#അസ്സലാമു_അലൈക്ക_യാ_ശഹ്റ_റമളാൻ
#എന്നു_പറയൽ_ബിദ്അതാണോ?
നുബാതിയ്യ ഖുതുബയിലല്ലാതെ വേറെയെവിടെയും ഇതില്ല. സ്വഹീഹായ ഹദീസുകളിലോ സ്വഹാബികളിലോ മാതൃകയില്ല. തനിച്ച ബിദ്അതാകുന്നു. ഇങ്ങനെ ഒരാശയം പ്രചരിപ്പിക്കുന്ന ഒരു FB പോസ്റ്റ് കണ്ടു. മആദല്ലാഹ്! വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്ന സോഷ്യൽ മീഡിയിൽ തങ്ങൾക്കു തോന്നിയതൊക്കെ ദീനായി പ്രചരിപ്പിക്കുന്നവർ അല്ലാഹുവിനെ ഭയപ്പെടുക.
തിരുമേനി സ്വ. അങ്ങനെ പറഞ്ഞതായി ഹദീസുകളിൽ നിവേദനങ്ങൾ വന്നിട്ടില്ല എന്നതു ശരി തന്നെ. അവിടന്ന് ചെയ്യാത്തതെല്ലാം ചെയ്യാൻ പാടില്ലാത്ത നിഷിദ്ധവൃത്തികളാണ് എന്നു അർഥമില്ല. ബിദ്അത് (മുൻമാതൃകകളില്ലാത്തത്) നല്ലതും ചീത്തതും ഉണ്ട്. തറാവീഹിലെ ജമാഅത് നല്ല ബിദ്അതും ഖുതുബ പരിഭാഷ ചീത്ത ബിദ്അതും ആണെന്നു ഉലമാഅ' ഉദാഹരിച്ചിട്ടുണ്ടല്ലോ.
എല്ലാ ബിദ്അതും ചീത്തയാണ് എന്ന ഹദീസിന്റെ താത്പര്യം മതപ്രമാണങ്ങളിൽ ആധാരമില്ലാത്ത ശറഇയ്യായ പുത്തനാശയങ്ങളെ പറ്റിയാണ്; കേവലം ഭാഷാപരമായ ബിദ്അതിനെ പറ്റിയല്ല. മുൻമാതൃകകളില്ലാത്തതെല്ലാം നിഷിദ്ധമാണ് എന്ന് പറയാൻ പറ്റില്ല.
ശൈഖുനാ ഇബ്നുഹജര്‍ റ. പറയുന്നു: " ഇത്തരം ബിദ്അതുകൾ ശർഇന്റെ ലക്ഷ്യങ്ങളുമായി തുലനം ചെയ്തു നോക്കേണ്ടതാണ്. അവ ഏതെങ്കിലും ലക്ഷ്യത്തിനു വിധേയമാണെങ്കിൽ നല്ലതും ഒന്നിനും നിരക്കാത്തതാണെങ്കില്‍ ചീത്തയുമാകുന്നു" (ഫതാവൽ ഹദീസിയ്യഃ പേജ്. 109).
ഇമാം സുബ്കി റ. പറയുന്നു: “മതം അനുവദിച്ചതിന്റെ വ്യാപ്തിയില്‍ വാജിബും സുന്നതും മുബാഹും ഉള്‍പ്പെ ടും. ഇവയെല്ലാം മതത്തിൽ നല്ലത് ആകുന്നു. പ്രത്യുത, വിലക്കപ്പെട്ടതിന്റെ വ്യാപ്തിയില്‍ ഹറാമും കറാഹതും ഉള്‍പ്പെടും. അവ മതത്തില്‍ ചീത്തയാകുന്നു” (ജംഉല്‍ ജവാമിഅ്, 1/166).
അസ്സലാമു അലൈക്ക യാ ശഹ്റ റമളാൻ, അസ്സലാമു അലൈക്ക യാ ശഹ്റ ർരിള്വാൻ, അസ്സലാമു അലൈക്ക യാ ശഹ്റ ൽ മഗ്ഫിറതി വൽ ഗുഫ്റാൻ എന്നിങ്ങനെ പള്ളി മിമ്പറുകളിൽ നിന്നു സലാം ഉയരുമ്പോൾ ഖഥീബിന്റെ കണ്ഠമിടറുന്നു. വിശ്വാസികളുടെ കണ്ണു നിറയുന്നു. പുണ്യങ്ങളുടെ ദിനരാത്രങ്ങൾ വിട പറയുന്നതിൽ സകലരും വ്യാകുലാരാകുന്നു. ഇനിയുമൊരു റമളാൻ ആയുസിലുണ്ടാകുമോ എന്നു വേപഥുപ്പെടുന്നു. ശേഷിക്കുന്ന മണിക്കൂറുകളിൽ ആരാധനാ നിമഗ്നരാകാനുള്ള ചിന്ത ഹൃദയത്തിൽ നിറയുന്നു. ഇങ്ങനെ വീഴ്ചകളിൽ ഖേദവും ഇബാദതുകളോടു താത്പര്യവും ജനിപ്പിക്കുന്നത് ഹറാമോ കറാഹതോ ആകുന്നതെങ്ങനെ?
