ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 14 January 2018

ഇദ്ധയുടെ നിയമങ്ങൾ

ഇദ്ദ രണ്ടുവിധമാണ്: ഒന്ന് ഭര്‍ത്താവിന്റെ മരണം കാരണം നിര്‍ബന്ധമാകുന്ന കാത്തിരിപ്പ് (ദീക്ഷാ) സമയം.

മറ്റൊന്ന് വിവാഹ മോചനം കാരണമായി നിര്‍ബന്ധമാകുന്നത്. ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത് കൊണ്ട് ഇദ്ദ കഴിയും; ഗര്‍ഭിണിയല്ലെങ്കില്‍ നാല് മാസവും പത്ത് ദിവസവുമാകണം. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ മേല്‍പറഞ്ഞതുപോലെ പ്രസവത്തോടുകൂടി ഇദ്ദ കഴിയുന്നതണ്. ഗര്‍ഭിണിയല്ലെങ്കില്‍ ആര്‍ത്തവം പതിവുള്ളവളാണെങ്കില്‍ ത്വലാഖ് മുതല്‍ മൂന്ന് ശുദ്ധിയാണ് അവളുടെ ഇദ്ദയുടെ കാലാവധി. ശുദ്ധിയില്‍ ത്വലാഖ് ചൊല്ലിയാല്‍ ആ ശുദ്ധിയെ ഒന്നായി പരിഗണിക്കുന്നതുകൊണ്ട് മൂന്നാമത്തെ ആര്‍ത്തവം ആരംഭിക്കുന്നതുകൊണ്ട് ഇദ്ദ കഴിയുന്നതാണ്.
ശുദ്ധിയിലല്ലെങ്കില്‍ (ആര്‍ത്തവ ഘട്ടത്തിലാണെങ്കില്‍) നാലാമത്തെ ആര്‍ത്തവത്തില്‍ പ്രവേശിക്കുന്നതു കൊണ്ടേ ഇദ്ദ കഴിയൂ. വിവാഹമോചനം ചെയ്യപ്പെട്ടവള്‍ ആര്‍ത്തവമുണ്ടാകാത്ത ബാലികയോ ആര്‍ത്തവമുണ്ടാകയില്ലെന്ന് ആശമുറിഞ്ഞവളോ ആണെങ്കില്‍ (ചാന്ദ്രമാസ പ്രകാരം) മൂന്ന് മാസമാണ് അവളുടെ ഇദ്ദയുടെ കാലം. ശാരീരിക ബന്ധത്തിന് മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീക്ക് ഇദ്ദയില്ല.

മേല്‍ പറഞ്ഞത് സ്വതന്ത്ര സ്ത്രീയുടെ ഇദ്ദയാണ്. അടിമസ്ത്രീയുടെ ഇദ്ദ അവള്‍ ഗര്‍ഭിണിയാണെങ്കില്‍ പ്രസവത്തോട് കൂടി അവസാനിക്കും. ഗര്‍ഭമില്ലാത്തവളും ആര്‍ത്തവമുള്ളവളുമാണെങ്കില്‍ രണ്ട് ശുദ്ധികൊണ്ടാണവള്‍ ഇദ്ദ അനുഷ്ഠിക്കേണ്ടത്. മാസം കൊണ്ടാണെങ്കില്‍ ഒന്നര മാസമാണ്. രണ്ട് മാസം പൂര്‍ത്തിയാകുന്നതാണ് നല്ലത്. മരണത്തിന്റെ ഇദ്ദ മാസം കൊണ്ടാകുമ്പോള്‍ രണ്ട് മാസവും അഞ്ച് ദിവസവുമാണ്.

ഇദ്ദയിരിക്കുന്നവള്‍
തിരിച്ചെടുക്കാവുന്ന നിലയില്‍ വിവാഹമോചനം ചെയ്യപ്പെട്ടവള്‍ക്ക് ഭക്ഷണം, വസ്ത്രം, വീട് എന്നിവയെല്ലാം കൊടുക്കല്‍ ഭര്‍ത്താവിന്ന് കടമയാണ്- തിരിച്ചെടുക്കാന്‍ പറ്റാത്ത നിലയില്‍ ത്വലാഖ് ചൊല്ലപ്പെട്ടവള്‍ക്ക് ഇദ്ദയില്‍ കഴിയുന്നകാലത്ത് പാര്‍പ്പിടം കൊടുക്കല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. എന്നാല്‍ അവള്‍ ഗര്‍ഭിണിയായിരുന്നാല്‍ പ്രസവിക്കുന്നതുവരെ ഭക്ഷണം കൊടുക്കല്‍ നിര്‍ബന്ധമാകുന്നു.

ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യ ഭംഗിയുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഉപേക്ഷിക്കണം. സുഗന്ധസാധനം ഉപയോഗിക്കുന്നതും വീടുവിട്ട് പുറത്തു പോകുന്നതും നിഷിദ്ധമാണ്. വീട്ടിനകത്ത് പെരുമാറുന്നതില്‍ കുറ്റമില്ല. (ഇപ്രകാരം നാല് മാസവും പത്ത് ദിവസവുമാണ് കഴിഞ്ഞുകൂടേണ്ടത്.) ഭര്‍ത്താവിന്റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് വീടുവിട്ട് പുറത്ത് പോകാതെ ഇപ്രകാരം ഇരിക്കുക എന്നതാണ് നിര്‍ബന്ധമായത്. അന്യപുരുഷന്മാരെ കാണാതിരിക്കല്‍ എപ്പോഴും നിര്‍ബന്ധമായതാണല്ലോ.