മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം
✍️ Aslam saquafi Payyoli
➖➖➖➖➖➖➖➖➖➖➖
ഭാഗം 1️⃣
*മുജാഹിദ് പ്രസ്ഥാനം*
ഇസ്ലാഹി, സലഫി, വഹാബി , മനാറിസ്റ്റുകൾ തുടങ്ങി ഒട്ടേറെ പേരുകളിൽ അറിയപ്പെടുന്ന ഒരു പുത്തനാശയക്കാരുടെ കൂട്ടായ്മയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.
ഖവാരിജുകളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് നജിദിൽ രൂപം കൊണ്ട വഹാബി പ്രസ്ഥാനത്തോട് ബന്ധമുണ്ടെങ്കിലും മുഅ്തസിലത്തിൽ നിന്നും ഊർജ്ജം സ്വീകരിച്ച് ഈജിപ്തിൽ രൂപം കൊണ്ട അബ്ദവിയ്യ / രിളവിയ്യ ടീമിനോടാണ് മുജാഹിദ് പ്രസ്ഥാനം കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത്.
" അബ്ദവിയ്യ " എന്നത് ഈജിപ്തിലെ പിഴച്ച ചിന്താഗതിക്കാരനും ഹദീസ് നിഷേധിയുമായ മുഹമ്മദ് അബ്ദു വിലേക്ക് ചേർക്കപ്പെടുന്നതും " രിളവിയ്യ " എന്നത് അദ്ദേഹത്തിന്റെ ശിഷ്യനായ റശീദ് രിളയിലേക്ക് ചേർക്കപ്പെട്ടതുമാണ്.
ചില വിഷയങ്ങളിൽ റഷീദ് രിളയിലേക്കും മറ്റു ചിലതിൽ ഇബ്നു അബ്ദിൽ വഹാബിലേക്കും തിരിഞ്ഞതിനാൽ ഇതൊരു സങ്കരയിനപ്രസ്ഥാനമാണ്.
ഇതുപോലൊരു പ്രസ്ഥാനം ലോകത്തൊരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഇക്കാര്യം മൗലവിമാർ തന്നെ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്.
"കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാർഗത്തിലും പൂർണമായി യോജിപ്പുള്ള ഒരു സംഘടന മറ്റെവിടെയെങ്കിലും ഉള്ളതായി നമുക്കറിയുകയുമില്ല "
(ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും.
എം ഐ മുഹമ്മദലി സുല്ലമി പേജ് 10)
സ്വഹാബികളാൽ ഇസ്ലാം പ്രചരിപ്പിക്കപ്പെട്ട കേരളത്തിൽ ഈ പിഴച്ച ചിന്താഗതി ഉടലെടുത്തത് 1922 ലാണ്.
തിരുവിതാംകൂറിലെ വക്കം എന്ന സ്ഥലത്ത് ജനിച്ച വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയാണ്(1873 - 1932) ഈ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്.
"ആധുനിക സലഫി പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനായ വക്കം അബ്ദുൽ ഖാദർ മൗലവി തിരുവിതാംകൂർ മേഖലയിൽ ഇസ്ലാഹി ആശയങ്ങൾ പ്രചരിപ്പിച്ചു. "
(നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്
പേജ്: 19 KNM)
➖➖➖➖➖➖➖➖➖➖
* റശീദ് രിളയുടെ അൽ മനാർ എന്ന പ്രസിദ്ധീകരണം ആശയ സ്രോദസ്സായി സ്വീകരിച്ചതിനാലാണ് മനാറിസ്റ്റ് എന്ന്
പേര് വന്നത്.
➖➖➖➖➖➖➖➖➖➖
ഭാഗം2️⃣
*സാമ്പത്തിക വരവ് നോക്കി*
*പ്രസ്ഥാനത്തിന്റെ പേര് മാറ്റി*
ഇസ്ലാഹി പ്രസ്ഥാനം എന്നാണ് ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊക്കെ പേര് സ്വീകരിച്ചതായി കാണുന്നത്.
പിന്നീട് വഹാബി പ്രസ്ഥാനം, സലഫി പ്രസ്ഥാനം, മുജാഹിദ് പ്രസ്ഥാനം
എന്നൊക്കെയായി മാറി.
ഇസ്ലാഹി പ്രസ്ഥാനം എങ്ങനെ സലഫി പ്രസ്ഥാനമായി മാറി എന്ന് ചോദിക്കുന്നവരുണ്ട്. സലഫു സ്വാലിഹീങ്ങളോടുള്ള അടുപ്പം
കൊണ്ടോ ബന്ധം കൊണ്ടോ അല്ല
ഈ പേര് സ്വീകരിച്ചിട്ടുള്ളത്.
മറിച്ച് അതിന് പിന്നിൽ ചില സ്വകാര്യങ്ങളുണ്ട്.
