന്ന് ഈ ആയത്ത് പഠിപ്പിക്കുന്നു.

ഇമാം ത്വിബ്’രി(റ):

فمعلوم أن الذي أوصى به جميع هؤلاء الأنبياء وصية واحدة، وهي إقامة الدين الحق، ولا تتفرّقوا فيه.

‘അംബിയാക്കൾക്കെല്ലാം അല്ലാഹു നൽകിയത് ഒരേ ഒരു കല്പന ആണെന്ന് വ്യക്തമായി – അഥവാ ശരിയായ ദീനിനെ നില നിറുത്തുക, അതിൽ ഭിന്നിക്കാതിരിക്കുക.’

حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة، قوله: { وَلا تَتَفَرَّقُوا فِيهِ } تعلَّموا أن الفرقة هلكة، وأن الجماعة ثقة.

‘ഖതാദ(റ)യിൽ നിന്ന് നിവേദനം: ദീനിൽ നിങ്ങൾ ഭിന്നിക്കരുത്. ഭിന്നിപ്പ് നാശമാണെന്നും ഒരുമ ശക്തിയാണെന്നും അവർ പഠിപ്പിച്ചിരിക്കുന്നു.’

ദീൻ എന്നാൽ പൊതുവേ മൗലികമായ കാര്യങ്ങളൂം (ചിന്താപരമായ വിഷയങ്ങൾ) ശാഖാപരമായ കാര്യങ്ങളും (കർമ്മപരമായ വിഷയങ്ങൾ) ആയി വേർതിരിക്കപ്പെട്ടിട്ടുണ്ട്. രണ്ട് മേഖലകളിലുമുള്ള അഭിപ്രായവിത്യാസങ്ങളും ഭിന്നിപ്പ് ആണോ? മുഫസ്സിറുകൾ പറയട്ടെ …

ഇമാം റാസി(റ):

وأقول يجب أن يكون المراد من هذا الدين شيئاً مغايراً للتكاليف والأحكام، وذلك لأنها مختلفة متفاوتة قال تعالى:

(لِكُلّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَـٰجاً) [المائدة: 48] فيجب أن يكون المراد منه الأمور التي لا تختلف باختلاف الشرائع، وهي الإيمان بالله وملائكته وكتبه ورسله واليوم الآخر،

‘ഞാൻ പറയട്ടെ, ഇവിടെ ദീൻ കൊണ്ടുള്ള ഉദ്ദേശം ബാധ്യതകളും വിധിവിലക്കുകളും (ഫുറൂഅ്) അല്ലാത്ത കാര്യങ്ങൾ ആവൽ അനിവാര്യമായി. കാരണം അവ സ്വാഭാവികമായും വിത്യസ്തതകൾ മാത്രമാണല്ലോ. അല്ലാഹു തആലാ പറയുന്നു: ‘നിങ്ങളിൽ നിന്ന് ഓരോ കൂട്ടർക്കും നാം വിത്യസ്തമായ വഴികളും നിയമസംഹിതകളും നിശ്ചയിച്ചിരിക്കുന്നു’. (മാഇദ: 48) അപ്പോൾ ശറഇലെ അഭിപ്രായവിത്യാസങ്ങൾ മൂലം വിത്യാസപ്പെടാത്ത കാര്യങ്ങൾ ആണ് (ഉസൂൽ) ഇവിടെ ഉദ്ദേശം എന്നത് അനിവാര്യമായി. അവ അല്ലാഹുവിനെ കൊണ്ടും മലക്കുകളെ കൊണ്ടും റുസുലിനെ കൊണ്ടും കിതാബുകളെ കൊണ്ടും അന്ത്യനാൾ കൊണ്ടുമുള്ള വിശ്വാസമാകുന്നു.’

