ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Showing posts with label വഴിവിളക്കുകൾ- സിറാജ് ദിനപ്പത്രം. Show all posts
Showing posts with label വഴിവിളക്കുകൾ- സിറാജ് ദിനപ്പത്രം. Show all posts

Friday, 19 January 2018

ഉമ്മ പകര്‍ന്നു തന്ന പങ്കുവെപ്പുകളുടെ പാഠം

1980കളുടെ തുടക്കം. ദാരിദ്ര്യത്തില്‍ നിന്നും കൊടും പട്ടിണിയില്‍ നിന്നും കേരളം പതുക്കെ മൂരിനിവര്‍ന്ന് എഴുന്നേല്‍ക്കാന്‍ തുടങ്ങിയെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ ഉള്‍ഗ്രാമങ്ങളിലേക്ക് എത്തിത്തുടങ്ങിയിരുന്നില്ല. നാട്ടിന്‍പുറങ്ങളില്‍ ആകെയുള്ള തൊഴില്‍ നെല്‍കൃഷിയാണ്. അതുമായി ബന്ധപ്പെട്ട കന്നുപൂട്ടല്‍, വളത്തിന് വേണ്ടി പൊതക്കാടുകളും മരച്ചില്ലകളും വെട്ടി വയലിലെത്തിക്കല്‍, കറ്റ കടത്തല്‍, ഞാറ് നടല്‍, കള പറിക്കല്‍, നെല്ല് കൊയ്ത്ത്, മെതിക്കല്‍ തുടങ്ങിയവയാണ് സ്ത്രീകളുടെ ജോലി.

അമേരിക്കയില്‍ നിന്നോ മറ്റോ വരുന്ന കമ്പപ്പൊടി കൊണ്ടുള്ള ഉപ്പുമാവ് വിതരണം അംഗനവാടികളില്‍ വെച്ച് നടക്കുമ്പോള്‍ നീണ്ട ക്യൂ തന്നെ കാണാമായിരുന്നു. അന്നൊക്കെ വയറ് നിറയെ ചോറ് കഴിക്കണമെങ്കില്‍ ഏതെങ്കിലും മഹാന്മാരുടെ ആണ്ട് നേര്‍ച്ചകള്‍ വരണം. ജാതി മത വ്യത്യാസമില്ലാതെ ആണ്ടുപരിപാടികളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്യുമായിരുന്നു.
വിശപ്പിന്റെ വ്യഥയും വേദനയും എല്ലാവരും മനസ്സിലാക്കിയതുകൊണ്ട് ഉള്ളത് പരസ്പരം പങ്കുവെക്കാനും സഹായിക്കാനുമുള്ള സന്മനസ്സ് ഉണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ ചോലകളും കുളങ്ങളും തണ്ണീര്‍ തടങ്ങളും ധാരാളമുണ്ടായിരുന്നെങ്കിലും കിണറുകള്‍ എല്ലാവര്‍ക്കും നിര്‍മിക്കാന്‍ കഴിയുമായിരുന്നില്ല. പത്തും പതിനഞ്ചും വീട്ടുകാര്‍ ഒരേ കിണറില്‍ നിന്നും വെള്ളം കോരിയെടുക്കാനെത്തുമ്പോള്‍ ദുര്‍ബലര്‍ക്കും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ കോരിക്കൊടുക്കും. പലപ്പോഴും അയല്‍വാസിയുടെ അടുപ്പില്‍ നിന്നാകും തീ കൊളുത്തിയെടുക്കുക.
വല്ല കാര്‍ഷികോത്പന്നങ്ങളോ ചക്ക പോലുള്ള വിഭവങ്ങളോ വിളവെടുത്താല്‍ അയല്‍വാസികളുടെ എണ്ണമനുസരിച്ച് ഓഹരി ചെയ്ത് കുട്ടികളുടെ കൈയില്‍ കൊടുത്തയക്കുമായിരുന്നു. പരസ്പര പങ്ക് വെപ്പുകളുടെ പ്രായോഗിക പാഠങ്ങള്‍ ഇതിലൂടെ അന്നത്തെ രക്ഷിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കുകയായിരുന്നു. ഇന്ന് സാമ്പത്തിക സ്വയംപര്യാപ്തത നേടിയതോടെ അയല്‍ ബന്ധങ്ങളും സൗഹൃദങ്ങളുമൊക്കെ ഇല്ലാതായി.
ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം വിശപ്പ് മാറാന്‍ പന ഉത്പന്നങ്ങള്‍ കഴിക്കുന്ന കാലമായിരുന്നു. നാട്ടില്‍ പന മുറിക്കുന്ന വിവരമറിഞ്ഞാല്‍ ആബാലവൃദ്ധം ജനങ്ങള്‍ അവിടെ തടിച്ചുകൂടും. പനമ്പട്ട, പനമ്പാത്തി എന്നിവക്ക് വേണ്ടിയാകും പന മുറിച്ചിരിക്കുക. അതിനകത്തെ ചോറ് അടിക്കണക്കിന് വില്‍ക്കുന്നവരും വിശപ്പടക്കാന്‍ വെറുതെ കൊണ്ടുപോകുന്നവരുമുണ്ടായിരുന്നു.

ആദ്യം വെയിലിലിട്ട് നന്നാക്കി ഉണക്കി ശേഷം ഉലിലിലിട്ട് ഇടിച്ച് തുന്നിക്കെട്ടി പിഴിഞ്ഞ് വെള്ളം കളഞ്ഞാല്‍ നേര്‍ത്ത പൊടി കിട്ടും. ഇതുകൊണ്ട് പത്തിരി, പുട്ട്, ഒരുതരം ഹലുവ പോലെ വെരുകിയത് എന്നിവയൊക്കെ ഉണ്ടാക്കും. പനങ്കഞ്ഞിയും വിശേഷ വിഭവമായിരുന്നു. അന്നൊരു സായാഹ്‌നത്തില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത പനഹലുവയുണ്ടാക്കി ഉമ്മയുടെ നേതൃത്വത്തില്‍ ഞങ്ങളുടെ വലിയ കുടുംബം ഒന്നിച്ചിരുന്ന് കഴിക്കാനൊരുങ്ങുകയാണ്. അപ്പോള്‍ ഉമ്മ പറഞ്ഞു: ‘ആ പങ്കോടിയേയും മക്കളേയും ഇങ്ങ് വിളിച്ചോളൂ.’ ചെറപ്പത്തിലേ വിധവയാകേണ്ടിവന്ന, രണ്ട് മക്കളുള്ള ഒരു ഹൈന്ദവ സ്ത്രീയാണ് പങ്കോടി. ഇത് കേട്ടപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ പറഞ്ഞു: ‘ഈ നാട്ടുകാരെ മൊത്തം വിളിച്ചോളി.’
ഇതിനോട് ഉമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘മക്കളെ, അവര്‍ അച്ഛനില്ലാത്ത കുട്ടികളാണ്. അവരെ വിളിക്കാതെ തമ്മളിത് തിന്നാല്‍ പടച്ചോന്‍ പൊറുക്കൂലാ’. അന്ന് അവരുടെ വീട്ടില്‍ ഭക്ഷണമുണ്ടായിരുന്നില്ലെന്ന് ഉമ്മക്കറിയാമായിരുന്നു. മദ്‌റസകളില്‍ മാത്രം പഠിച്ച അന്നത്തെ ഉമ്മമാര്‍ക്ക് ഉണ്ടായിരുന്ന മനുഷ്യത്വത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്.

”എന്റെ കാലശേഷം നിങ്ങളെല്ലാം ബഹുദൈവാരാധകരായിപോകുമെന്ന് ഞാന്‍ ഭയക്കുന്നില്ല. സമ്പത്തിനു വേണ്ടിയുള്ള നിങ്ങളുടെ മത്സരത്തെയാണ് ഞാന്‍ ഭയപ്പെടുന്നത് ” എന്ന് ഒരിക്കല്‍ നബി(സ) പറഞ്ഞിരുന്നു. അതെത്ര ശരിയാണ്. സാമ്പത്തിക അഭിവൃദ്ധിയാണ് ബന്ധങ്ങളും കടപ്പാടുകളും ഒരുവേള വിശ്വാസങ്ങള്‍ പോലും വലിച്ചെറിയാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. വല്ലാതെ വഴിവിട്ടു സഞ്ചരിക്കുമ്പോഴാണ്, സ്രഷ്ടാവ് ദാരിദ്ര്യവും ദുരന്തങ്ങളും നല്‍കി നമ്മെ പരീക്ഷിക്കുക. ഓഖി കൊടുങ്കാറ്റ് കേരളത്തിന്റെ തീരദേശങ്ങളില്‍ ഒന്നാഞ്ഞു വീശിയപ്പോള്‍ ജാതിയും മതവും വര്‍ഗവും പറഞ്ഞ് കലഹിച്ചവര്‍ എല്ലാം മറന്ന് മനുഷ്യരായതും പരസ്പരം സഹായികളും രക്ഷകരുമായതും നാം കണ്ടു. ക്ഷേമകാലത്തും ഈ സഹകരണവും ഒരുമയും നിലനിര്‍ത്താനായാല്‍ ഇത്തരം പരീക്ഷണങ്ങളുടെ ആവശ്യം വരില്ല.

