ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ശിയാക്കൾ. Show all posts
Showing posts with label ശിയാക്കൾ. Show all posts

Thursday, 12 October 2017

ശീഇസത്തിന്റെ വേരുകൾ- 2

എഴുപതോളം ഉപഗ്രൂപ്പുകളായി വഴിപിരിഞ്ഞുനില്‍ക്കുന്നവരാണ് ശിയാക്കള്‍. എന്നാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും അലിയാരെ സംബന്ധിച്ച് നേര്‍മാര്‍ഗത്തോട് യോജിക്കാത്ത പല വിശ്വാസങ്ങളുമുണ്ട്. അലിയാരുടെ കൃത്യമായ പദവിയും സ്ഥാനവും എന്താണെന്ന് നിര്‍വചിക്കുന്നതിലും അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ വരുന്നവരുടെ പദവിയെ സംബന്ധിച്ചും രൂക്ഷവും കടുത്തതുമായ അഭിപ്രായ ഭിന്നതകള്‍ ഇപ്പോഴും അവര്‍ക്കിടയിലുണ്ട്. ചിലരുടെത് ഇസ്‌ലാമില്‍ കേട്ടുകേള്‍വിയില്ലാത്ത പുത്തന്‍ വാദങ്ങളാണെങ്കില്‍(ബിദ്അത്ത്) മറ്റുചിലരുടെത് തീര്‍ത്തും സത്യനിഷേധത്തിന്റെ(കുഫ്ര്‍) പരിധിയില്‍ വരുന്നതാണ്. ഇക്കാര്യത്തില്‍ ഏറ്റവും അപകടകരമായത് അലി(റ) ദൈവാവതാരമാണെന്ന് വിശ്വസിക്കുന്നവരുടെ നിലപാടാണ്. സബഇന്റെ മകന്‍ അബ്ദുല്ല ഈ വാദഗതി പ്രചരിപ്പിച്ച കാര്യം നടേ പറഞ്ഞിരുന്നുവല്ലോ. അലിയാരുടെ കാലത്ത് ഉടലെടുത്ത ഈ വിഭാഗത്തെ പൂര്‍വകാല പണ്ഡിത രചനകളില്‍ സബഇയ്യ എന്ന് വ്യവഹരിച്ചിട്ടുണ്ട്.
ഒരിക്കല്‍ അലിയാര് തന്നെ പറഞ്ഞു: എന്റെ വിഷയത്തില്‍ രണ്ടുകൂട്ടര്‍ നാശമടഞ്ഞു. എന്നെ പരിധി വിട്ട് സ്‌നേഹിച്ചവരാണ് ഒന്ന്. മറ്റേത് പരിധിവിട്ട് ദേഷ്യം കാണിച്ചവരും(മുസ്‌നദു അഹ്മദ് 1/160, ഫളാഇലുസ്സ്വഹാബ 2/ 565 എന്നിവ കാണുക. മറ്റൊരിക്കല്‍ പറഞ്ഞതിങ്ങനെ: ഒരു വിഭാഗം എന്നെ അതിരുവിട്ട് സ്‌നേഹിക്കും. ആ സ്‌നേഹം നിമിത്തം തന്നെ നരകത്തിലെത്തിച്ചേരും. തഥൈവ, ഒരു കൂട്ടര്‍ കോപം വെച്ചുപുലര്‍ത്തും. നരകാവകാശികളായിത്തീരും(ഇബ്‌നുഅബീ ആസ്വിമിന്റെ അസുന്നയില്‍(2/195) ഇതുദ്ധരിച്ചിട്ടുണ്ട്. പരിധിവിട്ട് സ്‌നേഹപ്രകടനം നടത്തി ഒടുവില്‍ കുഫ്‌റിലേക്കും തദ്വാരാ നരകത്തിലേക്കും എത്തിച്ചേരുമെന്ന് പറയപ്പെട്ടത് ശിയാക്കളെ കുറിച്ചാണെന്ന് അനേകം പണ്ഡിത ശ്രേഷ്ഠര്‍ വ്യക്തമാക്കിയിട്ടുണ്ട്. അലി തന്നെയാണ് അല്ലാഹു എന്നുവരെ അവര്‍ പറഞ്ഞുവല്ലോ. അലി(റ)വിനോട് വിദ്വേഷം വെച്ചവര്‍ എന്നതുകൊണ്ട് ഉദ്ദേശ്യം ഖവാരിജുകളെയും പ്രതിഷ്ഠാപൂജകരെയുമാണ്.
ഒട്ടനേകം ശിയാ ഗ്രൂപ്പുകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളതും അനുയായികളുള്ളതും മൂന്നുവിഭാഗങ്ങള്‍ക്കാണ്. ഇമാമിയ്യ, കയ്‌സിനിയ്യ, ഗുറാബിയ്യ.
ഗുറാബിയ്യ വിഭാഗക്കാര്‍ മുഹമ്മദ് നബി(സ്വ)യോട് എല്ലാ അര്‍ത്ഥത്തിലും തുല്യനാണ് അലി(റ) എന്ന് പ്രചരിപ്പിക്കുന്നു. ഗുറാബ് എന്ന വാക്കിനര്‍ത്ഥം കാക്ക എന്നാണ്. കാക്കക്ക് മറ്റൊരു കാക്കയോട് എത്ര സാദൃശ്യമുണ്ടോ, അത്രക്ക് സദൃശ്യരാണ് നബി(സ്വ)യും അലി(റ)വും എന്നാണിവരുടെ വാദം. ഇവര്‍ ഗുറാബിയ്യ എന്നറിയപ്പെട്ടു. യഥാര്‍ത്ഥത്തില്‍ നബിയായി നിയോഗിക്കാന്‍ അല്ലാഹുതീരുമാനിച്ചിരുന്നത് അലിയെ ആയിരുന്നെന്നും ദിവ്യസന്ദേശവുമായി വന്ന ദൂതന്‍ ജിബ്‌രീലിന് ആളുമാറി അബദ്ധം പിണയുകയായിരുന്നു എന്നുവരെ ഗുറാബിയ്യ വിഭാഗം വിശ്വസിക്കുന്നു. ഇക്കാര്യം ഖാളി ഇയാള്(റ) കിതാബുശ്ശിഫാഇലും വ്യാഖ്യാനത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ) നുബുവ്വത്തുമായി വരുന്നത് തിരുജീവിതത്തിന്റെ നാല്‍പതാം വയസ്സിലാണ്. അന്ന് പത്തുതികഞ്ഞിട്ടില്ല അലിയാര്‍ക്ക്. നാല്‍പതുവയസ്സുള്ള മധ്യവയസ്‌കനെയും പത്തുതികയാത്ത ബാലനെയും തിരിച്ചറിയാന്‍ ജിബ്‌രീലിന് സാധിച്ചില്ലെന്ന വാദം എത്രത്തോളം ബാലിശമാണ്?
