ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 19 May 2018

ബാങ്ക് വിളിയും വഹാബികളുടെ ഗൂഗിൾ പ്രമാണവും -ഒരു പൊളിച്ചെഴുത്ത്!


*വ്രതവും നിസ്കാരവും; സമയ നിർണയത്തിലെ തെറ്റും ശരിയും*

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷



മുസ്‍ലിമിന്‍റെ ആരാധനകളില്‍ വെച്ച് ഏറ്റവും പരമപ്രധാനമായ ഒരു കര്‍മമാണല്ലോ നിസ്‌കാരം. അതിന് ചില കര്‍മങ്ങളും നിബന്ധനകളും ഉണ്ട്. നിസ്‌കാരത്തിന്‍റെ നിബന്ധനകളില്‍ പെട്ട ഒന്നാണ് അതാത് നിസ്‌കാരത്തിന്‍റെ സമയമാകലും സമയമായെന്ന് അവന് അറിയലും. അഥവാ ഈ രണ്ട് കാര്യവും ഉണ്ടാവണം. നിസ്‌കരിക്കുന്ന വ്യക്തി എവിടെ വച്ചാണോ നിസ്‌കാരം നിര്‍വ്വഹിക്കുന്നത് ആ സ്ഥലത്തെ നിസ്‌കാരത്തിന്‍റെ യഥാര്‍ത്ഥ സമയം വ്യക്തമായും ആകണം. കൂടാതെ അവന്‍ നിസ്‌കരിക്കുമ്പോള്‍ തത്സമയം ആയിട്ടുണ്ടെന്ന് അവന് ഉറപ്പ് വരികയും വേണം. ഇതില്‍ നിന്ന് ഒന്ന് ഇല്ലാതെയായാല്‍ അവന്റെ പ്രസ്തുത നിസ്‌കാരം പരിഗണനീയമല്ല. അത് ഹറാമുമാണ്.

പുത്തന്‍വാദികളുടെ പള്ളികളില്‍നിന്ന് മഗ്‍രിബ് ബാങ്ക് നേരത്തെയും (സമയത്തിന് മുന്‍പ്) സുബ്ഹി ബാങ്ക് മിനിറ്റുകളോളം സമയത്തെ തൊട്ട് വൈകിപ്പിച്ചുമാണ് കൊടുത്തുവരുന്നത്.

ഇവരുടെ ഉദ്ദേശ്യം അത്താഴസമയത്തും നോമ്പുതുറ സമയത്തും കൃത്രിമം കാണിച്ച് നോമ്പ് ഇലാതാക്കുക എന്നത് തന്നെയാണ്. അത്താഴത്തിന് പിഴക്കാത്തവരോട് നോമ്പ് തുറക്കുന്ന സമയത്തെങ്കിലും പിഴച്ചോളൂ എന്ന നീചമായ ലക്ഷ്യം. എന്നിട്ടും അതിനെ ശാസ്ത്രീയമെന്ന് ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള പ്രവണത കാണുമ്പോള്‍ സഹതപിക്കാതെ വയ്യ. മഹാഭൂരിപക്ഷം വരുന്ന മുസ്‍ലിംകളും സുന്നി പള്ളികളില്‍ നിന്ന് ബാങ്ക് കേട്ടിട്ടോ വിശ്വാസയോഗ്യമായ സമയങ്ങള്‍ നോക്കിയിട്ടോ ആണ് നോമ്പ് എടുക്കുന്നതെങ്കിലും ഇക്കാര്യം ബോധ്യമില്ലാത്ത ഒരു ന്യൂനപക്ഷം ഇവിടെ ഉണ്ടായതിനാലും സത്യം ബോധ്യപ്പെടുത്തിക്കൊടുക്കല്‍ അതറിയുന്നവരുടെ ബാധ്യത ആയതിനാലുമാണ് ഈ കുറിപ്പ് തയാറാക്കുന്നത്.

2009 മുതല്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സുപ്രഭാതം, മാതൃഭൂമി, ചന്ദ്രിക തുടങ്ങിയ കലണ്ടറുകളിലേയും നിസ്‌കാര സമയം നിര്‍ണയിച്ചു നല്‍കുന്ന വ്യക്തി എന്ന നിലക്ക് പരമ്പരാഗതമായി പണ്ഡിതന്മാര്‍ സ്വീകരിച്ചു വരുന്ന നിലപാട് വിശദീകരിക്കല്‍ ഇത്തരുണത്തില്‍ അനിവാര്യമാണ്.