നമ്മുടെയൊക്കെ ചെറുപ്പകാലം മുതലേ നുബാതിയ്യ ഖുതുബയിലൂടെ നാമിത് കേൾക്കുന്നു. ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ച മഹാനായ ഇബ്നു നുബാതതില് ഫാറഖി റ. വാണ് ഇത് രചിച്ചത്. സ്ഫുടവും സാഹിത്യ സമ്പന്നവും ഹൃദ്യവുമായ ഭാഷ സൗകുമാര്യത കൊണ്ടും ഉള്ളടക്കത്തിന്റെ ഗാംഭീര്യത കൊണ്ടും പ്രസിദ്ധമാണ് നുബാതിയ്യ ഖുതുബ.
ഇബ്നു നുബാതത് എന്ന പേരിൽ മൂന്നു പേർ വിശ്രുതരായിട്ടുണ്ട്. ഒന്നാമത്തെയാൾ, ഖഥീബുൽ ഖുഥബാഅ' എന്ന അപരനാമത്തിൽ കീർത്തി കേട്ട അശ്ശൈഖ് അബ്ദുർ റഹീം ബ്നു മുഹമ്മദി ബ്നി ഇസ്മാഈലി ബ്നി നുബാതതിൽ ഫാറഖി അൽ അസ്ഖലാനി എന്ന ഇബ്നു നുബാതതില് ഫാറഖി റ. ജനനം മിസ്വ്'റിൽ. പിന്നീട് അലപ്പോയിലേക്ക് (ഹലബ്) താമസം മാറി. അബ്ബാസീ ഖലീഫയായിരുന്ന സയ്ഫുദ്ദൗല ബ്ൻ ഹമദാനിന്റെ കാലത്തെ അലപ്പോയിലെ ഏറ്റവും പ്രശസ്തനായിരുന്ന വാഗ്മി - ഖഥീബ് ആയിരുന്നു ഇദ്ദേഹം. സയ്ഫുദ്ദൗലയുടെ ആസ്ഥാന കവിയായിരുന്ന അബു ത്വയ്യിബിൽ മുതനബ്ബിയെ കണ്ടുമുട്ടിയ സംഭവം പലരും ഉദ്ധരിച്ചിട്ടുണ്ട്.
രണ്ടാമത്തെയാൾ, ഇവരുടെ സമകാലികനായിരുന്ന അബ്ദുൽ അസീസി ബ്നു നുബാതതി സ്സഅദിയാണ്. ഇദ്ദേഹവും പേരുകേട്ട സാഹിത്യകാരനും എഴുത്തുകാരനുമാണ്. സയ്ഫുദ്ദൗലയെ പ്രശംസിച്ചെഴുതിയ ഗുററുൽ ഖസ്വാഇദ് വ നുഖബുൽ മദാഇഹ് പ്രസിദ്ധമാണ്. മൂന്നാമൻ, 1287- 1366 ൽ ജീവിച്ച മുഹമ്മദു ബ്നു മുഹമ്മദി ബ്നി മുഹമ്മദി ബ്നി നുബാതതിൽ മിസ്വ്രിയാണ്. ലക്ഷണമൊത്ത കവിയും സാഹിത്യകാരനും അനേകം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ഇവരിൽ ആദ്യത്തെയാളാണ് നമ്മുടെ കഥാപുരുഷൻ.
