🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സഈദുബ്നു ആമിര്‍(റ)
💐💐💐💐💐💐💐💐💐

ഖുറൈശികളുടെ ക്ഷണം സ്വീകരിച്ച് മക്കയോടടുത്ത തന്‍ഈമിലെത്തിയ ആയിരങ്ങ ളില്‍ ഒരാള്‍. നബി(സ്വ) യുടെ അനുചരരില്‍ അത്യുന്നതനായ ഖുബൈബുബ്നു അദിയ്യ് (റ)വിനെ ഖുശിൈകള്‍ ചതിയില്‍ ബന്ദിയാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ വധം കാണാന്‍ സന്നിഹിതനായതാണ് സഈദ്. ചോരത്തിളപ്പും ബാഹുബലവും കാരണം ജനസഞ്ചയത്തെ വകഞ്ഞു മാറ്റി മുന്‍നിരയില്‍ എത്തിച്ചേരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നോക്കുമ്പോള്‍, അബുസുഫ്യാന്, സ്വഫ്വാനുബ്നു ഉമയ്യഃ തുടങ്ങിയ ഖുറൈശി പ്രമുഖര്‍ രംഗം നിയന്ത്രിക്കുന്നു.
അതാ….ഒരാരവം കേള്‍ക്കുന്നു സഈദ് അങ്ങോട്ട് ദൃഷ്ടി തിരിച്ചു. തടവുകാരനെ കൊ ണ്ടുവരികയാണ്. യുവാക്കളും സ്ത്രീകളും കുട്ടികളുമടങ്ങിയ ഒരു സംഘം ഖുബൈ ബിനെ ഉന്തിത്തളളി കഴുമരത്തിലേക്കാനയിക്കുന്നു. മുഹമ്മദിനോടുളള പക ഖുബൈ ബിലൂടെ ശമിപ്പിക്കാന്‍. ബദ്റില്‍ കൊല്ലപ്പെട്ട ഖുറൈശികള്‍ക്കു പകരം അദ്ദേഹത്തെ വധിച്ച് നിര്‍വൃതിയടയാന്‍.
സംഘം വധസ്ഥലത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഉന്നതാകാരനായ സഈദുബ്നു ആമിര്‍ ബന്ധിതനായ ഖുബൈബിനെ സാകൂതം വീക്ഷിച്ചു. അദ്ദേഹം തൂക്കുമരത്തിലേ ക്കാനയിക്കപ്പെടുകയാണ്. പീറച്ചെറുക്കന്മാരുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഖു ബൈബിന്റെ ശാന്തവും സുദൃഢവുമായ ശബ്ദം അദ്ദേഹം കേട്ടു:
“ഹാ, ഖുറൈശികളെ! സൌകര്യമുണ്ടെങ്കില്‍ വധത്തിന് മുമ്പ് രണ്ടു റക്അത്ത് നിസ്കരിക്കാ നെന്നെ അനുവദിക്കുക”.
പിന്നെ സഈദ് കാണുന്നത് ഖുബൈബ് കഅ്ബയിലേക്ക് തിരിഞ്ഞു നില്‍ക്കുന്നതാണ്. രണ്ട് റക്അത്ത് നിസ്കാരം. ഹാ! അതെത്ര സുന്ദരം! സമ്പൂര്‍ണ്ണം!! ശാന്തം!!! നിസ്കാരാ നന്തരം ഖുബൈബ് ജനനേതാക്കളോടായി പറഞ്ഞു:
“അല്ലാഹുവാണ് സത്യം, മരണം ഭയപ്പെട്ടാണ് നിസ്കാരം ദീര്‍ഘിപ്പിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കമായിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ കൂടുതല്‍ നിസ്കരിക്കുമാ യിരുന്നു”.
ശേഷം നടന്ന സംഭവങ്ങള്‍ കണ്ട് സഈദിന് സ്വന്തം കണ്ണുളെ വിശ്വസിക്കാനായില്ല. സ്വന്തം ജനത ഖുബൈബിനോട് ചെയ്ത ക്രൂരത ഹിംസ്രജന്തുക്കളെപ്പോലും നാണിപ്പി ക്കുന്നതായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ശരീരഭാഗങ്ങള്‍ ജീവനോടെ മുറിച്ച് മാറ്റുക യാണ്. ഓരോ കഷ്ണം മുറിക്കുമ്പോഴും കിരാതര്‍ അദ്ദേഹത്തോട് ചോദിക്കുന്നു. “ഖുബൈബ്, നിന്റെ ഈ ദുരവസ്ഥ മുഹമ്മദ് അനുഭവക്കുകയും നീ സുരക്ഷിതനായിരി ക്കുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുവോ?” ശരീരത്തില്‍ നിന്ന് രക്തം ധാരധാര യായൊഴുകുമ്പോയും ഖുബൈബിന്റെ മറുപടി:
“അല്ലാഹു തന്നെയാണ് സത്യം. നിര്‍ഭയനും സുഖലോപനുമായി ഞാനെന്റെ കുടുംബ ത്തോടൊപ്പം സല്ലപിച്ച് കഴിഞ്ഞുകൂടുകയും തല്‍സമയം പ്രിയപ്പെട്ട പ്രവാചകര്‍ (സ്വ)ക്ക് ഒരു മുള്ളിന്റെ ധ്വംസനം പോലും ഏല്‍ക്കുകയുമാണെങ്കില്‍ ഞാനത് ഒട്ടും ഇഷ്ടപ്പെടു കയില്ല”.
നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഈ വാക്കുകള്‍ കേള്‍ക്കേണ്ട താമസം കുഫ്ഫാറുകള് മുഷ്ടി ചുരുട്ടി ആക്രാഷിച്ചു.
“കൊല്ലവനെ!”
ശേഷം സഈദ് കാണുന്നത് ഖുബൈബ് തൂക്കുമരത്തില്‍ നിന്നു കൊണ്ട് കണ്ണുകള്‍ മേല്‍പ്പോട്ടുയര്‍ത്തി പ്രാര്ഥിക്കുന്നതാണ്.
“അല്ലാഹുവേ അവരുടെ എണ്ണം നീ ക്ളിപ്തപ്പെടുത്തണേ. ഒന്നൊഴിയാതെ എല്ലാവരേയും നീ നശിപ്പിക്കുകയും ചെയ്യേണമേ”
അവസാനം അസംഖ്യം വെട്ടുകളും കുത്തുകളുമേറ്റ് ആ പരിശുദ്ധാത്മാവ് അന്ത്യ ശ്വാസം വലിച്ചു.
ഖുറൈശികള്‍ മക്കയിലേക്ക് മടങ്ങി. കാലക്രമേണ ഖുബൈബും അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളും വിസ്മൃതിയിലാണ്ടു. പക്ഷേ, യുവാവായ സഈദുബ്നു ആമിറുന്റെ ചിന്ത കള്‍ക്ക് ആ ഓര്‍മകള്‍ തെല്ലിടപോലും സ്വസ്ഥത നല്‍കിയില്ല. ഉറങ്ങുമ്പോള്‍ ആ ഭീകര രംഗം സ്വപ്നത്തില്‍ തെളിയുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ മനസ്സില്‍ അത് പൂര്‍വ്വോപരി ശക്തിയായി പ്രത്യക്ഷപ്പെടുന്നു. കണ്മുമ്പില് ഖുബൈബിന്റെ രൂപം.
കഴുമരത്തിന്റെ മുമ്പില്‍ വെച്ച് അദ്ധേഹം ശാന്തവും സുന്ദരവുമായി നിസ്കാരം നിര്‍വ്വ ഹിക്കുന്നു……. ഖുറൈശികള്‍ക്കെതിരായി അദ്ദേഹം ചെയ്ത പ്രാര്‍ഥനയുടെ ശബ്ദം കര് ണ്ണപുടത്തില്‍ അലയടിക്കുന്നു…..അല്ലാഹുവിന്റെ കഠിനമായ ശിക്ഷയിറങ്ങുമോ, അദ്ദേ ഹം ഭയവിഹ്വലനായി..
അതെ സമയം ഖുബൈബ് സംഭവത്തിന് തിളക്കമാര്‍ന്ന മറ്റൊരു വശം കൂടി ഉണ്ടായി രുന്നു. സഈദ് ഇത് വരെ പഠിച്ചിട്ടില്ലായിരുന്ന മഹത്തായ ആ പാഠം ഖുബൈബ്(റ) അദ്ദേഹത്തെ പഠിപ്പിച്ചു.
യഥാര്‍ഥ ജീവിതം വിശ്വാസമാണ്; അതിന്റെ സംരക്ഷണത്തിനായി അന്ത്യംവരെയുളള പോരാട്ടവും. അടിയുറച്ച വിശ്വാസം അസാധ്യങ്ങളെ സുസാധ്യമാക്കുകയും അത്ഭുത ങ്ങള് സൃഷ്ടിക്കുകയും ചെയ്യും.
മറെറാന്ന്….അനുയായികള്‍ ജീവനും സ്വത്തിനും കുടുംബത്തിനുമുപരി സ്നേഹി ക്കുന്ന ഈ മനുഷ്യന് മുഹമ്മദ്(സ്വ) നിസ്സംശയം ദൈവാനുഗ്രഹമുളള പ്രവാചകനാണ്.
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം പോലെ, ഈ ചിന്തകള്‍ പര്യവസാനിച്ചത് അദ്ധേഹത്തിന്റെ ഇസ്ലാംമതാശ്ളേഷത്തിലായിരുന്നു. അദ്ധേഹം പരസ്യമായി പ്രഖാ പിച്ചു:
“ഞാന്‍ ഖുറൈശികളുടെ അക്രമങ്ങളിലും തെറ്റുകളിലും പങ്കില്ലാത്ത നിരപരധിയാണ്. ഇന്ന് മുതല്‍ ഞാനും നിങ്ങളുടെ ബിംബങ്ങളും തമ്മില്‍ യാതൊരു ബന്ധവുണ്ടായിരി ക്കില്ല. ഞാന്‍ അല്ലാഹുവിന്റെ ദീനില്‍ അംഗമായി ചേര്‍ന്നിരിക്കുന്നു.”
സഈദുബ്നു ആമിര്‍ മദീനയിലേക്ക് പുറപ്പെട്ടു. മുത്ത് നബി(സ്വ) യോടൊപ്പം ജീവി താന്ത്യം വരെ കഴിച്ചു കൂട്ടി. ഖൈബറിന് ശേഷം നടന്ന എല്ലാ യുദ്ധങ്ങളിലും പങ്കെ ടുത്തു.
റസൂലുല്ലാഹി(സ്വ) വഫാത്തായ ശേഷം അവിടുത്തെ സച്ചരിതരായ ഖലീഫമാര്‍ സ്വിദ്ദീഖ് (റ) വിന്റെയും ഉമര്‍(റ) വിന്റെയും കയ്യിലെ ഗഢ്ഗമായി അദ്ദേഹം വര്‍ത്തിച്ചു. ഭൌതികലോകത്തിന് പകരം പരലേക വിജയം കാംക്ഷിച്ച സത്യവിശ്വാസിയുടെ ഏറ്റവും നല്ല മാതൃകയായി അദ്ദേഹം ജീവിച്ചു. എല്ലാ വിധ സ്വാര്‍ഥ താല്പര്യങ്ങളും വെടിഞ്ഞു. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം തിരഞ്ഞെടുത്തു.
അബൂബക്കര്‍ സ്വിദ്ദീഖ്(റ) വിനും ഉമറുബ്നുല്‍ഖത്താബ്(റ)വിനും അദ്ദേഹത്തിന്റെ സ ത്യസന്ധതയെകുറിച്ചും തഖ്വയെ കുറിച്ചും നല്ല ബോധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും ഉപദേശങ്ങള്‍ക്കുമായി അവര്‍ കാതോര്‍ത്തു.
ഉമര്‍(റ) ഭരണ സാരഥ്യമേറ്റെടുത്ത സന്ദര്‍ഭം. സഈദുബ്നു ആമിര്‍(റ) കടന്നു വരുന്നു. അദ്ദേഹം ഉമറിനോടായി പറഞ്ഞു.
“നിങ്ങള്‍ പ്രജകളുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കണം. അല്ലാഹുവിന്റെ ദീന് നടപ്പിലാക്കുന്നതില്‍ ഒരുത്തനേയും ഭയപ്പെടരുത്. നിങ്ങളുടെ വാക്കുകളും പ്രവൃത്തി കളും തമ്മില്‍ വൈരുദ്ധ്യമുണ്ടാവരുത്. പ്രവര്‍ത്തനങ്ങളിലൂടെ യാഥാര്‍ഥ്യവല്‍ക്കരിക്ക പ്പെടുന്നതത്രെ ഏറ്റവും ഉന്നതമായ വാക്കുകള്‍!”.
“ഉമര്‍, അല്ലാഹു നിങ്ങളുടെ കയ്യില്‍ ഏല്‍പ്പിച്ച ജനങ്ങളുടെ കാര്യങ്ങളില്‍ സദാ ശ്രദ്ധാ ലുവായിരിക്കുക. നിനക്കും നിന്റെ കുടുംബത്തിനും നീ ഇഷ്ടപ്പെടുന്നത് പ്രജകളുടെ കാര്യത്തിലും ഇഷ്ടമായിരിക്കട്ടെ. സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ ഏത് അപകട സന്ധിയും തരണം ചെയ്യാന്‍ സന്നദ്ധനായിരിക്കുക. അതില്‍ ഒരാളുടെ ആക്ഷേപത്തിനും ചെവി കൊടുക്കരുത്.”
ഉമര്‍(റ) ചോദിച്ചു: “സഈദ്, ആര്ക്കാണതിന് കഴിയുക?”.
സഈദ് പറഞ്ഞു: “അതിന് പ്രവാചക പുംഗവരുടെ സമുദായത്തിന്റെ നേതൃത്വവും പൂര്‍ണ്ണ ഉത്തരവാദിത്വവും അല്ലാഹു ഏല്പിച്ച നിങ്ങളെപ്പോലുള്ളവര്‍ക്ക് കഴിയും. അവ രുടെയും അല്ലാഹുവിന്റുെം ഇടയില്‍ മധ്യവര്‍ത്തിയില്ലല്ലോ”.
ഉടനെ ഉമര്‍(റ), സഈദ്(റ) വിനെ തന്റെ മന്ത്രാലയത്തിലേക്ക് വിളിച്ച്കൊണ്ട് അറിയിച്ചു.
“സഈദ്, നിങ്ങളെ ഞാന്‍ ഹിംസ്വിന്റെ ഗവര്‍ണറാക്കുകയാണ്”.
സഈദ്(റ) വിന്റെ പ്രതികരണം:
“ഉമര്‍, അല്ലാഹുവിന്റെ പേരില്‍ ഞാന്‍ ആണയിട്ട് അപേക്ഷിക്കുന്നു. എന്റെ കയ്യില്‍ ഭര ണമേല്‍പിച്ച് എന്നെ നിങ്ങള്‍ ഭൌതികതയിലേക്കും നാശത്തിലേക്കും വലിച്ചിഴക്കരുത്”
ഉമര്‍(റ) രോഷാകുലനായി. അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ക്ക് നാശം! ഈ ഭാണ്ഡം എന്റെ ചുമലിലിട്ട് നിങ്ങള്‍ രക്ഷപ്പെടുന്നുവല്ലേ. അല്ലാഹുവാണെ സത്യം ഞാന്‍ നിങ്ങളെ വിടില്ല”.
ഉമര്‍(റ) അദ്ദേഹത്തെ ഹിംസ്വിന്റെ ഗവര്‍ണറാക്കി. സഈദ് (റ) ഹിംസ്വിലേക്ക് യാത്ര യായി. താമസിയാതെ ഹിംസ്വില്‍ നിന്ന് വിശ്വസ്തരായ ഒരു സംഘം ആളുകള്‍ ഉമര്‍ (റ)വിന്റെ അടുക്കല്‍ വന്നു. ഖലീഫഃ പറഞ്ഞു: “ഹിംസ്വിലെ ദരിദ്രരുടെ ഒരു ലിസ്റ്റ് തരിക! ആവശ്യമുളളത് നല്‍കാം”. അവര്‍ ഒരു ലിസ്റ്റ് കൊടുത്തു. അതില്‍ പലരുടേയും കൂട്ടത്തില്‍ ഒരു പേര് കണ്ടു . സഈദ്ബ്നു ആമിര്‍.!
ഉമര്‍(റ)ചോദിച്ചു: “ആരാണ് ഈ സഈദ്ബ്നു ആമിര്‍?”
അവര്‍ പറഞ്ഞു: “ഞങ്ങളുടെ ഗവര്‍ണര്‍ തന്നെയണ്”. ഉമര്‍(റ): “നിങ്ങളുടെ ഗവര്‍ണര്‍ ഒരു ഫഖീറാണോ?”.
സംഘം:”അതെ!, അദ്ദേഹത്തിന്റെ വീട്ടില്‍ ദിവസങ്ങള്‍ തന്നെ തീ പുകയാതെ കടന്നു പോവാറുണ്ട്”.
ഇത് കേട്ടപ്പോള്‍ മഹാനായ ഉമര്‍(റ) വിന് ഗദ്ഗദം അടക്കാനായില്ല. അദ്ദേഹത്തിന്റെ താടി രോമങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നുപോയി. ആയിരം സ്വര്‍ണ്ണ നാണയങ്ങള്‍ ഒരു സഞ്ചിയിലാക്കി അവരെ ഏല്പിച്ചിട്ട് അദ്ദേഹം പറഞ്ഞു:
നിങ്ങള്‍ സഈദിനോട് എന്റെ സലാം പറയുകയും ഈ സംഖ്യ ആവശ്യത്തിന് ഉപയോ ഗിക്കാന്‍ അമീറുല്‍ മുഅ്മിനീന്‍ തന്നതാണെന്ന് അറിയിക്കുകയും ചെയ്യുക”. പ്രതിനിധി സംഘം ഹിംസ്വില്‍ തിരിച്ചെത്തി. സഈദിന്റെ അടുക്കല്‍ ചെന്ന് സഞ്ചി അദ്ദേഹത്തെ ഏല്പിച്ചു.
സഞ്ചിയില്‍ സ്വര്‍ണ്ണ നാണയം കണ്ട അദ്ദേഹം അത് ദൂരേക്ക് നീക്കി വെച്ചിട്ട് പറയുന്നു:
“ഇന്നാലില്ലാഹിവഇന്നാഇലൈഹി റാജിഊന്‍” എന്തോ വലിയ ആപത്ത് വന്ന് പെട്ട പോ ലെയാണ് അദ്ദേഹം പെരുമാറിയത്. അത് കേട്ട ഭാര്യ അകത്ത് നിന്ന് പരിഭ്രമിച്ച് ഓടി വന്ന് ചോദിച്ചു:
“എന്താ!, എന്തു പറ്റി, അമീറുല്‍ മുഅ്മിനീന്‍ മരണപ്പെട്ടുവോ?”.
സഈദ്: “അതല്ല, അതിലും ഭയങ്കരം”
ഭാര്യ: “മുസ്ലിംകള്ക്ക് വല്ല ആപത്തും സംഭവിച്ചോ?”
സഈദ്: “അല്ല, അതിനേക്കാള്‍ ഭയാനകം!”
ഭാര്യ: “അതിനേക്കാള്‍ വലുതായി എന്തുണ്ടായി?”
സഈദ്: “എന്നെ പാരത്രിക ലോകത്തു പരാജയപ്പെടുത്താനായി ഇതാ ദുന്യാവ് കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു. എന്റെ വീട്ടിലിതാ നാശം വന്നിരിക്കുന്നു”
ഭാര്യ പറഞ്ഞു: “എങ്കില്‍ താങ്കള്‍ (ആപത്തില്‍ നിന്ന്) എത്രയും വേഗം രക്ഷപ്പെടൂ!” (സ്വര്‍ണ്ണ നാണയങ്ങളെ കുറിച്ച് അവര്‍ ഒന്നും അറിഞ്ഞിരുന്നില്ല.)
സഈദ്: “നിനക്ക് എന്നെസഹായിക്കാന്‍ സാധിക്കുമോ?”
ഭാര്യ: “തീര്‍ച്ചയായും”.
തല്‍സമയം സഈദ്(റ) സ്വര്‍ണ്ണ നാണയങ്ങളത്രയും കുറേയധികം കീസുകളിലാക്കി ദരിദ്രരായ മുസ്ലിംകള്ക്ക് വീതിച്ചു കൊടുത്തു.
അധികം കഴിഞ്ഞില്ല; ഉമര്‍(റ) തന്റെ ഭരണത്തിന് കീഴിലുള്ള ശാം പ്രദേശങ്ങളിലേക്ക് ഹ്രസ്വ സന്ദര്‍ശനാര്‍ഥം പുറപ്പെട്ടു. അദ്ദേഹം ഹിംസ്വിലെത്തി. അന്നു ഹിംസ്വിന് ‘കുവൈ ഫ’ എന്ന അപരനാമം കൂടിയുണ്ടായിരുന്നു. ചെറിയ കൂഫ എന്നാണ് ആ പേരിനര്‍ഥം. കൂഫക്കാര്‍ ചെയ്തിരുന്ന പോലെ ഭരണാധികാരികള്‍ക്കെതിരെ കൂടുതല്‍ ആരോപണ ങ്ങളുന്നയിക്കുക അവര്‍ക്കു പതിവായിരുന്നതാണ് ഈ പേരിന്റെ ഉത്ഭവ പശ്ചാത്തലം. ഉമര്‍(റ) ഹിംസ്വ്കാരോടു ചോദിച്ചു:
“നിങ്ങളുടെ ഗവര്‍ണര്‍ എങ്ങനെയുണ്ട്?”.
അവര്‍ സഈദ്(റ) നെതിരെ നാല് ആരോപണങ്ങളുന്നയിച്ചു. ഓരോന്നും മറ്റേതിനേ ക്കാള്‍ സങ്കീര്‍ണ്ണമായിരുന്നു. ഉമര്‍(റ) പറയുന്നു: “ഞാന്‍ ഗവര്‍ണ്ണരേയും ജനങ്ങളേയും ഒരു സദസ്സില്‍ വിളിച്ചു ചേര്‍ത്തു. അല്ലാഹുവിനോടു ഞാന്‍ പ്രാര്‍ഥിച്ചു ‘നാഥാ! സഈ ദിനെ കുറിച്ചുള്ള എന്റെ നിഗമനം നീ അസ്ഥാനത്താക്കരുതേ’. കാരണം അദ്ദേഹത്തെ എനിക്കു വലിയ വിശ്വാസമായിരുന്നു”.
അവരും അവരുടെ ഗവര്‍ണരും സദസ്സില്‍ സന്നിഹിതരായപ്പോള്‍ ഞാന്‍ ചോദിച്ചു: “എ ന്താണ് അമീറിനെ കുറിച്ചു നിങ്ങള്‍ക്കു പറയാനുള്ളത്?”. അവര്‍ പറഞ്ഞു: “അദ്ദേഹം പകലേറെ ചെന്നിട്ടു മാത്രമെ വീട്ടില്‍ നിന്നു പുറത്തു വരാറുള്ളൂ!”
ഞാന്‍ ചോദിച്ചു: “എന്താണ് സഈദ്, നിങ്ങള്‍ക്കു ബോധിപ്പിക്കാനുള്ളത്?”
സഈദ്: “അല്ലാഹുവാണ്, ഞാന്‍ അതു പറയരുത് എന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ! ഗത്യന്തരമില്ലാതായതുകൊണ്ട് പറയുകയാണ്. എന്റെ കുടുംബത്തിന് ഒരു വേലക്കാര നില്ല. അതു കാരണം ഞാനെന്നും രാവിലെ സ്വന്തം കൈകളാല്‍ ഗോതമ്പു മാവ് പാക പ്പെടുത്തി അല്പ നേരം അങ്ങനെ തന്നെ വെക്കും. അതിനു പുളിപ്പു വന്നു കഴിഞ്ഞാല്‍ അതു കൊണ്ടു റൊട്ടി ഉണ്ടാക്കുകയും ശേഷം വുളു ചെയ്തു ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയുമാണു പതിവ്”.
വീണ്ടും ഞാന്‍ ചോദിച്ചു:
“നിങ്ങളുടെ അടുത്ത പ്രശ്നം എന്താണ്?”
സദസ്യര്‍: “അദ്ദേഹം രാത്രി ആരെയും അഭിമുഖത്തിന് അനുവദിക്കാറില്ല”.
ഞാന്‍ ചോദിച്ചു: ” സഈദ് എന്തു പറയുന്നു?”.
സഈദ്: “അല്ലാഹുവാണ് സത്യം, ഇതും പറയാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും നിര്‍വാഹമില്ലാത്തതിനാല്‍ പറയുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു വേണ്ടി എന്റെ പ കല് ഞാന്‍ നീക്കി വെക്കുകയും രാത്രി അല്ലാഹുവിന് ഇബാദത്തുചെയ്യാനായി വിനി യോഗിക്കുകയും ചെയ്യുന്നു”.
ഞാന്‍ വീണ്ടും ചോദിച്ചു:
“നിങ്ങളുടെ അടുത്ത പരാതി എന്താണ്?”
സദസ്യര്‍: “അദ്ദേഹം മാസത്തിലൊരു ദിവസം തീരെ പുറത്തുവരാറില്ല”.
ഞാന്‍ ചോദിച്ചു: “അതെന്താണ് സഈദ് ”.
സഈദ്: “അമീറുല്‍ മുഅ്മിനീന്‍! എനിക്ക് വേലക്കാരനില്ല. എനിക്ക് ഞാന്‍ ധരിച്ച വസ് ത്രമല്ലാതെ മറ്റു വസ്ത്രവുമില്ല. അതുകൊണ്ട് മാസത്തില്‍ ഒരിക്കല്‍ മാത്രം ഞാന്‍ ഈ വസ്ത്രം കഴുകി വൃത്തിയാക്കുകയും അത് ഉണങ്ങാനായി കാത്തിരിക്കുകയും ചെയ്യും അതിനാല്‍ പകലിന്റെ അവസാനം മാത്രമേ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞി രുന്നുള്ളു”.
വീണ്ടും ഞാന്‍ ചോദിച്ചു: “ഇനി എന്താണ് നിങ്ങളുടെ ആരോപണം?”.
അവര്‍ പറഞ്ഞു: “അദ്ദേഹത്തിന് ചിലപ്പോള്‍ ഒരു തരം മോഹാലസ്യം ഉണ്ടാവാറുണ്ട്. അപ്പോള്‍ ചുറ്റും നടക്കുന്നത് അദ്ദേഹം അറിയില്ല”.
ഞാന്‍ ചോദിച്ചു: “എന്താണ് സഈദ്, ഇതിന് കാരണം?”.
സഈദ്(റ): “ഞാന്‍ മുശ്രികായിരുന്ന കാലത്ത് ബഹുമാന്യരായ സ്വഹാബി ഖുബൈ ബുബ്നു അദിയ്യ്(റ) വിന്റെ കൊലക്ക് ഞാന്‍ സന്നിഹിതനായിരുന്നു. ഖുറൈശികള്‍ അ ദ്ദേഹത്തിന്റെ ശരീരം തുണ്ടം തുണ്ടമാക്കുന്നത് ഞാന്‍ നേരില്‍ കണ്ടു. ഖുറൈശികള്‍ അദ്ദേഹത്തോട് ചോദിക്കുന്നു:
“ഖുബൈബ്!, നിന്റെ സ്ഥാനത്ത് മുഹമ്മദ് ആയിരുന്നെങ്കില്‍ നീ അതിഷ്ടപ്പെടുമോ?”.
ഖുബൈബ്(റ) പറയുന്നു: “അല്ലാഹുവാണ്!, ഞാന്‍ എന്റെ ഭാര്യാ സന്താനങ്ങളോടൊപ്പം സസുഖം ജീവിക്കുകയും തത്സമയം മുഹമ്മദ്(സ്വ)ക്ക് ഒരു ചെറിയ മുള്ള് തറക്കുകയും ചെയ്യുകയാണെങ്കില്‍ പോലും ഞാന്‍ അത് സഹിക്കില്ല!”.
ആ രംഗവും, അന്ന് ഞാന്‍ ഖുബൈബിനെ സഹായിച്ചില്ലല്ലോ എന്ന കുറ്റബോവും കൂടി എന്റെ മനസ്സിലേക്ക് കടന്നുവരുമ്പോള്‍ അല്ലാഹു എനിക്ക് പൊറുത്തു തരില്ലേ എന്ന ഭയം എന്നെ പിടികൂടുകയും തല്‍സമയം ഞാന്‍ തളര്‍ന്നവശനായി മോഹാലസ്യപ്പെടു കയും ചെയ്യുന്നു”.
ആ സമയത്ത് ഉമര്‍(റ) പറഞ്ഞു: “സഈദിനെ കുറിച്ചുള്ള എന്റെ നിഗമനം പൂര്‍ണ്ണ മായും ശരിയാക്കിത്തന്ന അല്ലാഹുവിന് സര്‍വ്വ സ്തുതിയും”.
ശേഷം ഉമര്‍(റ) ആയിരം സ്വര്‍ണ്ണ നാണയങ്ങള്‍ സഈദിന് കൊടുത്തയച്ചു. അത് കണ്ട് സഈദിന്റെ ഭാര്യ പറഞ്ഞു.
“നമുക്ക് സമ്പത്ത് നല്കിയ അല്ലാഹുവിന് സ്തുതി നിങ്ങള്‍ ആവശ്യത്തിന് സാധനം വാങ്ങി വരിക. ഒരു ജോലിക്കാരനെയും. എങ്കില്‍ ഞാന്‍ കൂടുതല്‍ വിശമിക്കേണ്ടിവ രില്ലല്ലോ”
സഈദ് ഭാര്യയോട്: “അതിനേക്കാള്‍ എത്രയോ ഉത്തമമായ ഒരു കാര്യമുണ്ട്. നിനക്ക് താല്പര്യമുണ്ടോ?”.
ഭാര്യ: “എന്താണത്?”
സഈദ്: “നമുക്ക് വളരെ അത്യാവശ്യമുള്ള ഒരു സമയത്ത് തിരിച്ചു തരുന്ന ഒരാളുടെ കയ്യില്‍ അതേല്‍പിക്കാം”.
ഭാര്യ: “അതെങ്ങനെ?”
സഈദ്: “നമുക്കത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സംഭാവന ചെയ്യാം.
ഭാര്യ: “ശരി, നിങ്ങള്‍ക്ക് നന്മ വരട്ടെ!
അദ്ദേഹം ആ സ്ഥലത്ത് വച്ച് തന്നെ സ്വര്‍ണ്ണനാണയങ്ങള്‍ കുറെയധികം സഞ്ചികളി ലാക്കി, കുടുംബക്കാരിലൊരാളോട് പറഞ്ഞു:
“ഇത് ഇന്ന വിധവക്ക് കൊടുക്ക്,…..ഇത് ആ അനാഥകള്‍ക്ക്,…..ഇത് ആ നിര് ധനര്‍ക്ക്,…..ഇത് ഇന്ന അഗതികള്‍ക്ക്,…..” അങ്ങനെ അത് പൂര്‍ണ്ണമായും അദ്ദേഹം ദാനം ചെയ്തു.
“പരമദരിദ്രരാണെങ്കില്‍ പോലും അപരന്റെ സുഖത്തിനായി പ്രയത്നിക്കുന്നവരാണ് മുഅ്മിനുകള്” (വി.ഖു.).
‘അല്ലാഹു(സു) മഹാനായ സഈദുബ്നു ആമിറില്‍ ജമൂഹ്(റ) വിനെ തൃപ്തിപ്പെടു കയും തക്ക പ്രതിഫലം നല്‍കുകയും ചെയ്യട്ടെ’.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇക്രിമത്തുബ്നു അബീജഹല്‍(റ)
💐💐💐💐💐💐💐💐💐💐💐💐
“സ്വഹാബികളെ, ഇക്രിമ സത്യ വിശ്വാസിയായി വരും തീര്‍ച്ച. അതിനാല്‍ അദ്ദേഹത്തി ന്റെ പിതാവ് അബൂജഹ്ലിനെ നിങ്ങള്‍ അധിക്ഷേപിക്കാതിരിക്കുക… കാരണം മരിച്ചവരെ അധിക്ഷേപിക്കുന്നത് ജീവിച്ചിരിക്കുന്ന ബന്ധുക്കളെ വിഷമിപ്പിക്കുകയേയുള്ളൂ”. മുഹമ്മദ് നബി(സ്വ)
‘നാടും വീടും ത്യജിച്ച് വരുന്ന യാത്രികാ…സ്വാഗതം….’ ഇപ്രകാരമായിരുന്നു നബി (സ്വ) ഇക്രിമഃയെ സംബോധനം ചെയ്തത്.
ഇക്രിമഃക്ക് ഏകദേശം മുപ്പത് വയസ്സാകുമ്പോള്‍ കാരുണ്യത്തിന്റെ പ്രവാചകന് മുത്ത് മുസ്ഥഫാ(സ്വ) പരസ്യമായി സത്യപ്രബോധനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഖുറൈശികളിലെ ഉന്നതകുലജാതനാണ് ഇശ്രിമഃ, സമ്പന്നന്, വ്യക്തിപ്രഭാവത്തിനുടമ….അദ്ദേഹത്തിന്റെ സുഹൃത്തുക്കളെല്ലാം ഇസ്ലാമിക തണല്‍ വൃക്ഷത്തില്‍ ചേക്കേറിക്കൊണ്ടിരക്കുന്നു. സഅ്ദുബ്നു അബീവഖാസ്(റ), മുസ്വ്അബുബ്നുഉമൈര്‍(റ)…പക്ഷേ…, തന്റെ പിതാവ് ജീവിക്കുന്ന കാലത്തോളം ഇസ്ലാമിലേക്കെത്തല്‍ ദുഷ്കരം തന്നെയാണ്… പിതാവാരാണെന്നറിയുമോ…?
മക്കയിലെ അത്യുഗ്രപ്രതാപി, ശിര്‍ക്കിന്റെ തലതൊട്ടപ്പന്, നിഷ്ഠൂരനായ ആക്രമകാരി, അയാളുടെ മര്‍ദ്ദനമുറകള്‍ കൊണ്ട് സത്യവിശ്വാസികളുടെ ഈമാന്‍ അല്ലാഹു പരിശോധിച്ചു. എന്നാല്‍ അത് അവരുടെ വിശ്വാസത്തിന് തിളക്കം കൂട്ടുകയേ ചെയ്തുള്ളൂ…!
അയാളുടെ പേര് അബൂജഹ്ല്…!!
മകന് ഇക്രിമത്തുബ്നു അബീജഹ്ല് അല്‍ മഖ്സൂമീ. ഖുറൈശീ നിരയില്‍ പ്രഥമഗണനീയരില്‍ പെട്ടയാള്‍…! അതീവ വൈദഗ്ധ്യമുള്ള അശ്വഭടന്‍…!!
പിതാവിന്റെ സമ്മര്‍ദ്ദത്തില്‍ താനും യാന്ത്രികമായി മുഹമ്മദ് നബിയുടെ പ്രതിയോഗിയായിത്തീരുകയായിരുന്നു. നബിയോടുള്ള അതികഠിനമായ ശത്രുത താമസിയാതെ അയാളുടെ ഹൃദയത്തെ കീഴ്പ്പെടുത്തി. നബിയുടെ അനുചരരെ കിട്ടിയേടത്തെല്ലാം വെച്ച് അയാള്‍ ആക്രമിച്ചു. മുസ്ലിംകള്ക്കെതിരെ മകന് നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ കണ്ട് പിതാവ് അബൂജഹ്ലിന്റെ നെഞ്ചകം കുളിര്‍ത്തു.
ബദ്ര് ദിനം…
മുഹമ്മദിനെ തകര്‍ത്തല്ലാതെ മടങ്ങില്ലെന്ന് ലാത്തയുടെയും ഉസ്സയുടെയും നാമത്തില്‍ അബൂജഹ്ല് ശപഥം ചെയ്തിരിക്കുകയാണ്. ബദ്റില്‍ അവരുടെ സംഘം മൂന്ന് ദിവസം കഴിച്ചുകൂട്ടി… കുടിച്ച് ഭൂജിച്ച് മഥിച്ച് രസിച്ചുകൊണ്ടുള്ള ദിവസങ്ങള്‍. അതിന് ചൂടുപകരാന്‍ ഗായകസംഘം വിപ്ളവഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരിക്കുന്നു. യുദ്ധത്തില്‍ ഇക് രിമഃ അബൂജഹ്ലിന്റെ വലം കയ്യായി പ്രവര്‍ത്തിച്ചു.
പക്ഷേ…,! ബധിരരും മൂകരും നീര്ജീവികളുമായ ലാത്തയും ഉസ്സയുമുണ്ടോ കനിയുന്നു…?! അബൂജഹ്ലിന്റെ സഹായാര്ഥന അവ കേള്‍ക്കുകയോ സഹായിക്കുകയോ ചെയ്തില്ല….
ബദ്റില്‍, ഇശ്രിമഃയുടെ കണ്മുമ്പില് വെച്ച് അബൂജഹ്ല് വെട്ടിയിട്ട മരം പോലെ മറിഞ്ഞു വീണു. മുസ്ലിം യോദ്ധാക്കളുടെ ആയുധങ്ങള്‍ അയാളുടെ രക്തം കുടിച്ച് ദാഹം തീര്‍ക്കുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനേ ഇക്രിമഃക്ക് കഴിഞ്ഞുള്ളൂ. പിതാവിന്റെ അവസാനത്തെ ആര്‍ത്തനാദം അയാളുടെ കര്‍ണ്ണപുടത്തില്‍ തുളച്ചു കയറി…
ഖുറൈശികളുടെ അനിഷേധ്യ നേതാവിന്റെ ജഢം ബദ്റില്‍ ഉപേക്ഷിച്ച് ഇക്രിമഃ മക്കയിലേക്ക് മടങ്ങി… പിതാവിന്റെ ശവശരീരം കൊണ്ടുപോവാന്‍ കഴിയാത്ത വിധം പരാജയപ്പെട്ട് പിന്വാങ്ങിയതായിരുന്നല്ലോ അദ്ദേഹമടങ്ങുന്ന ഖുറൈശികള്‍…!. മറ്റു മുശ്രിക്കുകളുടെ കൂടെ അബൂജഹ്ലിന്റെ ജഢവും മുസ്ലിംകള് ബദ്റിലെ ഖലീബ് കിണറിലിട്ട് മണ്ണിട്ട് മൂടി.
അന്ന് മുതല്‍ ഇക്രിമഃക്ക് ഇസ്ലാമിനോടുള്ള സമീപനത്തിന് മറ്റൊരു മുഖം കൈവന്നു. തുടക്കത്തില്‍ പിതാവിന്റെ അഭിമാന സമരക്ഷണാര്ഥമായിരുന്നല്ലോ അയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാലിപ്പോള്‍ പ്രതികാരദാഹമാണ് അയാളെ ഇസ്ലാമിന്റെ കൊടിയ ശത്രുവാക്കിത്തീര്‍ത്തത്.
അതോടെ ഇക്രിമഃയും, ബന്ധുക്കള്‍ നഷ്ടപ്പെട്ട ചിലരും കൂടി ഖുറൈശികളുടെ ഹൃദയങ്ങളില്‍ മുഹമ്മദ് നബിയോടുള്ള രോഷാഗ്നി ആളിക്കത്തിക്കാനുള്ള തീവ്രയത്നത്തിലേര്‍പ്പെട്ടു. ആ ശ്രമം ശരിക്കും വിജയം കാണുക തന്നെ ചെയ്തു.
അങ്ങനെ ഉഹ്ദ് യുദ്ധത്തിന് കളമൊരുങ്ങി….
ഇക്രിമഃയും സൈന്യവും ഉഹ്ദിലേക്ക് പുറപ്പെട്ടു… ഭാര്യ ഉമ്മുഹകീമിനെയും ബദ്റില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട സ്ത്രീകളെയും അദ്ദേഹം കൂടെ കൊണ്ട് പോയി. സൈന്യത്തിന്റെ പിന്നില്‍ നിന്ന് ദഫ് മുട്ടിയും വിപ്ളവഗാനങ്ങള്‍ ആലപിച്ചും മറ്റും അവരെ ആവേശഭരിതരാക്കി യുദ്ധക്കളത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയായിരുന്നു ആ സ്ത്രീകളുടെ ദൌത്യം…
ഖുറൈശികള്‍ സൈന്യത്തിന്റെ നായകന്മാരായി വലതുഭാഗത്ത് ഖാലിദുബ്നുല്വലീദിനെയും ഇടത്ഭാഗത്ത് ഇക്രിമത്തുബ്നു അബീജഹ്ലിനെയും നിര്‍ത്തി.
ബഹുദൈവവിശ്വാസികളായ ആ രണ്ട് ധീരയോദ്ധാക്കളും ജീവന് മരണ പോരാട്ടം നട ത്തി മുശ്രിക്കുകള്‍ക്ക് താല്കാലിക വിജയം നേടിക്കൊടുത്തു…തല്‍സമയം അബൂസുഫ്യാന് ആത്മനിര്‍വൃതിയോടെ പറഞ്ഞു.
ഇത് ബദ്റിന് പകരമാണ്…! പക്ഷേ, എന്നിട്ടും യുദ്ധത്തില്‍ അന്തിമവിജയം മുസ്ലിം കള്‍ക്കായിരുന്നു.
