ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 6 March 2018

ഔലിയ ആരാണ് ?

വലിയ്യ്’എന്നാല്‍ സഹായി, ഉപകാരി, പ്രിയപ്പെട്ടവന്‍, ഭക്തന്‍, അടുപ്പമുള്ളവന്‍, സംരക്ഷകന്‍ എന്നെല്ലാമാണ് അര്‍ത്ഥം. വലിയ്യ് എന്നതിന്റെ ബഹുവചനമാണ് ഔലിയാഅ്. ഔലിയാക്കള്‍ എന്ന പ്രയോഗം പൂരക ബഹുവചനവും. അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്നതുകൊണ്ട് അല്ലാഹു നിശ്ചയിച്ച സഹായികള്‍, സംരക്ഷകര്‍, ഉപകാരികള്‍ എന്ന അര്‍ത്ഥങ്ങളും ഉദ്ദേശിക്കാവുന്നതാണ്. ഭക്തരായ വിശ്വാസികള്‍ക്കെല്ലാം ഔലിയാഅ് എന്ന വിശേഷണം ഭാഷാപരമായി നല്‍കാമെങ്കിലും സാങ്കേതിക പ്രയോഗത്തില്‍ വിശ്വാസത്തിലും ആരാധനയിലും കൂടുതല്‍ മുന്നേറി ഇലാഹീ സാമീപ്യം കൈവരിച്ചവരാണ് ഔലിയാക്കള്‍.
വലിയ്യ് എന്ന പദത്തെ വിശകലനം ചെയ്തുകൊണ്ട് ഇമാം റാസി(റ) എഴുതുന്നത് കാണുക: വാവ്, ലാമ്, യാഅ് എന്നീ അക്ഷരങ്ങളുടെ സംയുക്ത പദം (വലിയ്യ്) സാമീപ്യം എന്നര്‍ത്ഥം കുറിക്കുന്നുണ്ട്. അപ്പോള്‍ ഏതൊരു വസ്തുവിന്റെയും വലിയ്യ് അതിന്റെ സാമീപ്യം ലഭിച്ചവനായിരിക്കും. സ്ഥലം, ഭാഗം എന്നിവ കൊണ്ട് അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കുന്നത് അസംഭവ്യമാണ്. പ്രത്യുത, അവനോടുള്ള സാമീപ്യം ലഭിക്കുന്നത് ഇലാഹീ ജ്ഞാനത്തിന്റെ പ്രകാശത്തില്‍ ഹൃദയം ലയിക്കുമ്പോഴാണ്. അപ്പോള്‍ അദ്ദേഹം വല്ലതും കാണുന്നുവെങ്കില്‍ അത് ഇലാഹീ ശക്തിയുടെ ദൃഷ്ടാന്തങ്ങളായിരിക്കും. കേള്‍ക്കുന്നതെല്ലാം ദിവ്യ സൂക്തങ്ങളും സംസാരിക്കുന്നവ ദിവ്യ പ്രശംസകളുമായിരിക്കും. അദ്ദേഹത്തിന്റെ ചലനം ഇലാഹീ ദാസ്യത്തിലും അദ്ധ്വാനം ദിവ്യാനുസരണത്തിലുമാകും. അങ്ങനെ ഇലാഹീ സാമീപ്യത്തിന്റെ പാരമ്യത്തെ പ്രാപിക്കുന്നവരാണ് അല്ലാഹുവിന്റെ വലിയ്യ്’(റാസി 17/132).
പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇസ്മാഈലുല്‍ ഹിഖ്ഖി(റ) രേഖപ്പെടുത്തുന്നു: അല്ലാഹുവുമായി ആത്മസാമീപ്യം കരഗതമാക്കിയ വിശിഷ്ടരായ സത്യവിശ്വാസികളാണ് ഔലിയാക്കള്‍. ആരാധന കൊണ്ടും ദൈവിക ജ്ഞാനത്തില്‍ മുഴുകിയും അവര്‍ അല്ലാഹുവിനോട് അടുപ്പം കാണിക്കുന്നവരാണ്’(റൂഹുല്‍ ബയാന്‍ 4/58). അങ്ങനെ പ്രവാചക സ്നേഹത്തിന്റെയും അനുധാവനത്തിന്റെയും സാധ്യമായ തലങ്ങളിലെല്ലാം അവരെത്തുന്നു. അതിനായി നിരന്തരം ശ്രമിക്കുന്നു.
