ബൈതുല്‍ മുഖദ്ദസിനടുത്ത് ‘ഗസ്സത്ത്’ എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 ല്‍ ഇമാം ശാഫിഈ (റ) ജനിച്ചത്. പൂര്‍ണ്ണ നാമം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നാണ്. രണ്ടാം വയസ്സില്‍ ഇമാം ശാഫിഈ (റ) യെ മക്കയില്‍ കൊണ്ടുപോയി. അനാഥനായിരുന്ന ഇമാം ശാഫിഈ (റ) ഉമ്മയുടെ നിയന്ത്രണത്തിലായിരുന്നു വളര്‍ന്നത്.”ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇമാം ശാഫിഈ (റ) പത്താം വയസ്സില്‍ ഇമാം മാലികി (റ) ന്റെ മുവത്വയും ഹൃദിസ്ഥമാക്കി” (താരീഖുബഗ്ദാദ്: വാ:2, പേ:63). ചെറു പ്രായത്തില്‍ ദാരിദ്യ്രം കൊണ്ട് കഷ്ടപ്പെടുമ്പോഴും വിജ്ഞാനത്തിന്റെ ഉറവ തേടി ചുറ്റിത്തിരിയുന്നതിലായിരുന്നു ആ മഹാനുഭാവന്റെ ശ്രദ്ധ മുഴുവനും.
കുട്ടിക്കാലത്ത് തന്നെ പണ്ഢിതരുമായി ബന്ധപ്പെട്ട് അവരില്‍ നിന്ന് ശേഖരിക്കുന്ന വിജ്ഞാനങ്ങള്‍ എല്ലിലും കല്ലിലുമൊക്കെ അവര്‍ എഴുതി വെക്കുമായിരുന്നു. പന്ത്രണ്ടായിരം ഹദീസുകള്‍ ക്രോഡീകരിച്ച ഇമാം മാലികി (റ) ന്റെ മുവത്വ മനഃപാഠമാക്കിയ ഇമാം ശാഫിഈ (റ) തന്റെ പതിമൂന്നാം വയസ്സില്‍ ഇമാം മാലികി (റ) ന്റെ സന്നിധാനത്തിലേക്ക് ഉപരിപഠനാര്‍ഥം യാത്രയായി. മദീനയിലായിരുന്നു ഇമാം മാലികി (റ) ന്റെ വിജ്ഞാന കേന്ദ്രം.
തന്റെ രചനയായ മുവത്വ ഇമാം ശാഫിഈ (റ) നിഷ്പ്രയാസം കാണാതെ പാരായണം ചെയ്തപ്പോള്‍ ഇമാം മാലികി (റ) ന് പുതിയ ശിഷ്യനില്‍ എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവുമുണ്ടായി. അവിടുന്ന് ശാഫിഈ (റ) യോട് ഇപ്രകാരം ഉപദേശിച്ചു:
“നിങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സ്ഥാനങ്ങള്‍ കൈവരും. അതിനാല്‍ അല്ലാഹു നല്‍കുന്ന പ്രഭയെ ദോഷങ്ങള്‍ കൊണ്ട് കെടുത്തിക്കളയരുത്”(ശറഹുല്‍ മുഹദ്ദബ്: വാ:1, പേ: 8).
ഇമാം മാലികി (റ) ന്റെ വഫാത്തിനു ശേഷം ഇമാം ശാഫിഈ (റ) മദീന വിട്ട് യമനില്‍ താമസമാക്കി. അവിടെ ഖാളിയായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇറാഖിലേക്ക് പോവുകയും അബൂഹനീഫ (റ) ന്റെ അസ്വ്ഹാബില്‍ പ്രധാനികളായ മുഹമ്മദ്ബ്നു ഹസന്‍ (റ) (ഇവര്‍ ഇമാം ശാഫിഈ (റ) യുടെ ഉസ്താദും കൂടിയാണ്) അടക്കമുള്ള മഹാരഥന്മാരുമായി വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.
ഇറാഖില്‍ ശാഫിഈ ഇമാം (റ) വളരെ വലിയ പ്രശസ്തി നേടിയെടുത്തു. അവിടെ ഹദീസ് പഠനം വ്യാപകമാകാന്‍ ഇമാം ശാഫിഈ (റ) കാരണമായി. മുഹമ്മദ് ബിന്‍ ഹസന്‍ (റ) ഒരിക്കല്‍ പറയുകയുണ്ടായി. “ശാഫിഈ ഇമാം ഒരവസരത്തില്‍ ഇമാം അബൂഹനീഫ (റ) യുടെ കിതാബുല്‍ ഔസ്വത്ത് എന്നില്‍ നിന്ന് വായ്പ വാങ്ങി. ഒരു രാപ്പകല്‍ കൊണ്ട് അവര്‍ അത് മനഃപാഠമാക്കിയിരുന്നു”.
ഇറാഖില്‍ വെച്ചാണ് ഖദീമുകള്‍ രേഖപ്പെടുത്തിയ കിതാബുകള്‍ രചിക്കുന്നത്. ശേഷം 199 ല്‍ ഈ ജിപ്തില്‍ വരികയും അവിടെ വെച്ച് ജദീദുകള്‍ രേഖപ്പെടുത്തിയ കിതാബുകള്‍ രചിക്കുകയും ചെയ്തു. (മിര്‍ഖാത്ത്: വാ:1, പേ:19).
ഖുര്‍ആനിലും ഹദീസിലും അനുബന്ധ വിജ്ഞാന ശാഖകളിലും അതുല്യമാം വിധം അവഗാഹം നേടിയ ശാഫിഈ (റ) വലിയൊരു ഭാഷാ പണ്ഢിതന്‍ കൂടിയായിരുന്നു. അറബി ഭാഷയില്‍ തന്റെ വാക്കുകള്‍ തെളിവായി ഗണിക്കപ്പെട്ടു. ആ കാലഘട്ടത്തില്‍ അറബി ഭാഷയുടെ തറവാടായി അറിയപ്പെടുന്ന ഖുറൈശി തറവാട്ടില്‍ ജനിച്ച ഇമാം ശാഫിഈ (റ) ഭാഷാ പഠനത്തിനു വേണ്ടി മാത്രം ഇരുപതു വര്‍ഷക്കാലം നീക്കിവെച്ചു.