ഹി.335ലാണ് നുബാതിയ്യ ഖുതുബയുടെ രചയിതാവായ ഇബ്നു നുബാതതില് ഫാറഖി റ.യുടെ ജനനം. മതചിട്ടയും ആത്മീയ നിഷ്ഠയുമുള്ള ജീവിതത്തിനുടമയായിരുന്ന മഹത് വ്യക്തിത്വം. യുദ്ധമുഖരിതമായിരുന്ന ആ നാളുകളിൽ അലപ്പോയിലെ മിമ്പറുകളിൽ നിന്നുയർന്ന അദ്ദേഹത്തിന്റെ വാഗ്ദോരണികൾ റോമൻ അവിശ്വാസത്തിന്റെ കൊത്തളങ്ങൾക്കെതിരെ സയ്ഫുദ്ദൗലക്കൊപ്പം അണിനിരക്കാൻ വിശ്വാസികളെ നിരന്തരം പ്രചോദിപ്പിക്കുന്നവയായിരുന്നു.
മഹാനരുടെ ആത്മീയൗന്നത്യം അടയാളപ്പെടുത്തുന്ന ഒരു സംഭവം ഉദ്ധരിക്കാം. ഇബ്നു ഖല്ലിഖാന്റെ വഫയാതുൽ അഅ'യാൻ വ അൻബാഉ അബ്നാഇ സ്സമാൻ, ബിദഇകൾക്കു സ്വീകാര്യനും ഇബ്നു തീമിയ്യയുടെ ശിഷ്യരിൽ പ്രമുഖനുമായ ഹാഫിള് ഇബ്നു കഥീറിന്റെ അൽ ബിദായതു വന്നിഹായ മുതലായവ ഉൾപ്പടെ അനേകം ചരിത്രഗ്രന്ഥങ്ങൾ വിശദമായി ഉദ്ധരിച്ചിട്ടുള ഒരു സംഭവത്തിന്റെ രത്നച്ചുരുക്കം:
ഒരു വെള്ളിയാഴ്ച താൻ എഴുതിയ ഒരു ഖുത്വുബ
പാരായണം ചെയ്ത മഹാനവര്കള് അന്ന് രാത്രി നബി തിരുമേനി സ്വ.യെ സ്വപ്നത്തില്‍ കാണുന്നു. സുദീർഘമായ സംഭാഷണം നടക്കുന്നു. അനന്തരം തിരുമേനി സ്വ. അദ്ദേഹത്തെ ചുംബിക്കുന്നു, അദ്ദേഹത്തിന്റ വായില്‍ തുപ്പുകയും അല്ലാഹു തൗഫീഖ് ചെയ്യട്ടെ وفقك الله എന്നു ദുആ ചെയ്യുകയും ചെയ്യുന്നു. ആ സ്വപ്നത്തില്‍ തിരുമേനി സ്വ. അദ്ദേഹത്തെ ഖഥീബുൽ ഖുഥബാഅ' خطيب الخطباء എന്നാണ് അഭിസംബോധനം ചെയ്തത്. ഈ പേരിലാണ് പിന്നീടദ്ദേഹം അറിയപ്പെട്ടത്.
ഹാഫിള് ഇബ്നു കഥീർ തുടർന്നു രേഖപ്പെടുത്തുന്നു:
وبقي الخطيب بعد هذا المنام أياما لا يطعم طعاما ولا يشتهيه، ويوجد في فيه رائحة المسك، ولم يعش إلاّ مدة يسيرة، ولما استيقظ الخطيب من منامه كان على وجهه أثر نور وبهجة لم تكن قبل ذلك، وقص رؤياه على الناس وقال: سماني رسول الله صلى الله عليه وسلم خطيبا، وعاش بعد ذلك ذلك ثمانية عشر يوما لا يستطعم فيها طعاما ولا شرابا من أجل تلك التفلة وبركتها، وهذه الخطبة التي فيها هذه الكلمات تعرف بالمنامية لهذه الواقعة
ഈ സ്വപ്നദർശനത്തിനു ശേഷം ഖഥീബവർകൾ ഒരു ഭക്ഷണവും കഴിക്കുകയോ അതിനോടു താത്പര്യം കാണിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന്റെ വായയിൽ കസ്തൂരിയുടെ ഗന്ധം ഉണ്ടായിരുന്നു. വളരെ ചെറിയ കാലമാണ് ഇതിനു ശേഷം അദ്ദേഹം ജീവിച്ചത്. ഖഥീബവർകൾ ഉറക്കമുണർന്നപ്പോൾ അതുവരെ ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു പ്രകാശവും തേജസ്സും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. തന്റെ സ്വപ്ന വിവരം പറയവെ അദ്ദേഹം ആളുകളോടു പറഞ്ഞു: "എനിക്ക് റസൂലുല്ലാഹി സ്വ. ഖഥീബ് എന്നു നാമകരണം ചെയ്തിരിക്കുന്നു". ഈ സംഭവത്തിനു ശേഷം പതിനെട്ടു ദിവസം മാത്രമാണ് അദ്ദേഹം ജീവിച്ചത്. ആ ഉമിനീരിന്റെയും അതിന്റെ ബറകതിന്റെയും കാരണം പിന്നീടൊരിക്കലും അദ്ദേഹം അന്നപാനീയങ്ങളൊന്നും കഴിച്ചില്ല. ഈ മഹത് സംഭവം നിമിത്തം പ്രസ്തുത പ്രഭാഷണം അൽ ഖുഥുബതുൽ മനാമിയ്യ എന്ന പേരിൽ പ്രസിദ്ധി നേടി. (ഇബ്നു കഥീറിന്റെ അൽ ബിദായതു വന്നിഹായ, അബ്ദുൽ ഹയ്യി ബ്നു അഹ്മദൽ ഹമ്പലിയുടെ ശദറാതുദ്ദഹബ് ഫീ അഖ്ബാരി മൻ ദഹബ് എന്നിവ കാണുക).