രണ്ടാമത്തെ വിഭാഗം കൈസാനിയ്യയാണ്. ഉബൈദുസ്സഖഫീയുടെ മകന്‍ മുഖ്താര്‍ ആണ് നേതാവ്. ഇദ്ദേഹം ആദ്യകാലത്ത് അലി(റ)വിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ഖവാരിജുകളുടെ വക്താവായിരുന്നു. പിന്നീട് ശിയാ ഭാഗത്തേക്ക് മാറി. തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളും അധികാര താല്‍പര്യങ്ങളും ഉണ്ടായിരുന്നയാളാണ് മുഖ്താര്‍. ജനപിന്തുണ ആര്‍ജിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കര്‍ബലാ ദുരന്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച, ശിആക്കളെല്ലാം തങ്ങളുടെയും ഇമാം ഹുസൈന്‍(റ)വിന്റെയും ശത്രുവും എതിരാളിയുമായി കാണുകയും ചെയ്തിരുന്ന സിയാദ് മകന്‍ ഉബൈദുല്ലയെ വധിച്ചുകൊണ്ടാണ് അദ്ദേഹമതു സാധ്യമാക്കിയത്. സ്വാഭാവികമായും ശിയാക്കളുടെ ഉറച്ച പിന്തുണ അദ്ദേഹത്തിന് കിട്ടി. അതോടെ മുഖ്താറിന് പിഴച്ച വാദങ്ങള്‍ എഴുന്നള്ളിക്കാനുള്ള അരങ്ങൊരുങ്ങി. ശീഅതു അലിയായി അറിയപ്പെട്ടിരുന്നവരില്‍ തന്നെ അബ്ദുല്ലയുടെ ദൈവാവതാര സിദ്ധാന്തം അംഗീകരിക്കാത്തവരായിരുന്നല്ലോ ബഹുഭൂരിപക്ഷം. അവരുടെകൂടി മനസിനെ തന്റെ കൂടെ നിര്‍ത്തുവാനുള്ള ശ്രമമാണ് മുഖ്താര്‍ നടത്തിയത്. അങ്ങനെയാണ് അദ്ദേഹം ഹനഫിയ്യയുടെ മകന്‍ മുഹമ്മദിനെ ഇമാമായി ചിത്രീകരിക്കുവാനുള്ള വേലകളുമായി രംഗത്തുവന്നത്.
ഫാത്വിമ ബീവിയുടെ മരണശേഷം അലിയാര്‍ വിവാഹം ചെയ്ത ഹനഫിയ്യ ഗോത്രക്കാരിയായ ജഅ്ഫറിന്റെ മകള്‍ ഖൗലയില്‍ അദ്ദേഹത്തിനു പിറന്ന പുത്രനായിരുന്നു മുഹമ്മദ് ബിന്‍ ഹനഫിയ്യ. അങ്ങയുടെ കാലശേഷം എനിക്കൊരു കുഞ്ഞുണ്ടായാല്‍ അവന് മുഹമ്മദ് എന്ന് പേരിടുന്നതിനെ കുറിച്ചെന്താണ് അഭിപ്രായം എന്ന് ഒരിക്കല്‍ അലിയാര്‍ തിരു സവിധത്തില്‍ ആരാഞ്ഞു. കുഴപ്പമില്ല എന്നാണ് അവിടുന്ന് പ്രതികരിച്ചത്. അങ്ങനെയാണ് അദ്ദേഹത്തിന് ആ പേര് കിട്ടിയത്. തിരുനബി പുത്രിയായ ഫാത്വിമയിലുണ്ടായ ഹസന്‍, ഹുസൈന്‍(റ)യില്‍നിന്ന് വേര്‍തിരിച്ച് അറിയുന്നതിനു വേണ്ടി നാട്ടുകാര്‍ മുഹമ്മദ് ബിന്‍ ഹനഫിയ്യ എന്ന് സ്‌നേഹാദരം വിളിച്ചു. ആ പേരില്‍ അദ്ദേഹം പ്രശസ്തനാവുകയും ചെയ്തു. പിതാവായ അലി(റ)യെ ഒപ്പിയെടുത്തപോലെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. ആരാധനകള്‍ കൃത്യമായ മുറക്ക് നിര്‍വഹിക്കുന്നതിലും ലൗകിക പരിത്യാഗത്തിലും അചഞ്ചലമായ ധീരതയിലും അനുപമമായ സാഹിത്യ വൈഭവത്തിലും അലി(റ)നോട് വേര്‍തിരിച്ചറിയാനാവാത്ത സാദൃശ്യമുണ്ടായിരുന്നു. അടര്‍ക്കളത്തിലെ അടിപതറാത്ത പോരാളി, പ്രസംഗപീഠത്തില്‍ അനീതിക്കെതിരെ അഗ്നിസ്ഫുലിംഗങ്ങളാകുന്ന വാഗ്‌ധോരണി, നിശയുടെ നിശബ്ദതയില്‍ ലോകം മുഴുവന്‍ സുഷുപ്തിയിലാണ്ടു കിടക്കുമ്പോഴും അല്ലാഹുവിനെ ഓര്‍ത്തോര്‍ത്ത് കരഞ്ഞിരുന്ന തപ്തമാനസന്‍- എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം അലി(റ)യെ അനുസ്മരിപ്പിച്ചു.