ഖന്ദഖ് യുദ്ധം നടക്കുന്ന ദിവസം…
മുശ്രിക്കുകള്‍ മദീന ഉപരോധിച്ചിരിക്കുകയാണ്… അറബികള്‍ക്കജ്ഞാതമായ ഒരു യു ദ്ധതന്ത്രമായിരുന്നു സുരക്ഷക്കായി കിടങ്ങ് കുഴിക്കുക എന്നത്…പേര്‍ഷ്യക്കാരനായ സല്മാനുല്ഫാരിസിയുടെ ആശയമായിരുന്നു അത്. മുസ്ലിംകള് കിടങ്ങ് കുഴിച്ചു. മുശ്രിക്കുകള്‍ക്ക് മദീന ആക്രമിക്കാന്‍ സാധിച്ചില്ല. കാരണം കിടങ്ങ് വളരെ ആഴവും വീതിയുമുള്ളതായിരുന്നു….
ഉപരോധം കുറേ നീണ്ടപ്പോള്‍ ഇക്രിമഃയുടെ ക്ഷമയറ്റു. കിടങ്ങിന്റെ വീതി കുറഞ്ഞ ഭാഗത്ത് അയാള്‍ തന്റെ കുതിരയെ കൊണ്ടുവന്നു നിര്‍ത്തി. ഇക്രിമഃയുടെ സമ്മര്‍ദ്ദത്തില്‍ കുതിര ഒറ്റക്കുതിപ്പ്..
ഇക്രിമഃ അക്കരെയെത്തിക്കഴിഞ്ഞു… അയാള്‍ക്ക് പിന്നാലെ ധീരപരാക്രമികളായ ചില യോദ്ധാക്കളുടെ അശ്വങ്ങളും കിടങ്ങുചാടി. രണ്ടും കല്പിച്ചു കൊണ്ടുള്ള മുന്നേറ്റം. അതില്‍ അംറുബ്നു അബ്ദില്വുദ്ദ് ബലിയാടായതല്ലാതെ മറ്റൊരു പ്രയോജനവുമുണ്ടായില്ല. ഇക്രിമഃക്ക് ശരണം തോറ്റോടുക തന്നെ…!
മക്കാ വിജയ ദിനം…
മുഹമ്മദിനോടും കൂട്ടരോടും ചെറുത്തുനില്ക്കാന് ഒരിക്കലും സാധ്യമല്ലെന്ന് ഖുറൈശികള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. മുഹമ്മദിന് മാര്‍ഗ്ഗം ഒഴിച്ചു കൊടുക്കാന്‍ തന്നെ അവര്‍ തീര്‍ച്ചപ്പെടുത്തി…
പോരിന് വരുന്ന ഖുറൈശികളോട് മാത്രമേ യുദ്ധം ചെയ്യാവൂ എന്ന് സൈനിക നേതാക്കള്‍ക്ക് നബി(സ്വ) നിര്‍ദ്ദേശം നല്കിയതും അവരുടെ ഉദ്ധൃത തീരുമാനത്തിന് സഹായകമായി…
പക്ഷേ, ഇക്രിമഃ ഖുറൈശികളുടെ തീരുമാനം ചെവികൊള്ളാന്‍ തയ്യാറായില്ല… അദ്ദേഹവും മറ്റു ചിലരും മുസ്ലിം സൈന്യത്തെ നേരിടാന്‍ തന്നെ തീരുമാനിച്ചു…
ഒരു ചെറിയ ഏറ്റുമുട്ടല്‍…! ഖാലിദുബ്നുല്‍ വലീദ്(റ) ഖുറൈശീ സംഘത്തെ തുരത്തിക്കളഞ്ഞു. കുറെയാളുകള്‍ വധിക്കപ്പെട്ടു… ഒരുവിധം രക്ഷപ്പെടാന്‍ സാധിച്ചവര്‍ പിന്തിരിഞ്ഞോടി.. ഇക്രിമഃയും അതില്‍ പെടും…നേരിട്ട് മാപ്പു ചോദിച്ച ഖുറൈശികള്‍ക്കെല്ലാം നബി(സ്വ) മാപ്പ് നല്കി… പക്ഷേ…,! ചില വ്യക്തികളെ പ്രത്യേകം പേരെടുത്ത് പറഞ്ഞ് അവരെ കഅ്ബയുടെ ഖില്ലക്ക് ചുവട്ടില്‍ വെച്ചാണ് കാണുന്നതെങ്കിലും കൊന്നു കളയാന്‍ അവിടുന്ന് ഉത്തരവിട്ടു…
അക്കൂട്ടത്തില്‍ പ്രഥമഗണനീയനായിരുന്നു ഇക്രിമഃ. അയാള്‍ അതീവ രഹസ്യമായി യമനിലേക്ക് കടന്നു. മറ്റൊരു സ്ഥലവും അദ്ദേഹത്തിന് സുരക്ഷിതമായി തോന്നിയില്ല….
അതേ സമയം, ഇക്രിമഃയുടെ ഭാര്യ ഉമ്മുഹകീമും അബൂസുഫ്യാന്റെ ഭാര്യ ഹിന്ദും മറ്റ് പത്ത് സ്ത്രീകളും കൂടി നബി(സ്വ)യുടെ തിരുസന്നിധിയിലേക്ക് പുറപ്പെട്ടു…. നബി(സ്വ)യുടെ പിതൃവ്യന് ഹംസ(റ)വിന്റെ മയ്യിത്ത് ഉഹ്ദില്‍ വെച്ച് അവയവവിച്ഛേദം നടത്തി അവരുടെ കരള്‍ കടിച്ചു തുപ്പിയ സ്ത്രീയായിരുന്നു ഹിന്ദ്.
അക്കാരണത്താല്‍ തന്നെ മഹാനായ നബി(സ്വ)യെ അഭിമുഖീകരിക്കാന്‍ മാനസിക പ്രയാസവും ലജ്ജാഭാരവും ഉണ്ടായതിനാല്‍ മുഖം മറച്ചുകൊണ്ടായിരുന്നു അവര്‍ വന്നത്.
തത്സമയം നബി(സ്വ)യുടെയടുക്കല്‍ രണ്ട് ഭാര്യമാരും മകള്‍ ഫാത്വിമഃ ബീവിയും അഹ് ലുബൈത്തില്‍ പെട്ട മറ്റ് പല സ്ത്രീകളും ഉണ്ട്. ഹിന്ദ് സംസാരിച്ചു തുടങ്ങി:
‘അല്ലാഹുവിന്റെ തിരുദൂതരെ…! ഈ മതത്തെ സര്വ്വമതങ്ങളേക്കാളും ഉന്നതമാക്കിയ അല്ലാഹുവിന് സ്തുതി…! നാം തമ്മിലുള്ള കുടുംബബന്ധം മാനിച്ച് എന്നോട് ദയയോടെ വര്‍ത്തിക്കണമെന്ന് ഞാന്‍ ആദ്യമായി അപേക്ഷിക്കുന്നു… ഞാന്‍ സത്യവിശ്വാസിനിയായിത്തീര്ന്നിരിക്കുന്നു…!’
ശേഷം തന്റെ വദനകവചം മാറ്റിയിട്ട് അവര്‍ പറഞ്ഞു.
‘ഇത് ഉത്ബഃയുടെ മകള്‍ ഹിന്ദ് ആണ് തിരുനബിയേ…!’
നബി(സ്വ) പറഞ്ഞു: ‘നിനക്ക് സ്വാഗതം…!’
ഹിന്ദ് തുടര്‍ന്നു: ‘അല്ലാഹുവാണ് സത്യം…! താങ്കളുടെ വീട്ടില്‍ ഉണ്ടാകണമെന്ന് ഞാനാഗ്രഹിച്ച നിന്ദ്യത ലോകത്ത് മറ്റൊരു വീടിനും ഞാനാഗ്രഹിച്ചിരുന്നില്ല… എന്നാല്‍ ഇന്ന് ഭൂമിയില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഔന്നത്യവും അഭിമാനവും ഈ വീട്ടില്‍ നിറഞ്ഞുനില്ക്കുന്നത് കണ്ട് എന്റെ ഹൃദയം ത്രസിക്കുകയാണ്…!’
നബി(സ്വ) പറഞ്ഞു: ‘അതിലുമുപരി ആഗ്രഹിക്കാം…!’
ശേഷം ഉമ്മുഹകീം എഴുന്നേറ്റു സത്യവാചകം ചൊല്ലി മുസ്ലിമത്തായി…അവര്‍ പറ ഞ്ഞു:
‘അല്ലാഹുവിന്റെ തിരുദൂതരെ… എന്റെ ഭര്‍ത്താവ് അവിടുത്തെ വധശിക്ഷ ഭയപ്പെട്ട് യമനിലേക്ക് കടന്നിരിക്കുന്നു… അതിനാല്‍ ദയവ് ചെയ്ത് അദ്ദേഹത്തിന് ശിക്ഷയില്‍ ഇളവ് നല്‍കുകയും അഭയം നല്‍കുകയും ചെയ്യണം…!’
നബി(സ്വ) പറഞ്ഞു:
‘അയാള്‍ക്ക് അഭയം നല്കപ്പെട്ടിരിക്കുന്നു…!’
ഉടനെ ഉമ്മുഹകീം തന്റെ ഭര്‍ത്താവിനെ തേടി പുറപ്പെട്ടു. കൂടെ റോമന്‍ വംശജനായ തന്റെ ഒരടിമയും ഉണ്ടായിരുന്നു…
യാത്രയില്‍ രണ്ടുപേരും തനിച്ചാണ്. ആ സമയം അടിമയുടെ ഹൃദയത്തില്‍ പൈശാചിക ചിന്തകള്‍ കടന്നു കൂടി… അവന് ഉമ്മുഹകീമിനെ അനാശാസ്യതക്ക് ക്ഷണിച്ചു…
അബലമായ ഒരു സ്ത്രീക്ക് മുഷ്കനായ ഒരു പുരുഷനോട് എങ്ങനെ ചെറുത്ത് നില് ക്കാന്‍ കഴിയും… പക്ഷേ…,! അവര്‍ തന്ത്രപരമായി അവനെ അനുനയിപ്പിച്ചു നിര്‍ത്തി.. അവന് പ്രതീക്ഷ നല്കുന്ന വിധത്തില്‍ സംസാരിച്ച് കൊണ്ട് യാത്രതുടര്‍ന്നു…
അതാ… അവര്‍ ജനങ്ങള്‍ അധിവസിക്കുന്ന ഒരു പ്രദേശത്തെത്തി… ചേരി നിവാസികളോട് ഉമ്മുഹകീം വിഷയം ഉണര്‍ത്തിക്കുകയും അവര്‍ ആ അടിമയെ ബന്ധനസ്ഥനാക്കുകയും ചെയ്തു…
ഉമ്മുഹകീം തനിച്ചായി യാത്ര…യമനില്‍ ചെങ്കടലിന് അഭിമുഖമായി കിടക്കുന്ന തി ഹാമ: കടല്‍ തീരത്ത് വെച്ച് അവര്‍ ഇക്രിമയെ കണ്ടു…മുസ്ലിമായ ഒരു സമുദ്ര സഞ്ചാരിയോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇക്രിമഃ
ഇക്രിമഃ പറയുന്നു:
‘എന്നെ നിങ്ങളുടെ കൂടെ കൊണ്ട് പോകണം…!’
സഞ്ചാരി: ‘നീ മുഖ്ലിസ്വാവുക… എങ്കില്‍ നിന്നെ ഞാന്‍ കൊണ്ടു പോകാം.’
ഇക്രിമഃ ‘ഞാന്‍ എങ്ങനെയാണ് മുഖ്ലിസ്വാവുക?’
സഞ്ചാരി: ‘നീ സത്യമതമായ ഇസ്ലാമില്‍ ചേരുക…!’
ഇക്രിമഃ: ‘അതിന് സാധ്യമല്ലാത്തത് കൊണ്ടാണ് ഞാന്‍ എന്റെ നാട് വിട്ട് പോന്നത് ത ന്നെ…!’
അപ്പോള്‍ ഉമ്മുഹകീം ഇശ്രിമഃയെ അഭിമുഖീകരിച്ച് പറഞ്ഞു: ‘എന്റെ പിതൃവ്യപുത്രാ.. ഞാന്‍ ജനങ്ങളില്‍ വെച്ച് അത്യുത്തമനും ശ്രേഷ്ഠനും അതീവഗുണവാനുമായ ഒരാളുടെ അടുക്കല്‍ നിന്നാണ് വരുന്നത്…മുഹമ്മദുബിന്അബ്ദില്ലായുടെ അടുക്കല്‍ നിന്ന്… ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വധശിക്ഷയില്‍ ഇളവ് ആവശ്യപ്പെടുകയും അവര്‍ വധശിക്ഷ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്…’
ഉമ്മുഹകീം(റ) ഇക്രിമഃയെ ഇങ്ങനെ പലതും പറഞ്ഞു സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു… അവസാനം അദ്ദേഹം തിരിച്ചു പോവാന്‍ സന്നദ്ധനായി.
തന്നെ മാനഭംഗപ്പെടുത്താന്‍ തുനിഞ്ഞ അടിമയുടെ കാര്യം ഉമ്മുഹകീം അദ്ദേഹത്തെ ഉണര്‍ത്തി. തിരിച്ചു വരുന്ന വഴിയില്‍ വെച്ച ഇക്രിമഃ അവനെ വധിച്ചു കളഞ്ഞു.
ഒരു രാത്രി…! താമസിക്കുന്ന സത്രത്തില്‍ വെച്ച് തന്റെ ഭാര്യ ഉമ്മുഹകീമുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ ഇക്രിമഃ ആഗ്രഹിച്ചു. പക്ഷേ….! അവരത് ശക്തിയായി എതിര്‍ത്തു… അവര്‍ പറഞ്ഞു: ‘ഞാന്‍ സത്യവിശ്വാസിയാണ്…നിങ്ങള്‍ ബഹുദൈവവിശ്വാസിയും. അത്കൊണ്ട് ഈ അവസ്ഥയില്‍ നാം തമ്മില്‍ ബന്ധപ്പെടാന്‍ പാടില്ല…’
ഇക്രിമഃ അത്ഭുത സ്തബ്ധനായിപ്പോയി… അദ്ദേഹം പറഞ്ഞു: ‘ഈ ഏകാന്തതയില്‍ ഞാനുമായി ബന്ധപ്പെടുന്നതില്‍ നിന്ന് നിന്നെ വിലക്കുന്നു നിന്റെ വിശ്വാസമെങ്കില്‍ അതിന്റെ സ്വാധീനം അപാരം തന്നെ…!’
ഇക്രിമഃയും ഭാര്യയും മക്കയെ സമീപിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ നബി(സ്വ) അനുചരരോട് പറഞ്ഞു: ‘വിശ്വാസിയും മുഹാജിറുമായ ഇക്രിമഃ നിങ്ങളുടെയടുത്തെത്തുക തന്നെ ചെയ്യും. അതിനാല്‍ അദ്ദേഹത്തിന്റെ പിതാവിനെ നിങ്ങള്‍ അധിക്ഷേപിക്കരുത്… കാരണം അങ്ങനെ ചെയ്യുന്നത് കൊണ്ട് മരിച്ചവര്‍ അതറിയുകയില്ല… പ്രത്യുത, ജീവിച്ചിരിക്കുന്ന ബന്ധുക്കള്ക്കത് പ്രയാസമാവുകയും ചെയ്യും…!’
അല്പം കഴിഞ്ഞതേയുള്ളൂ… ഇക്രിമഃയും ഭാര്യയും പ്രവാചക സദസ്സിലെത്തി. ഇക്രി മഃയെ കണ്ട നബി(സ്വ) സന്തോഷം കൊണ്ട് ചാടിയെഴുന്നേറ്റു…ഉത്തരീയം പോലും ചുമലിലിടാന്‍ തങ്ങള്‍ മറന്നുപോയി… സ്വീകരണത്തിന് ശേഷം ഇക്രിമഃ പറഞ്ഞു:
‘എന്റെ ഭാര്യ ഉമ്മുഹകീം എന്നോട് പറഞ്ഞു. നിങ്ങള്‍ എനിക്ക് മാപ്പ് തന്നിരിക്കുന്നു എന്ന്…?!’
നബി(സ്വ): ‘അത് ശരിയാണ്, ഇവിടെ നീ സുരക്ഷിതനാണ’
ഇക്രിമഃ ചോദിച്ചു: ‘നിങ്ങളുടെ സന്തേശമെന്താണ് മുഹമ്മദ്’
നബി(സ്വ) പഠിപ്പിച്ച് കൊടുത്തു: ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും വിശ്വസിക്കുക.. നിസ്കാരം നിര്‍വ്വഹിക്കുക.. സകാത് കൊടുക്കുക… ഇവയാണ് എന്റെ പ്രബോധനങ്ങള്‍…’
എല്ലാം കേട്ട് അദ്ദേഹം പ്രതികരിച്ചു ‘അല്ലാഹുവാണ് സത്യം…! നിങ്ങളുടേത് സത്യസന്ദേശം മാത്രമാണ്…ഗുണം മാത്രമേ ഞാനതില്‍ കാണുന്നുള്ളൂ…നിങ്ങള്‍ ഈ വാദങ്ങള്‍ വാദിക്കും മുമ്പും ഞങ്ങളില്‍ വെച്ച് ഏറ്റവും സത്യസന്ധനായയിരുന്നു.’
അദ്ദേഹം നബി(സ്വ)യുടെ കരം ഗ്രഹിച്ചുകൊണ്ട് ഉരുവിട്ടു.
‘അശ്ഹദു….. ….. ….. …. ഉസൂലുല്ലാഹ്…!’
ശേഷം അദ്ദേഹം ആവശ്യപ്പെട്ടു:
‘അല്ലാഹുവിന്റെ ദൂതരെ, ഏറ്റവും ഉത്തമമായ ഒരു വാക്യം പറഞ്ഞുതന്നാലും. എനിക്കെപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കാമല്ലോ.’
നബി(സ്വ) പറഞ്ഞു കൊടുത്തു: ‘അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് വഅന്ന മുഹമ്മദന്‍ അബ്ദഹു വറസൂലുഹൂ എന്ന് പറഞ്ഞു കൊള്ളുക…!’
ഇക്രിമഃ ചോദിച്ചു: ‘ഇനി എന്താണ് ഞാന്‍ ചെയ്യേണ്ടത്?’
നബി(സ്വ)യുടെ മറുപടി: ‘അല്ലാഹുവും ഈ സദസ്സിലുള്ളവരും സാക്ഷിയാണ്…! ഞാന്‍ സത്യവിശ്വാസിയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഹിജ്റ വന്നവനുമാണ്… എന്ന് പറയുക!’
ഇക്രിമഃ അപ്രകാരം പറഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഇന്ന് നീ എന്നോട് എന്ത് ചോദിച്ചാലും ഞാന്‍ നല്‍കും…’ ഇക്രിമഃ പറഞ്ഞു: ‘താങ്കളോട് കാണിച്ച മുഴുവന്‍ ശത്രുതയും താങ്കളോടുണ്ടായ മുഴുവന്‍ യുദ്ധങ്ങളും സാന്നിദ്ധ്യത്തിലും അഭാവത്തിലും തങ്ങള്‍ക്കെതിരെ പറഞ്ഞ മുഴു കാര്യങ്ങളും എനിക്ക് പൊറുത്തു തരാന്‍ അവിടുന്ന് അല്ലാഹുവിനോട് ദുആ ചെയ്യണം….!’ നബി(സ്വ) പ്രാര്‍ഥിച്ചു:
‘അല്ലാഹുവേ…! ഇക്രിമഃ എന്നോട് കാണിച്ച മുഴുവന്‍ ശത്രുതയും നിന്റെ പ്രകാശം അണച്ചുകളയാന്‍ വേണ്ടി നടത്തിയ സര്‍വ്വ പ്രയത്നങ്ങളും അദ്ദേഹത്തിന് നീ പൊറുക്കേണമേ….! എന്നോട് മുഖാമുഖമായും അഭാവത്തിലും എന്റെ അഭിമാനം ഹനിക്കുന്ന വിധത്തില്‍ അദ്ദേഹം സംസാരിച്ചതെല്ലാം നീ മാപ്പ് ചെയ്യേണമേ…!’
ഇക്രിമഃ(റ)വിന്റെ മുഖം സന്തോഷം കൊണ്ട് പ്രശോഭിതമായി…അദ്ദേഹം പ്രഖ്യാപിച്ചു ‘അല്ലാഹുവാണ് സത്യം, തിരുദൂതരേ…! അല്ലാഹുവിന്റെ ദീനിനെതിരെ ചെലവഴിച്ച സമ്പത്തിന്റെ ഇരട്ടി അവന്റെ മാര്‍ഗ്ഗത്തില്‍ ഞാന്‍ നല്‍കും…ഇസ്ലാമിനെതിരെ ചെയ്ത ഏറ്റുമുട്ടലുകളുടെ ഇരട്ടി ഇസ്ലാമിന് വേണ്ടി ഞാന്‍ പടനയിക്കും….’
അന്നുമുതല്‍ ഇസ്ലാമിക പ്രചരണ സംഘത്തിലേക്ക് ധീരസേനാനിയും തേരാളിയുമായ ഒരശ്വഭടന് കൂടി വിളക്കിച്ചേര്‍ക്കപ്പെട്ടു. സര്‍വ്വസമയവും ആരാധനയിലാണദ്ദേഹം. വളരെ നേരം നിസ്കരിക്കും…പള്ളിയില്‍ വെച്ച് ഖുര്‍ആന്‍ പരമാവധി പാരായണം ചെയ്യും. മുസ്വ്ഹഫ് മുഖത്ത് ചേര്‍ത്തുവെച്ച് കൊണ്ട് അദ്ദേഹം പറയും: ‘എന്റെ നാഥ ന്റെ ഗ്രന്ഥം…! എന്റെ റബ്ബിന്റെ വാക്കുകള്‍…!!’
നയനങ്ങളില്‍ നിന്ന് കണ്ണുനീര് പ്രവഹിച്ചു കൊണ്ടിരിക്കുന്നു…! അല്ലാഹുവിനെ ഭയപ്പെട്ടു കരയുകയാണദ്ദേഹം…!
ഇക്രിമഃ(റ) നബി(സ്വ)യോട് ചെയ്ത കരാര്‍ പൂര്‍ണ്ണമായും പാലിച്ചു…അദ്ദേഹത്തിന്റെ ഇസ്ലാംമതാശ്ളേഷണത്തിന് ശേഷം മുസ്ലിംകള് ഏര്‍പ്പെട്ട എല്ലാ യുദ്ധങ്ങളിലും അവരുടെ സജീവ പങ്കാളിത്തമുണ്ടായി…ഇസ്ലാമിക ദൌത്യനിര്വ്വഹണത്തിനായി പുറപ്പെടുന്ന സംഘങ്ങളിലെല്ലാം മുന്‍നിരയില്‍ തന്നെ അദ്ദേഹമുണ്ടായിരിക്കും…
യര്‍മൂക്ക് യുദ്ധം… ഇക്രിമഃ(റ), ദാഹിച്ചു വലഞ്ഞവന് തെളിനീര് കണ്ടപോലെ യുദ്ധത്തിലേക്ക് കുതിച്ചു…
മുസ്ലിംകള് യുദ്ധത്തില്‍ ആപല്‍ഘട്ടത്തെ അഭിമുഖീകരിക്കുന്ന ഒരു രംഗം…! മഹാനായ ഇക്രിമഃ(റ) തന്റെ കുതിരപ്പുറത്തുനിന്നിറങ്ങി.. വാളിന്റെ ഉറ പൊട്ടിച്ചു ദൂരെയെറിഞ്ഞു. റോമന്‍ സൈന്യത്തിന് മദ്ധ്യത്തിലേക്ക് ശരം വിട്ടപോലെ പാഞ്ഞടുത്തു. തത്സമയം, സൈനിക കമാണ്ടര്‍ മഹാനായ ഖാലിദുബ്നുല്‍വലീദ്(റ) അതിശീഘ്രം ഇക്രിമഃ(റ)വിനെ തടഞ്ഞുവെച്ച് പറഞ്ഞു: ‘ദയവ് ചെയ്ത് നിങ്ങള്‍ അപകടത്തിന് മുതിരരുത് ഇക്രിമഃ! ഇക്രിമഃ(റ)വിന്റെ മറുപടി:
‘എന്നെ വിടൂ ഖാലിദ്…! നിങ്ങള്‍ മഹാനായ നബി(സ്വ)യുടെ കൂടെ വളരെയധികം യുദ്ധം നയിക്കുകയും ഇസ്ലാമിന് വേണ്ടി കനത്ത സേവനം ചെയ്യുകയും ചെയ്തയാളാണ്…. എന്നാല്‍ അക്കാലമെല്ലാം ഞാനും എന്റെ പിതാവും മഹാനായ പ്രവാചകന് എതിരെ കഠിനമായി യുദ്ധം ചെയ്തവരായിരുന്നു…ആ തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ കൈവന്ന ഒരവസരമാണിത്.. നബി(സ്വ)ക്കെതിരെ അനേകം യുദ്ധങ്ങള്‍ നയിച്ച ഞാന്‍ ഇന്ന് റോമന്‍ സൈന്യത്തെ പേടിച്ച് ഓടിപ്പോവുകയോ..?! ഇല്ല, ഒരിക്കലുമില്ല.’
ശേഷം മഹാനായ ഇക്രിമഃ(റ) ജനങ്ങളെ വിളിച്ച് ചോദിച്ചു:
‘നിങ്ങളില്‍ ആരാണ് എന്റെ കൂടെ മരണം വരിക്കാന്‍ സന്നദ്ധരായിട്ടുള്ളവര്‍…?’
നാനൂറോളം മുഅ്മിനുകള് മുന്നോട്ട് വന്നു… അവരുടെ കൂട്ടത്തില്‍ ഇക്രിമഃ(റ)വിന്റെ പിതൃസഹോദരന് ഹാരിസുബ്നുഹിശാമും ഉണ്ടായിരുന്നു….
സേനാ നായകന് ഖാലിദുബ്നുല്‍ വലീദ്(റ)വിന്റെ ടെന്റിനടുത്തേക്ക് ഇരച്ചുകയറി വന്ന റോമന്‍ സൈന്യത്തെ അവര്‍ അതിശക്തമായി നേരിടുകയും പാരാവാരം പോലെ പരന്നു കിടക്കുന്ന ശത്രുസൈന്യത്തെ അതിദയനീയമായി പരാജയപ്പെടുത്തുകയും ചെയ്തു… അങ്ങനെ മുസ്ലിംകള്ക്ക് വന്‍വിജയം നേടിക്കൊടുത്തുകൊണ്ട് യര്‍മുക്ക് യുദ്ധത്തിന് തിരശ്ശീല വീണു…
അപ്പോഴതാ…ഏതാനും ധീരരായ സ്വഹാബികള്‍ മാരകമായ മുറിവുകളേറ്റ് രണഭൂമിയില്‍ വീണുകിടക്കുന്നു…
ഇക്രിമത്തുബ്നുഅബീജഹ്ല്(റ), അദ്ദേഹത്തിന്റെ പിതൃസഹോദരന് ഹാരിസുബ്നുഹിശാം(റ), അയ്യാശുബ്നു അബീറബീഅഃ(റ) എന്നിവരായിരുന്നു അവര്‍…
കൂട്ടത്തില്‍ ഹാരിസുബ്നുഹിശാം(റ) കുടിക്കാന്‍ അല്പം വെള്ളം ആവശ്യപ്പെട്ടു… അ വര്‍ക്ക് വെള്ളം കൊണ്ട് വന്നപ്പോള്‍ മഹാനായ ഇക്രിമഃ(റ) ദാഹപരവശനായി നോക്കുന്നത് അവരുടെ ദൃഷ്ടിയില്പെട്ടു. ഹാരിസ്(റ) പറഞ്ഞു:
‘നിങ്ങള്‍ വെള്ളം ഇക്രിമക്ക് നല്‍കുക…!’
പാനജലം ഇക്രിമഃ(റ)വിന്റെ അടുക്കല്‍ കൊണ്ട് വന്നപ്പോള്‍ അപ്പുറത്ത് പരവശനായി കിടക്കുന്ന അയ്യാശ്(റ) ആഗ്രഹത്തോടെ നോക്കുന്നത് ഇക്രിമഃ(റ) കാണാനിടയായി…
അദ്ദേഹം പറഞ്ഞു: ‘വെള്ളം അയ്യാശിന് കൊടുക്കൂ…’ അവര്‍ വെള്ളവുമായി അയ്യാക് (റ)വിനെ സമീപിച്ചു… അപ്പോഴേക്കും അയ്യാശ്(റ) ശഹീദായിക്കഴിഞ്ഞിരുന്നു…ഉടനെ വെള്ളവുമായി തിരിച്ചുവന്നു നോക്കുമ്പോള്‍ വന്ദ്യരായ ഇക്രിമഃ(റ)വും ഹാരിസ്(റ)വും രക്തസാക്ഷികളായിരിക്കുന്നു.
അല്ലാഹുവിന്റെ തൃപ്തി ആ മഹാന്മാരുടെ മേല്‍ വര്‍ഷിക്കുമാറാകട്ടെ. ദാഹജലം കുടിക്കാതെ മരണപ്പെട്ട ആ സ്വഹാബികള്‍ക്ക് അല്ലാഹു ദാഹശമനിയായ ഹൌളുല്കൌസറില് നിന്ന് വേണ്ടുവോളം കുടിപ്പിക്കുകയും അവരെ സ്വര്ഗ്ഗപ്പൂന്തോപ്പിലെ പച്ചപ്പരവതാനികളില്‍ തത്തിക്കളിക്കുന്ന വര്ണ്ണപ്പക്ഷികളാക്കുകയും ചെയ്യട്ടെ. ആമീന്‍
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)
💐💐💐💐💐💐💐💐💐💐💐💐
അദ്ദേഹത്തിന്റെ കാര്യത്തില്‍ മഹാനായ നബികരീം(സ്വ)ക്ക് അല്ലാഹു ദിവ്യസന്ദേശം ഇറക്കി. പ്രവാചകരുടെ അടുക്കല്‍ തന്നെക്കുറിച്ചുള്ള ദൈവ സന്ദേശവുമായി ജിബ്രീല്‍ (അ) ഇറങ്ങി.
നബി(സ്വ)യുടെ മുഅദ്ദിന് അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ). മക്കാനിവാസിയും ഖു റൈശിയ്യുമാണദ്ദേഹം. നബി(സ്വ)യുടെ ഭാര്യ ഖദീജ യുടെ അമ്മാവന്റെ മകന്. റസൂലുല്ലാഹി(സ്വ)യുടെ ബന്ധു. പിതാവ് ഖൈസുബ്നു സായിദും മാതാവ് ആതികയും, കുട്ടി ജനിച്ചപ്പോള്‍ തന്നെ അന്ധനായിരുന്നതിനാല്‍ ജനങ്ങള്‍ ആതികയെ ഉമ്മുമക്തൂം എന്ന് വിളിച്ചു. മക്തൂം എന്നാല്‍ അന്ധന് എന്നര്‍ഥം.
മക്കയില്‍ ഇസ്ലാമികദീപം തെളിഞ്ഞപ്പോള്‍ അബ്ദുല്ലാ അതിന് സാക്ഷിയായി. ശങ്കിച്ചു നില്‍ക്കാതെ വിശ്വാസിയായതിനാല്‍ സാബിഖീങ്ങളുടെ കൂട്ടത്തില്‍ തന്നെ അവര്‍ സ്ഥാനം പിടിച്ചു. തന്മൂലം മക്കയില്‍ മുസ്ലിംകള് നേരിട്ട അക്രമങ്ങളും പീഡനതാഢനങ്ങളും എല്ലാവരെയും പോലെ ഇബ്നുഉമ്മിമക്തൂമും അതിജയിച്ചു. വിഷമഘട്ടങ്ങള്‍ അവരെ തളര്‍ത്തുന്നതിന് പകരം ദീനിനോടും റസൂലിനോടും പതിന്മടങ്ങ് സ്നേഹവും ബന്ധവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.
ഖുര്‍ആന്‍ മന പാഠമാക്കാനുള്ള അടങ്ങാത്ത ആഗ്രഹം മൂലം അതിന് ലഭിക്കുന്ന മുഴുവന്‍ സമയവും അദ്ദേഹം മുതലെടുത്തിരുന്നു. ഒരു വേള മറ്റുള്ളവരുടെ ഊഴവും കൂടി കവര്‍ന്നെടുക്കുന്ന സ്ഥിതിവരെയെത്തി. ആ വിജ്ഞാനതൃഷ്ണ!.
അക്കാലത്ത് ഖുറൈശീ നേതാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിനായി നബി (സ്വ)കൂടുതല്‍ സമയം കണ്ടെത്തുക പതിവായിരുന്നു. ഒരു ദിവസം, ഉത്ത്ബത്തുബ്നു റബീഅഃ, അയാളുടെ സഹോദരന് ശൈബത്ത്, അബൂജഹ്ല്, ഉമയ്യത്തുബ്നുഖലഫ്, വലീദുബ്നുല്‍ മുഗീറഃ എന്നീ ഖുറൈശീ പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് നബി(സ്വ). അവര്‍ മുസ്ലിംകളെ ആക്രമിക്കാതിരിക്കണം എന്നതാണവിടുത്തെ ആഗ്രഹം. ആ സമയത്താണ് ഇബ്നുഉമ്മിമക്തൂം(റ) നബി(സ്വ)യെ സമീപിച്ച് ആവശ്യപ്പെടുന്നത്.
‘അല്ലാഹുവിന്റെ ദൂതരെ! അല്ലാഹു അവിടുത്തേക്ക് നല്കിയ അറിവില്‍ നിന്ന് എനിക്കും പഠിപ്പിച്ചു തന്നാലും!’
സാധുക്കളെ പുച്ഛത്തോടെ വീക്ഷിക്കുന്ന അഹങ്കാരികളായ ഖുറൈശീപ്രമുഖര്ക്ക് നീ രസം വരാതിരിക്കാനായി അദ്ദേഹത്തിന്റെ ആവശ്യം അവിടുന്ന് വല്ലാതെ പരിഗണിച്ചില്ല. ഇവര്‍ ഇസ്ലാമിലേക്ക് വന്നാല്‍ ദീനിന് ഇസ്സത്തും സത്യപ്രബോധനത്തിന്ന് ശക്തമായ പിന്തുണയും ലഭിക്കുമല്ലോ എന്നായിരുന്നു നബി(സ്വ)യുടെ ചിന്ത.
അല്പം കഴിഞ്ഞ് അവരുമായുള്ള സംഭാഷണം അവസാനിപ്പിച്ച് നബി(സ്വ)വീട്ടിലേക്ക് പോകാനൊരുങ്ങുകയാണ്. പെട്ടെന്ന് കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ, തലക്ക് ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നു. അല്ലാഹുവിന്റെ വഹ്യ് ഇറങ്ങുകയാണ്.
ഒരു അന്ധന് വന്നതിനാല്‍ നീരസം പ്രകടിപ്പിച്ചു. സദുപദേശം അദ്ദേഹത്തിന് ഉപകരിക്കുമായിരുന്നില്ലേ. സമ്പന്നന്മമാരായ ആളുകളിലേക്ക് താങ്കള്‍ പ്രത്യക്ഷപ്പെടുന്നു. അവര്‍ ശുദ്ധരായില്ലെങ്കില് താങ്കള്‍ക്കെന്തു നഷ്ടം? ഇഴഞ്ഞിഴഞ്ഞു താങ്കളുടെ സമീപത്തെത്തിയ ഭയഭക്തിയുള്ള ഒരാള്‍, അയാളെതൊട്ട് താങ്കള്‍ പിന്തിരിയുന്നു. ഈ സൂക്തങ്ങള്‍ ഉപദേശങ്ങളാണ്. വേണ്ടവര്‍ മനസ്സിലാക്കുകയും അവര്‍ക്കിത് ഫലം ചെയ്യുകയും ചെ യ്യും. പിശാചുക്കളുടെ കരസ്പര്ശമേല്ക്കാത്ത പരിശുദ്ധമായ ഒരു ഗ്രന്ഥത്തിലുള്ളവയാണിവ. പ്രത്യേകക്കാരായ മലകുകളുടെ സംരക്ഷണത്തില്‍ ഉന്നതമായ സ്ഥാനത്താണതുള്ളത്….’
എന്നിങ്ങനെ ആശയം വരുന്ന പതിനാറ് ആയത്തുകള്‍ അവതീര്‍ണ്ണമായി. അന്നുമുതല്‍ ഇന്നുവരെയും അവ പാരായണം ചെയ്യപ്പെടുന്നു. ലോകാന്ത്യം വരെ അത് മുഅ്മീനുകളുടെ വായില്‍ നിന്ന് നിര്ഗ്ഗളിച്ചു കൊണ്ടിരിക്കുകയും ചെയ്യും.
അന്നുമുതല്‍ ഇബ്നുഉമ്മിമക്തൂം(റ)വരുമ്പോള്‍ നബി(സ്വ)തന്റെ ഷാള്‍ അവര്‍ക്കിരിക്കാനായി വിരിച്ചുകൊടുത്തിട്ട് പറയും.
‘എന്റെ റബ്ബ് എന്നെ ആക്ഷേപിക്കാന്‍ കാരണക്കാരായവര്‍ക്ക് സ്വാഗതം!.’അദ്ദേഹ ത്തെക്കുറിച്ച് നബി(സ്വ)എപ്പോഴും ശ്രദ്ധപുലര്‍ത്തുകയും എന്താവശ്യമുണ്ടെങ്കിലും സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു.
ഖുറൈശികള്‍ നബി(സ്വ)യെയും അനുചരരെയും നിരന്തരം പീഢിപ്പിച്ചു കൊണ്ടിരുന്നു. സഹികെട്ടപ്പോള്‍ അവരോട് മദീനയിലേക്ക് ഹിജ്റഃ പോവാന്‍ അവിടുന്ന് കല്പിച്ചു. മുഹാജിറുകളുടെ ഏറ്റവും മുന്‍നിരയില്‍ തന്നെ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)മദീ യിലേക്ക് പുറപ്പെട്ടു. അദ്ദേഹവും മുസ്വ്അബുബ്നു ഉമൈര്‍(റ)വും ആയിരുന്നു ആദ്യമായി മദീനയിലെത്തിയ സ്വഹാബികള്‍!
അവര്‍ രണ്ട് പേരും മദീനയിലെത്തി ഒരല്പംപോലും വിശ്രമിച്ചിട്ടില്ല. ഖുര്‍ആനിക സൂ ക്തങ്ങള്‍ ഓതിക്കേള്‍പിച്ച് ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കുന്നതിലും മതവിജ്ഞാനം പഠിപ്പിച്ചുകൊടുക്കുന്നതിലുമായിരുന്നു അവരുടെ മുഴുവന്‍ ശ്രദ്ധയും.
നബി(സ്വ)മദീനഃയിലെത്തിയപ്പോള് ഇബ്നുഉമ്മിമക്തൂം(റ)വിനെയും ബിലാല്‍(റ)വിനെ യും മസ്ജിദുന്നബവിയിലെ മുഅദ്ദിനുകളായി നിശ്ചയിച്ചു. എല്ലാ ദിവസവും അഞ്ച് നേരം ഏകഇലാഹീ സന്ദേശം അവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു. നിസ്ക്കാരത്തിലേ ക്കും അതുവഴി വിജയത്തിലേക്കും മാലോകരെ ക്ഷണിക്കുന്നു.
ബിലാല്‍(റ) ബാങ്കും ഇബ്നുഉമ്മിമക്തൂം(റ) ഇഖാമത്തും കൊടുക്കുകയായിരുന്നു പതിവ്. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മറിച്ചും ഉണ്ടാവാറുണ്ട്. റമളാന്‍ മാസത്തില്‍ പാതിരാവിന് ശേഷം ബിലാല്‍(റ) ബാങ്ക് വിളിക്കുന്നു. അത് കേട്ടാല്‍ ജനങ്ങള്‍ അത്താഴം കഴിക്കും. അടുത്ത ബാങ്ക് ഇബ്നുഉമ്മിമക്തൂം(റ)വിന്റേതാണ്. അത് കേള്‍ക്കുമ്പോള്‍ അവര്‍ അന്നപാനീയങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുന്നു.
ഇബ്നുഉമ്മിമക്തൂം(റ)വിനോട് നബി(സ്വ)ക്ക് വലിയ ആദരവായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അത്കൊണ്ടായിരുന്നു നബി(സ്വ) മദീനഃ വിട്ടുപുറത്തുപോയ പത്തില്‍ കൂടുതല്‍ സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ മദീനഃയില്‍ പ്രതിനിധിയാക്കിയിരുന്നത്.
ബദ്ര് യുദ്ധാനന്തരം യോദ്ധാക്കള്‍ക്കുള്ള ശ്രേഷ്ടതകള്‍ വിവരിക്കുന്ന ആയത്തുകള്‍ അവതീര്‍ണ്ണമായി. അത് അബ്ദുല്ല(റ)വിന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ആ സ്ഥാനമാനങ്ങള്‍ തനിക്ക് കരസ്ഥമാക്കാനായില്ലല്ലോ എന്നദ്ദേഹം വേദനപൂണ്ടു. അവര്‍ പറഞ്ഞു:
‘അല്ലാഹുവിന്റെ തിരുദൂതരെ! എനിക്ക് കഴിയുമെങ്കില്‍ ഞാന്‍ യുദ്ധം ചെയ്യുമായിരുന്നു….!’
അനന്തരം, തന്നെപ്പോലുള്ള ബലഹീനരെ കുറ്റവിമുക്തരാക്കുന്ന ഖുര്‍ആന്‍ വാക്യം ഇറക്കാന്‍ അദ്ദേഹം അല്ലാഹുവിനോട് കേണപേക്ഷിച്ചു. ഒട്ടും വൈകാതെ ദുആക്ക് ഉത്തരം ലഭിച്ചു. വഹ്യ് എഴുതുന്ന സൈദുബ്നു സാബിത്(റ) പറയുന്നു.