കുവൈത്ത് പോലുള്ള വിദേശ രാഷ്ട്രങ്ങളിൽ നിന്ന് ഇബ്നു അബ്ദിൽ വഹാബിന്റെ അനുയായികൾ എന്ന നിലക്ക് ലക്ഷക്കണക്കിന് രൂപ ദഅവാ ഫണ്ടായി മൗലവിമാർക്ക് ലഭിച്ചു തുടങ്ങിയ കാലം അവരുടെ ചിലവിൽ പള്ളികളും സ്ഥാപനങ്ങളും മദ്രസകളും നിർമ്മിക്കപ്പെട്ടു. അതോടെ അവരുടെ സ്നേഹം പിടിച്ചുപറ്റാൻ സ്ഥാപനങ്ങൾക്കും പള്ളികൾക്കും സമ്മേളന നഗരികൾക്കുമെല്ലാം അറബികൾ സ്വീകരിച്ചിരുന്ന "സലഫി" നാമം കേരളത്തിലും വ്യാപിച്ചു തുടങ്ങി.
വിദേശ ബന്ധങ്ങളും അവിടുന്നുള്ള സാമ്പത്തിക വരവുകളും മൗലവിമാരിൽ വർദ്ധിച്ചതോടെയാണ് ഇസ്ലാഹി പ്രസ്ഥാനമെന്ന പേര് സലഫി പ്രസ്ഥാനമായി മാറിയതെന്ന് ചുരുക്കം. സാമ്പത്തിക വരവ് നോക്കി പ്രസ്ഥാനത്തിന്റെ പേര് മാറ്റിയ കഥ വഹാബി ചരിത്രകാരൻ പി മുഹമ്മദ് മൗലവി കുട്ടശ്ശേരി ശബാബ് വാരികയിൽ വിവരിക്കുന്നുണ്ട്.
" അറബ് നാടുകളിൽ എണ്ണ കണ്ടുപിടിച്ച് അവിടെ സാമ്പത്തിക അഭിവൃദ്ധിയുടെ കുതിച്ചുചാട്ടം ഉണ്ടായി. കേരളീയരിൽ നല്ലൊരു ശതമാനം അവിടെ തൊഴിൽ എടുക്കുന്നവരായി. അവിടുത്തെ സർക്കാറുകളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ഇവിടുത്തെ പള്ളികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ധാരാളം സാമ്പത്തിക സഹായം ഒഴുകിക്കൊണ്ടിരുന്നു....
ഈ അറബ് ബന്ധം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നുവെങ്കിൽ ചില പാർശ്വഫലങ്ങളും അതിലുണ്ടായി. ഇവിടെ ഇസ്ലാഹി എന്ന പേരിലാണ് പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. സലഫി എന്ന സാങ്കേതികപ്രയോഗം അന്ന് നിലവിൽ ഉണ്ടായിരുന്നില്ല. അറബ് ബന്ധത്തോടെ ഇവിടെയും പള്ളികൾ സ്ഥാപനങ്ങൾ സംഘടനകൾ സമ്മേളനങ്ങൾ മുതലായവയോട
നുബന്ധിച്ച് സലഫി എന്ന പ്രയോഗം
സാർവത്രികമായി. "
(ശബാബ് വാരിക 2014
ഫെബ്രുവരി 7 പേജ് : 9)
വഹാബി എന്ന പേര് ഇബ്നു അബ്ദിൽ വഹാബിലേക്കാണ് ചേർക്കപ്പെടുന്നത്. അത് അഭിമാനപൂർവ്വം ഏറ്റെടുത്തവരും എന്നാൽ ആ പേര് ഇഷ്ടപ്പെടാത്തവരും മൗലവിമാർക്കിടയിലുണ്ട്.
" ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഇസ്ലാമിൻറെ ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷം ലോകം ദർശിച്ച ഏറ്റവും ധീരനായ വിപ്ലവകാരിയും നവോത്ഥാന നായകനും ആയിരുന്നു. ലോകമൊട്ടാകെ പ്രവർത്തിക്കുന്ന ഇസ്ലാഹി സംഘടനകൾ വഹാബി പ്രസ്ഥാനം എന്ന നിലയിൽ അറിയപ്പെടുന്നത് തന്നെ ഇദ്ദേഹത്തിൻറെ പ്രശസ്തിയെ ചൂണ്ടിക്കാണിക്കുന്നു. "
(ഇസ്ലാഹി പ്രസ്ഥാനം
പിന്നിട്ട പാതകൾ -
യുവത പേ: 38)
വഹാബി ആചാര്യൻ കെ. ഉമർ മൗലവിക്ക് പ്രസ്ഥാനത്തെ ഇബ്നു അബ്ദിൽ വഹാബിലേക്ക് ചേർത്തി പറയുന്നത്
അത്ര ഇഷ്ടമല്ല. അത് ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. "ബ്രിട്ടീഷ് സാമ്രാജ്യവും തുർക്കികളും ചേർന്ന് അടിച്ചേൽപ്പിച്ച ആക്ഷേപനാമമാണ് വഹാബികൾ എന്നത്. "
(ഓർമകളുടെ തീരത്ത്
പേജ്: 77)
ഇബ്നു അബ്ദിൽ വഹാബ് ഹമ്പലി മദ്ബുകാരനായി എന്നതും വഹാബി പേരിനോട് അലർജ്ജി വരാനുള്ള കാരണമായി ഉമർ മൗലവി കണക്കാക്കുന്നുണ്ട്.