ഹദീസ് പാണ്ഢിത്യത്തില്‍ ഇമാം ശാഫിഈയുടെ നൈപുണ്യം വര്‍ണ്ണിക്കാനാകാതെ പണ്ഢിതര്‍ കുഴങ്ങുകയാണ്. ഹസനുബിന്‍ മുഹമ്മദ് സഅ്ഫറാനി (റ) പറയുന്നു: “ഹദീസ് പണ്ഢിതന്മാര്‍ ഉറക്കിലായിരുന്നു. ഇമാം ശാഫിഈ (റ) യാണ് അവരെ തട്ടി ഉണര്‍ത്തിയത്. അഹ്മദ് ബ്നു ഹമ്പലി (റ) ന്റെ വാക്കുകളില്‍ വിജ്ഞാനത്തില്‍ ഇമാം ശാഫിഈ (റ) യുടെ സംഭാവന അതുല്യമായതിനാല്‍ അവരോട് കടപ്പാടില്ലാതെ ഒരാളും പേനയും മഷിയും സ്പര്‍ശിച്ചിട്ടില്ല”.
ഹദീസ് വിജ്ഞാനത്തിലെ ഔന്നത്യം നിമിത്തം ‘നാസ്വിറുല്‍ ഹദീസ്’ എന്ന അപര നാമധേയത്തിലായിരുന്നു ഇറാഖില്‍ ഇമാം ശാഫിഈ (റ) പ്രസിദ്ധി നേടിയത്. അവരുടെ മദ്ഹബ് സ്വീകരിച്ചവര്‍ക്ക് ‘അസ്വ്ഹാബുല്‍ ഹദീസ്’ എന്ന സ്ഥാനപ്പേര് നല്‍കപ്പെട്ടിരുന്നു.
‘ഇമാമുല്‍ അഇമ്മ’ എന്ന പേരില്‍ പ്രസിദ്ധനായ ഇബ്നു ഖുസൈമ (റ) ഹദീസ് മനഃപാഠത്തില്‍ അതുല്യനായിരുന്നു. ഇമാം ശാഫിഈ (റ) യുടെ ഗ്രന്ഥങ്ങളില്‍ സൂക്ഷിക്കപ്പെടാത്ത ഏതെങ്കിലും ഹദീസുകള്‍ താങ്കള്‍ക്കറിയുമോ? എന്ന ചോദ്യത്തിനു ഇല്ലെന്നാണ് അവിടുന്ന് ഉത്തരം നല്‍കിയത്. ഇമാം ശാഫിഈ (റ) ഇരുന്നൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെന്ന് ഇബ്നു സൌലാഖ് (റ) പറഞ്ഞതായി ‘ശദറാതുദ്ദഹബ്’:വാ:2, പേ:10 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിദാന ശാസ്ത്രത്തിലും മറ്റുമുള്ള ഗ്രന്ഥങ്ങള്‍ കൂടാതെ തന്നെ കര്‍മ്മ ശാസ്ത്രത്തില്‍ മാത്രം നൂറ്റി ഇരുപത് ഗ്രന്ഥങ്ങള്‍ ഇമാം ശാഫിഈ (റ) രചിച്ചിട്ടുണ്ട്. (അല്‍ഫവാഇദുല്‍ മദനിയ്യ: പേ:242). ചുരുക്കത്തില്‍ ഖുര്‍ആന്‍ ഹദീസ് പഠനത്തില്‍ തന്റെ അയല്‍പക്കത്തു പോലും മറ്റാരുമുണ്ടായുരുന്നില്ല.
പതിനഞ്ചാം വയസ്സില്‍ തന്നെ ഇമാം ശാഫിഈ (റ) ക്ക് ഇജ്തിഹാദ് പട്ടം നല്‍കപ്പെട്ടിരുന്നു. ഈ കാലയളവില്‍ എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം അവഗാഹം നേടിയെടുത്തിരുന്നു. മക്കയിലെ അന്നത്തെ മുഫ്തിയും ഇമാമുമായിരുന്ന മുസ്ലിമുബിന്‍ ഖാലിദ് (റ) ആണ് മഹാനു “ഇജ്തിഹാദിനു അനുവാദം നല്‍കിയത്. അദ്ദേഹം ശാഫിഈ (റ) ഇമാമിന്റെ ഗുരുനാഥന്‍ കൂടിയാണ്”.ശറഹുല്‍ മുഹദ്ദബ്:വാ:1,പേ:10, തഹ്ദീബുല്‍ അസ്മാഇവല്ലുഗാത്: വാ:1,പേ:51, സിയറ്: വാ:10,പേ:54, തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1,പേ:362 എന്നിവ നോക്കുക. ഇതു കൊണ്ടാണ് ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഹദീസുദ്ധരിച്ചപ്പോള്‍ ഇമാം ഹുമൈദി (റ) ഇമാം ശാഫിഈ (റ) യെ ഇപ്രകാരം വര്‍ണ്ണിച്ചത്. തന്റെ കാലത്തെ പണ്ഢിതന്മാരുടെ നേതാവായ മുഹമ്മദുബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നോട് ഹദീസ് പറഞ്ഞു. ഇബ്നു അദിയ്യി (റ) ന്റെ കാമില്‍ വാ:1, പേ:115 നോക്കുക. സ്വഹീഹുല്‍ ബുഖാരിയുടെ ആദ്യ ഹദീസിന്റെ ആദ്യ റിപ്പോര്‍ട്ടറാണ് ഹുമൈദി (റ). ഇമാം ശാഫിഈ (റ) യുടെ ശിഷ്യനായ ഹുമൈദി ഇമാം ബുഖാരി (റ) യുടെ ഉസ്താദാണെന്ന് ചുരുക്കം.
