*ബൈതുസ്സകാത്:*
*കള്ളന് കഞ്ഞി വെക്കരുത്*
ഭൂമി മനുഷ്യരുള്‍പ്പെടെയുള്ള ജൈവ ലോകത്തിന്റെ താത്കാലിക സങ്കേതമാണ്. നിശ്ചിത കാലം വരെ ജീവിക്കാനാവശ്യമായ എല്ലാ വിഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ വിഭവങ്ങളുടെയെല്ലാം യഥാര്‍ഥ ഉടമസ്ഥന്‍ അല്ലാഹു തന്നെയാണ്. എന്നാല്‍ ഇതിന്റെ താത്കാലിക ഉടമാവകാശം വ്യത്യസ്ത അളവില്‍ പലര്‍ക്കും അവന്‍ നല്‍കാറുണ്ട്. ധനികന് സമ്പത്ത് നല്‍കുന്നതും ദരിദ്രന് നല്‍കാതിരിക്കുന്നതും പരീക്ഷണത്തിന്റെ ഭാഗമാണ്. അഹങ്കരിച്ചും പാവപ്പെട്ടവരെ അവഗണിച്ചും ജീവിക്കാതെ അല്ലാഹുവിനോട് കൂടുതല്‍ നന്ദി കാണിക്കുന്നുണ്ടോ എന്ന വിഷയത്തിലാണ് സമ്പന്നര്‍ പരീക്ഷിക്കപ്പെടുന്നത്. ദരിദ്രന്‍, കളവും കവര്‍ച്ചയും നടത്താതെ അനുവദനീയമായ മാര്‍ഗത്തില്‍ സമ്പാദിക്കാന്‍ ശ്രമിച്ച് ലഭ്യമായത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുന്നുണ്ടോ എന്നതില്‍ പരീക്ഷിക്കപ്പെടുകയാണ്.
ഭൂമിയില്‍ എല്ലാവരും സമ്പന്നരായാല്‍ പിന്നെ പുരോഗമന പാതയില്‍ ഒരടി മുന്നോട്ടുപോകാന്‍ കഴിയില്ല. തൊഴിലാളികളും പാവപ്പെട്ടവരും ഉണ്ടാകുമ്പോള്‍ മാത്രമേ പണത്തിനും മുതലാളിക്കും പ്രസക്തിയുള്ളൂ. എന്നാല്‍ മുതലാളിമാര്‍ എന്നും സമ്പന്നരായിത്തന്നെ കഴിയണമെന്ന് അല്ലാഹുവിന് താത്പര്യമില്ല. അവര്‍ക്കും എത്രയും സമ്പാദിക്കാം. പണമുള്ളവര്‍ക്ക് കൂടുതല്‍ പണക്കാരനാകാന്‍ കഴിയുമ്പോള്‍ പാവപ്പെട്ടവര്‍ കൂടുതല്‍ ദരിദ്രരാകാന്‍ സാധ്യതയുണ്ട്. ഇതിനുള്ള പരിഹാരമാണ് സകാത്ത്. സമ്പന്നന്റെ നിശ്ചിത മുതലുകള്‍ നിശ്ചിത പരിധിയിലെത്തിയാല്‍ അതിന്റെ നാല്‍പ്പതില്‍ ഒന്ന് പാവപ്പെട്ടവരുടെ അവകാശമാണ്. ഇതുവഴി ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കുറക്കാന്‍ സാധിക്കുന്നു.