എന്നാൽ 2022ൽ വിസ്ഡം ഗ്രൂപ്പ് (ജിന്ന്) പുറത്തിറക്കിയ പഠന പുസ്തകത്തിന് നൽകിയ പേര് " വഹാബി നവോത്ഥാനം വിമർശകരും വസ്തുതകളും " എന്നാണ്. വഹാബി എന്ന പേര് ആരെങ്കിലും അടിച്ചേൽപ്പിച്ചതല്ലെന്ന് ഇപ്പോഴും അവർ ആധികാരികമായി ഉപയോഗിക്കുന്നതിലൂടെ നമുക്ക് ബോധ്യപ്പെടുന്നു.
തീവ്രവാദ ആരോപണം ഭയന്ന് വഹാബി, സലഫി എന്നീ പേരുകളെ പേടിക്കുന്നവരും ഒളിപ്പിച്ചു വെക്കുന്നവരുമാണ് കൂട്ടത്തിൽ ഏറെപേരും.
➖➖➖➖➖➖➖➖➖➖➖
ഭാഗം3️⃣
*ഉറവിടം, ഉത്ഭവം*
മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവാണ് വക്കം മൗലവി. അദ്ദേഹത്തിന് എവിടെ നിന്നാണ് ഈ ആശയ വൈകല്യങ്ങൾ ലഭിച്ചത് ? ഖുർആനിലും ഹദീസിലും ഗവേഷണം ചെയ്തു വിഷയങ്ങൾ മനസ്സിലാക്കാൻ മാത്രമുള്ള ഒരു 'മുജ്തഹിദാ'യിരുന്നോ അദ്ദേഹം ?
മുജ്തഹിദ് (ഗവേഷകൻ) പോയിട്ട് ഒരു സാധാരണ നിലയിലുള്ള പണ്ഡിതൻ പോലുമല്ല എന്നതാണ് സത്യം.
സമ്പന്ന കുടുംബത്തിൽ പിറന്ന അദ്ദേഹത്തിന് വീട്ടിൽ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചത്.
അതിൽ ഭാഷാ പഠനങ്ങൾക്കാണ്
കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുകയും പത്രപ്രവർത്തന മേഖലയിൽ സജീവമാവുകയും ചെയ്തതായി അദ്ദേഹത്തിന്റെ ചരിത്രത്തിൽ കാണാം. ഭാഷാ പാണ്ഡിത്യം അദ്ദേഹത്തെ പുറം ലോകവുമായി ബന്ധപ്പെടാൻ ഏറെ സഹായിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈജിപ്തിലെ അർധ യുക്തിവാദികളായ ജമാലുദ്ധീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു , റഷീദ് രിള തുടങ്ങിയവരുമായി അദ്ദേഹം ബന്ധം സ്ഥാപിക്കുന്നത്. അവരിൽ ആകൃഷ്ടനായതോടെ അവരുടെ പിഴച്ച ചിന്താഗതികൾ കേരളത്തിൽ
പ്രചരിപ്പിക്കാൻ അദ്ദേഹം മുന്നോട്ടു വന്നു. ഇത് 1922 ലാണ്.
യുവത പുറത്തിറക്കിയ വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിലെ ഒരു ഭാഗം ശ്രദ്ധിക്കൂ...
"ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കാതെയാണ് വക്കം മൗലവി തന്റെ വൈജ്ഞാനിക ലോകത്തേക്ക് പ്രവേശിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതരുടെയും ഭാഷാ പണ്ഡിതരുടെയും അധ്യാപനം വീട്ടിൽ വച്ച് തന്നെ നേടിയ വക്കം മൗലവി, താമസിയാതെ അറബ് ലോകത്ത് നടന്നു തുടങ്ങിയ ഇസ്ലാമിക പരിഷ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരി
ക്കുന്നത് ഈജിപ്തിൽ നിന്നും വായിക്കു
വാനായി ലഭിച്ച അൽമനാറിലൂടെയാണ്.
ഉടൻ വക്കം മൗലവി പല ഉജ്ജ്വല വ്യക്തിത്വങ്ങളെയും അതിലൂടെ പരിചയപ്പെടുകയുണ്ടായി. അതിൽ പ്രമുഖരായ മൂന്നു പേരാണ് ഉള്ളത്.
സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള. "
(പേജ് : 29)
"ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സുപ്രസിദ്ധ അറബി മാസികയായ
അൽ മനാറിലൂടെയാണ് ജമാലുദ്ദീൻ അഫ്ഗാനി,ശൈഖ് മുഹമ്മദ് അബ്ദു,
റഷീദ് രിള തുടങ്ങിയ പരിഷ്കർത്താക്കളുടെ ഇസ്ലാമിക നവോത്ഥാനപരമായ ചിന്താഗതികളുമായി പരിചയപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞത്. "
(ഇസ്ലാമും കേരളത്തിലെ
സാമൂഹ്യ പരിവർത്തന
പ്രസ്ഥാനങ്ങളും .
പേജ് 8 കെ എൻ എം)
"വക്കം മൗലവിയെ ഏറ്റവും അധികം സ്വാധീനിച്ച പ്രമുഖ വ്യക്തികളിൽ ഒരാൾ ശൈഖ് മുഹമ്മദ് അബ്ദു (1849 - 1905) എന്ന ഈജിപ്ഷ്യൻ പണ്ഡിതനാണ്."
(വക്കം മൗലവി : ചിന്തകൾ
രചനകൾ പേജ് 31)
"അറബി, പേർഷ്യൻ, ഉറുദു, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകൾ ചെറുപ്പത്തിലെ പഠിച്ചു തുടങ്ങി. പത്രമാസികകൾ തേടിപ്പിടിച്ച് വായനശീലമാക്കിയ
അബദുൽ ഖാദിർ നാട്ടിൽ വ്യാപകമായിരുന്ന അനാചാരങ്ങളിൽ നിന്ന് അകന്നുനിന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് വന്നുകൊണ്ടിരുന്ന പ്രസിദ്ധീകരണങ്ങളിലൂടെ ജമാലുദ്ദീൻ അഫ്ഗാനിയുടെയും ശൈഖ് മുഹമ്മദ് അബ്ദയുടെയും ചിന്തകളിൽ ആകൃഷ്ടനായി. "
(കാലവും കാൽപ്പാടും
പേജ് 80 യുവത )
ചുരുക്കത്തിൽ ഈജിപ്തിലെ ചില
അർധ യുക്തി വാദി ചിന്തകളുടെയും കേരളത്തിലെ മൗലവിമാരുടെ കൂട്ടിച്ചേർക്കലിന്റെയും വിളിപ്പേരാണ് മുജാഹിദ് പ്രസ്ഥാനം.
➖➖➖➖➖➖➖➖➖➖➖
ഭാഗം4️⃣
*അവലംബം അഫ്ഗാനിയും
അബ്ദുവും തന്നെ*
വക്കം മൗലവിയുടെ വികല ചിന്തകൾ ഈജിപ്തിലെ മത യുക്തിവാദികളായ അഫ്ഗാനി, അബ്ദു , റശീദ് രിള എന്നീ ത്രിമൂർത്തികളുടേതാണെന്നതിന് ചില രേഖകൾ കൂടി നമുക്ക് വായിക്കാം.
ഇതിലൂടെ ഇവർ തമ്മിലുളള ബന്ധത്തിന്റെ ആഴവും അളന്നെടുക്കാം.
വിസ്ഡം (ജിന്ന്) ഗ്രൂപ്പ് പുറത്തിറക്കിയ വഹാബി നവോത്ഥാനം വിമർശകരും വസ്തുതകളും എന്ന പുസ്തകത്തിൽ നിന്ന് :
"ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ പരിഷ്കരണ ചിന്തകളും അദ്ദേഹത്തിൻെറ ഇസ്ലാഹി ദഅവത്തും കേരളത്തിലേക്ക് കടന്നുവരുന്നത് വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയും ഈജിപ്തിലെ അൽമനാർ പത്രാധിപർ സയ്യിദ് മുഹമ്മദ് റഷീദ് രിളയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. വ്യക്തമായ രേഖകളാൽ സുദൃഢമായ ഈ ബന്ധം ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. റഷീദ് രിള യുടെ അൽമനാർ മാസിക വക്കം അബ്ദുൽ ഖാദിർ മൗലവി തുടർച്ചയായി വായിച്ചിരുന്നു...
വക്കം മൗലവി പ്രസിദ്ധപ്പെടുത്തിയിരുന്ന ദീപിക, അൽ ഇസ്ലാം, സ്വദേശാഭിമാനി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ റഫറൻസ് കൃതിയും ഈജിപ്തിൽ നിന്നും ലഭിച്ചിരുന്ന അൽമനാർ മാസികയായിരുന്നുവെന്ന് വക്കം മൗലവി റഷീദ് രിളക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു...