ഇമാം ബൈഹഖി (റ), ദൈലമി(റ), ഖത്തീബ്(റ) എന്നിവര്‍ അഹ്മദ്ബ്നു ഹമ്പലി (റ) ല്‍ നിന്ന് നിവേദനം: “ഹദീസ് കാണാത്ത ഏതെങ്കിലും മസ്അലയെ കുറിച്ച് എന്നോട് ചോദിക്കപ്പെട്ടാല്‍ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായത്തിനോട് യോജിച്ച് ഞാന്‍ മറുപടി പറയും. എല്ലാ നൂറ്റാണ്ടിന്റെയും ആരംഭത്തില്‍ നബി (സ്വ) യുടെ സുന്നത്ത് പഠിപ്പിക്കുന്ന ഒരു വ്യക്തിയെ അല്ലാഹു നിശ്ചയിക്കുമെന്ന് ഹദീസില്‍ ഞാന്‍ കണ്ടിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടില്‍ പരാമൃഷ്ട വ്യക്തി ഇമാം ശാഫിഈ (റ) ആയതിനാലാണ് അവരെ അവലംബിക്കാന്‍ കാരണം”. (അല്‍-ദുര്‍റുല്‍ മന്‍സൂര്‍: വാ:1,പേ:321, സിയറ്:വാ:10,പേ:42, താരീഖു ബഗ്ദാദ്:വാ:2, പേ:62, ഹില്‍യത്ത്:വാ:9,പേ:97, താരീഖുബ്നി അസാകിര്‍:വാ:2,പേ:412, ഇമാം ബൈഹഖി (റ) യുടെ മനാഖിബുശ്ശാഫിഈ:വാ:1,പേ:54).
ഇമാം സുബ്കി (റ) ത്വബഖാതില്‍ പറയുന്നു: “ഇമാം ശാഫിഈ (റ) യുടെ വിജ്ഞാനവും യോ ഗ്യതയും വിശ്വസ്തതയും മറ്റു ശ്രേഷ്ഠതകളുമൊക്കെ എല്ലാ രാജ്യങ്ങളിലും വ്യാപകമായി അറിയപ്പെടുന്നതാണ്. അവര്‍ക്ക് പിശക് സംഭവിക്കുക വളരെ അപൂര്‍വ്വമാണ്. എന്നാല്‍ അബൂസര്‍അ (റ) പറയുന്നതു പിശക് സംഭവിച്ച ഒരു ഹദീസും ഇമാം ശാഫിഈ (റ) യുടെ അരികിലില്ലെന്നാണ്. പിശക് സംഭവിച്ച ഒരു ഹദീസ് പോലും ഇമാം ശാഫിഈ (റ) ക്ക് ഉള്ളതായി ഞാനറിയില്ലെന്നാണ് അബൂദാവൂദ് (റ) പറയുന്നത്. എന്നിരിക്കെ ഹദീസില്‍ ഇമാം ശാഫിഈ (റ) യോഗ്യനല്ലെന്ന് ഇബ്നു മഈന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിനെക്കുറിച്ച് ദഹബി പറയുന്നു: “ഇതു കൊണ്ട് സ്വശരീരത്തെ തന്നെയാണ് ഇബ്നു മഈന്‍ വിഷമിപ്പിച്ചിരിക്കുന്നത്. ആരും തന്നെ ഇബ്നു മഈനിന്റെ ഈ പരാമര്‍ശത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇമാം ശാഫിഈ (റ) യെക്കുറിച്ച് വളരെ നന്നായി ദഹബി നീട്ടി സംസാരിച്ചതിന്റെ അവസാന ഭാഗത്ത് ഇപ്രകാരം തുടരുന്നു:” ഇമാം ശാഫിഈ (റ) പ്രമുഖ ഹദീസ് പണ്ഢിതരില്‍പെട്ട ആളാണ്. ഹദീസ് പഠനാവശ്യാര്‍ഥം മക്ക, മദീന, ഇറാഖ്, യമന്‍, മിസ്വ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ബഗ്ദാദില്‍ നാസ്വിറുല്‍ ഹദീസ് എന്നാണവരുടെ സ്ഥാനപ്പേര്. പിഴവ് സംഭവിച്ച ഒരു ഹദീസ് പോലും ഇമാം ശാഫിഈ (റ) ക്കുള്ളതായി എത്തിക്കപ്പെട്ടിട്ടില്ല. സ്വാര്‍ഥ താത്പര്യമൊ അജ്ഞതയൊ മൂലം ആരോപണം ഉന്നയിക്കുന്നവരെ അല്ലാഹു വിചാരണ ചെയ്തുകൊള്ളും. പക്ഷേ, ഹദീസ് വിജ്ഞാനത്തില്‍ യഹ്യല്‍ ഖത്വാന്‍, ഇബ്നു മഹ്ദി, അഹ്മദുബ്നു ഹമ്പല്‍ (റ), ഇബ്നുല്‍ മദീനി (റ) തുടങ്ങിയവരുടെ താഴെയാണ് ഇമാം ശാഫിഈ (റ) യുടെ സ്ഥാനം”. ദഹബിയുടെ ഈ പരാമര്‍ശത്തെ കുറിച്ച് തന്റെ ശിഷ്യന്‍ ഇമാം സുബ്കി (റ) എഴുതുന്നു:” ഇമാം ശാഫിഈ( റ) ഹദീസ് പാണ്ഢിത്യത്തില്‍ അവര്‍ക്ക് താഴെയാണെന്ന വാദം ശരിയല്ല. ഇമാം ശാഫിഈ (റ) ക്ക് പിഴവ് സംഭവിച്ച ഒരു ഹദീസ് പോലുമില്ലെന്ന മുഹദ്ദിസീങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍ തന്നെ ഇമാം ശാഫിഈ (റ) യുടെ സ്ഥാനം തെളിയിക്കാന്‍ ധാരാളം മതി”. ത്വബഖാത്: വാ:5,പേ:220, 221, തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1,പേ:362, താരീഖു