*സകാത്തിന്റെ മുതലുകള്‍*
നാല് തരം മുതലുകളില്‍ മാത്രമാണ് സകാത്ത് നിശ്ചയിക്കപ്പെട്ടത്. 1. സാര്‍വത്രികമായി വിലയായി ഉപയോഗിക്കപ്പെടുന്നവ. (സ്വര്‍ണം, വെള്ളി, കറന്‍സിനോട്ടുകള്‍). 2. കച്ചവടച്ചരക്കുകള്‍. ഭൂമി, വാഹനം ഉള്‍പ്പെടെയുള്ളവ കച്ചവടച്ചരക്കായി മാറുമ്പോള്‍ അതിന് സകാത്ത് നല്‍കണം. 3. പഴങ്ങളിലും ധാന്യങ്ങളിലും മുഖ്യാഹാരമായി ഉപയോഗിക്കുന്നതും സൂക്ഷിച്ചുവെക്കാന്‍ പറ്റുന്നതുമായവ. 4. കന്നുകാലികള്‍. വന്‍കിട കന്നുകാലി കര്‍ഷകര്‍ക്കേ സകാത്ത് വരുന്നുള്ളൂ. തേങ്ങ, റബ്ബര്‍, കുരുമുളക് പോലുള്ളവക്ക് നേരിട്ട് സകാത്ത് ബാധകമല്ല. അവ മുഖ്യാഹാരമല്ലാത്തതാണ് കാരണം. എന്നാല്‍ അവ വില്‍പ്പന നടത്തിയ കാശ് ഒരു വര്‍ഷം സൂക്ഷിച്ചുവെക്കുകയും നിശ്ചിത സംഖ്യ ഉണ്ടാകുകയും ചെയ്താല്‍ അതിന് സകാത്ത് നല്‍കണം.
*അവകാശികള്‍*
എട്ട് വിഭാഗങ്ങള്‍ക്ക് മാത്രമാണ് സകാത്തിനുള്ള അവകാശമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് (തൗബ:60). പരമദരിദ്രന്‍, പാവപ്പെട്ടവന്‍, ഭരണാധികാരിക്ക് കീഴിലുള്ള സകാത്ത് ഉദ്യോഗസ്ഥന്‍, പുതുവിശ്വാസികള്‍, കടം കൊണ്ട് വലഞ്ഞവര്‍, മോചനപ്പത്രം എഴുതപ്പെട്ട അടിമകള്‍, ഭരണാധികാരിക്ക് കീഴില്‍ ധര്‍മ സമരത്തിലേര്‍പ്പെടുന്നവര്‍, ഹലാലായ യാത്രക്കിടെ എല്ലാം നഷ്ടപ്പെട്ടുപോയവര്‍.ഇവരല്ലാത്ത ആര്‍ക്കും സകാത്തിന് അര്‍ഹതയില്ല എന്നാണ് വിശുദ്ധ ഖുര്‍ആന്‍ തീര്‍ത്തുപറയുന്നത്.
*മതവിരുദ്ധമാകുന്ന വിധം*
വിതരണ രീതിയുടെ കാര്യത്തില്‍ സകാത്ത് മുതലുകളെ ഇസ്്‌ലാം രണ്ടായി വേര്‍തിരിച്ചിട്ടുണ്ട്. ഒന്ന്: പ്രത്യക്ഷ ധനം. കൃഷി, കന്നുകാലികള്‍, ഖനന കേന്ദ്രങ്ങള്‍ (സ്വര്‍ണം, വെള്ളി) എന്നിവയാണത്. രണ്ട്: പരോക്ഷമായ ധനം. സ്വര്‍ണം, വെള്ളി, നിധി, കച്ചവടമുതലിന്റെ സകാത്ത്, ഫിത്വ്്ര്‍ സകാത്ത് (ശറഹുല്‍ മുഹദ്ദബ് 6/164). ഇതില്‍ ആദ്യം പറഞ്ഞ പ്രത്യക്ഷ മുതലായ കൃഷിയുടെ സകാത്തും കന്നുകാലികളുടെയും സ്വര്‍ണം, വെള്ളി എന്നിവ കുഴിച്ചെടുക്കുന്ന ഖനന കേന്ദ്രങ്ങളുണ്ടെങ്കില്‍ അവയുടെയും സകാത്തുകള്‍ ഇസ്്‌ലാമിക ഗവണ്‍മെന്റ് ഉണ്ടെങ്കില്‍ അവര്‍ക്ക് ഏറ്റെടുത്ത് വിതരണം ചെയ്യാം. ഗവണ്‍മെന്റ്‌ചോദിച്ചാല്‍ കൊടുക്കല്‍ ദായകര്‍ക്ക്‌നിര്‍ബന്ധവുമാണ്.