ഞാന്‍ നബി(സ്വ)യുടെ അടുക്കല്‍ ഇരിക്കുകയായിരുന്നു. ആ സമയം അവരെ ഒരു മയ ക്കം ബാധിച്ചു. അവരുടെ കാല് എന്റെ കാലിന് മുകളിലേക്ക് ചെരിഞ്ഞു. താങ്ങാന്‍ പറ്റാത്തത്ര ഭാരം എനിക്കനുഭവപ്പെട്ടു. വഹ്യ് ഇറങ്ങുകയാണ്….അല്പം കഴിഞ്ഞ് അവര്‍ സാധാരണ നിലയിലായി. നബി(സ്വ) പറഞ്ഞു:
‘സൈദ് എഴുതുക…!’
അവര്‍ ഓതിത്തന്ന ആയത്ത് ഞാനെഴുതി:
‘വിശ്വാസികളില്‍ നിന്ന് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവരും (വീട്ടില്‍) ഇരിക്കുന്നവരും സമമാവുകയില്ല…!’
അപ്പോള്‍ ഇബ്നുഉമ്മിമക്തൂം(റ) എഴുന്നേറ്റ് നിന്ന് ചോദിച്ചു.
‘യാ റസൂലുല്ലാഹ്…! അപ്പോള്‍ യുദ്ധത്തിന് സാധിക്കാത്തവര്‍ എന്തു ചെയ്യും…?!’
അദ്ദേഹം ചോദിച്ച് തീരുമ്പോഴേക്ക് നബി(സ്വ)യെ വീണ്ടും മയക്കം ബാധിച്ചു. അവരുടെ കാല് എന്റെ കാലിലേക്ക് ചാഞ്ഞു. ആദ്യവട്ടം അനുഭവപ്പെട്ടപോലെ തന്നെ വല്ലാത്ത ഭാരം. അല്പം കഴിഞ്ഞു. എല്ലാം നോര്‍മ്മലായപ്പോള്‍ നബി(സ്വ) പറഞ്ഞു:
‘സൈദ്…! നിങ്ങള്‍ എഴുതിയതൊന്ന് വായിക്കൂ…!’
ഞാന്‍ വായിച്ചുകൊടുത്തു. അവിടുന്ന് പറഞ്ഞു: ‘അതിന് ശേഷം ഇതുകൂടി എഴുതൂ…!’
‘വിഷമമനുഭവിക്കുന്നവരൊഴിച്ച്…!’
ഇബ്നുഉമ്മിമക്തൂം(റ)ആഗ്രഹിച്ച പോലെ അദ്ദേഹം വിമുക്തനാക്കപ്പെട്ടു. അല്ലാഹു അ ദ്ദേഹത്തെപ്പോലുള്ളവരെ യുദ്ധമെന്ന ബാധ്യതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും നാട്ടില്‍ നില്ക്കാന് അദ്ദേഹത്തിന് മനസ്സ് വന്നില്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യാന്‍ തന്നെ അദ്ദേഹം തീര്‍ച്ചപ്പെടുത്തി. മഹാപ്രതിഭകള്‍ക്ക് അത്യുന്നതങ്ങളാണല്ലോ മേച്ചില്‍ പുറം.
അന്ന് മുതല്‍ ഒരു യുദ്ധവും തനിക്ക് നഷ്ടപ്പെട്ടുപോകരുതെന്ന് അദ്ദേഹം തീരുമാനിച്ചു. യുദ്ധക്കളത്തില്‍ തനിക്ക് കയ്യാലാവുന്ന വിഷയം തന്നെ തിരഞ്ഞെടുത്തു. അദ്ദേഹം മറ്റുള്ളവരോട് പറയും.
‘നിങ്ങള്‍ എന്നെ ഇരുസൈന്യത്തിനുമിടയില് നിര്‍ത്തി എന്റെ കയ്യില്‍ പതാക നല്‍കുക, ഞാന്‍ അത് വേണ്ടവിധം സംരക്ഷിക്കും. കാരണം അന്ധനായത് കൊണ്ട് ഞാന്‍ ഓടിപ്പോവുകയുമില്ലല്ലോ…!’
ഹിജ്റഃ പതിനാലാം വര്‍ഷം…
ഖലീഫഃ ഉമറുബ്നുല്‍ഖത്ത്വാബ്(റ) പേര്‍ഷ്യന്‍ സാമ്രാജ്യവുമായി യുദ്ധം തീരുമാനിച്ചു. ഈ യുദ്ധത്തില്‍ അവരുടെ ശക്തി തകര്‍ന്നു തരിപ്പണമാകണം. മുസ്ലിംകളുടെ ഗതി സുഗമമാകണം. അവര്‍ തന്റെ ഗവര്‍ണ്ണര്‍മാര്‍ക്കെല്ലാം എഴുതി:
‘ആയുധം, അശ്വം, ധൈര്യം, ക്രാന്തദര്‍ശനം, ഇവയിലേതെങ്കിലും കൈവശമുള്ളവരെ എത്രയും പെട്ടെന്ന് എന്റെ അടുത്തെത്തിക്കുക…!’
ഉത്തരവ് ലഭിക്കേണ്ട താമസം മുസ്ലിം സംഘങ്ങള്‍ നാനാഭാഗത്തുനിന്നും മദീനയിലേക്കൊഴുകി. അവരുട കൂട്ടത്തില്‍ ഇബ്നുഉമ്മിമക്തൂം(റ)വും ഉണ്ടായിരുന്നു. ഉമറുല്ഫാറുഖ്(റ), സഅ്ദുബ്നു അബീവഖാസ്(റ)വിനെ സൈനിക നേതൃത്വം ഏല്പിച്ചു. അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെല്ലാം ഉപദേശിച്ച് ആ വന്‍സൈന്യത്തെ അദ്ദേഹം യാത്രയാക്കി.
സൈന്യം ഖാദിസിയ്യയിലെത്തി. ആ സന്ദര്‍ഭത്തില്‍ മഹാനായ സ്വഹാബിവര്യന് ഇബ്നുഉമ്മിമക്തൂം(റ)പടയങ്കി ധരിച്ച് രംഗത്തെത്തി. മുസ്ലിം സൈന്യത്തിന്റെ പതാക വഹിക്കാന്‍ അവര്‍ സ്വമേധയാ മുന്നോട്ടുവന്നു. ഒന്നുകില്‍ യുദ്ധാവസാനം വരെ അത് സംരക്ഷിക്കുക. അല്ലെങ്കില്‍ അതിന്റെ സംരക്ഷണാര്‍ഥം രക്തസാക്ഷിയാവുക. ഇതായിരുന്നു അവരുടെ തീരുമാനം.
മുസ്ലിം സൈന്യവും പേര്‍ഷ്യന്‍ പട്ടാളവും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് ദിവസം നീണ്ടുനിന്ന ഘോരയുദ്ധം! ലോകചരിത്രത്തില്‍ കേട്ടിട്ടില്ലാത്തത്രയും ഭയങ്കരം!!
മൂന്നാം ദിവസം മുസ്ലിം സൈന്യത്തിന് പേര്‍ഷ്യന്‍ സാമ്രാജ്യം കീഴടങ്ങി. മുസ്ലിംകള് വിജയശ്രീലാളിതരായി. ലോകത്തെ ഏറ്റവും വലിയ ഭരണകൂടം തകര്‍ന്നുതരിപ്പണമായി. ബഹുദൈവാരാധന കൊണ്ട് മലീമസമായ രാജ്യത്ത് ഏകദൈവ വിശ്വാസത്തിന്റെ പ താക പാറിപ്പറന്നു.
ഈ വന്‍വിജയത്തിന് നൂറുകണക്കിന് രക്തസാക്ഷികളുടെ ജീവന് വില നല്‍കേണ്ടി വന്നു. ആ ശുഹദാക്കളുടെ കൂട്ടത്തില്‍ മഹാനായ അബ്ദുല്ലാഹിബ്നുഉമ്മുമക്തൂം(റ)വും ഉണ്ടായിരുന്നു.
ഇസ്ലാമിന്റെ പതാക ആലിംഗനം ചെയ്തുകൊണ്ട് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രീ തിയിലാണ് ആ മഹാന് രണാങ്കണത്തില്‍ കാണപ്പെട്ടത്.
അല്ലാഹു അവരുടെ ബറകത്ത് കൊണ്ട് നമ്മെ വിജയികളിലുള്പെടുത്തട്ടെ, അവരെ അല്ലാഹു തൃപ്തിപ്പെടുമാറാവട്ടെ. ആമീന്‍.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അംറുബ്നുല്‍ജമൂഹ് (റ)
💐💐💐💐💐💐💐💐💐
കാലിലെ കഠിനമായ മുടന്തോടു കൂടി സ്വര്‍ഗത്തില്‍ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികന്. അംറുബ്നുല്‍ജമൂഹ്(റ)… ഇരുണ്ട യുഗത്തിലെ യസ്രിബിലെ പൌര പ്രമുഖന്…ബനൂസലമഃ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്… വിശ്രുതനായ ധര്മിഷ്ഠന്… മാന്യ വ്യക്തിത്വത്തിനുടമ…
ജാഹിലിയ്യത്തില്‍ പ്രമാണിമാരെല്ലാം സ്വന്തം വീടുകളില്‍ ബിംബങ്ങളെ പ്രതിഷ്ഠികക്കുക പതിവുണ്ടായിരുന്നു… പ്രഭാത പ്രദോഷങ്ങളില്‍ പ്രണാമങ്ങളര്‍പ്പിക്കുക, ആണ്ടു തോറും ബലി നടത്തുക, പ്രതിസന്ധി ഘട്ടങ്ങളില്‍ അഭയം തേടുക ഇവയായിരുന്നു ഉദ്ദേശ്യം..
അംറുബ്നുല്‍ ജമൂഹിന്റെ വിഗ്രഹത്തിന് മനാത്ത് എന്നായിരുന്നു പേര്. വിലപിടിച്ച മരത്തടിയില്‍ തീര്‍ത്തതായിരുന്നു അത്. മനാത്തിനെ പരിചരിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എപ്പോഴും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ ആ വിഗ്രഹത്തില്‍ അദ്ദേഹം നിര്‍ല്ലോഭം വാരിപ്പൂശി.
അംറുബ്നുല്‍ ജമൂഹിന് അറുപത് പിന്നിട്ടു. അപ്പോഴാണ് ഇസ്ലാമിക വിശ്വാസത്തിന്റെ പൊന്കിരണങ്ങള് യസ്രിബിലെ വീടുകളില്‍ പ്രകാശം പരത്താന്‍ തുടങ്ങിയത്….
മദീനയിലെത്തിയ ആദ്യ സത്യസന്ദേശ വാഹകന് മഹാനായ മുസ്വ്അബുബ്നു ഉമൈര്‍(റ)ആയിരുന്നു അതിന് നേതൃത്വം നല്‍കിയത്. അംറുബ്നുല്‍ജമൂഹിന്റെ മൂന്ന് പുത്രന്മാര്; മുഅവ്വിദ്, മആദ്, ഖല്ലാദ് എന്നിവരും അവരുടെ കൂട്ടുകാരന് മുആദുബ്നു ജബലും അവര്‍ മുഖേന സത്യവിശ്വാസികളായിത്തീര്‍ന്നു……
മൂന്ന് പുത്രന്മാരോടൊപ്പം അവരുടെ മാതാവ് ഹിന്ദും ഇസ്ലാം മതം ആശ്ളേഷിച്ചു…അവരുടെ മതപരിവര്‍ത്തനത്തെക്കുറിച്ച് യാതൊരറിവും അംറിന് കിട്ടിയിരുന്നില്ല.
അംറുബ്നുല്‍ ജമൂഹിന്റെ ഭാര്യ ഹിന്ദ് യസ്രിബില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ ശരിക്കും ഉള് ക്കൊള്ളുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആ നാട്ടുകാരില്‍ നേതാക്കളും പ്രജകളുമായി സിംഹഭാഗവും ഇസ്ലാം മതാനുയായികളായിരിക്കുന്നു. ബഹുദൈവ വിശ്വാസികളായി ശേഷിക്കുന്നവര്‍ തന്റെ ഭര്‍ത്താവും വിരലിലെണ്ണാവുന്ന കുറച്ചു പേരും മാത്രം…..!
അവര്‍ക്ക് ഭര്‍ത്താവിനോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. കാഫിറായി മരിക്കേണ്ടി വന്നാല്‍ അദ്ദേഹം ശാശ്വതമായി നരകാഗ്നിയിലായിരിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ വലിയ സഹതാപവും തോന്നുന്നുണ്ട്…..
അതേസമയം….അംറും വലിയ ഭയപ്പാടിലായിരുന്നു…തന്റെ മക്കള്‍ പിതാമഹന്മാരുടെ വിശ്വാസാചാരങ്ങള്‍ കൈവെടിഞ്ഞ് പുതിയ മതത്തില്‍ അകപ്പെട്ടുപോകുമോ എന്നതായിരുന്നു അദ്ദേഹം ചിന്തിച്ചത്…കാരണം ദീനീ പ്രബോധകനായ മുസ്വ്അബുബ്നുഉമൈര്‍(റ)മുഖേന ചുരുങ്ങിയ കാലയളവില്‍ വളരെയധികം പേര് മുഹമ്മദ്(സ്വ)യുടെ മതത്തില്‍ ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു……
അംറ് തന്റെ ഭാര്യയോട് പറഞ്ഞു: ‘ഹിന്ദ്….! ഈ പുതിയ മത വൃത്താന്തവുമായി വന്നയാളോട് നമ്മുടെ മക്കള്‍ സന്ധിച്ചു പോകുന്നത് ശരിക്കും സൂക്ഷിക്കണം…ഞാന്‍ തീരുമാനിക്കും പോലെ മതി ഇവിടുത്തെ കാര്യങ്ങള്‍’.
ഭാര്യ പറഞ്ഞു: ‘ശരി…പക്ഷേ, ഒന്നു ചോദിച്ചോട്ടെ… നിങ്ങളുടെ മകന് മുആദ് അയാളില്‍ നിന്ന് എന്തോ കേട്ട് പഠിച്ചിരിക്കുന്നു…അതെന്താണെന്ന് നിങ്ങള്‍ക്കൊന്ന് കേട്ടുകൂടെ….?!’
അംറ് ചോദിച്ചു ‘എന്ത്…! ഞാനറിയാതെ മതം മാറിയോ…?!’
ആ നല്ല സ്ത്രീക്ക് വയസ്സായ ഭര്‍ത്താവിനോട് സഹതാപം തോന്നി…അവര്‍ പറഞ്ഞു.
‘ഹേയ്, അതൊന്നുമല്ല…അയാളുടെ ഏതോ ഒരു ക്ളാസില്‍ പങ്കെടുത്തിരുന്നു പോല്‍…..! അങ്ങനെ മനഃപാഠമാക്കിയതാണ്’.
‘എങ്കില്‍ മുആദിനെ വിളിക്ക്…! അംറ് കല്പിച്ചു.
മുആദ് വന്നപ്പോള്‍ അംറ് പറഞ്ഞു: ‘ആ മനുഷ്യന് പറയുന്നതെന്താണെന്ന് എന്നെ കേള്‍പ്പിക്കൂ’.
മകന് മുആദ് സൂറത്തുല്‍ ഫാതിഹഃ സുന്ദരമായ ശൈലിയില്‍ ഓതിക്കേള്‍പ്പിച്ചു. സശ്രദ്ധം കേട്ടിരുന്ന അംറ് പറഞ്ഞു:
‘ഹാ…! എത്ര സുന്ദരമായ ഈരടികള്‍…! അദ്ദേഹം പറയുന്ന വാക്കുകളെല്ലാം ഇതുപോലെ സുന്ദരമാണോ…?’
മുആദ് പറഞ്ഞു. ‘ഇതിനേക്കാള്‍ സുന്ദരമാണ് ഉപ്പാ…നിങ്ങള്‍ അവരോട് ബന്ധപ്പെടാന്‍ താല്പര്യപ്പെടുന്നുവോ…? നിങ്ങളുടെ ജനത മുഴുക്കെ അദ്ദേഹത്തോടൊപ്പം ചേര്‍ന്നുകഴിഞ്ഞു’.
അംറ് പറഞ്ഞു. ‘ഞാന്‍ എന്റെ ദൈവമായ മനാത്തിനോടൊന്ന് തിരക്കട്ടെ… എന്നിട്ട് വേണ്ട പോലെ ചെയ്യാം…!’
മകന് പറഞ്ഞു: ‘മനാത്ത് എന്ത് പറയാനാണ് ഉപ്പാ…! ബുദ്ധി ശക്തിയോ സംസാര ശേഷിയോ ഇല്ലാത്ത വെറും മരക്കഷണമല്ലേ അത്…?’
ആ വൃദ്ധപിതാവിന് കലികയറി അദ്ദേഹം പറഞ്ഞു:
‘മനാത്തിനോട് ചോദിക്കാതെ ഒരു കാര്യത്തിലും ഞാന്‍ തീരുമാനമെടുക്കില്ലെന്ന് അറിയില്ലേ നിനക്ക്…?’
അംറുബ്നുല്‍ ജമൂഹ് തന്റെ വിഗ്രഹത്തെ സമീപിച്ചു. അറബികള്‍ ബിംബത്തോട് സംസാരിക്കുന്നതിന് മുമ്പ് അതിന്റെ പിന്നില്‍ ഒരു വൃദ്ധ സ്ത്രീയെ നിര്‍ത്താറുണ്ടായിരുന്നു. ചോദ്യങ്ങള്‍ക്കും മറ്റും ആ സ്ത്രീ നല്കുന്ന മറുപടി ദൈവീക വെളിപാടാണെന്നായിരുന്നു അവരുടെ വിശ്വാസം.
അദ്ദേഹം ആരോഗ്യമുള്ള തന്റെ കാലു കൊണ്ട് ശരീരത്തിന്റെ ഭാരം താങ്ങി നിര്‍ത്തി. മറ്റേകാല് മുടന്തുള്ളത് കൊണ്ട് ഉപയോഗശുന്യമായിരുന്നു. ദൈവത്തിന് സ്തുതി കീര്‍ത്തനങ്ങളര്‍പ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു തുടങ്ങി:
‘മനാത്ത്…മക്കയില്‍ നിന്ന് പുത്തന്‍ സന്ദേശവുമായെത്തിയ ആ വ്യക്തി ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തയാളാണ്… എന്നാല്‍ ബിംബാരാധനയെ അദ്ദേഹം കഠിനമായി എതിര്‍ക്കുന്നു. ഇക്കാര്യമെല്ലാം അങ്ങുന്ന് അറിഞ്ഞിട്ടുണ്ടാകുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല…അയാളുടെ വാക്കുകള്‍ കര്‍ണ്ണാനന്ദകരവും സുന്ദരവുമാണ്… പക്ഷേ, അവിടുത്തോട് ആലോചിച്ച ശേഷമാവാം എന്ന നിലക്ക് തല്ക്കാലം അയാളുടെ കൂടെ ഞാന്‍ ചേരാതിരുന്നതാണ്….അത് കൊണ്ട് ഞാനെന്തു ചെയ്യണമെന്ന് അരുളിയാലും….!’
മനാത്ത് ഒന്നും മിണ്ടിയതേയില്ല. അംറ് തുടര്‍ന്നു,
‘ഞാന്‍ ചോദിച്ചതില്‍ അവിടുത്തേക്ക് വെറുപ്പ് തോന്നിയിട്ടുണ്ടെങ്കില്‍ പൊറുക്കണം… ഇനി മേലില്‍ വിഷമമുണ്ടാക്കുന്ന ഒരു കാര്യം എന്നില്‍ നിന്നുണ്ടാവുകയില്ല… ഏതായാലും കുറച്ച് ദിവസത്തേക്ക് എനിക്ക് വിട തരിക…ദേഷ്യമെല്ലാം അടങ്ങിയിട്ട് വരാം’.
അംറുബ്നില്‍ജമൂഹിന് മനാത്തിനോടുള്ള അഭേദ്യമായ മാനസിക ബന്ധം പുത്രന്മാര്ക്ക് നന്നായറിയാമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ആ ബന്ധത്തിന്റെ സ്വാധീനം പ്രകടവുമായിരുന്നു…എന്നാല്‍ ആ ബന്ധത്തിന്റെ വേരുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് ഇളകിത്തുടങ്ങിയിരിക്കുന്നു എന്നവര്‍ മനസ്സിലാക്കി… അത് എന്നെന്നേക്കുമായി നിഷ്കാസനം ചെയ്യുക തങ്ങളുടെ ബാധ്യതയാണെന്ന് അവര്‍ക്കുത്തമബോധ്യമുണ്ട്….അതാണ് അദ്ദേഹം ഇസ്ലാമിലേക്ക് വരാനുള്ള ഏക മാര്‍ഗ്ഗവും….
അംറിന്റെ മക്കള്‍ മൂവരും അവരുടെ കൂട്ടുകാരന് മുആദുബ്നുജബലും കൂടി രാത്രിയുടെ മറവില്‍ മനാത്ത് ഇരിക്കുന്ന മുറിയിലേക്ക് ചെന്നു. അതിനെ തല്‍സ്ഥാനത്തു നിന്ന് ഇളക്കിയെടുത്ത് ഒരു പൊട്ടക്കിണറ്റില്‍ കൊണ്ട് തള്ളിയിട്ടു… ബനൂസലമഃ ഗോത്രക്കാര്‍ ചപ്പുചവറുകള്‍ കൊണ്ടിടുന്ന സ്ഥലം. ആരുമറിയാതെ അവര്‍ വീട്ടിലേക്ക് മടങ്ങി.
അടുത്ത സുപ്രഭാതം…അംറ് താഴ്മയോടെ പുറപ്പെട്ടു, മനാത്തിനെ കണ്ട് വണങ്ങാന്‍…! എന്നാല്‍ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി… മനാത്ത് അപ്രത്യക്ഷനായിരിക്കുന്നു…?!
അദ്ദേഹം ഗര്‍ജ്ജിച്ചു. ‘എവിടെ എന്റെ ദൈവം…???’ ആരും ഒരക്ഷരം മിണ്ടിയില്ല.
അദ്ദേഹം വീടിനകത്തും പുറത്തും അരിച്ചു പെറുക്കി….കോപക്രാന്ദനായി അയാള്‍ പിറുപിറുത്തുകൊണ്ടിരുന്നു…അവസാനം…അതാ കിടക്കുന്നു ദൈവം ചെളിക്കുണ്ടില്‍ തലകീഴായി…!!
അദ്ദേഹം അതിനെ ചെളിക്കുണ്ടില്‍ നിന്ന് വാരിയെടുത്ത് കുളിപ്പിച്ചു വൃത്തിയാക്കി. സുഗന്ധദ്രവ്യങ്ങള്‍ പൂശി തല്‍സ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു. മനാത്തിനോടായി അദ്ദേഹം പറഞ്ഞു. ‘ദൈവമാണ് സത്യം, ഈ നീചകൃത്യം ചെയ്തത് ആരാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വേണ്ട പ്രതികാരം ഞാന്‍ ചെയ്യുമായിരുന്നു.’
അടുത്ത സന്ധ്യ…ആ സുഹൃത്തുക്കള്‍ തലേന്ന് ചെയ്ത കൃത്യം ആവര്‍ത്തിച്ചു. നേരം പുലര്‍ന്നു…അംറ് പൂജാമുറിയില്‍ പ്രവേശിച്ചു…ദൈവം സ്ഥലം വിട്ടിരിക്കുന്നു…അന്വേഷിച്ചപ്പോള്‍ പൊട്ടക്കുഴിയില്‍ ചെളിയും പുരണ്ട് ദയനീയമായി ശയിക്കുന്നു….അദ്ദേഹം അതിനെയെടുത്ത് വൃത്തിയാക്കി കുളിപ്പിച്ചു…അത്ത്വര്‍ പൂശി പൂര്‍വ്വസ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു.
അതിന് ശേഷം എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു…യുവാക്കള്‍ വിഗ്രഹം എടുത്ത് ചെളിക്കുണ്ടിലെറിയും…. ആ വയോവൃദ്ധന് അതിനെയെടുത്ത് വൃത്തിയാക്കും…സഹികെട്ടപ്പോള്‍ അംറുബ്നുല്‍ജമൂഹ് ഒരു പുതിയ പദ്ധതി പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അദ്ദേഹം ഒരു ദിവസം ഉറങ്ങുന്നതിന് മുമ്പായി തന്റെ കരവാള് എടുത്ത് മനാത്തിന്റെ കഴുത്തില്‍ കെട്ടിയിട്ട് പറഞ്ഞു:
‘മനാത്ത്…! ആരാണ് ഈ നികൃഷ്ടതക്ക് പിന്നില്‍ എന്ന് എനിക്ക് പിടികിട്ടുന്നില്ല. അത് കൊണ്ട് നിനക്ക് വല്ല കഴിവുമുണ്ടെങ്കില്‍ നീ സ്വയം പ്രതിരോധിച്ചുകൊള്ളുക…..! ഇതാ ഈ വാള് തന്റെ കയ്യിലിരിക്കട്ടെ….!’
അദ്ദേഹം ഉറങ്ങാന്‍ കിടന്നു. ഗാഢ നിദ്രയിലാണ്ടുകഴിഞ്ഞു എന്ന് ബോധ്യപ്പെട്ടപ്പോള്‍ യുവാക്കള്‍ വിഗ്രഹത്തിനടുത്തെത്തി…കഴുത്തില്‍ നിന്ന് വാള് അഴിച്ചുമാറ്റി…വീട്ടിന് പുറത്ത് കൊണ്ട്പോയി ഒരു ചത്ത നായയെയും വിഗ്രഹത്തെയും തമ്മില്‍ കൂട്ടിക്കെട്ടി അഴുക്കു നിറഞ്ഞ കിണറ്റില്‍ ഇട്ടു……
പ്രഭാതം വിടര്‍ന്നു……. വിഗ്രഹം അപ്രത്യക്ഷമായത് കണ്ട വൃദ്ധന് അന്വേഷിച്ചു നടന്നു… അതാ ചെളിക്കുഴിയില്‍ കിടക്കുന്നു. കൂടെ ഒരു നായയുടെ ശവവും ഉണ്ട്…ഇപ്രാവശ്യം അദ്ദേഹം മനാത്തിനെ കരക്കു കയറ്റിയില്ല… അതിനെ അവിടെ തന്നെ ഉപേക്ഷിച്ചു കൊണ്ടദ്ദേഹം പാടി.
‘ആഴിയില്‍ ശ്വാനസാമീപ്യം കൈക്കൊണ്ടെന്തിന് കിടക്കുന്നു ദൈവമാവുകില്‍ നീ’.
അദ്ദേഹം പിന്നെയൊട്ടും താമസിച്ചില്ല….അല്ലാഹുവിന്റെ ദീനില്‍ അംഗമായിച്ചേര്‍ന്നു:
‘അശ്ഹദു അല്ലാഇലാഹ………..’
അംറുബ്നുല്‍ ജമൂഹ്(റ)സത്യ വിശ്വാസത്തിന്റെ മാധുര്യം നുണഞ്ഞു. മുശ്രിക്കായി കഴിച്ചുകൂട്ടിയ ഓരോ നിമിഷങ്ങളുമോര്‍ത്ത് ദുഃഖിച്ച് വിരലു കടിച്ചു… പുതിയ മതത്തിനായി തന്റെ ദേഹവും ദേഹിയും അദ്ദേഹം ഉഴിഞ്ഞു വെച്ചു. സ്വന്തം ശരീരവും സമ്പത്തും മക്കളും അല്ലാഹുവിനും റസൂല്‍ (സ്വ)ക്കുമായി സമര്‍പിച്ചു.
അധികം കഴിഞ്ഞില്ല…ഉഹ്ദ് യുദ്ധം സമാഗതമായി. മക്കള്‍ ധൃതിയില്‍ ഒരുങ്ങുന്നത് അംറ് കണ്ടു. കാനന സിംഹങ്ങളുടെ ശൌര്യം അവരുടെ ഓരോ ചുവടുവെപ്പിലും അനുനിമിഷം പ്രകടമായി… വീര രക്തസാക്ഷിത്വം വരിച്ച് അല്ലാഹുവിന്റെ പ്രീതി നേടാന്‍ അവരുടെ ഹൃദയം ത്രസിച്ചുകൊണ്ടിരിക്കുകയാണ്.
ആ കാഴ്ചകള്‍ അംറുബ്നുല്‍ ജമൂഹ്(റ)വിന്റെ അഭിമാനബോധത്തെ തൊട്ടുണര്‍ത്തി. അദ്ദേഹവും മഹാനായ നബി(സ്വ)യുടെ പതാകക്കു കീഴില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.
പക്ഷേ,…അദ്ദേഹത്തെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് പുത്രന്മാര് ഒറ്റക്കെട്ടായി ശ്രമിച്ചു. കാരണം പിതാവ് വാര്‍ധക്യത്തിന്റെ പടുകുഴിയിലാണ്….മാത്രമല്ല, ഒറ്റക്ക് നടക്കാന്‍ പോലും കഴിയാത്ത മുടന്താണ് കാലിന്…. അതു കൊണ്ടുതന്നെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു പറഞ്ഞ വിഭാഗത്തില്‍പെട്ടയാളുമാണദ്ദേഹം….
മക്കള്‍ പറഞ്ഞു: ‘പിതാവേ…കാലിന് മുടന്തുള്ളവര്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞിട്ടുണ്ടല്ലോ… അല്ലാഹു വിട്ടുവീഴ്ച തന്ന ഒരു കാര്യത്തിന് പിന്നെ നിങ്ങളെന്തിന് ശരീരത്തെ ബുദ്ധിമുട്ടിക്കണം….’
അവരുടെ വാക്കു കേട്ട് ആ വന്ദ്യ വയോധികന് വല്ലാതെ ദേഷ്യപ്പെട്ടു… അവര്‍ നബി(സ്വ)യുടെ അടുക്കല്‍ അന്യായം ബോധിപ്പിച്ചു:
‘അല്ലാഹുവിന്റെ ദൂതരേ…ഈ മഹത്തായ കാര്യത്തില്‍ പങ്കുകൊള്ളുന്നതിന് എന്റെ പുത്രന്മാര് തടസ്സം ഉന്നയിക്കുകയാണ്…ഞാന്‍ മുടന്തുള്ളയാളാണെന്നാണവര്‍ കാരണം പറയുന്നത്…അല്ലാഹുവാണ് സത്യം…എന്റെ ഈ മുടന്തുകാലുമായി സ്വര്‍ഗത്തില്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു നബിയേ…’
നബി(സ്വ)അംറ് (റ) വിന്റെ പുത്രന്മാരോട് പറഞ്ഞു: ‘നിങ്ങള്‍ പിതാവിനെ തടയേണ്ടതില്ല. അല്ലാഹു അവര്‍ക്ക് രക്തസാക്ഷിയാവാനുള്ള ഭാഗ്യം നല്‍കിയേക്കാം….’
നബി(സ്വ)യുടെ നിര്‍ദേശം മക്കള്‍ അംഗീകരിച്ചു.
യുദ്ധത്തിന് പുറപ്പെടാറായി….അംറുബ്നുല്‍ജമൂഹ്(റ)തന്റെ ഭാര്യയോട് യാത്ര പറഞ്ഞിറങ്ങി…ഇനിയൊരിക്കലും തിരിച്ചു വരാത്ത യാത്രാമൊഴി…ശേഷം അദ്ദേഹം ഖിബ്ലക്ക് മുന്നിട്ട് ഇരു കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ഥിച്ചു:
‘അല്ലാഹുവേ…! എന്നെ നീ ശഹീദാക്കേണമേ….! എന്നെ എന്റെ വീട്ടിലേക്ക് ആശയറ്റവനായി മടക്കരുതേ…’
അംറുബ്നുല്‍ ജമൂഹ് (റ) യുദ്ധത്തിനിറങ്ങി…ചുറ്റും മൂന്ന് മക്കളും കുടുംബത്തില്‍ നിന്നുള്ള വലിയൊരു സംഘവും ഉണ്ട്.
രംഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു… മുഅ്മിനുകള് നബി(സ്വ)യുടെ സമീപത്ത് നിന്നകന്ന് കൊ ണ്ടിരിക്കുകയാണ്… മഹാനായ അംറുബ്നുല്‍ ജമൂഹ്(റ)ഏറ്റവും മുമ്പില്‍ തന്നെ ഉണ്ട്. മുടന്തില്ലാത്ത കാലില്‍ ചാടിയാണ് അവര്‍ മുന്നേറിക്കൊണ്ടിരുന്നത്… പോരാടുമ്പോള്‍ അവരുടെ അധരങ്ങള്‍ ആവര്‍ത്തിച്ചു ചലിച്ചുകൊണ്ടിരിക്കുന്നു….
‘എനിക്ക് സ്വര്‍ഗത്തില്‍ കടക്കാന്‍ അത്യാര്‍ത്തിയുണ്ട്…’
അദ്ദേഹത്തിന്റെ തൊട്ടു പിന്നില്‍ ഖല്ലാദുണ്ട്… ആ സ്വഹാബിയും മകനും നബി(സ്വ)യെ സംരക്ഷിക്കാനായി പടവെട്ടിക്കൊണ്ടിരിക്കുകയാണ്. അധികം കഴിഞ്ഞില്ല…യുദ്ധഭൂമിയില്‍ പിതാവും മകനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ശഹീദായി വീണു.
യുദ്ധം അവസാനിച്ചു…റസൂല്‍(സ്വ)ഉഹ്ദില്‍ ശഹീദായവരെ മറമാടാനായി എഴുന്നേറ്റു…നബി (സ്വ) സ്വഹാബത്തിനോട് പറഞ്ഞു: ‘ശഹീദായവരെ കുളിപ്പിക്കാതെ തന്നെ മറവ് ചെയ്യുക. ഞാനവര്‍ക്ക് സാക്ഷിയാണ്…!’
നബി(സ്വ)തുടര്‍ന്നു: ‘അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ആര്‍ക്കെങ്കിലും ഒരു മുറിവ് ഏല്ക്കേണ്ടിവന്നാല് അന്ത്യ ദിനത്തില്‍ അതില്‍നിന്ന് രക്തം വാര്‍ന്നുകൊണ്ടിരിക്കും… ആ രക്തത്തിന്റെ നിറം കുങ്കുമത്തിന്റെതും വാസന കസ്തൂരിയുടെതുമായിരിക്കും…’
അവിടുന്ന് തുടര്‍ന്നു. ‘അംറുബ്നുല്‍ജമൂഹ് (റ) വിനെയും അബ്ദുല്ലാഹിബ്നു അംറ് (റ) വിനെയും ഒരേ ഖബ്റില്‍ മറവ് ചെയ്യുക. അവര്‍ തമ്മില്‍ നിഷ്കളങ്കമായി സ്നേഹിച്ചവരായിരുന്നു.’ അല്ലാഹു (സു) അംറുബ്നുല്‍ ജമൂഹ്(റ)വിനെയും കൂട്ടുകാരായ ഉഹ്ദിലെ രക്തസാക്ഷികളെയും തൃപ്തിപ്പെടുമാറാകട്ടെ…ആമീന്‍.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അദിയ്യുബ്നു ഹാതിം(റ)
💐💐💐💐💐💐💐💐💐
“മറ്റുള്ളവര്‍ നിഷേധികളായപ്പോള്‍ താങ്കള്‍ വിശ്വസിച്ചു….അവര്‍ അജ്ഞരായപ്പോള്‍ താങ്കള്‍ ജ്ഞാനിയായി. മറ്റുള്ളവര്‍ ചതിച്ചപ്പോള്‍ വിശ്വസ്തത തെളിയിച്ചു…എല്ലാവരും പിന്തിരിഞ്ഞപ്പോള് താങ്കള്‍ മുന്നോട്ട് തന്നെ ഗമിച്ചു”. ഉമറുബ്നുല്‍ഖത്ത്വാബ്(റ).
ഹിജ്റഃ വര്‍ഷം ഒമ്പത്… ഒരറേബ്യന്‍ രാജാവ് ഇസ്ലാം പുല്‍കിയിരിക്കുകയാണ്… വളരെക്കാലം ഇസ്ലാമിനെതിരെ പ്രവര്‍ത്തിച്ച ശേഷമുണ്ടായ തിളക്കമാര്‍ന്ന സംഭവം….നബി(സ്വ)യുമായി കുറേ മത്സരിച്ചശേഷം വിനയാന്വിതനായി കീഴടങ്ങിയവര്‍. ചരിത്രത്തിന്റെ ഇടനാഴികളില്‍ ധര്‍മ്മിഷ്ടനെന്ന് പേര് കേട്ട പിതാവിന്റെ പുത്രന്.
പിതാവിന് ശേഷം അദിയ്യ്, ത്വയ്യ് ഗോത്രത്തിന്റെ നേതൃത്വം ഏറ്റെടുത്തു…ഗോത്രക്കാര്‍ക്ക് ലഭിക്കുന്ന യുദ്ധമുതലില് നിന്ന് കാല്‍ഭാഗം ഭരണാധിപന് നല്കാന് നാട്ടുനടപ്പനുസരിച്ച് അവര്‍ തീരുമാനിച്ചു.
റസൂലുല്ലാഹി(സ്വ) സത്യമാര്ഗ്ഗ പ്രബോധനം നടത്തുകയാണ്. അറേബ്യന്‍ ഗോത്രങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അവരുടെ പിന്നില്‍ അണിനിരക്കുന്നു. നബി(സ്വ) തങ്ങളുടെ ആശയങ്ങള്‍ക്കുള്ള ശക്തിയും ആധിപത്യസാധ്യതയും അദിയ്യിന് തലവേദനായി. ആ മുന്നേറ്റത്തില്‍ തന്റെ അധികാരം തന്നെ തെറിച്ചുപോവുമെന്ന് അദ്ദേഹം കണക്കുകൂട്ടി. നബി(സ്വ)യുടെ നേതൃഗുണം തന്റെ രാജപദവിക്ക് കടുത്തഭീഷണിയായി അയാള്‍ മനസ്സിലാക്കി. അക്കാരണത്താല്‍ തന്നെ താനിതുവരെ കാണുകയോ അടുത്തറിയുകയോ ചെയ്യാത്ത നബി(സ്വ)യോട് അയാള്‍ക്ക് വല്ലാത്ത പകയും ശത്രുതയുമുണ്ടായി. അങ്ങനെ ഇസ്ലാമിന്റെ ശത്രുവായി ഏകദേശം ഇരുപത് വര്‍ഷം അദ്ദേഹം ജീവിച്ചു…. എങ്കിലും ഈമാനിന്റെ പൊന്കിരണങ്ങള് തന്റെ തമസ്സ് മുറ്റിയ ഹൃദയത്തെ അവസാനം പ്രകാശപൂരിതമാക്കുക തന്നെ ചെയ്തു.
അദിയ്യിന്റെ ഇസ്ലാംമതാശ്ളേഷണത്തിന് അവിസ്മരണീയമായ ഒരു പശ്ചാത്തലമുണ്ട്…. സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം തന്നെ വിശദീകരിക്കുന്നു.
‘അറബികളില്‍ വെച്ച് നബി(സ്വ)യോട് ഏറ്റവും കൂടുതല്‍ വിദ്വേഷമുണ്ടായിരുന്നവനാണ് ഞാന്‍…കാരണം എന്റെ ജനതയിലെ കാര്യപ്രാപ്തനും നേതാവുമായിരുന്നു ഞാന്‍. അതോടൊപ്പം ഒരു കൃസ്ത്യാനിയും. എന്റെ ജനതക്ക് ലഭിക്കുന്ന ഗനീമത്ത് സ്വത്തില്‍ നിന്ന് കാല്‍ഭാഗം ഞാന്‍ വസൂലാക്കിപ്പോന്നു. മറ്റ് ഭരണാധിപന്മാരും ഈ സ്വഭാവത്തില്‍ നിന്നും വിഭിന്നമായിരുന്നില്ല.
ആയിടക്കാണ് നബി(സ്വ)യെ കുറിച്ച് കേള്‍ക്കാനായത്. ഞാന്‍ അദ്ദേഹത്തെ വല്ലാതെ വെറുത്തു. അനുദിനം മുഹമ്മദ്(സ്വ) ശക്തിയാര്‍ജ്ജിച്ചു വരുന്നത് ഞാനറിഞ്ഞു. അദ്ദേഹത്തിന്റെ സൈനിക സംഘങ്ങള്‍ കിഴക്കും പടിഞ്ഞാറുമെല്ലാം പടയോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ എന്റെ ഒട്ടകപാലകനായ അടിമയെ അടുത്തു വിളിച്ചിട്ട് ഞാന്‍ പറഞ്ഞു:
‘എളുപ്പത്തില്‍ നയിക്കാവുന്ന തടിച്ച കുറെ ഒട്ടകങ്ങളെ അടിയന്തിരമായി ഒരുക്കിനിര്‍ത്തുക…. അവ എനിക്കെപ്പോഴും ഉപയോഗിക്കാന്‍ പാകത്തില്‍ അടുത്തുതന്നെ ഉണ്ടായിരിക്കണം. ഇനി മുഹമ്മദിന്റെ വല്ല സൈന്യവും ഈ രാജ്യത്ത് കാലെടുത്തുവെച്ചാല് വേഗം എന്നെ വിവരം ധരിപ്പിക്കണം.
