ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 8 January 2018

കൂരിയാട്ടെ വഹാബീ കുതന്ത്രങ്ങള്‍

കൂരിയാട്ടെ  കുതന്ത്രങ്ങള്‍

പുതിയ ഫിത്‌ന ഫസാദുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് കൂരിയാട് പാടത്തെ മുജാഹിദ് സമ്മേളനം സമാപിച്ചത്. സയ്യിദന്മാരുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്നവരാണ് ഇവര്‍. മാത്രമല്ല, പാണക്കാട്ട് ചെന്ന് അവിടെ നടക്കുന്ന മന്ത്രവും ഉറുക്ക് എഴുത്തും ആത്മീയ ചികിത്സകളും ക്യാമറയില്‍ ഒപ്പിയെടുത്ത് ഡോക്യുമെന്ററി തയ്യാറാക്കി ഗള്‍ഫിലെ സലഫീ പണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ മുസ്‌ലിംകള്‍ കുറാഫാത്തുകാരും ഖബറാരാധകരുമാണെന്നും അവരുടെ നേതൃത്വമാണ് ഈ പാണക്കാട് തങ്ങന്മാരെന്നും പരിചയപ്പെടുത്തിയവര്‍ കൂടിയാണ് ഈ മുജാഹിദുകള്‍. ആദരണീയനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ ചികിത്സയുടെ ചിത്രം ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഡോക്യുമെന്ററി ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്.

ആ സയ്യിദ് കുടുംബത്തില്‍ നിന്നു രണ്ട് തങ്ങന്മാരെ മുജാഹിദ് സമ്മേളനത്തിലെത്തിച്ചതിന് പിന്നില്‍, ഒരിക്കല്‍ കൂടി സുന്നീ സംഘടനകളെ പിളര്‍ത്തുക എന്ന ഒളിയജന്‍ഡയുണ്ടെന്ന് കരുതണം. സമുദായ രാഷ്ട്രീയത്തിലെ വഹാബീ ഗ്യാംഗാണ് ഇതിനു പിന്നിലെ ബുദ്ധികേന്ദവും കരുക്കള്‍ നീക്കിയതും. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഈ നീക്കത്തിന് അവരെ പ്രേരിപ്പിച്ചത്. ഒന്ന്, ലീഗിന്റെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ക്ക് വഴങ്ങാത്ത ഒരു തലമുറ ഇ കെ വിഭാഗത്തില്‍ മെല്ലെ മെല്ലെ ശക്തിയാര്‍ജിക്കുന്നു എന്നതാണ്. ഒരു സംഘടന എന്ന നിലയില്‍ ലീഗിനെ ആശ്രയിക്കാതെ തന്നെ സ്വന്തം കാലില്‍ നില്‍ക്കാനും അവര്‍ പ്രാപ്തരാകുകയാണ്. ഇത് ലീഗിനെ ആശങ്കപ്പെടുത്തുക സ്വാഭാവികമാണ്.
രണ്ടാമത്തെ കാര്യം, ഇരുവിഭാഗം സുന്നി പണ്ഡിതന്മാരുടെയും സാധാരണ പ്രവര്‍ത്തകരുടെയും മനസ്സില്‍ ഇരു സമസ്തകള്‍ക്കുമിടയില്‍ മാന്യമായ ഒരു യോജിപ്പ് ഉണ്ടാവണമെന്ന താത്പര്യം ഉണരുന്നുണ്ട് എന്നതാണ്. ഇരു സമസ്തകളും സഹകരിച്ചു നീങ്ങിയാല്‍ കേരളത്തിലെ ഏറ്റവും വലിയതും ശക്തവുമായ മുസ്‌ലിം കൂട്ടായ്മയായി സുന്നീ പ്രസ്ഥാനങ്ങള്‍ മാറും. പിന്നീട് ലീഗിനെ ഉപയോഗിച്ച് സ്വന്തം താത്പര്യം നടത്താനും സുന്നികളെ തളക്കാനും സാധിക്കില്ലെന്ന് ചിന്തിച്ച മുജാഹിദ് കുബുദ്ധികളാണ്, സുന്നികളുടെ യോജിപ്പിന് മുമ്പ് മറ്റൊരു പിളര്‍പ്പുകൂടി ലക്ഷ്യമിട്ട് ഈ പണിയൊപ്പിച്ചത്. തീവ്രസ്വഭാവം പ്രകടിപ്പിക്കുന്ന സലഫിസത്തിനെതിരെ സുന്നികള്‍ നടത്തുന്ന ആശയ പ്രതിരോധം ഇപ്പോള്‍ തന്നെ അവരെ അസ്വസ്ഥമാക്കുന്നുണ്ടല്ലോ.
