സമസ്തയുടെ 25ാം വാര്‍ഷികം തിരുരങ്ങാടി കക്കാട് നടക്കുകയാണ്. വേദിയില്‍ ശംസുല്‍ ഉലമ ഖുത്ബി മുഹമ്മദ് മുസ്‌ലിയാര്‍, സ്വദഖത്തുള്ള മുസ്‌ലിയാര്‍ തുടങ്ങി കാര്യപ്പെട്ട പണ്ഡിതരുടെ നീണ്ടനിര. എനിക്ക് മുതഫര്‍രിദ് ഓതിത്തന്ന തോട്ടശ്ശേരിയറ ശംസുദ്ദീന്‍ മുസ്‌ലിയാരുടെ കൂടി ഉസ്താദായ ശൈഖുനയെ ഒന്ന് കാണണമെന്നത് വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നു. അതിനിടെ സദസ്സില്‍ നിന്നെല്ലാം വിട്ട് ഒരു നീളന്‍ കുപ്പായവും ധരിച്ച് മാറി നില്‍ക്കുന്ന ആ ആലിമിനെ നോക്കി ഒരാള്‍ പറഞ്ഞു: ദാ ആ നില്‍ക്കുന്നതാണ് ഏന്തീന്‍ കുട്ടി മൊയ്‌ല്യാര്‍. അന്നാണ് ശൈഖുനയുടെ മുഖം ആദ്യമായി കാണുന്നതും മനസ്സില്‍ പതിയുന്നതും. പരിചയപ്പെടുത്തലുകളോ മുഖവുരകളോ ആവശ്യമില്ല. ശൈഖുനയെക്കുറിച്ച് പറഞ്ഞാല്‍ മലബാറിലെ കുഴിപ്പുറം മുസ്‌ലിയാരകത്ത് ഓടക്കല്‍ തറവാട്ടില്‍ മഖ്ദൂം പരമ്പരയിലായ് ജനിച്ച ഏന്തീന്‍ കുട്ടിയില്‍ നിന്നും ഉദിച്ചുയര്‍ന്ന് ഉസ്താദുല്‍ അസാതീദായ് ഇന്ന് ബഹറുല്‍ ഉലൂം എന്ന് പണ്ഡിത ലോകം ആദരവ് നല്‍കിയ മഹാ പണ്ഡിതനാണ് ശൈഖുന ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍.
ശൈഖുനായുടെ ജീവിതകാലത്തെ ഒരര്‍ഥത്തില്‍ 20ാം നൂറ്റാണ്ടിലെ പള്ളി ദര്‍സുകളുടെ പ്രശോഭിത കാലഘട്ടം എന്നും നമുക്ക് വിശേഷിപ്പിക്കാം. 1916 മുതല്‍ 2002 വരെ നീണ്ടുകിടക്കുന്ന എട്ട് പതിറ്റാണ്ട് കാലത്തെ ആ ജീവിതത്തിലെ ഓരോ നിമിഷവും നമുക്ക് ഇന്ന് പാഠമാണ്. അനാഥത്വത്തിന്റെ ബാല്യത്തില്‍ നിന്നും അദബും ഒതുക്കവുമുള്ള മുതഅല്ലിം ജീവിതത്തിലൂടെ ഇലാഹീ പ്രീതിയിലായ് നിറഞ്ഞ് നിന്ന യുവത്വം സുദീര്‍ഘമാണ്. 25 വര്‍ഷത്തെ പഠനം. പിതാവായ അലി ഹസന്‍ എന്ന കോയട്ടി മുസ്‌ലിയാര്‍ തന്നെയായിരുന്നു ആദ്യഗുരുനാഥന്‍. മക്കളെ സ്വന്തം ശിക്ഷണത്തില്‍ തന്നെ വളര്‍ത്തി കൊണ്ട് വരിക എന്നത് അക്കാലത്തെ മലബാറിലെ പണ്ഡിത കുടുംബങ്ങളുടെ പതിവ് രീതിയായിരുന്നു. കുഴിപ്പുറം പള്ളിയില്‍ അന്ന് മുദര്‍രിസായിരുന്ന അല്‍ഫിയക്കാരന്‍ അമ്പലവന്‍ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരില്‍ നിന്നായിരുന്നു നഹ്‌വിന്റെ ആദ്യ പാഠങ്ങള്‍ കരസ്ഥമാക്കിയത്. തുടര്‍ന്ന് ഉമ്മയുടെ വഫാതിന് ശേഷം മറ്റത്തൂരില്‍ മമ്മുട്ടി മോല്യാര്‍പാപ്പ എന്ന് ശൈഖുന പറയാറുള്ള കൈപ്പറ്റ കരിമ്പനക്കല്‍ മമ്മുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. മമ്മുട്ടി മുസ്‌ലിയാരുടെ അടുത്ത് നിന്ന് അല്‍ഫിയ ഓതിയതിന്റെ തൃപ്തി പലപ്പോഴും ഓര്‍ത്തെടുക്കാറുണ്ടായിരുന്നു. എല്ലാവരും അല്‍ഫിയയുടെ മത്‌ന് മാത്രം മനപ്പാഠമാക്കുമ്പോള്‍ ഞാന്‍ മത്‌നും ശറഹും മനപ്പാഠമാക്കിയിരുന്നു- ശൈഖുന പറയുകയാണ്.