അൽമനാറിന്റെ തുടർച്ചയായ വായനയിൽ എനിക്കൊരു പുതിയ ആത്മാവിനെ ലഭിച്ചത് പോലെ അനുഭവപ്പെടുന്നു. അന്ധകാര നിബിഡമായ ജീവിതം നയിക്കുന്ന ഇവിടുത്തെ മുസ്ലിം സമൂഹത്തിന് അൽമനാറിന്റെ സന്ദേശങ്ങൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഞാൻ "അൽ ഇസ്ലാം" എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചിട്ടുണ്ട്...
ഈ ചിന്തകളാണ് തിരുവിതാംകൂറിൽ ഇസ്ലാഹി പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വക്കം മൗലവിയും റഷീദ് രിളയും തമ്മിൽ നടത്തിയ സുദീർഘമായ കത്തിടപാടുകൾ ഇതിനുള്ള സുവ്യക്തമായ തെളിവുകൾ നൽകുന്നുണ്ട്. ഇന്ത്യൻ രൂപക്ക് ഇന്നത്തെക്കാളും മൂല്യമുണ്ടായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ അഞ്ചു രൂപ തപാലിൽ അയച്ചു തനിക്ക് നഷ്ടപ്പെട്ട അൽമനാറിന്റെ കോപ്പികൾ ആവശ്യപ്പെടുന്ന വക്കം മൗലവിയുടെ വായനാശീലവും യാഥാർഥ്യങ്ങൾ അറിയാനുള്ള അദ്ദേഹത്തിൻ്റെ പ്രത്യേക താൽപര്യവും വാക്കുകൾക്കും വരികൾക്കും ഉപരിയാണ്. "
(വഹാബി നവോത്ഥാനം
വിമർശകരും വസ്തുതകളും.
പേജ് 96, 97 വിസ്ഡം ബുക്സ് )
ഇവരുടെ അറബിക് കോളേജുകളിൽ പാഠ്യപദ്ധതിയായി സ്വീകരിച്ചിരുന്നതും ഈ ത്രിമൂർത്തികളുടെ ഗ്രന്ഥങ്ങളായിരുന്നു.
"ഈജിപ്ഷ്യൻ നവോത്ഥാനത്തിന്റെ സാരഥികളായിരുന്ന ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയവർക്ക് കേരളത്തിലെ മുജാഹിദുകൾ നൽകിയ ആദരവ്, അവരുടെ ആശയാദർശങ്ങൾ ഇവിടുത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും നമ്മുടെ അറബി കോളേജുകളിൽ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്റെ രിസാലത്ത് തൗഹീദ് അവയിലൊന്നാണ്...
രിസാലത്തു തൗഹീദിന് പുറമേ വഹിയു മുഹമ്മദി, മനാഹി ലുൽ ഇർഫാൻ, മുഹാളിറാത്തുൻ ഫീ താരീഖിൽ ഇസ്ലാമി, തഫ്സീറുൽ മനാർ, തഫ്സീറുൽ മറാഗി തുടങ്ങിയ ഈജിപ്തിലെ ഇസ്ലാഹി പണ്ഡിതരുടെ ഗ്രന്ഥങ്ങളാണ് നാം പാഠ്യപദ്ധതിയായി സ്വീകരിച്ചത്. "
(ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും
പേജ് 25 )
ഉത്തമ നൂറ്റാണ്ടിലെ മുജ്തഹിതുകളായ ഇമാം ശാഫിഈ(റ)യെ പോലുള്ള ഇമാമുകളെ സുന്നികൾ തഖ്ലീദ് ( അനുകരിക്കുക) ചെയ്യുന്നതിനെ തെറ്റായി ചിത്രീകരിക്കുകയും
ഞങ്ങൾ ഖുർആനിന്റെയും ഹദീസിന്റെയും ആളുകളാണ്, ഏതെങ്കിലും "പാള കിതാബുകൾ" ആശ്രയിക്കുന്നവരെല്ലായെന്ന് പൊതുസമൂഹത്തിൽ വിളിച്ചു പറയും ചെയ്യുന്നവർ ഈജിപ്തിലെ മത യുക്തിവാദികളെ /ഹദീസ് നിഷേധികളെ പിന്തുടർന്നവരാണെന്ന വസ്തുത മനസ്സിലാക്കാനാണ് ഇത്രയും ഭാഗങ്ങൾ ഇവരുടെ പ്രസിദ്ധീകരണത്തിൽ നിന്നും ഉദ്ധരിച്ചത്.
ഇവരുടെ അവലംബം അഫ്ഗാനിയും അബ്ദുവും തന്നെയാണ്. ഇനി ഈ ത്രിമൂർത്തികളുടെ ചരിത്രം പഠിക്കുമ്പോഴാണ് സത്യത്തിൽ നാം ഞെട്ടിത്തരിക്കുക.