എന്നാല്‍, പരോക്ഷ മുതലുകളായ സ്വര്‍ണം, വെള്ളി (ഇവയുടെ സ്ഥാനത്ത് വരുന്ന കറന്‍സി നോട്ടുകള്‍) കച്ചവടത്തിന്റെ സകാത്ത്, ഫിത്വ്്ര്‍ സകാത്ത് തുടങ്ങിയവ ഉടമകള്‍ നേരിട്ടാണ് വിതരണം ചെയ്യേണ്ടത്. ഇത് ദായകരില്‍ നിന്ന് ചോദിച്ചുവാങ്ങാന്‍ ഇസ്ലാമിക ഭരണാധികാരിക്ക് തന്നെ അവകാശമില്ല (നിഹായ3/136മുഅ്നി) 413).
ഇവിടെയാണ് വഹാബി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതനവീകരണവാദികള്‍ മുന്നോട്ടുവെക്കുന്ന ബൈതുസ്സകാത്ത് അനിസ്്‌ലാമികമായി മാറുന്നത്. ഇസ്്‌ലാമിക ഭരണാധികാരിക്ക് വാങ്ങി വിതരണം ചെയ്യാന്‍ അധികാരമുള്ള സകാത്ത് മുതലുകള്‍ കേരളീയ സാഹചര്യത്തില്‍ നന്നേ കുറവാണ്. 1,920 ലിറ്റര്‍ നെല്ലുത്പാതിപ്പിച്ചവര്‍ മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ. അപ്രകാരം 40 ആടുകളും 30 പശുക്കളും ഉള്ളവരേ കന്നുകാലികളുടെ സകാത്ത് നല്‍കേണ്ടതുള്ളൂ. പിന്നെ സ്വര്‍ണവും വെള്ളിയും ഖനനം ചെയ്യുന്ന കേന്ദ്രങ്ങള്‍ ഇവിടെ ആരുടെയും ഉടമസ്ഥതയില്‍ ഇല്ലതാനും.
അപ്പോള്‍ ഇസ്ലാമിക ഭരണാധികാരിക്ക് തന്നെ ചോദിച്ചുവാങ്ങാന്‍ അവകാശമില്ലാത്ത പരോക്ഷ മുതലുകളുടെ സകാത്താണ് ഈ ബൈതുസ്സകാത്തുകാര്‍ പിരിച്ചെടുക്കുന്നത് എന്നതുകൊണ്ടു തന്നെ ഇത് ഇസ്്‌ലാമിക രീതിയല്ല. സകാത്ത് കമ്മിറ്റികള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നത് ഇസ്്‌ലാമിക പാരമ്പര്യമല്ലെന്ന് പ്രബോധനം തന്നെ സൂചിപ്പിക്കുന്നത് കാണുക. 'സകാത്തിന്റെ സംഭരണവും വിതരണവും ഖുര്‍ആന്റെയും നബിവചനങ്ങളുടെയും വെളിച്ചത്തില്‍ പരിശോധിച്ചാല്‍ സര്‍ക്കാറിന്റെ ചുമതലയാണ് എന്ന് മനസ്സിലാകും. സകാത്തിന്റെ സംഭരണത്തേക്കാളേറെ അതിന്റെ വിതരണത്തിനാണ് ഖുര്‍ആന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. കാരണം സകാത്ത് യാഥാവിധി ചെലവഴിക്കലും യഥാസ്ഥാനങ്ങളില്‍ എത്തിച്ചുകൊടുക്കലും സംഭരണത്തേക്കാള്‍ വിഷമംപിടിച്ച ജോലിയാണ്' (പ്രബോധനം: 2005 ഒക്ടോബര്‍ 29). എന്നാല്‍, ഇപ്പോള്‍ ജമാഅത്തെ ഇസ്്‌ലാമി സ്വയം ഭരണാധികാരിയായി സകാത്ത് സമാഹരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
*സകാത്ത് കൊള്ള*
