ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 5 August 2017

കര്‍മശാസ്ത്രവും വിധികളും

അല്ലാഹുവിന്റെ വിധികള്‍ മനുഷ്യബുദ്ധികൊണ്ടു കണ്ടുപിടിക്കാമെന്നു സിദ്ധാന്തിക്കുന്ന വിഭാഗമാണ് മുഅ്തസിലത്ത്. എന്നാല്‍, അല്ലാഹുവിന്റെ പ്രവാചകന്മാരിലൂടേ മാത്രമേ അവന്റെ വിധികള്‍ മനസ്സിലാക്കാന്‍ കഴിയൂ എന്നാണ് അഹ്‌ലുസ്സുന്നയുടെ വീക്ഷണം.
ശാഫിഈ മദ്ഹബിലെ ഉസൂലിന്റെ പണ്ഡിതര്‍ ശര്‍ഇയ്യായ വിധികളെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ഒരാള്‍ ഒരു വസ്തു പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണെന്ന് ശര്‍ഇയ്യായ രേഖ തേടിയാല്‍ അതിനു വുജൂബ് (നിര്‍ബന്ധം) എന്നും നിര്‍ബന്ധമായ നിലക്കല്ലാതെ പ്രവര്‍ത്തിക്കണമെന്നും രേഖ ആവശ്യപ്പെട്ടാല്‍ സുന്നത്ത് (ഐഛികം) എന്നും പ്രവര്‍ത്തിക്കല്‍ അനുവദനീയമല്ലാത്ത നിലയില്‍ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണെന്ന് ഇസ്‌ലാമിക രേഖ മുഖേന തെളിഞ്ഞാല്‍ ഹറാം (നിഷിദ്ധം) എന്നും നിര്‍ബന്ധരീതിയിലല്ലാതെ ഒരു കാര്യം ഉപേക്ഷിക്കണമെന്ന് പ്രത്യേകമായ നിരോധനം മൂലം ശര്‍ഇയ്യായ തെളിവ് മുഖേന തെളിഞ്ഞാല്‍ അതിനു കറാഹത്ത് (അനുചിതം) എന്നും പ്രത്യേകമല്ലാത്ത നിരോധനം (നഹ്‌യ്) മൂലം ഉപേക്ഷിക്കലിനെ തേടിയാല്‍ ഖിലാഫുല്‍ ഔല (നല്ലതിന് എതിര്) എന്നും ഒരുകാര്യം പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കാതിരിക്കുകയും രണ്ടുമാവാമെന്ന് ശര്‍ഇയ്യായ തെളിവ് അറിയിച്ചുതന്നാല്‍ അതിനു (മുബാഹ്) അനുവദനീയം എന്നും പറയും. (ജംഉല്‍ ജവാമിഅ് 1:80,81)
ഓരോന്നും ഉദാഹരണസഹിതം വ്യക്തമാക്കാം. കര്‍മ്മശാസ്ത്രപണ്ഡിതര്‍ പ്രസ്താവിക്കുന്നു: പ്രവര്‍ത്തിച്ചാല്‍ പ്രതിഫലാര്‍ഹവും ഉപേക്ഷിച്ചാല്‍ ശിക്ഷയുമുള്ളതാണ് വാജിബ്. ഇതിനു ഫര്‍ള് എന്നു പറയും. റമളാന്‍ നോമ്പുപോലെ. നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്നു ശര്‍ഇയ്യായ രേഖ മുഖേന സ്ഥിരപ്പെട്ടതും അനുഷ്ഠിച്ചാല്‍ പ്രതിഫലവും ഒഴിവാക്കിയാല്‍ ശിക്ഷയുമുള്ളതാണല്ലോ. പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം ഉള്ളതും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതുമാണ് സുന്നത്ത്. ഇതേ അര്‍ത്ഥത്തിലുള്ളതാണ് മന്‍ദൂബ്, മുസ്തഹബ്ബ്, ഹസന്‍, തത്വവ്വുഅ്, അല്‍ മുറഗ്ഗബ് ഫീഹി ഔലാ എന്നീ വചനങ്ങളെല്ലാം. വിത്ര്‍ നിസ്‌കാരം ഉദാഹരണം.