➖➖➖➖➖➖➖➖➖➖
ഭാഗം5️⃣
*അബ്ദുവിന്റെ*
*ഹദീസ് നിഷേധം*
വക്കം മൗലവിയുടെ പ്രസിദ്ധീകരണത്തിന് 'ദീപിക' എന്നും കെ എൻ എമ്മിന്റെ മുഖപത്രത്തിന് 'അൽ മനാർ ' എന്നും പേരിട്ടത് ഈജിപ്തിലെ ത്രിമൂർത്തികളുമായുള്ള ബന്ധം അടയാളപ്പെടുത്താനാണത്രെ.
"കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാന പണ്ഡിതർക്ക് ഈജിപ്തിലുദയം ചെയ്ത നവോത്ഥാന സംരംഭവുമായുള്ള വൈജ്ഞാനിക ബന്ധമാണ് ഇവിടെയും ഒരു അൽമനാർ മാസിക തുടങ്ങാൻ കാരണമായത്. "
(മുജാഹിദ് സംസ്ഥാന
സമ്മേളന സുവനീർ
2017 പേജ്: 73)
" അൽമനാറിന്റെ മലയാള അർത്ഥത്തിലാണ് ദീപിക എന്ന പേര് സ്ഥാപിച്ചതെന്ന് അനുമാനിക്കുന്നു "
(വക്കം മൗലവി ചിന്തകൾ
രചനകൾ പേജ് : 31)
അഫ്ഗാനി, അബ്ദു, റശീദ് രിള തുടങ്ങിയവർ പിഴച്ച കക്ഷികളാണെന്നും അംഗീകരിക്കപ്പെടാവുന്നതല്ലെന്നും സുന്നി ഉലമാക്കൾ ആദ്യകാലം മുതൽ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അന്ന് സുന്നികൾ ലോകം തിരിയാത്തവരാണെന്ന് പരിഹസിച്ചവർക്ക് ഒരു നൂറ്റാണ്ട് കഴിഞ്ഞ് ആ യാഥാർത്ഥ്യം അംഗീകരിക്കേണ്ടി വന്നു.
മുഹമ്മദ് അബ്ദുവിന്റെ ഹദീസ് നിഷേധത്തെ കുറിച്ച് ഒരു മൗലവി എഴുതുന്നു:
"കുരിശുകാർ ഇസ്ലാമിക രാജ്യങ്ങളിൽ കടന്നു കയറാൻ ശ്രമിച്ച കാലങ്ങൾ ഉണ്ടായിട്ടുണ്ട്. സൈന്യപരമായി അവർക്ക് അതിന് കഴിയാതെ പോയി. ഇസ്ലാമിനെ തകർക്കൽ ആയിരുന്നു അവരുടെ ലക്ഷ്യം. അതിനാൽ ചിന്താപരവും സാംസ്കാരികവുമായ ഏറ്റുമുട്ടലിനെ കുറിച്ച് അവർ ചിന്തിച്ചു. തങ്ങളുടെ ചിന്തകളും സംസ്കാരങ്ങളും വിശ്വാസങ്ങളും മുസ്ലിംകളിലേക്കടിച്ചു കയറ്റാൻ ശ്രമിച്ചു. അതിനാവശ്യമായ ഭൗതിക പഠന സഹായങ്ങൾ എല്ലാം അവർ നൽകി. സ്ഥാപനങ്ങൾ ഉയർന്നുവന്നു. എന്നാൽ തങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതിൽ സത്യവും അസത്യവും കൂട്ടിക്കലർത്തപ്പെട്ടതുണ്ടെന്ന് മനസ്സിലാക്കാനോ ഓറിയന്റലിസത്തിന്റെ ഏജന്റുമാരാണ് ഞങ്ങളെ പഠിപ്പിക്കുന്നതെന്ന് അവർ ചിന്തിച്ചിരുന്നില്ല. എന്ന് മാത്രമല്ല ഓറിയന്റലിസ്റ്റുകളായ ഇത്തരം ആളുകൾ പറഞ്ഞു കൊടുക്കുന്നതെല്ലാം വിദ്യാർത്ഥികൾ കുറിച്ചുവെച്ചു. തങ്ങൾക്ക് കിട്ടിയ പുതിയ വിജ്ഞാനങ്ങളിൽ അഭിമാനം കൊണ്ടു. ഇസ്ലാമിന് ഒരു പുതിയ വസ്ത്രം ധരിക്കപ്പെട്ടു എന്ന ചിന്തയിൽ അവർ സന്തോഷിച്ചു. ചുരുക്കത്തിൽ വ്യക്തമായ നിലക്കുള്ള മസ്തിഷ്ക പ്രക്ഷാളനം നടന്നു എന്നർത്ഥം. അങ്ങനെ ഇസ്ലാമിന്റെ ചില കാര്യങ്ങൾക്കെതിരിൽ സംശയങ്ങൾ ഇളക്കി വിടുന്നതിൽ ഓറിയന്റലിസ്റ്റുകൾ വിജയിച്ചു. ഒളിഞ്ഞും മറഞ്ഞും നിങ്ങൾ ഖുർആൻ മുറുകെ പിടിക്കണം എന്ന് പഠിപ്പിച്ചു. ഇതിനിടയിൽ തമസ്കരിക്കപ്പെട്ടത് ഹദീസുകളാണ്. കാരണം സുന്നത്തെന്നത് ഊഹമാണ്. അത് ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. പ്രത്യേകിച്ചും ' ആഹാദാ ' യ ഹദീസുകളുടെ വിഷയത്തിൽ എന്നൊക്കെ അവർ പ്രചരിപ്പിച്ചു. പക്ഷേ ഇതൊന്നും മനസ്സിലാക്കാൻ അന്ന് പലർക്കും സാധിച്ചില്ല. കാരണം, അവർ പാശ്ചാത്യരായ എഴുത്തുകാരുടെയും അവരുടെ സംസ്കാരങ്ങളുടെയും സ്വാധീനത്തിൽ പെട്ടുപോയിരുന്നു. അങ്ങനെ ഇസ്ലാമിക പൈതൃകം കൃത്യമായി അറിയാത്തതിനാലും ഇച്ഛകളുടെയും ചിന്താ വ്യതിയാനങ്ങളുടെയും പിടിയിൽ അമർന്നതിനാലും പാശ്ചാത്യ എഴുത്തുകാരുടെയും ഓറിയന്റലിസ്റ്റുകളുടെയും സ്വാധീനത്തിലകപ്പെട്ടതിനാലും അറേബ്യൻ ലോകത്ത് ഹദീസിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുന്നവരും നിഷേധിക്കുന്നവരും രംഗത്ത് വന്നു. ഈ നിലക്ക് വളർന്നു വന്നവരിൽ പ്രധാനികളായിരുന്നു
മുഹമ്മദ് അബ്ദു.
ആധുനികകാലത്തെ ഹദീസ് നിഷേധത്തിന്റെ ചരിത്രം പരിശോധിച്ചാൽ മുഹമ്മദ് അബ്ദുവിന്റെ കാലത്തേക്കാണ് അത് മടങ്ങുന്നത്. അബുറയ്യ എന്ന തികഞ്ഞ ഹദീസ് നിഷേധി മുഹമ്മദ് അബ്ദുവിന്റെ ഒരു ഉദ്ധരണി ഇപ്രകാരം കൊടുക്കുന്നു. "ഉസ്താദ് മുഹമ്മദ് അബ്ദു പറഞ്ഞിരിക്കുന്നു : ഖുർആനല്ലാത്ത മറ്റൊരു ഇമാം ഇക്കാലഘട്ടത്തിൽ മുസ്ലീങ്ങൾക്ക് ഇല്ല. "
(ഹദീസ് പ്രസക്തി,
പ്രാമാണികത, നിഷേധം
പേജ്: 58 ഫള്ലുൽ ഹഖ് ഉമരി )
➖➖➖➖➖➖➖➖➖➖
ഭാഗം 6️⃣
*വക്കം മൗലവി*
*അകപ്പെട്ട കെണിവല*
വക്കം മൗലവിയെ സ്വാധീനിച്ച വ്യക്തികളെ കുറിച്ച് ആധുനിക മൗലവിമാർ പഠനം നടത്തിയപ്പോഴാണ് അദ്ദേഹം അകപ്പെട്ട കെണിവലയുടെ ദുർഗതി അവർക്ക് ബോധ്യപ്പെടുന്നത്.
മൗലവിയെ ഏറെ സ്വാധീനിച്ച മുഹമ്മദ് അബ്ദു ഹദീസ് നിഷേധി, ജമാലുദ്ദീൻ അഫ്ഗാനി പാശ്ചാത്യൻ ഏജന്റ്, റശീദ് രിളക്കാവട്ടെ ഇതിൽ നിന്നെല്ലാം തൗബ ചെയ്ത് പൂർണ്ണമായി സത്യത്തിലേക്ക് മടങ്ങാനും സാധിച്ചില്ല.
ആധുനിക ഹദീസ് നിഷേധികളെ കുറിച്ചുള്ള പഠനത്തിൽ ഒന്നാമതായി പരാമർശിക്കപ്പെടുന്നത് മുഹമ്മദ് അബ്ദുവിനെയാണ്.
"ഓറിയന്റലിസ്റ്റുകളുടെയും മോഡേൺസ്റ്റുകളുടെയും ചുവടുപിടിച്ച് അവരുടെ പിഴച്ച വാദങ്ങളുമായി അറബ് ലോകത്ത് ചിലർ പ്രത്യക്ഷപ്പെടുകയുണ്ടായി. ആധുനിക ഹദീസ് നിഷേധത്തിന്റെ വേരുകൾ അന്വേഷിക്കുന്നവർ ചെന്നെത്തുന്ന ചില നാമങ്ങളാണ് അവ. അത്തരം ധാരാളം നാമങ്ങളിൽ നിന്ന് ചില നാമങ്ങളെ മാത്രം ഇവിടെ പരിചയപ്പെടുത്താം.
