ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label ഹജ്ജും മൗലവിയും ബാലേട്ടനും വഹാബീ തൗഹീദും. Show all posts
Showing posts with label ഹജ്ജും മൗലവിയും ബാലേട്ടനും വഹാബീ തൗഹീദും. Show all posts

Saturday, 29 August 2020

ഹജ്ജും മൗലവിയും ബാലേട്ടനും വഹാബീ തൗഹീദും

പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ചു മടങ്ങി വന്ന മൗലവിയും ക്ഷേത്ര സന്ദർശനം കഴിഞ്ഞു മടങ്ങുന്ന ബാലേട്ടനും കൂടി അങ്ങാടിമുക്ക് ബസ് സ്റ്റോപ്പിൽ വെച്ച് സന്ധിച്ചു. മൗലവിയുടെ യാത്ര സുഖകരമായിരുന്നു എന്നും കർമ്മങ്ങൾ എല്ലാം അനായാസം ചെയ്തു തീർക്കാൻ കഴിഞ്ഞു എന്നും അറിഞ്ഞപ്പോൾ ബാലേട്ടൻ സന്തോഷം പങ്കു വെക്കാൻ മറന്നില്ല. വിവിധ ചാനലുകളുടെ വാർത്താ, സ്പെഷല് കവറേജ് പ്രോഗ്രാമുകളിലൂടെ ഹജ്ജ് കർമ്മങ്ങൾ ആവർത്തിച്ചാവർത്തിച്ച് കാണാൻ കഴിഞ്ഞ കാര്യവും ബാലേട്ടൻ അനുസ്മരിച്ചു. സംഭാഷണം ഇങ്ങനെ തുടർന്നു :

ബാലേട്ടൻ : പിന്നെ, മൗലവി സാഹിബേ .. കർമ്മങ്ങളൊക്കെ ടിവിയിൽ കണ്ടപ്പോഴാണ് മനസ്സിലായത്. നമ്മുടെ ആളുകളും നിങ്ങളുടെ ആളുകളും തമ്മിൽ വലിയ വിത്യാസം ഒന്നുമില്ലെന്ന്.

മൗലവി : അതെന്താ ബാലേട്ടാ അങ്ങനെ തോന്നാൻ കാരണം?

ബാലേട്ടൻ : ഒന്നൂല്ല, മ്മളെ അമ്പലത്തിലെ പ്രതിഷ്ഠയെ ഞങ്ങൾ പ്രദക്ഷിണം വെക്കുന്നു. നിങ്ങളും തിരുഗേഹത്തെ പ്രദക്ഷിണം വെക്കുന്നു. കർമ്മങ്ങളിൽ എന്തൊരു പൊരുത്തം !!

മൗലവി : അങ്ങനെയല്ല ബാലേട്ടാ .. നിങ്ങൾ നിങ്ങളുടെ അമ്പലത്തിലെ പ്രതിഷ്ഠയെ ആരാധിക്കുമ്പോൾ ഞങ്ങൾ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുന്നു.

ബാലേട്ടൻ : അതൊക്കെ ശരിയായിരിക്കും. പക്ഷെ, ഞങ്ങൾ ഞങ്ങളുടെ പ്രതിഷ്ഠക്ക് മുന്നിൽ കൈ കൂപ്പി പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ തിരുഗേഹത്തിനു മുന്നിൽ കൈ ഉയർത്തി പ്രാർത്ഥിക്കുന്നു. പ്രാർത്ഥന അത് തന്നെയാണ് ആരാധന എന്നല്ലോ അന്ന് മൗലവി സാഹിബ് കവലയിൽ പ്രസംഗിക്കുമ്പോൾ പറഞ്ഞത്?

മൗലവി : ബാലേട്ടന് വിഷയം മനസ്സിലായില്ലെന്ന് തോന്നുന്നു. ഞങ്ങൾ ഏകദൈവ വിശ്വാസികൾ ആണല്ലോ? അഥവാ ഞങ്ങൾ ഒരേ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ.