ഉപേക്ഷിച്ചതിന്റെ പേരില്‍ പ്രതിഫലവും പ്രവര്‍ത്തിച്ചാല്‍ കുറ്റമുള്ളതുമാണ് ഹറാം. മാതാപിതാക്കളെ വെറുപ്പിക്കുന്നതു പോലെ. ഉപേക്ഷിച്ചാല്‍ പ്രതിഫലം ഉള്ളതും ചെയ്താല്‍ ശിക്ഷയില്ലാത്തതുമാണ് കറാഹത്തും ഖിലാഫുല്‍ ഔലയും. ഇവ രണ്ടും തമ്മിലുള്ള അന്തരം പ്രത്യേകമായ നിരോധം വന്നത് കറാഹത്ത് ഖിലാഫുല്‍ ഔലയില്‍ അതുണ്ടാവില്ല എന്നതാണ്. വ്യക്തമല്ലാത്ത നിരോധനം ഖിലാഫുല്‍ ഔലയിലുമുണ്ടാകും. ഉദാഹരണമായി പറയുകയാെണങ്കില്‍ തഹിയ്യത്തു നിസ്‌കാരം ഉപേക്ഷിക്കല്‍ കറാഹത്താണ്. കാരണം, ഉപേക്ഷിക്കരുതെന്ന് പ്രത്യേകമായി നബി(സ) ഉണര്‍ത്തിയിട്ടുണ്ട്. നബി(സ) പ്രസ്താവിച്ചു: നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ടു റക്അത്ത് നിസ്‌കാരം നിര്‍വ്വഹിക്കുന്നതു വരെ ഇരിക്കരുത്. (ബുഖാരി, മുസ്‌ലിം)
ളുഹാ നിസ്‌കാരം നിര്‍വ്വഹിക്കല്‍ ഖിലാഫുല്‍ ഔലയാണ്. ളുഹാ നിസ്‌കരിക്കണമെന്ന് നബി(സ) കല്‍പിച്ചിട്ടുണ്ട്. ഈ കല്‍പനയില്‍ അതു ഉപേക്ഷിക്കരുതെന്ന് നിരോധനം വ്യക്തമല്ലെങ്കിലും അടങ്ങിയിട്ടുണ്ട്. അതായതു ഒരു കാര്യം കൊണ്ടുള്ള കല്‍പനയില്‍ അതു ഒഴിവാക്കരുതെന്ന നിരോധന അടങ്ങിയിട്ടുണ്ട്. അപ്പോള്‍ ഖിലാഫുല്‍ ഔലയിലും നിരോധനം ഉണ്ട്. പക്ഷേ, വ്യക്തമല്ലെന്നു മാത്രം.
ചില വിഷയത്തില്‍ അതു കറാഹത്തോ ഖിലാഫുല്‍ ഔലയോ എന്ന ഭിന്നത വരാനുള്ള നിമിത്തം പ്രത്യേകമായ നിരോധനം വന്നിട്ടുണ്ടോ ഇല്ലെയോ എന്നതിലുള്ള ഭിന്നതയാണ്. ഹജ്ജിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവന്‍ അറഫാദിനം നോമ്പനുഷ്ഠിക്കല്‍ ഖിലാഫുല്‍ ഔലയാണെന്നും കറാഹത്താണെന്നും അഭിപ്രായമുണ്ട്. അറഫയില്‍വെച്ചു നോമ്പനുഷ്ഠിക്കല്‍ നബി(സ) നിരോധിച്ചു എന്ന ഹദീസാണ് കറാഹത്താണെന്നു വാദിച്ചവര്‍ക്ക് തെളിവ്. പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്ന് ഹദീസ് പണ്ഡിതര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഖിലാഫുല്‍ ഔലയാണെന്ന് പറഞ്ഞവര്‍ വാദിക്കുന്നു. (ജംഅ് 1:82)
പ്രത്യേകമായ നിരോധനം വന്നാല്‍ കറാഹത്ത് അല്ലെങ്കില്‍ ഖിലാഫുല്‍ ഔല എന്ന വിശദീകരണം നല്‍കിയത് കര്‍മ്മശാസ്ത്രപണ്ഡിതരില്‍ മുന്‍ഗാമികളാണ്. അതേസമയം, പിന്‍ഗാമികളായ ഫുഖഹാഅ് വിവരിക്കുന്നത് പ്രത്യേകമായ നിരോധനം വന്നാലും ഇല്ലെങ്കിലും കറാഹത്തു തന്നെയാണ് എന്നാണ്. പക്ഷേ, പ്രത്യേകമായ നിരോധനം വന്നാല്‍ ശക്തമായ കറാഹത്ത് എന്നു പറയുമെന്നുമാത്രം. (ജംഅ് 1:82)
ചുരുക്കത്തില്‍, നമ്മുടെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണുന്ന കറാഹത്തായ വിധികളില്‍ മുഴുവനും പ്രത്യേകമായ നിരോധനം വന്നുകൊള്ളണമെന്നില്ല. അല്ലാതെയും കറാഹത്ത് എന്ന പ്രയോഗം ഫുഖഹാഉ് ഉപയോഗിക്കാറുണ്ട്.