ഇമാം ബൈളാവി(റ):

(وَلاَ تَتَفَرَّقُواْ فِيهِ) ولا تختلفوا في هذا الأصل أما فروع الشرائع مختلفة كما قال (لِكُلّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَـٰجاً)

‘ദീനിൽ ഭിന്നിക്കരുത് എന്നാൽ മൗലികമായ വിഷയങ്ങളിൽ (ഉസൂലിയ്യായ) ഭിന്നിക്കരുത് എന്നർഥം. ശറഇലെ ശാഖാപരമായ കാര്യങ്ങൾ വിഭിന്നങ്ങളാണല്ലോ. അല്ലാഹു തആലാ പറഞ്ഞത് പോലെ: ‘നിങ്ങളിൽ നിന്ന് ഓരോ കൂട്ടർക്കും നാം വിത്യസ്തമായ വഴികളും നിയമസംഹിതകളും നിശ്ചയിച്ചിരിക്കുന്നു’. (മാഇദ: 48)

ദീനിലെ ഭിന്നത എന്നാൽ വിവിധ പ്രവാചകന്മാരുടെ ശരീഅത്തുകൾ തമ്മിലുള്ള ഭിന്നതയോ നമ്മുടെ ഉമ്മത്തിലെ മദ്ഹബുകൾ തമ്മിലുള്ള ഭിന്നതയോ മദ്ഹബുകൾക്ക് ഉള്ളിലുള്ള ഭിന്നതയോ അല്ല എന്ന് വ്യക്തം. കാരണം അതെല്ലാം ഫുറൂഇയ്യായ വിഷയങ്ങൾ ആണ്. ഭിന്നത വിരോധിച്ച ആയത്തുകളുടെ പരിധിയിൽ ഫുറൂഇയ്യായ വിഷയങ്ങൾ വരുന്നില്ല എന്ന് മുഫസ്സിറുകൾ വ്യക്തമാക്കുന്നു.

അപ്പോൾ വിശുദ്ധ ഖുർആൻ താക്കീത് ചെയ്ത ഭിന്നത അഖീദപരമായ ഭിന്നത തന്നെയാണ്. അതാകട്ടെ മൗലികമായ അഭിപ്രായവിത്യാസങ്ങൾ ആണെന്ന് മാത്രമല്ല, ദീനിന്റെ ആണിക്കല്ല് തകർക്കുന്നതാണെന്നും ഖുർആൻ പഠിപ്പിക്കുന്നു. അല്ലാഹുവും റസൂലും പഠിപ്പിച്ച ദീനിൽ നിന്നുള്ള ഏത് തരത്തിലുള്ള വ്യതിയാനവും അതിൽ പെടുന്നതാണ്. ഫുറൂഇയ്യായ കാര്യങ്ങളിലുള്ള ഇമാമുമാരുടെ അഭിപ്രായ വിത്യാസങ്ങൾ അല്ല ഇവിടെ ഉദ്ദേശം. ഇമാമുമാർ ഒരിക്കലും ദീനിൽ ഭിന്നിപ്പ് ഉണ്ടാക്കിയിട്ടില്ല. അവർ ദീനിനെ പരിപോഷിപ്പിച്ചിട്ടേ ഉള്ളൂ.

മറിച്ച് പരമ്പരാഗതമായി ഇവിടെ കൈമാറിപ്പോന്ന ദീനിന്റെ അഖീദകളിൽ കൈ കടത്തലുകൾ നടത്തി ആരെല്ലാം ഭിന്നിച്ചുവോ അവരെല്ലാം വിശുദ്ധ ഖുർആനിന്റെ താക്കീതിന്റെ പരിധിയിൽ വരുന്നു. അത് വ്യക്തിയാവാം കക്ഷിയാവാം. ഒരു വ്യക്തി ദീനിന്റെ ഉസൂലിയ്യായ കാര്യങ്ങൾക്കെതിരെ നില കൊണ്ടാലും, അയാൾ ഒരു കക്ഷിയല്ലെങ്കിലും ശരി, ആ വ്യക്തി ഇവിടെ പറഞ്ഞ ദീനിനെ ഭിന്നിപ്പിച്ച കക്ഷികളിൽ പെട്ടു പോയി. കക്ഷി ആവലും ആവാതിരിക്കലും അല്ല ദീനിൽ ഭിന്നിച്ചതിന്റെ മാനദണ്ഡം എന്നർഥം. ഞാൻ ഒരു കക്ഷിയിലും പെട്ടവനല്ല, എന്റെ വിശ്വാസം ഇതാണ് എന്നും പറഞ്ഞ് അഹ്’ലുസ്സുന്നത്തിവൽജമാഅത്തിനെതിരെയുള്ള വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ അവനും ഭിന്നിപ്പിന്റെ വക്താവ് തന്നെ. അവൻ ഐക്യത്തിന്റെ വക്താവ് ആണെന്ന അവകാശവാദം ശുദ്ധ ഭോഷ്ക് തന്നെ.