ഹി. 374 ൽ നാല്പതു വയസ്സു പൂർത്തിയാവുന്നതിനു മുമ്പുതന്നെ മഹാനുഭാവൻ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ലോകത്തിലേക്കു യാത്രയായി. അല്ലാഹു അവരെയും അവരെ സ്നേഹിച്ചവരെയും ഉന്നതമായ പദവികൾ കൊണ്ടനുഗ്രഹിക്കട്ടെ, ആമീൻ!
നുബാതിയ്യ ഖുതുബ സമാഹാരത്തെ കുറിച്ച് ഹാഫിള് ഇബ്നു കഥീര്‍ പറയുന്നു: ഇത് പോലോയൊന്ന് ഇന്നുവരെ ഉണ്ടായിട്ടുമില്ല, അള്ളാഹു ഉദ്ദേശിച്ചാലല്ലാതെ ഇനി ഉണ്ടാകുകയുമില്ല!!
സമാനമായ അഭിപ്രായം മുൻഗാമികളും മഹാൻമാരുമായ പല ഉലമാഉം പറഞ്ഞിട്ടുണ്ട്. ഇമാം നവവി റ. ഉൾപ്പടെയുള്ള മഹാൻമാർ നുബാതിയ്യ ഖുതുബ ഉദ്ധരിച്ചിട്ടുണ്ട്. ജുമുഅ ഖുത്വുബയുടെ എല്ലാ ഫര്‍ദുകളും ആദാബുകളും ഭാഷാ സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ ഈ സമാഹാരത്തിനു നൂറു കണക്കിന് പ്രസിദ്ധ പണ്ഡിതര്‍ ശര്‍ഹും തഹ്ഖീഖും തുടങ്ങി അനേകം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
നാലാം നൂറ്റാണ്ടു മുതൽ എത്രയോ നൂറ്റാണ്ടുകളായി മുസ്ലിം ലോകത്തുടനീളം മിമ്പറുകളിൽ നുബാതിയ്യ ഖുതുബ നിരാക്ഷേപം പാരായണം ചെയ്തു വരുന്നു. ആയിരക്കണക്കിനു പണ്ഡിത കേസരികൾ ഇത:പര്യന്തം അതിന്റെ പ്രചാരകരും പ്രബോധകരുമായി. അവരുടെ ജുമുഅകളിൽ മുടങ്ങാതെ ഓതിപ്പോന്നു. ഇവർക്കൊന്നും തോന്നാത്ത ബിദ്അത് ഫോബിയ മതവിജ്ഞാനീയങ്ങളിൽ അവരുടെ ഏഴയലത്തു നിൽക്കാൻ യോഗ്യതയില്ലാത്ത ഇപ്പോഴത്തെ ചില ഞാഞ്ഞൂലുകൾക്ക് തോന്നുന്നത് തങ്ങളുടെ പരാജയത്തിന്റെ ലക്ഷണമാണ്. അല്ലാഹു കാക്കട്ടെ! സത്യവിശ്വാസികൾ ഈ കെണിവലയിൽ വീഴില്ല.
അസ്സലാമു അലൈക്ക യാ ശഹ്റൽ ഖുർആൻ..
അസ്സലാമു അലൈക്ക യാ ശഹ്റൽ ഫുർഖാൻ...
അസ്സലാമു അലൈക്ക യാ ശഹ്റ ത്തറാവീഹ്..
അസ്സലാമു അലൈക്ക യാ ശഹ്റൽ മഫാതീഹ്...