ഹസന്‍, ഹുസൈന്‍(റ) കഴിഞ്ഞാല്‍ പിന്നെ ഇമാമിന് ഏറ്റവും യോഗ്യന്‍ മുഹമ്മദ് ബിന്‍ ഹനഫിയ്യയാണ് എന്ന പ്രചാരണമാണ് മുഖ്താര്‍ നടത്തിയത്. അദ്ദേഹത്തെ അംഗീകരിച്ചിരുന്നവരും അതുതന്നെ വിശ്വസിച്ചെങ്കിലും സാധാരണ ശീഇകള്‍ക്ക് ഉള്ള വാദമോ വിശ്വാസമോ ആയിരുന്നില്ല ഇത്. ഫാത്വിമയുടെ സന്തതികളാണ്- അവര്‍ മാത്രമാണ്- ഇമാമാകാന്‍ അര്‍ഹതയുള്ളവര്‍ എന്നാണ് മറ്റുള്ളവരുടെ വാദം. എന്നാല്‍ ഹസന്‍ ഹുസൈന്‍ കഴിഞ്ഞാല്‍ അലി(റ)യുടെ നേര്‍പതിപ്പായ മുഹമ്മദ് ആണ് ശരിയായ അവകാശി എന്നാണ് മുഖ്താര്‍ പ്രചരിപ്പിച്ചത്.
മുഖ്താറിന്റെ ലൗകിക വിചാരങ്ങളൊന്നും മുഹമ്മദിനുണ്ടായിരുന്നില്ല. യസീദുബ്‌നു മുആവിയയും മര്‍വാനുബ്‌നുല്‍ഹകമും മരണപ്പെട്ട ശേഷം ഇറാഖിലെയും ഹിജാസിലെയും ജനങ്ങള്‍ അബ്ദുല്ലാഹിബ്ന്‍ സുബൈര്‍(റ)വിനെ ഖലീഫയാക്കി അവരോധിച്ചെങ്കിലും മലിക്ബ്‌നു മര്‍വാന്‍ സ്വയം ഖിലാഫത് പ്രഖ്യാപിച്ച് ശാമിലെ ജനങ്ങളോട് തന്നെ ബൈഅത് ചെയ്യാന്‍ ആവശ്യപ്പെട്ടു. കലുഷമായ ആ സാഹചര്യത്തില്‍ രണ്ടുപേരെയും ബൈഅതുചെയ്യാതെ അകലം പാലിക്കുകയായിരുന്നു മുഹമ്മദ്. മുഖ്താര്‍ തന്റെ പേരില്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അദ്ദേഹമറിഞ്ഞത് വൈകിയാണ്.
കൈസാനികളുടെ പ്രചരണം തെറ്റാണെന്നു തള്ളിപ്പറയാനും സത്യാവസ്ഥ വിശദീകരിക്കാനും അദ്ദേഹം സര്‍വ്വാത്മനാ മുന്നോട്ടുവന്നു. എന്നാല്‍ അപ്പോഴേക്കും മുഖ്താറിന്റെ സംഘം വളരെയധികം മുന്നോട്ടുപോവുകയും മുഹമ്മദിന്റെ വാക്കുകളെ എതിര്‍ക്കാനും പ്രതിരോധിക്കാനും ആവശ്യമായ ശക്തി കാണിക്കുവാന്‍ മാത്രം പ്രസ്ഥാനവത്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു.
കൈസാനികളുടെ പ്രധാന വാദഗതികളെ ഇങ്ങനെ സംക്ഷിപ്തപ്പെടുത്താം. ഒന്ന്: യോഗ്യതയനുസരിച്ച് നാലാമത്തെ ഇമാം മുഹമ്മദ് തന്നെയാണ്. അലി, ഹസന്‍, ഹുസൈന്‍ എന്നിവരാണ് ഒന്നും രണ്ടും മൂന്നും ഇമാമുമാര്‍.
രണ്ട്: ഇമാമായി വരുന്നവര്‍ പാപസുരക്ഷിതരും വിശുദ്ധരുമായിരിക്കും. ഇലാഹികമായ പ്രത്യേകവിജ്ഞാനത്താല്‍ വിഭൂഷിതനായിരിക്കും.
മൂന്ന്: മുഹമ്മദ് (ഹനഫിയ്യയുടെ മകന്‍) യഥാര്‍ത്ഥത്തില്‍ മരണപ്പെട്ടിട്ടില്ല. മദീനയുടെ പ്രാന്തത്തിലുള്ള രിള്‌വാ പര്‍വതത്തില്‍ അപ്രത്യക്ഷനായതാണ്. തേനിന്റെയും വെള്ളത്തിന്റെയും രണ്ട് അരുവികള്‍ അദ്ദേഹത്തിനടുത്തുണ്ട്. ഒരു നിശ്ചിത കാലമാകുമ്പോള്‍ അദ്ദേഹം മടങ്ങിവരും.
നാല്: അല്ലാഹുവിന്റെ അനാദിയായ തീരുമാനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ആ മാറ്റങ്ങള്‍ അവന്‍ തന്നെ ഉണ്ടാക്കുന്നതാണ്. ഇതിനെ ബദാഅ് എന്ന് വിളിക്കുന്നു.
അഞ്ച്: ആത്മാവ് ഒരു ശരീരത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് മറ്റൊന്നിലേക്ക് പരകായ പ്രവേശം നടത്താം. അങ്ങനെ രണ്ടാമത് ചേക്കേറുന്നത് മറ്റേതെങ്കിലും മൃഗവുമാവാം.
ഇസ്‌ലാമിക ഭൂമികയെക്കാള്‍ ഹിന്ദുമതത്തിലെ സിദ്ധാന്തം പോലുള്ള ആശയങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നവര്‍ക്കിടയിലാണ് കൈസാനികള്‍ക്ക് സ്വാധീനം ഉണ്ടായിരുന്നത്. ഖുറാസാന്‍, തുര്‍ക്കിസ്ഥാന്‍ പോലെയുള്ള പ്രദേശങ്ങളിലാണ് ഇവര്‍ പ്രചാരം നേടിയത്. പില്‍ക്കാലത്ത് അഭിപ്രായ ഭിന്നതകള്‍ കാരണം അനേകം കക്ഷികളായി കൈസാനികള്‍ ചിതറി. ഇവരില്‍ ഹാശിമിയ, ബയാനി തുടങ്ങിയവര്‍ മാത്രമാണ് ഏതാനും കാലങ്ങളെ അതിജീവിച്ചത്.