റഹ്മത്തുല്ലാഹ് സഖാഫി എളമരം
January 19, 2018
സിറാജ് ദിനപ്പത്രം

Friday, 22 December 2017

മുന്നൊരുക്കത്തോടെ തിരുനബിയുടെ അന്ത്യയാത്ര

മറ്റേതൊരു പ്രവാചകനെയും പോലെ മുത്ത് നബി(സ)യെയും മരണം തേടിയെത്തുമെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. അസ്സുമര്‍ 30,31, അല്‍ അന്‍ബിയാഅ് 34,35, ആലുഇംറാന്‍ 144 എന്നിവ ഉദാഹരണം. ഹജ്ജത്തുല്‍ വിദാഇല്‍ സൂറ അന്നസ്ര്‍ ഇറങ്ങിയതോടെ തന്റെ വഫാത്ത് അടുത്തതായി നബി(സ) മനസ്സിലാക്കുകയും പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം നടത്തുകയും ചെയ്തു.
തന്റെ വഫാത്ത് സ്വശരീരത്തെക്കാളും തന്നെ സ്‌നേഹിക്കുന്ന അനുയായികള്‍ക്ക് താങ്ങാന്‍ കഴിയില്ല എന്നറിയാവുന്ന നബി(സ) കൃത്യമായ സൂചനകളിലൂടെ ആ യാഥാര്‍ഥ്യം അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗം അതിന്റെ ഒരു സൂചനയായിരുന്നെങ്കില്‍, മിനയില്‍ വെച്ച് അവിടുന്ന് പറഞ്ഞു: നിങ്ങളുടെ ഹജ്ജ് കര്‍മം എന്നില്‍ നിന്ന് കണ്ടുപഠിക്കുക. ഈ ഹജ്ജിന് ശേഷം ഞാന്‍ ഹജ്ജ് ചെയ്തുകൊള്ളണമെന്നില്ല.(മുസ്‌ലിം)

ഹജ്ജിന് വരുമ്പോള്‍ നൂറ് ഒട്ടകങ്ങളെ മദീനയില്‍ നിന്നും നബി(സ) കൊണ്ടുവന്നതില്‍ 63 എണ്ണം സ്വന്തം കൈകള്‍ കൊണ്ട് അറുത്ത് ദാനം ചെയ്തു. 63 വയസ്സാണ് തന്റെ ആയുസ്സ് എന്നും ഓരോ വയസ്സിനും ഓരോ ഒട്ടകം വീതം അറുക്കുകയാണ് എന്നും വ്യക്തമായ സൂചന നല്‍കുകയായിരുന്നു. അത് കഴിഞ്ഞ് ഹജ്ജിന്റെ ഭാഗമായുള്ള മുടിയെടുത്തപ്പോള്‍ അബൂ ത്വല്‍ഹ(റ)യെ അതേല്‍പ്പിച്ചുകൊണ്ട് സ്വഹാബികള്‍ക്ക് ആ തിരുകേശങ്ങള്‍ വിതരണം ചെയ്യാന്‍ പറഞ്ഞു(ബുഖാരി). തന്റെ വഫാത്തിന് ശേഷവും അനുയായികള്‍ക്ക് തബര്‍റുകിനു വേണ്ടി അവസരമൊരുക്കുകയായിരുന്നു അവിടുന്ന്. സാധാരണ അവസാന പത്തില്‍ മാത്രമായിരുന്നു റമസാനില്‍ ഇഅ്തികാഫ്. വഫാത്തായ വര്‍ഷം നടുവിലെ പത്തും കൂടി ഇഅ്തികാഫിരുന്നു. ഹജ്ജ് കഴിഞ്ഞ് മദീനയിലെത്തി പിന്നീട് ഇബാദത്തിലും പ്രാര്‍ഥനയിലും കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. ആ സ്വഫര്‍ മാസം ഒടുവിലെ ബുധനാഴ്ച ജന്നത്തുല്‍ ബഖീഇല്‍ ഒരു ജനാസ ഖബറടക്കി തിരിച്ചുവന്നപ്പോള്‍ കടുത്ത തലവേദനയും പനിയും ആരംഭിച്ചു. ബീവി ആഇശ(റ)യോട് തന്റെ അസുഖത്തെപ്പറ്റി നബി(സ) പറഞ്ഞു. പനി കൂടിക്കൂടി വന്നു. ഇടക്ക് ചെറിയ ഒരാശ്വാസം തോന്നിയപ്പോള്‍ അവിടുന്ന് ഉഹ്ദ് താഴ്‌വരയിലേക്ക് പുറപ്പെട്ടു. ധീരരക്തസാക്ഷികളായ ഹംസ(റ) അടക്കമുള്ള ശുഹദാക്കളെ സിയാറത്ത് ചെയ്തു. ജീവിച്ചിരിക്കുന്നവരോട് യാത്ര ചോദിക്കുന്നതുപോലെ അവരോട് യാത്ര പറഞ്ഞു. അവര്‍ക്ക് വേണ്ടി സുധീര്‍ഘമായി പ്രാര്‍ഥിച്ചു. ശേഷം പള്ളിയില്‍ തിരിച്ചെത്തി മിമ്പറില്‍ ഇരുന്നുകൊണ്ട് അവിടുന്ന് പറഞ്ഞു: ” ഞാന്‍ നിങ്ങള്‍ക്കൊരു മുന്‍വിരുന്നുകാരനാണ്. നിങ്ങളുടെ മേല്‍ ഞാന്‍ സാക്ഷിയായിരിക്കും. എന്റെ ഹൗളുല്‍ കൗസര്‍ ഞാനിതാ കണ്‍മുമ്പില്‍ കാണുന്നു. എന്റെ ശരീരം ആരുടെ നിയന്ത്രണത്തിലാണോ അവനാണ് സത്യം, എന്റെ കാലശേഷം നിങ്ങള്‍ ശിര്‍ക്ക് ചെയ്യുന്നവരായി മാറുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല. ദുനിയാവിന് വേണ്ടിയുള്ള നിങ്ങളുടെ മത്സരത്തെയാണ് ഞാന്‍ ഭയപ്പെടുന്നത്.(ബുഖാരി)

രോഗസമയത്തും ഊഴമനുസരിച്ച് ഭാര്യമാരുടെ വീടുകളില്‍ മാറിമാറി താമസിക്കുകയായിരുന്നു. ഇടക്ക് നബി(സ) ചോദിക്കുന്നുണ്ടായിരുന്നു, നാളെ ഞാന്‍ ഏത് വീട്ടിലാണ്? ചോദ്യത്തിന്റെ താത്പര്യം മനസ്സിലാക്കിയ ഭാര്യമാര്‍ നബി(സ)യെ ആഇശബീവിയുടെ വീട്ടിലാക്കാന്‍ തീരുമാനിച്ചു. ഇനി അസുഖം ഭേദമാകുന്നത് വരെ അവിടെ നില്‍ക്കട്ടെ. പനി ശക്തിയാര്‍ജിച്ചു. തൊട്ടാല്‍ പൊള്ളുന്ന പനി.
അപ്പോള്‍ നബി(സ) ഒരസാധാരണ ചികിത്സ നിര്‍ദേശിച്ചു. ഏഴു കിണറുകളില്‍ നിന്നും ഏഴ് പാത്രം വെള്ളം കൊണ്ടുവരിക. സ്വഹാബികള്‍ വെള്ളത്തിനായി ഓടി. ഭാര്യമാര്‍ ചേര്‍ന്ന് നബി(സ)യെ ആ വെള്ളം കൊണ്ട് കുളിപ്പിച്ചു. നേരിയ ഒരാശ്വാസം. തല ഒരു തുണി കൊണ്ട് വരിഞ്ഞുകെട്ടി നബി(സ) പള്ളിയിലേക്ക് നീങ്ങി. നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ശേഷം ഒരു ചെറിയ പ്രഭാഷണം നടത്തി. ”അല്ലാഹു ഒരടിമക്ക് ഭൗതിക ലോകമോ പാരത്രിക ലോകമോ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ആ അടിമ പാരത്രിക ലോകം തിരഞ്ഞെടുത്തിരിക്കുന്നു”. ഇത് നബി(സ)യെ കുറിച്ച് തന്നെയാണെന്ന് മനസ്സിലാക്കിയ അബൂബക്കര്‍(റ) പൊട്ടിക്കരഞ്ഞു. അന്നേക്ക് അസുഖം ബാധിച്ച് ഒമ്പത് ദിവസം പിന്നിട്ടിരുന്നു. പിന്നീട് പള്ളിയിലെത്തി നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പ്രയാസം വന്നപ്പോള്‍ അബൂബക്കര്‍(റ)നെ ഇമാമത്ത് ഏല്‍പ്പിച്ചു. അതുവഴി തന്റെ പിന്‍ഗാമിയെ നബി(സ) തന്നെ നിശ്ചയിക്കുകയായിരുന്നു. ശേഷം ഒറ്റപ്പെട്ട ചില വഖ്തുകളില്‍ നബി(സ) തന്നെ നിസ്‌കരിച്ചിരുന്നു. മൊത്തം 17 നിസ്‌കാരങ്ങള്‍ക്കാണ് നബി(സ)യുടെ കാലത്ത് സിദ്ദീഖ് (റ) നേതൃത്വം നല്‍കിയത്.