ഒരു സുപ്രഭാതം. എന്റെ അടിമ ഓടിക്കിതച്ച് വന്ന് പറഞ്ഞു: ‘പ്രഭോ…മുഹമ്മദിന്റെ സൈന്യം ഈ രാജ്യത്ത് ചവിട്ടിയാല്‍ ചെയ്യാന്‍ ഉദ്ദേശിച്ചത് ഇപ്പോള്‍ ചെയ്ത് കൊള്ളുക.’ ഇത് കേട്ട് ഞാന്‍ ചൂടായി. ‘തള്ളയില്ലാത്തവന്‍, എന്താണ് കാര്യം തെളിച്ചു പറയൂ.’
ദൂരെ കുടിലുകള്‍ക്കിടയിലൂടെ നിരവധി പതാകകള്‍ പറന്നു കളിക്കുന്നത് ഞാന്‍ കണ്ടു. അതിനെക്കുറിച്ചന്വേഷിച്ചപ്പോഴാണറിഞ്ഞത് അത് മുഹമ്മദിന്റെ സൈന്യമാണെന്ന്.
ഉടനെ ഞാന്‍ പറഞ്ഞു: ‘ഞാന്‍ തന്നോട് പറഞ്ഞിരുന്ന ഒട്ടകങ്ങള്‍ വേഗം എത്തിക്കുക…!’
ഞാന്‍ വേഗം എന്റെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. ഞങ്ങളുടെ എല്ലാമെല്ലാമായ നാടുവിട്ടോടണം.
ഞങ്ങള്‍ ശീഘ്രം ഒട്ടകങ്ങളെ തെളിച്ചു. ശാമാണ് ലക്ഷ്യം. അവിടെയുള്ള കൃസ്തീയരുടെ കൂടെ സുരക്ഷിതമായി താമസിക്കാം.
വളരെ ധൃതിയിലായിരുന്നു ഞങ്ങളുടെ പലായനം…അതുകൊണ്ട് തന്നെ കുടുംബാംഗങ്ങളെല്ലാം സംഘത്തിലുണ്ടോ എന്നുറപ്പുവരുത്താന്‍ കഴിഞ്ഞിരുന്നില്ല. അപകട മേഖല തരണം ചെയ്ത് കഴിഞ്ഞു. ആരെല്ലാം സംഘത്തിലുണ്ട് എന്നറിയാന്‍ ഞാന്‍ തിരിഞ്ഞുനോക്കി.
അയ്യോ… ഒരമളി പറ്റിയിരിക്കുന്നു. ഒരു സഹോദരി ഞങ്ങളുടെ കൂടെ പുറപ്പെട്ടിട്ടില്ല. അവരും ത്വയ്യ് ഗോത്രക്കാരായ മറ്റുള്ളവരും നാട്ടില്‍ തന്നെ കുടുങ്ങിയിരിക്കുകയാണ്…
പക്ഷേ, എനിക്ക് മടങ്ങാന്‍ ഒരു നിര്‍വ്വാഹവുമില്ല. വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി ഞാനും കൂടെയുള്ളവരും ശാമിലേക്ക് യാത്ര തുടര്‍ന്നു. കൃസ്തീയ സുഹൃത്തുക്കളോടൊപ്പം അവിടെ കഴിഞ്ഞുകൂടി.
എന്റെ സഹോദരിക്ക് ഞാന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. മുഹമ്മദിന്റെ അശ്വഭടന്മാര് ഞങ്ങളുടെ നാട് കീഴ്പ്പെടുത്തുകയും എന്റെ സഹോദരിയടക്കം പലരെയും അറസ്റ്റ് ചെയ്ത് യസ്രിബിലേക്ക് കൊണ്ട് പോവുകയും ചെയ്ത വിവരം ശേഷം ഞാനറിഞ്ഞു.
പിടിക്കപ്പെട്ട സംഘം മദീനഃ പള്ളിയുടെ വാതില്ക്കല് നില്‍ക്കുകയാണ്. തത്സമയം നബി(സ്വ) അതുവഴി വന്നു. അപ്പോള്‍ എന്റെ സഹോദരി എഴുന്നേറ്റ് നിന്ന് പറഞ്ഞു:
‘അല്ലാഹുവിന്റെ ദൂതരെ… എന്റെ പിതാവ് മരണമടഞ്ഞു. എന്റെ സംരക്ഷകന്‍ നാടുവിടുകയും ചെയ്തു. അത്കൊണ്ട് അവിടുന്ന് കാരുണ്യം കാണിച്ചാലും.’
നബി(സ) ചോദിച്ചു: ‘ആരാണ് നിന്റെ സംരക്ഷകന്‍….?’
അവള് പറഞ്ഞു: ‘അദിയ്യുബ്നു ഹാതിം….!’
നബി(സ്വ) പ്രതികരിച്ചു: ‘അല്ലാഹുവിന്റെ ദീനില്‍ നിന്ന് ഓടിയകലുന്നവനാണവന്…?’
മറ്റൊന്നും പറയാതെ നബി(സ്വ) കടന്നു പോയി. പിറ്റേദിവസം അവര്‍ അതുവഴി വന്ന സമയത്തും സഹോദരി അപ്രകാരം പറഞ്ഞെങ്കിലും നബി(സ്വ) അത് ശ്രദ്ധിച്ചില്ല. നബി (സ്വ)അടുത്ത ദിവസവും അവരുടെ അടുക്കലൂടെ വന്നു. രണ്ട് ദിവസത്തെ ശ്രമം നിഷ്ഫലമായതിനാല്‍ നിരാശയായ അവള് ഒന്നും മിണ്ടിയില്ല. തത്സമയം നബിയോട് കാര്യം പറയാന്‍ പിറകില്‍ നിന്നൊരാള്‍ അവളെ ഉപദേശിച്ചു. അങ്ങനെ നബി(സ്വ)യെ സമീപിച്ച് അവള് പറഞ്ഞു:
‘അല്ലാഹുവിന്റെ ദൂതരെ… എന്റെ പിതാവ് മരിച്ചു പോയി… സംരക്ഷിക്കേണ്ടവന്‍ നാടുകടക്കുകയും ചെയ്തു… അത്കൊണ്ട് എന്നോട് കരുണ തോന്നിയാലും…!’
നബി(സ്വ)യുടെ പ്രത്യുത്തരം: ‘ശരി… അങ്ങനെയാവട്ടെ…!’
അവള് പറഞ്ഞു: ‘ശാമിലാണ് എന്റെ മറ്റ് കുടുംബക്കാര് ഇപ്പോഴുള്ളത്. അത്കൊണ്ട് അവരുടെയടുത്തേക്ക് പോകാന്‍ അനുവദിച്ചാലും…!’
നബി(സ്വ)പറഞ്ഞു: ‘പോകാം…പക്ഷേ,…ധൃതിപ്പെടാതിരിക്കുന്നതാണ് ഗുണം…നിന്നെ ശാമിലെത്തിക്കാന് വിശ്വസ്തരായ ആളുകളെ ലഭിക്കുന്നത് വരെ കാത്തിരിക്കുക…ആളെ കിട്ടിയാല്‍ എന്നെ വിവരം അറിയിക്കുക….!’
നബി(സ്വ)സ്ഥലം വിട്ടപ്പോള്‍ അവള് ചോദിച്ചു:
‘ആരായിരുന്നു എന്നോട് കാര്യം പറയാന്‍ ആവശ്യപ്പെട്ട ആ വ്യക്തി?’
മറുപടി: ‘അത് അലിയ്യുബ്നുഅബീത്വാലിബ്(റ)ആണ്.’ അവള് അല്പദിവസം കൂടി അവിടെ തന്നെ താമസിച്ചു. അതിനിടയില്‍ തന്റെ നാട്ടില്‍ നിന്ന് ശാമിലേക്ക് പോകുന്ന ഒരു സംഘം അതുവഴി വന്നു. അവര്‍ വിശ്വസ്തരായിരുന്നു.
അവള് നബി(സ്വ)യുടെയടുത്തു ചെന്നു പറഞ്ഞു:
‘തിരുദൂതരെ…! എന്റെ നാട്ടുകാരായ ഒരു യാത്രാസംഘം ഇവിടെയെത്തിയിരിക്കുന്നു. അവരെ എനിക്ക് വിശ്വാസമാണ്…!’
നബി(സ്വ) എന്റെ സഹോദരിക്ക് ധരിക്കാനുള്ള വസ്ത്രങ്ങള്‍, ഒരു ഒട്ടകം, യാത്രക്കാവശ്യമായ ചെലവുകള്‍ എല്ലാം നല്കി അവളെ യാത്രയയച്ചു.
അദിയ്യ് തുടരുന്നു: ‘മുഹമ്മദിന്റെ സൈന്യം എന്റെ സഹോദരിയെ പിടിച്ച ശേഷം അവളുടെ എല്ലാ വിവരങ്ങളും ഞങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. അവള് തിരിച്ചു വരുന്നതും കാത്ത് ഞങ്ങളിരുന്നു. മുഹമ്മദിനോട് ഞാന്‍ കടുത്ത ശത്രുത കാണിച്ചിട്ടും എന്റെ സഹോദരിക്ക് അദ്ദേഹം ഇത്രയധികം കാരുണ്യം ചെയ്തുകൊടുത്തു എന്ന് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ഒരു ദിവസം ഞാന്‍ കുടുംബവുമൊന്നിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു സ്ത്രീ ഒട്ടകത്തില്‍ ഞങ്ങളുടെ വീട് ലക്ഷ്യമാക്കി വരുന്നത് കണ്ടു. ഞാന്‍ വിസ്മയത്തോടെ പറഞ്ഞു: ‘അതാ…! അത് അവള് തന്നെ, ഹാതിമിന്റെ പുത്രി…? എന്റെ സഹോദരി…!’
വന്ന് കയറിയ ഉടന്‍ അവള് കോപത്തോടെ പറഞ്ഞു:
‘കുടുംബ ബന്ധം വിച്ഛേദിച്ച ദ്രോഹീ…!! നിന്റെ മാതാവിന്ന് പിറന്നവളെ ഉപേക്ഷിച്ചല്ലേ നീ ഭാര്യയെയും മക്കളെയും കൂട്ടി സ്ഥലം വിട്ടത്…?!! ‘ഞാന്‍ പറഞ്ഞു:
‘എന്റെ പൊന്നു സഹോദരി…! അങ്ങനെയൊന്നും പറയരുത്…!’
ഞാന്‍ അവളെ പലതും പറഞ്ഞു സാന്ത്വനപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ അവസാനം അവള് ശാന്തയായി. നടന്ന സംഭവങ്ങളെല്ലാം ഒന്നൊഴിയാതെ പറഞ്ഞുതന്നു. അപ്പോള്‍ ഞാന്‍ കേട്ടതെല്ലാം തീര്‍ത്തും ശരിയായിരുന്നു എന്ന് ബോധ്യപ്പെട്ടു.
അതീവബുദ്ധിശാലിനിയായ അവളോട് ഞാന്‍ ചോദിച്ചു:
‘അയാളെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ്?’
അവള് പറഞ്ഞു:
‘എന്റെ അഭിപ്രായത്തില്‍ നീ എത്രയും പെട്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെടുകയാണ് വേണ്ടത്….കാരണം അദ്ദേഹം ഒരു പ്രവാചകനാണെങ്കില്‍ എത്രനേരത്തെ അവരോട് ബന്ധപ്പെട്ടുവോ അത്രയും ശ്രേഷ്ടതക്ക് നീ അര്‍ഹനായിത്തീരും… ഇനി അദ്ദേഹം ഒരു രാജാവാണെങ്കില്‍ നീ അവരുടെ മുമ്പില്‍ നിന്ദ്യനാവുകയുമില്ല. കാരണം നീയും ത്വയ്യ് ഗോത്രത്തിന്റെ അധിപനായിരുന്നല്ലോ.’
അദിയ്യ് പറയുന്നു: ഞാന്‍ വൈകാതെ തന്നെ യാത്രയായി…സുരക്ഷിതത്വത്തിന് ഔദ്യോഗിക രേഖകളൊന്നുമില്ലാതെ യാത്ര… ഇത്രയും നിര്‍ഭയനായി പുറപ്പെടാന്‍ കാരണം നബി(സ്വ)യുടെ ഒരു വാക്കായിരുന്നു. അവിടുന്ന് പറഞ്ഞിരുന്നു:
‘ഒരു ദിവസം അദിയ്യുബ്നുഹാതിം എന്റെയടുത്ത് വിനയാന്വിതനായി എത്തും.’
ഞാന്‍ മദീനയിലെത്തി…അപ്പോള്‍ നബി(സ്വ)പള്ളിയിലുണ്ട്. ഞാന്‍ നേരെ ചെന്ന് അഭിവാദ്യങ്ങളര്‍പ്പിച്ചു.
നബി(സ്വ) ചോദിച്ചു: ‘നിങ്ങളാരാണ്…?’
ഞാന്‍ പറഞ്ഞു: ‘അദിയ്യുബ്നുഹാതിം.’
ഇത് കേട്ട ഉടനെ അവിടുന്ന് എഴുന്നേറ്റ് എന്റെ കൈ പിടിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വഴിമധ്യേ നിരാലംബയും അബലയുമായ ഒരു സ്ത്രീ നബി(സ്വ)യെ അഭിമുഖീകരിച്ചു. ഒരു പിഞ്ചുപൈതലും അവരുടെ കൂടെയുണ്ട്. അവര്‍ നബി(സ്വ)യോട് ചില ആവശ്യങ്ങള്‍ ഉണര്‍ത്തിച്ചു. അതെല്ലാം സശ്രദ്ധം കേട്ട ശേഷം നബി(സ്വ) എല്ലാറ്റിനും പരിഹാരമുണ്ടാക്കിക്കൊടുത്തു. ഇതെല്ലാം കണ്ട ഞാനെന്റെ മനസ്സില്‍ പറഞ്ഞു:
‘ഹേയ്…ഇതൊരു രാജാവല്ല എന്ന കാര്യം ഉറപ്പാണ്…’
എന്റെ കൈ പിടിച്ച് അവര്‍ വീണ്ടും നടന്നു. ഞങ്ങള്‍ വീട്ടിലെത്തി…ഈത്തപ്പനയോല നിറച്ച ഒരു തുകല്‍ ഷീറ്റ് വിരിച്ച് തന്നിട്ട് നബി(സ്വ) പറഞ്ഞു:
‘ഇതില്‍ ഇരിക്കൂ…’
ഞാന്‍ ഇരിക്കാന്‍ മടിച്ചു.. ഞാന്‍ പറഞ്ഞു:
‘അങ്ങ് ഇരിക്കുക….’
അവരുടെ മറുപടി: ‘അല്ല, താങ്കള്‍ ഇരിക്കൂ.’
ഞാന്‍ അനുസരിച്ചു. അവര്‍ വെറും തറയില്‍ ഇരുന്നു. കാരണം മറ്റൊന്ന് നിലത്ത് വിരിക്കാന്‍ ആ വീട്ടിലുണ്ടായിരുന്നില്ല.
ഞാന്‍ ആത്മഗതം ചെയ്തു:
‘ഇത് ഒരു ചക്രവര്‍ത്തിയുടെ സ്വഭാവമേ അല്ല…’
ശേഷം അവര്‍ എന്നോട് ചോദിച്ചു:
‘അദിയ്യുബ്നുഹാതിം, മതം നിഷിദ്ധമാക്കിയിട്ടും ജനങ്ങളുടെ സ്വത്തിന്റെ കാല്‍ഭാഗം നിങ്ങള്‍ വസൂലാക്കിയിരുന്നില്ലേ…’
എന്റെ മറുപടി: ‘അതെ, എടുത്തിരുന്നു.’
അങ്ങനെ അദ്ദേഹം ദൈവദൂതനാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. നബി(സ്വ) പറഞ്ഞു:
‘ഭാവിയില്‍ ഇസ്ലാമിലേക്ക് നാനാഭാഗത്ത് നിന്നും സമ്പത്ത് പ്രവഹിക്കുകയും സ്വ ത്തിന് ആവശ്യക്കാരില്ലാതെ വരികയും ചെയ്യും. അദിയ്യ്…, ഇസ്ലാം പുല്കുന്നതിന് താങ്കള്‍ക്കുള്ള തടസ്സം മുസ്ലിംകളുടെ എണ്ണക്കുറവും ശത്രുക്കളുടെ ബാഹുല്യവുമായിരിക്കാം. എന്നാല്‍ ഇറാഖിലെ ഖാദിസിയ്യയില്‍ നിന്ന് ഒട്ടകപ്പുറത്ത് ഏകാകിനിയായി ഒരു സ്ത്രീ കഅ്ബാ മന്ദിരത്തിലെത്തി ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്ന സ്ഥിതി വിശേഷം സംജാതമാവും. അല്ലാഹുവല്ലാത്ത മറ്റൊരാളെയും ഭയക്കേണ്ട ചുറ്റുപാട് അന്നുണ്ടാകുകയില്ല.
അല്ലയോ അദിയ്യ്…, ഇസ്ലാമില്‍ നിന്ന് താങ്കളെ പിന്തിരിപ്പിക്കുന്നത് ഒരു പക്ഷേ, രാജ്യഭരണം അവര്‍ക്കില്ലെന്ന തോന്നലായിരിക്കും. എന്നാല്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. ഇറാഖിലെ ബാബില്‍ നാട്ടിലെ ധവളക്കൊട്ടാരങ്ങള് മുസ്ലിംകള്‍ക്കു കീഴ്പെട്ടുവെന്നും കിസ്റയുടെ (സീസര്‍) നിധിപേടകങ്ങള്‍ അവരുടെ കയ്യിലണിഞ്ഞുവെന്നും കേള്‍ക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.’
ഞാന്‍ ചോദിച്ചു: ‘കിസ്റയുടെ നിധിപേടകങ്ങള്‍?’
അവര്‍ പറഞ്ഞു: ‘അതെ, കിസ്റയുടെ നിധികള്‍ തന്നെ.’
പിന്നീട് എനിക്കധികം ചിന്തിക്കേണ്ടി വന്നില്ല. ഞാന്‍ സത്യവിശ്വാസിയായി മാറി.
അദിയ്യുബ്നുഹാതിം(റ) മുസ്ലിമായി ദീര്‍ഘകാലം ജീവിച്ചു.
അദ്ദേഹം പറയുമായിരുന്നു:
‘നബി(സ്വ) പറഞ്ഞ മൂന്നു കാര്യങ്ങളില്‍ രണ്ടെണ്ണം പുലര്‍ന്നിരിക്കുന്നു. ഖാദിസിയ്യയില്‍ നിന്ന് ഒരു സ്ത്രീ ഏകാകിനിയായി നിര്‍ഭയമായി കഅ്ബയില്‍ പൂര്‍ണ്ണ സുരക്ഷിതത്വത്തോടെ എത്തിച്ചേര്‍ന്നത് ഞാന്‍ കണ്ടിരിക്കുന്നു. കിസ്റയുടെ കൊട്ടാരവും നിധികളും പിടിച്ചെടുത്ത ആദ്യസൈന്യത്തില് ഈ വിനീതനും അംഗമായിരുന്നു. ഒരു കാര്യം കൂടി ഇനി ബാക്കിയുണ്ട്. അല്ലാഹുവാണ് സത്യം, അതും പുലരുമെന്ന് എനിക്കുറപ്പുണ്ട്.’
പുലര്‍ന്ന് കാണാന്‍ ബാക്കിയുണ്ടെന്ന് അദിയ്യ്(റ) പറഞ്ഞ ആ കാര്യം മഹാനായ ഖലീഫ ഉമറുബ്നുഅബ്ദില്അസീസ്(റ)വിന്റെ കാലത്ത് സാക്ഷാല്‍ക്കരിക്കപ്പെട്ടു. മുസ്ലിംകള് മുഴുവനും സമ്പന്നരായിത്തീര്‍ന്നു. ഖലീഫഃയുടെ പ്രതിനിധികള്‍ തെരുവോരങ്ങളിലൂടെ വിളിച്ചു ചോദിച്ചു നടന്നു. സകാതിന്റെ സ്വത്തു വാങ്ങാന്‍ അവകാശപ്പെട്ട ദരിദ്രര്‍ വന്നു വാങ്ങിക്കൊള്ളുക. പക്ഷേ, ഒറ്റ മനുഷ്യനുമുണ്ടായിരുന്നില്ല.
മഹാനായ നബി(സ്വ)യുടെ തിരുമൊഴി അങ്ങനെ അക്ഷരം പ്രതി പുലര്‍ന്നു. അദിയ്യുബ്നുഹാതിം(റ)വിന്റെ സാക്ഷിമൊഴിയും ഒട്ടും തെറ്റിയില്ല.
അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ. ആമീന്‍
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബൂഉബൈദ (റ)
💐💐💐💐💐💐💐
“എല്ലാ സമുദായത്തിലും ഒരു വിശ്വസ്ഥനുണ്ട്, എന്റെ ജനതയിലെ വിശ്വസ്ഥന് അബൂഉബൈദ യാണ്”. മുഹമ്മദ് നബി(സ്വ).
പ്രസന്ന വദനന്, സുമുഖന്‍, മെലിഞ്ഞു നീണ്ട ശരീരപ്രകൃതി, സുതാര്യമായ താടിരോമം, ആത്മനിര്‍വൃതിയും മനഃശ്ശാന്തിയും നല്കുന്ന നോട്ടം, സൌമ്യവും വശ്യവുമായ സ്വഭാവം, താഴ്മ, ലജ്ജ, എന്നാല്‍ ഒരു കാര്യത്തിനിറങ്ങിയാല്‍ സിംഹത്തിന്റെ ശൌര്യവും ധൈര്യവും, ശരീരത്തിന് ഗഢാഖത്തിന്റെ പ്രകാശവും പ്രവര്‍ത്തനത്തിന് അതിന്റെ മൂര്‍ച്ചയും.
മുഹമ്മദിയ്യഃ ഉമ്മത്തിലെ വിശ്വസ്ഥന്, ആമിറുബ്നു അബ്ദില്ലാഹിബ്നില്‍ ജര്‍റാഹ് അല്‍ഫിഹ്റി അല്‍ഖുറശി(റ) ബഹുമാന പുരസ്സരം അബൂഉബൈദ് എന്ന് വിളിക്കപ്പെട്ടു.
ഇസ്ലാമില്‍ പ്രവേശിച്ച പ്രഥമബാച്ചില്‍ അംഗമായിരുന്നു അബൂഉബൈദഃ(റ). സിദ്ദീഖ് (റ)മുഅ്മിനായതിന്റെ അടുത്ത ദിവസം തന്നെ അബൂഉബൈദഃ(റ)യും വിശ്വസിച്ചു. സിദ്ദീഖ്(റ) മുഖേന തന്നെയായിരുന്നു അവര്‍ ഇസ്ലാമിലേക്ക് വന്നത്. അബൂഉബൈദഃ, അബ്ദുറഹ്മാനുബ്നു ഔഫ്, ഉസ്മാനുബ്നു മള്ഊന്, അര്‍ഖം എന്നിവരെയും കൂട്ടി അബൂബക്കര്‍(റ) നബി(സ്വ)യുടെ അടുക്കലേക്ക് ചെന്നു. അവിടെ വെച്ച് സത്യവാചകം ചൊല്ലി… അങ്ങനെ അവര്‍ അതിമഹത്തായ ഇസ്ലാമിക കോട്ടയുടെ അസ്തിവാരമായിത്തീര്‍ന്നു.
മുസ്ലിംകള്ക്ക് മക്കയില്‍ നേരിടേണ്ടി വന്ന പരീക്ഷണങ്ങളെ അബൂഉബൈദഃ(റ) ആ ദ്യാന്ത്യം അതിജീവിച്ചു… ലോകത്ത് ഒരു മതാനുയായികള്‍ക്കും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്തത്ര കിരാതമായ മര്‍ദ്ദനമുറകളും ആക്രമണങ്ങളും വേദനയുമെല്ലാം മറ്റു മുസ് ലിംകളോടൊപ്പം അബൂഉബൈദഃ(റ)വും തരണം ചെയ്തു… പരീക്ഷണങ്ങളുടെ തിരമാലകള്‍ക്ക് മുമ്പില്‍ അദ്ദേഹം പതറിയില്ല…എല്ലാ രംഗങ്ങളിലും അല്ലാഹുവിനോടദ്ദേഹം സര്‍വ്വാംഗവിധേയത്വം പുലര്‍ത്തി.
എന്നാല്‍ ബദ്ര് യുദ്ധത്തില്‍ ആ മഹാന് അഭിമുഖീകരിക്കേണ്ടി വന്ന പരീക്ഷണം സങ്കല്പിക്കുക പോലും പ്രയാസമാണ്.
ധര്‍മ്മയുദ്ധത്തിന്റെ ഐതിഹാസികദിനം…! ഭീതി ലേശമില്ലാതെ ശത്രുനിരയിലേക്ക് അബൂഉബൈദഃ(റ) കുതിച്ചുകയറുകയാണ്…! അത് കണ്ട മുശ്രിക്കുകള്‍ ഭയവിഹ്വലരായി…മരണത്തെ സ്വാഗതം ചെയ്യുന്ന പോരാട്ടം…! ഖുറൈശികളുടെ അശ്വഭടന്മാര് ഇതികര്‍ത്തവ്യതാമൂഢരായിപ്പോവുന്നു… അദ്ദേഹം വരുന്നിടത്തെല്ലാം ശത്രുക്കള്‍ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു…!
പക്ഷേ,..! ഒരാള്‍ മാത്രം അബൂഉബൈദഃ(റ)എങ്ങോട്ട് തിരിഞ്ഞാലും അദ്ദേഹത്തിന്റെ മുമ്പിലേക്ക് വന്നുകൊണ്ടിരുന്നു…. എന്നാല്‍ അബൂഉബൈദഃ(റ)അയാളില്‍ നിന്ന് മുഖം തിരിക്കുകയാണ് ചെയ്യുന്നത്.
ആ മനുഷ്യന് ഇടതടവില്ലാതെ അബൂഉബൈദഃ(റ)വിന് നേരെ ചാടിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് അബൂഉബൈദഃ(റ) ഒഴിഞ്ഞ് മാറുകയും ചെയ്യുന്നുണ്ട്. അയാള്‍ അദ്ദേഹത്തിന്റെ സര്‍വ്വമാര്‍ഗ്ഗങ്ങളും സ്തംഭിപ്പിച്ചു… അല്ലാഹുവിന്റെ ശത്രുക്കളോട് യുദ്ധം ചെയ്യുന്നതില്‍ അയാള്‍ വിലങ്ങുതടിയായി…
ക്ഷമയുടെ നെല്ലിപ്പടി കണ്ടുകഴിഞ്ഞു. ആ മനുഷ്യന്റെ തല ഒറ്റ വെട്ടിന് അബൂഉബൈദഃ (റ) രണ്ട് പിളര്‍പ്പാക്കിക്കളഞ്ഞു. അയാള്‍ മരിച്ചുവീണു…! വീണ് കിടക്കുന്നത് ആരായിരിക്കുമെന്ന് ഊഹിക്കാന്‍ ആര്‍ക്കും വയ്യ…! നമ്മുടെയെല്ലാം ഭാവനക്കതീതമാണ് ആ പരീക്ഷണത്തിന്റെ കാഠിന്യമെന്ന് മുമ്പേ പറഞ്ഞുവല്ലോ…
മരിച്ചുവീണത് അബൂഉബൈദഃ(റ)യുടെ സ്വന്തം പിതാവ് തന്നെയായിരുന്നു.
അബൂഉബൈദഃ(റ)സ്വന്തം പിതാവിനെ വധിച്ചതല്ല…. പ്രത്യുത അദ്ദേഹത്തിന്റെ ശരീരത്തിലുള്ള ബഹുദൈവവിശ്വാസത്തെ തകര്‍ക്കുകയായിരുന്നു അവര്‍…! അബൂഉബൈദഃ(റ)വിനെയും പിതാവിനെയും പരാമര്‍ശിച്ച് ഖുര്‍ആന്‍ ഇപ്രകാരം അവതീര്‍ണ്ണമായി.
‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരാളും അവരുടെ ശത്രുക്കളെ സ്നേ ഹിക്കുന്നത് കാണാന്‍ തങ്ങള്‍ക്ക് സാധ്യമല്ല നബിയേ… ഈ സ്നേഹവിച്ഛേദനത്തില്‍ അവര്‍ക്ക് പിതാവും പുത്രനും സഹോദരങ്ങളും ബന്ധുമിത്രാദികളും ഒരുപോലെയാണ്…അവരുടെ ഹൃദയത്തില്‍ അല്ലാഹു സത്യവിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും പ്രത്യേകശക്തി നല്‍കുകയും ചെയ്തിരിക്കുന്നു. നദികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകളില്‍ അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. അല്ലാഹു അവരെയും അവര്‍ അല്ലാഹുവിനെയും തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ പാര്‍ട്ടിയാണ്. അവര്‍ തന്നെയാണ് വിജയികള്‍.’
അബൂഉബൈദഃ(റ)വിന്റെ ഈമാനികശക്തിയും മതത്തോടുള്ള പ്രതിബദ്ധതയും നബി (സ്വ)യുടെ ഉമ്മത്തിന് അവരിലുള്ള വിശ്വാസവും തങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്തവരുമുണ്ടാവില്ല…!
മുഹമ്മദുബ്നു ജഅ്ഫര്‍(റ) പറയുന്നു: ‘ഒരു കൃസ്തീയ പ്രതിനിധി സംഘം നബി(സ്വ)യുടെ അടുത്തെത്തി. അവര്‍ നബി(സ്വ)യോട് പറഞ്ഞു: ‘അബുല്‍ ഖാസിം…നിങ്ങളുടെ അനുയായികളില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരാളെ ഞങ്ങളുടെ കൂടെ അയച്ചുതരണം. സാ മ്പത്തികമായും മറ്റും ഞങ്ങളില്‍ അനൈക്യമുണ്ടായാല്‍ ന്യായമായ പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ്….നിങ്ങള്‍ മുസ്ലിംകളെ ഞങ്ങള്‍ക്ക് സ്വീകാര്യമാണ’.
റസൂലുല്ലാഹി(സ്വ) പറഞ്ഞു: ‘വൈകുന്നേരം വരിക…വിശ്വസ്തനും പ്രാപ്തനുമായ ഒരാളെ ഞാന്‍ അയച്ചുതരാം’.
ഉമര്‍(റ) പറയുന്നു: ‘ഞാനാദിവസം ളുഹ്ര് നിസ്കാരത്തിന്ന് നേരത്തെതന്നെ പള്ളിയിലെത്തി…അന്നത്തെപ്പോലെ മറ്റൊരിക്കലും ഒരധികാരവും ഞാനാഗ്രഹിച്ചിട്ടില്ല… നബി (സ്വ) പറഞ്ഞ വിശേഷണം എനിക്ക് ലഭ്യമാവണം എന്ന ഉല്‍ക്കടമായ ആഗ്രഹമായിരുന്നു അതിന് പിന്നില്‍….! നബി(സ്വ) ളുഹ്ര് നിസ്കരിച്ച് കഴിഞ്ഞപ്പോള്‍ ആരെയോ അന്വേഷിക്കുന്നത് പോലെ ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ആ സമയം അവിടുത്തെ ദൃഷ്ടിയില് പെടാനായി ഞാന്‍ എത്തിവലിഞ്ഞുനോക്കി. പക്ഷേ, ആ നയനങ്ങള്‍ മറ്റൊരാളെ പരതിക്കൊണ്ടിരുന്നു…. അതാ…! അബൂഉബൈദഃ (റ) സ്വഫ്ഫിനിടയില്‍… അവരെ നബി(സ്വ) അടുത്തുവിളിച്ചിട്ട് പറഞ്ഞു:
‘നിങ്ങള്‍ അവരോടൊപ്പം പോവുക…! അവര്‍ക്ക് അഭിപ്രായവിത്യാസമുണ്ടാവുമ്പോള്‍ നീതിയുക്തമായി വിധി നടത്തുക’.
അപ്പോള്‍ ഞാന്‍ ആത്മഗതം ചെയ്തു.
‘ആ സ്ഥാനം അബൂഉബൈദഃ അടിച്ചെടുത്തു കളഞ്ഞു’.
മഹാനായ അബൂഉബൈദഃ(റ)വില്‍ വിശ്വസ്ഥതയോടൊപ്പം കാര്യപ്രാപ്തിയും ശക്തിയും മേളിച്ചിരുന്നു…. ഖുറൈശീ കച്ചവട സംഘത്തെ നേരിടാന്‍ അബൂഉബൈദഃ(റ)വിന്റെ നേതൃത്ത്വത്തില്‍ നബി(സ്വ) ഒരു സൈന്യത്തെ അയച്ച സന്ദര്‍ഭത്തില്‍ ആ കരുത്ത് തെ ളിഞ്ഞു കണ്ടു.
നബി(സ്വ)അബൂഉബൈദഃ(റ)വിന്റെ കയ്യില്‍ ഒരു കാരക്കപ്പൊതി നല്കി….അവര്‍ക്ക് കൊടുക്കാന്‍ മറ്റൊന്നും കയ്യിലില്ല… ആ പൊതിയില്‍ നിന്ന് അബൂഉബൈദഃ(റ)കൂടെയുള്ളവര്‍ക്ക് ദിവസവും ഒരു കാരക്ക വീതം നല്‍കും….പിഞ്ചുകുഞ്ഞുങ്ങള്‍ അമ്മിഞ്ഞപ്പാല് നുണയുന്നപോലെ അവരത് വായിലട്ട് നുണയുകയും അതിനോടൊപ്പം വെള്ളം കുടിക്കുകയും ചെയ്യും….! ഒരു ദിവസത്തെ ഭക്ഷണമായി…!!
ഉഹ്ദ് യുദ്ധത്തിലും അദ്ദേഹം ശക്തിദുര്‍ഗ്ഗമായിത്തീര്‍ന്നു. അതാ മുശ്രിക്കുകളില്‍ ഒരാള്‍ വരുന്നു…. ‘എവിടെ മുഹമ്മദ്….?! പറയൂ… എവിടെ മുഹമ്മദ്…?!
തല്‍സമയം നബി(സ്വ)യുടെ അടുത്ത് പത്ത് സ്വഹാബികള്‍ മാത്രമേയുള്ളൂ….അവരുടെ വിരിമാറുകള്‍ മുശ്രിക്കുകളുടെ കുന്തങ്ങള്‍ക്കെതിരെ പരിചയാക്കുകയാണവര്‍… അവരിലൊരാള്‍ അബൂഉബൈദഃ(റ)വായിരുന്നു…’
യുദ്ധം അവസാനിച്ചു… മഹാനായ നബി(സ്വ)യുടെ മുന്പല്ലു പൊട്ടിയിരിക്കുന്നു…. നെറ്റിത്തടത്തില്‍ വലിയൊരു മുറിവ്…ആ നിര്‍മ്മല വദനത്തില്‍ സ്വന്തം അങ്കിയുടെ രണ്ട് ഇരുമ്പുകണ്ണികള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു…!! ആ കണ്ണികള്‍ പറിച്ചെടുക്കാന്‍ അബൂബക്കര്‍ സിദ്ദീഖ്(റ) മുന്നോട്ടുവന്നു. അപ്പോള്‍ അബൂഉബൈദഃ(റ) പറഞ്ഞു:
‘അബൂബക്കര്‍.! ദയവായി അതിന് എന്നെ അനുവദിക്കൂ…’
അബൂബക്കര്‍(റ) സമ്മതിച്ചു.
തന്റെ കൈകൊണ്ട് പറിച്ചെടുക്കുകയാണെങ്കില്‍ നബി(സ്വ)ക്ക് കൂടുതല്‍ വേദനിക്കുമോ എന്ന ഭയം കാരണം അബൂഉബൈദഃ(റ) അവരുടെ മുന്‍പല്ല് കൊണ്ട് കണ്ണി കടിച്ചുപിടിച്ചു….ഒറ്റവലി, അതാ…ഇരുമ്പു വളയത്തോടൊപ്പം അവരുടെ ഒരു മുന്‍പല്ലും കൊഴി ഞ്ഞു വീഴുന്നു…!
ബാക്കിയുള്ള മുന്‍പല്ല് കൊണ്ട് അടുത്തതും ശക്തിയായി കടിച്ചുവലിച്ചു…. അതോടൊന്നിച്ച് അവരുടെ അടുത്ത പല്ലും പറിഞ്ഞുവീണു…!
അബൂബക്കര്‍(റ)പറയുന്നു.’അങ്ങനെ അബൂഉബൈദഃ(റ)ക്ക് അതിസുന്ദരമായ പല്ലിലെ ആ വിടവുണ്ടായി…!!’
നബി(സ്വ)യുമായി ബന്ധപ്പെട്ടതു മുതല്‍ അവിടുത്തെ വഫാത്ത് വരെ നടന്ന എല്ലാ യു ദ്ധങ്ങളിലുമ അബൂഉബൈദഃ(റ) പങ്കെടുത്തു. തിരുനബി(സ്വ) വഫാത്തായ ശേഷം ഖലീഫഃയെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന ‘സഖീഫത്തുബനീസാഇദഃ’ സമ്മേളനവേദി…ഉമര്‍ (റ) അബൂഉബൈദഃ(റ)വിനോട് പറഞ്ഞു.
‘നിങ്ങള്‍ കൈ നീട്ടിത്തരൂ….നിങ്ങളെ ഞങ്ങള്‍ നേതാവായി തെരഞ്ഞെടുക്കുകയാണ്…’
അദ്ദേഹത്തിന്റെ മറുപടി ‘തിരുദൂതര്‍ നബി(സ്വ)രോഗശയ്യയിലായ സമയത്ത് നമുക്കാ നിസ്കാരത്തിന് നേതൃത്വം നല്കാന് അവിടുന്ന് കല്പിക്കുകയും അവിടുത്തെ വ ഫാത്ത് വരെ ആ കാര്യം നിര്‍വ്വഹിക്കുകയും ചെയ്ത സിദ്ദീഖുല്‍ അക്ബര്‍(റ) സ്ഥലത്തുള്ളപ്പോള്‍ ഒരു കാരണവശാലും ഞാന്‍ നേതൃസ്ഥാനം ഏറ്റെടുക്കുകയില്ല…’
അതിന് ശേഷം സിദ്ദീഖ്(റ)ഖലീഫയായി തെരഞ്ഞടുക്കപ്പെട്ടു. അബൂഉബൈദഃ(റ)അവരുടെ ഉത്തമ ഗുണകാംക്ഷിയും മാന്യനായ സഹായിയുമായി വര്‍ത്തിച്ചു. അബൂബക്ര് (റ)തന്റെ ശേഷം ഖിലാഫത്ത് ഉമര്‍(റ)വിന് വസ്വിയ്യത്ത് ചെയ്തു. അബൂഉബൈദഃ(റ) ഉമര്‍(റ)വിന്റെ ഭരണത്തോടും പരിപൂര്‍ണ്ണവിധേയത്വം പുലര്‍ത്തി. ഖലീഫഃയുടെ കല്പനകളെല്ലാം അവര്‍ ശിരസാവഹിച്ചു. പക്ഷേ,…ഒരു സന്ദര്‍ഭത്തില്‍ മാത്രം അവര്‍ അനുസരിക്കാന്‍ തയ്യാറായില്ല.
ശാം രാജ്യങ്ങളില്‍ മുസ്ലിം സൈന്യത്തിന് നേതൃത്വം വഹിച്ചുകൊണ്ട് അദ്ദേഹം ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. അല്ലാഹു അവര്‍ക്ക് ശാം രാജ്യങ്ങളെ കീഴ്പ്പെടുത്തിക്കൊടുത്തു…. കിഴക്ക് യൂഫ്രട്ടീസ് നദി വരെയും വടക്ക് ഏഷ്യാമൈനര്‍ വരെയും അവരുടെ പടയോട്ടം ചെന്നെത്തി. ആ സമയത്താണ് ശാമില്‍ പ്ളേഗ് രോഗമുണ്ടായത്… ചരിത്രം കണ്ടിട്ടില്ലാത്തവിധം ഭയാനകമായി അത് പടര്‍ന്നു പിടിച്ചു.
ഉമര്‍(റ)അബൂഉബൈദഃ(റ)വിന്റെ അടുത്തേക്ക് കത്തുമായി ദൂതനെ പറഞ്ഞുവിട്ടു. അതി ലെ വരികള്‍: ‘അബൂഉബൈദഃ… നിങ്ങളുടെ സാന്നിദ്ധ്യം അടിയന്തിരമായി വന്നിരിക്കുന്നു. അതിനാല്‍ എഴുത്ത് എപ്പോള്‍ ലഭിക്കുന്നുവോ, ഉടന്‍ ഇങ്ങോട്ട് തിരിക്കുക…’ കത്ത് വായിച്ച ശേഷം അബൂഉബൈദഃ(റ)പറഞ്ഞു: ‘എന്റെ സാന്നിദ്ധ്യം ആവശ്യപ്പെട്ടതിന്റെ ഉദ്ദേശ്യം എനിക്ക് പിടികിട്ടിയിരിക്കുന്നു…. മരണപ്പെട്ടുപോകേണ്ട ഒരാളെ ഇവിടെ നിലനിര്‍ത്തണമെന്നാണവരുടെ ആഗ്രഹം….?!’
അവര്‍ മറുപടി എഴുതി. ‘അമീറുല്മുഅ്മിനീന്…! ആവശ്യം മനസ്സിലായി…ഞാനിപ്പോള്‍ മുസ്ലിം സൈന്യത്തോടൊപ്പമാണ്. അവര്‍ക്ക് സംഭവിക്കുന്നതെന്തായാലും അതില്‍ പങ്കാളിയാവുക എന്നതാണ് എന്റെ ആഗ്രഹം…അത് കൊണ്ട് ഈ എഴുത്ത് ലഭിച്ചാല്‍ നിങ്ങളുടെ തീരുമാനം ദയവായി മാറ്റിവെക്കണം….!’
