ഒരു നിലക്ക് ചിന്തിക്കുമ്പോള്‍ കേരളത്തിലെ സലഫീ കുടുംബത്തിന്റെ കൈവഴികള്‍ എങ്ങോട്ടൊക്കെയാണ് ഒഴുകിയതെന്നു മനസ്സിലാക്കാന്‍ കൂടി പര്യാപ്തമാണ് ഈ കുടുംബ ബന്ധ വിവരണം എന്നു തോന്നുന്നു. എന്നുവെച്ചാല്‍, ഈ രക്തബന്ധം അദ്ദേഹത്തിന്റെ മാത്രമല്ല, മറിച്ച് സലഫി/ജമാഅത്തെ ഇസ്‌ലാമി/എന്‍ ഡി എഫ്(പോപ്പുലർ ഫ്രണ്ട് ) സംഘങ്ങളുടെ രക്തബന്ധത്തെയും കൂടിയാണ് പ്രതീകവത്കരിക്കുന്നത്. ഇമ്മാതിരിയൊരു പാറ്റേണ്‍ തന്നെയാണ് ഈ ആശയഗതിക്കാര്‍ക്കിടയിൽ എവിടെയും ഉള്ളതെന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും.
അതുകൊണ്ടാണല്ലോ, 'സലഫിസത്തില്‍ വളര്‍ന്ന ജമാഅത്ത് മനസ്സ്' എന്ന് തന്റെ ആത്മകഥയിലെ ഒരധ്യായത്തിനു ജമാഅത്തെ ഇസ്‌ലാമി നേതാവ് ടി കെ അബ്ദുല്ല പേരിട്ടതും ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ആത്മകഥയുടെ വമ്പിച്ച മേന്മയായി 'ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മകഥയും സലഫീ പ്രസ്ഥാനഥത്തിന്റെ ജീവചരിത്രവു'മെന്നു സോളിഡാരിറ്റി നേതാവ് ടി മുഹമ്മദ് വേളം ഊറ്റം കൊള്ളുന്നതും. രക്തം രക്തത്തെ തിരിച്ചറിയും എന്നും ഉണ്ടല്ലോ ഒരു പഴമൊഴി. വിവിധ ബ്രാന്റുകളിലണിനിരന്ന ഒരേ പറ്റം തന്നെയാണ് സോഷ്യല്‍ ഡമോക്രാറ്റുകളും വെല്‍ഫെയറുകാരും സലഫികളുമെന്ന് ഈ സംഘടനകള്‍ക്കിടയിലെ ആശയപരമായ ബന്ധം മാത്രമല്ല, രക്തബന്ധവും വ്യക്തമാക്കുന്നു. രക്തത്തിന് ഭയങ്കര ഗാഢതയാണ് എന്നോ മറ്റോ പറയാറുമുണ്ടല്ലോ. സ്വയം കുടുങ്ങുമെന്ന് തോന്നുമ്പോള്‍ പരസ്പരം തള്ളിക്കളയുകയും കുടഞ്ഞുകളയാന്‍ അത്യദ്ധ്വാനം ചെയ്യുകയുമൊക്കെ ചെയ്യുമ്പോഴും പാരമ്പര്യ മുസ്‌ലിംകള്‍ക്കെതിരായി പൊതു പ്ലാറ്റ്‌ഫോം ആയി ഈ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെയും രസതന്ത്രവും മറ്റൊന്നല്ല. ഇതൊക്കെ മനസ്സിലാക്കിയിട്ടാകുമല്ലോ ഐക്യ മുജാഹിദുകള്‍ അവഗണിച്ചിട്ടും സലാം സുല്ലമിയുടെ അനുസ്മരണം കഴിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി പോരാളികള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ടാകുക...
✍ പി കെ എം അബ്ദു റഹ്മാൻ