മകള്‍ ഫാത്വിമ(റ) രോഗബാധിതനായ മുത്ത് നബിയുടെ ചാരത്തിരിക്കുന്നു. തന്റെ മക്കളില്‍ ആകെ ജീവിച്ചിരിപ്പുള്ള ഒരേയൊരാള്‍. ആറു മക്കള്‍ തന്റെ മുന്നേ യാത്ര പോയി. ഫാത്വിമയെ അടുത്തേക്ക് വിളിച്ച് ചെവിയില്‍ എന്തോ സ്വകാര്യം പറഞ്ഞു. ബീവി പൊട്ടിക്കരഞ്ഞു. ഒന്നുകൂടി അടുത്തേക്ക് വിളിച്ച് വീണ്ടും അടക്കം പറഞ്ഞപ്പോള്‍ ഫാത്വിമ(റ) സന്തോഷത്തോടെ ചിരിക്കുന്നു. നബി(സ)യുടെ വഫാത്തിന് ശേഷം ആ സ്വകാര്യത ബീവി വെളിപ്പെടുത്തിയത് ഇങ്ങനെ: ആദ്യം പറഞ്ഞ രഹസ്യം ഞാന്‍ ഇന്ന് മരണപ്പെടും എന്നായിരുന്നു. അതാണ് ഞാന്‍ കരഞ്ഞത്. രണ്ടാമത് പറഞ്ഞ രഹസ്യം എന്റെ മരണശേഷം നമ്മുടെ കുടുംബത്തില്‍ നിന്നും ആദ്യം എന്നോടൊപ്പം ചേരുന്നത് നീയായിരിക്കുമെന്നാണ്. അതുകേട്ടാണ് ഞാന്‍ സന്തോഷിച്ച് ചിരിച്ചത്. സ്വന്തം മരണവാര്‍ത്ത കേട്ട് ചിരിച്ച ഫാത്വിമ(റ) നബി(സ)യുടെ വഫാത്ത് കഴിഞ്ഞ് ആറു മാസം മാത്രമേ ജീവിച്ചിരുന്നുള്ളൂ.
അന്നൊരു തിങ്കളാഴ്ചയായിരുന്നു. സുബ്ഹി ജമാഅത്തിനായി പള്ളി ജനനിബിഢമായി. അബൂബക്കര്‍(റ) മിഅ്‌റാബില്‍ കയറി നിന്ന് നിസ്‌കാരം തുടങ്ങുകയാണ്. റൂമിന്റെ വിരി നീക്കി മുത്ത് നബി(സ) എത്തിനോക്കി. തന്റെ അനുയായികള്‍ എല്ലാ കാര്യത്തിലും സ്വയം പര്യാപ്തത നേടിയതായി മനസ്സിലാക്കിയതിനാലാകണം ആ മുഖത്ത് പതിവില്‍ കവിഞ്ഞ സന്തോഷമുണ്ടായിരുന്നു.

നബി(സ)ക്ക് രോഗം സുഖപ്പെട്ടതായി പലരും മനസ്സിലാക്കി. അന്ന് ഉച്ചയോടടുത്ത സമയത്ത്, തിരുനബി(സ) ജനിച്ച അതേ തീയതിയില്‍, ഹിജ്‌റ യാത്ര മദീനയിലെത്തിയ അതേ ദിവസം റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച അന്ത്യദൂതര്‍ ഈ ലോകത്തോട് വിട ചൊല്ലി. ഇന്നാലില്ലാഹി…

റഹ്മത്തുല്ലാഹ് സഖാഫി എളമരം
 December 22, 2017

Friday, 15 December 2017

വസ്ത്രധാരണത്തിലെ നബി ദർശനം

കുപ്പായം ധരിക്കാതെ നബി(സ) തങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. അവിടുത്തേക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം ഖമീസ്(നീളക്കുപ്പായം) ആയിരുന്നുവെന്ന് ബീവി ഉമ്മുസലമ(റ) പറഞ്ഞിട്ടുണ്ട്. നബി(സ്വ) തല മറയ്ക്കാതെ നടക്കല്‍ അപൂര്‍വമായിരുന്നു. തൊപ്പി വെച്ച് അതിന് മുകളില്‍ തലപ്പാവ് ധരിക്കുക യായിരുന്നു പതിവ്.

മനുഷ്യരെ ഇതരജീവികളില്‍ നിന്ന് വ്യതിരിക്തനാക്കുന്ന ഒരു കാര്യമാണ് വസ്ത്രധാരണം. നാണം മറയ്ക്കുന്നതോടൊപ്പം, അഭിമാനം കാത്തുസൂക്ഷിക്കുന്നതിനും കൂടിയാണ് നാം വസ്ത്രം ധരിക്കുന്നത്. ഇതിലുപരി മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട അലങ്കാരവും വസ്ത്രം തന്നെയാണ്. ഉടയാടകളില്‍ വല്ല കറയോ പാടോ ചെളിയോ പുരണ്ടാല്‍ അത് മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും.


വസ്ത്രത്തിന് മനുഷ്യരുമായുള്ള ബന്ധം അഭേദ്യമാണ്. ജനിച്ച നാള്‍ മുതല്‍ ധരിക്കാന്‍ തുടങ്ങിയ വസ്ത്രം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും യാത്രയിലും നാട്ടിലും നമ്മോടൊപ്പമുണ്ടാകും. ഖബറകത്തെത്തിയാലും മറ്റെല്ലാവരും പിരിഞ്ഞുപോയാലും വസ്ത്രമാണ് കൂടെയുണ്ടാകുക. ഇതുകൊണ്ടാകണം, വസ്ത്രത്തിന്റെ കാര്യത്തിലും പ്രവാചകരുടെ കാഴ്ചപ്പാടുകള്‍ സമഗ്രവും ശാസ്ത്രീയവുമായി വിവരിക്കപ്പെട്ടത്.
വസ്ത്രത്തിന്റെ ഉപയോഗത്തില്‍ പ്രഥമ പരിഗണന നാണം മറയ്ക്കുക എന്നതിനാണ്. തൊഴില്‍ മേഖലയിലും മറ്റും നിരന്തരം ഇടപെടുന്ന പുരുഷന്‍ മുട്ടുപൊക്കിളിനിടയിലുള്ള ഭാഗങ്ങളാണ് നിര്‍ബന്ധമായും മറയ്‌ക്കേണ്ടത്. തുട മറയാത്ത നിക്കര്‍ ധരിച്ചാല്‍ മതിയാവില്ല. എന്നാല്‍, മാനവും കൂടി കാത്തുകൊണ്ടാകണം വസ്ത്രം ധരിക്കുന്നത്. അതിനാല്‍ പൂര്‍ണ വസ്ത്രം ധരിച്ചുകൊണ്ടായിരിക്കണം പുരുഷന്മാര്‍ നിസ്‌കാരം പോലുള്ളവ നിര്‍വഹിക്കുന്നതും മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതും. കുപ്പായം ധരിക്കാതെ നബി(സ) തങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. അവിടുത്തേക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം ഖമീസ്(നീളക്കുപ്പായം) ആയിരുന്നുവെന്ന് ബീവി ഉമ്മുസലമ(റ) പറഞ്ഞിട്ടുണ്ട്. പുരുഷന്മാര്‍ ഞെരിയാണിക്ക് താഴെ വസ്ത്രം ഇറക്കുന്നതിനെ നബി(സ) ശക്തമായി നിരോധിച്ചിട്ടുണ്ട്. അഹങ്കാരത്തോടെ ഇത് ചെയ്താല്‍ ഹറാമാണെന്നാണ് പണ്ഡിതമതം. ഇതു മനുഷ്യന്റെ ആരോഗ്യത്തെ കൂടി പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. നബി(സ)യുടെ കുപ്പായത്തിന്റെ കൈ മണികണ്ഠം വരെയായിരുന്നുവെന്ന് അസ്മാഅ് ബിന്‍ത് യസീദില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ താഴേക്ക് നീളുന്നത് പുരുഷന്മാര്‍ക്ക് നിരോധിക്കപ്പെട്ടതാണ്.

സമുറത്ത് ബിന്‍ ജുന്‍ദുബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസില്‍ ഇങ്ങനെ കാണാം: ‘റസൂലുല്ലാഹി(സ്വ) പറഞ്ഞു: നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. അതാണ് വൃത്തിയുള്ളതും നല്ലതും. നിങ്ങളില്‍ നിന്ന് മരണപ്പെടുന്നവരെ അതില്‍ കഫന്‍ ചെയ്യുകയും ചെയ്യുക’ മാലിന്യങ്ങളും മറ്റും പെട്ടെന്ന് കണ്ടെത്താനാകുന്നതിനാല്‍ വെള്ള വസ്ത്രമാണ് ആരോഗ്യകരം. ഇതുകൊണ്ടാണ് രോഗികളെ പരിചരിക്കുന്ന നഴ്‌സിംഗ് മേഖലയിലുള്ളവരെല്ലാം വെള്ള വസ്ത്രം ധരിക്കുന്നത്. ഏത് നിറമുള്ള വസ്ത്രവും ധരിക്കാമെങ്കിലും ജുമുഅക്ക് പോകുമ്പോഴെങ്കിലും ഒരു വെള്ള വസ്ത്രം ധരിക്കുന്ന ശീലം നമുക്കുണ്ടാകണം.