മുഹമ്മദ്  സജീർ ബുഖാരി

Friday, 6 October 2017

ശീഇസത്തിന്റെ വേരുകൾ-1

                 



‘ഞാനും എന്റെ സ്വഹാബികളും പോയ വഴിയെ പോവുന്നവര്‍’ എന്നാണ് വിശ്വാസികളെ തിരുനബി(സ്വ) വിശദീകരിച്ചത്. സ്വാഭാവികമായും പൂര്‍വ പ്രവാചകരുടെയെല്ലാം കാലത്ത് അവരുടെ അനുയായികള്‍ക്ക് സംഭവിച്ചതുപോലെ ഭിന്നതയുടെയും വിയോജിപ്പിന്റെയും സ്വരങ്ങള്‍ തന്റെ സമുദായത്തിലും വരിക തന്നെ ചെയ്യുമെന്ന് ശിഷ്യന്മാരോട് പറഞ്ഞപ്പോഴാണ് അതില്‍ സ്വര്‍ഗപ്രാപ്തരായ വിജയികള്‍ ആരാണെന്ന് തിരുനബി വ്യക്തത വരുത്തുന്നത്. ഉത്തരാധികാരികളുടെ(ഖലീഫമാര്‍) യുഗം വിട്ടൊഴിയുന്നതിനുമുമ്പേ ആ ദീര്‍ഘദര്‍ശനം ചരിത്രത്തില്‍ പുലര്‍ന്നുകണ്ടു.