ഇസ്്‌ലാം നിര്‍ദേശിച്ച രീതിക്ക് വിരുദ്ധമായി സകാത്ത് ശേഖരിക്കുന്നുവെന്നതിന് പുറമെ അല്ലാഹു നിര്‍ദേശിച്ചതിന് വിരുദ്ധമായി സകാത്ത് മുതല്‍ അടിച്ചുമാറ്റുക കൂടി ചെയ്യുന്നുവെന്നതാണ് സമുദായം സഗൗരവം കാണേണ്ടത്. സകാത്തിന് അര്‍ഹതയുള്ള എട്ട് വിഭാഗത്തില്‍ 'ഫീ സബീലില്ലാഹ്' എന്ന പരാമര്‍ശത്തെ അല്ലാവിന്റെ മാര്‍ഗത്തില്‍ എന്ന് പൊതുവായി വ്യാഖ്യാനിച്ച് പത്രം, ചാനല്‍, സ്ഥാപനങ്ങള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കെല്ലാം സകാത്ത് വിഹിതം ഉപയോഗിക്കുന്ന കുതന്ത്രമാണ് മതപരിഷ്‌കരണ വാദികള്‍ നടത്തുന്നത്. എന്നാല്‍ 'ഫീ സബീലില്ലാഹ്' എന്നതിന്റെ ഉദ്ദേശ്യം മുജാഹിദ് പത്രം തന്നെ മുമ്പ് എഴുതിയത് ഇപ്രകാരമാണ്. ആറാമത്തെ ഇനമായ സബീലുല്ലാഹി എന്നതിന് മുഫസ്സിറുകള്‍ ഭൂരിപക്ഷവും മതാഭിവൃദ്ധിക്കുവേണ്ടി പോരാടുന്ന യോദ്ധാക്കള്‍ എന്നാണ് വ്യാഖ്യാനം കൊടുത്തിട്ടുള്ളത് (അല്‍മുര്‍ശിദ് പു:2 പേ:312-313).
യഥാര്‍ഥത്തില്‍ മുസ്ലിം ഭരണാധികാരിയുടെ കീഴില്‍ ധര്‍മസമരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള വിഹിതത്തെ തങ്ങളുടെ ചാനലും പത്രവും സംഘടനാ പ്രവര്‍ത്തനങ്ങളുമൊക്കെ ഇത്തരം പോരാളികളാണ് എന്ന് വാദിച്ച് കൊണ്ടാണ് ഈ പകല്‍കൊള്ള നടത്തുന്നത്.
മുജാഹിദുകള്‍ തങ്ങളുടെ സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടി സകാത്ത് ചോദിക്കുന്നതും കാണുക. 'ഖുര്‍ആനും സുന്നത്തും അറബി സാഹിത്യവും പ്രചരിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദൂരീകരിക്കുന്നതിനുമായി സ്ഥാപിതമായി പ്രശസ്തമാംവണ്ണം വളര്‍ന്നുവരുന്ന ഒരു സംഘമാണ് കേരള നദ്വത്തുല്‍ മുജാഹിദീന്‍. അതിനാല്‍ സകാത്തിന്റെ ഫണ്ടില്‍ മുജാഹിദുകള്‍ക്കുള്ള വിഹിതവും മറ്റു സംഭാവനകളും നല്‍കി ഈ പരിപാവനമായ മാസത്തില്‍ സംഘത്തെ സഹായിക്കണമേയെന്ന് എല്ലാ സഹോദരന്മാരോടും പ്രത്യേകം അപേക്ഷിക്കുന്നു.' ഉമര്‍ മൗലവി പുറത്തിറക്കിയിരുന്ന ക്ഷുദ്രകൃതിയായിരുന്ന സല്‍സബീലിന് വേണ്ടി സകാത്ത് ചോദിക്കുന്നത് നാല് വകുപ്പനുസരിച്ചാണ്. 'പുണ്യമാസങ്ങളില്‍ നിങ്ങളുടെ ദാനധര്‍മങ്ങളില്‍ ഒരംശം സല്‍സബീലിനു നല്‍കുക. ഫഖീര്‍, മിസ്‌കീന്‍, ഗാരിമീന്‍, ഫീ സബീലില്ലാഹി എന്നീ നിലക്കെല്ലാം സല്‍സബീലിന് സകാത്തിനവകാശമുണ്ട്' (സല്‍സബീല്‍ -1973 ആഗസ്റ്റ്). ഇവരുടെ സകാത്ത് സെല്ലിലേക്ക് ഏല്‍പ്പിച്ചാല്‍ സകാത്ത് എവിടെ എത്തും എന്ന് ചിന്തിക്കുക.