നബി(സ്വ) തല മറയ്ക്കാതെ നടക്കല്‍ അപൂര്‍വമായിരുന്നു. തൊപ്പി വെച്ച് അതിന് മുകളില്‍ തലപ്പാവ് ധരിക്കുകയായിരുന്നു പതിവ്. ജുമുഅ നിസ്‌കാരത്തിനും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കുമ്പോള്‍ തലപ്പാവിന് മുകളില്‍ തൈ്വലാസാന്‍ ധരിക്കുകയും തോളില്‍ രിദാഅ് പുതയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതിലൂടെ ഓരോ പദവിയിലെത്തുമ്പോഴും അതിനോട് അനുയോജ്യമായ വസ്ത്രം ധരിക്കണമെന്ന സന്ദേശമാണ് നബി(സ്വ) കൈമാറിയത്. ഇറുകിയ പാന്റ്‌സും നിതംബം മറയാത്ത കുപ്പായവുമായി ഒരിക്കല്‍ പോലും നബി(സ്വ) മിമ്പറില്‍ കയറിയിട്ടില്ല.
ഇടുങ്ങിയ വസ്ത്രം ധരിക്കുന്നത് നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഇത് രക്തത്തിന്റെ സുഖകരമായ സഞ്ചാരം തടസ്സപ്പെടുത്തി വേദനയും കടച്ചിലുമുണ്ടാക്കും. ഇറുകിയ അടിവസ്ത്രം ധരിച്ചാല്‍ പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ വരെ അത് ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
സ്ത്രീ പുരുഷനെ അപേക്ഷിച്ച് ദുര്‍ബലയാണ്. പുരുഷന്‍ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് സാധാരണ കേള്‍ക്കാറുള്ളത്. മറിച്ചുള്ള വാര്‍ത്തകള്‍ അത്യപൂര്‍വമാണ്. അതുകൊണ്ട് സുരക്ഷയുടെ ഭാഗമായി സ്ത്രീ അവളുടെ ശരീരം പൂര്‍ണമായും മറച്ചായിരിക്കണം പുറത്തിറങ്ങേണ്ടതെന്ന് പ്രവാചകര്‍ പഠിപ്പിച്ചു. മാംസളമായ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഞരമ്പ് രോഗികളെ ഇക്കിളിപ്പെടുത്തുന്നത് നല്ലതല്ലെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്? ശരീരത്തിന്റെ സൗന്ദര്യം പ്രകടപ്പിക്കുക എന്നത് സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നതാണ് പ്രശ്‌നം.
പുരുഷന്മാര്‍ സ്ത്രീ കോലം ചമയുന്നതും സ്ത്രീകള്‍ പുരുഷ വേഷം ധരിക്കുന്നതും തിരുനബി(സ്വ) നിരോധിച്ചിട്ടുണ്ട്. പ്രകൃതിപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം വസ്ത്രത്തിലൂടെയും ജാതിമത രാഷ്ട്രഭേദമന്യേ ലോകം പ്രകടിപ്പിച്ചു പോന്നിട്ടുണ്ട്. സ്ത്രീകള്‍ പുരുഷ വേഷം ധരിക്കലാണ് സ്ത്രീ ശാക്തീകരണം എന്ന ചിന്ത മറ്റൊരു മനോരോഗം മാത്രമാണ്. ആഗോളീകരണ കാലത്തും, സാംസ്‌കാരിക സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ഒഴുക്കിനെതിരെ നീന്താനുള്ള ആര്‍ജവമാണ് വസ്ത്രത്തിലും ഇസ്‌ലാമിന്റെ പ്രത്യേക രീതി ഉയര്‍ത്തിപ്പിടിക്കാനുള്ള സന്ദേശത്തിലൂടെ മുത്ത് നബി(സ്വ) നമുക്ക് കൈമാറിയത്.

അച്ചടക്കം, സമത്വം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി കലാലയങ്ങളിലും തൊഴില്‍ മേഖലകളിലുമെല്ലാം ഡ്രസ് കോഡുകളും യൂനിഫോമുകളും നിര്‍ദേശിച്ച് നടപ്പാക്കിയ ഇക്കാലത്ത്, മതം അച്ചടക്കത്തിന്റെ ഭാഗമായി നിര്‍ദേശിച്ച വസ്ത്രധാരണാ രീതി മാത്രം വലിച്ചെറിയാന്‍ അനാവശ്യ തിടുക്കം കൂട്ടുന്നവരുടെ ഉള്ളിലിരിപ്പ് ആര്‍ക്കും മനസ്സിലാകുന്നതാണ്.


റഹ്മത്തുറഹ്മത്തുല്ലാഹ് സഖാഫി എളമരം

 December 15, 2017 

Friday, 8 December 2017

തിന്നുന്നതിലെ തിരുചര്യ


അനക്കവും അടക്കവും ഒരുപോലെ അനുകരിക്കപ്പെടേണ്ട ഒരേഒരു നേതാവ് മുഹമ്മദുര്‍റസൂലുല്ലാഹ്(സ). ജീവിതത്തില്‍ പതിരില്ലാത്ത വ്യക്തിത്വം. ആ വിശുദ്ധ ജീവിതത്തിലെ ആഹാരം, ഭക്ഷണ രീതി എന്നീ കാര്യങ്ങളിലെ ഏതാനും ചില തിരു ചര്യകള്‍ നമുക്ക് പരിചയപ്പെടാം.
അനസ്(റ) പറയുന്നു: ഒരു ആഹാര പദാര്‍ഥത്തെയും നബി(സ) കുറ്റം പറയാറുണ്ടായിരുന്നില്ല. താത്പര്യമുണ്ടെങ്കില്‍ കഴിക്കും. ഇല്ലെങ്കില്‍ കഴിക്കാതിരിക്കും. ഭാര്യ ഏതുതരം ഭക്ഷണമുണ്ടാക്കിതന്നാലും കുറ്റപ്പെടുത്തുന്നവരും വയര്‍ നിറഞ്ഞാല്‍ ഭക്ഷണത്തെ നിസ്സാരപ്പെടുത്തുന്നവരുമൊക്കെ ഈ സ്വഭാവത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം.
നബി(സ)ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണങ്ങള്‍, വെളുത്തുള്ളി, സവാള എന്നിവ വേവിക്കാതെ തിന്നുന്നതും ഉടുമ്പിന്റെ മാംസം, ആടിന്റെ കിഡ്‌നി, ജനനേന്ദ്രിയം, മൂത്രസഞ്ചി, തുടങ്ങിയ മാംസാഹാരങ്ങളുമായിരുന്നു.(ഇബ്‌നുസ്സുന്നി).
തിരുനബി(സ)യുടെ ഇഷ്ടപ്പെട്ട ഭക്ഷണം മാംസാഹാരമായിരുന്നു. അത് കേള്‍വിശക്തി വര്‍ധിപ്പിക്കുമെന്നും ഭൂമിലോകത്തെയും ആകാശലോകത്തെയും ആഹാരങ്ങളുടെ നേതാവാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു.(അബുശ്ശൈബ)
പച്ചക്കറികളില്‍ നിന്നും നബി(സ)ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചുരങ്ങയായിരുന്നു.(നസാഇ) അത് തന്റെ സഹോദരന്‍ യൂനുസ് നബി(അ)യുടെ സസ്യങ്ങളില്‍ പെട്ടതായിരുന്നുവെന്നും നബി(സ) പറയുമായിരുന്നു. കറി വെക്കുമ്പോള്‍ ആഇശാ ബീവിയോട് നബി(സ) ഇപ്രകാരം പറയുമായിരുന്നു: ‘അതില്‍ ധാരാളം ചുരങ്ങകളിടുക. അത് ദുഃഖിതന്റെ മനസ്സിന് ശക്തി പകരും(അബൂബക്കറുശ്ശഫിഈ).
നബി(സ)യുടെ ഇഷ്ടപഴങ്ങള്‍ ഈത്തപ്പഴവും വത്തക്കയും മുന്തിരിയുമായിരുന്നു.(അബൂനുഐം). കക്കിരിയും ഈത്തപ്പഴവും കൂട്ടിയും ഉപ്പുചേര്‍ത്തും നബി(സ) കഴിക്കാറുണ്ടായിരുന്നു.(ബുഖാരി).
നിലത്തിരുന്നായിരുന്നു തിരുനബി(സ) ആഹാരം കഴിച്ചിരുന്നത്. ‘ഞാനൊരടിമയാണ്. അടിമകള്‍ ഭക്ഷണം കഴിക്കുന്നത് പോലെ മാത്രമേ ഞാന്‍ കഴിക്കുകയുള്ളൂ. അടിമ ഇരിക്കുന്നതുപോലെ മാത്രമേ ഞാന്‍ ഇരിക്കുകയുള്ളൂവെന്ന് പറയുകയും ചെയ്യുമായിരുന്നു. (മുസന്നഫ്)
നിലത്തിരുന്നു ഭക്ഷണം കഴിച്ചാല്‍ ആഹാരം അധികമായിപ്പോകുന്നത് നിയന്ത്രിക്കാനാകും. ഈ സമയത്ത് വയറ് മടങ്ങി നില്‍ക്കുന്നതിനാല്‍ എളുപ്പം വയറ് നിറഞ്ഞതായി അനുഭവപ്പെടും. പിന്നീട് എഴുന്നേല്‍ക്കുമ്പോള്‍ വയറിന് ആശ്വാസം ലഭിക്കും. മേശയിട്ട് ഇരുന്നാല്‍ ബനിയനില്‍ അരിയിട്ടപോലെ വയറ് വീര്‍ക്കുന്ന് നാമറിയില്ല. ബിസ്മി ചൊല്ലിയായിരുന്നു നബി(സ) ആഹാരം കഴിക്കാന്‍ ആരംഭിച്ചിരുന്നത്.
അമിതമായി ചൂടുള്ള ഭക്ഷണം അവിടുന്ന് കഴിക്കുമായിരുന്നില്ല. അതില്‍ ബറകത്തില്ലെന്നും അല്ലാഹു നമ്മോട് തീ തിന്നാന്‍ കല്‍പ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് ഭക്ഷണം തണുപ്പിക്കൂ എന്ന് അവിടുന്ന് പറയുമായിരുന്നു.(ബൈഹഖി). അമിതമായി തണുത്ത ആഹാരവും ബറകത്തില്ലാത്തതാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
മൂന്ന് വിരലുകള്‍ ഉപയോഗിച്ചായിരുന്നു നബി(സ) ഭക്ഷണം കഴിച്ചിരുന്നത്.(മുസ്‌ലിം) ചിലപ്പോഴൊക്കെ നാല് വിരല്‍ ഉപയോഗിക്കും. രണ്ട് വിരല്‍ കൊണ്ട് മാത്രം ഭക്ഷണം എടുത്തുകഴിക്കാറുണ്ടായിരുന്നില്ല. അത് പിശാചിന്റെ ഭക്ഷണ രീതിയാണെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു(ദാറഖുത്‌നി)
ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍, വിരല്‍ ഊമ്പുമായിരുന്നു. അത് ചുവന്നു തുടുക്കുന്നത് വരെ (മുസ്‌ലിം). ഭക്ഷണത്തിന്റെ അവസാനത്തേതിലാണ് കൂടുതല്‍ ബറകത്ത് എന്ന് നബി പറഞ്ഞിട്ടുണ്ട്.(ബൈഹഖി).
മാംസവും പത്തിരിയും കഴിച്ചാല്‍ നന്നായി കൈ കഴുകുകയും മുഖം കഴുകുകയും ചെയ്യും. മറ്റു ഭക്ഷണങ്ങള്‍ക്ക് ശേഷം കൈ തുടക്കുകയും ചെയ്യും. വെള്ളം വലിച്ചുകുടിക്കാതെ അല്‍പ്പാല്‍പ്പമായി ഊമ്പിക്കുടിക്കുന്ന രീതിയായിരുന്നു നബി(സ) യുടേത്. വെള്ളപ്പാത്രത്തില്‍ ശ്വാസം വിടാതെ ഓരോ ഇറക്ക് കുടിച്ചാലും പുറത്തേക്ക് ശ്വാസം വിടും.(ഹാകിം). ആഹാരം കഴിച്ചാല്‍ അല്ലാഹുവിന് സ്തുതി പറയുകയും ചെയ്യും.