പുത്തന്‍വാദികളുടെ പള്ളികളില്‍ നിന്ന് കേള്‍ക്കുന്ന അസമയത്തുള്ള ബാങ്ക് വലിയ ഫിത്‌നയും പ്രശ്‌നവുമാണ് നാട്ടില്‍ ഉണ്ടാക്കുന്നത്. പക്ഷേ, നോമ്പ് തുറകളിലും വ്യത്യസ്ത സമയത്തുള്ള ബാങ്ക് പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. അതിന് പോംവഴി പണ്ട് മുതലേ മുസ്ലിംകള്‍ സ്വീകരിച്ച് പോരുന്ന നിസ്‌കാര സമയഗണനാരീതി അവലംബിക്കല്‍ മാത്രമാണ്. അത് നൂറ് ശതമാനം ശരിയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുന്നതുമാണ്.

ചില അല്‍പന്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സുന്നികളുടെ നിസ്‌കാര സമയം തെറ്റാണെന്നും പഴഞ്ചനാണെന്നും കാലാനുസൃതമായി മാറ്റം വരുത്താതെ എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തയ്യാറാക്കപ്പെട്ടവയാണെന്നും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചില സംഘടനകള്‍ വിളിച്ച് ചേര്‍ത്ത നിസ്‌കാരസമയ ഏകീകരണ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ ചിലര്‍ കംപ്യൂട്ടറില്‍ നിസ്‌കാര സമയവും വളരെ പെട്ടെന്ന് തന്നെ കണക്കുകൂട്ടുന്ന ചില സോഫ്റ്റ്‍വെയറുകും വെബ്‌സൈറ്റുകളും മറ്റും പരിചയപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.

പക്ഷെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് പല വിഷയങ്ങളിലെന്ന പോലെ നിസ്‌കാര സമയത്തില്‍ ഞാന്‍ സ്വന്തം വികസിപ്പിച്ച നിസ്‌കാര സമയ സോഫ്റ്റ്‍വെയര്‍ അവര്‍ക്ക് കാണിച്ചപ്പോള്‍ അവര്‍ ചര്‍ച്ചക്കൊടുവില്‍ എന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങി ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മറ്റൊരു ദിവസം വരികയും നിസ്‌കാര സമയത്തില്‍ അവര്‍ക്ക് സംഭവിച്ച അബദ്ധം മനസിലാക്കുകയും ചെയ്തു. നിസ്‌കാര സമയം സ്വന്തം കണക്കുകൂട്ടാന്‍ അറിയാത്തവരായിരുന്നു അവര്‍ എന്ന വസ്തുത അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും ബോധ്യമായി എന്നത് പച്ചപ്പരമാര്‍ത്ഥം.

ഇത്രയും പറയേണ്ടി വന്നത് അവരുടെ വാദങ്ങള്‍ പൊള്ളയാണ് എന്ന് കാണിക്കാനാണ്. ഏതെങ്കിലും ഒരു നാട്ടിലെ ഏതെങ്കിലും ഒരു നിസ്‌കാരസമയം കൃത്യമായി സ്വന്തം കണക്കുകൂട്ടുകയും അതില്‍ ഉപയോഗിച്ച സൂത്രവാക്യം ഇന്നതാണെന്നും അതിലെ ഘടകങ്ങള്‍ സൂക്ഷ്മമായി നിര്‍ദ്ധാരണം ചെയ്യുവാനും കഴിവുള്ളവര്‍ അവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് എനിക്ക് അഭിപ്രായമില്ല.

