ഇവിടെ നിന്ന് യൂറോപ്യന്‍, അറേബ്യന്‍ ശൈലിയിലുള്ള അടുക്കളയും കര്‍ട്ടനും ചൈനീസ് കോണ്ടിനന്റല് ഭക്ഷണ വിഭവങ്ങളും ഓരോ ബാത്റൂമിലും വ്യത്യസ്ത കുളിസോപ്പുകളും പതിവായിവന്നു. ഇവിടെയൊക്കെയും ഗള്‍ഫാണ് “നവോത്ഥാനം’’ നടത്തിയത്, റിയാലുകളാണ് കാര്യം നിയന്ത്രിച്ചത്. മുജാഹിദുകള്‍ അവകാശപ്പെടുന്നതുപോലെ സ്ത്രീകള്‍ അടിവസ്ത്രം ഉപയോഗിച്ചുതുടങ്ങിയത് അവരുടെ പ്രവര്‍ത്തനം കൊണ്ടൊന്നുമല്ല; സാമ്പത്തികാഭിവൃദ്ധി കൊണ്ടുമാത്രമാണെന്നുസാരം. ഈ സാഹചര്യം തിരിച്ചറിഞ്ഞ് പണ്ഡിത നേതൃത്വം പ്രവര്‍ത്തിച്ചതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായി. വിവിധ ഭൗതിക കോഴ്സുകളില്‍ ഉന്നത റാങ്കുകള്‍ നേടുന്ന മതപണ്ഡിതരുമുണ്ടായി. കേംബ്രിഡ്ജ്, ഓക്സ്ഫോഡ് പോലുള്ള വന്‍ സ്ഥാപനങ്ങളുമായി “ലോകം തിരിയാത്ത ഖുറാഫി പണ്ഡിതര്‍’’ സ്വന്തം സ്ഥാപനങ്ങളെ വൈജ്ഞാനിക കൈമാറ്റത്തിനും മറ്റും കരാറിലെത്തിച്ചതും ഇങ്ങനെയായിരുന്നു. ഗവണ്മെന്റിനു കഴിയാത്തതെന്ന് സര്‍ക്കാര്‍ മിഷനറി ഒന്നടങ്കം പറഞ്ഞ വമ്പദ്ധതികള്‍ നടപ്പിലാക്കാനും ഇത്തരം പണ്ഡിതര്ക്കായത് ചെറിയ സംഗതിയാണോ?
കാര്യങ്ങള്‍ ഇത്രയുമായപ്പോള്‍ സമുദായശത്രുക്കള്‍ ജാഗരൂകരായി എന്നുവേണം കരുതാന്‍. അവര്‍ കയറിക്കളിക്കുന്നതുകൊണ്ട് ഈ സമൂഹത്തില്‍ വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. അസൂയയും വിദ്വേഷവും കുത്തിവെച്ച് എല്ലാ പുരോഗതികളെയും നശിപ്പിക്കാന്‍ ഒരുവിഭാഗത്തെ അവര്‍ പാകപ്പെടുത്തിയിരിക്കുന്നു. സമുദായത്തിന്റെ മാത്രമല്ല, കേരളസമൂഹത്തിന്റെ തന്നെ പുരോഗതിക്കു കാരണക്കാരനായ ഒരു പണ്ഡിതനെ എങ്ങനെയെങ്കിലുമൊന്ന് തളര്ത്തിക്കിടത്താനുള്ള സംയുക്തശ്രമം, അതിനായുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ നിര്‍ബാധം തുടരുന്നു. ചില ആത്മീയ കച്ചവടക്കാരെ എഴുന്നള്ളിക്കുന്നു. കല്യാണത്തിന്റെപ്രായം, പള്ളികളുടെ വലിപ്പം, ജിന്ന്ശ്വൈാന് തുടങ്ങിയവ കേന്ദ്രീകരിച്ച് സമീപ കാലത്ത് മുസ്ലിം കേരളത്തിലുണ്ടായ വിവാദങ്ങള്‍ ആര്‍ക്കാണ് ഫലം ചെയ്തതെന്ന് ഓര്‍ത്തുനോക്കുക. ശരിയായൊരു ആദര്‍ശത്തില്‍ നിലനില്ക്കാന് ഭാഗ്യം കിട്ടിയവരാണ് നാം. ഇനിയും ലോകത്തിനായി, സമുദായത്തിനായി പലതും ചെയ്യാനുള്ളവര്‍. അനാവശ്യവിവാദങ്ങള്‍ അവഗണിച്ച് നമുക്ക് മുന്നേറാം. ഇനിയും വെളിച്ചം പകരാം. കാര്യബോധമില്ലാത്തവര്ക്കായി പ്രാര്‍ത്ഥിക്കുകയുമാവാം.