നിര്‍ബന്ധമായ ഏതു കാര്യത്തിന്റെ ഓപ്പോസിറ്റും നിഷിദ്ധവും നിഷിദ്ധത്തിന്റെ എതിര്‍ നിര്‍ബന്ധവുമായിരിക്കും. റമളാന്‍ നോമ്പ് നിര്‍ബന്ധം; ഒഴിവാക്കല്‍ നിഷിദ്ധം. കള്ളുകുടിക്കല്‍ നിഷിദ്ധം; ഒഴിവാക്കല്‍ നിര്‍ബന്ധം. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഒരു മസ്അല പറഞ്ഞു അതുനിര്‍ബന്ധമില്ല എന്നു പറഞ്ഞാല്‍ അക്കാര്യം സുന്നത്തുണ്ടെന്നു വരില്ല- സുന്നത്താണെന്നു അറിയിക്കുന്ന പ്രത്യേക രേഖയില്ലെങ്കില്‍. എന്തുകൊണ്ടെന്നാല്‍, നിര്‍ബന്ധമില്ലെന്നു പറഞ്ഞ ഒട്ടനവധി മസ്അലകളില്‍ സുന്നത്തും ഉണ്ടാവാറില്ല. ചിലപ്പോള്‍ നിര്‍ബന്ധമില്ലെന്നു പറഞ്ഞു സുന്നത്തുമില്ലെന്നു എടുത്തുപറയുകയും ചെയ്യും. അപ്പോള്‍ അടിസ്ഥാനപരമായ അനുവദനീയതയുണ്ടാവും.
സുന്നത്ത്, മുഅക്കദായ സുന്നത്ത് എന്നിങ്ങനെ രണ്ടു വിധം ഫുഖഹാഅ് ഉപയോഗിക്കാറുണ്ട്. ഇതില്‍ മുഅക്കദായ സുന്നത്തു ഒഴിവാക്കിയാല്‍ പലപ്പോഴും കറാഹത്തുവരും. വെറും കറാഹത്തു ഒഴിവാക്കിയാല്‍ കറാഹത്തു വന്നുകൊള്ളണമെന്നില്ല. നിസ്‌കാരത്തില്‍ എല്ലാ റക്അത്തിലും അഊദു ഓതല്‍ സുന്നത്തുണ്ട്. അത് ഓതാതിരുന്നാല്‍ കറാഹത്തില്ല. എന്നാല്‍, ആദ്യത്തെ റക്അത്തില്‍ അഊദു ഓതല്‍ ശക്തമായ സുന്നത്തായതിനാല്‍ ഒഴിവാക്കല്‍ കറാഹത്താണ്. സുന്നത്തായ ഒരു കാര്യത്തില്‍ നമ്മുടെ മദ്ഹബില്‍ തന്നെ നിര്‍ബന്ധം എന്ന അഭിപ്രായം ഉണ്ടാവുമ്പോള്‍ അത്തരം സുന്നത്തുകള്‍ ഒഴിവാക്കിയാല്‍ കറാഹത്തു വന്നുചേരുന്ന രൂപങ്ങള്‍ ഫുഖഹാഅ് വിവരിച്ചിട്ടുണ്ട്. മറ്റു മദ്ഹബുകളില്‍ നിര്‍ബന്ധം നമ്മുടെ മദ്ഹബില്‍ സുന്നത്ത് ഇങ്ങനെയുള്ള മസ്അലകളിലും ഒഴിവാക്കിയാല്‍ ചിലപ്പോള്‍ കറാഹത്ത് വരും. ജുമുഅയുടെ സുന്നത്തുകളില്‍ ഒഴിവാക്കല്‍ കറാഹത്താണ്. കാരണം, അതു നിര്‍ബന്ധമാണെന്നഭിപ്രായം ഉണ്ട്.