1932ല്‍ മമ്മുട്ടി മുസ്‌ലിയാര്‍ വണ്ടൂരിലേക്ക് മാറിയപ്പോള്‍ കൂടെ പോകാന്‍ സാധിച്ചില്ല. അവസാനം അദ്ദേഹം തന്നെ ശൈഖുനയെ ചെമ്മങ്കടവ് ദര്‍സിലേക്ക് അയക്കുകയായിരുന്നു. വെല്ലൂരില്‍ വന്ന് സനദ് വാങ്ങി വന്ന സ്വദഖത്തുല്ല മുസ്‌ലിയാര്‍ അന്ന് അവിടെ മുദര്‍രിസാണ്. ചെമ്മങ്കടവിന് പുറമെ തലക്കടത്തൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളിലൊക്കെ സ്വദഖത്തുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം തുടര്‍ന്നു. സ്വദഖത്തുല്ല മുസ്‌ലിയാരുടെ സവിശേഷമായ അധ്യാപന ശൈലിയും വിശകലന പാഠവവും ശൈഖുനയെ നന്നായി സ്വാധീനിച്ചിരുന്നു. തലക്കടത്തൂരില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വല്ലപ്പോഴും നാട്ടില്‍ പോകാറുള്ളത് കാല്‍നടയായാണ്. അതും രണ്ടാം ദര്‍സ് കഴിഞ്ഞ് പാതിരാത്രിയില്‍.
തലക്കടത്തൂര്‍ ദര്‍സില്‍ വെച്ച് ശൈഖ് ഹസന്‍ ഹസ്രത്തുമായുള്ള കൂടിക്കാഴ്ചയിലാണ് കാപ്പാട് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരെ കുറിച്ചറിയുന്നതും തുടര്‍ന്ന് ആ ദര്‍സിലേക്കെത്തുന്നതും. കാപ്പാട് ദര്‍സിലെ രിസാലത്തുല്‍ മാറദീനിയുടെയും ഹിസാബിന്റെയും വിശേഷണങ്ങള്‍, ബുര്‍ഹാനുകളുടെ സമര്‍ഥനങ്ങള്‍ ഇതെല്ലാം കേട്ടപ്പോള്‍ ശൈഖുനാക്ക് ആ ഇല്‍മിനോടും കാപ്പാട് ഉസ്താദിനോടുമുള്ള താത്പര്യം പതിന്മടങ്ങ് വര്‍ധിച്ചു. സ്വദഖത്തുള്ള മുസ്‌ലിയാരുടെ അനുമതിയോടെ കാപ്പാട് ദര്‍സില്‍ ചേര്‍ന്നു. ഇവിടെയെല്ലാം ശ്രദ്ധേയമായ കാര്യം, പഠന തത്പരരായ വിദ്യര്‍ഥികള്‍ക്ക് അവരുടെ താത്പര്യമനുസരിച്ച് ഗുരുനാഥന്മാരെ തിരഞ്ഞെടുക്കാന്‍ തെളിമനസ്‌കരായ ഗതകാല ഉലമാഅ് പൂര്‍ണസ്വാതന്ത്ര്യവും പൊരുത്തവും നല്‍കിയിരുന്നു എന്നതാണ്. ഇരുമ്പ് ചോലയിലെ നാല് വര്‍ഷത്തെ പഠനത്തിന് ശേഷം ചാലിയത്ത് ഒ കെ ഉസ്താദിന്റെ ദര്‍സിലേക്ക് ഞാന്‍ അനുമതി ചോദിച്ചപ്പോള്‍ മഹാനായ കൈപ്പറ്റ ഉസ്താദിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ‘ഇല്‍മ് കൊണ്ടും നസബ കൊണ്ടും തികഞ്ഞ ആലിമാണ് അങ്ങോട്ട് തന്നെ പോകണം. അതിനാല്‍ തന്നെ വിജ്ഞാന ദാഹം പേറിയുള്ള അത്തരം യാത്രകളെല്ലാം വിജയസാഫല്യത്തില്‍ തന്നെയെത്തുകയും ചെയ്തിട്ടുണ്ട്.