ഇബ്നിഅസാകിര്‍: വാ:2,പേ:15, സിയറ്: വാ:10,പേ:48 എന്നിവ നോക്കുക. ഇബ്നു മഈനിന്റെ മേല്‍ പരാമര്‍ശത്തെക്കുറിച്ച് ഹാഫിളുബ്നു അബ്ദില്‍ ബര്‍റ് (റ) പറയുന്നതു ശ്രദ്ധേയമാണ്. “ഇമാം ശാഫിഈ (റ) യെ കുറിച്ചുള്ള മേല്‍ പരാമര്‍ശം കാരണം ഇബ്നു മഈനി (റ) നെ ആക്ഷേപിക്കപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതുമാണ്. അഹ്മദുബ്നു ഹമ്പല്‍ (റ) ഇപ്രകാരം പറഞ്ഞതായി ഇബ്നു അബ് ദുല്‍ ബര്‍റ് (റ) ഉദ്ധരിക്കുന്നു. യഹ്യബ്നു മഈന്‍ ഇമാം ശാഫിഈ (റ) യെ എവിടെ നിന്നാണറിയുക? ഇമാം ശാഫിഈ (റ) യെയും അവരുടെ അഭിപ്രായങ്ങളേയും അറിയുന്ന വ്യക്തിയല്ല യഹ്യബ്നു മഈന്‍. ഒരു വസ്തുവിനെക്കുറിച്ച് അറിയാത്തവന്‍ ആ വസ്തുവിന്റെ ശത്രുവാണല്ലോ? ഈ വാക്കുകളുദ്ധരിച്ച ശേഷം ഇമാം സുബ്കി (റ) ഇപ്രകാരം തുടരുന്നു. “എന്നാല്‍ യഹ്യബ്നു മഈന്‍ ഉദ്ദേശിച്ചത് ഇമാം ശാഫിഈ (റ) യെ അല്ലെന്നും പ്രത്യുത ഇമാം ശാഫിഈ (റ) യുടെ ഇളയുപ്പയുടെ മകനെയാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉസ്താദ് അബൂമന്‍സൂറി (റ) നെക്കുറിച്ചുള്ള ചരിത്രത്തില്‍ നാം അതുദ്ധരിക്കാന്‍ പോകുന്നുണ്ട്. ഇനി ഇമാം ശാഫിഈ (റ) യെ തന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സങ്കല്‍പിച്ചാല്‍ തന്നെ ഇബ്നു മഈനി (റ) ന്റെ പരാമര്‍ ശത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ല. അത് ഇബ്നു മഈനിനു അപമാനമായിട്ടാണ് വരുന്നത്. മുഅതസിലിയായ മഅ്മൂന്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദഗതിയിലേക്ക് ഇബ്നു മഈനി (റ) നെ വിളിച്ചപ്പോള്‍ മഅ്മൂനിനു വഴങ്ങേണ്ടിവന്ന കാരണത്താല്‍ ഇബ്നു മഈനിനു അങ്ങേയറ്റം ഖേദിക്കേണ്ടി വന്നു. ഇമാമുകളുടെ ഇമാമായ ശാഫിഈ ഇമാമില്‍ ഇബ്നു മഈന്‍ പരാമര്‍ശിച്ചതിന്റെ പ്രത്യാഘാതമായിരുന്നു അത്” (ത്വബഖാത്:വാ:1, പേ:188,189).
യഹ്യബ്നു മഈന്‍ ഇമാം ശാഫിഈ (റ) യെ അല്ല ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കയാണ് ത്വബഖാത്: വാ:5, പേ:220 ല്‍. യഹ്യബ്നു മഈന്‍ തന്നെ ഇമാം ശാഫിഈ (റ) യില്‍ യാതൊരു പന്തികേടുമില്ലെന്ന് പ്രസ്താവിച്ചതായി സിയറ്: വാ:10, പേ:47 ലും ഹില്‍യത്ത്: വാ:9, പേ:97 ലും ഉദ്ധരിച്ചതു ത്വബഖാതില്‍ പറഞ്ഞതിന്ന് ഉപോല്‍ബലകമാണ്.
ഇമാം ശാഫിഈ (റ) യുടെ ശിഷ്യന്‍ കൂടിയായ മുസ്നി (റ) പറയുന്നു:” ഇമാം ശാഫിഈ (റ) ക്ക് പിശക് സംഭവിച്ചതായി സ്ഥിരപ്പെടുത്താന്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിന്നാരെങ്കിലും എന്നോട് വാദപ്രതിവാദം നടത്താനുദ്ദേശിക്കുന്നുവെങ്കില്‍ ഇമാം ശാഫിഈ (റ) ക്കല്ല പിശക് സംഭവിച്ചതെന്നും അവരില്‍ നിന്ന് ഹദീസ് പകര്‍ത്തിയെടുത്ത വ്യക്തിക്കാണ് പിശക് സംഭവിച്ചിട്ടുള്ള തെന്നും ഞാന്‍ സ്ഥിരപ്പെടുത്തും” (ബൈഹഖി (റ) യുടെ ബയാനു ഖത്വഇ മന്‍ അഖ്ത്വഅ അലശ്ശാഫിഈ: പേ:96).
ദഹബി തന്നെ പറയട്ടെ: “അല്ലാഹുവാണു സത്യം. സത്യസന്ധതയിലും ശ്രേഷ്ഠതയിലും വിജ്ഞാനത്തിന്റെ വിസ്തീര്‍ണതയിലും പരിധിക്കപ്പുറമുള്ള ി കൂര്‍മ്മബുദ്ധിയിലും സത്യത്തെ സഹായിക്കുന്നതിലും കീര്‍ത്തനത്തിന്റെ ആധിക്യത്തിലും ഇമാം ശാഫിഈ (റ) യെ പോലെ ആരാണുള്ളത്?” (സിയറ്: വാ:10, പേ:95).