യഥാര്‍ഥത്തില്‍ തങ്ങന്മാരെ കെണിയില്‍ വീഴ്ത്തുകയായിരുന്നു മുജാഹിദുകള്‍. മുസ്‌ലിംകള്‍ ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍, ഫാസിസം അതിന്റെ രൗദ്രഭാവം പൂര്‍ണമായും പ്രകടിപ്പിക്കുന്ന സമയത്ത് പരമാവധി യോജിപ്പിന്റെ വഴിയല്ലേ സ്വീകരിക്കേണ്ടത്? നിങ്ങള്‍ യൂത്ത് ലീഗിന്റെ തലപ്പത്തുള്ളവരും വഖഫ് ബോര്‍ഡിന്റെ തലപ്പത്തുള്ളവരുമല്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രലോഭിപ്പിച്ചും ഘോരമായ സമ്മര്‍ദം ചെലുത്തിയുമാണ് അവരെ കുടുക്കിയത്. എന്നാല്‍, മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായി കാല്‍ നൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയോ നിലവിലെ പ്രസിഡന്റ് ഹൈദരലി തങ്ങളെയോ വഖ്‌ബോര്‍ഡ് ചെയര്‍മാനായിരുന്ന ഉമറലി ശിഹാബ് തങ്ങളെയോ എന്താണ് ഇവര്‍ ക്ഷണിക്കാതിരുന്നത്? പോകട്ടെ, മുസ്‌ലിംകള്‍ പരമാവധി യോജിക്കേണ്ട സമയം കൂരിയാട്ടെ സമ്മേളനത്തിനൊപ്പം സമാപിച്ചോ? അടുക്കളയിലെത്തിയ ഫാസിസം അവിടെ നിന്ന് ചായയും കുടിച്ച് ഇറങ്ങിപ്പോയോ? ഇതേ ഐക്യസംഘക്കാരാണല്ലോ മര്‍കസ് സമ്മേളനം ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞ് സമുദായത്തിനകത്ത് മാത്രമല്ല, ഇതര രാഷ്ട്രീയ പാര്‍ട്ടികളിലും മുന്നണിയിലും സമ്മര്‍ദം ചെലുത്തിയത്. ഇത്തരം കാര്യങ്ങള്‍ ആലോചിക്കുമ്പോഴാണ് ഇവരുടെ ഇരട്ടത്താപ്പും ഒളിയജന്‍ഡകളും പുറത്ത് ചാടുന്നത്?

ചില സാമുദായിക രാഷ്ട്രീയക്കാര്‍ക്ക് സമുദായമെന്നാല്‍ സലഫികളാണ്. അവരുടെ വിജയത്തിന് വേണ്ടി മാത്രമുള്ള ഐക്യത്തോടു മാത്രമേ ഇവര്‍ക്ക് താത്പര്യമുള്ളൂ. ഏതായാലും ഇ കെ വിഭാഗം സമസ്തയെ ആശയക്കുഴപ്പത്തിലാക്കാനും സയ്യിദന്മാരെ പൊതുസമൂഹത്തില്‍ അവഹേളിക്കാനും സാധിച്ചതിലൂടെ മുജാഹിദുകള്‍ ഭാഗികമായി ലക്ഷ്യം നേടി. കാന്തപുരത്തിനെതിരെ അധികപ്രസംഗം നടത്താന്‍ മുമ്പ് സമുദായ രാഷ്ട്രീയക്കാര്‍ മുഖപത്രത്തില്‍ കോളം കൊടുത്ത ഒ അബ്ദുല്ല ഈ അവസരമുപയോഗിച്ച് പണ്ഡിതന്മാരെയും സയ്യിദന്മാരെയും കുറിച്ച് പറഞ്ഞ വിഷലിപ്തമായ വാക്കുകള്‍ എല്ലാവരും കേട്ടതാണ്. ‘ആ വഹാബിയല്ല ഈ വഹാബി’യെന്ന് പറഞ്ഞ് ലേഖനമെഴുതിയ കാരശ്ശേരിക്കാരനും അവസരത്തിനൊത്തുയര്‍ന്ന് വഹാബി കൂറ് കാണിച്ചതും അവര്‍ക്ക് മിച്ചം.