ബാലേട്ടൻ : എന്നിട്ടാണോ ഈ പ്രദക്ഷിണവും ശിലാ പൂജയും ഒക്കെ?

മൗലവി : ശിലാ പൂജയോ? ബാലേട്ടൻ എന്തൊക്കെയാ ഈ പറയുന്നത്?

ബാലേട്ടൻ : മൗലവി സാഹിബ് ഒന്നും വിചാരിക്കരുത് ട്ടോ ... മ്മളു ടിവിയിൽ കണ്ട കാര്യം പറഞ്ഞതാണേ. കറുത്ത ശിലക്കു ചുറ്റും വലിയ ആൾക്കൂട്ടം തിക്കും തിരക്കും കൂട്ടുന്നു. ശിവ: ശിവ: ഇത് തന്നെയല്ലേ ശിലാ പൂജ? ന്നാലും വിത്യാസം ഉണ്ട്ട്ടോ. ഞങ്ങൾ പ്രതിഷ്ഠയെ തൊടാനൊന്നും പോകാറില്ല. മാറി നിന്ന് തൊഴുതു പോകാറാണ്. നിങ്ങളുടെ ആളുകൾ ആ കറുത്ത ശിലയെ ചുംബിക്കാൻ ഭയങ്കര തിക്കും തിരക്കും  ആണല്ലോ കാണിക്കുന്നത്?

മൗലവി : ബാലേട്ടാ. ഈ തിരുഗേഹവും കറുത്ത ശിലയും അല്ലാഹുവിന്റെ സൃഷ്ടികൾ മാത്രമാണ്. ഞങ്ങൾ അവയെ ആരാധിക്കുന്നില്ല. മറിച്ച് ഏക ദൈവമായ അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്.

ബാലേട്ടൻ : ആരാധിക്കുന്നില്ല എന്ന് വെച്ചാൽ? എന്തൊരു ഭക്തിയാണ് ആ ആളുകളുടെ മുഖത്ത്. അവർ പ്രദക്ഷിണം വെക്കുമ്പോഴും ശിലയെ സമീപിക്കുമ്പോഴും ഒക്കെ എന്തൊരു ഭക്തി പാരവശ്യമാണ് അവരുടെ മുഖത്ത് കളിയാടുന്നത്? ഞങ്ങൾ പ്രദക്ഷിണം വെക്കുമ്പോൾ അത് ബഹുദൈവആരാധനയും പ്രതിഷ്ഠക്ക് മുന്നിൽ കൈ കൂപ്പുമ്പോൾ അത് ശിലാ പൂജയും ആവുകയും നിങ്ങൾ ഇതൊക്കെ ചെയ്യുമ്പോൾ അത് ഏക ദൈവ ആരാധനയും ആകുന്നത് എങ്ങനെ? ഈ ബാലേട്ടന് തീരെ മനസ്സിലാകൂണ്ല്ല ട്ടോ ...

മൗലവി: അത് ബാലേട്ടാ. തിരുഗേഹവും ശിലയും ഒന്നും ഞങ്ങൾക്ക് ദൈവമല്ല. ഞങ്ങൾ അവയെ ദൈവത്തിന്റെ സൃഷ്ടികൾ ആയാണ് കാണുന്നത്. ആരാധിക്കുന്നത് അല്ലാഹുവിനെ മാത്രം. പ്രാർത്ഥിക്കുന്നത് അവയെ മുൻ നിറുത്തി അല്ലാഹുവിനോട് മാത്രം.

ബാലേട്ടൻ: അപ്പൊ അന്ന് മൗലവി സാഹിബ് കവലയിൽ വെച്ച് പറഞ്ഞത്? അല്ലാഹുവിനോട് ആർക്കും എപ്പോഴും നേരിട്ട് പ്രാർത്ഥിക്കാം. ഒരു ഇടയാളനെയും ആവശ്യമില്ലെന്ന്? ഇവിടെ പ്രാർത്ഥിക്കാൻ എന്തിനാ ഒരു തിരുഗേഹം? ഒരു കല്ല്  ?