തിരുനബി(സ്വ)യും സ്വഹാബികളും പോയ വഴിയോട് ആദ്യമായി സംഘടിത രൂപത്തില്‍ പുറംതിരിഞ്ഞ് രംഗത്തുവന്നത് ഖവാരിജുകള്‍ ആയിരുന്നു. തീര്‍ത്തും രാഷ്ട്രീയപരമായ കാരണങ്ങളാലാണ് ഈ പ്രസ്ഥാനം ഉത്ഭവിച്ചത്. അലി(റ)വും മുആവിയ(റ)വും തമ്മില്‍ സ്വിഫ്ഫീനില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ വിശ്വാസികള്‍ തമ്മില്‍ കലഹിക്കുന്നത് ഒഴിവാക്കാന്‍ മധ്യസ്ഥരും വിധികര്‍ത്താക്കളുമാക്കി അബൂമൂസല്‍ അശ്അരി(റ)വിനെയും അംറുബ്‌നുല്‍ ആസ്വ്(റ)വിനെയും നിശ്ചയിക്കാന്‍ അലി(റ) തീരുമാനിച്ചു. കലഹങ്ങള്‍ ഒഴിവാക്കുക എന്ന സദുദ്ദേശ്യമാണ് അലിയാര്‍ക്കുണ്ടായിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ‘ലാ ഹുക്മ ഇല്ലാ ലില്ലാഹ്- അല്ലാഹുവിനല്ലാതെ വിധികര്‍തൃത്വമില്ല’ എന്നുപറഞ്ഞ് കുറച്ചാളുകള്‍ സംഘടിക്കുകയുണ്ടായി. ഇവരാണ് ഖവാരിജ്. ഭരണാധികാരിക്കെതിരെ കലാപത്തിന് പുറപ്പെടുന്നതിനെയാണ് സാങ്കേതികമായി ഖുറൂജ് എന്ന് പറയുക. പുറപ്പെടുന്നവന്‍ ഖാരിജ്. അതിന്റെ ബഹുവചനമാണ് ഖവാരിജ്. കൂഫയിലെ ഹറൂറ പ്രദേശത്തുവെച്ച് അലിയാര്‍ക്കെതിരെ യുദ്ധം നടത്താന്‍ മാത്രം ഇവര്‍ ധൃഷ്ടരായി. ഈ സാഹചര്യത്തില്‍ അലിയാരോട് ആഭിമുഖ്യം കാട്ടിയിരുന്നവരും സ്വിഫ്ഫീന്‍, ജമല്‍ സംഘട്ടനങ്ങളില്‍ അദ്ദേഹത്തിന്റെ പക്ഷത്തുനിന്ന് പോരാടിയവരും ശീഅതു അലി(അലി പക്ഷം) എന്നറിയപ്പെട്ടു. ഇവര്‍ വഴിതെറ്റിയവരായിരുന്നില്ല. എന്നാല്‍, ഇവര്‍ക്ക് അലി(റ)വിനോടും അഹ്‌ലുബൈത്തിനോടും ഉണ്ടായിരുന്ന സ്‌നേഹാദരവ് മുതലെടുത്ത് ചില സ്വാര്‍ത്ഥ താത്പര്യക്കാര്‍ രംഗത്തുവന്നു. അതാണ് ശീഇസത്തിന്റെ തുടക്കം.
സബഇന്റെ മകന്‍ അബ്ദുല്ലയാണ്(അബ്ദുല്ലാഹിബ്ന്‍ സബഅ്) വാസ്തവത്തില്‍ ശീഇസത്തിന്റെ ഉപജ്ഞാതാവ്. ഉസ്മാന്‍(റ) ഖലീഫയായിരുന്ന ഘട്ടത്തില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നയാളായിരുന്നു അബ്ദുല്ല. പേര്‍ഷ്യന്‍ വംശജനായിരുന്ന ഇദ്ദേഹം വേഷഭൂഷാദികളില്‍ മാത്രമാണ് ഇസ്‌ലാമിനെ സ്വീകരിച്ചത്. മുസ് ലിം സമൂഹ ഗാത്രത്തില്‍ കയറിപ്പറ്റി ഭിന്നത സൃഷ്ടിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അധികം താമസിയാതെ തന്നെ ബോധ്യപ്പെട്ടു.