ജമാഅത്തെ ഇസ്ലാമി മാധ്യമവും അവരുടെ ചാനലുമെല്ലാം സകാത്തും വഖ്ഫ് സ്വത്തും ഉപയോഗിച്ചാണ് ആരംഭിച്ചതെന്നും അത് മാധ്യമ ജിഹാദിന്റെ ഭാഗമാണെന്നും അവരുടെ നേതാവ് ഖാലിദ് മൂസ നദ്്വി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ജമാഅത്ത് വിദ്യാര്‍ഥി സംഘടനയുടെ മുന്‍ പ്രസിഡന്റ് വി ടി അബ്ദുല്ലക്കോയയുടെ പേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ സകാത്ത് ചോദിക്കുന്നത് ഇപ്രകാരമാണ്. 'ദാനധര്‍മങ്ങള്‍ക്ക് ധാരാളം പ്രതിഫലം ലഭിക്കുന്ന റമസാനില്‍ താങ്കളുടെ സകാത്ത് സ്വദഖകളില്‍ നിന്നുള്ള കാര്യമായ വിഹിതം നല്‍കി ഈ ഇസ്ലാമിക വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു'.
*ബൈത്തുസ്സകാത്തിന്റെ ഒരു മാതൃക*
കോഴിക്കോട് കാരപ്പറമ്പ് യൂനിറ്റ് കെ എന്‍ എം 2005ല്‍ പുറത്തിറക്കിയ സകാത്ത് കണക്കിന്റെ ചാര്‍ട്ട് പരിശോധിച്ചാലറിയാം പാവപ്പെട്ടവരുടെ സകാത്ത് പാര്‍ട്ടി ഫണ്ടായി ഉപയോഗിക്കുന്നതിന്റെ രീതി എങ്ങനെയാണെന്ന്.
മുന്‍വര്‍ഷത്തെ ബാക്കി- 41,104.60
മൊത്തം വരവ്- 26,522.00
ബേങ്ക് പലിശ- 939.00
പ്രിന്റിംഗ് ചാര്‍ജ്- 520.00
കടംവീട്ടാന്‍ സഹായം- 4,500.00
രോഗചികിത്സ, മരുന്ന്, ഓപറേഷന്‍ തുടങ്ങിയവ- 6,005.00
വീട് നിര്‍മാണം, റിപ്പയര്‍- 61,491.00
തൊഴില്‍ സഹായം- 25,920.00
കുടുംബ പെന്‍ഷന്‍- 22,400.00
വീട് വൈദ്യുതിവത്കരണം- 2,500.00
പഠനത്തിന് സഹായം- 9,500.00
മാസത്തില്‍ അരിയും മറ്റു സഹായങ്ങളും നല്‍കിയത്- 51,167.00
കേന്ദ്രവിഹിതം- 13,000.00
എത്ര ലാഘവത്തോടെയാണ് ഇവര്‍ സകാത്ത് മുതല്‍ കൈകാര്യം ചെയ്യുന്നത് എന്ന് ഈ കണക്കില്‍ നിന്ന് തന്നെ വ്യക്തമാകും. സകാത്ത് നിര്‍ബന്ധമായാല്‍ ഒട്ടും വൈകാതെ അവകാശികള്‍ക്ക് നല്‍കണമെന്നാണ് മതനിയമം. ഒരു യൂനിറ്റ് കമ്മിറ്റിയുടെ കൈയില്‍ മാത്രം സൂക്ഷിച്ചുവെച്ചിരിക്കുന്നത് പതിനായിരങ്ങളാണ്. മാത്രമല്ല, ഈ തുക ബേങ്കില്‍ നിക്ഷേപിച്ച് അതിന്റെ പലിശയും കൂടി കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര വിഹിതം എന്ന പേരില്‍ 13,000 രൂപ കെ എന്‍ എം സംസ്ഥാന കമ്മിറ്റിക്കും അയച്ചുകൊടുത്തിട്ടുണ്ട്. അല്ലാഹുവില്‍ ഭയമുള്ള, സകാത്ത് അതിന്റെ അവകാശികള്‍ക്ക് തന്നെ ലഭിക്കണമെന്ന് താത്പര്യമുള്ളവരാരും ഇത്തരം സകാത്ത് സെല്ലുകാരെയോ ബൈത്തുസ്സകാത്തുകാരെയോ ഏല്‍പ്പിച്ചുപോകരുത്.