ഖുറൈശി വംശത്തില്‍ ഒരു പണ്ഢിതന്‍ ഭൂതലം മുഴുക്കയും വിജ്ഞാനം കൊണ്ട് നിറക്കുമെന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. ഈ പണ്ഢിതന്‍ ശാഫിഈ ഇമാമാണെന്നാണ് പണ്ഢിത പക്ഷം. സ്വഹാബത്തടക്കമുള്ള ഖുറൈശി കുടുംബത്തില്‍പെട്ട ആരും ഇമാം ശാഫിഈ(റ) യോളം പാണ്ഢിത്യമുള്ളവരായിരുന്നില്ലെന്ന് ഇതിനു തെളിവായി അവര്‍ പറയുന്നു. ശറഹുല്‍മുഹദ്ദബ്: വാ:1, പേ:11, താരീഖുബഗ്ദാദ്: വാ:1, പേ: 61, ത്വബഖാത്: വാ:1, പേ:102,103, ഹില്‍യത്:വാ:9,പേ: 65, ബൈഹഖിയുടെ മനാഖിബുശ്ശാഫിഈ: വാ:1, പേ:26, ബയാനു ഖത്വഇ മന്‍ അഖ്ത്വഅ അലശ്ശാഫിഈ: പേ:94 എന്നിവ നോക്കുക.
ഈ മഹാനുഭാവനാണ് പുത്തന്‍ കൂറ്റുകാരുടെ കാഴ്ചപ്പാടില്‍ ഹദീസ് ലഭിക്കാത്ത നിര്‍ഭാഗ്യവാന്‍. ഇവര്‍ എഴുതിയ താഴെ വരികള്‍ കൂടി വായനക്കാര്‍ കാണുക: “ഇമാം ശാഫിഈ വിനയാന്വിതനായിരുന്നു. ഹദീസുകള്‍ മുഴുവനും തനിക്ക് ശേഖരിക്കാന്‍ സാധിക്കാത്ത കുറവിനെക്കുറിച്ചും ന്യൂനതയെ കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു”.
ഇമാം ശാഫിഈ (റ) യെ കുറിച്ചുള്ള അജ്ഞത മൂലമൊ, ദേഹേച്ഛ പ്രകാരമൊ ആണീ പരാമര്‍ശമെന്നും അതിന്ന് വേണ്ട നടപടി അല്ലാഹു സ്വീകരിച്ച് കൊള്ളട്ടെയെന്നും ഹാഫിളുദ്ദഹബി പറഞ്ഞതു പോലെത്തന്നെയാണ് നമുക്കും പറയാനുള്ളത്.
അഹ്ലുസ്സുന്നത്തിനോടുള്ള പക്ഷപാതവും ഹമ്പലീ മദ്ഹബിലുള്ള തീവ്രതയും ഉണ്ടായിട്ടു പോലും ലോകം സമ്മതിച്ച യാഥാര്‍ഥ്യം മറച്ചുവെച്ചാല്‍ കണ്ണു ചിമ്മി ഇരുട്ടാക്കുന്നതു പോലെയാകുമെന്ന് ഭയപ്പെട്ടിട്ടാവാം ദഹബി പോലും ഇമാം ശാഫിഈ (റ)യെ വാനോളം പുകഴ്ത്തിയത്. ഇകഴ്ത്തിപ്പറയാന്‍ യാതൊന്നും ഇല്ലാതായപ്പോള്‍ ഹദീസ് പാണ്ഢിത്യത്തില്‍ അഹ്മദ്ബ്നു ഹമ്പല്‍ പോലെയുള്ളവരുടെ താഴെയാണന്ന് മാത്രം പറഞ്ഞ് മതിയാക്കുകയായിരുന്നു ദഹബി. ദഹബിയെ ശിരസ്സിലേറ്റി നടക്കുന്നവര്‍ുണ്ടൊ ദഹബിയെ സംബന്ധിച്ച് തന്നെ വല്ല പിടിപാടും. പിന്നെയല്ലെ ഇമാം ശാഫിഈ (റ) യെക്കുറിച്ച് അവര്‍ പറയുക.
യഥാര്‍ഥത്തില്‍ രേഖ കണ്ടെത്താത്ത വിഷയങ്ങള്‍ക്കുള്ള രേഖകള്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് അന്വേഷിക്കുകയായിരുന്നു ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ).
യഥാര്‍ഥത്തില്‍ രേഖ കണ്ടെത്താത്ത വിഷയങ്ങള്‍ക്കുള്ള രേഖകള്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് അന്വേഷിക്കുകയായിരുന്നു ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ).
ഹാഫിള് ഖതീബുല്‍ ബഗ്ദാദി (റ) അബൂ അയ്യൂബുല്‍ ബസ്വരി( റ) യില്‍ നിന്ന് നിവേദനം : “അവര്‍ പറഞ്ഞു: ഞങ്ങള്‍ അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ അരികില്‍ വെച്ച് ഒരു മസ്അലയില്‍ ചര്‍ച്ച നടത്തി. അപ്പോള്‍ ഒരു വ്യക്തി ഇമാം അഹ്മദി (റ) നോട് ഇപ്രകാരം പറഞ്ഞു. ഈ വിഷയത്തില്‍ ഹദീസൊന്നും സ്വഹീഹായി വന്നിട്ടില്ലല്ലൊ. ഇമാം അഹ്മദ് (റ) പറഞ്ഞു. തല്‍വിഷയത്തില്‍ ഹദീസ് സ്വഹീഹായി വന്നിട്ടില്ലെങ്കില്‍ തന്നെ അതില്‍ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായമിന്നതാണ്. തല്‍വിഷയത്തിലുള്ള അവരുടെ രേഖ ഏറ്റവും സുദൃഢവും ആണ്.