ഖവാരിജുകള്‍ അലി(റ)വിനെതിരായ സന്ദര്‍ഭത്തില്‍ ശീഅതു അലിയുടെ നിലപാടുകളെ വൈകാരികമായി സ്വാധീനിക്കാനാണ് അബ്ദുല്ല തുനിഞ്ഞത്. അങ്ങനെ അലി പക്ഷക്കാരനായി ചമഞ്ഞ് രംഗത്തെത്തുകയും അലിയാരെ പരിധിവിട്ട് പുകഴ്ത്തുകയും ചെയ്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ തുടക്കം. ഇസ്രയേല്‍ ജനത്തിലെ ഒരു വിഭാഗം എസ്ര ദൈവപുത്രനാണ് എന്ന് വാദിച്ചതുപോലെ, ക്രൈസ്തവര്‍ യേശു ദൈവപുത്രനാണെന്ന് വാദിച്ചപോലെ അലിയാരെ അതിമാനുഷനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തുകയുണ്ടായി. അലിയാരില്‍ ഇമാമത് ആദ്യമായി അധ്യാരോപിച്ചതും ഇദ്ദേഹമാണ്(അതേക്കുറിച്ച് വഴിയേ വിശദമായി പറയാം). മുഹമ്മദ് നബി(സ്വ) മരണപ്പെട്ടിട്ടില്ലെന്നും അപ്രത്യക്ഷനായിരിക്കുക മാത്രമാണെന്നും വാദിച്ചുകൊണ്ടാണ് ഇയാള്‍ തന്റെ വാദഗതികള്‍ തുടങ്ങിവെച്ചത്. മുഹമ്മദ് നബി(സ്വ) ഈസാ(അ)യെക്കാള്‍ ശ്രേഷ്ഠനാണെന്നിരിക്കെ ഈസാ(അ)യുടെ പുനരാഗമനത്തില്‍ വിശ്വസിക്കുകയും മുഹമ്മദ് നബി(സ്വ) മരണപ്പെട്ടു എന്ന് അംഗീകരിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ല എന്ന് വാദിച്ച അബ്ദുല്ല ഈസാ(അ)യെപ്പോലെ മുഹമ്മദ് നബി(സ്വ)യും വീണ്ടും വരും എന്ന് പ്രചരിപ്പിച്ചു. ഇത് മൗലികമായി ഇസ്‌ലാമിക വിശ്വാസത്തിന് നേര്‍വിപരീതമായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ അലിയാരില്‍ ഇലാഹികത ഉണ്ടെന്ന അര്‍ത്ഥത്തില്‍ ‘അന്‍ത! ഇന്‍ത!!- അങ്ങ് അങ്ങുതന്നെയാണ്’ എന്നുവരെ ഇദ്ദേഹം പറയുകയുണ്ടായി എന്ന് രേഖകളുണ്ട്(നോക്കുക, അല്‍അജ്‌വ). ബതുദ്ദാമിഗ ഫിര്‍റദ്ദി അലല്‍ അഖാഇദിസ്സാഇഗ, പേ. 8).
ഈജിപ്തിലെ പാമര ജനങ്ങള്‍ക്കിടയിലാണ് അബ്ദുല്ല തന്റെ വാദങ്ങള്‍ പ്രചരിപ്പിച്ചത്. അലിയാരോടും നബികുടുംബത്തോടും നിഷ്‌കപടമായ സ്‌നേഹമുണ്ടായിരുന്ന അനേകം പുതുവിശ്വാസികള്‍ ഇദ്ദേഹത്തിന്റെ വാദങ്ങളില്‍ ആകൃഷ്ടരായി. അത് അദ്ദേഹത്തിന് ഊര്‍ജം പകര്‍ന്നു. അയാള്‍ അടുത്ത വാദം പുറത്തെടുത്തു. എല്ലാ പ്രവാചകന്മാര്‍ക്കും അവര്‍ വസ്വിയ്യത്ത് ചെയ്ത ഓരോ പിന്‍ഗാമികള്‍ ഉണ്ടായിട്ടുണ്ട്. മുഹമ്മദ് (സ്വ) വസ്വിയ്യത് ചെയ്ത പിന്‍ഗാമി അലിയാരാണ്. മുഹമ്മദ്(സ്വ) ഏറ്റവും ശ്രേഷ്ഠനും അന്ത്യപ്രവാചകനുമായതുപോലെ അലിയാര്‍ ഏറ്റവും ശ്രേഷ്ഠനും അവസാനത്തെവനുമായ പിന്‍ഗാമിയാണ്. തന്നെ അതിമാനുഷനായി ചിത്രീകരിച്ചുകൊണ്ടുള്ള വാദഗതികള്‍ തിരിച്ചറിഞ്ഞ അലിയാര്‍ അബ്ദുല്ലയെ ഇറാഖിലെ ടെസ്‌ഫോണിലേക്ക് നാടുകടത്തി.

ടെസ്‌ഫോണിലും അബ്ദുല്ല വെറുതെയിരുന്നില്ല. ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. ഇബ്‌നു മുല്‍ജിമിന്റെ കുത്തേറ്റ് ഖലീഫ അലി(റ) രക്തസാക്ഷിയായപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘കൊല്ലപ്പെട്ടത് അലിയല്ല. അലിയുടെ രൂപത്തിലുള്ള പിശാചാണ്. ഈസാനബിയെ ആകാശത്തേക്ക് ഉയര്‍ത്തിയ പോലെ അലിയും ആകാശത്തേക്ക് ആരോഹണം ചെയ്തിരിക്കുന്നു. ഈസാ(അ)യെ ശത്രുക്കള്‍ വധിച്ചു, ക്രൂശിച്ചു എന്ന് ജൂതന്മാരും ക്രിസ്ത്യാനികളും വാദിക്കുന്നതുപോലെ അലിയുടെ ശത്രുക്കളായ ഖവാരിജുകളാണ് അദ്ദേഹം കൊല ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പ്രചാരണം നടത്തുന്നത്. ഇടിനാദം അലിയുടെ ശബ്ദമാണ്. മിന്നല്‍പിണരുകള്‍ അദ്ദേഹം ചാട്ടവാര്‍ പ്രയോഗിക്കുന്നതാണ്. ഈസയെപ്പോലെ അലിയും ഒരുനാള്‍ ശത്രുനിഗ്രഹത്തിനായി ഇറങ്ങിവരും.’