ഉമര്‍(റ)വിന് കത്തുകിട്ടി. വായിച്ചു കഴിഞ്ഞതും അവര്‍ പൊട്ടിക്കരഞ്ഞു….അത് കണ്ട് മറ്റുള്ളവര്‍ ചോദിച്ചു: ‘എന്താണ് അമീറുല്‍ മുഅ്മിനീന്‍…! അബൂഉബൈദഃ(റ) മരണപ്പെട്ടുവോ….?!’ അവര്‍ പറഞ്ഞു: ‘ഇല്ല..പക്ഷേ, അതടുത്തുതന്നെയുണ്ട്..’
ഫാറൂഖിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല…അധികം കഴിയും മുമ്പ് മഹാനായ അബൂഉബൈദഃ(റ) പ്ളേഗിനടിമപ്പെട്ടു…അവര്‍ക്ക് മരണം ആസന്നമായിരിക്കുന്നു…തന്റെ സൈനികരോടവര്‍ പറഞ്ഞു.
‘ഞാന്‍ നിങ്ങളോട് ചില കാര്യങ്ങള്‍ ഉപദേശിക്കുന്നു…നിങ്ങളതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ വിജയമുണ്ട്. നിസ്കരിക്കുക, റമളാനിലെ നോമ്പനുഷ്ഠിക്കുക, സകാത് കൊടുക്കുക, ഹജ്ജും ഉംറയും നിര്‍വ്വഹിക്കുക…പരസ്പരം ഗുണകാംക്ഷയുള്ളവരായിരിക്കുക, നായകന്മാരോട് വിശ്വസ്ഥത പുലര്‍ത്തുക, ഭൌതിക സുഖങ്ങളില്‍ ഉന്മത്തരാകാതിരിക്കുക. മനുഷ്യന് എത്ര ജീവിച്ചാലും ഈ അവസ്ഥ നേരിടേണ്ടി വരും. നിങ്ങള്‍ക്ക് ശാന്തി കൈവരട്ടെ…!’
അനന്തരം മുആദുബ്നുജബല്‍(റ)വിനോട് അവര്‍ പറഞ്ഞു: ‘മുആദ്, ജനങ്ങള്‍ക്ക് നിസ്കാരത്തിന് നേതൃത്വം നല്‍ശുക.’
അധികം കഴിയും മുമ്പ് ആ പരിശുദ്ധാത്മാവ് ഈ ലോകത്തോട് വിട പറഞ്ഞു. അല്ലാഹു അവര്‍ക്ക് ഗുണം ചെയ്യട്ടെ. ആമീന്‍
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബൂദര്‍റുല്‍ ഗിഫാരി(റ)
💐💐💐💐💐💐💐💐💐
“വിണ്ണിന് താഴെയും മണ്ണിന് മുകളിലുമായി അബൂദര്‍റിനേക്കാള്‍ സത്യവാനായി ഒരു മനുഷ്യനുമില്ല…”റസൂലുല്ലാഹ്(സ്വ).
മക്കാരാജ്യം പുറം ലോകവുമായി ബന്ധപ്പെടുന്ന മാര്‍ഗ്ഗമാണ് ‘വദ്ദാന്‍’ പ്രദേശം. അവിടെയാണ് ഗിഫാര്‍ ഗോത്രക്കാര്‍ വസിക്കുന്നത്. ഖുറൈശികളുടെ കച്ചവടച്ചരക്കുകളുമായി ശാമിലേക്ക് പോയിവരുന്ന യാത്രാസംഘങ്ങള്‍ നല്കുന്ന നാണയത്തുട്ടുകള്‍ കൊണ്ട് ആ ഗോത്രം ജീവിച്ചു പോന്നു. തൃപ്തിയാകും വിധം അത് കിട്ടിയില്ലെങ്കില്‍ ഒന്ന് ബലപ്രയോഗം നടത്താനും അവര്‍ മടിച്ചിരുന്നില്ല.
അബൂദര്‍റ് എന്ന പേരിലറിയപ്പടുന്ന ജുന്‍ദുബ്നുജുനാദഃ ഈ ഗോത്രത്തിലാണ്. ധൈര്യം, കൂര്‍മ്മബുദ്ധി, ദീര്‍ഘദൃഷ്ടി എന്നിവ അയാളെ ഇതരരില്‍ നിന്ന് വ്യതിരിക്തനാക്കി. തന്റെ ജനത വിഗ്രഹങ്ങളുടെ മുമ്പില്‍ അനുവര്‍ത്തിക്കുന്ന അധമോപാസന എ പ്പോഴും അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അറബികളുടെ മൂഢവിശ്വാസങ്ങളെ തനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കെട്ടസംസ്കാരങ്ങളില്‍ നിന്ന് ജനങ്ങളെ കരകയറ്റി, വിവേകവും ബുദ്ധിയും പുനഃസ്ഥാപിച്ച്, ലോകം തമ സ്സ് മാറ്റി പ്രകാശപൂരിതമാക്കുന്ന ഒരു പ്രവാചകന്റെ ഉദയം അദ്ദേഹം പ്രതീക്ഷയോടെ കാത്തിരുന്നു.
കാലചക്രം അനുസ്യൂതം കറങ്ങിക്കൊണ്ടിരുന്നു. ആയിടെ മക്കയില്‍ പ്രത്യക്ഷപ്പെട്ട പുതിയ പ്രവാചകന്റെ വിവരങ്ങള്‍ തന്റെ കുഗ്രാമത്തിലുമെത്തി. അദ്ദേഹം അനുജന് അനീസിനോട് പറഞ്ഞു: ‘അനീസ്…! വേഗം മക്കയിലേക്കു പുറപ്പെടുക! അവിടെയുള്ള ആ മനുഷ്യനെപ്പറ്റി അന്വേഷിക്കുക! ആകാശത്ത് നിന്ന് തനിക്ക് ദിവ്യസന്ദേശം വരുന്നു എന്നാണയാളുടെ വാദം. അയാള്‍ പറയുന്ന വാക്കുകളേതെങ്കിലും മനഃപാഠമാക്കി എന്നെ കേള്‍പ്പിക്കുകയും വേണം !’
അനീസ് യാത്രയായി…നബി(സ്വ)യുമായി സന്ധിക്കുകയും സംസാരിക്കുകയും ചെയ് തു.വാക്കുകള്‍ ശ്രദ്ധിച്ചു മനസ്സിലാക്കി തിരിച്ചെത്തി… ആവേശത്തോടെ അബൂദര്‍റ് അ യാളെ സമീപിച്ച പുതിയ പ്രവാചകനെ കുറിച്ച് താല്പര്യപൂര്വ്വം ആരാഞ്ഞു. അനീസ് പറഞ്ഞു: ‘മാന്യമായ സ്വഭാവങ്ങള്‍ കൈകൊള്ളാന്‍ ജനങ്ങളെ ഉപദേശിക്കുന്നയാളാണദ്ദേഹം, അദ്ദേഹത്തിന്റെ വാക്കുകള്‍ പദ്യമല്ല, എന്നാല്‍ ഗദ്യവുമല്ല.’
അബൂദര്‍റ് വീണ്ടും ചോദിച്ചു:
‘അയാളെ കുറിച്ച് ജനങ്ങളുടെ അഭിപ്രായമെന്താണ്?’
അനീസ് പറഞ്ഞു:
‘മാന്ത്രികന്, ജോത്സ്യന്, കവി, എന്നെല്ലാമാണവര്‍ പറയുന്നത്…!’
അബൂദര്‍റ് പറഞ്ഞു:
‘എന്റെ സംശയം തീര്‍ക്കാനും ദാഹം ശമിപ്പിക്കാനും ഇതൊന്നും പോര. നീ കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കണം. ഞാന്‍ തന്നെ നേരിട്ട് പോയി അറിഞ്ഞു വരാം..!’
അനീസ് മുന്നറിയിപ്പ് കൊടുത്തു:
‘ശരി, യാത്രയില്‍ മക്കാനിവാസികളെ കരുതിയിരിക്കുക…!’
അബൂദര്‍റ് യാത്രക്കാവശ്യമായ ഭക്ഷണവും ഒരു ചെറിയ പാനപാത്രവും തയാറാക്കി. അടുത്ത ദിവസം അദ്ദേഹം നബി(സ്വ)യെ കാണാന്‍ പുറപ്പെട്ടു. ഭയത്തോടെയാണ് പോക്ക്, കാരണം, മുഹമ്മദുമായി ബന്ധപ്പെടാന്‍ വരുന്നവരാണെന്നറിഞ്ഞാല്‍ അതിക്രൂരമായി അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് ഖുറൈശികളെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ മുഹമ്മദ് നബി(സ്വ)യെക്കുറിച്ചന്വേഷിക്കാന്‍ തന്നെ അദ്ദേഹം ബുദ്ധിമുട്ടി. അഭിമുഖീകരിക്കുന്നത് ശത്രുവോ മിത്രമോ എന്നറിയില്ലല്ലോ…!
സന്ധ്യ…,അബൂദര്‍റ് മസ്ജിദുല്‍ഹറാമില്‍ വിശ്രമിക്കാനായി കിടന്നു. അപ്പോള്‍ അലിയ്യുബ്നുഅബീത്വാലിബ്(റ) അദ്ദേഹത്തിനരികെ വന്നു. ആഗതന് വിദേശിയാണെന്ന് അലി (റ)ക്ക് ബോധപ്പെട്ടു. അലി(റ) അയളോട് പറഞ്ഞു:
‘അല്ലയോ മനുഷ്യാ! എന്നോടൊപ്പം വരൂ.!’
അദ്ദേഹം അലിയോടൊപ്പം തന്റെ വീട്ടിലേക്ക് പോയി അന്ന് രാത്രി അലി(റ)വിന്റെ വീ ട്ടില് താമസം. പ്രഭാതമായപ്പോള്‍ അബൂദര്‍റ് തന്റെ ഭാണ്ഡവുമെടുത്ത് വീണ്ടും പള്ളിയിലേക്ക്…. അവര്‍ പരസ്പരം ഒന്നും ഉരിയാടിയില്ല.
രണ്ടാം ദിവസവും അബൂദര്‍റിന് നബി(സ്വ)യെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. രാത്രിയായപ്പോള്‍ അദ്ദേഹം പള്ളിയില്‍ ഉറങ്ങാന്‍ കിടന്നു. അപ്പോഴും അലി(റ)അതിലെ വന്നു. അദ്ദേഹം ചോദിച്ചു;
‘ഇനിയും എത്തേണ്ടിടം പിടികിട്ടിയില്ലേ….?’
അദ്ദേഹം അതിഥിയെയും കൂട്ടി വീട്ടിലേക്ക് പോയി. അന്നും അവരൊന്നും പരസ്പരം സംസാരിച്ചില്ല. മൂന്നാം ദിവസം രാത്രി… അലി(റ) മൌനം ഭജ്ഞിച്ചു:
‘നിങ്ങളെന്തിനാണ് മക്കഃയില്‍ വന്നത്?’
അബൂദര്‍റ് പറഞ്ഞു:
‘ഞാന്‍ തേടി വന്ന കാര്യത്തിന് നിങ്ങളെന്നെ സഹായിക്കുമെന്ന് ഉറപ്പ് നല്കിയാല് മാത്രം ഞാന്‍ പറയാം!’
അലി(റ) അങ്ങനെ വാക്ക് കൊടുത്തു.
അബൂദര്‍റ് പറഞ്ഞു:
‘ഞാന്‍ വളരെ ദൂരെ നിന്നാണ് വരുന്നത്. പുതിയ പ്രവാചകനെ കാണലും അദ്ദേഹത്തി ന്റെ വാക്കുകള്‍ കേള്‍ക്കലുമാണ് എന്റെ ലക്ഷ്യം!’
അലി(റ)വിന്റെ മുഖം പ്രസന്നമായി. അദ്ദേഹം പറഞ്ഞു:
‘അല്ലാഹുവാണ് സത്യം, അദ്ദേഹം സത്യപ്രവാചകനാണ്, അവര്‍ ഇന്നാലിന്ന രൂപത്തിലൊക്കെയാണ്…!’
നബി(സ്വ)യുടെ ഗുണഗണങ്ങള്‍ വിവരിക്കുകയാണ് അലി(റ). അവര്‍ അബൂദര്‍റിനോട് പറഞ്ഞു:
‘നേരം പുലര്‍ന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുക, അപകട സാധ്യത തോന്നിയാല്‍ ഞാന്‍ മൂത്രമൊഴിക്കും പോലെ ഓരം ചാരി നില്ക്കും. ഞാന്‍ അവിടെനിന്ന് നടന്നു തുടങ്ങിയാല്‍ വീണ്ടും നിങ്ങളെന്നെ പിന്തുടരുക, ഇങ്ങനെ നമുക്ക് ലക്ഷ്യത്തിലെത്താം.’
നബി(സ്വ)യെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ട് അബൂദര്‍റിന് അന്ന് ഉറക്കം വന്നതേയില്ല.
പ്രഭാതം പൊട്ടി വിടര്‍ന്നു. അലി(റ)തന്റെ അതിഥിയെയും കൂട്ടി തിരുനബി(സ്വ)യുടെ ഹള്റത്തിലേക്ക് നടന്നു. അബൂദര്‍റ് ഇടതും വലതും നോക്കാതെ അലി(റ)നെ അനുഗമിച്ചു. അവര്‍ തിരുസന്നിധിയിലെത്തി. അബൂദര്‍റ് സലാം പറഞ്ഞു:
‘അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്’
നബി(സ്വ) മറുപടി പറഞ്ഞു.
താങ്കള്‍ക്കും അല്ലാഹുവിന്റെ രക്ഷയും കാരുണ്യവുമുണ്ടായിരിക്കട്ടെ.
ഇസ്ലാമിന്റെ അഭിവാദ്യമായ സലാം കൊണ്ട് ആദ്യം നബി(സ്വ)യെ അഭിസംബോധന ചെയ്തത് അബുദര്‍റ് ആയിരുന്നു. ശേഷം ആ വാക്കാണ് അഭിവാദ്യത്തിനായി പ്രചാരണത്തില്‍ വന്നത്.
നബി(സ്വ) അബുദര്‍റിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ഖുര്‍ആന്റെ ചില ഭാഗങ്ങള്‍ ഓതിക്കൊടുക്കുകയും ചെയ്തു. ഒട്ടും വൈകാതെ അദ്ദേഹം മുസ്ലിമായി. മുസ്ലിമായ ആദ്യബാച്ചിലെ നാലാമത്തെയോ അഞ്ചാമത്തെയോ ആളായിരുന്നു അദ്ദേഹം.
സംഭവങ്ങളുടെ ബാക്കി ഭാഗം അബുദര്‍റ്(റ) തന്നെ വിശദീകരിക്കുന്നു: അതിന് ശേഷം ഞാന്‍ നബി(സ്വ)യുടെ കൂടെ തന്നെ മക്കയില്‍ താമസിച്ചു. അവരെനിക്ക് ഇസ്ലാമിനെകുറിച്ച് പഠിപ്പിച്ചുതന്നു. ഖുര്‍ആന്റെ കുറച്ചുഭാഗവും…. പിന്നീട് നബി(സ്വ)എന്നോട് പറഞ്ഞു.നീ മുസ്ലിമായ വിവരം മക്കയില്‍ ആരും അറിഞ്ഞുപോകരുത്. അവര്‍ നിന്നെ വധിച്ചുകളഞ്ഞേക്കും’!
ഞാന്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! പള്ളിയില്‍ ചെന്ന് ഖുറൈശികളുടെ മുമ്പില്‍ വെച്ച് സത്യസന്ദേശത്തെ ഉച്ചൈസ്തരം പ്രഖ്യാപിച്ചല്ലാതെ ഞാന്‍ മക്കാ രാജ്യം വിടുന്ന പ്രശ്നമേയില്ല…!!’ നബി(സ്വ) മൌനം പാലിച്ചതേയുള്ളൂ.
ഞാന്‍ പള്ളിയല്‍ ചെന്നു. ഖുറൈശീ പ്രമാണിമാരെല്ലാം കൂടിയിരുന്ന് സൊറ പറയുകയാണ്. ഞാന്‍ അവരുടെ മധ്യത്തില്‍ ചെന്ന് അത്യുച്ചത്തില്‍ വിളിച്ച് പറഞ്ഞു:
‘ഖുറൈകളെ! അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.
എന്റെ വാക്കുകള്‍ അവരുടെ കര്‍ണ്ണപുടങ്ങളില്‍ തട്ടിയതും അവര്‍ ചാടിയെണീറ്റു കഴിഞ്ഞു. അവര്‍ പരസ്പരം ആക്രോശിച്ചു:
‘ഇതാ ഈ മതപരിത്യാഗിയെ ശരിപ്പെടുത്തിക്കളയൂ.’
കൊല്ലാനെന്നനിലക്ക് തന്നെ അവരെന്നെ മര്‍ദ്ദിച്ചു. തത്സമയം നബി(സ്വ)യുടെ പിതൃസഹോദരന് അബ്ബാസ്(റ) അവിടെ ചാടിവീണു. അവരില്‍നിന്ന് എന്നെ സംരക്ഷിക്കാനായി അദ്ദേഹം എന്നെ ചേര്‍ത്തു പിടിച്ച് ഖുറൈശികളോട് പറഞ്ഞു:
‘ഹേ! നിങ്ങളെന്താണീ ചെയ്യുന്നത്. നിങ്ങളുടെ വ്യാപാര മാര്‍ഗ്ഗത്തിലുള്ള ഗിഫാര്‍ ഗോത്രക്കാരനായ ഒരാളെ നിങ്ങള്‍ വധിച്ചാല്‍ പിന്നീടുള്ള സ്ഥിതിയെന്താകും.’
ഖുറൈശികള്‍ പിരിഞ്ഞുപോയി. അല്പം ഒരാശ്വാസം കൈവന്നപ്പോള്‍ ഞാന്‍ തിരുനബി(സ്വ)യുടെ അടുത്തെത്തി. എന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട മാത്രയില്‍ അവര്‍ ചോദിച്ചു:
‘മുസ്ലിമായ കാര്യം പരസ്യപ്പെടുത്തരുതെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ?’
ഞാന്‍ പറഞ്ഞു: ‘അതെന്റെ ഒരാഗ്രഹമായിരുന്നു. ഞാന്‍ അത് നിറവേറ്റിക്കഴിഞ്ഞു!’
നബി(സ്വ) പിന്നീടെന്നോട് പറഞ്ഞു: ‘ഇനി നിങ്ങള്‍ നാട്ടിലേക്ക് പോവുക! ഇവിടെ നിന്ന് പഠിച്ചതും മനസ്സിലാക്കിയതും അവരോട് പറയുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അല്ലാഹു സന്മാര്ഗ്ഗവും അവര്‍വഴി നല്ല പ്രതിഫലവും തന്നേക്കും. ഇവിടെ ഇസ്ലാം പരസ്യമാവുകയും വിജയിക്കുകയും ചെയ്തു എന്നറിയുമ്പോള്‍ ഇങ്ങോട്ട് തന്നെ തിരിച്ച് വന്നുകൊള്ളുക!’
അബൂദര്‍റ്(റ)തുടര്‍ന്നു പറയുന്നു: ‘ഞാന്‍ എന്റെ നാട്ടിലേക്ക് തിരിച്ചു. ആദ്യമായി എ ന്നെ അഭിമുഖീകരിച്ചത് എന്റെ അനുജന് അനീസയിരുന്നു. അവന് ചോദിച്ചു:
‘എന്തെല്ലാമാണ് വിശേഷങ്ങള്‍?’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ സത്യമതം വിശ്വസിച്ച് മുസ്ലിമായിരിക്കുന്നു.’
അല്ലാഹുവിന്റെ അനുഗ്രഹം! ഒട്ടും വൈകാതെ അവനും പറഞ്ഞു: ‘നിന്റെ മതം തന്നെയാണ് എന്റേതും. ഞാനും ഇതാ സത്യവിശ്വാസിയായിരിക്കുന്നു!’.
ഞങ്ങള്‍ രണ്ട്പേരും കൂടി ഞങ്ങളുടെ മാതാവിനെ സമീപിച്ചു. അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഉടനെയവര്‍ പറഞ്ഞു: ‘മക്കളേ നിങ്ങളുടെ ദീന് തന്നെയാണ് എന്റേതും!’ അങ്ങനെ അവരും സത്യസന്ദേശവാഹകയായിത്തീര്‍ന്നു.
അന്നുമുതല്‍ ഗിഫാര്‍ ഗോത്രക്കാരെ ഇസ്ലാമിന്റെ അനുയായികളാക്കാന് എന്റെ കു ടുംബം അക്ഷീണ പരിശ്രമം നടത്തിക്കൊണ്ടിരുന്നു. അധികം താമസിയാതെ ഒരു വലിയ ജനസമൂഹം തന്നെ മുസ്ലിംകളായിത്തീര്‍ന്നു. സംഘടിതമായി നിസ്ക്കാരം നിര്‍വ്വഹിക്കപ്പെട്ടു. കൂട്ടത്തില്‍പെട്ട മറ്റൊരു വിഭാഗം പറഞ്ഞു:
‘ഞങ്ങള്‍ ഇപ്പോള്‍ പൂര്‍വ്വീകമതം തന്നെ കൈകൊള്ളുന്നു. നബി(സ്വ)മദീനഃയില്‍ വരുമ്പോള്‍ ഞങ്ങളും മുസ്ലിംകളാകും.’
പിന്നീട് നബി(സ്വ)മദീനഃയിലേക്ക് വന്നപ്പോള്‍ അവരെല്ലാം മുസ്ലിംകളായിത്തീര്‍ന്നു. അവിടെവെച്ച് നബി(സ്വ) പറഞ്ഞു: ‘ഗിഫാര്‍! അല്ലാഹു അവര്‍ക്ക് മഗ്്ഫിറത്ത് നല്കിയിരിക്കുന്നു. അസ്ലംഗോത്രം! അവര്‍ക്ക് അല്ലാഹു സലാമത്തും നല്കി.’
അബൂദര്‍റ്(റ)തന്റെ ഗ്രാമത്തില്‍ തന്നെ ഇസ്ലാമിക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞു കൂടുകയാണ്. ഉഹ്ദും ഖന്ദഖും കഴിഞ്ഞു. അദ്ദേഹം നബി(സ്വ)യുടെ തിരുസന്നിധിയിലെത്തി അദ്ദേഹം അപേക്ഷിച്ചു: ‘തിരുദൂതരെ! എന്നെ അവിടുത്തെ സേവകനായി സ്വീകരിച്ചാലും!’
നബി(സ്വ)സമ്മതിച്ചു. അന്നുമുതല്‍ മുഴുസമയവും നബി(സ്വ)യോട് കൂടെത്തന്നെ ഉണ്ടാവണമെന്ന ദൃഢനിശ്ചയത്തോടെ അവര്‍ ജീവിച്ചു. മഹാനായ നബി(സ്വ)അവരെ പ്രത്യേകം പരിഗണിച്ചു. എപ്പോള്‍ കാണുകയാണെങ്കിലും അവിടുന്ന് ഹസ്തദാനം ചെ യ്യുകയും സന്തോഷം പങ്കിടുകയും ചെയ്തിരുന്നു.
തിരുനബി(സ്വ) വഫാത്തായി. നേതാവും അവരുടെ മഹത്തായ സദസ്സുകളും നഷ്ടപ്പെട്ട മദീന യില്‍ ഒരു നിമിഷം പോലും നില്ക്കാന് അബൂദര്‍റ്(റ)വിന് കഴിഞ്ഞില്ല. അദ്ദേഹം ശാമിലെ ഒരു കുഗ്രാമത്തില്‍ പോയി താമസിച്ചു. സിദ്ദീഖുല്‍അക്ബര്‍(റ)വിന്റെയും ഉമറുബ്നുല്‍ഖത്ത്വാബ്(റ)വിന്റെയും ഭരണകാലങ്ങളില്‍ അദ്ദേഹം അവിടെ തന്നെയായിരുന്നു. മൂന്നാം ഖലീഫഃ ഉസ്മാനുബ്നുഅഫ്ഫാന്‍(റ)വിന്റെ ഭരണമാണിപ്പോള്‍.
അബൂദര്‍റ്(റ)ഡമസ്ക്കസിലേക്ക് മാറിത്താമസിച്ചു. മുസ്ലിംകള് ഭൌതികതയിലും സുഖത്തിലും ലയിക്കുന്നത് കണ്ട അദ്ദേഹത്തിന് അതൊരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതിനെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. തത്സമയം ഖലീഫഃ അദ്ദേഹത്തെ മദീ യിലേക്ക് ക്ഷണിച്ചു. അവര്‍ മദീനയിലെത്തി.
പക്ഷെ! അവിടെയും ദുന്‍യാവിനോടുള്ള അമിതമായ അഭിനിവേശമാണ് മുസ്ലിംകളില് കണ്ടത്. അത്കൊണ്ട് അദ്ദേഹത്തിന്റെ ത്യാഗിയായ മനസ്സും തന്റെ നിശിതമായ വിമര് ശനം കാരണം മറ്റുള്ള ജനങ്ങളും വീര്‍പ്പുമുട്ടി.
ഖലീഫഃയുടെ നിര്‍ദ്ദേശം അപ്പോള്‍ ആശ്വാസമായി: ‘താങ്കള്‍ തല്ക്കാലം റബ്ദഃയിലേക്ക് മാറിത്താമസിക്കണം.’
മദീനഃയിലെ ഒരു കുഗ്രാമമാണ് റബ്ദഃ. അദ്ദേഹം ജനങ്ങളില്‍ നിന്ന് ബഹുദൂരം അകന്ന് റബ്ദഃയില്‍ താമസമാക്കി. ദുന്‍യാവൊട്ടും ആശിക്കാത്ത മഹാനായ നബി(സ്വ)തങ്ങളും കഴിഞ്ഞുപോയ രണ്ട് ഖലീഫഃമാരും വരച്ചുവെച്ച ത്യാഗത്തിന്റെ മാര്‍ഗ്ഗത്തില്‍!
ഒരുദിവസം ഒരാള്‍ അബൂദര്‍റ്(റ)വിന്റെ വീട്ടില്‍ വന്നു. അദ്ദേഹം വീടാകെയൊന്നു ക ണ്ണോടിച്ചു. ജീവിക്കാന്‍ വേണ്ട അത്യാവശ്യസാധനങ്ങളൊന്നും അവിടെ കാണാനില്ല. അദ്ദേഹം ചോദിച്ചു. ‘അബൂദര്‍റ്(റ)! നിങ്ങളുടെ സാമഗ്രികളെല്ലാമെവിടെ?!’
അബൂദര്‍റ്(റ) പറഞ്ഞു: ‘ഞങ്ങള്‍ക്ക് അവിടെ (പാരത്രിക ലോത്ത്) ഒരു വീടുണ്ട്. നല്ല സാധനങ്ങളെല്ലാം അങ്ങോട്ടയക്കുകയാണ് പതിവ്!’
ആഗതന് വാക്കിന്റെ പൊരുള്‍ പിടികിട്ടി. അദ്ദേഹം പറഞ്ഞു: ‘പക്ഷെ! നിങ്ങള്‍ ഈ വീട്ടില്‍ (ദുന്യാവ്) താമസിക്കുന്നകാലത്തേക്ക് അത്യാവശ്യം വല്ലതും വേണമല്ലോ?!’
ശാമിലെ അമീര്‍ അബൂദര്‍റ്(റ)വിന് മുന്നൂറ് സ്വര്‍ണ്ണനാണയങ്ങള്‍ കൊടുത്തയച്ചിരുന്നു ആ ഉപഹാരം തിരിച്ചയച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെയടുക്കല്‍ എന്നെക്കാള്‍ നിന്ദ്യനായ ഒരാളെ ശാമിന്റെ അധിപന് കാണാന്‍ കഴിഞ്ഞില്ലേ?!’
ഹിജ്റഃ മുപ്പത്തിരണ്ടാം വര്‍ഷം ആബിദും സാഹിദുമായ മഹാന് വഫാതായി, അല്ലാഹു അവരെ സന്തോഷത്തിലാക്കട്ടെ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബൂഅയ്യൂബില്‍ അന്‍സ്വാരി (റ)
💐💐💐💐💐💐💐💐💐💐💐💐
കോണ്‍സ്റ്റാന്റിെനോപ്പിളിന്റെ മതിലുകള്‍ക്കുള്ളില്‍ മറവ് ചെയ്യപ്പെട്ട സ്വഹാബിവര്യന്. പേര് ഖാലിദുബ്നു സൈദുബ്നി കുലൈബ് എന്നാണ്. ബഹുമാനപുരസ്സരം അബൂ അയ്യൂബ് എന്ന് വിളിക്കപ്പെടുന്നു… നബി(സ്വ)യേയും മുഹാജിറുകളെയും സഹായിച്ചവര്‍ എന്നര്‍ഥം വരുന്ന അന്‍സ്വാറിലേക്ക് ചേര്‍ത്താണ് അന്‍സ്വാരി എന്ന് പറയുന്നത്.
കിഴക്കും പടിഞ്ഞാറും ലോകമൊട്ടുക്കും അല്ലാഹു അവര്‍ക്ക് പ്രശസ്തി നല്കി.നബി (സ്വ) മദീനയിലേക്ക് ഹിജ്റ വന്നപ്പോള്‍ താത്കാലിക താമസത്തിനായി അബൂ അയ്യൂബ് (റ) വിന്റെ വീടാണ് അല്ലാഹു തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് അഭിമാനിക്കാന്‍ ഇത് തന്നെ ധാരാളമാണ്.
നബി (സ്വ) അബൂഅയ്യൂബ്(റ)വിന്റെ വീട്ടില്‍ ഇറങ്ങിയതിന്റെ പിന്നില്‍ മധുരമേറുന്ന ഒരു പശ്ചാത്തലമുണ്ട്. അതിങ്ങനെയാണ്…നബി(സ്വ) മദീനയിലേക്ക് പ്രവേശിക്കുന്ന ചരിത്രമുഹൂര്‍ത്തം… ഏറ്റവും ഉന്നതനായ ഒരു വ്യക്തിയെ സ്വീകരിക്കേണ്ട എല്ലാവിധ ബഹുമാനാദരവുകളോടെയും മദീനാനിവാസികള്‍ മഹാനായ നബി(സ്വ)യെ എതിരേറ്റു. അവിടുത്തേക്കായി തങ്ങളുടെ ഹൃദയത്തിന്റെ വാതായനങ്ങള്‍ അവര്‍ മലര്‍ക്കെ തുറന്നുവെച്ചു…കൂടെ സ്വന്തം വീടിന്റെ വാതിലുകള്‍ തുറന്നിട്ട് ഓരോരുത്തരും കാത്തിരുന്നു. അവിടുന്ന് കയറാന്‍ സന്നദ്ധനായാല്‍ പൊന്നു പോലെ പരിചരിക്കാന്‍.
പക്ഷേ,…മഹാനായ നബി(സ്വ)മദീനയില്‍ നിന്ന് രണ്ടു മൈല്‍ അകലെയുള്ള ഖുബാഅ് പ്രദേശത്ത് നാലു ദിവസം കഴിച്ചുകൂട്ടി…അവിടെ ഒരു പള്ളി നിര്‍മ്മിച്ചു…മസ്ജിദ് ഖുബാ…
അനന്തരം നബി(സ്വ)അവിടുത്തെ ഒട്ടകപ്പുറത്തേറി യാത്രയായി…മദീനയിലെ പ്രമാണിമാരെല്ലാം ആ വഴിയില്‍ കാത്തുനിന്നു…നബി(സ്വ)യുടെ ആഗമനം കൊണ്ട് തന്റെ വീട് അനുഗ്രഹീതമാവണമെന്നാണ് മനസ്സില്‍…ഒട്ടകം ഓരോ നേതാവിന്റെയും വീട്ടു പടിക്കലെത്തുമ്പോഴും സ്നേഹപൂര്‍വ്വം മാര്‍ഗ്ഗ തടസ്സപ്പെടുത്തിയിട്ട് അവര്‍ പറയുന്നു;
‘നബിയേ…! ഇവിടെ താമസിച്ചോളൂ, ആള്‍ബലവും കായികബലവും സംരക്ഷണവും ഞാന്‍ നല്‍കാം…!’ അവരോടെല്ലാം അവിടുന്നു പറയും; ‘ഒട്ടകത്തെ പോകാനനുവദിക്കൂ…! എന്തു ചെയ്യണമെന്ന് അതിനു നിര്‍ദ്ദേശമുണ്ട്’.
ഒട്ടകം മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. അത് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതിനോടൊപ്പം എത്രയോ കണ്ണുകളും ഹൃദയങ്ങളും ഒഴുകിക്കൊണ്ടിരുന്നു..ഓരോ വീടും കടന്നു പോകുമ്പോള്‍ ആ വീട്ടുകാര്‍ക്ക് നിരാശയും അടുത്തവര്‍ക്ക് പ്രതീക്ഷയും..സമയം പതിയെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു…ഒരു വലിയ ജനസഞ്ചയം തന്നെയിപ്പോള്‍ ഒട്ടകത്തെ അനുഗമിക്കുന്നുണ്ട്…ആരാണ് തിരുനബിക്ക് ആഥിത്യമരുളേണ്ട മഹാഭാഗ്യവാന് എന്നറിയാനുള്ള ആകാംക്ഷയാണെല്ലാ മുഖത്തും..
അതാ…ഒട്ടകം അബൂഅയ്യൂബില്‍ അന്‍സ്വാരി(റ)യുടെ വീട്ടിനു മുന്നിലെ ഒഴിഞ്ഞ സ്ഥ ലത്ത് നില്ക്കുന്നു…അത് അവിടെ മുട്ടു കുത്തുകയും ചെയ്തു…
പക്ഷെ…റസൂല്‍(സ്വ)ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങുന്നില്ല…ഒട്ടും വൈകിയില്ല, ഒട്ടകം ചാടിയെണീറ്റു വീണ്ടും നടക്കാന്‍ തുടങ്ങി…നബി(സ്വ)അതിന്റെ കടിഞ്ഞാണ്‍ വേണ്ടുവോളം അയച്ചുകൊടുത്തു… എന്നാല്‍ അതേ വഴിയിലൂടെ തന്നെ തിരിച്ചു നടന്ന് ആദ്യം മുട്ടു കുത്തിയ സ്ഥലത്ത് തന്നെ ഒട്ടകം മുട്ടു കുത്തി…
ആസമയം മഹാനായ അബൂഅയ്യൂബില്‍ അന്‍സ്വാരി(റ)യുടെ ഹൃദയാഹ്ളാദത്തിന് അതിരില്ലായിരുന്നു…അവര്‍ നബി(സ്വ)യുടെ അടുത്തേക്ക് ഓടിവന്നു…അവരെ അളവറ്റ സംതൃപ്തിയോടെ സ്വാഗതം ചെയ്തുകൊണ്ട് തന്റെ വീട്ടിലേക്കാനയിച്ചു…നബി(സ്വ) യുടെ സാധനങ്ങള്‍ അബൂഅയ്യൂബ്(റ) ചുമലിലേറ്റി…ഭൂമിയിലെ സര്‍വ്വ നിധികളും ഒന്നായി നിറച്ചൊരു പേടകം ചുമക്കുന്ന ഭാവമായിരുന്നു ആ സ്വഹാബി വര്യന്…
അബൂഅയ്യൂബ്(റ)വിന്റെ വീടിന് മേല്‍പുരയുണ്ടായിരുന്നു…മുകളില്‍ നിന്ന് തന്റെ സാധനളെല്ലാം അദ്ദേഹം നീക്കം ചെയ്തു…നബി(സ്വ)ക്ക് വേണ്ടി തട്ടിന് മുകളില്‍ സൌകര്യം ചെയ്യണം…
പക്ഷേ…! നബി(സ്വ)താഴത്തെ നിലയില്‍ തന്നെ കിടക്കാനാണിഷ്ടപ്പെട്ടത്. ആ സ്വ ഹാബി അത് സ്വീകരിക്കുകയും നബി(സ്വ)ഇഷ്ടപ്പെട്ട സ്ഥലം സൌകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. സന്ധ്യയായി…നബി(സ്വ)ഉറങ്ങാന്‍ ശയ്യ പ്രാപിച്ചിരിക്കുന്നു. അബൂ അയ്യൂബ്(റ)വും ഭാര്യയും തട്ടിന് മുകളിലേക്ക് കയറി. അവര്‍ വാതില്‍ അടച്ചു കഴിഞ്ഞില്ല.. അപ്പോഴേക്ക് അബൂ അയ്യൂബ് (റ) തന്റെ ഭാര്യയോടായി ചോദിച്ചു.
‘ഹൊ…നാമെന്താണീ ചെയ്യുന്നത്…? നബി(സ്വ)താഴെയും നാം മുകളിലും ഇരിക്കുകയോ…? അവിടുത്തെ ശിരസിന് മുകളിലൂടെ നാം എങ്ങനെ നടക്കും…?! ദിവ്യ സന്ദേശം ഇറങ്ങുന്ന വഴിയില്‍ മാര്‍ഗ്ഗതടസം സൃഷ്ടിച്ചാല്‍ നാം തുലഞ്ഞതു തന്നെ…!!’
എന്ത് ചെയ്യണമെന്നറിയാതെ അവര്‍ കുഴങ്ങി…ഭയവും ഉല്‍കണ്ഠയും അവരുടെ മുഖ ത്ത് കരിനിഴല്‍ വീഴ്ത്തി. നബി(സ്വ)യുടെ നേരെ മുകളില്‍ വരാത്തവിധം തട്ടിന്റെ ഒരു ഭാഗത്തേക്ക് മാറിയപ്പോള്‍ മാത്രമേ അവര്ക്കൊരല്പം ആശ്വാസം കിട്ടിയുള്ളൂ…രാത്രി അങ്ങനെ കഴിച്ച് കൂട്ടി. ഓരം ചേര്‍ന്ന് മാത്രം നടക്കും…മധ്യഭാഗത്തേക്ക് ചവിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു…അങ്ങനെ നേരം ഒരുവിധം പ്രഭാതമായി…അബൂഅയ്യൂബ് (റ) നബി(സ്വ)യുടെ അടുക്കലെത്തി. അദ്ദേഹം പറഞ്ഞു.
‘ഇന്നലെ രാത്രി ഞാനും ഭാര്യയും ഒരുപോള കണ്ണു ചിമ്മിയിട്ടില്ല നബിയേ…!’
നബി (സ്വ) ചേദിച്ചു: ‘എന്ത് പറ്റി, അബൂ അയ്യൂബ്…!’
അബൂ അയ്യൂബ്(റ)പറഞ്ഞു. ‘നബിയേ, അങ്ങ് ഇരിക്കുന്നതിന് മുകളിലാണല്ലോ ഞാനിരിക്കുന്നത്…ഞാനൊന്നിളകിയാല് മുകളില്‍ നിന്ന് മണ്ണ് വീണ് അവിടുത്തേക്ക് അത് വിഷമമാവും…മാത്രമല്ല ഞാന്‍ അവിടുത്തേക്ക് വഹ്യ് സന്ദേശം വരുന്ന വഴിയിലാണുള്ളത്…ഇതെല്ലാം കൂടി ഓര്‍ത്തു പോയപ്പോള്‍ പിന്നെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല’.
നബി(സ്വ): ‘അതൊന്നും അത്ര കാര്യമാക്കേണ്ടതില്ല അബൂ അയ്യൂബ്…! സന്ദര്‍ശകരുടെ ആധിക്യം കാരണം താഴെ തന്നെയാണ് എനിക്ക് സൌകര്യം.’
അബൂഅയ്യൂബ്(റ)പറയുന്നു. ‘ഞാന്‍ നബി(സ്വ)പറഞ്ഞത് അനുസരിച്ചു.. ദിവസങ്ങള്‍ക്ക് ശേഷം, തണുപ്പുള്ള ഒരു സന്ധ്യ…! തട്ടിന് പുറത്ത് വെള്ളം സൂക്ഷിച്ചിരുന്ന ഒരു മണ്‍പാത്രം അബദ്ധത്തില്‍ പൊട്ടിപ്പോയി. വെള്ളം മുഴുവനും തറയിലേക്ക് തൂവി… ഞാനും ഭാര്യയും ചാടിപിടഞ്ഞെണീറ്റു…വിരിപ്പ് മാത്രമെ കയ്യിലുള്ളൂ. അത്കൊണ്ട് പെട്ടെന്ന് വെള്ളമത്രയും ഒപ്പിയെടുത്തു.. നബി(സ്വ)യുടെ ശരീരത്തിലേക്ക് അത് ഉറ്റി വീ ഴുമോ എന്ന ഭയമായിരുന്നു ഞങ്ങള്‍ക്ക്….
അടുത്ത പ്രഭാതം…ഞാന്‍ നേരത്തെത്തന്നെ അവിടുത്തെ തിരുസന്നിധിയിലെത്തി ബോധിപ്പിച്ചു.
‘അങ്ങ് വിരോധമൊന്നും പറയരുത്. അവിടുന്നു താഴെയും ഞാന്‍ മുകളിലും താമസിക്കുന്നതില്‍ വലിയ പ്രയാസമുണ്ട്..’ഞാന്‍ വെള്ളപ്പാത്രം ഉടഞ്ഞ കഥ കൂടി വിവരിച്ചു…നബി(സ്വ)എന്റെ താല്പര്യം കണക്കിലെടുത്ത് മുകളിലേക്കും ഞാനും ഭാര്യയും താഴേ ക്കും മാറി…
മഹാനായ അബൂഅയ്യൂബ്(റ)വിന്റെ വീട്ടില്‍ നബി(സ്വ)ഏഴുമാസത്തോളം കഴിച്ചുകൂട്ടി… ആയിടക്ക് നബി(സ്വ)യുടെ ഒട്ടകം മുട്ടുകുത്തിയിരുന്ന സ്ഥലത്ത് ഒരു പള്ളി സ്ഥാപിക്കപ്പെട്ടു…മസ്ജിദുന്നബവി…! പള്ളിപ്പണി പൂര്‍ത്തിയായതോടെ നബി(സ്വ)ക്കും ഭാര്യമാര്‍ ക്കുമായി നിര്‍മ്മിക്കപ്പെട്ടിരുന്ന ചെറിയ വീടുകളിലേക്ക് അവര്‍ മാറിത്താമസിച്ചു…
അങ്ങനെ നബി സ്വ)അബൂഅയ്യൂബി(റ)ന്റെ അയല്വാസിയായിത്തീര്ന്നു…ഹാ..എത്ര നല്ല അയല്‍ക്കാര്‍…!!