മുഅ്തസിലീ സ്ഥാപകനായ വാസ്വിൽ ബിൻ അഥ്വാ, ത്വാബിഉകളിലെ മഹാഗുരുവായ ഹസനുൽ ബസ്വരി(റ(യുടെ സദസ്സിലെ പ്രമുഖ അംഗവും അവിടുത്തെ ശിഷ്യനുമായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾക്കെതിരായി പല വാദങ്ങളും അയാൾ കൊണ്ട് വന്നപ്പോൾ ഹസനുൽ ബസ്വരി(റ) പറഞ്ഞു: വാസ്വിൽ നമ്മെ തൊട്ട് തെറ്റിയിരിക്കുന്നു (ഇഅ്തസലനാ വാസ്വിൽ). പിന്നീട് അയാളുടെ കൂടെ കുറെ ആളുകൾ കൂടി. അങ്ങനെ അവർ മുഅ്തസിലുകൾ എന്ന പേരിൽ അറിയപ്പെട്ടു.

സംഘടനകൾ ദീനീ ഭിന്നിപ്പിന്റെ ഭാവങ്ങളല്ല. സംഘടനകൾ ദീനീ പ്രചരണത്തിന് വേണ്ടിയും കൂട്ടായ പ്രയത്നത്തിലൂടെയുള്ള ചില പദ്ധതികൾക്ക് വേണ്ടിയും രൂപീകൃതമാകാറുണ്ട്. ഒരു സംഘടനയോട് വിയോജിപ്പ് ഉള്ളവർ മറ്റു സംഘടനകൾ രൂപീകരിക്കുകയോ അവയിൽ അണി ചേരുകയോ ചെയ്യും. ഇതെല്ലാം ദീനിൽ വിലക്കപ്പെട്ടതാണെന്നതിനു രേഖകൾ ഇല്ല. അതെ സമയം യഥാർത്ഥ ദീനായ അഹ്’ലുസ്സുന്നത്തി വൽജമാഅത്തിനെതിരെയുള്ള ആശയങ്ങൾ വെച്ച് പുലര്ത്തുന്നവരുടെ സംഘടനകൾ ദീനിൽ ഭിന്നത ഉണ്ടാക്കുന്നവ തന്നെയാണ്. അവർ ആ ആശയങ്ങൾ സ്വീകരിച്ചു എന്നിടത്താണ് അവരുടെ ഭിന്നിപ്പ്. അല്ലാതെ സംഘടന ഉണ്ടാക്കി എന്നത് കൊണ്ടല്ല. അഹ്’ലുസ്സുന്നത്തി വൽജമാഅത്തിൽ അടിയുറച്ച് നിൽക്കുന്നവർ വിവിധ സംഘടനകളിൽ ആയി എന്നത് കൊണ്ട് ദീനിയ്യായ ഭിന്നിപ്പ് വരുന്നില്ല. കാരണം ദീനിൽ അവർ ഒന്നാണ്. കാര്യങ്ങൾ ഉപരിപ്ലവമായി മാത്രം വിലയിരുത്തുന്നവർ സംഘടനകളെ അധിക്ഷേപിക്കുകയും യഥാർഥ ഭിന്നിപ്പിനു നേരെ കണ്ണടക്കുകയും ചെയ്യുന്നു. തികഞ്ഞ അജ്ഞത മാത്രമാണത്. അഹ്’ലുസ്സുന്നത്തി വൽജമാഅത്തിൽ നിന്ന് വ്യതിചലിച്ചുവോ ഇല്ലയോ എന്നത് മാത്രമാണ് ഭിന്നിപ്പിന്റെ മാനദണ്ഡം. അത് വ്യക്തികൾ ആയാലും ശരി, സംഘടനകൾ ആയാലും ശരി. ആ ഭിന്നിപ്പിനെതിരെയാണ് വിശുദ്ധ ഖുര്ആന്റെ മുന്നറിയിപ്പ്. നിഴലിനെതിരെ യുദ്ധം ചെയ്യുന്നവർ വെറുതെ സമയം പാഴാക്കുകയാണ്…