കാപ്പാട് ഉസ്താദിന്റെ ആകര്‍ഷകമായ വിശകലന പാടവത്തില്‍ മതിമറന്ന് ശൈഖുന മുമ്പ് ഓതിയിരുന്ന മിക്ക കിതാബുകളും അവിടെ ആവര്‍ത്തിച്ച് പഠിച്ചു. ഗോളശാസ്ത്രത്തിലെ രിസാലത്തുല്‍ മാറദീനി മുഴുവനും ശൈഖുന സ്വന്തം കൈപ്പടയില്‍ എഴുതി നന്നാക്കിയാണ് ഓതിയിരുന്നത്. ഒതുന്ന ഫന്നിനോടും കിതാബിനോടുമുള്ള ഇത്തരം താത്പര്യവും സമീപനവും കൂടിയാണ് ശൈഖുനയെ പിഴവില്ലാത്ത ഇല്‍മിന്റെ ഉടമയാക്കിയത്.
1944ലാണ് ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തില്‍ ചേരുന്നത്. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, പന്നൂര്‍ സി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ബാപ്പുട്ടി മുസ്‌ലിയാര്‍ എന്നിവരൊക്കെ ബാഖിയാത്തില്‍ സഹപാഠികളായിരുന്നു. അന്ന് ബാഖിയാത്തിലെ റഈസുല്‍ ജാമിഅ ആയിരുന്ന അബ്ദുര്‍റഹീം ഹസ്രത്തിനെ കുറിച്ച് പറയുമ്പോഴൊക്കെ ശൈഖുന വികാരാധീതനാകാറുണ്ട്. ജീവിത സയാഹ്നത്തില്‍ ദര്‍സ് വിശേഷങ്ങള്‍ സംസാരിക്കുമ്പോള്‍ കൂട്ടത്തില്‍ പറയും: ‘ഇപ്പോ കോളജില്‍ പോകലുണ്ട്, സ്വഹീഹ് മുസ്‌ലിം മാത്രം ദര്‍സ് നടത്തും. വെല്ലൂരീന്ന് പോരുമ്പോള്‍ അബ്ദുര്‍റഹീം ഹസ്രത്ത് പറഞ്ഞതാ ഹദീസ് എപ്പോഴും ദര്‍സ് നടത്തണമെന്ന്. കയ്യിണത്രയും അത് വിടരുത്. ഇത് വരെ അത് മൊടങ്ങീട്ടില്ല’ ബാഖിയാത്ത് ജീവിതത്തില്‍ പഠനത്തിലല്ലാതെ ശ്രദ്ധിച്ചിരുന്നില്ല.
ബാഖി/ാത്തിലെ പഠനം കഴിഞ്ഞ് 1946 ലാണ് ശൈഖുനയുടെ ആദ്യ ദര്‍സ് ജന്മനാടായ കുഴിപ്പുറത്ത് ആരംഭിക്കുന്നത്. അധ്യാത്മിക ഗുരുക്കന്മാരില്‍ പ്രധാനികളായ അറക്കല്‍ മൂപ്പരുടെ നിര്‍ദേശപ്രകാരം അന്ന് ദര്‍സ് തുടങ്ങുമ്പോള്‍ ശമ്പളമായി ഒന്നും നിശ്ചയിച്ചിട്ടില്ലായിരുന്നു. പിന്നീട് നാട്ടുകാര്‍ വേതനമായി നിശ്ചയിച്ചു നല്‍കിയ 40 രൂപ നിരസിച്ചതുമില്ല. ശൈഖുനായുടെ ദര്‍സില്‍ ചേരാനായി ബാഖിയാത്തില്‍ നിന്ന് പഠനം നിര്‍ത്തിവന്ന പാപ്പിനിപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, കോയക്കുട്ടി മുസ്‌ലിയാര്‍, കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെട്ടവരായിരുന്നു ആദ്യ വിദ്യാര്‍ഥി സംഘം. മദ്‌റസ സിറാജുല്‍ ഉലൂം എന്ന് ശൈഖുന തന്നെ പേരിട്ട ആ ദര്‍സിലേക്ക് പിന്നീട് വിജ്ഞാന കുതുകികളായ വിദ്യാര്‍ഥികളുടെ പ്രവാഹമായിരുന്നു. കുഴിപ്പുറം പള്ളിയുടെ പരിമിത സൗകര്യത്തിന് താങ്ങാവുന്നതിനപ്പുറത്തേക്ക് ആദര്‍സ് വളര്‍ന്നു. പന്നീട് പല