ചിലപ്പോള്‍ സുന്നത്തില്ല എന്നു പറഞ്ഞു കറാഹത്തില്ല എന്നും ഫുഖഹാഅ് എടുത്തു പറയും. ജമാഅത്തായി നിര്‍വ്വഹിക്കല്‍ സുന്നത്തില്ലാത്ത സുന്നത്തു നിസ്‌കാരം ജമാഅത്തായി നിര്‍വ്വഹിക്കല്‍ സുന്നത്തില്ല. എന്നാല്‍ കറാഹത്തുമില്ല. (ഫത്ഹുല്‍ മുഈന്‍, പേജ് 113) സുന്നത്തില്ല എന്നു പറഞ്ഞാല്‍ അത്തരം മസ്അലകളില്‍ കറാഹത്തു വരില്ലെന്നു മാത്രമല്ല ഖിലാഫുല്‍ ഔലയും വന്നുകൊള്ളണമെന്നില്ല. സുന്നത്തില്ലാത്തതിനാല്‍ ഖിലാഫുല്‍ ഔലയാണെന്ന് ഖല്‍യൂബി 1:348-ല്‍ കാണാം. സുന്നത്തില്ലാത്തതിനാല്‍ മുബാഹാണ് (അനുവദനീയം) എന്നു അലിയ്യുശ്ശബ്‌റാമല്ലിസി(റ) 3:27-ലും കാണാം. ആകയാല്‍ സുന്നത്തില്ലാ എന്നു പറഞ്ഞ മസ്അലയില്‍ ഖിലാഫുല്‍ ഔലയും മുബാഹും വരാറുണ്ടെന്നു ചുരുക്കം.
സുന്നത്തില്ല എന്നു പറഞ്ഞ കാര്യങ്ങള്‍ തന്നെ ചെയ്താല്‍ സുന്നത്തായി സംഭവിക്കുന്നതും സുന്നത്തിന്റെ പ്രതിഫലം ലഭിക്കുന്നതുമുണ്ട്. മയ്യിത്തു നിസ്‌കാരം മടക്കി നിസ്‌കരിക്കല്‍ സുന്നത്തില്ല. നിസ്‌കരിച്ചാല്‍ സുന്നത്തായി സംഭവിക്കും. മയ്യിത്തു നിസ്‌കാരം മടക്കി നിസ്‌കരിച്ചാല്‍ പ്രതിഫലം ലഭിക്കും. (ഫതാവാ റംലി 2:41)
കറാഹത്തിന്റെയും താഴെയാണു ഖിലാഫുല്‍ ഔല. ലഘുവായ കറാഹത്ത് എന്നാണു ഉസൂലി പണ്ഡിതരുടെ സാങ്കേതിക ഭാഷയില്‍ ഖിലാഫുല്‍ ഔല. (ശര്‍വാനി 1:63) ഖിലാഫുല്‍ അഫ്‌ളല്‍ എന്നു ചിലപ്പോള്‍ ഫുഖഹാഅ് ഉപയോഗിക്കാറുണ്ട്. ഖിലാഫുല്‍ ഔലയുടെയും താഴെയാണിത്. ചില മസ്അലകള്‍ ഫുഖഹാഅ് പറഞ്ഞ് അതു ഖിലാഫുല്‍ അഫ്‌ളലാണ്, ഖിലാഫുല്‍ ഔലയല്ല എന്നു രേഖപ്പെടുത്താറുണ്ട്. (ശര്‍വാനി 1:163)
ഒരുകാര്യം പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കാതിരിക്കുകയും രണ്ടുമാവാമെന്നാണല്ലോ മുബാഹ് എന്നതിന്റെ വിവക്ഷ. പാല്‍ കുടിക്കുക, വിലമതിപ്പുള്ള വസ്ത്രം ധരിക്കുക എന്നിവയെല്ലാം ഉദാഹരണം. ഹറാം, വാജിബ് പോലെയുള്ള ഒരു വിധിയാണു മുബാഹ് എന്നത്. ഹലാലും മുബാഹും ഒന്നല്ല. ഹലാല്‍ എന്നതു ഒരു വിധി തന്നെയല്ല. ഹറാമല്ലാത്ത ഏതു കാര്യത്തിനും ഹലാല്‍ എന്നു പറയും. അപ്പോള്‍ അക്കാര്യം നിര്‍ബന്ധമോ സുന്നത്തോ കറാഹത്തോ മുബാഹോ എന്തുമാവാം. ഹറാമാകാന്‍ തെളിവില്ലാത്തതിനാല്‍ ഹലാല്‍ എന്നു മാത്രം. ളുഹ്ര്‍ നിസ്‌കരിക്കല്‍, തറാവീഹ് നിസ്‌കരിക്കല്‍, തല മറക്കാതെ നിസ്‌കരിക്കല്‍ ഹലാലാണ് എന്നു പറയാം. മുബാഹാണ് എന്നു പറയാന്‍ പറ്റില്ല. കാരണം, ആദ്യം പറഞ്ഞത് നിര്‍ബന്ധവും രണ്ടാമത്തേത് സുന്നത്തും മൂന്നാമത്തേത് കറാഹത്തുമാണ്.
