ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 8 February 2018

അഹ്മദ് റസാ ഖാന്‍ ബറേല്‍വി (റ)




---------------------------------------------

ഹിജ്‌റ വര്‍ഷം 1272  ശവ്വാല്‍ 10 ന് ( ക്രിസ്താബ്ദം 1856 ജൂണ്‍ 14 ) അഹ് മദ് റസാ ഖാന്‍ ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ജനിച്ചു.  പിതാവ് മൗലാനാ നഖീ അലി ഖാന്‍, പിതാമഹന്‍ മൗലാനാ റസാ അലി ഖാന്‍  എന്നിവര്‍ മഹത്തുക്കളും പണ്ഡിതരുമായിരുന്നു.  പിതാവ് ഹിജ്‌റ 1297 (ക്രിസ്താബ്ദം : 1880 )ലും പിതാമഹന്‍ ഹിജ്‌റ 1282 (ക്രിസ്താബ്ദം 1866) ലും വഫാത്തായി. പിതാമഹന്‍ മൗലാനാ റസാ അലി ഖാനാണ്  അഹ്മദ് റസയെന്ന പേര് നിര്‍ദേശിച്ചത്.

പ്രവാചക സ്‌നേഹത്തിന്റെ പ്രവിശാല ലോകത്ത് അനേകം രചനകള്‍ നടത്തി തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പില്‍ക്കാലത്തെ ഈ മേഖലയില്‍ രചനകള്‍ നടത്തിയവരെയും അദ്ദേഹത്തിന്റെ രചനകള്‍ അത്യധികം സ്വാധീനിച്ചിരുന്നു. അല്ലാമാ ഇഖ്ബാല്‍ ഉള്‍പ്പെടെ പ്രവാചക പ്രകീര്‍ത്തന രചനകള്‍ നടത്താന്‍ ഉള്‍പ്രേരണ നേടിയതും അഹ്മദ് റസാഖാന്റെ രചനകളില്‍ നിന്നാണ്. ഇസ് ലാമിക ലോകത്ത് വിശ്വാസപരമായി പിഴവു പറ്റിയ പുത്തന്‍ വാദികള്‍ക്കെതിരെ അദ്ദേഹം ശക്തമായി നിലകൊണ്ടു. വഹാബിസം ഉത്തരേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ജനങ്ങളില്‍ ബോധവത്ക്കരണം നടത്തി ബിദ്അത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. ഉത്തരേന്ത്യന്‍ മുസ് ലിംകള്‍ക്ക് ആദര്‍ശ ബോധവും ഇസ്‌ലാമിക സംസ്‌കാരവും പകര്‍ന്നു നല്‍കിയതും വൈജ്ഞാനിക മേഖലയിലെ കനപ്പെട്ട സംഭാവനകളും കൊണ്ട് വിശ്വാസി ഹൃദയങ്ങളില്‍ അഹ് മദ് റസാ ഖാന്‍ ചിരപ്രതിഷ്ഠ നേടി. ഹനഫി ഫിഖ്ഹില്‍ തികഞ്ഞ അവഗാഹം ഉണ്ടായിരുന്നു. ഫിഖ്ഹ് ഗ്രന്ഥ രചനയും അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളിലൊന്നാണ്.

ആദരപൂര്‍വം അഅ്‌ലാ ഹസ്‌റത്തെന്നാണ് ഉത്തരേന്ത്യന്‍ മുസ് ലിംകള്‍ക്കിടയില്‍ അഹ്മദ് റസാ ഖാന്‍ ബറേല്‍വി അറിയപ്പെടുന്നത്. സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ത്ഥ വിശ്വാസധാര മുറുകെപ്പിടിക്കുന്ന വിശ്വാസികള്‍ ബറേല്‍വികള്‍ എന്നും അറിയപ്പെടുന്നു. സുന്നികളെ അഅ്‌ലാ ഹസ്‌റത്തിന്റെ നാമധേയത്തോട് ചേര്‍ത്താണ് അങ്ങിനെ വിളിക്കുന്നത്. അദ്ദേഹം അന്ത്യവിശ്രമം കൊളളുന്ന പ്രദേശത്തെ ബറേലി ശരീഫ് എന്ന് ബഹുമാനത്തോടെ മാത്രമേ വിശ്വാസികള്‍ പറയാറുളളൂ.

ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, ഫിഖ്ഹ്, ഫിലോസഫി, തജ് വീദ്, താരീഖ്, അഖായിദ്, മാത്തമാറ്റിക്‌സ്, ഗോളശാസ്ത്രം, ഭാഷ, തസവ്വുഫ് തുടങ്ങി ഒട്ടധികം വിജ്ഞാന ശാഖകളില്‍ അദ്ദേഹം ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്. ഇത്രയധികം വൈജ്ഞാനിക മേഖലകളില്‍ ഒരേ സമയം ഗ്രന്ഥ രചന നടത്തിയ ഖ്യാതി ഒരു പക്ഷേ അദ്ദേഹത്തിന് മാത്രം സ്വന്തമായിരിക്കും. 55 ഓളം വിഷയങ്ങളിലായി ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ അഹ്മദ് റസാഖാന്റെതായുണ്ട്. ഉര്‍ദുവിലുളളത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന് ഫാര്‍സിയിലും അറബിയിലുമുണ്ട്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ 25 ഓളം സര്‍വകലാശാലകളില്‍ അഅ്‌ലാ ഹസ്‌റത്ത് പഠന വിഷയമാണ്. നിരവധി യൂണിവേഴ്‌സിറ്റികളില്‍ അദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങളും മറ്റുചില ഗ്രന്ഥങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹിജ് റ വര്‍ഷം 1340 സഫര്‍ 25 വെളളിയാഴ്ച ഉച്ചക്ക് 2.38 ന് ബറേലിയില്‍ വെച്ചായിരുന്നു വിയോഗം. വിശ്വാസി സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കിയും വൈജ്ഞാനിക ലോകത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയുമാണ് ധന്യമായ ആ വിശുദ്ധ ജീവിതത്തിന്റെ നാള്‍വഴികള്‍ കടന്നു പോയത്.

അദ്ദേഹത്തിന്റെ അന്ത്യരംഗത്തിന് സാക്ഷിയായ മൗലാനാ മൗലാനാ ഹസ്‌നൈന്‍ റസാഖാന്‍ എഴുതുന്നു. എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരുന്നു മൗലാനാ അഹ്മദ് റസാ ഖാന്റെ പെരുമാറ്റം. സമയം ഉച്ചക്ക് രണ്ടു മണിക്ക് നാലു മിനിറ്റ് ബാക്കിയുളളപ്പോള്‍ അദ്ദേഹം സമയമന്വേഷിച്ചു. ക്ലോക്ക് താഴെ വെക്കാനും ചിത്രങ്ങള്‍ മുറിയില്‍ നിന്ന് മാറ്റാനുമാവശ്യപ്പെട്ടു. റൂമില്‍ ചിത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. കൂടി നില്‍ക്കുന്നവരുടെ മുഖത്ത് ആശ്ചര്യം പരന്നു. എന്നാല്‍ കാര്‍ഡുകള്‍, കറന്‍സി, കവറുകള്‍ എന്നിവയാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് സഹോദരന്‍ മൗലാനാ മുഹമ്മദ് റസാഖാനോട് വുളൂഅ് ചെയ്ത് മുസ്ഹഫുമായി വരാനാവശ്യപ്പെട്ടു. ശേഷം മറ്റൊരു സഹോദരന്‍ മുസ്തഫ റസാ ഖാനോട് യാസീന്‍, റഅ്ദ് സൂറകള്‍ പാരായണം ചെയ്യാനാവശ്യപ്പെട്ടു.

യുഗപുരുഷന്റെ വേര്‍പാടിന്റെ നിമിഷങ്ങള്‍ അടുത്തു വന്നു. ഇനി ഏതാനും മിനിറ്റുകള്‍ കൂടിയാണ് ആ വിശുദ്ധ ജീവിതത്തില്‍ അവശേഷിക്കുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം രണ്ടു സൂറകളും പാരായണം ചെയ്തു കഴിഞ്ഞ സന്ദര്‍ഭം. സഹോദരനോടൊപ്പം അദ്ദേഹവും പതുങ്ങിയ ശബ്ദത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നുണ്ടായിരുന്നു. അദൃശ്യ ലോകത്ത് നിന്നും നിര്‍ദേശം കിട്ടിയതു പോലെ പതിവു പ്രാര്‍ഥനകളിലും ചില പ്രത്യേക പ്രാര്‍ഥനകളിലും അദ്ദേഹം മുഴുകി. ശേഷം കലിമ ഉച്ചരിച്ചു. ശ്വാസം നെഞ്ചില്‍ തങ്ങിനില്‍ക്കുന്നതു പോലെയും വാചകങ്ങളും ചുണ്ടുകളും ഇടറുന്നതുപോലെയും കാണപ്പെട്ടു. ഒരു നിമിഷം അദ്ദേഹത്തിന്റെ മുഖകമലം പ്രകാശിച്ചു. സൂര്യപ്രഭ മുഖത്തിന് ചുറ്റും പടര്‍ന്നതുപോലെയായിരുന്നു അത്. ആ പ്രകാശം അപ്രത്യക്ഷമായതോടെ വിശുദ്ധമായ ആ ആത്മാവ് അല്ലാഹുവിലേക്ക് യാത്രയായിക്കഴിഞ്ഞിരുന്നു.