*തങ്ങള്‍മാരെ വെച്ചുള്ള കളി*
തങ്ങള്‍മാര്‍ എന്ന ഒരു വിഭാഗം തന്നെ ഇല്ലായെന്നും അത് ശീഇസമാണെന്നും വാദിക്കുന്നവരാണ് വഹാബികളും മൗദൂദികളും. മുജാഹിദ് നേതാവ് ഉമര്‍ മൗലവി എഴുതുന്നത് കാണുക- 'പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചു പരിശീലിപ്പിച്ചു വളര്‍ത്തിയെടുത്ത സമൂഹത്തില്‍ തങ്ങന്‍മാരില്ല. പ്രവാചകന്‍ സംസ്‌കരിച്ചെടുത്ത സമൂഹമാണിത്. ഇതില്‍ തങ്ങന്‍മാരെവിടെ? പിന്നെ ഇതെങ്ങനെയുണ്ടായി? ശിയാക്കളില്‍ നിന്ന് ഉത്ഭവിച്ച അന്ധവിശ്വാസത്തെ സുന്നികള്‍ മാലയിട്ട് സ്വീകരിച്ചതുതന്നെ' (ഓര്‍മകളുടെ തീരത്ത് പേ.05).
അഹ്ലുബൈത്തിലുള്ള വിശ്വാസം ജാഹിലിയ്യത്തിന്റെ അടയാളമാണെന്നാണ് ജമാഅത്തെ ഇസ്ലാമി പറഞ്ഞത്. 'മുഹമ്മദ് നബിക്ക് പുരുഷസന്താനം ഒന്നും ജീവിച്ചിരിക്കുകയുണ്ടായില്ല. അതിനാല്‍ അവിടുത്തേക്ക് പിന്മുറക്കാര്‍ ഇല്ലായിരുന്നു. ഇസ്ലാമിക നിയമമനുസരിച്ച് പുരുഷ സന്തതികളുടെ പരമ്പര മാത്രമേ പിന്മുറക്കാരാകൂ. ആകയാല്‍ പഴയ അറേബ്യന്‍ ജാഹിലിയ്യത്തിന്റെ നഗ്‌നമായ ചിഹ്നമാണ് അഹ്ലുബൈത്തിലും തങ്ങന്‍മാരിലുമുള്ള വിശ്വാസം. ഈ വിശ്വാസം എത്രവേഗം തിരുത്തപ്പെടുന്നോ അത്രയും സമുദായത്തിലെ ഉച്ചനീചത്വം അവസാനിക്കും (പ്രബോധനം 1969 ആഗസ്റ്റ്).
ഇപ്പോള്‍ വഹാബികള്‍ക്കും മൗദൂദികള്‍ക്കും അവരുടെ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യാനും പുസ്തക പ്രകാശനത്തിനും സകാത്ത് കൊള്ളയുടെ പരസ്യം ചെയ്യാനുമൊക്കെ തങ്ങള്‍മാര്‍ തന്നെ വേണം. മതപരിഷ്‌കരണവാദികളുടെ ചതിക്കുഴിയില്‍ ഇനിയും സയ്യിദന്മാര്‍ ചെന്നുചാടരുത്. ജ്വല്ലറിയും സൂപ്പര്‍മാര്‍ക്കറ്റും ഉദ്ഘാടനം ചെയ്യുന്ന ലാഘവത്തോടെ ബിദ്അത്തുകാരുടെ ഇത്തരം പരിപാടികള്‍ തുടങ്ങിക്കൊടുക്കാന്‍ പുറപ്പെടുന്നതിനു മുമ്പ് ആദരണീയരായ സയ്യിദന്മാര്‍ നൂറുവട്ടം ആലോചിക്കണം. ഇവര്‍ക്ക് സയ്യിദന്മാരില്‍ വിശ്വാസമോ അവരോട് ആദരവോ ഇല്ല. പച്ചയായ ചൂഷണം മാത്രമാണ് ലക്ഷ്യം.
