ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 5 June 2020

മലപ്പുറം വിരുദ്ധത സംഘ്പരിവാര്‍ അജന്‍ഡ

സ്‌ഫോടകവസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതില്‍ സംഭവിച്ച “അബദ്ധം’ ദേശീയ മാധ്യമങ്ങള്‍ തിരുത്തിയെങ്കിലും ബി ജെ പി നേതാക്കള്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കും അതു തിരുത്താന്‍ മനസ്സില്ല. കാട്ടുപന്നിയെ കൊല്ലാന്‍ വെച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് പാലക്കാട് ജില്ലയിലെ സൈലന്റ്‌വാലിക്ക് സമീപം തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് വെള്ളിയാഴ്ച ഗര്‍ഭിണിയായ ആന ചരിഞ്ഞത്. എന്‍ ഡി ടി വി സംഭവം നടന്നത് മലപ്പുറത്താണെന്ന് റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്ത് വിശന്ന ആനയെ പടക്കം വെച്ച പൈനാപ്പിള്‍ കൊടുത്ത് കൊന്നുവെന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വിശദാന്വേഷണത്തിനു മുതിരാതെ വാര്‍ത്തയാക്കിയപ്പോള്‍ സംഭവിച്ച അബദ്ധമാണെന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് എന്‍ ഡി ടി വി വിശദീകരിച്ചത്. സംഭവിച്ച തെറ്റില്‍ റിപ്പോര്‍ട്ടര്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.

ചാനലിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ക്ഷമാപണം.
എന്നാല്‍ മലപ്പുറം എന്നു കേട്ടതോടെ ബി ജെ പിയും സംഘ്പരിവാര്‍ പ്രഭൃതികളും പ്രതിഷേധവുമായി രംഗത്തു വരികയും ജില്ലയെ അപകീര്‍ത്തിപ്പെടുത്താന്‍ ലഭിച്ച അവസരം നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. സംഭവം പാലക്കാട്ടാണെങ്കിലും മലപ്പുറം എന്ന ഹാഷ്ടാഗ് ചേര്‍ത്താണ് ബി ജെ പി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത്.

മലപ്പുറം ജില്ലക്കാര്‍ അക്രമണോത്സുകരാണെന്നും അവര്‍ വിഷം കൊടുത്ത് നൂറുകണക്കിനു മൃഗങ്ങളെയും പക്ഷികളെയും കൊന്നൊടുക്കിയിട്ടുണ്ടെന്നുമായിരുന്നു ആദ്യ വാര്‍ത്ത വന്ന ഉടനെ ബി ജെ പി നേതാവ് മേനകാ ഗാന്ധിയുടെ പ്രതികരണം. മലപ്പുറത്ത് ആനയെ കൊന്ന സംഭവം സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്, ശരിയായ ദിശയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുമെന്ന പ്രസ്താവനയുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്്ദേകറും രംഗത്തു വന്നു. പടക്കം തീറ്റിക്കല്‍ ഇന്ത്യന്‍ സംസ്‌കാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (ദളിതുകളെയും മതന്യൂനപക്ഷങ്ങളെയും ജീവനോടെ ചുട്ടുകൊല്ലലും നിരപരാധികളുടെ വയറ്റിലേക്ക് പെട്രോള്‍ അടിച്ചു കയറ്റി തീകൊളുത്തി തുന്നം പാറിക്കലും ഗര്‍ഭിണികളുടെ വയറ്റിലേക്ക് ശൂലം കുത്തിയിറക്കലുമൊക്കെയാണല്ലോ സംഘ്പരിവാര്‍ സംസ്‌കാരം).