ഘട്ടങ്ങളിലായി തലക്കടത്തൂര്‍ കായംകുളം,ചെറുശ്ശോല, മാട്ടൂല്‍ വേദാമ്പ്രം, ചാലിയം, തിഴക്കേപ്പുറം, പൊടിയാട് തുടങ്ങിയ നാടുകളിലായി സേവനം. ദര്‍സ് മാറ്റങ്ങളിലധികവും തന്റെയടുക്കല്‍ ഓതാന്‍ വരുന്ന മുതഅല്ലിമുകളുടെ അസൗകര്യം മനസ്സിലാക്കിയായിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ട് കാലത്തെ ചാലിയത്തെ സേവനമാണ് ശൈഖുനയുടെ ദീര്‍ഘകാല ദര്‍സ്. അക്കാലത്ത് ചാലിയത്തെ മൊയ്‌ല്യാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ശിഷ്യന്മാരില്‍ മഹാ ഭൂരിഭാഗവും ചാലിയത്ത് ശൈഖുനയുടെ സന്നിധിയില്‍ പഠിച്ചവരാണ്. അത്ര മഹത്തരമായിരുന്നു ദര്‍സ്. ഞാനും ശൈഖുനയോടൊപ്പം ചേരുന്നത് ചാലിയത്ത് വെച്ച് തന്നെ. ആ സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കുമാറ് ഇന്നും ചാലിയം പള്ളിയകത്ത് ശൈഖുന ദര്‍സ് നടത്തിയ ഇടം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ചാലിയം ദര്‍സില്‍ വലിയ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല.
പരിമിത ബുദ്ധികളായ വിദ്യാര്‍ഥികളെ പോലും തൃപ്തിപ്പെടുത്തും വിധം ലളിതവും ക്ഷമാപൂര്‍ണവുമായിരുന്ന ശൈഖുനയുടെ അധ്യാപനരീതി ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത ദേശക്കാരായ പല പ്രായത്തിലുള്ള തരത്തിലുള്ള എണ്ണമറ്റ ശിഷ്യഗണങ്ങള്‍ക്കൊക്കെയും ശൈഖുന പ്രിയപ്പെട്ട ഗുരുവര്യരായിരുന്നു. ഒരാളോടും പക്ഷപാതം തോന്നിക്കാതെ എല്ലാവര്‍ക്കും ഓര്‍ത്തെടുക്കുമ്പോള്‍ ഈറനണിയിക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നമ്മുടെ ശൈഖുന.
ഹബീബായ നബി (സ) തങ്ങള്‍ കാണിച്ചു തന്ന ഏത് കഠിനഹൃദയരെയും ആകര്‍ഷിക്കും വിധം മനസ്സിനെയും സ്വഭാവത്തെയും പാകപ്പെടുത്തിയെടുത്തു സ്വന്തം മുതഅല്ലിമീങ്ങളുടെ സ്‌നേഹത്തിന് ശൈഖുന അതിയായ വില കല്‍പ്പിച്ചു. ശകാര വര്‍ഷങ്ങളോ ശിക്ഷാ നടപടികളോ ഒന്നും തന്നെ ആ ദര്‍സില്‍ വേണ്ടി വന്നില്ല. ഒരാള്‍ക്കും വേദനയോ വിഷമമോ ഉണ്ടാക്കുന്ന ഒന്നും ആ അധരങ്ങളില്‍ അല്ലാഹു വരുത്തിയില്ല. അതിനാല്‍ തന്നെ അവിടുന്ന് പറയുന്ന വാക്കുകള്‍ക്കെല്ലാം പുലര്‍ച്ചയുണ്ടായിരുന്നു. പത്ത് കൊല്ലം ഹബീബായ നബി (സ) യെ ഖിദ്മത്ത് ചെയ്ത അനസ്ബ്‌നു മാലിക്ക് (റ) പറയുന്ന അനുഭവം ഹദീസായി നമുക്ക് ഓതിത്തരുന്നതോടൊപ്പം അധ്യാപന ജീവിതത്തില്‍ ശൈഖുന പകര്‍ത്തുകയും ചെയ്തു.