അബ്ദുല്ലയുടെ തന്ത്രം വിജയിച്ചു. ധാരാളം സാധാരണക്കാര്‍ ഇതൊക്കെ ശരിയാണെന്ന് ധരിച്ചു. ശരിയായ ഇസ്‌ലാമിനും ഖവാരിജുകള്‍ക്കും പുറകെ പുതിയ ഒരു വിഭാഗംകൂടി രംഗത്തുദിച്ചു. ഇവരുടെ വിചിത്രമായ വാദഗദികളെ കുറിച്ച് വഴിയേ വിശദമായി സംസാരിക്കാം. സബഇയ്യാക്കള്‍ എന്നം ആദ്യകാല ഗ്രന്ഥരചയിതാക്കള്‍ പരിചയപ്പെടുത്തുന്ന ഈ വിഭാഗമാണ് ശീഇസത്തിന് നിലമൊരുക്കിയത്. എന്നാല്‍ ആധുനിക ശീഇകളില്‍ പലരും ശീഇസത്തിന് അബ്ദുല്ലയുമായി(അബ്ദുല്ലാഹിബ്‌നു സബഅ്) ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് ഒഴിയാറുണ്ട്. അതിലേറെ വിചിത്രമാണ് ആധുനിക അറബി സാഹിത്യകാരന്‍ ത്വാഹാ ഹുസൈന്‍ പറയുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ അല്‍ഫിത്‌നതുല്‍കുബ്‌റാ(കൊടും നാശം) എന്ന പേരിലറിയപ്പെടുന്ന ചില സംഗതികള്‍ക്ക് ഉസ്മാന്‍(റ)വിന്റെ കാലഘട്ടം സാക്ഷിയാവുകയുണ്ടായല്ലോ. അതേ ശീര്‍ഷകത്തില്‍ ത്വാഹാ ഹുസൈന്‍ രണ്ട് വാല്യങ്ങളിലായി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ഇതിലദ്ദേഹം വാദിക്കുന്നത് അബ്ദുല്ല(ഇബ്‌നു സബഅ്) എന്ന ഒരു വ്യക്തി ജീവിച്ചിരുന്നിട്ടേയില്ല എന്നാണ്. ചിലരുടെ സ്വാര്‍ത്ഥവാദങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള ഒരു സാങ്കല്‍പിക കഥാപാത്രമാണ് ഇബ്‌നുസബഅ് എന്നദ്ദേഹം വാദിക്കുന്നു. ഈ രണ്ട് വാദങ്ങളും വാസ്തവ വിരുദ്ധമാണ്. അബ്ദുല്ലയാണ് ശീഇസത്തിന് ബീജാവാപമിട്ടത് എന്ന് അനേകം ശീഈ പണ്ഡിതന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് ബ്‌നു ഉമറില്‍ കിശ്ശി എന്ന വിശ്രുതനായ ശീഈ പണ്ഡിതന്‍ രചിച്ച രിജാലുശ്ശീഅഃ(ശീഈ പണ്ഡിതന്മാര്‍) എന്ന ഗ്രന്ഥത്തില്‍ അബ്ദുല്ലയെ പരിചയപ്പെടുത്തുന്നതിങ്ങനെ: ‘പണ്ഡിതന്മാരായ ചിലര്‍ അബ്ദുല്ലാഹിബ്‌നു സബഅ് ആദ്യകാലത്ത് ജൂതനായിരുന്നുവെന്നും പിന്നീട് ഇസ്‌ലാം ആശ്ലേഷിച്ചതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അലി(റ)വിനെ സ്‌നേഹിച്ചു. ജൂതനായിരുന്നപ്പോള്‍ മൂസാ(അ) പ്രത്യേകം വസ്വിയ്യതു ചെയ്ത പിന്‍ഗാമിയാണ് യൂശഅ്ബിന്‍ നൂന്‍ എന്ന അതിരുവിട്ട വാദം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതുപോലെ റസൂലുല്ലാഹി(സ്വ)യുടെ വഫാതിനു ശേഷം അലി(റ)വിന്റെ സ്ഥാനമതാണെന്ന് അദ്ദേഹം വാദിച്ചു. അലി(റ)വിന് ഇമാമത് പദവി ഉണ്ടെന്ന് വാദിച്ച ആദ്യത്തെയാള്‍ അബ്ദുല്ലയാണ്. അതേ പ്രകാരം അലിയുടെ ശത്രുക്കള്‍ക്കെതിരെ അവരുടെ വാദഗതികളില്‍ നിന്ന് പൂര്‍ണമായും താന്‍ മുക്തനാണെന്ന് വാദിച്ച ആദ്യത്തെയാളും ഇദ്ദേഹം തന്നെ.’