സംസ്ഥാനത്ത് മുമ്പും അക്രമ സംഭവങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. അവയെല്ലാം ചില സാമൂഹിക ദ്രോഹികളുടെ ചെയ്തിയെന്ന നിലയില്‍ പ്രതികരിക്കുകയല്ലാതെ അപ്പേരില്‍ ഒരു പ്രദേശത്തുകാരെയോ ജില്ലക്കാരെയോ മൊത്തത്തില്‍ പ്രതിക്കൂട്ടിലേറ്റാന്‍ ആരും ശ്രമിക്കാറില്ല. കൊല്ലം അഞ്ചലില്‍ അടുത്തിടെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ഒരു യുവതിയെ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് കൊത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി. സ്വത്ത് കൈക്കലാക്കാന്‍ നടത്തിയ ഈ കുറ്റകൃത്യത്തില്‍ ഒരാളും കൊല്ലം ജില്ലക്കാരെ മൊത്തം അധിക്ഷേപിച്ചില്ല.

തിരുവനന്തപുരം കണിയാപുരത്ത് കഴിഞ്ഞ ദിവസം രണ്ട് കുട്ടികളുടെ മാതാവായ ഒരു യുവതിയെ ഭര്‍ത്താവിന്റെ അഞ്ച് സുഹൃത്തുക്കള്‍ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയിരുന്നു. സാംസ്‌കാരിക കേരളത്തെ നടുക്കിയ ഈ സംഭവത്തില്‍ ആരും തന്നെ കണിയാപുരത്തുകാരെയോ തിരുവനന്തപുരം ജില്ലക്കാരെയോ ക്രൂരരായി ചിത്രീകരിച്ചില്ല. അതേസമയം, മലപ്പുറത്ത് എന്തെങ്കിലുമൊരു അരുതാത്ത സംഭവം നടന്നുവെന്ന് കേള്‍ക്കേണ്ട താമസം അപ്പേരില്‍ ജില്ലക്കാരെ മൊത്തം അധിക്ഷേപിക്കുകയും താറടിക്കുകയുമാണ് പലരുടെയും ശൈലി.

1960കളുടെ അവസാനത്തില്‍ ജില്ലാ രൂപവത്കരണം തൊട്ടേ തുടങ്ങിയതാണ് മലപ്പുറത്തിനെതിരായ വര്‍ഗീയമായ എതിര്‍പ്പും പ്രചാരണവും. ഭരണ സൗകര്യാര്‍ഥം ഇ എം എസ് സര്‍ക്കാര്‍ മലപ്പുറം ജില്ലാ രൂപവത്കരണത്തിനു തീരുമാനമെടുത്തപ്പോള്‍, മുസ്‌ലിം പ്രീണനമായി കുറ്റപ്പെടുത്തി പലരും. പ്രത്യക്ഷത്തില്‍ ഹിന്ദുത്വ ഫാസിസത്തിന്റെ വക്താക്കളായി അറിയപ്പെടുന്നവര്‍ മാത്രമല്ല, സ്വാതന്ത്ര്യ സമര സേനാനി കെ കേളപ്പനും കോണ്‍ഗ്രസ് നേതാവ് കരുണാകരനുമൊക്കെയുണ്ടായിരുന്നു അക്കൂട്ടത്തില്‍. ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും പഴയ പതിപ്പായ ജനസംഘവും കോണ്‍ഗ്രസും കൈകോര്‍ത്തു ജില്ലാ രൂപവത്കരണ വിരുദ്ധ പ്രക്ഷോഭത്തില്‍. മാപ്പിളസ്ഥാന്‍ രൂപവത്കരണത്തിന്റെ മുന്നോടിയാണ് മലപ്പുറം ജില്ലാ രൂപവത്കരണമെന്നും ജില്ല നിലവില്‍ വന്നുകഴിഞ്ഞാല്‍ അറബിക്കടല്‍ വഴി മുസ്‌ലിം തീവ്രവാദികള്‍ പൊന്നാനിയിലും താനൂരിലും എത്തി രാജ്യത്തെ ശിഥിലീകരിക്കുമെന്നുമായിരുന്നു അന്നവര്‍ പ്രചരിപ്പിച്ചത്. ചില മുത്തശ്ശി പത്രങ്ങള്‍ താനൂര്‍ കടപ്പുറത്ത് പാക്കിസ്ഥാന്‍ പതാകയുള്ള കപ്പല്‍ പ്രത്യക്ഷപ്പെട്ടുവെന്ന് കള്ളവാര്‍ത്തകളും നല്‍കി.