അബൂഅയ്യൂബ്(റ)നബി(സ്വ)യെ ഹൃദയം നിറഞ്ഞ് സ്നേഹിച്ചു. നബി(സ്വ)തിരിച്ചും ആത്മാര്‍ഥമായി സ്നേഹിച്ചപ്പോള്‍ അവര്‍ക്കിടയില്‍ യാതൊരു ഔപചാരികതയും വേ ണ്ടിയിരുന്നില്ല…സ്വന്തം വീടു പോലെയാണ് ആ സ്വഹാബിയുടെ വീടിനെ നബി(സ്വ) വീക്ഷിച്ചത്…
ഇബ്നു അബ്ബാസ്(റ)പറയുന്നു:
‘നട്ടുച്ച സമയം…! അബൂബക്കര്‍ സിദ്ദീഖ്(റ)മദീനാപള്ളിയിലേക്കു പുറപ്പെട്ടു…പള്ളിയില്‍ ഉമര്‍ (റ) വും ഉണ്ട്.’
ഉമര്‍(റ)ചോദിച്ചു: ‘അബൂബക്കര്‍….! എന്താണീനേരത്ത് വീട്ടില്‍ നിന്നും പുറപ്പെടാന്‍ കാരണം…?’
സിദ്ദീഖ ്(റ)പറഞ്ഞു. ‘അസഹ്യമായ വിശപ്പു കാരണമാണ് ഞാന്‍ പുറപ്പെട്ടത്…!’
‘അല്ലാഹുവാണ് സത്യം, ഞാനിപ്പോള്‍ ഇങ്ങോട്ടു വരാനുള്ള കാരണവും മറ്റൊന്നുമല്ല…!’ ഉമര്‍(റ)ന്റെ മറുപടി…!
അവര്‍ സംസാരിച്ചു കൊണ്ടിരിക്കേ, അതാ…നബി(സ്വ)കയറിവരുന്നു. ‘എന്താണ് നി ങ്ങള് രണ്ടു പേരും ഈ പൊരിവെയിലത്ത് ഇങ്ങോട്ടു വന്നത്….?!’ നബി(സ്വ) ചോദിച്ചു:
രണ്ടു പേരും പ്രതിവചിച്ചു: ‘ഞങ്ങള്‍ ഇങ്ങോട്ടു വന്നത് വിശപ്പിന്റെ കാഠിന്യം സഹിക്കവെയ്യാഞ്ഞിട്ടാണ് നബിയേ…’
നബി (സ്വ) പറഞ്ഞു: ‘അല്ലാഹുവാണ്, എന്നെ പുറപ്പെടാന്‍ പ്രേരിപ്പിച്ചതും വേറൊന്നല്ല…! നിങ്ങളെന്നോടൊപ്പം വരൂ…!’
മൂന്നു പേരും കൂടി അബൂഅയ്യൂബ്(റ)വിന്റെ വീട്ടു പടിക്കലെത്തി…അദ്ദേഹം നബി(സ്വ) ക്കായി പ്രത്യേകം ഭക്ഷണം കരുതി വെക്കുക പതിവായിരുന്നു…നബി(സ്വ)വരാന്‍ വൈകിയാല്‍ അതെടുത്ത് വീട്ടുകാര്‍ക്കു നല്‍കും.
അബൂഅയ്യൂബ്(റ)വിന്റെ ഭാര്യ ഉമ്മുഅയ്യൂബ്(റ)ഇറങ്ങി വന്ന് സ്വാഗതമോതി. ‘നബ(സ്വ) ക്കും സഹാതിഥികള്ക്കും സ്വാഗതം..’
നബി(സ്വ)ചോദിച്ചു: ‘അബൂ അയ്യൂബ് എവിടെ?’
വീടിനടുത്തുള്ള ഈത്തപ്പനത്തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന അബൂ അയ്യൂബ് നബി(സ്വ)യുടെ ചോദ്യം കേട്ട് ഓടിവന്നു….
‘നബി(സ്വ)ക്കും കൂടെയുള്ളവര്‍ക്കും സ്വാഗതം…’അഭിവാദ്യത്തെതുടര്ന്നദ്ദേഹം ചോദിച്ചു:
‘അവിടുന്ന് സാധാരണ വരാറുള്ള സമയമല്ലല്ലോ ഇത്….!’
നബി(സ്വ)പറഞ്ഞു ‘അതെ…! ശരിയാണ്.’
അനന്തരം അവര്‍ തോട്ടത്തില്‍ പോയി ഒരു ഈത്തപ്പഴക്കുല അറുത്തു കൊണ്ടുവന്നു… അതില്‍ പഴുപ്പെത്തിത്തുടങ്ങിയതും ശരിക്കും പഴുത്തതും ഉണങ്ങിയതെല്ലാമുണ്ട്…
നബി(സ്വ)പറഞ്ഞു: ‘കുലയറുക്കേണ്ടിയിരുന്നില്ലല്ലോ… അല്‍പ്പം പഴങ്ങള്‍ പറിച്ചാല്‍ മതിയായിരുന്നു…’
‘അവിടുത്തേക്ക് എല്ലാത്തരം പഴങ്ങളും നല്‍കാമെന്നു കരുതിയാണ്…!’അബൂഅയ്യൂബ് (റ) പറഞ്ഞു.’
അദ്ദേഹം തുടര്‍ന്നു: ‘ഞാന്‍ ഒരു ആടിനെയറുത്തു സല്കരിക്കാന് തീരുമാനിച്ചിരിക്കുന്നു…!’
നബിയുടെ നിര്‍ദ്ദേശം. ‘പാല് ചുരത്താത്ത തരം മാത്രമെ അറുക്കാവൂ…’
അബൂഅയ്യൂബ്(റആടിനെ അറുത്തശേഷം ഭാര്യയോട് റൊട്ടിയുണ്ടാക്കാന്‍ പറഞ്ഞു. ആടിന്റെ പകുതിയെടുത്ത് പുഴുങ്ങി…മറ്റൊരു പകുതി തീയിലിട്ട് ചുട്ടെടുക്കുകയും ചെയ്തു…
ഭക്ഷണം റെഡിയായി… എല്ലാവര്ക്കും വിളമ്പി…നബി(സ്വ)യും സിദ്ധീഖ്(റ)വും ഉമര്‍ (റ) വും ഭക്ഷണത്തിനിരുന്നു…
ആദ്യം ഒരു കഷ്ണം ആട്ടിറച്ചി എടുത്ത് ഒരു റൊട്ടിയില്‍ വെച്ച് അബൂഅയ്യൂബ്(റ)വിന്റെ കയ്യില്‍ കൊടുത്ത് നബി(സ്വ)പറഞ്ഞു:
‘വേഗം ഇത് ഫാത്വിമഃക്ക് കൊണ്ടുപോയി കൊടുക്കൂ…! വളരെക്കാലമായി ഇത്പോലൊന്ന് അവര്‍ കഴിച്ചിട്ട്…!’
ഭക്ഷണം കഴിഞ്ഞു, വിശപ്പ് മാറി…തത്സമയം നബി (സ്വ)പറഞ്ഞു: ‘റൊട്ടി, മാംസം, കാരക്ക, ഈത്തപ്പഴം; പഴുത്തത്, ഇളംപഴുപ്പ്…’
ആ നയനങ്ങള്‍ ഈറനണിഞ്ഞു. അവിടുന്ന് പറഞ്ഞു:
‘അല്ലാഹുവാണ് സത്യം… അന്ത്യനാളില്‍ അവന് കണക്കുചോദിക്കുന്ന അനുഗ്രഹങ്ങളാണിത്…..! ഇങ്ങനെയുള്ള ഭക്ഷണം കിട്ടിയാല്‍ അല്ലാഹുവിന്റെ തിരുനാമം ഉച്ചരിച്ച് ആരംഭിക്കുക…..കഴിഞ്ഞാല്‍ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ആ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുക…..!’
നബി ന(സ്വ)പോകാനായി എഴുന്നേറ്റു.
‘അബൂഅയ്യൂബ്…. ! നാളെ അങ്ങോട്ട് വരണം…!’
ആര് നന്മ ചെയ്താലും അതിന് പ്രത്യുപകാരം ചെയ്യുക നബി(സ്വ)യുടെ പതിവായിരുന്നു…. പക്ഷേ..! നബി(സ്വ)പറഞ്ഞത് അബൂ അയ്യൂബ്(റ)വിന്റെ ശ്രദ്ധയില്‍ പെട്ടില്ല…ആ സമയം ഉമര്‍(റ)ഉണര്‍ത്തി. ‘അബൂഅയ്യൂബ്…നാളെ നബി(സ്വ)യുടെ അടുക്കല്‍ ചെല്ലാന്‍ അവിടുന്നു കല്പിക്കുന്നു…!’
അബൂഅയ്യൂബ് (റ) പറഞ്ഞു ‘ശരി നബിയേ…!’
പിറ്റെ ദിവസം… പറഞ്ഞ പ്രകാരം അബൂഅയ്യൂബ്(റ)നബി(സ്വ)യുടെ അടുക്കല്‍ ചെന്നു. നബി (സ്വ)ക്ക് സേവനം ചെയ്തുകൊണ്ടിരുന്ന ഒരു ചെറിയ അടിമപ്പെണ്‍കുട്ടിയെ സമ്മാനിച്ചിട്ട് നബി(സ്വ)പറഞ്ഞു.
‘ഇതുവരെയായി ഗുണമല്ലാതെ മറ്റൊന്നും അവളില്‍ നിന്ന് കണ്ടിട്ടില്ല…അത് കൊണ്ട് നന്മ മാത്രമെ അവളോട് ചെയ്യാവൂ…’
അബൂ അയ്യൂബ്(റ)തിരിച്ചുപോയി. പെണ്കുട്ടിയുമുണ്ടൊപ്പം. ഭാര്യ ചോദിച്ചു:
‘ഇതാര്‍ക്കാണ് അബൂഅയ്യൂബ്?’.
അബൂഅയ്യൂബ്(റ)പറഞ്ഞു:
‘നബി(സ്വ)നമുക്ക് തന്നതാണ്…!’
ഭാര്യക്ക് വല്ലാത്ത സന്തോഷം. ‘ഹാ…! എത്ര നല്ല ദാനം…! തന്നത് എത്ര ഉന്നതന്…!
അബൂഅയ്യൂബ്(റ)തുടര്‍ന്നു. ‘അവളോട് ഗുണകരമായി പെരുമാറാന്‍ നബി(സ്വ)നമ്മെ ഉപദേശിച്ചിരിക്കുന്നു….’
ഭാര്യ ചോദിച്ചു. ‘ആ ഉപദേശം എങ്ങനെ നിറവേറ്റണം’
അബൂ അയ്യൂബ്(റ)പറഞ്ഞു. ‘അവള്‍ക്ക് അടിമത്തവിമോചനം നല്കുന്നതിനേക്കാള് ഗുണകരമായ മറ്റൊന്ന് ഞാന്‍ കാണുന്നില്ല…!’
ഭാര്യയും സമ്മതിച്ചു. നിങ്ങള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്. അങ്ങനെ അവര്‍ ആ കുട്ടിയെ സ്വതന്ത്രയാക്കി.
ഇതെല്ലാം അബൂ അയ്യൂബൂല് അന്സ്വാരിയുടെ ജീവിതത്തിലെ ചില ചെറിയ ചിത്രങ്ങള്‍ മാത്രം.എന്നാല്‍ യുദ്ധരംഗങ്ങളില്‍ അവര്‍ രചിച്ച വീരേതിഹാസങ്ങളുടെ ചെറിയ സാമ്പിളുകള്‍ മതി.. നാം അത്ഭുതപ്പെട്ടുപോവും… അബൂഅയ്യൂബ്(റ)ജീവിതകാലം മുഴുക്കെ ഇസ്ലാമിന്റെ യോദ്ധാവായി കഴിച്ചു കൂട്ടി. നബി(സ്വ)യുടെ കാലം മുതല്‍ മുആവിയഃ (റ)വിന്റെ കാലം വരെ നടന്ന യുദ്ധങ്ങളിലെല്ലാം അവര്‍ പങ്കെടുത്തിരുന്നു. ഒരേ സമയത്ത് നടന്ന വിവിധ യുദ്ധങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അവര്‍ എപ്പോഴും അംഗമായിരിക്കും.
തന്റെ അവസാനയുദ്ധം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കാന്‍ പുറപ്പെട്ട സൈന്യത്തോടൊപ്പമായിരുന്നു. മഹാനായ മുആവിയഃ (റ)വിന്റെ പുത്രന് യസീദാണ് സേനാനായകന്… അന്ന് അബൂ അയ്യൂബ്(റ)എണ്പതിനോടടുത്തിരുന്നു… അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കടല്‍ താണ്ടി മൈലുകളോളം സഞ്ചരിക്കുന്നതില്‍ നിന്ന് പ്രായാധിക്യം അവരെ പിന്തിരിപ്പിച്ചില്ല…
യുദ്ധമാരംഭിച്ചു….പക്ഷേ,…അധികം കഴിഞ്ഞില്ല…അബൂഅയ്യൂബ്(റ)രോഗം കാരണം യുദ്ധത്തില്‍ തുടരാനാവാതെ പരിക്ഷീണനായി. സൈനിക കമാന്‍ണ്ടര്‍ യസീദ് മഹാനായ ആ സ്വഹാബിവര്യനെ സന്ദര്‍ശിക്കാന്‍ എത്തി. യസീദ് ചോദിച്ചു:
‘അബൂഅയ്യൂബ്, നിങ്ങള്‍ക്ക് വല്ല ആവശ്യങ്ങളുമുണ്ടോ…?’
അബൂഅയ്യൂബ്(റ)പ്രതിവചിച്ചു. ‘മുസ്ലിം സൈന്യത്തിന് നിങ്ങള്‍ എന്റെ സലാം പറയുക.. ശത്രുരാജ്യത്തിന്റെ അങ്ങേയറ്റം വരെ മുന്നേറാനും കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അതിര്‍ത്തി പ്രദേശത്ത് എന്നെ മറവ് ചെയ്യാനും ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നതായി മുസ്ലിംകളോട് അറിയിക്കുക…!’
അബൂഅയ്യൂബ്(റ)വിന്റെ പരിശുദ്ധാത്മാവ് ശരീരം വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് പറന്നുപോയി…
മഹാനായ നബി(സ്വ)യുടെ ആ സന്തത സഹചാരിയുടെ ആഗ്രഹസഫലീകരണത്തിനായി മുസ്ലിം സൈന്യം കഠിനമായി യത്നിച്ചു. ഒന്നൊന്നായി അവര്‍ ശത്രുക്കളെ കടന്നാക്രമിച്ചു….അവസാനം… അവര്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അതിര്‍ത്തിവരെയെത്തി… കൂടെ അബൂഅയ്യൂബ്(റ)വിന്റെ ജനാസയും വഹിച്ചുകൊണ്ടായിരുന്നു ആ അതുല്ല്യമുന്നേറ്റം….അതിര്‍ത്തിയില്‍ അവര്‍ ഖബര്‍ കുഴിച്ചു…മഹാനവര്‍കളുടെ ഭൌതിക ശരീരം അവിടെ മറവ് ചെയ്തു.
അല്ലാഹു(സു)അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) യോട് കരുണ കാണിക്കട്ടെ.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബ്ദുല്ലാഹിബ്നുജഹ്ശ്(റ)
💐💐💐💐💐💐💐💐💐💐
അമീറുല്‍ മുഅ്മിനീന്‍ എന്ന് ആദ്യമായി സ്ഥാനപ്പേര് വിളിക്കപ്പെട്ട സ്വഹാബിവര്യന്. മഹാനായ നബി(സ്വ)യുമായി ഗാഢബന്ധമുള്ളവരും ഇസ്ലാമില്‍ പല കാര്യങ്ങളിലും പ്രഥമ സ്ഥാനം ലഭിച്ചവരുമാണ് അബ്ദുല്ലാഹിബ്നുജഹ്ശ് അല്‍അസദി(റ).
അദ്ദേഹം നബി(സ്വ)യുടെ അമ്മായിയുടെ മകനാണ്. മാതാവ് അബ്ദുല്‍മുത്ത്വലിബിന്റെ മകള്‍ ഉമൈമഃ നബി(സ്വ)യുടെ അമ്മായിയാണ്. അദ്ദേഹം നബി(സ്വ)യുടെ അളിയനുമാണ്. കാരണം അവരുടെ സഹോദരി സൈനബ(റ)യെ നബി(സ്വ) വിവാഹം കഴിക്കുകയും അവര്‍ക്ക് ഉമ്മുല്മുഅ്മിനീന് എന്ന് സ്ഥാനപ്പേര് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമിക സമരഗോദയില്‍ ആദ്യമായി പതാക നല്കപ്പെട്ടത് അബ്ദുല്ല(റ)വിനായിരുന്നു. അതോടൊപ്പം അമീറുല്മുഅ്മിനീന്(വിശ്വാസികളുടെ നേതാവ്) എന്ന നാമം സിദ്ധിച്ചതും അദ്ദേഹത്തിന് തന്നെ. നബി(സ്വ) ദാറുല്‍അര്‍ഖമില്‍ പ്രവേശിക്കുന്നതിന്റെ മുമ്പ് തന്നെ അബ്ദുല്ലാഹിബ്നുജഹ്ശ് മുസ്ലിമായിരുന്നു. തന്നിമിത്തം ഇസ്ലാമില്‍ ആദ്യം പ്രവേശിച്ചവരുടെ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേര് കൂടി ചേര്‍ക്കപ്പെട്ടു.
ഖുറൈശികളുടെ അക്രമങ്ങള്‍ അസഹ്യമായപ്പോള്‍ മദീനയിലേക്ക് പലായനം ചെയ്യാന്‍ നബി(സ്വ) ഉത്തരവിട്ട സന്ദര്‍ഭം. മദീനയിലേക്കുള്ള പലായന സംഘത്തില്‍ ഒന്ന് അബൂസലമഃ(റ)വും രണ്ടാമത്തേത് ഇബ്നുജഹ്ശ്(റ)വുമായിരുന്നു. അല്ലാഹുവുന്റെ മാര്‍ഗത്തിലുള്ള ഹിജ്റഃ അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വിന് പുത്തരിയായിരുന്നില്ല. ചില ഉറ്റവരോടൊപ്പം മുമ്പവര്‍ എത്യോപ്യയിലേക്കും ഹിജ്റഃ പോയിരുന്നു.
പക്ഷേ,…! ഇത്തവണത്തെ യാത്ര ഒരു വലിയ സംഘത്തിന്റെ അകമ്പടിയോടെയാണ്… അദ്ദേഹത്തിന്റെ ഭാര്യയും മക്കളും സഹോദരീസഹോദരന്മാരും ബാലികാബാലന്മാരും എല്ലാം ഉണ്ടായിരുന്നു സംഘത്തില്‍…! അദ്ദേഹത്തിന്റെ വീട് ഇസ്ലാമിന്റേതായിരുന്നു….ഗോത്രം ഈമാനിന്റേതും.
സംഘം മക്ക വിട്ടതേയുള്ളൂ! ഗ്രാമത്തിലാകെ ദുഃഖത്തിന്റെയും മ്ളാനതയുടെയും ഛായ പടര്‍ന്നു. അവിടെ ഗൃഹാതുരത്വം മുഴച്ചുനിന്നു…..
ഇബ്നുജഹ്ശും സംഘവും നാടുവിട്ട് അധികം കഴിഞ്ഞില്ല.. ഖുറൈശീ പ്രമാണിമാര്‍ മക്കയിലെ തെരുവീഥികളിലൂടെ ഒരു അന്വേഷണയാത്ര നടത്തി… മുസ്ലിംകളാരെല്ലാം സ്ഥലം വിട്ടു, എത്രപേര്‍ ശേഷിക്കുന്നു എന്നെല്ലാം മനസ്സിലാക്കുകയാണ് ഉദ്ദേശ്യം. അന്വേഷണ സംഘത്തില്‍ അബൂജഹ്ലും ഉത്ബതും ഉണ്ട്.
ഉത്ബത്തിന്റെ കണ്ണുകള്‍ അബ്ദുല്ലാഹിബ്ന്ജഹ്ശ്(റ)വിന്റെ വീടിന്മേല് ഉടക്കി. മണല്‍തരികളില്‍ തട്ടിത്തെറിച്ചുവരുന്ന കാറ്റില്‍ അതിന്റെ വാതിലുകള്‍ വലിഞ്ഞടയുന്നു.
ഉത്ബഃ പറഞ്ഞു: ‘ജഹ്ശിന്റെ മക്കളുടെ ആളൊഴിഞ്ഞ വീടുകള്‍.. അത് അതിന്റെ നാഥന്മാരെ ഓര്‍ത്ത് വിലപിക്കുകയാണ്’.
അബൂജഹ്ലിനത് രസിച്ചില്ല.
‘ഫൂ…ഓര്‍ത്തുകരയാന്‍ മാത്രം അവര്‍ ആരാ….?!’ എന്ന് പറഞ്ഞുകൊണ്ട് ധിക്കാരപൂര്‍വ്വം അബൂജഹല്‍ അബ്ദുല്ലാഹിബ്നുജഹ്ശി(റ)ന്റെ വീട് കയ്യേറി…കൂട്ടത്തില്‍ ഏറ്റവും ഭംഗിയും സൌന്ദര്യവുമുള്ള വീടായിരുന്നു അത്. സ്വന്തം തറവാട് പോലെ അവന് യഥേഷ്ടം അതുപയോഗിച്ചു…
അബൂജഹല്‍ നടത്തിയ അതിക്രമങ്ങളെ കുറിച്ച് വിവരം ലഭിച്ച അബ്ദുല്ലാഹിബ്നുജഹ്ശ്(റ) നടന്ന സംഭവങ്ങളെല്ലാം നബിയെ ധരിപ്പിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു:
‘അബ്ദുല്ലാ…ആ വീടിനുപകരം സ്വര്‍ഗത്തില്‍ ഒരു ഗൃഹം അല്ലാഹു നല്കിയാല് നിനക്ക് സന്തോഷമാവില്ലേ’.
അബ്ദുല്ലാ(റ) പറഞ്ഞു: ‘തീര്‍ച്ചയായും നബിയേ….’
‘എങ്കില്‍ നിങ്ങള്‍ക്കത് നല്കപ്പെടും…!’ നബി(സ്വ) അരുളി.
അബ്ദുല്ലാഹിബ്ന്ജഹ്ശിന് വലിയ സന്തോഷമായി. ഒന്നും രണ്ടും ഹിജ്റകള്‍ക്ക് ശേഷം അബ്ദുല്ലാഹിബ്നുജഹ്ശ്(റ) മദീനയില്‍ അല്പം സ്വാസ്ഥ്യം അനുഭവിച്ചു തുടങ്ങിയതായിരുന്നു….ഖുറൈശികളില്‍ നിന്ന് കഠിനമായ എതിര്‍പ്പുകള്‍ നേരിട്ടശേഷം മഹാമനസ്കരായ അന്‍സ്വാരികളുടെ സ്നേഹസമ്പൂര്‍ണ്ണമായ സംരക്ഷണത്തിന്റെ മാധുര്യം നുണഞ്ഞുകൊണ്ടിരിക്കുകയാണിപ്പോള്.
പക്ഷേ,…! ആ സുന്ദരനിമിഷങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായില്ല.. തന്റെ ജീവിതത്തിനിടക്ക് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്ര കടുത്ത ഒരു പരീക്ഷണത്തിന് അദ്ദേഹം വിധേയനാക്കപ്പെട്ടു. ഇസ് ലാമില്‍ വന്നശേഷമുണ്ടായതില് ഏറ്റം തീഷ്ണം.
സംഭവമിതാണ്, മഹാനായ നബികരീം(സ്വ) എട്ട് പേരെ തിരഞ്ഞെടുത്തു. ഇസ്ലാമിലെ ആദ്യത്തെ സൈനിക നടപടിക്ക് വേണ്ടിയായിരുന്നു അത്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ അബ്ദുല്ലാഹിബ്നുജഹ്ശ് (റ)വും സഅ്ദുബ്നുഅബീവഖാസ്വ്(റ)വും ഉണ്ട്…
നബി(സ്വ) അവരോട് പറഞ്ഞു: ‘വിശപ്പും ദാഹവും സഹിക്കാന്‍ ഏറ്റവും പ്രാപ്തനായ ഒരാളെ ഞാന്‍ നിങ്ങള്‍ക്ക് നേതാവാക്കാന്‍ പോവുകയാണ്.’
അനന്തരം അവിടുന്ന് മഹാനായ ഇബ്നുജഹ്ശ്(റ)വിന് പതാക നല്കി.. അങ്ങനെ വിശ്വാസികളുടെ ഒരു വിഭാഗത്തിന് നേതാവാക്കപ്പെട്ട ആദ്യസ്വഹാബി എന്ന ഖ്യാതി അബ്ദുല്ലാഹിബ്നുജഹ്ശിന്റെതായിത്തീര്ന്നു…! ആദ്യത്തെ അമീറുല്മുഅ്മിനീന്…!!
പോകേണ്ട മാര്‍ഗ്ഗവും ലക്ഷ്യവും ഇബ്നുജഹ്ശ്(റ)വിന് നബി(സ്വ) വിവരിച്ചുകൊടുത്തു. കൂടെ ഒരു കത്തേല്പിച്ചുകൊണ്ട് അവിടുന്നരുളി:
‘രണ്ട് ദിവസത്തിന് ശേഷം മാത്രം പൊട്ടിച്ചു വായിക്കുക.’
ആ ചെറുസംഘം യാത്രയായി. ദിവസം രണ്ട് കഴിഞ്ഞു. അബ്ദുല്ലാഹിബ്നുജഹ്ശ്(റ) കത്ത് തുറന്നു. അതിന്റെ ഉള്ളടക്കം ഇതായിരുന്നു.
‘ഈ കത്ത് വായിച്ചതിന് ശേഷം, നിങ്ങള്‍ ത്വാഇഫിന്റെയും മക്കയുടെയും ഇടയിലുള്ള നഖ്ല എന്ന സ്ഥലം വരെ പോവുക. അവിടെനിന്ന് ഖുറൈശികളുടെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുക…കിട്ടുന്ന വിവരങ്ങള്‍ ഇങ്ങോട്ടെത്തിക്കുക…!!’
അബ്ദുല്ലാഹ്(റ) കത്ത് വായിച്ചയുടനെ പറഞ്ഞു.
‘അല്ലാഹുവിന്റെ തിരുദൂതരുടെ കല്പന പൂര്‍ണ്ണമായും ഞാന്‍ ശിരസാവഹിക്കുന്നു’. ശേഷം അ ദ്ദേഹം സഹയാത്രികരോടായി പറഞ്ഞു.
‘നഖ്ലയില്‍ പോയി ഖുറൈശികളുടെ ചലനങ്ങള്‍ നിരീക്ഷണം നടത്തി വിവരങ്ങളറിയിക്കാന്‍ നബി (സ)യുടെ കല്പനയുണ്ടെനിക്ക്…കൂടെ വരാന്‍ ആരെയും നിര്‍ബന്ധിക്കരുതെ എന്നും എഴുത്തിലുണ്ട്… അത്കൊണ്ട് രക്തസാക്ഷിയാവാന്‍ സന്നദ്ധരുണ്ടെങ്കില്‍ കൂടെ വരിക…! അല്ലാത്തവര്‍ക്ക് തിരിച്ചുപോകാം… ഒരു പരാതിയുമില്ല..!’
സുഹൃത്തുക്കള്‍ ഒന്നടങ്കം ഒരേ ശബ്ദത്തില്‍ പറഞ്ഞു:
‘അല്ലാഹുവിന്റെ തിരുദൂതരുടെ കല്പന ഞങ്ങളിതാ അക്ഷരംപ്രതി സ്വീകരിക്കുന്നു…യാത്ര തുടര്‍ ന്നോളൂ…ഞങ്ങളും കൂടെയുണ്ട്..!’
അവര്‍ നഖ്ലയിലെത്തി… ഖുറൈശികളെക്കുറിച്ചറിയാന് ഊടുവഴികളിലൂടെ പതുങ്ങിപ്പതുങ്ങി സഞ്ചരിച്ചു…
അപ്പോള്‍… അതാ അങ്ങ് ദൂരെ ഒരു യാത്രാസംഘം…നാലാളുണ്ട്…അംറുബ്നുല്ഹള്റമി, ഹക്കംഇബ്നുകൈസാന്, ഉസ്മാനുബ്നുഅബ്ദില്ലാ, ഉസ്മാന്റെ സഹോദരന് മുദീറഃ…! ഖുറൈശികളുടെ കച്ചവടസാധനങ്ങളായ മൃഗത്തോല്, ഉണക്കമുന്തിരി…ഇതെല്ലാമാണവരുടെ കൈവശം…!
സമയം ഒട്ടും പാഴാക്കിക്കൂടാ..! സ്വഹാബികള്‍ എന്ത് ചെയ്യണമെന്ന ചര്‍ച്ചയിലേര്‍പ്പെട്ടു. യുദ്ധം നിരോധിച്ച നാല് മാസങ്ങളില്‍പ്പെട്ട റജബിലെ അവസാനദിനമായിരുന്നു അത്…! അവര്‍ പരസ്പരം പറഞ്ഞു.
‘ഇന്ന് നാം അവരെ വധിക്കുകയാണെങ്കില്‍ അത് യുദ്ധം നിഷിദ്ധമായ മാസത്തിലാണ് സംഭവിക്കുക…അത് ഈ മാസത്തിന്റെ സര്‍വ്വാംഗീകൃതമായ പവിത്രതക്ക് കളങ്കവും അറബികളുടെ മുഴുവന്‍ വിരോധത്തിന് നിമിത്തവുമായിത്തീരും…മറിച്ച് അടുത്തദിവസമാകാമെന്ന് വെച്ചാല്‍ അവര്‍ നമ്മുടെ അധീനതയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും…!’
ചര്‍ച്ചയുടെ അവസാനം അവര്‍ തീരുമാനിച്ചു. ഒട്ടും വൈകാതെ അവരെ കീഴ്പെടുത്തുക തന്നെ, ബാക്കി വരുന്നിടത്ത് വെച്ചു കാണാം….!
നിര്‍ണ്ണായകമായ നിമിഷങ്ങള്‍…! അവര്‍ നാല്‍വര്‍ സംഘത്തിന്റെ മേല്‍ ചാടിവീണ് ഒരാളെ വധിക്കുകയും രണ്ടാളെ ബന്ധിയാക്കുകയും ചെയ്തു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു….!
രണ്ട് ബന്ദികളും അവരുടെ സ്വത്തും കൊണ്ട് അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വും കൂട്ടുകാരും മദീനയിലേക്ക് യാത്രയായി…
തിരുനബി(സ്വ)യുടെ സദസ്സ്…അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വും കൂടെയുള്ളവരും ഹാജരായി… നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചുകൊടുത്തു.
സംഭവം കേട്ടുകഴിഞ്ഞ നബികരീം(സ്വ) ആ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിച്ചു. അവിടുന്നു പറഞ്ഞു;
‘അല്ലാഹു സത്യം..! യുദ്ധം ചെയ്യാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ല.. ഖുറൈശികളുടെ വിവരങ്ങള്‍ അറിയാനും അവരുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും മാത്രമാണല്ലോ നിങ്ങളെ നിയോഗിച്ചത്…!’
രണ്ട് ബന്ധികളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാനായി അവരെ മാറ്റിനിര്‍ത്തി….സംഘം കൊണ്ടുവന്ന സ്വത്ത് അവിടുന്ന് തൊട്ടതേയില്ല….!
ആ സമയം ഇബ്നുജഹ്ശ്(റ)വിനും കൂടെയുണ്ടായിരുന്നവര്‍ക്കും കടുത്ത കുറ്റബോധം തോന്നി.. നബി(സ്വ)യുടെ കല്പനക്കെതിര് പ്രവര്‍ത്തിച്ചത് കൊണ്ട് തങ്ങള്‍ പരാജയപ്പെട്ടുപോയെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു…
അതോടൊപ്പം മറ്റു മുസ്ലിം സഹോദരങ്ങളും അവര്‍ക്ക് മേലില്‍ ആക്ഷേപത്തിന്റെ ശരവര്‍ഷം നടത്തുകയും നബി(സ്വ)യുടെ കല്പനക്ക് എതിരില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന് അവരെ കുറിച്ച് അടക്കം പറയുകയും ചെയ്തപ്പോള്‍ അവര്‍ ശരിക്കും വീര്‍പ്പുമുട്ടി. അതിനിടെ കൂനിന്മേല് കുരു എന്ന പോലെ മറ്റൊന്ന് കൂടി സംഭവിച്ചു.
യുദ്ധം നിഷിദ്ധമായ സമയത്ത് ചെയ്ത ആ സംഭവം നബി(സ്വ)യെ വ്യക്തിഹത്യ ചെയ്യാന്‍ ഖുറൈശികള്‍ ആയുധമാക്കിയിരിക്കുന്നു എന്ന വൃത്താന്തമായിരുന്നു അത്. ഖുറൈശികള്‍ ഗോത്രങ്ങള്‍ തോറും പറഞ്ഞു നടന്നു.
‘മുഹമ്മദ് യുദ്ധം നിഷിദ്ധമായ മാസത്തിന്റെ പവിത്രത പിച്ചിച്ചീന്തിയിരിക്കുന്നു… സമ്പത്ത് കൊള്ളയടിക്കുകയും പുരുഷന്മാരെ കൊലപ്പെടുത്തുകയും ചെയ്തത് ഈ വിശുദ്ധ മാസത്തിലാണ്…!’
സംഭവിച്ചുപോയ കൈപ്പിഴവില്‍ അബ്ദുല്ലാഹ്(റ)വിനും കൂട്ടുകാര്‍ക്കും ഉണ്ടായ മാനസിക ക്ഷതം പറയാതിരിക്കലാണ് നല്ലത്…! തങ്ങള്‍മൂലം തിരുനബി(സ്വ)ക്കും ചീത്തപ്പേരായല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജകൊണ്ട് തലയുയര്‍ത്താന്‍ കഴിയാത്ത അവസ്ഥ…
അഗ്നിപരീക്ഷണമാണ് തരണം ചെയ്ത് കൊണ്ടിരിക്കുന്നത്. ദുഃഖം കൊണ്ടവര്‍ പരിക്ഷീണരായിത്തീര്ന്നിരിക്കുന്നു.. അപ്പോള്‍ അതാ ഒരാള്‍ ഓടി വരുന്നു… അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷത്തിന്റെ പ്രകാശം പരന്നിരിക്കുന്നു… അദ്ദേഹം പറഞ്ഞു:
‘നിങ്ങള്‍ ചെയ്ത പ്രവര്‍ത്തി അല്ലാഹു ശരിവെച്ചിരിക്കുന്നു. ആ സന്തോഷം അറിയിക്കുന്ന ഖുര്‍ആന്‍ സൂക്തം അവതീര്ണ്ണമായിരിക്കുന്നു…’
ആ സമയത്ത് അവര്‍ക്കുണ്ടായ സന്തോഷം പകര്‍ത്താന്‍ അക്ഷരങ്ങള്‍ക്ക് സാധ്യമല്ല.. മാറിനിന്നിരുന്ന മുസ്ലിം സഹോദരങ്ങള്‍ വന്ന് ആനന്ദാശ്രുക്കളുടെ അകമ്പടിയോടെ ആലിംഗനം ചെയ്യുന്നു… സന്തോഷവും ആശംസകളും.. ആ ഖുര്‍ആനിക സൂക്തം അവര്‍ ഓതിക്കൊണ്ടിരുന്നു.
‘യുദ്ധം നിഷിദ്ധമായി വിശ്വസിക്കപ്പെടുന്ന മാസത്തിലുള്ള യുദ്ധങ്ങളെക്കുറിച്ച് അവര്‍ ചോദിക്കും. തങ്ങള്‍ പറയുക. ആ മാസത്തില്‍ യുദ്ധം ചെയ്യല്‍ വലിയ തെറ്റുതന്നെയാണ്. എന്നാല്‍ അല്ലാഹുവിനെ അവിശ്വസിക്കുകയും അവന്റെ ദീനിനെയും മക്കാ രാജ്യത്തെയും ജനങ്ങള്‍ക്ക് തടയുകയും മക്കാ നിവാസികളായ മുസ്ലിംകളെ നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യല്‍ അതിനേക്കാള്‍ കടുത്ത അപരാധമാണ്…കാഫിറുകളുടെ സത്യനിഷേധം അവരെ വധിക്കുന്നതിനേക്കാള്‍ വലിയ കുറ്റമാണ്…’
പരിശുദ്ധഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചപ്പോള്‍ നബി(സ്വ)ക്ക് സന്തോഷമായി….അവിടുന്ന് യുദ്ധമുതല്‍ സ്വീകരിച്ചു. ബന്ധികളെ മോചനദ്രവ്യം വാങ്ങി വിട്ടയച്ചു. അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വിന്റെയും കൂട്ടുകാരുടെയും പ്രവര്‍ത്തനം അവിടുന്ന് തൃപ്തിപ്പെട്ടു….
ഈ സംഭവം മുസ്ലിംകളുടെ മുന്നേറ്റത്തിലെ നാഴികക്കല്ലായിരുന്നു… കാരണം, ഇതിലെ ഗനീമത്ത് ഇസ്ലാമില്‍ പിടിച്ച ആദ്യ ഗനീമത്തായിരുന്നു. കൊല്ലപ്പെട്ടവന് മുസ്ലിംകളുടെ വാളിന് ഇരയായ പ്രഥമ കാഫിര്‍…! അവര്‍ പിടിച്ച രണ്ട് ബന്ധികള്‍ മുസ്ലിംകളുടെ കയ്യിലകപ്പെട്ട ആദ്യത്തെ ബന്ധികളും, അതില്‍ വഹിച്ച പതാക തിരുനബി(സ്വ)യുടെ പുണ്യകരങ്ങളാല്‍ കെട്ടിക്കൊടുത്ത പ്രഥമ പതാകയായിരുന്നു. സൈനികനേതാവായ അബ്ദുല്ലാഹിബ്നുജഹ്ശ്(റ) അമീറുല്‍ മുഅ്മിനീന്‍ എന്ന സ്ഥാ നപ്പേര് ലഭിച്ച ആദ്യത്തെ മഹാന്….!
അടുത്തതായി ബദ്ര് യുദ്ധം സമാഗതമായി…. അതില്‍ അബ്ദുല്ലാഹിബ്നുജഹ്ശ്(റ) അവരുടെ ഈ മാനിനോട് യോജിച്ച ധീര മുന്നേറ്റങ്ങള്‍ നടത്തി.
ഉഹ്ദ് യുദ്ധം… അതില്‍ കഥാപുരുഷന് അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വും സുഹൃത്ത് സഅ്ദുബ്നുഅബീവഖാസ്വ്(റ)വും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും തീരുമാനങ്ങളും അവിസ്മരണീയമാണ്. സഅ് ദുബ്നുഅബീവഖാസ്വ്(റ) തന്നെ സംഭവം വിശദീകരിക്കുന്നു.
‘ഉഹ്ദ് ദിനം വന്നു…. ആ സമയം അബ്ദുല്ലാഹിബ്നുജഹ്ശ്(റ) എന്നെ കണ്ടുമുട്ടി. അദ്ദേഹം എ ന്നോട് ചോദിച്ചു.
‘സഅ്ദ് നിങ്ങള്‍ അല്ലാഹുവിനോട ദുആ ചെയ്യുന്നില്ലേ…?!’
ഞാന്‍ പറഞ്ഞു: ‘അതെ, തീര്‍ച്ചയായും ചെയ്യണം’. ഞങ്ങള്‍ രണ്ട് പേരും ഒരു ഒഴിഞ്ഞ കോണില്‍ ചെന്നു… ഞാന്‍ ആദ്യമായി പ്രാര്‍ഥിച്ചു.
‘അല്ലാഹുവെ…ഞാന്‍ യുദ്ധക്കളത്തിലെത്തിയാല്‍ മുന്‍കോപിയും വീരപരാക്രമിയുമായ ഒരുത്തനെ എന്റെ പ്രതിയോഗിയാക്കിത്തരണം…. അവസാനം അയാളെ വധിച്ച് അയാളുടെ കൈവശമുള്ളതെല്ലാം എടുക്കുവാനുള്ള കഴിവും നീ എനിക്ക് നല്കേണമേ….!’
എന്റെ പ്രാര്‍ഥനക്ക് അബ്ദുല്ലാഹ്(റ) ആമീന്‍ പറഞ്ഞു. അടുത്ത ഊഴം അദ്ദേഹത്തിന്റേതാണ്… അവര്‍ പ്രാര്‍ഥിച്ചു.