Friday, 24 November 2017

റബീഇന്റെ വസന്തം

കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍, പണക്കാരന്റെ അടിമകളായി പാവെപ്പട്ടവര്‍ നരകിക്കുന്നു, മദ്യവും യുദ്ധവും ഹോബിയാക്കിയ ജനത, അടിമക്കച്ചവടം പ്രധാന വ്യാപാരം, വിചിത്രമായ ദൈവ സങ്കല്‍പ്പം, ഓരോ തറവാടിനും ഓരോ കുലദൈവങ്ങള്‍, വിശുദ്ധ കഅബയില്‍ മാത്രം 360 പ്രതിമകള്‍… ഇരുണ്ട യുഗമെന്ന് വിശേഷിപ്പിക്കപ്പെട്ട ആറാം നൂറ്റാണ്ടിന്റെ ഒരു ചെറിയ ചിത്രമാണിത്. അടിച്ചമര്‍ത്തപ്പെട്ടവരും കീഴാള ജനതയും ബുദ്ധിമരിക്കാത്ത നല്ല മനുഷ്യരും ഒരു സമുദ്ധാരകന് വേണ്ടി ദാഹിച്ചുവലഞ്ഞ വേഴാമ്പലിനെ പോലെ കാത്തിരുന്ന സമയം.

ക്രിസ്താബ്ദം 571 ഏപ്രില്‍ 23ന് വസന്തത്തിന്റെ മാസമായ വിശുദ്ധ റബീഉല്‍ അവ്വല്‍ 12ന് തിങ്കളാഴ്ച കാലം കാത്തിരുന്ന ആ തിരുജന്മം നടന്നു. അവാച്യമായ ഒരനുഗ്രഹം തന്നെയായിരുന്നു ആ തിരുപ്പിറവി. അല്ലാഹു തന്നെ പറഞ്ഞു: ‘തീര്‍ച്ചയായും തങ്ങളില്‍ നിന്നുതന്നെയുള്ള ഒരു പ്രവാചകനെ സത്യവിശ്വാസികള്‍ക്കായി നിയോഗിച്ചതു മൂലം വലിയ അനുഗ്രമാണ് അല്ലാഹു അവര്‍ക്ക് ചെയ്തിട്ടുള്ളത്. പ്രവാചകന്‍ അവര്‍ക്ക് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും സംസ്‌കാരമുള്ളവരാക്കി ത്തീര്‍ക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിന് മുമ്പ് അവര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു നിലകൊണ്ടിരുന്നത്. (ആലുഇംറാന്‍)
മനുഷ്യേതര ജീവികള്‍ക്ക് ജന്മവാസനയായിട്ടു തന്നെ അവരുടെ ജീവിതക്രമം അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്. കോഴികള്‍ക്കും ആടുകള്‍ക്കും ആനക്കുമെല്ലാം വ്യത്യസ്ത ജീവിത രീതിയുണ്ട്. ഇതൊന്നും ഒരു പുസ്തകത്തില്‍ നിന്നും വായിച്ചുപഠിച്ചതല്ല. കലാലയങ്ങളില്‍ നിന്നും അഭ്യസിച്ചതുമല്ല. അവ ഉണ്ടായ കാലം മുതല്‍ ഒരേ ക്രമത്തില്‍ തന്നെ ജീവിതം നയിക്കുന്നത് ആ ജന്മവാസനയുടെ ഭാഗമായിട്ടാണ്. മനുഷ്യര്‍ക്ക് ജീവിക്കേണ്ടത് എങ്ങനെയാണെന്ന വിവരം ജന്മസിദ്ധമായി ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് അവര്‍ പഠിക്കേണ്ടിവരുന്നത്. പുസ്തകവായനയും പാഠശാലയുമെല്ലാം മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്.

മനുഷ്യന് ജീവിതം പഠിപ്പിക്കാനും ആവശ്യമായ അറിവുകള്‍ കൈമാറാനും സ്രഷ്ടാവ് സ്വീകരിച്ച മാര്‍ഗം മനുഷ്യരില്‍ നിന്ന് തന്നെ പ്രത്യേകക്കാരായ പ്രവാചകന്മാരെ നിശ്ചയിച്ച് അവര്‍ക്ക് മലക്കുകള്‍ മുഖേന ദിവ്യസന്ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ്. ഇന്ന് മനുഷ്യന്‍ വികസിപ്പിച്ചെടുത്ത ഏതൊക്കെ അറിവുകളുണ്ടോ അവയെല്ലാം അടിസ്ഥാനപരമായി പരിശോധിച്ചാല്‍ ആദംനബി(അ) മുതല്‍ മുഹമ്മദ് നബി(സ)വരെയുള്ള പ്രവാചകന്മാര്‍ പഠിപ്പിച്ച കാര്യങ്ങളാണ്. സ്രഷ്ടാവിന്റെയും മനുഷ്യരുടെയും ഇടയിലുള്ള ദൂതന്മാരാണ് ഈ പ്രവാചകന്മാര്‍.
എല്ലാ പ്രവാചകന്മാരും സമ്പൂര്‍ണ മനുഷ്യരും ഒപ്പം അസാധാരണ മനുഷ്യരുമാണ്. മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് വഴങ്ങുന്നവരല്ല മാലാഖമാര്‍. അവരെ കാണാനും കേള്‍ക്കാനും പ്രത്യേകമായ അസാധാരണ കഴിവുകള്‍ വേണം. അവരില്‍ നിന്നാണ് ദിവ്യസന്ദേശങ്ങള്‍ സ്വീകരിക്കുന്നത്. അന്ത്യദൂതരായ മുഹമ്മദ് നബി(സ) അസാധാരണക്കാരായ അമ്പിയാക്കളിലെ അസാധാരണക്കാരനാണ്.
രക്ഷിതാക്കള്‍ മക്കളെ ആദ്യമായി പഠിപ്പിക്കേണ്ടത് മുത്ത് നബി(സ)യെ പറ്റിയാണ് എന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)വിന്റെ പരാമര്‍ശം വളരെ ശ്രദ്ധേയമാണ്. നമ്മള്‍ നബി(സ)ല്‍ വിശ്വസിക്കുന്നത് അല്ലാഹു കല്‍പ്പിച്ചിട്ടാണെന്ന് പറയുന്നത് ശരിയാണോ? അല്ലാഹു നമ്മോട് നേരിട്ട് സംവദിച്ചിട്ടേയില്ല. നമുക്കാര്‍ക്കും ഒരു വഹ്‌യും ഇറക്കിയിട്ടുമില്ല. ഒരു ഗ്രന്ഥവും നമ്മുടെ കൈയിലേക്ക് അവതരിപ്പിച്ചിട്ടുമില്ല. അല്ലാഹുവിന്റെ എല്ലാ ഇടപാടുകളും അവന്റെ ദൂതരായ നബി(സ) മുഖേനയാണ് നടന്നത്. അപ്പോള്‍ ആ നബി(സ)യിലൂടെ നമ്മള്‍ അല്ലാഹുവിനെ അറിയുകയാണ് ചെയ്തത്. അല്ലാഹുവിലൂടെ നബിയെ അറിഞ്ഞതല്ല.