കാലാന്തരത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മലപ്പുറം വിരോധം ആറിത്തണുത്തെങ്കിലും ജില്ലക്കെതിരായ സംഘ്പരിവാറിന്റെ വര്‍ഗീയ വിഷലിപ്ത പ്രചാരണം തുടര്‍ന്നു കൊണ്ടിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മതസൗഹാര്‍ദം നിലനില്‍ക്കുന്ന ഈ പ്രദേശത്തെ ഇന്ത്യയിലെ ഇസ്‌ലാമിക തീവ്രവാദത്തിന്റെ മുഖ്യ കേന്ദ്രങ്ങളിലൊന്നായാണ് ഹിന്ദുത്വ ശക്തികള്‍ പ്രചരിപ്പിച്ചു വരുന്നത്. മുസ്‌ലിംകളല്ലാത്തവര്‍ക്ക് മലപ്പുറത്ത് ഭൂമി വിലക്ക് വാങ്ങാന്‍ പറ്റില്ലെന്ന കള്ളപ്രചാരണവുമായി 2017ല്‍ ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമി രംഗത്തു വന്നു. മിനി പാക്കിസ്ഥാന്‍ എന്നായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച വേളയില്‍ അമിത് ഷാ മലപ്പുറത്തെ വിശേഷിപ്പിച്ചത്.

മലപ്പുറത്തെ ഏത് കടകളിലും ഒന്നാംതരം ബോംബുകള്‍ കിട്ടുമെന്ന പരാമര്‍ശം മോഹന്‍ലാല്‍ സിനിമയിലുണ്ട്. മലപ്പുറത്തെ സ്ത്രീകളുടെ മാതൃധര്‍മത്തെ തന്നെ അപഹസിക്കും വിധം, അവിടെ പെണ്ണുങ്ങള്‍ പന്നികളെ പ്രസവിച്ചു കൂട്ടുന്നുവെന്നാണ് ബി ജെ പി “ബുദ്ധിജീവി’ എന്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചത്. അതിനിടെ മലപ്പുറത്തെ ഹിന്ദുക്കള്‍ക്ക് മാപ്പിളമാര്‍ കുടിവെള്ളം നിഷേധിക്കുന്നു എന്നൊരു കള്ളക്കഥയുമായി ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള ചില ബി ജെ പി നേതാക്കള്‍ രംഗത്തു വന്നു. മറ്റാരേക്കാളും ഈ പ്രചാരണം കേട്ട് അന്തംവിട്ടത് മലപ്പുറത്തെ ഹൈന്ദവ സുഹൃത്തുക്കളായിരുന്നു.

ഊഷ്മളവും സൗഹാര്‍ദപൂര്‍ണവുമായ ഒരു സമീപനമല്ലാതെ ഇക്കാലമത്രയും മലപ്പുറത്തെ മുസ്‌ലിം സഹോദരങ്ങളില്‍ നിന്ന് അവര്‍ക്കു ലഭിച്ചിട്ടില്ല. എന്നാലും മലപ്പുറത്തിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ സംഘ്പരിവാര്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. സത്യം ബോധ്യപ്പെട്ടാലും അവര്‍ തിരുത്തില്ല. മനുഷ്യ മനസ്സാക്ഷി എന്നൊന്നുണ്ടെങ്കിലല്ലേ തെറ്റു തിരുത്താനുള്ള വിവേകമുണ്ടാകുകയുള്ളൂ.

Read more
 http://www.sirajlive.com/2020/06/06/422605.html