മൗലവി : അത്, ബാലേട്ടാ ... ബാലേട്ടന് ഞാൻ പറഞ്ഞത് മനസ്സിലായില്ലെന്ന് തോന്നുന്നു.

ബാലേട്ടൻ : ഇല്ല, മനസ്സിലായില്ല. ആകെ കണ്ഫയൂഷനും ആയി. മ്മളെ വടക്കേലെ അബ്ദുല്ല ഹാജിയും അപ്പുറത്തെ കാസിം കാക്കയും മമ്പുറത്ത് പോയാൽ മൗലവി പറയും അവർ ബഹുദൈവ വിശ്വാസികൾ ആണെന്ന്. അവരും ഏക ദൈവത്തെ മാത്രമാണ് ആരാധിക്കുന്നത്. മമ്പുറത്തെ തങ്ങളുപ്പാപ്പ സൃഷ്ടി മാത്രമാണെന്നാ അവരും പറേണത്.

മൗലവി : ബാലേട്ടാ, ദർഗ്ഗകളിൽ പോകുന്നതും അമ്പലത്തിൽ പോകുന്നതും ഒക്കെ ബഹുദൈവ വിശ്വാസമാ. എന്നാൽ കഅബ ചുറ്റുന്നതോ ഞങ്ങളെ ഹജറുൽ അസ്.വദ് ചുംബിക്കുന്നതോ ഒന്നും ബഹുദൈവ വിശ്വാസമല്ല. ഞങ്ങൾ ഏക ദൈവമായ അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്.

ബാലേട്ടൻ : എന്താ ഇപ്പറേണത്. ഞങ്ങൾ അമ്പലത്തിൽ ചെയ്യുന്നത് തന്നെയല്ലേ നിങ്ങൾ മക്കയിലും അവർ ദർഗയിലും ചെയ്യുന്നതും?

മൗലവി : ബാലേട്ടാ .. ആളുകൾ ചെയ്യുന്നത് നോക്കിയല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്.

ബാലേട്ടൻ : പിന്നെ?

മൗലവി : അവരുടെ വിശ്വാസം ആണ് മാനദണ്ഡം.

ബാലേട്ടൻ :  അപ്പോൾ പിന്നെ മമ്പുറത്ത് പോണോരെ വിശ്വാസം നോക്കാണ്ടാണല്ലോ നിങ്ങൾ കവലയിൽ പ്രസംഗിക്കാറ്‌. നിങ്ങൾ പറയുന്നു, കഅബയും ശിലയും സൃഷ്ടികൾ ആണെന്ന്. അവർ പറയുന്നു, മമ്പുറത്തെ തങ്ങളുപ്പാപ്പ സൃഷ്ടിയാണെന്ന്. അപ്പോൾ അവരും നിങ്ങളും ഒരേ വിശ്വാസക്കാരല്ലേ? ഞങ്ങൾക്ക് ഞങ്ങളുടെ പ്രതിഷ്ഠ ദൈവമാണ്. എന്നാൽ അവർക്ക് മമ്പുറത്തുള്ളത് ദൈവമല്ല. നിങ്ങൾക്കും തിരുഗേഹവും ശിലയും ദൈവമല്ല. പിന്നെന്തിനാ മൗലവി സാഹിബ് മമ്പുറത്ത് പോണോരെ ഇങ്ങനെ കുറ്റം പറയുന്നത്?

ബാലേട്ടന് ഒന്നും മനസ്സിലാവ്ണില്ലട്ടോ ...

മൗലവി : ബാലേട്ടാ, പുളിക്കലേക്ക് ബസ് വരാനായി   ... പിന്നെ കാണാം. 

N: B -എല്ലാം മനസ്സിലായ [!] വഹാബികൾ ,ശിർക്കിന്റെ കച്ചവടക്കുട്ട ഒരല്പനേരത്തേക്ക് ഇറക്കി വച്ച് - ഒരു പുനർ വിചിന്തനത്തിന് തയ്യാറാകട്ടെ!