നാം വിശ്വസിക്കുന്ന നാല്‍പ്പത്തിയൊന്ന് വിശേഷണങ്ങളുള്ള ഏകനും സര്‍വശക്തനുമായ അല്ലാഹിവിനെ നാം കണ്ടിട്ടില്ല. അവനില്‍ നിന്നും നാമൊന്നും കേള്‍ക്കുകയോ അവനെ സ്പര്‍ശിച്ചോ മണത്തോ രുചിച്ചോ അറിയുകയോ ചെയ്തിട്ടില്ല. ഈ സര്‍വശക്തനില്‍ നാം വിശ്വസിക്കുന്നത് അല്‍അമീനായ, ആയിരക്കണക്കിന് മുഅ്ജിസത്തുകള്‍ നല്‍കി ശക്തിപ്പെടുത്തപ്പെട്ട തിരുനബി(സ) പഠിപ്പിച്ചതുകൊണ്ടാണ്. മലക്കുകള്‍ എന്ന വിഭാഗമുണ്ടോ യെന്ന ഒരു സംശയം പോലും നമ്മുടെ വിശ്വാസത്തിന്റെ അടിവേരിനെ ബാധിക്കും. എന്നാല്‍, ഇന്നുവരെനാമാരും മലക്കുകളെ കണാതെ തന്നെ അവരുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നതും മുത്തു റസൂല്‍(സ) പറഞ്ഞുതന്നതുകൊണ്ടുമാത്രമാണ്. വിശുദ്ധ ഖുര്‍ആനില്‍ വിശ്വസിക്കുന്നതും സ്വര്‍ഗവും നരകവുമുണ്ടെന്ന് വിശ്വസിക്കുന്നതുമെല്ലാം തിരുനബി(സ) പറഞ്ഞതുകൊണ്ടാണ്.
ഇതുകൊണ്ടാണ് ഈമാന്‍ (വിശ്വാസം) എന്താണെന്ന് നിര്‍വചിച്ചപ്പോള്‍ ‘മുഹമ്മദ് നബി(സ) കൊണ്ടുവന്നതാണെന്ന് സ്ഥിരപ്പെട്ട എല്ലാ കാര്യങ്ങളെയും അംഗീകരിക്കുക’ എന്ന് പണ്ഡിതന്മാര്‍ പറയാന്‍ കാരണം. സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ നിഷേധിച്ചവനെയും മുസ്‌ലിമായി പരിഗണിക്കുകയില്ല. ഉദാഹരണത്തിന് ഒരാള്‍ നഖം മുറിക്കുന്നില്ലെങ്കില്‍ ഒരു നബി ചര്യയെ ഒഴിവാക്കി എന്നല്ലാതെ അയാള്‍ ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകില്ല. എന്നാല്‍, ആ സുന്നത്ത് ഞാന്‍ അംഗീകരിക്കില്ല എന്ന നിലപാടെടുത്താല്‍ അയാള്‍ നബി(സ)യെ നിരുപാധികം വിശ്വസിക്കാത്തതുകൊണ്ട് അയാളെ മുസ്‌ലിമായി ഗണിക്കപ്പെടുകയില്ല. ഇതാണ് ‘നബിയേ, അങ്ങനെ നാം നിയോഗിച്ചത് സാക്ഷിയായിട്ടും സുവിശേഷകനും താക്കീതുകാരനുമായിട്ടാണ് ‘ എന്ന ഖുര്‍ആന്‍ വചനത്തിന്റെ സാരം.
ഇസ്‌ലാം അല്ലാഹുവിന്റെ മതമാണെന്നതിനും ഖുര്‍ആന്‍ അവന്റെ കലാമാണെന്നതിനും മറ്റെല്ലാ വിശ്വാസ അനുഷ്ഠാന കാര്യങ്ങള്‍ക്കും നമുക്കുള്ള സാക്ഷിയും തെളിവും ആധാരവും മുഹമ്മദ് നബി(സ)യാണ്. ഇതുകൊണ്ടാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) മാതാപിതാക്കള്‍ ആദ്യമായി മക്കളെ പഠിപ്പിക്കേണ്ടത് തിരുനബി(സ)യെ കുറിച്ചാണെന്ന് പറഞ്ഞത്. ഈ വിശുദ്ധ റബീഇനെ മുത്ത് നബിയെ കൂടുതല്‍ പഠനത്തിനായി നമുക്ക് ഉപയോഗിക്കാം.


വഴി വിളക്കുകൾ/റഹ്മത്തുള്ള സഖാഫി എളമരം
SirajDaily - 24-11-2017

Friday, 17 November 2017

പ്രകോപിതരാകുന്ന പാറക്കല്ലുകള്‍

‘വിശ്വസിക്കുന്നവര്‍ക്ക് ഭൂമിയില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്’ എന്ന് വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവം ദര്‍ശിക്കാന്‍ ഭൂമി തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ജീവജാലങ്ങള്‍ക്ക് നിലനില്‍പ്പിനാവശ്യമായ എല്ലാ വിഭവങ്ങളും വളരെ ആസൂത്രിതമായി സംവിധാനിച്ചുവെച്ചതിന് പുറമെ, പുറത്തുനിന്ന് വന്നേക്കാവുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാനും വിദഗ്ധമായ മുന്നൊരുക്കങ്ങള്‍ ഈ ഭൂമിയില്‍ നടത്തിയിട്ടുണ്ട്.