വെബ്‌സൈറ്റുകളില്‍ കയറി കണക്കൊപ്പിച്ചെടുക്കാന്‍ യു.പി. സ്‌കൂള്‍ നിലവാരം തന്നെ ഇപ്പോള്‍ ധാരാളമാണ്. പക്ഷെ പല സൈറ്റുകളുടെയും വിശ്വാസ്യത ഉറപ്പ് ഇല്ലാത്തവരോടൊപ്പം പലതിലും വ്യത്യസ്ത കണക്കുകളുമാണ് കാണുന്നത്. നമ്മള്‍ സ്വന്തം കൂട്ടുകയോ സ്വന്തം സോഫ്റ്റ്‍വെയര്‍ വെച്ച് ഗണിച്ചെടുക്കുകയോ ചെയ്താല്‍ നമുക്ക് ശരിയാണെന്ന് ഉറപ്പിക്കാം. വ്യക്തതയില്ലാത്ത സോഫ്റ്റ്‍വെയറുകളില്‍ നിന്ന് അതിലുള്ള ഉത്തരമല്ലേ ലഭിക്കൂ. അവര്‍ പരിഗണിച്ച ഘടകങ്ങള്‍ ഏതെല്ലാമാണ് എന്ന് അറിയില്ലല്ലോ. മാത്രമല്ല, പരിഗണിക്കപ്പെടേണ്ട എല്ലാ കാര്യങ്ങളും അവര്‍ പരിഗണിച്ചു എന്ന് നമുക്ക് ഉറപ്പിക്കാനുമൊക്കില്ല. എന്നാല്‍ യാത്രയിലും മറ്റും നിസ്‌കരിക്കുമ്പോള്‍ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കുമ്പോള്‍ സമയം ആയി എന്ന് ഉറപ്പാക്കുന്ന കുറച്ച് സമയമെങ്കിലും പിന്തിക്കല്‍ അനിവാര്യമാണെന്ന് മുമ്പ് പറഞ്ഞതില്‍ നിന്ന് ബോധ്യപ്പെടും.

എന്നാല്‍ കലണ്ടറുകളിലേക്ക് നിസ്‌കാര സമയം ഗണിച്ച് നല്‍കുന്നവര്‍ക്ക് അതിനെ കുറിച്ച് അവഗാഹം വേണമെന്ന് പറയേണ്ടതില്ലല്ലോ. ഈ വിഷയത്തെക്കുറിച്ച് പല വെബ്‌സൈറ്റുകളില്‍ നിന്ന് എടുത്ത് അതേപടി നല്‍കിയാല്‍ മതിയാവില്ല. ഒരു പ്രത്യേക സ്ഥലത്തിന്‍റെ നിസ്‌കാര സമയങ്ങളേ അതില്‍ നിന്ന് ലഭിക്കൂ. അങ്ങനെ ആളുകളുടെ നിസ്‌കാരവും നോമ്പും പിഴപ്പിക്കുന്നത് അജ്ഞത കൊണ്ടാണെങ്കില്‍ പോലും അത് മാപ്പര്‍ഹിക്കാത്ത പാതകമാണ്. കഴിഞ്ഞ വര്‍ഷം സുപ്രഭാതത്തില്‍ എന്‍റേതായി വന്നതിനു ശേഷം പല മുജാഹിദ് പള്ളികളിലും സുന്നി സമയം പരിഗണിച്ച് മഗ്‍രിബും സുബ്ഹിയും ബാങ്കുകൊടുക്കുന്നതായി ശ്രദ്ധയില്‍ പെട്ടതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

കേരളത്തില്‍ കാലങ്ങളായി കലണ്ടറുകളില്‍ നിസ്‌കാരസമയം നിര്‍ണയിക്കുന്നതില്‍ കോഴിക്കോട്, കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നാല് മേഖലകളാക്കലാണ് പതിവ്. മലനിരകളും വിവിധ ഭൂപ്രകൃതിയുമുള്ള കേരളത്തില്‍ അതാത് മേഖലയിലെ എല്ലാ സ്ഥലത്തും സമയമായി എന്ന് ബോധ്യം വരുന്ന വിധത്തിലാണ് സുന്നികളുടെ നിസ്‌കാര സമയം നല്‍കാറുള്ളത്.

ഇതിന് വിവിധ നാടുകളുടെ സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയര്‍ച്ച, താഴ്ച്ച നാടുകളുടെ ദൂരം മുതലായ നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. പുത്തന്‍വാദികള്‍ ചെയ്യുന്നതു പോലെ മേഖലയിലെ എല്ലാ സ്ഥലങ്ങളെയും പരിഗണിക്കാതെ ഏതെങ്കിലും ഒരു കേന്ദ്ര‍ത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സമയ നിര്‍ണയം പരിഗണനീയമല്ല. ഉദാഹരണമായി കോഴിക്കോട് മേഖലയിലെ കിഴക്ക് ഭാഗത്തുള്ളതും പടിഞ്ഞാറ് ഭാഗത്തുള്ളതുമായ ചില നാടുകള്‍ തമ്മില്‍ ആറ് മിനുട്ടില്‍ കൂടുതല്‍ വ്യത്യാസമുണ്ട്. കിഴക്ക് ഭാഗത്തുള്ള നാടിനെ അപേക്ഷിച്ച് പടിഞ്ഞാറ് ഭാഗത്ത് സൂര്യന്‍ വൈകി എത്തുന്നതു കൊണ്ടും മറ്റുമാണ് ഇതിന് കാരണം. ആയതിനാല്‍ ഒരു മേഖലക്ക് സമയം ഗണിക്കുമ്പോള്‍ മേല്‍പറഞ്ഞ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് സുന്നികള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ സുന്നികളുടെ സമയം നൂറ് ശതമാനം ശരിയാണ്.

ദുബൈ ബുര്‍ജ് ഖലീഫയിലെ താഴെ നിലയിലേയും മധ്യനിലയിലെയും മുകളിലെ നിലയിലെയും നിസ്‌കാര സമയവും നോമ്പ്തുറ സമയവും വ്യത്യസ്തമാണ്. ഇന്‍റര്‍നെറ്റില്‍ ദുബൈയിലെ അസ്തമയ സമയം സെര്‍ച്ച് ചെയ്ത് അതിനനുസരിച്ചല്ല പ്രസ്തുത ബില്‍ഡിങ്ങിലെ നിസ്‌കാര സമയം എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അതിനേക്കാള്‍ എത്രയോ ഉയരമുള്ള മലനിരകളുള്ള കേരളത്തിന്‍റെ വിവിധ മേഖലകളെ പരിഗണിക്കാതെ മുസ്‍ലിം സഹോദരങ്ങളുടെ ആരാധനകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങള്‍ നാം കരുതിയിരിക്കണം.

ലോകമുസ്‍ലിം നടപടിക്രമമനുസരിച്ച് അത്താഴസമയവും നോമ്പ് തുറക്കുന്ന സമയവും സൂക്ഷിക്കല്‍ അനിവാര്യമാണ്. ലോക മുസ്‍ലിം പണ്ഡിതന്മാരുടെ നിലപാടുകളോ മുന്‍ഗാമികളായ ഇമാമുമാരുടെ വിശദീകരണങ്ങളോ മനസ്സിലാക്കാതെ നമ്മുടെ നോമ്പും നിസ്‌കാരവും നശിപ്പിക്കുന്നവരെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണ വേണം. സമയമാവും മുമ്പ് നിസ്‌കരിക്കാനോ നോമ്പ് തുറക്കാനോ ഉള്ള വകുപ്പ് മതഗ്രന്ഥങ്ങളില്‍ കാണുന്നില്ല.

*മഗ്‍രിബിന്‍റെ സമയം*

സൂര്യന്‍ ദൃശ്യചക്രവാളത്തെ തൊട്ട് പൂര്‍ണമായും മറഞ്ഞാല്‍ മാത്രമേ മഗ്‍രിബിന്‍റെയും നോമ്പ് തുറയുടെയും സമയം ആരംഭിക്കുകയുള്ളൂ. അസ്തമയത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ട് വിധം ചക്രവാളങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന് ഗോളശാസ്ത്ര ചക്രവാളം, രണ്ടാമത്തേത് ദൃശ്യചക്രവാളം. ഒന്നാമത്തെ ചക്രവാളത്തില്‍ സൂര്യന്‍റെ മധ്യം എത്തുമ്പോള്‍ ഗോളശാസ്ത്രപരമായ അസ്തമയവും രണ്ടാമത്തെ ചക്രവാളത്തെ തൊട്ട് സൂര്യന്‍ പൂര്‍ണമായും മറഞ്ഞാല്‍ യഥാര്‍ത്ഥ അസ്തമയവും സംഭവിക്കുന്നു.