‘അല്ലാഹുവെ…ഏറ്റവും ശക്തനായ ഒരു പ്രതിയോഗിയെ എനിക്കും നല്കേണമേ…നിന്റെ ദീനിനുവേണ്ടി ഞാനയാളോട് പൊരുതും…അവസാനം അവന് എന്നെ വധിച്ച് എന്റെ ചെവിയും നാസികയും മുറിച്ച് മാറ്റും…..! അങ്ങനെ ഞാന്‍ പരലോകത്ത് നിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമ്പോള്‍ നീ എന്നോട് ചോദിക്കും.
‘എന്തിനാണ് നിന്റെ മൂക്കും ചെവിയും ഛേദിക്കപ്പെട്ടത്…?’.
അപ്പോള്‍ ഞാന്‍ പറയും ‘അല്ലാഹുവെ നിനക്കും നിന്റെ റസൂലിനും വേണ്ടിയാണ്’
ആ സമയം നീ പറയും. ‘സത്യമാണ് നീ പറഞ്ഞത്’.
സഅ്ദ് പറയുന്നു.
‘എന്റെ പ്രാര്‍ഥനയേക്കാള്‍ വളരെ ഉത്തമമായിരുന്നു അബ്ദുല്ലഃയുടെ പ്രാര്‍ഥന. ആ പകല്‍ അവസാനിച്ചപ്പോള്‍ അബ്ദുല്ലാഹിബ്നുജഹ്ശ്(റ) ശഹീദായിക്കഴിഞ്ഞിരുന്നു. അവരുടെ ചെവിയും മൂക്കും ഒരു മരത്തില്‍ തൂക്കിയിട്ടതായി ഞാന്‍ കണ്ടു’.
അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വിന്റെ ദുആ അല്ലാഹു സ്വീകരിച്ചു. ശഹീദ് എന്ന സ്ഥാനം നല്കി അല്ലാഹു അവരെ ആദരിച്ചു… ആ യുദ്ധത്തില്‍ തന്നെയാണ് അവരുടെ അമ്മാവന് കൂടിയായ രക്തസാക്ഷികളുടെ നേതാവ് ഹംസ(റ)വും ശഹീദായത്.
അവരെ രണ്ട് പേരെയും ഒരേ ഖബ്റില്‍ നബി(സ്വ) മറവ് ചെയ്തു… അവിടുത്തെ നയനങ്ങളില്‍ നിന്നടര്‍ന്ന കണ്ണുനീര് ആ മണ്ണ് കുതിര്‍ത്തു കളഞ്ഞു. അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ, ആമീന്‍.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
💐💐💐💐💐💐💐💐💐💐💐
“ഖുര്‍ആന്‍ തനിമയോടെ പാരായണം ചെയ്യണമെന്നുണ്ടോ? ഇബ്നുഉമ്മിഅബ്ദി(ഇബ് നുമസ്ഊദ്)ന്റെ പാരായണമനുകരിച്ചു കൊള്ളുക”. മുത്തുനബി(സ്വ).
ബാല്യം വിട്ടുമാറാത്ത ഓമന വിജനമായ മേച്ചില്‍ പുറങ്ങളില്‍ ആട്ടിന്‍പറ്റത്തെയും തെ ളിച്ചു നടക്കുന്നു. ഖുറൈശി പ്രമുഖനായ ഉഖ്ബത്തുബ്നു മുഐത്വിന്റേതാണ് ആടുകള്‍. കൊച്ചിടയന്റെ പേര് അബ്ദുല്ലാഹ്. പിതാവ് മസ്ഊദ്. പക്ഷേ, ഉമ്മുഅബ്ദിന്റെ മകന് എന്ന് മാതാവിലേക്ക് ചേര്‍ത്താണ് നാട്ടുകാര്‍ വിളിക്കുന്നത്.
സ്വന്തം ജനതയില്‍ ഒരാള്‍ പ്രവാചകനാണെന്ന് വാദിക്കുന്നുവെന്ന ശ്രുതി ആ ബാലന്റെ ചെവിയിലും എത്തിയിട്ടുണ്ട്. പക്ഷേ, അതൊന്നും പ്രാധാന്യമുള്ളതായി ഉള്‍ക്കൊള്ളാന്‍ മാത്രം ആ ഇളം മനസ് പരുവപ്പെട്ടിട്ടില്ലല്ലോ. മാത്രമല്ല പ്രഭാതം വിടരുമ്പോഴേക്ക് ആട്ടിന്‍ പറ്റവുമായി സ്വന്തം ലോകത്തേക്ക് യാത്രയായാല്‍ ഇരുട്ടിയിട്ടേ പതിവായി തിരിച്ചെത്തുമായിരുന്നുള്ളൂ. അതിനാല്‍ നാട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ സജീവസാന്നിദ്ധ്യമാവാന്‍ സാധിച്ചതുമില്ല.
അങ്ങനെയിരിക്കെ ഒരുദിവസം പ്രഥമദൃഷ്ട്യാ തന്നെ മാന്യന്മാരെന്ന് തോന്നിക്കുന്ന രണ്ട് പേര് അതുവഴി വന്നു. ദൂരെ നിന്നാണ് വരവ്. ഇരുവരും ക്ഷീണിതരാണെന്ന് കണ്ടാലറിയാം. ചുണ്ടും തൊണ്ടയും വരണ്ട് ദാഹിച്ച് പരവശരായിരിക്കുന്നു…വന്ന പാടെ ബാലനെ അഭിവാദ്യം ചെയ്തുകൊണ്ടവര്‍ ചോദിച്ചു: ‘മോനേ വല്ലാത്ത ദാഹം, അല്പം ആട്ടിന്‍ പാല് കറന്നു തരാമോ?’
ഇടയന് പറഞ്ഞു: ‘സാധ്യമല്ല, കാരണം ആടുകള്‍ എന്റേതല്ല, എന്നെ യജമാനന് വിശ്വസിച്ചേല്പിച്ചതാണ്’.
മറുപടിയിലെ നിഷ്കളങ്കതയും സത്യസന്ധതയും ഗ്രഹിച്ച ആഗതരുടെ മുഖം പ്രസന്നമായി. അവരിലൊരാള്‍ പറഞ്ഞു:
‘ശരി, എന്നാല്‍ പ്രസവിച്ചിട്ടില്ലാത്ത ഒരാടിനെ കാണിച്ച് തരൂ’
അടുത്തു തന്നെയുണ്ടായിരുന്ന ഒരാട്ടിന്‍ കുട്ടിയെ അവന് ചൂണ്ടിക്കാണിച്ചു. ആഗതന് ആട്ടിന്‍കുട്ടിയെ പിടിച്ച് ഒരിടത്ത് കെട്ടിയ ശേഷം ബിസ്മി ചൊല്ലി അതിന്റെ അകിട് തടവിക്കൊണ്ടിരുന്നു. വിചിത്രമായ ആ പ്രവൃത്തി കണ്ട് കൌതുകം ഹൃദയത്തില്‍ കിനിഞ്ഞു വന്നു.
എന്നാല്‍ സംഭവിച്ചതെന്താണ്. ആട്ടിന്‍കുട്ടിയുടെ അകിടതാ വീര്‍ത്തുവരുന്നു. ഉടനെ അപരന് കുഴിഞ്ഞ ഒരു കല്പാളി എടുത്തു കൊടുത്തു. അതിലേക്ക് പാല് കറന്നെടുത്തു. സമൃദ്ധമായ ക്ഷീരപ്രവാഹം!! അവരിരുവരും കുടിച്ചുദാഹം തീര്‍ത്ത ശേഷം ഇടയബാലനും നല്കി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ അന്ധാളിച്ചു നില്ക്കുകയാണവന്.
എല്ലാവരും ആവോളം മൊത്തിക്കുടിച്ചു. ക്ഷീണവും ദാഹവും അപ്രത്യക്ഷമായി. ശേഷം ആ ദിവ്യതേജസ്വിയായ മനുഷ്യന് അകിടിനോട് പൂര്‍വ്വാവസ്ഥയിലാവാന്‍ ആജ്ഞാപിച്ചു. ഉടനെ അത് സങ്കോചിക്കാന്‍ തുടങ്ങി. അല്പസമയം കൊണ്ട് പഴയ പടിയായി. അതില്‍ നിന്നാണ് പാല് കറന്നതെന്ന് പറഞ്ഞാല്‍ മറ്റാരും വിശ്വസിക്കില്ല. അന്നേരം ആ മഹദ്പുരുഷനോട് ആട്ടിടയന് ചോദിച്ചു: ‘നിങ്ങള്‍ നേരത്തെ ചൊല്ലിയ വചനങ്ങള്‍ എന്നെയൊന്ന് പഠിപ്പിക്കുമോ?’
മഹാപുരുഷന് അരുളി: ‘നീ ജ്ഞാനിയാകും മോനേ!’
ഇതായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)എന്ന ഇടയബാലന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. ആ മഹാന്മാര് ഒന്ന് മുത്തുനബി(സ്വ)യും മറ്റേത് അബൂബക്ര് സിദ്ധീഖ്(റ)വുമായിരുന്നു. ഖുറൈശികളുടെ ശല്യം സഹിക്കാതായപ്പോള്‍ മക്കയുടെ മലയോരങ്ങളിലേക്ക് പുറപ്പെട്ടതായിരുന്നു അവര്‍.
ചെറുപ്പക്കാരന് ഇവരില്‍ വല്ലാതെ ആകൃഷ്ടനായത് പോലെ തന്നെ അവര്‍ക്ക് ബാലന്റെ സത്യസന്ധതയിലും മനക്കരുത്തിലും നല്ല മതിപ്പുണ്ടായി. ശോഭനമായ ഭാവിക്കുടമായണവന്‍ എന്നര്‍ക്ക് മനസ്സിലായി.
അധികം വൈകാതെ തന്നെ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)മുസ്ലിമായിത്തീരുകയും തന്നെ സേവകനായി സ്വീകരിക്കണമെന്ന് നബി(സ്വ)യോടപേക്ഷിക്കുകയും ചെയ്തു. അവിടുന്ന് ആ അപേക്ഷ സ്വീകരിച്ചു. അന്നുമുതല്‍ മിണ്ടാപ്രാണികളുടെ മേയ്ക്കല്‍ മാറ്റി അശ്റഫുല് ഖല്‍ഖ്(സ്വ)യുടെ പരിചാരകനായി ചരിത്രം അദ്ദേഹത്തെ വാഴ്ത്തി.
ഇബ്നുമസ്ഊദ്(റ)മുത്തുനബി(സ്വ)യെ നിഴല്‍ പോലെ പിന്തുടര്ന്നു. നാട്ടിലും വീട്ടിലും പുറത്തും അദ്ദേഹം ഒപ്പമുണ്ടാകും. തിരുനബി(സ്വ)കുളിക്കുമ്പോള്‍ മറപിടിച്ചു നില്ക്കുക, പുറത്തേക്കിറങ്ങുമ്പോള്‍ ചെരിപ്പ് ധരിപ്പിച്ച് കൊടുക്കുക, അകത്തേക്ക് വരുമ്പോള്‍ അത് അഴിച്ച് പിടിക്കുക, ബ്രഷും വാക്കിംഗ് സ്റ്റിക്കും കൈവശം വെക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് സ്വന്തം. അവിടുന്ന് റൂമിലേക്ക് പ്രവേശിക്കുമ്പോള്‍ കൂടെ ഇബ്നുമസ്ഊദു ണ്ടാകും. മാത്രമല്ല എപ്പോള്‍ വേണമെങ്കിലും നിസ്സങ്കോചം അകത്തേക്ക് കടന്നുവരാന്‍ നബി(സ്വ)അദ്ദേഹത്തിന് പ്രത്യേകം അനുമതി നല്‍കിയിരുന്നു. അങ്ങനെ മുത്ത്നബി(സ്വ)യുടെ രഹസ്യസൂക്ഷിപ്പുകാരന്‍ എന്നദ്ദേഹം അറിയപ്പെട്ടു.
തിരുനബിയുടെ വീട്ടില്‍ അബ്ദുല്ലാഹ്(റ)വളര്‍ന്നു വന്നു. അവിടുത്തെ സ്വഭാവങ്ങളെല്ലാം തന്റെയും ജീവിതത്തിലേക്കദ്ദേഹം പകര്‍ത്തി. രൂപഭാവത്തിലും സ്വഭാവവൈശിഷ്ട്യത്തിലുമെല്ലാം മുത്തുനബിയുടെ പകര്‍പ്പായിരുന്നു ഇബ്നുമസ്ഊദ് എന്നാണ് ദൃക്സാക്ഷികളുടെ വിവരണം.
നബി(സ്വ)യുടെ പാഠശാലയില്‍ നിന്നാണദ്ദേഹം വിദ്യ നുകര്‍ന്നത്. അതിനാല്‍ ഖുര്‍ആന്‍ പാരായണത്തിലും വ്യാഖ്യാനത്തിലുമെല്ലാം സ്വഹാബത്തില്‍ വെച്ച് ഏറ്റവും അഗ്രഗണ്യനായിത്തീര്‍ന്നു. ഒരു സംഭവം കാണുക:
അറഫഃയാണ് രംഗം…. ഉമറുല്‍ഫാറൂഖ്(റ)അറഫഃയില്‍ നില്ക്കുമ്പോള് ഒരു വ്യക്തി അദ്ദേഹത്തെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു:
‘അമീറുല്‍ മുഅ്മിനീന്‍! ഞാന്‍ കൂഫയില്‍ നിന്നാണ് വരുന്നത്. അവിടെ ഒരു വ്യക്തിയുണ്ട്. ഖുര്‍ആനും വ്യാഖ്യാനങ്ങളും ജനങ്ങള്‍ക്ക് മനപാഃഠം പറഞ്ഞുകൊടുക്കുന്നയാളാണദ്ദേഹം.’
ഇത് കേട്ട ഉമര്‍(റ)വിന്റെ കോപം കത്തിജ്വലിച്ചു. മുഖത്തേക്ക് രക്തം ഇരച്ചുകയറി.
അദ്ദേഹം ആക്രോശിച്ചു: ‘ആരെടാ അവന്’
ആഗതന് പറഞ്ഞു: ‘അബ്ദുല്ലാഹിബ്നു മസ്ഊദ്’
ഈ മറുപടി മരുഭൂമിയിലെ കുളിര്‍മഴയായി. ഉമര്‍(റ) നിമിഷനേരം കൊണ്ട് ശാന്തനായിക്കഴിഞ്ഞു. അനന്തരം അവര്‍ പറഞ്ഞു:
‘നീ എന്ത് വിചാരിച്ചു…? അക്കാര്യം ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഒരേയൊരാളെ ഇപ്പോള്‍ എന്റെ അറിവിലുള്ളൂ. അത് ഇബ്നുമസ്ഊദ്(റ) ആണ്. കാരണം ഞാന്‍ വിവരിച്ചുതരാം.’
ഒരു രാത്രി തിരുനബി(സ്വ) സിദ്ദീഖ്(റ) വിന്റെ വീട്ടില്‍ ചെന്നു. മുസ്ലിംകളുടെ ക്ഷേമ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണുദ്ദേശം. ഞാനും കൂടെയുണ്ട്. അല്പം കഴിഞ്ഞ് തിരുനബി(സ്വ)യോടൊപ്പം ഞങ്ങള്‍ പുറത്തുപോയി. പള്ളിക്കടുത്തെത്തിയപ്പോള്‍ ഒരാള്‍ അകത്ത് നിസ്കരിക്കുന്നത് കണ്ടു. ഇരുട്ടില്‍ ആളെ വ്യക്തമല്ല. സുന്ദരമായി ഖുര്‍ആന്‍ ഓതുകയാണയാള്‍. അന്നേരം നബി(സ്വ) ഞങ്ങളോട് പറഞ്ഞു:
‘ഖുര്‍ആന്‍ തനിമയോടെ പാരായണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്നുഅബ്ദിഉമ്മിനെ അനുകരിച്ചു കൊള്ളട്ടെ…!’
ശേഷം ഇബ്നുമസ്ഊദ് ഇരുന്ന് ദുആ ചെയ്യാനാരംഭിച്ചു. അപ്പോള്‍ മുത്തുറസൂല്‍ പറഞ്ഞുകൊണ്ടിരുന്നു:
‘ചോദിക്കുക, നല്കപ്പെടും, ചോദിക്കുക, നല്കപ്പെടും.’
ഉമര്‍(റ) തുടരുന്നു: നാളെ അതിരാവിലെ ഈ സന്തോഷവാര്‍ത്തയും നബി(സ്വ) ആമീന്‍പറഞ്ഞതുമെല്ലാം ഇബ്നുമസ്ഊദിനെ കണ്ട് അറിയിക്കണമെന്ന് ഞാനുറച്ചു. അങ്ങനെ രാവിലെ നേരത്തെത്തന്നെ സന്തോഷവൃത്താന്തവുമായി ഞാനവിടെയെത്തി. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴാണറിഞ്ഞത് ഇക്കാര്യമെല്ലാം അബൂബക്ര് എന്റെ മുമ്പേ വന്ന് പറഞ്ഞിരിക്കുന്നു എന്ന്…. അല്ലാഹു സത്യം. ഏതെങ്കിലും നല്ല കാര്യത്തിനു വേണ്ടി ഞാനും അബൂബക്റും മല്‍സരിക്കാനിടവന്നാല്‍ അതില്‍ ജേതാവ് അബൂബക്ര് തന്നെയായിരിക്കുമെന്നാണനുഭവം.
ഇബ്നുമസ്ഊദിന്റെ ഒരു വാക്കില്‍ നിന്നു തന്നെ ഖുര്‍ആനിനെ കുറിച്ചുള്ള തന്റെ പാണ്ഢിത്യത്തിന്റെ ആഴം അളക്കാവുന്നതാണ്. അദ്ദേഹം പറയുന്നു:
‘ഏകഇലാഹ് തന്നെയാണ് സത്യം, ഖുര്‍ആനിലെ ഏതൊരു സൂക്തവും എവിടെ അവതരിച്ചു…? ഇറങ്ങിയ പശ്ചാത്തലമെന്ത്…? എന്നെല്ലാം എനിക്ക് നല്ല ബോധ്യമുണ്ട്. ഖുര്‍ആനില്‍ എന്നെക്കാള്‍ പാണ്ഢിത്യമുള്ള ഒരാള്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ ഞാനങ്ങോട്ട് പോകുമായിരുന്നു.’
ഈ ആത്മകഥാംശം അതിശയോക്തിപരമായിരുന്നില്ല. തെളിവുകളുണ്ട്. വന്ദ്യരായ ഉമര്‍ (റ) ഒരു യാത്രയിലാണ്. സന്ധ്യയായി. അപ്പോള്‍ ഒരു യാത്രാസംഘം അതുവഴി വന്നു. ഉമര്‍(റ) ചോദിച്ചു: ‘നിങ്ങള്‍ എവിടെ നിന്നുവരുന്നു’.
സംഘത്തില്‍ നിന്നൊരാള്‍ പറഞ്ഞു: ‘ഫജ്ജുല്‍അമീഖി(വിദൂരദിക്ക്)ല്‍ നിന്ന്.’
ഉമര്‍(റ) വീണ്ടും ചോദിച്ചു: ‘എവിടെക്കാണ്.’
മറുപടി: ‘ബൈതുല്‍അതീഖി(കഅ്ബ)ലേക്ക്.’
ഉമര്‍(റ) പറഞ്ഞു: ‘അവരില്‍ ഒരു പണ്ഢിതനുണ്ട്’ (കാരണം നേരത്തെ പറഞ്ഞ മറുപടികളെല്ലാം ഹജ്ജുസംബന്ധമായ ഖുര്‍ആന്‍ വാക്യം കടമെടുത്തുകൊണ്ടായിരുന്നു).
ശേഷം സ്വന്തം അണികളില്‍ ഒരാളെ വിളിച്ച് പ്രസ്തുത സംഘത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉമര്‍(റ) പറഞ്ഞു. ഖലീഫഃയുടെ ചോദ്യങ്ങള്‍ ഇപ്രകാരമായിരുന്നു:
‘ഖുര്‍ആനിലെ ഏറ്റവും മഹത്തായ സൂക്തമേത്?
മറുപടി: ‘അല്ലാഹു ലാഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം. ലാതഅ്ഖുദുഹൂ സിനതുന്‍ വലാ നൌം (സര്‍വ്വസംരക്ഷകനായ അല്ലാഹു മാത്രമാണാരാധ്യന്‍. അവനെ നിദ്ര പിടികൂടുകയില്ല).’
ചോദ്യം: ‘ഖുര്‍ആനിലെ ഏറ്റവും വലിയ ത്വാത്വികവചനമേത്?’
മറുപടി: ‘ഇന്നല്ലാഹ യഅ്മുറു ബില്‍അദ്ലി…..(അല്ലാഹു നീതിയും കാരുണ്യവും ചെയ്യാനും കുടുംബബന്ധുക്കളെ സഹായിക്കാനും കല്പിക്കുന്നു.)’
ചോദ്യം: ‘ശരി, ഖുര്‍ആനിലെ ഏറ്റവും സമ്പൂര്‍ണ്ണമായ വാക്യമേത്?’
മറുപടി: ‘ഫമന്‍ യഅ്മല്‍ മിസ്ഖാല….. (നന്മയും തിന്മയും അതിസൂക്ഷമമാണെങ്കില്‍ പോലും അതിന്റെ ഫലം അനുഭവിക്കുന്നതാണ്.)’
ചോദ്യം: ‘എങ്കില്‍ ഏറ്റവും കൂടുതല്‍ ഭയാശങ്കകള്‍ ഉളവാക്കുന്ന ആയത്ത് ഏതാണ് ഖുര്‍ആനില്‍?’
മറുപടി: ‘ലൈസ ബിഅമാനിയ്യികും…. (‘നിങ്ങളും വേദക്കാരുമൊന്നും കരുതും പോലെയല്ല. തിന്മ ചെയ്തവര്‍ തിക്തഫലം അനുഭവിക്കുക തന്നെ ചെയ്യും.)’
ചോദ്യം: ‘ഏറ്റവും പ്രതീക്ഷക്ക് വക നല്കുന്ന സൂക്തമോ?’
മറുപടി: ‘ഖുല്‍യാഇബാദിയല്ലദീന…..(ആത്മദ്രോഹം ചെയ്തവരേ, അല്ലാഹുവിന്റെ കാരുണ്യത്തെതൊട്ട് നിരാശരാകരുത്. പശ്ചാത്തപിച്ചവര്‍ക്ക് സര്‍വ്വദോഷങ്ങളും അവന് പൊറുക്കുന്നതാണ്)
അവസാനം ഉമര്‍(റ) ചോദിച്ചു: ‘നിങ്ങളുടെ കൂട്ടത്തില്‍ ഇബ്നുമസ്ഊദ് ഉണ്ടോ?’
സംഘം മറുപടി പറഞ്ഞു:’ഉണ്ട്’.
പണ്ഢിതന്, പ്രപഞ്ചപരിത്യാഗി, ആബിദ്, ഖാരിഅ് എന്നിത്യാദി വിശേഷണങ്ങളില്‍ ഒതുങ്ങിയിരുന്നില്ല ആ വ്യക്തിത്വം. ഏതുപ്രതിസന്ധിയും ചങ്കൂറ്റത്തോടെ നേരിടാനുള്ള കരുത്തും മഹാധൈര്യവും ഒത്തിണങ്ങിയ യോദ്ധാവും കൂടിയായിരുന്നു ഇബ്നുമസ്ഊദ്(റ).
തിരുനബി(സ്വ) കഴിഞ്ഞാല്‍ സത്യനിഷേധികളുടെ മുമ്പില്‍ ഖുര്‍ആന്‍ പാരായാണം ചെയ്യാന്‍ ധൈര്യം കാണിച്ച പ്രഥമ മുസ്ലിമായിരുന്നു അദ്ദേഹം. സംഭവമിങ്ങനെയാണ്.
ഒരു ദിവസം സ്വഹാബത്ത് മക്കയില്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഒരു വിഷയം ചര്‍ച്ചക്ക് വന്നു. ഖുര്‍ആന്‍ ഖുറൈശികളുടെ മുമ്പില്‍ വെച്ച് പരസ്യമായി പാരായണം ചെയ്ത് അവരെ കേള്‍പ്പിക്കാന്‍ ആര് സന്നദ്ധമാവും…? ഉടനെ ഇബ്നുമസ്ഊദ്(റ) പറഞ്ഞു:
‘ഞാന്‍ തയ്യാര്‍’
അപ്പോള്‍ മറ്റുള്ളവര്‍ പ്രതികരിച്ചു. ‘നിങ്ങളെ അവര്‍ വല്ലതും ചെയ്തേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവരുടെ അക്രമം തടയാന്‍ പ്രാപ്തിയുള്ള കുടുംബ ബലമുള്ള ഒരാളെയാണ് അതിനാവശ്യം.’
ഇബ്നുമസ്ഊദ്(റ)വീണ്ടും പറഞ്ഞു: ‘ഞാന്‍ തന്നെ പോയേക്കാം. അല്ലാഹു കാത്തുകൊള്ളും.’
പകലിന്റെ ആദ്യപാദം പിന്നിട്ടു…. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) കഅ്ബയിലേക്ക് പുറപ്പെട്ടു. അദ്ദേഹം ഇബ്രാഹീം മഖാമിനടുത്തെത്തി. ഖുറൈശീ പ്രമുഖരെല്ലാം അവിടെ ഇരിപ്പുണ്ട്. നിവര്‍ന്നു നിന്ന് അത്യുച്ചത്തില്‍ അദ്ദേഹം ഓതാന്‍ തുടങ്ങി.
‘അര്റഹ്മാന്, അല്ലമല്‍ ഖുര്‍ആന്‍….’
സൂറത്തുര്‍റഹ്മാന്റെ തുടക്കം മുതല്‍ ഇമ്പമാര്‍ന്ന സ്വരത്തിലും ഈണത്തിലും അദ്ദേഹം ഓത്ത് തുടങ്ങി. ഖുറൈശികള്‍ അത് ശ്രദ്ധിച്ചു. ചിലര്‍ ചോദിച്ചു:’എന്താണവന് പറയുന്നത്.’
മറ്റുള്ളവര്‍ പറഞ്ഞു:
‘മുഹമ്മദ് കൊണ്ടുവന്ന വചനങ്ങളാണവ..’
നിഷേധികള്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിന്റെ മേല്‍ ചാടിവീണ് അദ്ദേഹത്തെ തുരുതുരെ പ്രഹരിച്ചു. അന്നേരമൊന്നും അവര്‍ ഖുര്‍ആന്‍ പാരായണം നിര്‍ത്തിയില്ല. അവസാനം ക്ഷീണിച്ചവശനായി അദ്ദേഹം സഹപ്രവര്‍ത്തകരുടെ അടുത്തെത്തി. പലയിടത്തും മുറിഞ്ഞ് രക്തം ഒഴുകുന്നുണ്ടായിരുന്നു. ആ ദയനീയാവസ്ഥ കണ്ട സുഹൃത്തുക്കള്‍ പറഞ്ഞു:
‘ഇങ്ങനെ വല്ലതും സംഭവിച്ചേക്കുമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നില്ലേ ഇബ്നുമസ്ഊദ്?’
അദ്ദേഹം മറുപടി പറഞ്ഞു:
‘അല്ലാഹുവാണ് സത്യം, അല്ലാഹുവിന്റെ ശത്രുക്കളെ തരിമ്പും കൂസാത്ത മനക്കരുത്ത് ഇപ്പോഴുള്ളത്ര എനിക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. നാളെയും അവരുടെ മുമ്പിലെത്തി ഇതാവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്.’
സുഹൃത്തുക്കള്‍ പറഞ്ഞു:
‘വേണ്ട ഇബ്നുമസ്ഊദ്, അവരുടെ അസഹിഷ്ണുതക്ക് നല്ല മറുപടി നിങ്ങള്‍ നല്കിക്കഴിഞ്ഞിരിക്കുന്നു.’
മൂന്നാം ഖലീഫ ഉസ്മാനുബ്നുഅഫ്ഫാന്‍(റ)വിന്റെ ഭരണകാലം വരെ ഇബ്നുമസ്ഊദ് ജീവിച്ചു. അവര്‍ മരണാസന്നനായപ്പോള്‍ ഖലീഫഃ സന്ദര്‍ശിക്കാന്‍ വന്നു. അദ്ദേഹം ചോദിച്ചു:
‘ഇബ്നുമസ്ഊദ്, എന്നോട് നിങ്ങള്‍ക്കെന്താണു ബോധിപ്പിക്കാനുള്ളത്?’
ഇബ്നുമസ്ഊദ്(റ) പറഞ്ഞു:
‘എന്റെ പാപങ്ങളെ കുറിച്ചാണ്.’
ഖലീഫ ചോദിച്ചു:
‘നിങ്ങള്‍ക്ക് വല്ല ആഗ്രഹങ്ങളുമുണ്ടോ?’
ഇബ്നുമസ്ഊദ്(റ)വിന്റെ മറുപടി:
‘എന്റെ റബ്ബിന്റെ കാരുണ്യം’
ഖലീഫ വീണ്ടും ചോദിച്ചു:
‘വര്‍ഷങ്ങളായി നിങ്ങള്‍ വാങ്ങാന്‍ വിസമ്മതിച്ചിരുന്ന പൊതുഖജനാവില്‍ നിന്നുള്ള വിഹിതം എത്തിച്ചുതരാന്‍ ഞാന്‍ ഏര്‍പ്പാടു ചെയ്യട്ടെയോ?’
ഇബ്നുമസ്ഊദ്(റ) പറഞ്ഞു:
‘എനിക്കതിന്റെ ആവശ്യമില്ല…’
ഖലീഫ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
‘നിങ്ങളുടെ കാലശേഷം പുത്രിമാര്‍ക്ക് അതൊരു ആശ്വാസമായേക്കുമല്ലോ!’
ഇബ്നുമസ്ഊദ്(റ)വിന്റെ മറുപടി:
‘എന്റെ മക്കള്‍ക്ക് ദാരിദ്യ്രം ഭയപ്പെടുന്നുവോ നിങ്ങള്‍? എന്നാല്‍ എല്ലാ രാത്രികളിലും വാഖിഅഃ സൂറത്ത് പതിവായി ഓതാന്‍ ഞാന്‍ അവരോട് കല്പിച്ചിരിക്കുന്നു. സൂറത്തുല്‍ വാഖിഅഃ പതിവായി എല്ലാ രാത്രിയിലും ഓതുന്നവര്‍ക്ക് ഒരിക്കലും ദാരിദ്യ്രം പിടിപെടുകയില്ലെന്ന് മുത്തുറസൂല്‍(സ്വ) പറഞ്ഞത് ഞാന്‍ നേരട്ടു കേട്ടിട്ടുണ്ട്.’
ആ പകല്‍ അസ്തമിച്ചപ്പോഴേക്ക് ഖുര്‍ആന്‍ പാരായണത്തിലും ദിക്റിലും വ്യാപൃതമായിരുന്ന ആ ചുണ്ടുകള്‍ നിശ്ചലമായി. നാഥന് അവരെ അനുഗ്രഹിക്കട്ടെ. ആമീന്‍
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബ്ദുല്ലാഹിബ്നു ഹുദാഫ (റ)
💐💐💐💐💐💐💐💐💐💐💐
“അബ്ദുല്ലാഹിബ്നു ഹുദാഫ യുടെ തലചുംബിക്കല്‍ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. ഞാനിതാ ഉത്ഘാടനം ചെയ്യുന്നു” (ഉമറുബ്നുല്‍ ഖത്ത്വാബ് (റ)). മറ്റു ലക്ഷക്കണക്കിന് അറബിക ളെയെന്നപോലെ അബ്ദുല്ലാഹിബ്നു ഹുദാഫഃയെയും ചരിത്രത്താളുകള്‍ക്ക് അവഗണിക്കാമായി രുന്നു. പക്ഷേ, അക്കാലത്തു ലോകത്തെ ഏറ്റവും വലിയ രണ്ടു രാജാക്കന്മാരായ കിസ്റായെയും ഖൈസറിനെയും അഭിമുഖീകരിക്കാനുള്ള അവസരം മഹത്തായ ഇസ്ലാം അദ്ദേഹത്തിന് ഒരുക്കി ക്കൊടുത്തു.
ആ കൂടിക്കാഴ്ച കാലം തങ്കലിപികളില്‍ ഉല്ലേഖനം ചെയ്തിരിക്കുന്നു. ചരിത്രം അതെന്നും പാടിപ്പു കഴ്ത്തിക്കൊണ്ടിരിക്കും.
കിസ്റയുമായി ബന്ധപ്പെട്ട സംഭവം ഇപ്രകാരമാണ്. ഘിജ്റഃയുടെ ആറാം വര്‍ഷം. റസൂലല്ലാഹി (സ്വ) അറബികളല്ലാത്ത രാജാക്കന്മാര്ക്കെല്ലാം ഇസ്ലാമിലേക്കു ക്ഷണിച്ചു കൊണ്ടു കത്തയക്കാന്‍ തീരുമാനിച്ചു. കാര്യം സങ്കീര്‍ണ്ണമാണ്. കാരണം, ഈ ദൂതുമായയക്കപ്പെടുന്നവര്‍ മുന്‍പരിചയമി ല്ലാത്ത വിദൂര രാജ്യങ്ങളിലേക്കാണ് പോകേണ്ടത്. അവിടുത്തെ ഭാഷ അവര്‍ക്കന്യമാണ്, രാജാക്ക ന്മാരുടെ സ്വഭാവം അനുമാനിക്കാന്‍ വയ്യ. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ അവര്‍ നിര്‍വ്വഹിക്കേണ്ടത് അതിമഹത്തായ ഒരു ദൌത്യമാണ്.
രാജാക്കന്മാരെ സ്വന്തം മതങ്ങള്‍ ത്യജിക്കാന്‍, അഭിമാനവും അധികാരവും വിട്ടൊഴിയാന്‍, ഇന്നലെ വരെ തങ്ങളുടെ അണികളായിരുന്ന ഒരു വിഭാഗത്തിന്റെ മതത്തിലേക്കു കടന്നു വരാന്‍ സന്നദ്ധരാ ക്കണം. സംശയമില്ല, ഇതൊരു അപകടം പിടിച്ച യാത്രയാണ്. ജീവനോടെ തിരിച്ചു വന്നവന് വന്നു എന്നുമാത്രം. അതുകൊണ്ടു തന്നെ നേതൃഗുണങ്ങളെല്ലാം ഒത്തുചേര്‍ന്ന നബി(സ്വ) സ്വഹാബ ത്തിനെ മുഴുവന്‍ വിളിച്ചു ചേര്‍ത്ത് പറഞ്ഞു.
“നിങ്ങളില്‍ നിന്നും ചിലരെ രാജക്കന്മാരുടെ അടുക്കലേക്കയക്കാന്‍ ഉദ്ദേശിക്കുന്നു. ഈസാ നബി (അ) കല്പിച്ചപ്പോള് പുറം തിരിഞ്ഞ ബനൂ ഇസ്രാഈല്യരെപ്പോലെ എന്റെ വാക്കുകള്‍ നിങ്ങള്‍ ധിക്കരിക്കരുത്”. സ്വഹാബത്ത് പ്രതിവചിച്ചു. “റസൂലേ, അവിടുന്നെന്തു കല്പിച്ചാലും അതു നിറ വേറ്റാന്‍ ഞങ്ങള്‍ പരിപൂര്‍ണ്ണ സന്നദ്ധരാണ്. എവിടേക്കു വേണമെങ്കിലും അയച്ചാലും”
റസൂലുല്ലാഹി(സ്വ)ആറു സ്വഹാബികളെ തിരഞ്ഞെടുത്തു. അബ്ദുല്ലാഹിബ്നു ഹുദാഫഃ അസ്സഹ്മീ (റ) ആയിരുന്നു അതിലൊരള്‍. പേര്‍ഷ്യന്‍ രാജാവായ കിസ്റക്കാണു അവര്‍ കത്തു കൈമാറേണ്ടത്.
അബ്ദുല്ലാഹിബ്നു ഹുദാഫഃ (റ) വാഹനം തയ്യാറാക്കി. ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞു. ലക്ഷ്യം വിദൂരമാണ്. വഴിനീളെ കുന്നുകളും കുണ്ടുകളും. കൂട്ടിനായി അല്ലാഹു മാത്രം…അവ സാനം അദ്ദേഹം പേര്‍ഷ്യാ രാജ്യത്തെത്തിച്ചേര്‍ന്നു. രാജസേവകരെ നേരില്‍ കണ്ട് കയ്യിലുള്ള ക ത്തിന്റെ കാര്യം ധരിപ്പിച്ചു. രാജാവിനെ കാണണമെന്നാണാവശ്യം.
അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) യുടെ ദൂതിനെക്കുറിച്ചു വിവരം ലഭിച്ച ഉടനെ തങ്ങളുടെ ആരാധ നാമൂര്‍ത്തിയായ അഗ്നികുണ്ഡം അലങ്കരിക്കാന്‍ രാജാവ് കല്പിച്ചു. പേര്‍ഷ്യയിലെ മുതിര്‍ന്ന നേ താക്കളെല്ലാം രാജസദസ്സില്‍ നിറഞ്ഞിരിക്കുന്നു. നാട്ടിലെ മുഴുവന്‍ പ്രധാനികളും ഹാജരുണ്ട്. സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത. അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) രാജസദസ്സിലേക്ക് ആന യിക്കപ്പെട്ടു. ജാടകളൊന്നുമില്ലാതെയാണദ്ദേഹം കടന്നുവരുന്നത്. ലളിതമായ വസ്ത്രവും പരുക്കന്‍ മേല്‍മുണ്ടും. മുഖത്ത് അറബികളുടെ നിഷ്കളങ്കത കളിയാടുന്നു. ആജാനുബാഹുവായിരുന്നു അദ്ദേഹം. അരോഗദൃഢഗാത്രന്‍. ഹൃദയത്തിനുള്ളില്‍ ഇസ്ലാമിന്റെ അഭിമാനം നിറഞ്ഞുനില്ക്കു ന്നു. ആര്‍ക്കു മുമ്പിലും തലകുനിക്കാത്ത ഈമാനിക തേജസ്സ് വെട്ടിത്തിളങ്ങുന്ന തിരുനെറ്റി.
അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) രാജാവിനു നേരെ നടന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ കത്തു വാ ങ്ങിക്കൊണ്ടു വരാന്‍ രാജാവ് സേവകനോട് കല്പിച്ചു. അബ്ദുല്ലാഹ് (റ) പറഞ്ഞു:
“പറ്റില്ല! വന്ദ്യരായ റസൂലുല്ലാഹി(സ്വ) കല്പിച്ചത് രാജാവിന് നേരിട്ട് കത്തു നല്‍കാനാണ്. റസൂ ലുല്ലാഹി(സ്വ) യുടെ ഒരു കല്പനയും ധിക്കരിക്കാന്‍ സാധ്യമല്ല”. കിസ്റാ ചക്രവര്‍ത്തി പറഞ്ഞു. “അദ്ദേഹത്തെ വിട്ടേക്കൂ! എന്റയടുത്തേക്ക് വന്നു കൊള്ളട്ടെ!”
ഇബ്നു ഹുദാഫഃ(റ) ചക്രവര്‍ത്തിയുടെ കയ്യില്‍ കത്ത് ഏല്പിച്ചു. രാജാവിന് അറബി ഭാഷ വശ മില്ല. ഇറാഖുകാരനായ ഗുമസ്തനെ വിളിച്ച് തന്റെ മുമ്പില്‍ വെച്ച് തന്നെ കത്ത് വായിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. അയാള്‍ വായിച്ചു.
‘റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതനായ മുഹമ്മദില്‍ നിന്ന് പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്റക്ക്, സന്മാര്ഗ്ഗം സ്വീകരിച്ചവര്‍ക്ക് രക്ഷ….’
ഇത്രയും വായിച്ചതേയുള്ളൂ, കിസ്റാ പൊട്ടിത്തെറിച്ചു. മുഖം ചുവന്നു തുടുത്തു. കണ്ഠ ഞര മ്പുകള്‍ വീര്‍ത്തു. മുഹമ്മദ് സ്വന്തം പേര് കൊണ്ടാണ് കത്ത് തുടങ്ങിയത്…!! ഗുമസ്തന്റെ കയ്യില്‍ നിന്ന് കത്ത് പിടിച്ച് വാങ്ങി തുണ്ടം തുണ്ടമായി കീറിക്കളഞ്ഞു. ഉള്ളടക്കം ഗ്രഹിക്കാന്‍ പോലും അയാള്‍ സാവകാശം കാണിച്ചില്ല. കിസ്റാ ആക്രോശിച്ചു: “എനിക്ക് ഇങ്ങനെ എഴുതുകയോ! അയാള്‍ എന്റെ അടിമയല്ലേ”. കൂടെ അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) അപഹാസ്യനായി സദസ്സില്‍ നിന്ന് പുറത്താക്കപ്പെട്ടു.
അബ്ദുല്ലാഹ്(റ) കൊട്ടാരത്തില്‍ നിന്നു പുറത്തു വന്നു. ഇനി എന്തു സംഭവിക്കും….ഒരു പിടിയു മില്ല. വധിക്കപ്പെടുമോ അതോ സ്വതന്ത്രനായി പോകാന്‍ സാധിക്കുമോ. അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍. പെട്ടന്നദ്ദേഹം തീരുമാനിച്ചു. ഇനി എന്തു സംഭവിച്ചാലും കുഴപ്പമില്ല. റസൂലുല്ലാഹി ഏല്പിച്ച ദൌത്യം വേണ്ട വിധം പൂര്‍ത്തീകരിച്ചുവല്ലോ. അദ്ദേഹം തന്റെ വാഹനപ്പുറത്തു കയറി യാത്രയായി. കിസ്റയുടെ കലി അല്പമൊന്നടങ്ങി. അബ്ദുല്ലാഹ്(റ) വിനെ സദസ്സിലേക്കു കൊ ണ്ടുവരാന്‍ ഉത്തരവുണ്ടായി. ഭടന്മാര് പുറത്തു വന്നന്വേഷിച്ചു. പക്ഷേ, അദ്ദേഹത്തെ കണ്ടില്ല.