വസ്തുതകള്‍ വെച്ച് പരിശോധിക്കുമ്പോള്‍, മുമ്പ് സുന്നികളെ പിളര്‍ത്തിയ പോലെ മറ്റൊരു പിളര്‍പ്പുദ്ദേശിച്ചാണ് ഈ നാടകം നടന്നത് എന്ന് വ്യക്തമാണ്. തങ്ങന്മാര്‍ ഇരകളാകുകയായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ അവര്‍ പങ്കെടുക്കുമെന്ന വാര്‍ത്ത പുറത്താകുന്നു. ഇ കെ വിഭാഗം ഇടപെടുകയും ചില നേതാക്കള്‍ നേരില്‍ കണ്ട് പോകരുതെന്ന് അഭ്യര്‍ഥിക്കുകയും കുടുംബവുമായി ആലോചിച്ചേ പങ്കെടുക്കൂ എന്ന് മുനവ്വറലി തങ്ങള്‍ പ്രസ്താവിക്കുകയുമുണ്ടായി. ഇതിനു പുറമെ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സമസ്തയുമായി ബന്ധമുള്ളവരാരും പോകരുതെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു. എന്നിട്ടും സയ്യിദന്മാരെ അവിടെ എത്തിക്കുന്നതില്‍ ചിലര്‍ വിജയിച്ചു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച മുഖ്യമന്ത്രി പങ്കെടുക്കാതിരിക്കുകയും ‘സലഫിസം’ കാരണം വിസ കിട്ടാതെ വിദേശ പ്രതിനിധികള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വരികയും ചെയ്തതു മൂലമുള്ള ജാള്യത മറച്ചുപിടിക്കാന്‍ തങ്ങന്മാരുടെ സാന്നിധ്യവും വിവാദവും മുജാഹിദുകള്‍ക്ക് തുണയായി.
തങ്ങന്മാരെ മുജാഹിദ് സമ്മേളനത്തിലെത്തിച്ചതിലൂടെ മുജാഹിദുകളെ വെള്ള പൂശുക എന്നതാണ് വഹാബീ ലോബി ലക്ഷ്യം വെച്ചത്. ഐ എസ് ബന്ധം, സലഫീ യുവാക്കളുടെ പലായനം, നേതാക്കളുടെ വിദ്വേഷ പ്രസംഗം തുടങ്ങി പ്രതിസന്ധികളില്‍ പെട്ട് മുജാഹിദുകള്‍ ഇന്ന് കേരളീയ സമൂഹത്തില്‍ അനുഭവിക്കുന്ന അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ. മതനവീന വാദികളുടെ ആദര്‍ശത്തിന് അംഗീകാരമാവുന്ന വിധത്തില്‍ അവരുമായി വേദി പങ്കിടുന്നതും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതും മതം വിലക്കിയ കാര്യമാണ്. ഈ നിയമം ഉയര്‍ത്തിക്കാട്ടിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമുദായത്തെ സലഫീ ധാരയില്‍ നിന്ന് പ്രധാനമായും അകറ്റിയത്. ഈ നിലപാടിനെ തകര്‍ക്കാനുള്ള കാലങ്ങളായുള്ള ശ്രമമാണ് ഇവിടെ ചെറിയ തോതില്‍ വിജയിച്ചത്. ഈ ആശയം ഓര്‍മിപ്പിച്ചുള്ള പത്രക്കുറിപ്പ് തൊട്ടുതലേ ദിവസം ഇ കെ വിഭാഗം മുശാവറ ഇറക്കിയത് ഓര്‍ക്കുക. സമുദായത്തിന്റെ പൊതുവിഷയങ്ങളില്‍ സുന്നീ നേതാക്കളായി അറിയപ്പെടുന്ന ചിലര്‍ മുജാഹിദുകളുമായി വേദി പങ്കിടാറുണ്ടെങ്കിലും അവരുടെ ആശയ പ്രചാരണം ലക്ഷ്യം വെച്ച് മാത്രം നടത്തുന്ന സമ്മേളനങ്ങളില്‍ ഇതുവരെ ഒരു വിഭാഗത്തിലും പെട്ട സുന്നീ നേതാക്കളാരും പങ്കെടുത്തിട്ടില്ല. ആ പാരമ്പര്യമാണ് ഈ സയ്യിദന്മാരെ കെണിയില്‍ പെടുത്തി സമുദായ രാഷ്ട്രീയത്തിലെ ചിലര്‍ ഭംഗിയായി തകര്‍ത്തു കളഞ്ഞത്.
ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ചില ചോദ്യങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. അവരില്‍ ചിലര്‍ പുറമെ സുന്നിയായി അറിയപ്പെടുന്നവരും മറ്റു ചിലര്‍ ഇതുവരെ നിറം വെളിവാക്കാതെ ഇരുതോണിയിലും കാലിട്ടിരിക്കുന്നവരുമാണ്. മുജാഹിദുകളുമായി വേദി പങ്കിട്ടാല്‍, അവരുടെ സമ്മേളനത്തിലൊന്നു പ്രസംഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഇതോടെ സുന്നികളുടെ ആദര്‍ശം തകര്‍ന്നു പോകുമോ തുടങ്ങിയവയാണ് അവരുടെ ചോദ്യങ്ങള്‍. ഇത്തരക്കാരോട് തിരിച്ചു ചോദിക്കാനുള്ളത് ലീഗില്‍ നിന്നും പിരിഞ്ഞുപോയി ഐ എന്‍ എല്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി സേട്ട് സാഹിബ് മുന്നോട്ട് വന്നു. അന്നു മുതല്‍ ഇന്നുവരെ ആ പാര്‍ട്ടിയുടെ ഏതെങ്കിലും സമ്മേളനത്തില്‍ എന്തുകൊണ്ട് സമുദായ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്നില്ല? സമുദായം പരമാവധി ഒന്നിച്ചു നില്‍ക്കണം എന്നല്ലേ? ഈ പറയുന്ന സമുദായത്തില്‍ ലീഗല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളൊന്നും പെടില്ലേ? മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയായി രംഗത്തുവന്ന പി ഡി പിയുടെയും എസ് ഡി പി ഐയുടെയും വേദിയില്‍ പങ്കെടുക്കുന്നത് പോയിട്ട് പൊതുവിഷയങ്ങളില്‍ പോലും അവരെ സഹകരിപ്പിക്കാത്തത് എന്തുകൊണ്ടാണ്? ജമാഅത്തെ ഇസ്‌ലാമിക്കാരുടെ വെല്‍ഫയര്‍ പാര്‍ട്ടി സമ്മേളനത്തില്‍ പോയി ഇത് സമുദായത്തില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച പാര്‍ട്ടിയാണെന്ന് പ്രകീര്‍ത്തിക്കാത്തതെന്തുകൊണ്ടാണ്?
ആ പാര്‍ട്ടികളൊക്കെ ലക്ഷ്യത്തിലും മാര്‍ഗത്തിലും തങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തതുകൊണ്ടാണ് എന്നാണോ മറുപടിയെങ്കില്‍, അതേ മറുപടി തന്നെയാണ് മുജാഹിദുകളുമായി വേദി പങ്കിടുന്നതിന് സുന്നികള്‍ക്കുമുള്ളത്. ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ മുസ്‌ലിമാണെന്ന് പോലും അംഗീകരിക്കാത്ത മുജാഹിദുകളുമായി എങ്ങനെയാണ് മുസ്‌ലിം ഐക്യം ഉണ്ടാകുക? ഒരു മുജാഹിദ് നേതാവ് എഴുതുന്നു: ”ഇവിടെ വായനക്കാര്‍ ഒരു കാര്യം മനസ്സിലാക്കണം. സുന്നീ മുസ്‌യാക്കളും മുജാഹിദ് മൗലവിമാരും തമ്മിലുള്ള തര്‍ക്കവിഷയം നിസ്സാരമല്ല. അതുവളരെ ഗുരുതരമാവുന്നു. ഇസ്‌ലാമും കുഫ്‌റും തമ്മുലുള്ള തര്‍ക്കമാകുന്നു. പ്രവാചകന്മാരും അവരുടെ എതിരാളികളും തമ്മിലുള്ള തര്‍ക്കമാകുന്നു. (സല്‍സബീല്‍ പുസ്തകം 7, ലക്കം 5, 1977 ആഗസ്റ്റ്)