അനിഷ്ടമായത് വല്ലതും ആരുടെയെങ്കിലും ഭാഗത്ത് നിന്ന് വന്നുപോയാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയാളുടെ മുഖത്തേക്ക് ശൈഖുന നോക്കില്ല. ഖുര്‍ആന്‍ ഉപമിച്ചത് പോലെ ഭൂമി വന്ന് ഞെരുക്കുന്ന പ്രതീതിയാവും ശൈഖുനായെ അകമറിഞ്ഞ് സ്‌നേഹിക്കുന്ന ശിഷ്യഗണങ്ങള്‍ക്ക് ആ നിമിഷങ്ങള്‍ അനുഭവപ്പെടുക. ആയതിനാല്‍ എല്ലാവരും സ്വയം നിയന്ത്രിതരായി ആ ദര്‍സില്‍ കഴിഞ്ഞ് പോന്നു. ഈ രീതിയിലൊക്കെ തിരു ചര്യയോടുള്ള ബഹുമാനവും അവപകര്‍ത്തുന്നതിലുള്ള ഉത്സാഹവും തിരുനബിയോടുള്ള സ്‌നേഹത്തില്‍ സത്യസന്ധതയും വെച്ച് പുലര്‍ത്തിയത് കൊണ്ടുള്ള ഗുണഫലമാണ് ഇഹ്‌യാഉസ്സുന്ന. തലക്കടത്തൂരില്‍ ശൈഖുന ദര്‍സ് നടത്തുമ്പോള്‍ അന്നവിടെ മുതഅല്ലിമായിരുന്ന എ പി ഉസ്താദിനെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നോക്കിവരാന്‍ അവിടുന്ന് അയക്കുമായിരുന്നു. 1958 മുതല്‍ 1990 വരെയും ശൈഖുന ആ സ്ഥാപനത്തിന്റെ സേവകന്‍ മാത്രമായിരുന്നു. ചാലിയത്ത് നിന്ന് വീട്ടിലെത്തുമ്പോള്‍ കോളജില്‍ കഞ്ഞിവെച്ചിട്ടില്ലെന്നറിഞ്ഞാല്‍ വീട്ടിലുള്ള അരി ഒരു മണി പോലും ബാക്കിവെക്കാതെ കൊടുത്തയച്ചിട്ടുണ്ട് ശൈഖുന. സ്വന്തം മകള്‍ മരണപ്പെട്ടപ്പോള്‍ പോലും ദൃഢചിത്തനായി നിന്ന ശൈഖുനയുടെ കവിള്‍തടം നനഞ്ഞത് കോളജ് പൂട്ടിയിടേണ്ടി വന്നപ്പോഴായിരിന്നു.
ഗുരുനാഥന്മാരും സമകാലിക പണ്ഡിതന്മാരൊക്കെയും ശൈഖുനയെ പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ശംസുല്‍ ഉലമ ഖുതുബി ഉസ്താദിന്റെ മകന്റെ വിവാഹ വേളയില്‍ ഇ കെ ഉസ്താദും സ്വദഖത്തുല്ല ഉസ്താദുമൊക്കെ ഇരിക്കുന്ന സദസ്സില്‍ ദൂരെ മാറി നിന്ന ശൈഖുനയെ വിളിച്ചിരുത്തി ഖുതുബി ഉസ്താദ് ദുആ ചെയ്യിപ്പിച്ചിട്ടുണ്ട്. ഇപ്രകാരം സ്വദഖത്തുല്ല ഉസ്താദിന്റെ ഭാര്യ മരണപ്പെട്ട് ജനാസയെടുക്കുന്ന നേരത്ത് ദുആ ഇരക്കാന്‍ ആവശ്യപ്പെട്ടത് ശൈഖുനയോടായിരുന്നു. ഇതിനെ കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ സ്വദഖത്തുല്ല ഉസ്താദിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘അത് ഓടക്കലാണ്, കൈ ഉയര്‍ത്തിയാല്‍ അല്ലാഹു മടക്കില്ല’. ശിഷ്യന്മാര്‍ക്കെല്ലാം അവിടുന്ന് ഗുരുത്തം മാത്രം നല്‍കി. അവരെല്ലാം ഇന്ന് നാടിനെയും സമൂഹത്തെയും നയിക്കുന്ന ഉന്നതന്‍മാരായി.
ശൈഖുന വിട പറഞ്ഞിട്ട് ഇന്നേക്ക് 16 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2002 ആഗസ്റ്റ് 15 ജമാദുല്‍ ആഖിര്‍ 6ന് ആ മഹാന്‍ ഈ ലോകത്തോട് വിടപറഞ്ഞു. ബഹ്‌റുല്‍ ഉലൂമായ നമ്മുടെ ശൈഖുനയുടെ ദറജ ഇനിയും അല്ലാഹു തആല ഉയര്‍ത്തട്ടെ. ആമീന്‍.
ഇ സുലൈമാൻ മുസ്‌ലിയാർ
22-02-2018
സിറാജ്