കുന്നുകളും പര്‍വതങ്ങളും വന്‍മരങ്ങള്‍ മുതല്‍ കണ്ടല്‍കാടുകള്‍ വരെയുള്ള സസ്യലദാതികളും അന്തരീക്ഷ വായുവടക്കമുള്ള പ്രതിഭാസങ്ങളും ഈ പ്രതിരോധത്തിന്റെ ഭാഗമാണ്. അതി സങ്കീര്‍ണമായ ഈ സംവിധാനങ്ങള്‍ക്കിടയിലും മനുഷ്യനെ സംബന്ധിച്ചിടത്തോളം ഭൂമി ഒരു തൊട്ടില്‍ പോലെ സുഗവാസ കേന്ദ്രമാണ്. ഭൂമിയെ നാമൊരു തൊട്ടിലാക്കിയെന്നാണല്ലോ ഖുര്‍ആന്‍ വര്‍ണിച്ചത്.
എങ്കിലും ഭൂനിവാസികള്‍ക്ക് ഇതിന്റെ പിന്നില്‍ അജയ്യനായശക്തിയുണ്ട് എന്ന് ഓര്‍മിപ്പിക്കുന്നതിന് വേണ്ടി ചില ‘ഞെട്ടിപ്പിക്കലുകള്‍’ സ്രഷ്ടാവ് തന്നെ നടത്താറുണ്ട്. അതിലൊന്നാണ് ഭൂകമ്പം. ഏഴ് തട്ടുകളായുള്ള ഭൂഗോളത്തിന്റെ പുറം തോട് അവസാനിക്കുന്നത് മുപ്പത്തി അഞ്ച് കിലോമീറ്റര്‍ ഉള്ളിലാണത്രേ. അതിന് താഴെ ഭീമാകാരങ്ങളായ പാറകളാകുന്ന പ്ലേറ്റുകളിലാണ് ഓരോ ഭൂപ്രദേശങ്ങളും നിലകൊള്ളുന്നത്. ചില കല്ലുകളില്‍ ഒന്നിലേറെ ഭൂഖണ്ഡങ്ങളാണെന്ന് വരുമ്പോള്‍ ഓരോ പാറയുടെയും വലിപ്പം നമുക്ക് ഊഹിക്കാവുന്നതാണ്.
ഭൂമിയുടെ അടിഭാഗത്തേക്ക് പോകും തോറും ചൂടുകൂടിക്കൊണ്ടിരിക്കും. പാറയും ഇരുമ്പും ഉരുകി കുഴമ്പ് പരുവത്തിലാകും. അകം തിളച്ചുമറിയുന്ന ഈ അവസ്ഥയില്‍ തന്നെ ഭൂമി അതിന്റെ അച്ചുതണ്ടില്‍ മണിക്കൂറില്‍ 1683 കിലോമീറ്റര്‍ വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ കറക്കത്തിനിടയില്‍ അകത്തെ പാറപ്പാളികള്‍ സ്വാഭാവികമായും പരസ്പരം ഉരസുകയും കൂട്ടിയിടിക്കുകയും ചെയ്യും. ഇതിന്റെ പ്രകമ്പനമാണത്രേ നാമനുഭവിക്കുന്ന ഭൂകമ്പം.
വയറിന് വായുരോഗമുള്ള ഒരാളുടെ അവസ്ഥയാണ് എന്നും ഭൂമിക്ക്. അതിശക്തമായ സമ്മര്‍ദത്തില്‍ നിയന്ത്രിക്കാനാകാതെ ഏമ്പക്കമിടുന്നതുപോലെ, തിളച്ചുമറിയുന്ന കുക്കറില്‍ നിന്നും അടപ്പ് പൊങ്ങി നീരാവി ഒഴിഞ്ഞുപോകുന്നതുപോലെ, ഭൂമിക്കുള്ളില്‍ വിങ്ങിപ്പൊട്ടുന്ന പുകയും നീരാവിയും നിരന്തരം പുറത്തേക്ക് പോകുന്നുണ്ട്. ഇതിനായി സ്രഷ്ടാവ് തന്നെ ഭൂമിയില്‍ നിരവധി പുകക്കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യവാസമില്ലാത്ത ശാന്തസമുദ്രത്തിലെ ദ്വീപുകളിലൊന്നിലാണത്രേ ഇതില്‍ ഭൂരിഭാഗവുമുള്ളത്. പടച്ചവന്റെ മികച്ച ആസൂത്രണം തന്നെ. ഈ വായു ഒഴിഞ്ഞുപോകല്‍ കൃത്യമായി നടക്കുന്നതുകൊണ്ടാണ് ഭൂമി പൊട്ടിത്തെറിക്കാത്തത്. അല്ലെങ്കില്‍, കുക്കറിന്റെ മൂടി ഉയരാതിരുന്നാല്‍ ശക്തമായ സമ്മര്‍ദത്തില്‍ അത് പൊട്ടിത്തെറിക്കുന്ന പോലെ ഭൂമിയും ചിന്നിച്ചിതറുമായിരുന്നു.
ചിലപ്പോള്‍ അകത്തുനിന്നും നുരഞ്ഞുയരുന്ന വസ്തുക്കള്‍ പാറപ്പാളികളുടെ വിടവിലൂടെ പുറത്തേത്ത് തെറിക്കും. ഇതാണ് അഗ്നി പര്‍വതങ്ങളായി മാറുന്നത്. ഈ ഭൗതിക വ്യാഖ്യാനങ്ങള്‍ക്കപ്പുറം ഭൂകമ്പങ്ങളുടെയും പൊട്ടിത്തെറികളുടെയുമൊക്കെ പിന്നില്‍ സ്രഷ്ടാവിന്റെ ചില ഉണര്‍ത്തലുകള്‍ കൂടിയുണ്ടെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ”പാറയില്‍ ചിലത് ഉള്ളില്‍ നിന്ന് വെള്ളമൊഴുകുന്നതാണ്. മറ്റു ചിലത് വിള്ളല്‍ വീണ് അതിലൂടെ ജലം പ്രവഹിക്കുന്നതാണ്. മറ്റുചിലതാകട്ടെ, അല്ലാഹുവിനെ ഭയന്ന് നിലംപതിക്കുന്നതുമാണ്. അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അശ്രദ്ധനല്ല”(അല്‍ബഖറ)
പാറകള്‍ക്ക് തലച്ചോറുണ്ടോ എന്ന് സന്ദേഹിച്ച യുക്തിവാദികളുണ്ട്. വളരുന്ന ഭാഗത്ത് തടസ്സങ്ങളുണ്ടായാല്‍ മരങ്ങള്‍ ഒഴിഞ്ഞുമാറി വളരുന്നത് എന്തുകൊണ്ടാണ് എന്നതിന് ഉത്തരമന്വേഷിച്ചാല്‍ മനുഷ്യേതര ജീവികളള്‍ക്കും സസ്യലദാതികള്‍ക്കുമൊക്കെ അവയുടെതായ ഒരു തിരിച്ചറിവും ഉള്‍ക്കാഴ്ചയുമൊക്കെയുണ്ടെന്ന് ബോധ്യമാകും. മനുഷ്യന്‍ ഭൂമുഖത്തു വെച്ച് കാണിക്കുന്ന തോന്നിവാസങ്ങള്‍ കണ്ട് സഹിക്കാത്ത പാറകള്‍ ചിലപ്പോള്‍ പ്രകോപിതരായേക്കും. ചിലത് പൊട്ടിത്തെറിക്കും. മറ്റുചിലത് ശക്തമായി കുലുങ്ങും. ”നബി(സ) മദീനയില്‍ ഉഹ്ദ് പര്‍വതത്തിലിരിക്കുമ്പോള്‍ അത് ഇളകാന്‍ തുടങ്ങി. ഉടനെ നബി(സ) പറഞ്ഞു: ഉഹദ്, നീ അടങ്ങണം. അരാണ് നിന്റെ മുകളിലുള്ളത്? ഒരു പ്രവാചകനും ഒരു സിദ്ദീഖും രണ്ട് രക്തസാക്ഷികളുമാണ്”(ബുഖാരി) വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രവചനം പുലരുകയുണ്ടായി. ഉമര്‍(റ)വും ഉസ്മാന്‍ (റ)വും ധീരരക്തസാക്ഷിത്വം വരിച്ചു. നബി(സ)യുടെ മുഅ്ജിസത്ത് പുലരുകയും ചെയ്തുവെന്ന് ചരിത്രം.
കഴിഞ്ഞ ദിവസം ഇറാനിലും ഇറാഖിലുമായി നടന്ന ഭൂകമ്പത്തില്‍ ആയിരത്തോളം പേര്‍ മരിക്കുകയും എണ്ണായിരത്തോളമാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കോടികളുടെ വിലയുള്ള കെട്ടിടങ്ങളും പാര്‍പ്പിടങ്ങളും വ്യവസായ ശാലകളും തകര്‍ന്നു. ഇത്തരം ഭൂകമ്പങ്ങള്‍ തെമ്മാടിത്തരങ്ങളില്‍ എല്ലാം മറന്ന് അഭിരമിക്കുമ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയായി സംഭവിക്കുന്നതുമാകാം. തെറ്റുകാര്‍ ചിലര്‍ മാത്രമാണെങ്കിലും ഭൂമിയില്‍ ആപത്തിറങ്ങുമ്പോള്‍ അതില്‍ എല്ലാവരും അകപ്പെടുമെന്നും നിരപരാധികള്‍ക്ക് പകരം സ്വര്‍ഗം നല്‍കുമെന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
ഭൂമിയുടെ ഉറപ്പ് നോക്കി ഇവിടെ ഭൂകമ്പം വരില്ല എന്നു വിശ്വസിച്ച് ധൈര്യമായിരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഭൂകമ്പസാധ്യതാ ഭൂപടത്തില്‍ അത്യപൂര്‍വമായി മാത്രം സാധ്യത കല്‍പ്പിക്കുന്ന പ്രദേശമാണ് കേരളം. ഇടക്കിടക്ക് തരിപ്പും കുലുക്കവും നാമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ”ദുഷ്പ്രവൃത്തികള്‍ക്ക് കരുനീക്കുന്നവര്‍ അല്ലാഹു തങ്ങളെ ഭൂമിയിലേക്ക് താഴ്ത്തിക്കളയുന്നതിനെയോ അല്ലെങ്കില്‍ അപ്രതീക്ഷിത ഭാഗത്തുകൂടി ശിക്ഷ വരുന്നതിനെയോ നിര്‍ഭയമായി കഴിയുകയാണോ” (അന്നഹ്ല്‍) എന്ന അല്ലാഹുവിന്റെ മുന്നറിയിപ്പും താക്കീതും എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. സെക്കന്റുകള്‍ കൊണ്ട് എല്ലാം നശിച്ചുപോകുന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്നും അല്ലാഹുവില്‍ അഭയം തേടുക.

റഹ്മത്തുല്ലാഹ് സഖാഫി എളമരം
SirajDaily 2017/11/17

Thursday, 9 November 2017

സ്റ്റേജില്‍ സീറ്റ് പിടിക്കുന്നവരോട്

നമുക്ക് പല സഭകളിലും പങ്കെടുക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. അറിവ് പഠിക്കുക, ജുമുഅ ഖുതുബ ശ്രവിക്കുക, ദൈവസ്മരണക്കായുള്ള ദിക്‌റിന്റെ സദസ്സ്, നികാഹിന്റെ സദസ്സ് തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. ഇത്തരം ഘട്ടങ്ങളില്‍ നാം പാലിക്കേണ്ട ചില മര്യാദകളുണ്ട്.

വേദി ഒരുക്കുമ്പോള്‍ അല്‍പം വിശാലമായി തന്നെ സജ്ജീകരിക്കണം. സദസ്സ് തിങ്ങിനിറയാന്‍ വേണ്ടി ഇടുങ്ങിയ സ്ഥലത്തായാല്‍ ആ സദസ്സില്‍ നിന്നും ഉദ്ദേശിച്ച ഫലം ലഭിക്കില്ല. അല്‍പം സൗകര്യത്തോടെ ഇരിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് ഏകാഗ്രതയും ശ്രദ്ധയും ലഭിക്കുക. ‘സദസ്സില്‍ ഏറ്റവും ഉത്തമമായത് ഏറ്റവും വിശാലമായ മജ്‌ലിസാണ്'(അബൂദാവൂദ്) എന്ന തിരുവചനം ശ്രദ്ധേയമാണ്. വീണ്ടും വീണ്ടും അടുപ്പിച്ച് പരസ്പരം തൊട്ടുരുമ്മി ഇരിക്കേണ്ടിവന്നാല്‍ ആ സദസ്സിന്റെ ഫലം കുറയുമെന്ന് തീര്‍ച്ച.

നിസ്‌കാരത്തിന് വേണ്ടി ഒരുക്കിയ വേദിയില്‍ മുന്‍നിരയില്‍ സ്ഥലം പിടിക്കുന്നതാണ് ഉത്തമം. ഇത് നാട്ടുമൂപ്പന്മാര്‍ക്കോ മറ്റോ സംവരണം ചെയ്യപ്പെട്ടിട്ടില്ല. ആദ്യം എത്തിയ ആള്‍ക്ക് ആ സ്ഥലത്ത് ഇരിക്കാന്‍ അവകാശമുണ്ട്. പള്ളി പ്രസിഡന്റടക്കം വൈകിവന്നാലും അവര്‍ക്ക് ഒഴിഞ്ഞുകൊടുക്കേണ്ടതില്ല. ആദ്യം ഇരുന്നവരെ എഴുന്നേല്‍പ്പിക്കാനും പാടില്ല. തിരുനബി(സ) പറഞ്ഞു: നിങ്ങളില്‍ ഒരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ച് അവിടെ ഇരിക്കരുത്. എന്നാല്‍, നിങ്ങള്‍ വിശാലത ചെയ്ത് മറ്റുള്ളവര്‍ക്ക് സൗകര്യമൊരുക്കുക. (ബുഖാരി, മുസ്‌ലിം). രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്നിരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ അവരുടെ സമ്മതമില്ലാതെ കയറി ഇരിക്കുന്നതും നബി(സ) നിരോധിച്ചിട്ടുണ്ട്.