ഈ അസ്തമയമാണ് ശറഇല്‍ വിവക്ഷിക്കപ്പെടുന്നത്. ഇതാണ് നിസ്കാരത്തിനും നോമ്പിനും പരിഗണിക്കപ്പെടുക. മേല്‍ പറഞ്ഞ രണ്ട് ചക്രവാളങ്ങള്‍ തമ്മില്‍ 44 ആര്‍ക്ക് മിനുട്ട് സൂര്യന്‍റെ ആരം 16 ആര്‍ക്ക് മിനുട്ട്. ഇത് രണ്ടും കൂട്ടിയാല് 60 ആര്‍ക്ക് മിനുട്ട് അഥവാ ഒരു ഡിഗ്രി. ഒരു ഡിഗ്രിയെന്നാല്‍ 4 മിനുട്ട് സമയം. അഥവാ ഒരു ദിവസത്തില്‍ 1440 മിനുട്ട്. (24 x 60) ഒരു വൃത്തം 360 ഡിഗ്രി (1440 /360= 4) അഥവാ മേല്‍പറയപ്പെട്ട രണ്ട് അസ്തമയങ്ങളും തമ്മില്‍ നാല് മിനുട്ട് വ്യത്യാസം ഉണ്ടാവും. അതുകൊണ്ട് ആസ്ട്രോണമിക്കല്‍ സണ്സെറ്റിനേക്കാള്‍ നാല് മിനുട്ട് കൂട്ടണം മഗ്‍രിബിന്‍റെ സമയം ലഭിക്കാന്‍.

*സുബ്ഹിയുടെ സമയം*

സുബ്ഹിയുടെ സമയം പ്രവേശിക്കല്‍ ഫജ്റ് സ്വാദിഖ് ഉദിച്ചതുമുതല്‍ക്കാണ്. ഫജറ് സാദിഖെന്നാല്‍ സൂര്യോദയത്തിന് മുന്‍പായി കാണപ്പെടുന്ന വ്യക്തമായ ശോഭയാണ്. അത് ദൃശ്യചക്രവാളത്തില്‍ സൂര്യന്‍റെ ആദ്യഭാഗം എത്തുന്നതിന് 19 ഡിഗ്രിയും ഗോളശാസ്ത്ര ചക്രവാളത്തില്‍ സൂര്യന്‍റെ മധ്യഭാഗം എത്തുന്നതിന് 20 ഡിഗ്രിയും മുന്‍പാണ്.

ഇശാഇന്‍റെ സമയം യഥാര്‍ത്ഥ അസ്തമയത്തിന് ശേഷം 17 ഡിഗ്രിയും ഗോളശാസ്ത്ര അസ്തമയത്തിന് ശേഷം 18 ഡിഗ്രിയുമാണ്. മേഘത്തിലെ കടുംചുവപ്പ് മായുമ്പോഴാണത് സംഭവിക്കുന്നത്.

ഗോളശാസ്ത്രപരമായ അസ്തമയത്തിന് ശേഷം 18 ഡിഗ്രിയാവുമ്പോള്‍ മേഘത്തില് കടുംചുവപ്പ് മായും. അതിനുശേഷം ഒരു ഡിഗ്രി കൂടെ സൂര്യന് ചക്രവാളത്തെ തൊട്ട് താഴ്ന്നാല്‍ മഞ്ഞനിറവും ശേഷം ഒരു ഡിഗ്രികൂടെ താഴ്ന്നാല്‍ വെള്ളനിറവും മായും. ഒരു ഡിഗ്രിക്ക് നാല് മിനുട്ടാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്.

സുബ്ഹിയുടെ സമയത്ത് ഇത് നേരെ തിരിച്ചാണ് സംഭവിക്കുക. 20 ഡിഗ്രി ഉദിക്കാനുണ്ടാവുമ്പോള്‍ വെള്ള ശോഭയുടെ ആരംഭം വരും. ഇതാണ് ഫജറ് സ്വാദിഖ്. ശേഷം യഥാക്രമം 19, 18 എന്നീ ഡിഗ്രിയില്‍ സൂര്യന്‍ ചക്രവാളത്തിന് താഴെ വരുമ്പോള്‍ മഞ്ഞ, ചുവപ്പ് എന്നീ വര്‍ണങ്ങള്‍ വരുന്നു.

മുമ്പ് പറഞ്ഞപോലെ ഇശാഇന്ന് പരിഗണിക്കേണ്ടത് ചുവന്ന ശോഭയും സുബ്ഹിക്ക് പരിഗണിക്കേണ്ടത് വെളുത്ത ശോഭയുമാണ്. അത് 20 ഡിഗ്രിയാണ്. ഇക്കാര്യങ്ങളെല്ലാം നാല് മദ്ഹബിന്‍റെ ഇമാമുകളും മുന്‍കാല മുസ്‍ലിം പണ്ഡിതന്മാരും ഏകോപിച്ച് അവരുടെ ഗ്രന്ഥങ്ങളില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. അതില്‍ പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കമില്ല.