1- മുഹമ്മദ് അബ്ദു.
ആധുനിക ഹദീസ് നിഷേധത്തിന്റെ അടിവേരുകൾ പരതുന്ന ഒരാൾ ആദ്യമായിട്ട് എത്തുന്നത് തഖ്ലീദിനെതിരെ പടപൊരുതിയ തൗഹീദിന്റെ ഒരു മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുവിലാണെന്നത് ഒരുപക്ഷേ വിരോധാഭാസമായി തോന്നിയേക്കാം. ശിർക്കിനെ എതിർക്കുന്ന വിഷയത്തിൽ സലഫിന്റെ പാത പിമ്പറ്റിയ ഇദ്ദേഹം പക്ഷേ, ഹദീസിനെ സ്വീകരിക്കുന്ന വിഷയത്തിൽ സലഫിന്റെ മാർഗത്തിൽ നിന്നും തികച്ചും വ്യതിചലിച്ചിരിക്കുകയാണുണ്ടായത്. എത്രത്തോളം എന്നാൽ ഹദീസ് നിഷേധത്തിന്റെ വക്താക്കൾ ഹദീസിനെ വിമർശിക്കാൻ മുഹമ്മദ് അബ്ദുവിന്റെ വാക്കുകളായിരുന്നു തെളിവായി ഉദ്ധരിച്ചിരുന്നത്. "
(ഹദീസ് നിഷേധം അന്നും ഇന്നും
അബ്ദുൽ മാലിക് സലഫി പേ: 25 )
മുഹമ്മദ് അബ്ദുവിന്റെ ഗുരുവര്യരും വക്കം മൗലവിയെ ഏറെ സ്വാധീനിച്ച മറ്റൊരു വ്യക്തിയുമാണ് ജമാലുദ്ദീൻ അഫ്ഗാനി.
അദ്ദേഹത്തെക്കുറിച്ച് മൗലവിമാർ തന്നെ രേഖപ്പെടുത്തുന്നത് കാണുക:
"ജമാലുദ്ദീൻ അഫ്ഗാനിയെ വാഴ്ത്തുന്ന ഒരു സലഫിയെ ഗൾഫ് രാഷ്ട്രങ്ങളിൽ കണ്ടെത്താൻ പ്രയാസമാണ്. അവിടുത്തെ സലഫികളും ഇഖ്വാനികളുമെല്ലാം അദ്ദേഹത്തെ പാശ്ചാത്ഥ്യരുടെ ഏജന്റായാണ് ചിത്രീകരിക്കുന്നത്. പാശ്ചാത്യൻ സംസ്കാരത്തെ മുസ്ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്തത് അദ്ദേഹമാണെന്ന് അവർ പറയുന്നു. "
(ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും
എം ഐ സുല്ലമി പേജ് 25 )
അബ്ദുവിന്റെ ശിഷ്യനായി വളർന്ന റശീദ് രിള അദ്ദേഹത്തിന്റെ ചിന്തകളിൽ ആകൃഷ്ടരായെന്നും പൂർണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും കെ എൻ എം സംസ്ഥാന സമ്മേളന സുവനീർ വ്യക്തമാക്കുന്നു.
"ശൈഖ് മുഹമ്മദ് അബ്ദുവിന്റെ ശിഷ്യനായി അറിയപ്പെട്ട റഷീദ് രിള ആദ്യകാലത്ത് അബ്ദുവിന്റെ അഖ്ലാനി ചിന്താഗതി (ബുദ്ധിക്ക് അമിത പ്രാധാന്യം കൽപ്പിക്കുന്ന പ്രവണത ) യിൽ ആകൃഷ്ടരായിരുന്നെങ്കിലും അബ്ദുവിന്റെ മരണശേഷം റഷീദ് രിള തൻ്റെ പഠനത്തിലൂടെ സത്യ മാർഗ്ഗത്തിലേക്ക് മടങ്ങുകയും മുമ്പ് സംഭവിച്ച പല തെറ്റുകളും തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്പകാലം കൂടി സയ്യിദ് റഷീദ് രിളാക്ക് അല്ലാഹു ആയുസ്സ് നൽകിയിരുന്നെങ്കിൽ മാർഗത്തിലേക്ക് പൂർണ്ണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നു. പക്ഷേ വിധിയെ തടുക്കാനാവില്ലല്ലോ. "
(സമ്മേളന സുവനീർ 2002
എറണാകുളം, പേ: 255)
ഹദീസ് നിഷേധികളിൽപ്പെട്ട ഇത്തരം ചിലയാളുകളുടെ ചിന്താഗതിയിലാണ് വക്കം മൗലവി അകപ്പെട്ടിരുന്നത്.
(തുടരും )