സത്യവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് സദാ ആരാധനാ നിരതരും ഇലാഹീ ജ്ഞാനത്തില്‍ വിലയം പ്രാപിച്ചവരുമായ പ്രത്യേക വിഭാഗമാണ് ഔലിയാക്കളെന്ന ഇത്തരം പണ്ഡിതോദ്ധരണികള്‍,‘ഔലിയാക്കളെ നാരായണ വിശ്വാസികളാക്കുന്ന നവീനവാദികളുടെ വികലവാദത്തിന്റെ മുനയൊടിക്കുന്നതോടൊപ്പം ഔലിയാക്കള്‍ എന്നൊരു പ്രത്യേക വിഭാഗം തന്നെയില്ലെന്നും എല്ലാ സത്യ വിശ്വാസികളും ഔലിയാക്കളാണെന്നു’മുള്ള അവരുടെ സിദ്ധാന്തത്തിന്റെ നടുവൊടിക്കുകയും ചെയ്യുന്നു. ഇതിനും പുറമെ, പരിഷ്കരണ വാദികള്‍ക്കു പോലും സുസമ്മതരായ ആലൂസി തന്റെ റൂഹുല്‍ മആനിയിലും ശൗകാനി ഫത്ഹുല്‍ ഖദീറിലും ഈ വസ്തുത തുറന്നടിക്കുന്നുണ്ടെന്നതും അവര്‍ക്കു തിരിച്ചടിയാണ്.
അവര്‍ വിശദീകരിക്കുന്നതിങ്ങനെ: യാതൊരു ദോഷവും കലരാതെ, നിരന്തരം അല്ലാഹുവിനുള്ള ആരാധനയും അനുസരണവും നിലനിര്‍ത്തുന്ന വിഭാഗമാണ് വലിയ്യ് (റൂഹുല്‍ മആനി11/148). വലിയ്യ് എന്നതിന്റെ ഭാഷാര്‍ത്ഥം അടുത്തവന്‍ എന്നാണ്. അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത് വിശ്വാസികളില്‍ നിന്നും പവിത്രരായ ഒരു വിഭാഗമാണ്. പൂര്‍ണാനുസരണം, പാപ വര്‍ജനം എന്നിവ മൂലമാണ് അവര്‍ അല്ലാഹുവിനോട് അടുത്തവരാകുന്നത് (ഫത്ഹുല്‍ ഖദീര്‍ 2/662).
ഇതോടെ ‘സത്യ വിശ്വാസികളില്‍ ചിലര്‍ അല്ലാഹുവിന്റെ ഔലിയാഅ് ആണെന്നും മറ്റുചിലര്‍ അല്ലാഹുവിന്റെ ഔലിയാഅ് അല്ലെന്നുമുള്ള വിവേചനത്തിന് യാതൊരു പഴുതുമില്ലെന്നുള്ള ബിദഈ ജല്‍പ്പനങ്ങളുടെ ചിറകൊടിയുന്നു. അല്ലാഹുവിനെ അറിയാന്‍ സാധിക്കുന്നത്ര അറിയുകയും ആരാധനയില്‍ സ്ഥിരോത്സാഹം കാണിക്കുകയും ദോഷങ്ങളില്‍ നിന്നു പൂര്‍ണമായി മുക്തരാകുകയും ചെയ്യുന്ന വിശുദ്ധരാണ് അല്ലാഹുവിന്റെ ഔലിയാക്കളെന്ന് ചുരുക്കം.
മുത്തഖീങ്ങള്‍ മാത്രമാണ് അല്ലാഹുവിന്റെ വലിയ്യുകള്‍ എന്ന ഖുര്‍ആന്‍ സൂക്തം വിമര്‍ശകര്‍ ദുരുപയോഗം ചെയ്യാറുണ്ട്. തഖ്വയുടെ ഉയര്‍ന്ന സ്ഥാനം ലഭിച്ചവരെക്കുറിച്ചാണ് അതെന്ന് പണ്ഡിതര്‍ വ്യാഖ്യാനിച്ചിട്ടുള്ളതാണ്. അഥവാ മുകളില്‍ പറഞ്ഞ വിധം ഭക്തിപൂര്‍ണത നേടിയവര്‍.