ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 24 March 2018

പോപ്പുലർ ഫ്രണ്ടിന്റെ ചോദ്യം

മുസ്‌ലിമിന്റെ കൈ വെട്ടിമാറ്റാൻ 'അവർ' തക്കം പാർത്തിരിക്കുന്ന കാലത്ത് നിസ്കാരത്തിൽ കൈ എവിടെ കെട്ടണം എന്ന് തർക്കിക്കുകയാണോ വേണ്ടത്? സ്ത്രീകൾ പള്ളിയിൽ പോകണോ വേണ്ടേ എന്നതല്ല പ്രശ്‌നം, പള്ളി തന്നെ ബാക്കിയാകുമോ എന്നതാണ് എന്നിത്യാദി വൈകാരികമായ അവതരണങ്ങളിലാണ് പോപ്പുലർ ഫ്രണ്ട് നേതൃത്വം അനുയായികളെ പിടിച്ചു നിർത്താറുള്ളത്. നരേന്ദ്രമോഡി അധികാരത്തിൽ വരുന്നതിനു മുമ്പും ഇതുതന്നെയാണ് പറയുന്നത്. ഫാഷിസം വലിയ ഭീഷണി തന്നെ. ആർക്കും തർക്കമില്ല. അത് മോഡിക്ക് മുമ്പും ഇവിടെയുണ്ട്. മോഡിക്ക് ശേഷവും നിലനിൽക്കുകയും ചെയ്യും. പോപ്പുലർ ഫ്രണ്ട് കിനാവ് കാണുന്നത് പോലെ കായികമായി തോൽപിക്കാൻ കഴിയുന്ന ഒന്നല്ല ഇന്ത്യൻ ഫാഷിസം. അതവിടെ നിൽക്കട്ടെ.  പക്ഷേ, ഒരു മുസ്ലിം സംഘടന ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളുടെ പേരിൽ മാത്രം കയ്യടിച്ചു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യം ഉന്നയിക്കാതെങ്ങിനെ? അതിനപ്പുറം ആലോചനക്ക് വിഷയീഭവിക്കേണ്ട ചിലതുണ്ടല്ലോ.
1- ആദർശപരമായി നിങ്ങൾ ഏതു ധാരയെ പ്രതിനിധീകരിക്കുന്നു? സുന്നി, മുജാഹിദ്, ജമാഅത്? ഏയ്, ഞങ്ങൾക്ക് അത്തരം കക്ഷി വഴക്കുകളിലൊന്നും താല്പര്യമില്ല എന്നാകും പോപ്പുലർ ഫ്രണ്ടുകാരുടെ മറുപടി. ആയിക്കോട്ടെ. നിങ്ങൾ കക്ഷി വഴക്കിൽ പങ്കാളിയാകേണ്ട. എന്നാലും നിങ്ങളുടെ സംഘടനയുടെ ആദർശം  എന്താണ്? അത് തുറന്നുപറയാൻ നിങ്ങൾക്ക് ബാധ്യതയില്ലേ? നിങ്ങൾ മദ്ഹബുകൾ അംഗീകരിക്കുന്നുണ്ടോ? സുന്നി വിശ്വാസാചാര പ്രകാരം നടക്കുന്ന മൗലിദുകൾ, ആണ്ടുനേർച്ചകൾ എന്നിത്യാദിയോട് നിങ്ങളുടെ നിലപാട് എന്താണ്?
2- നിങ്ങൾ മുസ്‌ലിംകളുടെ പൊതുപ്ലാറ്റ്‌ഫോം ആണെന്ന് പറയുന്നു. കേരള മുസ്ലിംകളിലെ മഹാഭൂരിപക്ഷം വരുന്ന സുന്നികളെ, അവരുടെ നേതൃത്വങ്ങളെ തരം കിട്ടുമ്പോൾ നിങ്ങൾ അപഹസിക്കുന്നത് എന്തിനാണ്?
3- സുന്നികളെ മുശ്‌രിക്കുകളാക്കുന്ന സലഫി നിലപാടിൽ നിങ്ങൾ ഏതു പക്ഷത്താണ്? സുന്നികൾ ബഹുമാനിക്കണമെന്ന് കരുതുന്ന പ്രവാചകരുടെ തിരുശേഷിപ്പുകളിൽ പച്ചയായി തന്നെ നിങ്ങൾ സലഫിസത്തിനൊപ്പം നിന്ന അനുഭവം കേരളത്തിലുണ്ടല്ലോ?
4- നിങ്ങളുടെ മുഖപത്രം തേജസിന് ഖറദാവി സ്വീകാര്യമാവുകയും ശെയ്ഖ് റമളാൻ ബൂതി അസ്വീകാര്യമാവുകയും ചെയ്യുന്നതിന്റെ ആദർശയുക്തി എന്താണ്?
5- നിങ്ങൾ നിയന്ത്രിക്കുന്ന പള്ളികളിൽ സലഫി ആചാരങ്ങൾ പിന്തുടരണമെന്നത് ആരുടെ നിർബന്ധമാണ്? ആരുടെ താത്പര്യമാണ്?