കര്‍മശാസ്ത്ര ഗന്ഥങ്ങളില്‍ സുലഭമായിക്കാണുന്ന ഹല്ല യഹുല്ലു (അനുവദനീയമാവും) എന്നതിന്റെയെല്ലാം ഉദ്ദേശ്യം ഹറാമില്ല എന്നാണ്. അല്ലാതെ വാജിബ്, സുന്നത്ത് എന്നതിന്റെയെല്ലാം കൂടെ എണ്ണുന്ന ശര്‍ഇയ്യായ പഞ്ചവിധികളില്‍പെട്ട മുബാഹ് അല്ല. ലാ യജൂസു എന്നു പറഞ്ഞാല്‍ നിഷിദ്ധം (ഹറാം) എന്നാണര്‍ത്ഥം. ഉസൂലി പണ്ഡിതരില്‍ ചിലര്‍ ഖിലാഫുല്‍ ഔലയെ എണ്ണാതെ പഞ്ചവിധികള്‍ സ്ഥിരപ്പെടുത്തിയിട്ടുണ്ട്.
ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ കാണുന്ന കറാഹത്തിന്റെ ഉദ്ദേശ്യമാണ് ആദ്യം വിവരിച്ച വ്യാഖ്യാനം. അതേസമയം, ശിക്ഷയുള്ള കറാഹത്തും ഉണ്ട്. അതിനു തഹ്‌രീമിന്റെ കറാഹത്ത് എന്നു പറയും. ഹറാമിലുള്ള കുറ്റംപോലെയുള്ളത് തഹ്‌രീമിന്റെ കറാഹത്തിലും ഉണ്ട്. എങ്കിലും ഹറാം വ്യാഖ്യാനത്തിനു പഴുതില്ലാത്ത തെളിവുകളാല്‍ സ്ഥിരപ്പെട്ടതും ഇപ്പോള്‍ വിവരിച്ച കറാഹത്തു വ്യാഖ്യാനത്തിനു പഴുതുള്ള രേഖയാല്‍ സ്ഥിരപ്പെട്ടതുമായിരിക്കും. (ഇആനത്ത് 2:85)
പഞ്ചവിധികളില്‍പെട്ട മുബാഹിനു ജാഇസ്, ഹലാല്‍ എന്നെല്ലാം ഫുഖഹാഅ് ഇബാറത്തു പറയാറുണ്ട്. ഉപകാരമുള്ള ഏതു കാര്യത്തിന്റെയും അടിസ്ഥാന വിധി അനുവദനീയം എന്നാണ്; ഉപകാരമുള്ളതിന്റെ അടിസ്ഥാന വിധി നിഷിദ്ധം എന്നും. (ജംഅ് 2:353) അസ്‌ലിയ്യായ അനുവദനീയം എന്നതു ഒരു വിധിയല്ല.
ഫര്‍ളായ കാര്യം രണ്ടു വിധത്തിലുണ്ട്. ഫര്‍ളുഐന്‍ (ഓരോ വ്യക്തിക്കും നിര്‍ബന്ധം), ഫര്‍ളു കിഫായ (സാമൂഹിക ബാധ്യത). സുന്നത്തും രണ്ടു തരത്തിലാണ്. ഓരോ വ്യക്തിക്കും സുന്നത്തായത്. നഖം മുറിക്കല്‍ ഉദാഹരണം. സാമൂഹികമായി സുന്നത്തായത്. തന്റെ വീട്ടുകാര്‍ക്കു വേണ്ടി ഉള്ഹിയ്യത്തറക്കുന്നത് ഉദാഹരണം.