പിന്നീട് അഹ്മദ് (റ) ഇപ്രകാരം തുടര്‍ന്നു. “ഞാന്‍ ഈ മസ്അലയെ സംബന്ധിച്ച് ഇമാം ശാഫിഈ (റ) യോട് ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ എനിക്ക് മറുപടി തന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. താങ്കള്‍ ഏതു രേഖയുടെ അടിസ്ഥാനത്തിലാണിത് പറയുന്നത്? ഈ വിഷയത്തില്‍ ഖുര്‍ആനിന്റെയോ ഹദീസിന്റെയോ രേഖയുണ്ടോ? അവിടുന്ന് പറഞ്ഞു: അതെ, അങ്ങനെ തല്‍വിഷയത്തെ സംബന്ധിച്ച് നബി (സ്വ) യില്‍ നിന്നുള്ള ഒരു ഹദീസ് അവര്‍ ഉദ്ധരിച്ചു. ആ ഹദീസ് വിഷയത്തിനു വ്യക്തമായ രേഖയായിരുന്നു” (താരീഖു ബഗ്ദാദ്: വാ:2, പേ:66,67).
ഇപ്രകാരമുള്ള ലക്ഷ്യങ്ങളുടെ വെളിച്ചത്തിലാണ് ഹദീസ് പാണ്ഢിത്യത്തില്‍ ഇമാം ശാഫിഈ (റ) അഹ്മദ്ബ്നു ഹമ്പല്‍ (റ) ന്റെ താഴെക്കിടയിലാണെന്ന ദഹബിയുടെ പരാമര്‍ശത്തെ ഇമാം സുബ്കി (റ) തന്റെ ത്വബഖാതില്‍ ഖണ്ഡിച്ചത്.
ഇമാം ബൈഹഖി (റ) അബൂബകറില്‍ ഇസ്റമില്‍ (റ) നിന്ന് നിവേദനം. അവര്‍ പറഞ്ഞു: “ഇമാം ശാഫിഈ (റ) ഹദീസ് പണ്ഢിതനായിരുന്നുവോ? എന്ന് ഞാന്‍ അഹ്മദ്ബ്നു ഹമ്പലി (റ) നോട് ചോദിച്ചു. അവിടുന്നുള്ള മറുപടി ഇപ്രകാരമായിരുന്നു. അല്ലാഹുവാണ് സത്യം. ഇമാം ശാഫിഈ (റ) ഹദീസ് പണ്ഢിതന്‍ തന്നെയാണ്”. (ബയാന്‍ ഖ്വത്വഇ മന്‍ അഖ്വ്ത്വഅ അലശ്ശാഫിഈ: പേ:97).
എന്നാല്‍ ഇമാം ബുഖാരി(റ) യും മുസ്ലിമും (റ) അവരുടെ സ്വഹീഹുകളില്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് എന്തു കൊണ്ടാണ് ഹദീസുകളുദ്ധരിക്കാതിരുന്നത്? എന്ന സംശയത്തിനുള്ള മറുപടി ഖത്വീബുല്‍ ബഗ്ദാദി (റ) യില്‍ നിന്ന് ദഹബി ഉദ്ധരിക്കുന്നു. അതിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്.
ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) ഹദീസുകളുദ്ധരിക്കാതിരുന്നത് ഇമാം ശാഫിഈ (റ) അയോഗ്യനാണെന്ന് വെച്ചല്ല. ഇമാം ശാഫിഈ (റ) യെക്കാള്‍ പ്രായം കൂടിയവരെ ഇമാം ബുഖാരി (റ) കണ്ടിട്ടുണ്ട്. ഉബൈദുല്ലാഹിബ്നു മൂസ, ഇബ്നു ആസ്വിം (റ) തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഇവരെല്ലാമാണെങ്കില്‍ താബിഉകളില്‍ നിന്ന് തന്നെ നേരെ ഹദീസുകള്‍ കേട്ടവരാണ്. എന്നാല്‍ ഇമാം ശാഫിഈ (റ) യുമായി ഇമാം ബുഖാരി (റ) കണ്ടുമുട്ടിയിട്ടുമില്ല. എങ്കിലും ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അപ്പോള്‍ പിന്നെ ഒരുപടി ഇറങ്ങിക്കൊണ്ട് ആ ഹദീസുകള്‍ ഇമാം ശാഫിഈ (റ) വഴിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യം ഇമാം ബുഖാരി (റ) ക്ക് നേരിട്ടില്ല” (സിയറ്: വാ:10,പേ:96).