എന്നാല്‍ പുത്തന്‍വാദികള്‍ അവരുടെ സുബ്ഹി ബാങ്കിന് 18 ഡിഗ്രിയാണ് പരിഗണിക്കുന്നത്. ഇത് തീര്‍ത്തും തെറ്റായതും പണ്ഡിതരുടെ ഫത്‍വകള്‍ക്കും ഉദ്ധരണികള്‍ക്കും എതിരാകയാല്‍ അത് അസ്വീകാര്യവും തള്ളപ്പെടേണ്ടതുമാണ്.

അവര്‍ അടുത്തകാലത്തായി യൂറോപ്യന്മാരെ അവലംബിക്കുകയാണ് ഈ വിഷയത്തില്‍. ഇരുപതില്‍പരം ഗ്രന്ഥങ്ങളില്‍ ഇതിനെ ഖണ്ഡിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആരാധനാ കാര്യങ്ങളില്‍ മുസ്‍ലിം പണ്ഡിതന്മാരെ മാത്രമേ അവലംബിക്കാവൂ എന്ന് പല പണ്ഡിതന്മാരും ഉണര്‍ത്തിയിട്ടുണ്ട്.

മാത്രമല്ല, മുജാഹിദുകളുടെ പഴയകാല നേതാവും ഈ വിഷയത്തില്‍ പല ഗ്രന്ഥരചനയും നിര്‍വഹിച്ച എം.സി.സി. അഹ്‍മദ് മൗലവി തന്‍റെ സമയ നിര്‍ണയം അഥവാ മീഖാത്ത് (നിസ്കാര സമയാദി) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.

സുബ്ഹി ആരംഭസമയം 110 ഉന്നതകോടി പ്രാക്കപാലത്തിലാവലാണ്. ഇതില്‍ പ്രമാണം 19 ഭാഗമായിരിക്കും.

പ്രാക്കപാലത്തില്‍ 20 വ്യുല്‍ക്രമോന്നതം ആയതു മുതല്‍ ഉദയാരംഭം വരെ സുബ്ഹിന്‍റെ സമയപ്രമാണമായിരിക്കും.(പേജ് 25) ഇതേ ആശയം തന്‍റെ കാലദേശ നിര്‍ണയം പേജ് 101, 102 ലും അദ്ദേഹം വിശദീകരിച്ചത് കാണാം. വാസ്തവത്തില്‍ യൂറോപ്യര്‍ ചെയ്തത് മുജാഹിദിന്‍റെ സുബ്ഹിയും ഇശാഉം വിവരിച്ചതല്ല. അവര്‍ ഒരു ആഗോളശാസ്ത്ര പ്രതിഭാസമായ സന്ധ്യാവെളിച്ചം വിശദീകരിച്ചതാണ്. അതിന്‍റെ ശറഇയ്യും ഗോളശാസ്ത്രപരമായും ഉള്ള അറിവോ ഇല്ലാത്ത പാവം മുജാഹിദുകള്‍ അതില്‍ പെട്ടുപോയതാണ്. ഇതാണ് വാസ്തവം.

എന്നിട്ടവര്‍ പറഞ്ഞു ഇശാഇനും സുബ്ഹിക്കും രണ്ടിനും 18 ഡിഗ്രിയാണെന്ന്. ചുവപ്പ് വര്‍ണത്തിനും വെള്ള വര്‍ണത്തിനും എങ്ങെയാണ് 18 ഡിഗ്രി വരിക. സുന്നികള്‍ക്ക് ഇശാഇന്ന് 18 ഉം സുബ്ഹിക്ക് 20 ഉം ഡിഗ്രിയാണ്. ഇതാണ് ശരി. അല്‍പജ്ഞാനികളുടെ അബദ്ധപ്രചാരണത്തില്‍ വശംവദരായി ആരാധകള്‍ നഷ്ടപ്പെടുത്തരുത് എന്ന് ഉണര്‍ത്തുന്നു.

*ഡോ.മുസ്തഫ ദാരിമി നിസാമി കരിപ്പൂർ*