അലിയാരോടുള്ള സ്‌നേഹം മാത്രമല്ല ആ സ്‌നേഹത്തിന്റെ മറവില്‍ സ്വഹാബികളെ ചീത്ത വിളിക്കുക എന്നതും ശിയാക്കളുടെ പ്രധാന സ്വഭാവമാണ്. നബി(സ്വ)ക്കു ശേഷം ഉത്തരാധികാരിയായി വരേണ്ടത് യഥാര്‍ത്ഥത്തില്‍ അലിയാരായിരുന്നുവെന്നും എന്നാല്‍ സിദ്ദീഖും ഉമറും ഉസ്മാനും(റ.ഹും) അനര്‍ഹരും അനധികൃതവുമായി അദ്ദേഹത്തിന്റെ അധികാരം തട്ടിപ്പറിച്ചെടുത്തതാണെന്നും ആരോപിക്കുകയും അതിന്റെ പേരില്‍ ആ മഹാത്മാക്കളെ ഭര്‍ത്സിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ വഴി. യഥാര്‍ത്ഥത്തില്‍ നുബുവ്വത്തിന്റെയും രിസാലത്തിന്റെയും അവകാശി അലിയാരായിരുന്നുവെന്നും വഹ്‌യുമായി വന്ന സന്ദര്‍ഭത്തില്‍ ജിബ്‌രീലിന് അബദ്ധം പിണഞ്ഞതിനാല്‍ ആളുമാറി മുഹമ്മദ്(സ്വ)ക്ക് നുബുവ്വത്ത് നല്‍കപ്പെടുകയാണ് ഉണ്ടായത് എന്നു വാദിക്കുന്ന ശിയാക്കളുമുണ്ട്. അലി(റ)വും അഹ്‌ലുബൈതും പ്രവാചകന്മാരെപ്പോലെ മഅ്‌സൂമുകള്‍(ഒരിക്കലും പാപം ചെയ്യാത്തവര്‍) ആണെന്ന വാദവും ഇവര്‍ക്കുണ്ട്. വിശ്വാസപരമായ ഇത്തരം ഉള്‍പ്പിരിവുകളെ കുറിച്ച് പിന്നീടെഴുതാം.

അല്ലാമാ യൂസുഫുന്നബ്ഹാനി(റ) രേഖപ്പെടുത്തുന്നു: ”തിരുനബി(സ്വ)യുടെ വഫാതു കഴിഞ്ഞ് ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ നിലവില്‍ വന്ന പ്രസ്ഥാനമാണ് റാഫിളികള്‍. വഞ്ചന, അധാര്‍മിക പ്രവര്‍ത്തനങ്ങള്‍, വിഭാഗീയത സൃഷ്ടിക്കല്‍ തുടങ്ങി തങ്ങളുടെ സകലമാന പ്രവര്‍ത്തനങ്ങളിലും ഇക്കൂട്ടര്‍ ജൂത നസ്വാറാക്കളുടെ വഴിയേയാണ് സഞ്ചരിച്ചത്. ആദ്യകാലത്ത് അറേബ്യയിലുണ്ടായിരുന്ന വഞ്ചകരായ ജൂതന്മാരായിരുന്നു ഇക്കൂട്ടര്‍. ആദ്യ കാലത്ത് യഹൂദിയായിരുന്ന, പിന്നീട് കൂഫയിലെ റാഫിളികളുടെ നേതാവായി മാറിയ അബ്ദുല്ല എന്നയാളായിരുന്നു അവരുടെ നേതാവ്. മുസ്‌ലിംകളെല്ലാം ഒരേ മനസോടെ വീക്ഷണപ്പൊരുത്തത്തോടെ ജീവിക്കുന്നത് അയാള്‍ കണ്ടു. അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും തദ്വാര ഐക്യവും ശക്തിയും ചോര്‍ത്തിക്കളയാനും അയാള്‍ പദ്ധതിയിട്ടു. അങ്ങനെയാണ് മുസ്‌ലിമായി ചമയാന്‍ തീരുമാനിച്ചത്. മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി കപടവിശ്വാസിയായി അയാള്‍ എല്ലാ നാട്ടിലുമെത്തി. കൂഫ, ബസ്വറ, ഇറാഖ്, പേര്‍ഷ്യ തുടങ്ങിയ നാടുകളിലെല്ലാം സഞ്ചരിച്ച് തന്റെ വാദങ്ങളിലേക്ക് ജനങ്ങളെ ക്ഷണിച്ചു. അവര്‍ക്ക് ശീഇകള്‍ എന്ന് പേരുവിളിച്ചതും അയാള്‍ തന്നെ. മുസ്‌ലിംകളോടുള്ള ശത്രുതയില്‍ ഗ്രൂപ്പിസം പ്രകടമാക്കിയ ആദ്യത്തെയാള്‍ ഇയാളായിരുന്നു. അലി(റ)വിനെയും അഹ്‌ലുബൈത്തിനെയും സ്‌നേഹിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു. ഒപ്പം അബൂബകര്‍, ഉമര്‍, ഉസ്മാന്‍(റ.ഹും) എന്നിവരോട് വിദ്വേഷം പുലര്‍ത്താനും അദ്ദേഹം ആഹ്വാനം ചെയ്തു”(നുജൂമുല്‍ മുഹ്തദീന്‍).

 മുഹമ്മദ്  സജീർ ബുഖാരി