ഇമാം സുബ്കി (റ) പറയുന്നു:: “സഅ്ഫറാനി, അബൂസൌറ്, കറാബസി (റ) തുടങ്ങിയവരില്‍ നിന്ന് ഇമാം ബുഖാരി (റ) ഹദീസുകള്‍ കേട്ടിട്ടുണ്ട്. ഉമൈദി (റ) യില്‍ നിന്നാണ് ഇമാം ബുഖാരി (റ) ഫിഖ്ഹ് പഠിച്ചത്. ഇപ്പറഞ്ഞവരെല്ലാമാണെങ്കില്‍ ഇമാം ശാഫിഈ( റ) യുടെ അസ്വ്ഹാബുകളാണ്. എന്നാല്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് തന്റെ സ്വഹീഹില്‍ ഹദീസുകളുദ്ധരിച്ചില്ല. ഇമാം ശാഫിഈ( റ) യുടെ കാലക്കാരുമായി ഇമാം ബുഖാരി (റ) നേരില്‍ കണ്ടുമുട്ടിയതും മധ്യവയസ്കനായപ്പോള്‍ തന്നെ ഇമാം ശാഫിഈ (റ) വഫാത്തായതു കൊണ്ട് അവരെ കണ്ടുമുട്ടാത്തതുമാണിതിനു കാരണം. അതിനാല്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് കിട്ടേണ്ട ഹദീസുകള്‍ അവരുടെ സമകാലികരില്‍ നിന്ന് ലഭിച്ചപ്പോള്‍ ഒരുപടി ഇറങ്ങിക്കൊണ്ട് മറ്റൊരാള്‍ മാധ്യമമായി ഇമാം ശാഫിഈ (റ) വഴിക്ക് ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടന്ന് വെച്ചു” (ത്വബഖാത്: വാ:2, പേ:4)
ഇമാം അസ്നവി (റ) യുടെ വാക്കുകള്‍ കാണുക: “നിശ്ചയം അഗ്രേസരായ ഹദീസ് പണ്ഢിതരൊക്കെ ഒരു പക്ഷേ, ഇമാം ശാഫിഈ (റ) യില്‍ നിന്നു നേരെ ഹദീസുകള്‍ സ്വീകരിച്ച അസ്വ് ഹാബുകളൊ അവരില്‍ നിന്ന് ഹദീസ് സ്വീകരിച്ചവരൊ ആണ്. ഇമാം അഹ്മദ്, തിര്‍മുദി, നസാഈ, ഇബ്നു മാജ, ഇബ്നുല്‍ മുന്‍ദിര്‍, ഇബ്നു ഹിബ്ബാന്‍, ഇബ്നു ഖുസൈമ, ബൈഹഖി, ഹാകിം, ഖ്വത്വാബി, ഖ്വത്വീബുല്‍ ബഗ്ദാദി, അബൂനുഐം (റ:ഹും) തുടങ്ങിയവരും മറ്റും രണ്ടാലൊരു വിഭാഗത്തില്‍ പെട്ടവരാണ്. അല്ലെങ്കില്‍ വലിയ ഹദീസ് പണ്ഢിതന്മാര്‍ ഇമാം ശാഫിഈ (റ) യുടെ (ഹദീസുകളുദ്ധരിച്ചിട്ടില്ലെങ്കിലും) അഭിപ്രായങ്ങളോട് യോജിപ്പുള്ളവരും. അതുകൊ ണ്ടുതന്നെ അവരുടെ അഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നവരുമാണ്. ഇമാം ബുഖാരി (റ) യും മറ്റും ഈ ഇനത്തചന്റ പെട്ടവരത്രെ. എന്നാല്‍ ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) ഹദീസുകളുദ്ധരിക്കാതിരുന്നത് എല്ലാ ഹദീസ് പണ്ഢിതരും മുന്‍ഗാമികളില്‍ നിന്ന് ഹദീസുകളുദ്ധരിക്കുന്നതില്‍ അത്യാഗ്രഹികളായതു കൊണ്ടാണ്. നിവേദക പരമ്പരയുടെ മഹത്വം കണക്കിലെടുത്താണിത്. ഇമാം ശാഫിഈ (റ) ദീര്‍ഘകാലം ജീവിച്ചിട്ടില്ല. അമ്പത്തി നാലാമത്തെ വയസ്സില്‍ (ഹിജ്റ 204ല്‍) അവര്‍ വഫാത്താവുകയാണുണ്ടായത്. ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരും അവരുടെ സമകാലികരും ഇമാം ബുഖാരി (റ) വഫാത്താകുന്നതിന്റെ അടുത്ത കാലം വരെ ജീവിച്ചിരിപ്പുള്ളവരായിരുന്നുതാനും” (അസ്നവി (റ) യുടെ ത്വബഖാതുശ്ശാഫിഇയ്യ: വാ:1, പേ:5).
ഇമാം ബൈഹഖി (റ) പറയുന്നു. (ഇമാം ശാഫിഈ വഫാത്താകുമ്പോള്‍ പത്തു വയസ്സു മാത്രം പ്രായമുള്ള) “ഇമാം ബുഖാരി (റ) ക്ക് ഇമാം ശാഫിഈ (റ) യുമായി കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരെയും സമകാലികരെയും നേരില്‍ കണ്ടുമുട്ടുകയും ചെയ്തു. ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഹദീസുകളുദ്ധരിക്കുന്നപക്ഷം അവ മറ്റൊരാള്‍ മാധ്യമമായിട്ടാവാനെ നിര്‍വ്വാഹമുള്ളൂ. ആ ഹദീസുകളാണെങ്കില്‍ ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരില്‍ നിന്നൊ സമകാലികരില്‍ നിന്നൊ ഇമാം ബുഖാരി (റ) ക്ക് നേരില്‍ കിട്ടിയതുമാണ്. അപ്പോള്‍ ഒരുപടി ഇറങ്ങിക്കൊണ്ട് ഹദീസുകളുദ്ധരിക്കുന്നതില്‍ ഏറെ ഉത്തമം ആ ഹദീസുകള്‍ അവരുടെ ഉസ്താദുമാരില്‍ നിന്നൊ സമകാലികരില്‍ നിന്നൊ സ്വീകരിക്കലാണ്. ഇതിന്ന് കാരണം നിവേദക പരമ്പരയില്‍ കഴിവതും റിപ്പോര്‍ട്ടര്‍മാരുടെ എണ്ണം ചുരുക്കുകയെന്ന നയം ഹദീസ് പണ്ഢിതരെല്ലാം സ്വീകരിച്ചതാണ്. (പരമ്പര നീളും തോറും നബി (സ്വ) യുമായി ദൂരം കൂടുകയാണല്ലൊ) ഇതു തന്നെയാണ് പരമ്പരയില്‍ എണ്ണം ചുരുങ്ങുന്നതിനു ‘ഉലുവ്വുല്‍ ഇസ് നാദ്’ (പരമ്പരയുടെ ഉയര്‍ച്ച) എന്ന് പറയപ്പെടുന്നത്.