പോപ്പുലർ ഫ്രണ്ടിലകപ്പെട്ട സുന്നി കുടുംബങ്ങളിൽ നിന്നുളളവരുടെ ന്യായമിതാണ്: ഞങ്ങൾ ഇപ്പോഴും സുന്നികൾ തന്നെയായാണ് ജീവിക്കുന്നത് എന്ന്. അംഗീകരിക്കുന്നു. പക്ഷേ, ഒരു ചോദ്യത്തിന് ഉത്തരം കിട്ടണം. നിങ്ങളുടെ നാട്ടിൽ സുന്നികൾക്കും മുജാഹിദുകൾക്കും ഇടയിൽ ഒരു പ്രശ്നമുണ്ടായാൽ പഴയ അതേവീര്യത്തോടെ നിങ്ങൾ സുന്നി പക്ഷത്തിനു വേണ്ടി നിലകൊള്ളുമോ? ഇല്ല എന്നതാണനുഭവം. അവർ നിഷ്പക്ഷതയുടെ കപടഭാവമണിയും. ഈ ആദർശ ഷൻഡീകരണം സുന്നിയായ ഓരോ പോപ്പുലർ ഫ്രണ്ടുകാരനിലും സംഭവിക്കുന്നുണ്ട്. നിങ്ങൾ വീട്ടിലും നാട്ടിലും സുന്നിയായി തുടരുന്നത് നേതൃത്വത്തിന് പ്രശ്നമല്ല. പക്ഷേ, നിങ്ങളെ ഇത്തരം കക്ഷിത്വങ്ങളിൽ ഇടപെടാൻ അനുവദിക്കുകയുമില്ല. ഇങ്ങനെയൊക്കെയല്ലാതെ പോപ്പുലർ ഫ്രണ്ട് മറ്റെങ്ങനെയാണ് അതിന്റെ സലഫി പക്ഷപാതിത്വം പ്രകടിപ്പിക്കേണ്ടത്? സലഫിസത്തിനു പരിക്ക് പറ്റുന്ന എന്തെങ്കിലുമൊന്ന് ഇക്കാലയളവിൽ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടോ? കേരളത്തിൽ മുജാഹിദ് സംഘടനകൾ  ഒരു നൂറ്റാണ്ടുകാലം കിണഞ്ഞു ശ്രമിച്ചിട്ടും വിജയിക്കാതെ പോയ സലഫിവൽക്കരണം  ഫാഷിസ്റ്റ് പ്രതിരോധത്തിന്റെയും സമുദായ ശാക്തീകരണത്തിന്റെയും പേരിൽ വിജയിപ്പിച്ചെടുക്കാനുള്ള നീക്കമാണ്  പോപ്പുലർ ഫ്രണ്ട് നടത്തിക്കൊണ്ടിരിക്കുന്നത്. സലഫിസത്തിനു വേണ്ടിയുള്ള കങ്കാണിപ്പണി എന്ന് മറയില്ലാതെ പറയാവുന്ന ഈ ഏർപ്പാടിന് അതിവൈകാരികതയുടെ മേമ്പൊടി അമിതമായ അളവിൽ ചേർക്കുന്നുമുണ്ട്. ഉടുപ്പിലും നടപ്പിലും 'പുരോഗമന ഇസ്‌ലാമാ'യിരിക്കുകയും സലഫിസത്തിന്റെ  അടുക്കളയിൽ അരിവെപ്പുകാരായി കാലം കഴിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമെന്നതിൽ കവിഞ്ഞ പ്രാധാന്യം  പോപ്പുലർ ഫ്രണ്ടിനു ചാർത്തിക്കൊടുക്കുന്നത് കേരളത്തിലെ സലഫി മുന്നേറ്റങ്ങൾക്ക് വലിയ അളവിൽ സഹായകമാകുമെന്ന ഓർമപ്പെടുത്തലിനു കൂടിയാണ് ഈ പോസ്റ്റ്.
               മുഹമ്മദലി കിനാലൂർ