ബറേലിയില്‍ അദ്ദേഹത്തിന്റെ മഖ്ബറയില്‍ വിശ്വാസികളുടെ അനുസ്യൂതമായ പ്രവാഹം സദാസമയവും ദൃശ്യമാകും. മസ്ജിദും മതവിജ്ഞാന സമുച്ചയവും മഖ്ബറയോടനുബന്ധിച്ച് കാണാം. കേരളീയ ദര്‍സ് സമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സുബ്ഹിക്ക് ശേഷം പളളിയില്‍ വെച്ച് മത പഠനം നടക്കുന്നത് ആകര്‍ഷണീയമാണ്. സുബ്ഹി നിസ്‌കാരാനന്തരം മുസ്തഫാ ജാനെ റഹ്മത്ത് പെ ലാഖോം സലാം എന്ന പ്രവാചക പ്രകീര്‍ത്തനം കാവ്യം ആലപിച്ചാണ് വിശ്വാസികള്‍ പിരിഞ്ഞു പോകുന്നത്. ഉത്തരേന്ത്യയിലെ മഖ്ബറകളില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളും സ്ത്രീ പുരുഷ സങ്കലനവും ഇവിടെ കാണാനാവില്ല. തിരുനബിയുടെ വിശുദ്ധ കേശം മഖ്ബറയോടനുബന്ധിച്ച മുറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഈ മുറിയുടെ സമീപവും പ്രകീര്‍ത്തന കാവ്യങ്ങളാലപിക്കുന്ന പ്രവാചക സ്‌നേഹികളെ കാണാനാകും. വര്‍ഷത്തില്‍ രണ്ട് തവണ മാത്രമാണ് പ്രത്യേകം സൂക്ഷിക്കപ്പെട്ട തിരുകേശം പുറത്തെടുക്കാറെന്ന് മഖ്ബറ നടത്തിപ്പുകാരന്‍ സത്യസരണിയോട് പറഞ്ഞു. സ്ത്രീകള്‍ക്ക് സിയാറത്തിന് വരുന്നതിന് പ്രത്യകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളീയരെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്ല മതിപ്പാണ്. ശൈഖ് അബൂബക്കറിന്റെ കേരളത്തിലെ ഇസ് ലാമിക നവജാഗരണത്തെക്കുറിച്ച് ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ വാചാലമായപ്പോള്‍ അതിശയം തോന്നി. ബറേലി ശരീഫിലെ പണ്ഡിതരുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ കാന്തപുരം നടത്തുന്ന ഐക്യശ്രമങ്ങള്‍ക്കുളള അംഗീകാരവും ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയും ആ വാക്കുകളില്‍ പ്രകടമായിരുന്നു.

അഹ്മദ് റസാഖാന്റെ ശിഷ്യ സമ്പത്ത് വിപുലമാണ് . കേരളത്തില്‍ പണ്ഡിത ലോകത്തെ വിസ്മയമായിരുന്ന അഹ്മദ് കോയ ശാലിയാത്തിയുടെ ഹനഫീ ഫിഖ്ഹിലെ ഉസ്താദാണ് അഹ്മദ് റസാഖാന്‍ ബറേല്‍വി. ഇന്നും ഉത്തരേന്ത്യന്‍ മുസ്ലിം സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായ മുസ്തഫാ ജാനെ റഹ്മത് പെ ലാഖോം സലാം എന്ന് തുടങ്ങുന്ന ബൈത്ത് പ്രവാചകപ്രകീര്‍ത്തന മേഖലയിലെ അഹ്മദ് റസാഖാന്റ സംഭാവനകളില്‍ ഏറ്റവും പ്രചുരപ്രചാരം നേടിയ വരികളായി നിലനില്‍ക്കുന്നു. പ്രവാചക സ്‌നേഹത്തിലൂടെ അറിവും വിശ്വാസ ദാര്‍ഢ്യവും ആദര്‍ശബോധവും പകര്‍ന്ന് നല്‍കി വ്യതിയാനചിന്താഗതികളെ ഫലപ്രദമായി പ്രതിരോധിച്ച പണ്ഡിതനും സൂഫിവര്യനും വൈജ്ഞാനിക ലോകത്തെ അതികായനുമായി അഹ്മദ്‌റസാ ഖാന്‍ എക്കാലവും സ്മരിക്കപ്പെടും.