ചുരുക്കത്തില്‍ താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ട് മതപരിഷ്‌കരണവാദികളുടെ സകാത്ത് സെല്ലുകളും ബൈതുസ്സകാത്തും മതവിരുദ്ധമാണ്. ഒന്ന്: ഭരണാധികാരികള്‍ക്ക് മാത്രം അവകാശമുള്ള ബൈത്തുസ്സകാത്ത് സിവിലിയന്‍ കൂട്ടായ്മ കൈകാര്യം ചെയ്യുന്നത് മതവിരുദ്ധമാണ്. രണ്ട്: ഭരണാധികാരികള്‍ക്ക് പോലും ചോദിച്ചുവാങ്ങാന്‍ അധികാരമില്ലാത്ത പരോക്ഷ മുതലുകളുടെ സകാത്താണ് ഇവര്‍ പിരിച്ചെടുക്കുന്നത്. മൂന്ന്: ഖുര്‍ആന്‍ നിര്‍ദേശിച്ച എട്ട് വിഭാഗത്തില്‍പ്പെടാത്ത പത്രം, ചാനല്‍, സംഘടനാ പ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, പള്ളി, മദ്റസ മുതല്‍ അവിശ്വാസികള്‍ക്ക് വരെ സകാത്ത് മുതല്‍ ചെലവഴിക്കുന്നു.
ഇമാം ശാഫിഈ (റ)വിന്റെ വാക്കുകള്‍ കൂടി സകാത്ത് ദായകരെ ഓര്‍മിപ്പിക്കുന്നു. 'ഒരാളും തന്റെ ധനത്തിന്റെ സകാത്ത് മറ്റൊരാളെ ഏല്‍പ്പിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അതേക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നത് അവനോട് തന്നെയായിരിക്കും. അവന്‍ തന്നെ നേരിട്ട് അവകാശികള്‍ക്ക് നല്‍കുമ്പോഴാണ്. (അവകാശികള്‍ക്ക് ലഭിച്ചുവെന്ന്) കൂടുതല്‍ ഉറപ്പുവരിക. മറ്റൊരാളെ ഏല്‍പ്പിച്ചാല്‍ അവകാശികള്‍ക്ക് തന്നെ ലഭിച്ചോ എന്ന് ആശങ്ക ബാക്കിയാകും' (അല്‍ഉമ്മ് 2/67).
കൂടുതല്‍ സമ്പത്തും തിരക്കുമുള്ള സമ്പന്നര്‍ക്ക് അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്യാന്‍ പ്രയാസമാണെങ്കില്‍ സകാത്തുമായി ബന്ധപ്പെട്ട മതവിധികള്‍ അറിയുന്ന വിശ്വസ്തരായ വ്യക്തികളെ വക്കാലത്താക്കാവുന്നതാണ്. തിരക്കുള്ള മുതലാളിമാരെയാണ് സകാത്ത് സെല്ലുകാരും മറ്റും ചൂഷണം ചെയ്യുന്നത്. സകാത്ത് മുതല്‍ 'കൈയൊഴിക്കാന്‍ വേണ്ടി' ഇത്തരക്കാരെ ഏല്‍പ്പിക്കുകയാണ്. മഹല്ല് ഖാസിമാരും ഖത്വീബുമാരുമൊക്കെ ഉണര്‍ന്നുപ്രവര്‍ത്തിച്ച് അതാത് നാട്ടിലുള്ള സകാത്തിനര്‍ഹരായവരെ കണ്ടെത്തി സമ്പന്നരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഒരുപാടാളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിതന്മാരോട് ഇക്കാര്യം നേരത്തേ ഉണര്‍ത്തിയതുമാണ്. മറിച്ച് ബൈത്തുസ്സകാത്തിനെ പ്രമോട്ട് ചെയ്യുന്നത് കള്ളന് കഞ്ഞിവെക്കലാണ്.
*റഹ്‌മത്തുല്ലാഹ് സഖാഫി എളമരം (സിറാജ് ദിനപത്രം 01-02-2025*