ഇപ്രകാരം ഇമാം മുസ്ലിമും (റ) ഇമാം ശാഫിഈ (റ) യില്‍ നിന്ന് ഹദീസുകളുദ്ധരിക്കാതിരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. എങ്കിലും ഇമാം ശാഫിഈ (റ) യെ പ്രകീര്‍ത്തിച്ച് കൊണ്ട് ഇമാം ബുഖാരി (റ) തന്റെ താരീഖുല്‍ കബീറിലും സ്വഹീഹില്‍ രണ്ടു സ്ഥലങ്ങളിലുമായി പരാമര്‍ശിച്ചിട്ടുണ്ട്. (ബയാനു ഖ്വത്വഇ മന്‍ അഖ്വ്ത്വഅ അലശ്ശാഫിഈ: പേ:334).
ഇമാം ബുഖാരി (റ) യുടെ അത്താരീഖുല്‍ കബീര്‍: വാ:1, പേ:42 ലാണ് ഇമാം ശാഫിഈ (റ) യെ പ്രകീര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്. സ്വഹീഹിലെ പ്രസ്തുത സ്ഥലങ്ങള്‍ ഇവയാണ്. (1).’ബാബുന്‍ ഫിര്‍രികാസി അല്‍ ഖുമുസു’, (2). ‘ബാബു തഫ്സീരില്‍ അറായ’. ഈ രണ്ട് സ്ഥലങ്ങളിലും ‘ഇബ്നു ഇദ്രീസ് പ്രസ്താവിച്ചു’ എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്. ഈ ഇബ്നു ഇദ്രീസ് കൊണ്ട് വിവക്ഷ ഇമാം ശാഫിഈ (റ) ആണെന്നാണ് പണ്ഢിത മതം. ഫത്ഹുല്‍ ബാരി: വാ:3, പേ:465, വാ:4,പേ:492, ഐനി (റ) യുടെ ഉംദതുല്‍ ഖാരി: വാ:9, പേ:99, വാ:11, പേ:306, ഖ്വസ്ത്വല്ലാനി (റ) യുടെ ഇര്‍ശാദുസ്സാരി: വാ:4, പേ:86, സുബ്കി (റ) യുടെ ഥ്വബഖാത്: വാ:2, പേ:4, അസ്നവി (റ) യുടെ ത്വബഖാത്: വാ:1, പ:5 എന്നിവ നോക്കുക.
ചുരുക്കത്തില്‍ ഇമാം ശാഫിഈ (റ) യുടെ ഹദീസുകള്‍ ഇമാം ബുഖാരി (റ) യും മുസ്ലിമും (റ) അവരുടെ സ്വഹീഹുകളില്‍ ഉദ്ധരിക്കാതിരുന്നത് ഇമാം ശാഫിഈ (റ) അയോഗ്യനാണെന്ന് അവര്‍ക്ക് ധാരണയുള്ളതു കൊണ്ടല്ല. അങ്ങനെ ആരെങ്കിലും മനസ്സിലാക്കുന്നുവെങ്കില്‍ ഇമാം ബുഖാരി (റ), മുസ്ലിം എന്നിവരെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാത്രമാണ്. ഇമാം ബൈഹഖി (റ)യുടെ വാക്കുകള്‍ ശ്രദ്ധേയമാണ്.
“മുന്‍കാല ഹദീസ് പണ്ഢിതരാരും തന്നെ ഈ രണ്ട് ഇമാമുകളെ കുറിച്ച്, ഇമാം ബുഖാരി (റ) മുസ്ലിം (റ) അവരോടനുയോജ്യമാകാത്ത വിധം ഇമാം ശാഫിഈ (റ) യുടെ കാര്യത്തില്‍ അവര്‍ വല്ല തെറ്റിദ്ധാരണയും വെച്ച് പുലര്‍ത്തുന്നവരായിരുന്നുവെന്ന് വിശ്വസിച്ചവരായിരുന്നില്ല. മാത്രമല്ല, അവരാരും എല്ലാ വിജ്ഞാന ശാഖകളിലും ഇമാം ശാഫിഈ (റ) ക്കുള്ള അവഗാഹം സ്ഥിരപ്പെടുത്തുന്നതില്‍ പില്‍കാല പണ്ഢിറ്റുകളുടെ സാക്ഷി പത്രങ്ങളിലേക്ക് ആവശ്യമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്തിട്ടില്ല”. (ബയാനു ഖ്വത്വഇ മന്‍ അഖ്വ്ത്വഅ അലശ്ശാഫിഈ: പേ:335).
ഇമാം സുയൂഥി (റ) പറയുന്നു: “ഉപര്യുക്ത ഹദീസ് പണ്ഢിതന്മാരേക്കാളൊക്കെയും മേലെയാണ് ഇമാം ശാഫിഈ (റ) എന്നതില്‍ ആരും സംശയിക്കുകയില്ല. അവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ പ്രചോദകമായ സല്‍ഗുണങ്ങള്‍ മേളിച്ചതാണിതിന്നു കാരണം. അതു പോലെത്തന്നെ ആരേക്കാളും അവര്‍ക്കുള്ള ദാര്‍ഢ്യതയെ കുറിച്ചും ചരിത്രമറിയുന്നവര്‍ സംശയിക്കാനിടയില്ല. കാരണം വലിയ ഹദീസ് പണ്ഢിതരൊക്കെ അവരുടെ അരികില്‍ വന്ന് തങ്ങള്‍ക്ക് സംശയമുള്ള ഹദീസുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താറുണ്ടായിരുന്നു. അവിടുന്ന് സംശയ നിവാരണം നല്‍കുകയും നിവേദക പരമ്പരയിലെ അവ്യക്തമായ വൈകല്യങ്ങളെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുമായിരുന്നു. അവര്‍ ഇതു കേള്‍ക്കുമ്പോള്‍ അത്ഭുതത്തോടെ എഴുന്നേറ്റു നില്‍ക്കുമായിരുന്നു. അശ്രദ്ധവാനും പാമരനുമല്ലാതെ ഈ വിഷയത്തിലൊന്നും തര്‍ക്കിക്കില്ല” (തദ്രീബുര്‍റാവി: വാ:1, പേ:81).