ജുമുഅ നിസ്‌കാരത്തിന് വേണ്ടി തയ്യാറാക്കപ്പെട്ട സദസ്സില്‍ ഏറെ ശ്രദ്ധയോടെ വേണം പ്രവേശിക്കാന്‍. അങ്ങോട്ടു പ്രവേശിക്കുമ്പോള്‍ സലാം പറയല്‍ പോലും പാടില്ലാത്തതാണ്. ഖുതുബ ശ്രദ്ധിക്കുന്നവര്‍ക്ക് ഇതൊരു ശല്യമാകുമെന്നതാണ് കാരണം. മറ്റു സദസ്സുകളിലേക്ക് വരുന്നവരും പ്രഭാഷണം, നികാഹ് പോലുള്ളവ നടക്കുമ്പോള്‍ അവര്‍ക്ക് പ്രയാസമുണ്ടാവുന്ന വിധത്തില്‍ ഉറക്കെ സലാം പറയരുത്. സദസ്സിലേക്ക് വരുന്നവരൊക്കെ ഇങ്ങനെ ഉച്ചത്തില്‍ സലാം ചൊല്ലിയാലുണ്ടാകുന്ന ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലോ.

പള്ളിയിലേക്ക് വരുന്നവര്‍ ആളുകളുടെ തലക്കു മുകളിലൂടെ കാലെടുത്ത് വെച്ച് നടക്കരുത്. തൊട്ടുമുമ്പിലുള്ള ഒന്നാമത്തെയോ രണ്ടാമത്തെയോ സ്വഫ്ഫില്‍ വിടവുണ്ടായാല്‍ പതുക്കെ കാലെടുത്തുവെച്ച് മുന്നോട്ട് കയറി ആ വിടവുകള്‍ നികത്താം. തൊട്ടുപിന്നിലുള്ള സ്വഫ്ഫിലുള്ളവര്‍ ഈ വിടവ് നികത്തേണ്ടതായിരുന്നു. അവര്‍ അത് നിര്‍വഹിക്കാത്തതിനാലാണ് അവരെ വകഞ്ഞുമാറ്റി മുന്നോട്ട് കയറാന്‍ അനുവദിച്ചത്. എന്നാല്‍ മൂന്നാം സ്വഫ്ഫിലോ അതിനപ്പുറത്തോ ആണ് വിടവു കാണുന്നതെങ്കില്‍ അതിന് വേണ്ടി മറ്റുള്ളവരെ ചാടിക്കടക്കാന്‍ പാടില്ല. അപ്പോള്‍ എവിടെയാണോ സദസ്സ് അവസാനിച്ചത് അവിടെ ഇരിക്കണം. സ്വഹാബികള്‍ പറയുന്നു: ഞങ്ങള്‍ തിരുനബി(സ)യുടെ സദസ്സിലേക്ക് ചെല്ലുമ്പോള്‍ എവിടെയാണോ സദസ്സ് അവസാനിച്ചത് അവിടെ ഇരിക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി.(തുര്‍മുദി)

നേരത്തെ ഒരിടത്തു ഇരുന്നയാള്‍ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി എഴുന്നേറ്റു പോയി, വീണ്ടും തിരിച്ചുവന്നാല്‍ ആ ഇരിപ്പിടത്തിന് അയാള്‍ തന്നെയാണ് കൂടുതല്‍ അര്‍ഹന്‍.(മുസ്‌ലിം) പള്ളിയിലിരിക്കുമ്പോള്‍ ജുമുഅക്ക് വന്നയാള്‍, രണ്ട് നിതംബവും കാല്‍പാദവും നിലത്ത് വെച്ച് രണ്ട് മുട്ടുകള്‍ ഉയര്‍ത്തി, ഇരു കരങ്ങള്‍ കൊണ്ടും അതിനെ ചുറ്റിപ്പിടിച്ചുകൊണ്ടുള്ള ‘മുട്ടുകെട്ടിയിരുത്തം’ നബി(സ) നിരോധിച്ചിരിക്കുന്നു. ഈ ഇരുത്തം ചിലപ്പോള്‍ വുളു മുറിയാന്‍ കാരണമാകും. വൃത്താകൃതിയില്‍ സംവിധാനിച്ച സദസ്സിന്റെ നടുവില്‍ ഇരിക്കുന്നതിനെയും റസൂല്‍ കരീം (സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.

ഒരു പൊതു വേദിയില്‍ എപ്പോഴും സാധാരണക്കാരോടൊപ്പമിരിക്കാനാണ് നാമിഷ്ടപ്പെടേണ്ടത്. പ്രസംഗിക്കാനുള്ളവരും പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളും സ്റ്റേജ് നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരുമാണ് അവിടെ ഇരിക്കേണ്ടത്. സ്‌റ്റേജില്‍ മാത്രം ഇരുന്നു ശീലിച്ച ചിലരുണ്ട്. തീരെ ഔചിത്യബോധമില്ലാതെ അത്തരക്കാര്‍ തള്ളിക്കയറുകയും വീഡിയോ പിടിക്കുന്നുണ്ടെങ്കില്‍ അതില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ശ്രദ്ധേയമായ സ്ഥലത്ത് തന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്യും. പത്രക്കാര്‍ ഫോട്ടോ എടുത്തുപോയാല്‍ സ്‌റ്റേജ് വിടുന്നവരുമുണ്ട്. ചില പാര്‍ട്ടി പരിപാടികളില്‍ സദസ്സിനേക്കാള്‍ വലിയ ജനക്കൂട്ടം സ്റ്റേജില്‍ കാണാം. അങ്ങനെ സ്റ്റേജ് തകര്‍ന്ന് വീണ് ഊര തകര്‍ന്ന നേതാക്കളുമുണ്ടായിട്ടുണ്ട്. അത്തരക്കാര്‍ മുത്ത് നബിയുടെ ഉപദേശം ശ്രദ്ധിക്കുക: ‘ഒരാളുടെ വിനയത്തിന്റെ അടയാളമാണ് ഇരിപ്പിടത്തില്‍ ഏറ്റവും താഴ്ന്നതുകൊണ്ട് തൃപ്തിപ്പെടല്‍’ (ഇഹ്‌യാ)

എന്നാല്‍, ആദരിക്കപ്പെടേണ്ടവര്‍ക്ക് അര്‍ഹമായ ഇരിപ്പിടം കൊടുക്കേണ്ടത് സംഘാടകരുടെ ചുമതലയാണ്. പല വേദികളുടെയും പരിമിതികള്‍ നേതാക്കള്‍ ഉള്‍ക്കൊള്ളുകയും വേണം.

നികാഹിന്റെ സദസ്സിലിരിക്കുമ്പോള്‍ ബന്ധപ്പെട്ട കുടുംബക്കാരും കാരണവന്മാരും സാക്ഷികളാകേണ്ട മാന്യന്മാരുമാണ് വരന്റെയും വലിയ്യിന്റെയും അടുത്തിരിക്കേണ്ടത്. മറ്റു ക്ഷണിക്കപ്പെട്ടവര്‍ ഇത് പരിഗണിച്ചുവേണം സ്ഥലം പിടിക്കാന്‍. മുസ്‌ലിംകള്‍ സംഘടിപ്പിക്കുന്ന ഏതൊരു നല്ല സദസ്സിലും ആത്മീയ അന്തരീക്ഷം മുറ്റിനല്‍ക്കണം. നബി(സ) പറഞ്ഞു:”ഒരു പറ്റമാളുകള്‍ ഒരു വേദിയില്‍ ഒരുമിച്ചുകൂടിയിട്ട്, അവിടെ അല്ലാഹുവിനെ സ്മരിക്കുകയോ അവന്റെ നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലാതെ പരിഞ്ഞുപോകുകയോ ചെയ്താല്‍ ആ സദസ്സ് അപൂര്‍ണമാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ അവരെ ശിക്ഷിക്കുകയോ മാപ്പ് കൊടുക്കുകയോ ചെയ്‌തേക്കാം. (തുര്‍മുദി)

മദ്‌റസകള്‍ വിടുമ്പോഴും യോഗങ്ങളും അറിവിന്റെ സദസ്സുകളും അവസാനിപ്പിക്കുമ്പോഴും സ്വലാത്ത് ചൊല്ലി പിരിയുന്നത് ഇതുകൊണ്ടാണ്. ഇനി നല്ലതിന് വേണ്ടി ഒരുക്കിയ സദസ്സാണെങ്കിലും ചര്‍ച്ചകള്‍ കാടുകയറി ബഹളമാകുന്ന പതിവുണ്ട്. ഇത്തരം ഏത് സദസ്സില്‍ നിന്നും പിരിഞ്ഞുപോകുന്നതിന് മുമ്പ് ‘സുബ്ഹാനകല്ലാഹുമ്മ വബിഹംദിക അശ്ഹദു അല്ലാ ഇലാഹ ഇല്ലാ അന്‍ത വ അസ്തഗ്ഫിറുക വ അതൂബു ഇലൈക്ക്’ എന്ന് ചൊല്ലണമെന്നാണ് തിരുനബി(സ)യുടെ നിര്‍ദേശം. എന്നാല്‍ ആ സദസ്സില്‍ വെച്ച് സംഭവിച്ച പാപങ്ങള്‍ അല്ലാഹു മാപ്പ് ചെയ്യും.(തുര്‍മുദി)

 റഹ്മത്തുല്ലാഹ് സഖാഫി എളമരം
   [10-11-2017] സിറാജ് ദിനപ്പത്രം