അറേബ്യന്‍ ഉപദ്വീപ് വരെ അവര്‍ അദ്ദേഹത്തെ അനേഷിച്ചു. പക്ഷേ, അവര്‍ രക്ഷപ്പെട്ടു കഴിഞ്ഞി രുന്നു. അബ്ദുല്ലാഹ്(റ) മഹാനായ നബി(സ്വ) യെ സമീപിച്ചു. നടന്ന സംഭവങ്ങളെല്ലാം വിശദമായി കേള്‍പ്പിച്ചു. കത്തു പിച്ചിച്ചീന്തിയ സംഭവം കേട്ടു നബി (സ്വ) ഇത്രയും പറഞ്ഞു: “അല്ലാഹു അവന്റെ അധികാരം പിച്ചിച്ചീന്തട്ടെ!”
അതേസമയം, കിസ്റാ ചക്രവര്‍ത്തി, യമനിലെ ഗവര്‍ണ്ണര്‍ ‘ബാദാന്’ എന്നയാള്‍ക്ക് എഴുതി: ‘ഹിജാസില്‍ പ്രത്യക്ഷപ്പെട്ട ആ മനുഷ്യന്റെ അടുത്തേക്കു ശക്തരായ രണ്ടു പേരെ അയക്കുക! അ യാളോട് എന്റെ അടുത്തു ഹാജരാകാന്‍ പറയുക!’ ഉത്തരവനുസരിച്ചു ബാദാന് അനുയായികളില്‍ നിന്നു കാര്യപ്രാപ്തിയുള്ള രണ്ടു പേരെ അയച്ചു. കിസ്റാ ചക്രവര്‍ത്തിയെ മുഖം കാണിക്കാന്‍ എത്രയും പെട്ടെന്ന് ആ രണ്ടു പേരോടൊപ്പം പുറപ്പെടണമെന്നായിരുന്നു റസൂലുല്ലാഹിക്കുളള കല്പന.
രണ്ടു പേരും അതിശീഘ്രം യാത്രയായി. ത്വാഇഫില്‍ ഖുറൈശീ കച്ചവടക്കാരെ അവര്‍ കണ്ടുമുട്ടി. മുഹമ്മദ് നബി(സ്വ) യെ കുറിച്ചു ചോദിച്ചപ്പോള്‍ യസ്രിബിലാണെന്നാണ് അറിഞ്ഞത് .(മദീനയുടെ അന്നത്തെ പേര് യസ്രിബ് എന്നായിരുന്നു.) ദൂതന്മാരുടെ ഉദ്ദേശമറിഞ്ഞ കച്ചവട സംഘം ആനന്ദ നൃത്തം ചവിട്ടി. ഖുറൈശികളോട് സന്തോഷ വാര്‍ത്ത വിളിച്ചു പറഞ്ഞു.
“ഹ, ഖുറൈശികളേ! സന്തോഷിക്കുക, പേര്‍ഷ്യന്‍ ചക്രവര്‍ത്തിയിതാ മുഹമ്മദിനെതിരെ തിരിഞ്ഞി രിക്കുന്നു. അവന്റെ ശല്യം അവസാനിക്കാന്‍ പോകുന്നു”. ദൂതന്മാര് മദീനയിലെത്തി. നബി(സ്വ) യെ ചെന്നുകണ്ട് കത്തു നല്കിയ ശേഷം പറഞ്ഞു:
“രാജാധിരാജന് കിസ്റാ ചക്രവര്‍ത്തി ഞങ്ങളുടെ രാജാവ് ബാദാന് എഴുതിയതു പ്രകാരമാണു ഞങ്ങള്‍ വന്നത്. ഞങ്ങളുടെ കൂടെ വരാന്‍ നിങ്ങള്‍ സന്നദ്ധനാണെങ്കില്‍ കിസ്റാ ചക്രവര്‍ത്തി യോടു ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാം. അദ്ദേഹം ഒന്നും ചെയ്യില്ല… മറിച്ചു നിങ്ങള്‍ ധി ക്കാര മനോഭാവമാണു കൈകൊളളുന്നതെങ്കില്‍ കിസ്റയെകുറിച്ചു നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങ ളെയും നിങ്ങളുടെ സമൂഹത്തെയും തകര്‍ത്തുകളയാന്‍ കെല്‍പുളളയാളാണദ്ദേഹം.
പ്രവാചക പ്രഭു(സ്വ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിങ്ങള്‍ ഇപ്പോള്‍ പോവുക! നാളെ വരിക!”
പിറ്റേന്ന് രാവിലെ തന്നെ അവര്‍ ചോദിച്ചു.
“കിസ്റാ ചക്രവര്‍ത്തിയെ കാണാന്‍ ഞങ്ങളുടെ കൂടെ വരാന്‍ നിങ്ങള്‍ തീരുമാനിച്ചുവോ?”
നബി(സ്വ) പറഞ്ഞു.
“ഇനി നിങ്ങള്‍ക്കു കിസ്റായെ കാണുക സാധ്യമല്ല. അല്ലാഹു (സു.ത) അവനെ തന്റെ മകന് മു ഖേന വധിച്ചിരിക്കുന്നു. മകന് ശീറവൈഹി ഇന്ന മാസം ഇന്ന രാത്രി പിതാവിനെ കൊന്നിരി ക്കുന്നു.”
അവര്‍ നബി(സ്വ) യുടെ മുഖത്തേക്ക് മിഴിച്ച് നോക്കി. പരിഭ്രമിച്ചിരിക്കുന്നു എന്ന് അവരെ കണ്ടാ ലറിയാം. അവര്‍ പൊട്ടിത്തെറിച്ചു “മുഹമ്മദ്, എന്താണ് പറയുന്നതെന്നോര്‍മയുണ്ടോ. ഈ ധിക്കാരം ഞങ്ങള്‍ ബാദാന് രാജാവിന് എഴുതാന്‍ പോവുകയാണ്.”
നബി(സ്വ) പറഞ്ഞു: “ശരി…എഴുതാം. കൂടെ ഇതു കൂടി എഴുതുക. എന്റെ മതം ഇസ്ലാം വൈ കാതെത്തന്നെ കിസ്റായുടെ വിസ്തൃത ഭരണ പ്രദേശങ്ങളിലെല്ലാം എത്തും. മുസ്ലിമാകുന്ന പക്ഷം അധികാരം നിനക്ക് തന്നെ തരികയും നിന്നെ ജനങ്ങള്‍ക്ക് രാജാവായി വാഴിക്കുകയും ചെയ്യും.”
രണ്ട് പേരും തിരുസന്നിധിയില്‍ നിന്ന് ബാദാന് രാജാവിനടുത്തേക്ക് പുറപ്പെട്ടു. അവിടെയെത്തി സംഭവങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ട് ബാദാന് പറഞ്ഞു: “മുഹമ്മദ് പറയുന്നത് ശരിയാണെന്ന് തെളിയുന്ന പക്ഷം അവന് പ്രവാചകന് തന്നെയാണ്. അല്ലെങ്കില്‍ നമുക്ക് അപ്പോള്‍ തീരുമാനിക്കാം.” അധികം വൈകിയില്ല. കിസ്റായുടെ മകന് ശീറവൈഹിയുടെ കത്ത് വന്നു. അ തിലെ വരികള്‍ ഇങ്ങനെ വായിക്കാം.
‘ഞാന്‍ കിസ്റായെ വധിച്ചിരിക്കുന്നു. നമ്മുടെ ജനതക്ക് വേണ്ടിയുളള പ്രതികാരമാണത്. അദ്ദേഹം ജനങ്ങളില്‍ നിന്ന് ഉന്നതന്മാരായ പലരെയും കൊല്ലുകയും സ്ത്രീകളെ ബന്ദികളാക്കുകയും സമ്പത്ത് കൊളളയടിക്കുകയും ചെയ്തിട്ടുണ്ട്. ഇനി മുതല്‍ എന്റെ രാജാനുവര്‍ത്തികളാകാന്‍ ജനങ്ങളോട് വിളംബരം ചെയ്യുക’.
ബാദാന് രാജാവ് ശീറവൈഹിയുടെ കത്ത് വലിച്ചെറിഞ്ഞു. പരസ്യമായി ഇസ്ലാം മതം ആശ്ളേ ഷിച്ചു. ഒപ്പം യമനിലുണ്ടായിരുന്ന പേര്‍ഷ്യക്കാരെല്ലാം മുസ്ലിംകളായി.
ഉമറുബ്നുല്‍ഖത്ത്വാബ്(റ) വിന്റെ ഭരണ കാലം. ഇസ്ലാമിക സാമ്രാജ്യം വിസ്തൃതി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ആയിടക്കാണ് റോമന്‍ ചക്രവര്‍ത്തി കൈസറുമായി ബന്ധപ്പെട്ട സംഭവം നട ക്കുന്നത്. ഉദ്വേഗജനകവും ആകാംക്ഷാ നിര്‍ഭരവുമായിരുന്നു അത്.
ഹിജ്റഃ പത്തൊമ്പതാം വര്‍ഷം….റോമുമായി യുദ്ധം ചെയ്യാന്‍ വേണ്ടി ഒരു സൈന്യത്തെ യാത്ര യാക്കുകയാണ് ഉമര്‍(റ). ആ സൈന്യത്തില്‍ ഹുദൈഫഃ(റ)വുമുണ്ട്…റോമാ ചക്രവര്‍ത്തി സീസ ര്‍ക്ക് മുസ്ലിം സൈന്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മുസ്ലിംകള് അടിയുറച്ച ഈമാനും അപഞ്ചലമായ വിശ്വാസവും കൈമുതലുളളവരാണെന്നും അല്ലാഹുവിന്റെയും റസൂലി ന്റെയും മാര്‍ഗ്ഗത്തില്‍ സ്വശരീരം ബലിയര്‍പ്പിക്കാന്‍ വിമ്മിഷ്ടമില്ലാത്തവരാണെന്നും അദ്ദേഹം മന സിലാക്കിയിരുന്നു. തന്മൂലം ഏതെങ്കിലും മുസ്ലിംകള് ബന്ദികളാക്കപ്പെട്ടാല്‍ അവരെ കൊല്ലാതെ തന്റെ മുമ്പില്‍ ഹാജരാക്കണമെന്നദ്ദേഹം വിളംബരം ചെയ്തു.
അല്ലാഹുവിന്റെ വിധി… അബ്ദുല്ലാഹിബ്നു ഹുദാഫഃ (റ) വിനെ റോമക്കാര്‍ ബന്ദിയാക്കി… അവര്‍ അദ്ദേഹത്തെ ഖൈസര്‍ രാജാവിന്റെ സന്നിധിയിലെത്തിച്ചു പറഞ്ഞു: “ഇയാള്‍ മുഹമ്മദിന്റെ ആളാണ്. പഴയ കാലത്തു തന്നെ മുസ്ലിമായിട്ടുണ്ട്”. ചക്രവര്‍ത്തി അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) വിന്റെ മുഖത്തേക്ക് കുറെനേരം നോക്കിയിരുന്നു…പിന്നെ വാചാലനായി. “ഞാന്‍ നിന്നോടൊരു കാര്യം പറയാന്‍ പോവുകയാണ്”.
ഇബ്നു ഹുദാഫഃ(റ) ചോദിച്ചുഃ “എന്താണത്”.
സീസര്‍ പറഞ്ഞു: “നീ കൃസ്ത്യാനിയാവുക. എന്നാല്‍ നിന്നെ സുരക്ഷിതനായി വിടുകയും എല്ലാ സൌകര്യങ്ങളും ചെയ്തുതരികയും ചെയ്യാം”. അബ്ദുല്ലാഹി(റ) രോഷാകുലനായി. “അസാധ്യം!!, കൃസ്ത്യാനിസം സ്വീകരിക്കാത്തതിന്റെ പേരില്‍ ആയിരം വട്ടം മരിക്കേണ്ടിവന്നാലും ഞാന്‍ ആ മരണത്തെ സ്വാഗതം ചെയ്യുന്നു”.
സീസര്‍ വീണ്ടും പറഞ്ഞു:
“നീ കാര്യബോധമുളളവനാണെന്ന് ഞാന്‍ കരുതുന്നു. അത് കൊണ്ട് ഞാന്‍ പറഞ്ഞതനുസരിച്ചാല്‍ എന്റെ രാജാധികാരം കൂടി ഭാഗിച്ചു തരാന്‍ ഞാന്‍ തയ്യാറാണ്!”
ഇബ്നു ഹുദാഫഃ(റ) പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
“അല്ലാഹുവാണ് സത്യം! നിങ്ങളുടെ മുഴുവന്‍ അധികാരവും എന്നല്ല അറബികളുടെ കൈവശമുളള മുഴുവന്‍ വില പിടിച്ച വസ്തുക്കളും എനിക്ക് തരികയാണെങ്കിലും ഒരു നിമിഷം പോലും മുഹമ്മദ് നബിയുടെ മതത്തില്‍ നിന്ന് വിട്ടുനില്‍ക്കുക സാധ്യമല്ല”.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അലിയ്യ് ബിന്‍ അബൂത്വാലിബ് (റ)
💐💐💐💐💐💐💐💐💐💐💐💐
അലിയ്യ് ബിന്‍ അബൂത്വാലിബ് (റ)
പേര്
അലിയ്യ്
ഓമനപ്പേര്
അബുല്‍ ഹസന്, അബൂതുറാബ്
പിതാവ്
അബൂത്വാലിബ്
ജനനം
നബി (സ്വ) യുടെ ജനനത്തിന്റെ മുപ്പതാം വര്‍ഷം
വയസ്സ്
അറുപത്തി മൂന്ന്
വംശം
ബനൂ ഹാശിം
സ്ഥാനപ്പേര്
ഹൈദര്‍, അസദുല്ല
മാതാവ്
ഫാത്വിമ
വഫാത്
ഹിജ്റയുടെ നാല്പതാം വര്‍ഷം
ഭരണകാലം
നാലു വര്‍ഷം 9 മാസം
നബി (സ്വ) യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ പുത്രനും, പ്രിയപുത്രിയായ ഫാത്വിമ (റ)യുടെ ഭര്‍ത്താവുമാണ് അലി (റ). പത്തു വയസ്സുള്ളപ്പോള്‍ ഇസ്ലാം സ്വീകരിച്ച് കുട്ടികളില്‍ ഒന്നാമത്തെ മുസ്ലിമായി. നബി (സ്വ) യെ വധിക്കാന്‍ ശത്രുക്കള്‍ വീടു വളഞ്ഞപ്പോള്‍ തങ്ങളുടെ വിരിപ്പില്‍ പകരം കിടന്നു ജീവന് ബലിയര്‍പ്പിക്കുവാന്‍ തയ്യാറായി. നബി (സ്വ) തങ്ങള്‍ ഹിജ്റ പോകുമ്പോള്‍ തങ്ങളുടെ വശമുണ്ടായിരുന്ന അമാനത്തുകള്‍ കൊടുത്തു വീട്ടാന്‍ അലി (റ) വിനെ ഏല്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം അതു നിര്‍വഹിച്ചു അദ്ദേഹം മദീനയിലേക്ക് ഹിജ്റ പോയി. തബൂക്ക് ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും നബി (സ്വ) യോടൊപ്പം പങ്കെടുത്തിട്ടുണ്ട്. തബൂക്ക് യുദ്ധവേളയില്‍ മദീനയില്‍ തങ്ങളുടെ പ്രതിനിധിയായി നില്ക്കാന് തങ്ങള്‍ കല്പിച്ചു. ധീര യോദ്ധാവ്, ഉന്നത പണ്ഢിതന്, പ്രഗത്ഭ പ്രസംഗകന്, ഐഹിക വിരക്തന് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ‘ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരന്’ എന്ന് അലി (റ) വിനോട് നബി (സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
അലി (റ) വിന്റെ ഭരണം
ഉസ്മാന് (റ) വധിക്കപ്പെടുമ്പോള്‍ സ്വഹാബികളില്‍ ബഹുഭൂരിഭാഗവും അലി (റ) വിനെ ബൈ അത്ത് ചെയ്തു. രാജ്യത്തു നീതിയും സമാധാനവും സ്ഥാപിക്കുന്നതിന് അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഉസ്മാന് (റ) വിന്റെ ഘാതകരെ പിടികൂടുന്നതില്‍ അശ്രദ്ധ കാണിച്ചു എന്നു പറഞ്ഞുകൊണ്ട് ഒരു വിഭാഗം അദ്ദേഹത്തെ എതിര്‍ത്തു. സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷമേ അതു സാധ്യമാകൂ എന്നായിരുന്നു അലി (റ) വിന്റെ നിലപാട്.
ഈ അഭിപ്രായ വ്യത്യാസം കാരണമായി ജമല് യുദ്ധവും സ്വിഫ്ഫീന്‍ യുദ്ധവും സംഭവിച്ചു. ജമല് യുദ്ധത്തില്‍ അലി (റ) വിജയിച്ചു. ഇരുപക്ഷത്തു നിന്നുമുള്ള മദ്ധ്യസ്ഥന്മാരുടെ തീരുമാനം അംഗീകരിക്കാമെന്ന നിശ്ചയത്തോടെയാണ് സ്വിഫ്ഫീന്‍ യുദ്ധം അവസാനിച്ചത്. എന്നാല്‍ മദ്ധ്യസ്ഥ തീരുമാനം അംഗീകരിക്കല്‍ ഖുര്‍ആനിന് എതിരാണെന്ന് പറഞ്ഞുകൊണ്ട് ഒരു വിഭാഗം ഇരുപക്ഷത്തെയും എതിര്‍ത്തു. ഇവരാണ് ഖവാരിജുകള്‍. അലി (റ) അവരെ ഖണ്ഢിക്കാന്‍ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിനെ വിട്ടു. പലരും സത്യത്തിലേക്ക് മടങ്ങി. ബാക്കിയുള്ളവര്‍ നഹ്റുവാന്‍ എന്ന സ്ഥലത്ത് സംഘടിച്ചു കുഴപ്പം സൃഷ്ടിച്ചു കൊണ്ടിരുന്നു. അവരോട് അലി (റ) യുദ്ധം നടത്തി. അതാണ് നഹ്റുവാന്‍ യുദ്ധം.
യുദ്ധത്തില്‍ ഭൂരിപക്ഷം ഖവാരിജുകളും കൊല്ലപ്പെട്ടു. അവശേഷിച്ചവര്‍ ഓടി രക്ഷപ്പെട്ടു. ഒളിവില്‍ പോയ ഖവാരിജുകളില്‍ ഒരാള്‍ അലി (റ) സുബ്ഹി നിസ്കാരത്തിനു പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നെറ്റിത്തടത്തില്‍ വെട്ടി. അതുകാരണം മൂന്നു ദിവസത്തിനകം അദ്ദേഹം വഫാത്തായി. അലി (റ) വിനെ വെട്ടുന്നവന് ജനങ്ങളില്‍ ഏറ്റവും നിര്‍ഭാഗ്യവാനാണെന്ന് നബി (സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഉസ്മാന് ബിന്‍ അഫ്ഫാന്‍ (റ)
💐💐💐💐💐💐💐💐💐💐💐
പേര്
ഉസ്മാന്
ഓമനപ്പേര്
അബൂ അംറ്
പിതാവ്
അഫ്ഫാന്‍
ജനനം
നബി (സ്വ) യുടെ ജനനത്തിന്റെ ആറാം വര്‍ഷം
വയസ്സ്
എണ്‍പത്തി രണ്ട്
വംശം
ബനൂ ഉമയ്യഃ
സ്ഥാനപ്പേര്
ദുന്നൂറൈനി
മാതാവ്
അര്‍വ
വഫാത്
ഹിജ്റയുടെ മുപ്പത്തിയഞ്ചാം വര്‍ഷം
ഭരണകാലം
പന്ത്രണ്ടു വര്‍ഷം
ആദ്യമായി ഇസ്ലാമിലേക്ക് വന്ന പ്രമുഖരില്‍ ഒരാളായിരുന്നു ഉസ്മാനുബ്നു അഫ്ഫാന്‍ (റ). അതുകാരണം പിതൃവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചുകെട്ടി ശിക്ഷിച്ചു. പക്ഷേ, എന്തു ശിക്ഷ നല്കിയാലും ഇസ്ലാം കയ്യൊഴിക്കില്ലെന്നു കണ്ടപ്പോള്‍ ഹകം അദ്ദേഹത്തെ അഴിച്ചു വിട്ടു. ഹബ്ശഃയിലേക്ക് ആദ്യമായി കുടുംബസമേതം ഹിജ്റ പോയത് ഉസ്മാന് (റ) ആണ്. നബി (സ്വ) യുടെ രണ്ടു പുത്രിമാരെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യം റുഖയ്യ (റ) യേയും അവരുടെ വഫാത്തിനു ശേഷം ഉമ്മുകുല്‍സൂം (റ) യേയും. അതുകൊണ്ടാണ് അദ്ദേഹത്തിനു ‘ദുന്നൂറൈനി’ എന്ന പേര് ലഭിച്ചത്.
ലജ്ജയും ഔദാര്യവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശിഷ്ട ഗുണങ്ങളായിരുന്നു. നബി (സ്വ) യോടൊപ്പം ബദര്‍ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ബദര്‍ യുദ്ധവേളയില്‍ റുഖയ്യ (റ) യുടെ രോഗം കാരണം അവരെ ശുശ്രൂഷിക്കാന്‍ നബി (സ്വ) കല്പിച്ചു. അതുകൊണ്ടാണ് ബദറില്‍ പങ്കെടുക്കാതിരുന്നത്.
ഉമര്‍ (റ) വിന് കുത്തേറ്റപ്പോള്‍ മൂന്നാം ഖലീഫയെ നിര്‍ദ്ദേശിക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഉസ്മാനുബ്നു അഫ്ഫാന്‍, അലിയ്യുബ്നു അബീത്വാലിബ്, അബ്ദുര്‍റഹ്മാ നുബ്നു ഔഫ്, സഅ്ദു ബ്നു അബീ വഖാസ്വ്, ത്വല്‍ഹത്തുബ്നു ഉബൈദില്ല, സുബൈറുബ് നുല് അവ്വാം (റ.ഹും) എന്നീ ആറുപേരെ തിരഞ്ഞെടുത്തു. ഈ ആറുപേര്‍ തന്റെ മരണശേഷം ആലോചന നടത്തി അവരിലൊരാളെ ഖലീഫയായി നിശ്ചയിക്കണമെന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തു. പ്രസ്തുത ആലോചനാ സമിതി തെരഞ്ഞെടുത്ത ഖലീഫയാണ് ഉസ്മാനുബ്നു അഫ്ഫാന്‍ (റ).
പ്രധാന പ്രവര്‍ത്തനങ്ങള്‍
കരാര്‍ ലംഘിച്ചു വിപ്ളവത്തിനൊരുങ്ങിയ രാജ്യങ്ങളോടു യുദ്ധം നടത്തി, അവരെ അമര്‍ച്ച ചെയ്തു.
പേര്‍ഷ്യന്‍ സാമ്രാജ്യം പൂര്‍ണ്ണമായും മുസ്ലിംകള്ക്ക് അധീനമാക്കി.
കപ്പലുകള്‍ നിര്‍മ്മിച്ചു നാവികയുദ്ധം ആരംഭിച്ചു.
മുആവിയ (റ) വിന്റെ നേതൃത്വത്തില്‍ റോമാക്കാരുടെ അധീനത്തിലായിരുന്ന ഖുബ്റുസ് (സൈപ്രസ്) ദ്വീപ് മുതലായ പല സ്ഥലങ്ങളും ഇസ്ലാമിന് കീഴിലാക്കി.
അബ്ദുല്ലാഹിബ്നു സഅദ് (റ) ന്റെ നേതൃത്വത്തില്‍ ത്വറാബല്‍സ് (ട്രിപ്പോളിയാ) മുതല്‍ ത്വന്‍ജാ (ടാഞ്ജര്‍) വരെയുള്ള ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങളും ഇസ്ലാമിന്റെ കീഴിലായി.
അബൂബക്ര് (റ) എഴുതി സൂക്ഷിച്ച മുസ്വ്ഹഫ് ആധാരമാക്കി ഖുര്‍ആന്‍ പകര്‍പ്പുകള്‍ തയ്യാര്‍ ചെയ്തു അവ പഠിപ്പിക്കുവാനുള്ള ഖാരിഉകളോടൊപ്പം വിവിധ ഇസ്ലാമിക പട്ടണങ്ങളിലേക്ക് അയച്ചു കൊടുത്തു.
ജനങ്ങള്‍ വര്‍ദ്ധിച്ചു മഹല്ലുകള്‍ വിശാലമായപ്പോള്‍ ജുമുഅഃക്ക് ഒരു ബാങ്കു (ഒന്നാം ബാങ്ക്) കൂടി ഏര്‍പ്പെടുത്തി. ഉസ്മാന് (റ) സമാധാനപ്രിയനും ദയാലുവും നീതിമാനുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ നടപടികളില്‍ ചിലര്‍ക്കെങ്കിലും വിയോജിപ്പുണ്ടായി. അതോടൊപ്പം ബാഹ്യത്തില്‍ മുസ്ലിമായ അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതന് മുസ്ലിംകളെ തമ്മില്‍ അടിപ്പിക്കാന്‍ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. തന്നിമിത്തം പലരും കുഴപ്പത്തിനൊരുങ്ങി. അവര്‍ കൂഫ, ബസ്വറ, മിസ്വ്ര്‍ എന്നിവിടങ്ങളില്‍ നിന്നും സംഘടിച്ചു മദീനയില്‍ വന്നു ഉസ്മാന് (റ) ന്റെ വീട് വളയുകയും അവസാനം അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ഉസ്മാന് (റ) രക്തസാക്ഷിയാകുമെന്ന് നബി (സ്വ) പറഞ്ഞതായി ഹദീസില്‍ വന്നിട്ടുണ്ട്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഉമറുബ്നുല്‍ ഖത്വാബ്( റ)
💐💐💐💐💐💐💐💐💐💐
അബൂബക്ര് സ്വിദ്ധീഖ് (റ)

പേര് | ഉമര്‍ |
ഓമനപ്പേര് | അബൂഹഫ്സ്വ് |
പിതാവ് | ഖത്വാബ് |
ജനനം | നബി (സ്വ) യുടെ ജനനത്തിന്റെ പതിമൂന്നാം വര്‍ഷം |
വയസ്സ് | അറുപത്തിമൂന്ന് |
വംശം | ബനൂ അദിയ്യ് |
സ്ഥാനപ്പേര് | ഫാറൂഖ് |
മാതാവ് | ഹന്‍തമഃ |
വഫാത് | ഹിജ്റയുടെ ഇരുപത്തിമൂന്നാം വര്‍ഷം |
ഭരണകാലം | പത്തു വര്‍ഷം ആറു മാസം |
അബൂബക്ര് സ്വിദ്ധീഖ് (റ) ന്റെ വസ്വിയ്യത്ത് പ്രകാരം ഉമറുബ്നുല്‍ ഖത്വാബ്( റ) രണ്ടാം ഖലീഫയായി. ഖുറൈശികളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ആദ്യം ഇസ്ലാമിന്റെ കഠിന ശത്രുവായിരുന്ന അദ്ദേഹത്തെ കൊണ്ട് ഇസ്ലാമിനു ശക്തി ലഭിക്കുവാന്‍ നബി (സ്വ) പ്രാര്‍ഥിച്ചിരുന്നു. ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. ഒരു ദിനം തങ്ങളെ വധിക്കുവാന്‍ ഉമര്‍ (റ) വാളുമായി പുറപ്പെട്ടു. വഴിമദ്ധ്യേ സഹോദരിയുടെ വീട്ടില്‍ നിന്ന് ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ ഇടയായി. ഖുര്‍ആന്‍ അദ്ദേഹത്തിന്റെ മനസ്സു മാറ്റി. ഉടനെ നബി (സ്വ) യെ സമീപിച്ചു ഇസ്ലാം സ്വീകരിച്ചു. പിന്നീട് ഇസ്ലാമിന്റെ ഏറ്റവും വലിയ രക്ഷകരില്‍ ഒരാളായിത്തീര്‍ന്നു.
ധൈര്യശാലിയായിരുന്ന ഉമര്‍ (റ) പരസ്യമായി രംഗത്തിറങ്ങുവാന്‍ മുസ്ലിംകള്ക്ക് ധൈര്യം നല്കി. അങ്ങനെ സത്യവും അസത്യവും വേര്‍തിരിച്ചു കാണിച്ചു. അതുകൊണ്ട് നബി (സ്വ) അദ്ദേഹത്തിനു ‘അല്‍ ഫാറൂഖ്’ എന്ന സ്ഥാനപ്പേരു നല്കി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും വഹ്യുമായി ഒത്തുവരാറുണ്ട്. ഏതൊരു അക്രമിക്കും അദ്ദേഹത്തെ ഭയമായിരുന്നു. ഉമര്‍ (റ) നെ കണ്ടാല്‍ പിശാച് വഴിമാറിപ്പോകുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. നബി (സ്വ) യോടൊപ്പം എല്ലാ യുദ്ധങ്ങളിലും ഉമര്‍ (റ) പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണം രാജ്യത്ത് നീതിയും സമാധാനവും ഉറപ്പു വരുത്തി. രാത്രി സമയത്ത് ചുറ്റിനടന്ന് പാവങ്ങളുടെ പ്രയാസങ്ങള്‍ അന്വേഷിച്ചു പരിഹരിക്കുന്ന ജനസേവകനായിരുന്നു അദ്ദേഹം.
പ്രധാന പ്രവര്‍ത്തനങ്ങള്‍
ഉമര്‍ (റ) ന്റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. ഇറാന്, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ മുസ്ലിംകള് കീഴടക്കി. അങ്ങനെ പേര്‍ഷ്യാ സാമ്രാജ്യവും പൌരസ്ത്യ റോമാ സാമ്രാജ്യവും മുസ്ലിംകള്ക്ക് അധീനമായി.
ഭരണ സൌകര്യത്തിനായി അബൂബക്ര് (റ) രാജ്യം പല സംസ്ഥാനങ്ങളായി ഭാഗിച്ചു. അവിടങ്ങളില്‍ ഗവര്‍ണര്‍മാരെ നിയോഗിച്ചിരുന്നു. എന്നാല്‍ ഉമര്‍ (റ) ഗവര്‍ണര്‍മാര്‍ക്കു പുറമെ ഖാളിമാരെയും നിയോഗിച്ചു.
പട്ടാളക്കാരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു അവര്‍ക്ക് വേതനം നടപ്പിലാക്കി.
ബൈത്തുല്‍ മാലില്‍ നിന്ന് ഓരോ മുസ്ലിമിനും വാര്‍ഷിക വിഹിതം നല്കുവാനായി പ്രത്യേക രജിസ്റ്റര്‍ ഏര്‍പ്പെടുത്തി.
ജസീറത്തുല്‍ അറബില്‍ നിന്നും ശത്രുക്കളെ നാടുകടത്തി അത് പൂര്‍ണ്ണമായും മുസ്ലിം രാഷ്ട്രമാക്കി.
മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും വിശാലമാക്കി.
ഹിജ്റ വര്‍ഷം നടപ്പില്‍ വരുത്തി.
തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴില്‍ ഏകീകരിച്ചു.
നിലവിലുണ്ടായിരുന്ന പേര്‍ഷ്യന്‍ നാണയങ്ങള്‍ക്കു പകരം ഇസ്ലാമിക നാണയങ്ങള്‍ പ്രാബല്യത്തില്‍ വരുത്തി.
രാജ്യത്ത് ഐശ്വര്യപൂര്‍ണമായ ഭരണം നടത്തിയ ഉമര്‍ (റ) നെ എല്ലാവരും സ്നേഹിച്ചു. ഒരു ദിവസം ഇമാമായി നിസ്കരിക്കുമ്പോള്‍ അബൂലുഅ്ലുഅത്ത് എന്ന മജൂസി വിഷത്തിലൂട്ടിയ കഠാര കൊണ്ട് അദ്ദേഹത്തെ കുത്തുകയും അത് അദ്ദേഹത്തിന്റെ വഫാത്തിനു കാരണമാവുകയും ചെയ്തു. നബി (സ്വ) യുടെയും സ്വിദ്ധീഖ് (റ) ന്റെയും സമീപത്തു തന്നെ അദ്ദേഹത്തെയും ഖബറടക്കം ചെയ്തു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അബൂബക്ര് സ്വിദ്ധീഖ് (റ)
💐💐💐💐💐💐💐💐💐💐
പേര് | അബ്ദുല്ല |
ഓമനപ്പേര് | അബൂബക്ര് |
പിതാവ് | അബൂഖുഹാഫഃ |
ജനനം | നബി (സ്വ) യുടെ ജനനത്തിന്റെ മൂന്നാം വര്‍ഷം |
വയസ്സ് | അറുപത്തിമൂന്ന് |
വംശം | ബനുതൈം |
സ്ഥാനപ്പേര് | സ്വിദ്ധീഖ് |
മാതാവ് | ഉമ്മുല്‍ ഖൈര്‍ |
വഫാത് | ഹിജ്റയുടെ പതിമൂന്നാം വര്‍ഷം |
ഭരണകാലം | രണ്ടു വര്‍ഷം മൂന്നു മാസം |
അബൂബക്ര് സ്വിദ്ധീഖ് (റ) ബാല്യകാലം മുതല്‍ നബി (സ്വ) യുടെ കൂട്ടുകാരനായിരുന്നു. ഇസ്ലാം സ്വീകരിച്ച ആദ്യപുരുഷനുമാണ്. ഉസ്മാനുബ്നു അഫ്ഫാന്‍ (റ) വിനെപ്പോലെയുള്ള നിരവധി പ്രമുഖ സ്വഹാബികള്‍ ഇദ്ദേഹം മുഖേനയാണ് ഇസ്ലാം സ്വീകരിച്ചത്. മുസ്ലിമായതിന്റെ പേരില്‍ മര്‍ദ്ദനം അനുഭവിച്ചുകൊണ്ടിരുന്ന ബിലാല്‍ മുഅദ്ദിന് (റ) വിനെ പ്പോലെയുള്ള ഏഴ് അടിമകളെ അദ്ദേഹം വിലക്ക് വാങ്ങി സ്വതന്ത്രരാക്കിയിരുന്നു. നബി (സ്വ) പറയുന്ന എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യാതെ വിശ്വസിച്ചതുകൊണ്ടാണ് ‘സ്വിദ്ധീഖ്’ എന്ന പേര് ലഭിച്ചത്.
നബി (സ്വ) ഹിജ്റ പോകുമ്പോള്‍ കൂടെയുണ്ടായിരുന്ന ഏക കൂട്ടുകാരന് സ്വിദ്ധീഖ് (റ) ആയിരുന്നു. നബി (സ്വ) ക്ക് രോഗം കഠിനമായപ്പോള്‍ നബിതങ്ങളുടെ പ്രതിനിധിയായി ഇമാമത്ത് നിറുത്തിയതും അദ്ദേഹത്തെയായിരുന്നു. നബി (സ്വ) വഫാത്തായപ്പോള്‍ പരിഭ്രാന്തരായ സ്വഹാബികളെ സമാധാനിപ്പിച്ചത് അദ്ദേഹത്തിന്റെ ചരിത്ര പ്രസിദ്ധമായ പ്രസംഗമായിരുന്നു.
നബി (സ്വ) വഫാത്തായപ്പോള്‍ ഖബറടക്കം ചെയ്യുന്നതിനു മുമ്പ് സ്വഹാബികള്‍ ബനൂ സാഇദ ഗോത്രക്കാരുടെ പന്തലില്‍ സമ്മേളിച്ചു അബൂബക്ര് സ്വിദ്ധീഖ ്(റ) നെ ഖലീഫയായി തെരഞ്ഞെടുത്തു.
പ്രഥമ പ്രവര്‍ത്തനങ്ങള്‍
ഹിജ്റ ആറാം വര്‍ഷം ബുസ്വ്റായിലെ ഭരണാധിപന്റെ അടുത്തേക്ക് നബി (സ്വ) യുടെ കത്തുമായി പോയ ഹാരിസ് (റ) നെ ശത്രുക്കള്‍ ശാമിലെ മുഅ്ത്വയില്‍ വെച്ചു വധിച്ചു. പ്രതികാരം വീട്ടുന്നതിന് ഹിജ്റയുടെ എട്ടാം വര്‍ഷം മുഅ്ത്വഃ യുദ്ധം നടത്തിയെങ്കിലും വേണ്ടത്ര വിജയം ഉണ്ടായില്ല. അതുകൊണ്ട് അവിടെ വീണ്ടും യുദ്ധം ചെയ്യുന്നതിന് ഹിജ്റ പതിനൊന്നാം വര്‍ഷം നബി (സ്വ) ഉസാമത്ബ്നു സൈദ് (റ) ന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ തയ്യാര്‍ ചെയ്തു. പക്ഷേ, സൈന്യം പുറപ്പെടുന്നതിന് മുമ്പ് നബി (സ്വ) തങ്ങള്‍ക്ക് രോഗം ബാധിച്ചു. ഈ സൈന്യത്തെ പ്രസ്തുത സ്ഥലത്തേക്ക് അയക്കുക എന്നതായിരുന്നു അബൂബക്ര് (റ) ന്റെ ഒന്നാമത്തെ നടപടി. വമ്പിച്ച വിജയത്തോടെയാണ് പ്രസ്തുത സൈന്യം മടങ്ങിയത്.
നബി (സ്വ) വഫാതായപ്പോള്‍ ചില അറബി ഗോത്രങ്ങള്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോയി, മറ്റുചിലര്‍ സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ചു, മുസൈലിമത്തുല്‍ കദ്ദാബ്, തുലൈഹത്തുല്‍ അസദി എന്നീ പുരുഷന്മാരും സജാഹി എന്ന സ്ത്രീയും നബിമാരാണെന്ന് വാദിച്ചു. സ്വിദ്ധീഖ് (റ) അവരോടെല്ലാം ധീരമായി യുദ്ധം ചെയ്തു. മുര്‍ത്തദ്ദുകള്‍ ഇസ്ലാമിലേക്ക് മടങ്ങുകയും സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ചവര്‍ അതു കൊടുക്കുകയും ചെയ്തു. മുസൈലിമത്തുല്‍ കദ്ദാബ് വധിക്കപ്പെട്ടു, തുലൈഹത്ത് ഇസ്ലാം സ്വീകരിച്ചു. സജാഹി സ്വന്തം നാടായ അല്‍ ജസീറയിലേക്ക് ഓടി രക്ഷപ്പെട്ടു.
പ്രധാന പ്രവര്‍ത്തനങ്ങള്‍
മുര്‍ത്തദ്ദുകളുമായുള്ള യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ നിരവധി സ്വഹാബിമാര്‍ രക്തസാക്ഷികളായി. അപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി അത് ക്രമപ്രകാരം ഒരു മുസ്വ്ഹഫില്‍ ക്രോഡീകരിച്ച് എഴുതുവാന്‍ ഖലീഫ കല്പന കൊടുത്തു. നബി (സ്വ) യുടെ വഹ്യ് എഴുത്തുകാരനായിരുന്ന സൈദ്ബ്നു സാബിത് (റ) ആ കര്‍മ്മം നിര്‍വഹിച്ചു.
അറേബ്യയുടെ അയല്‍വശത്തു സ്ഥിതി ചെയ്തിരുന്ന രണ്ടു വന്‍ സാമ്രാജ്യങ്ങളായിരുന്നു പേര്‍ഷ്യയും റോമും. പേര്‍ഷ്യയില്‍ പെട്ട ഇറാഖിലേക്ക് അബൂബക്ര് (റ) ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അയച്ചു. ഇറാഖിന്റെ പല ഭാഗങ്ങളും അവര്‍ കീഴടക്കി. റോമാ സാമ്രാജ്യത്തില്‍ പെട്ട ശാമിലേക്ക് നാലു സൈന്യങ്ങളെ അയച്ചു. റോം സൈന്യവുമായി യര്‍മുകില്‍ അവര്‍ ഏറ്റുമുട്ടി. വിജയം വളരെ പ്രയാസമായി. ഉടനെ ഖാലിദ് (റ) ഇറാഖില്‍ നിന്നും ശാമിലെത്തി സൈന്യങ്ങളുടെ പൊതു നേതൃത്വം ഏറ്റെടുത്തു. അതു കാരണം യര്‍ മുക് മുസ്ലിംകള്ക്ക് അധീനമായി.
ഹിജ്റ പതിമൂന്നാം വര്‍ഷം 15 ദിവസം നീണ്ടുനിന്ന പനിയെ തുടര്‍ന്ന് ജുമാദുല്‍ ആഖിറ 21 ന് സ്വിദ്ദീഖ് (റ) വഫാതായി. നബി (സ്വ) യുടെ സമീപത്തു തന്നെ അവരെ ഖബറടക്കി. രോഗ ദിവസങ്ങളില്‍ പകരം ഇമാമത്ത് നിര്‍ത്തിയിരുന്നത് ഉമറുല്‍ ഫാറൂഖ് (റ) നെ ആയിരുന്നു. സമുദായം ഭിന്നിക്കാതിരിക്കാന്‍ വഫാതിന് മുമ്പു തന്നെ പ്രമുഖ സ്വഹാബികളുമായി ആലോചിച്ച ശേഷം ഉമറുല്‍ ഫാറൂഖ (റ) നെ ഖലീഫയായി നിര്‍ദ്ദേശിക്കുകയും ജനങ്ങളുടെ അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