അപ്പോള്‍ കുഫ്‌റും (അവിശ്വാസം) ഈമാനും(സത്യവിശ്വാസം) തമ്മിലാണോ നിങ്ങള്‍ പറയുന്ന മുസ്‌ലിം ഐക്യം? മറ്റൊന്നു കൂടി കാണുക: സുന്നികളും മുജാഹിദുകളും ഇവിടെ ഭിന്നിച്ചത് അല്ലാഹുവിനെ മാത്രം ആരാധിച്ച് മുസ്‌ലിമാവണോ അതല്ല, അവനോട് കൂടെ അമ്പിയാക്കളോടും ഔലിയാക്കളോടും ദുആ ഇരന്ന് കാഫിറാകണമോ എന്ന മൗലിക പ്രശ്‌നത്തിനാണ്. ഒന്ന് സ്വര്‍ഗത്തിലേക്കും മറ്റൊന്ന് നരകത്തിലേക്കും പോകാന്‍ കാരണമാകുന്ന പണിയാണ്. പ്രശ്‌നം അടിസ്ഥാനപരമാണ്.(സല്‍സബീല്‍ 1984 ജൂണ്‍. പേജ് 8)
സുന്നികള്‍ അമ്പിയാക്കളെ ആരാധിക്കുന്നവരാണെന്നും അങ്ങനെ കുഫ്‌റിലകപ്പെട്ടവരാണെന്നും അവര്‍ നരകത്തിലാണെന്നുമാണ് മുജാഹിദ് നേതാവ് കെ ഉമര്‍ മൗലവി ഈ എഴുതിവിട്ടത്. ഈമാനിന്റെ കാര്യത്തില്‍ ഒരു തരിമ്പെങ്കിലും ജാഗ്രതയുള്ളവര്‍ ഇവരുമായി മതപരമായ വേദി പങ്കിടുമോ? തങ്ങന്മാരെ ഇവര്‍ കെണിയില്‍ വീഴ്ത്തിയതാണ്.

മുജാഹിദുകളുടെ പണ്ഡിത സഭയുടെ പ്രസിഡന്റായിരുന്ന കെ ഉമര്‍ മൗലവി 1982 ഏപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ച ‘മുജാഹിദുകളും സുന്നികളും മൗദൂദികളും തമ്മിലുള്ള വ്യത്യാസം’ എന്ന ലഖുലേഖയില്‍ പറയുന്നു: ”പ്രവാചകന്മാരുടെ ആദര്‍ശം സ്വീകരിച്ചവര്‍ മുജാഹിദുകള്‍. അബൂജഹ്ല്‍ തുടങ്ങിയ മക്കാ മു ശ്‌രിക്കുകളുടെ ആദര്‍ശം സ്വീകരിച്ചവര്‍ സുന്നികള്‍. അബൂജഹ്ല്‍ കക്ഷിയുടെ ഓഫര്‍ സ്വീകരിക്കാന്‍ ഒരുങ്ങിയവര്‍ മൗദൂദികള്‍(ലഘുലേഖ പേജ് 2) മൗലവി തന്നെ എഴുതുന്നു: അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ വേണ്ടെന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇതു പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹ്ല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതുകൊണ്ട് അഊദുബില്ലാഹി മിനശ്ശൈയ്ത്വാനിര്‍റജീം, വമിനല്‍ ഉലമാഇ സ്സുന്നിയ്യീന്‍(ശൈ്വയ്താനൈ തൊട്ടും സുന്നീ പണ്ഡിതന്മാരെ തൊട്ടും ഞാന്‍ അല്ലാഹുവിനോട് കാവല്‍ തേടുന്നു) എന്ന് എല്ലാവരും പറയുക”(സല്‍സബീല്‍ 1977 ആഗസ്റ്റ് 20)
ഈ മൗലവിയെയോ അയാളുടെ ആദര്‍ശത്തെയോ ഒരു മുജാഹിദുകാരനും തള്ളിപ്പറഞ്ഞിട്ടില്ല. ഈവിധം അബൂജഹ്‌ലിനോടും മക്കയിലെ മുശ്‌രിക്കുകളോടും സുന്നികളെ താരതമ്യം ചെയ്യുന്ന ‘സഹിഷ്ണുത’യും ‘സഹവര്‍ത്തിത്വ’വും മുജാഹിദുകള്‍ പിന്‍വലിച്ചിട്ടുണ്ടോ? ആരാണ് മുശ്‌രിക്കുകള്‍?

ഏകനായ അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി മാത്രം നിര്‍മിച്ച കഅ്ബാലയത്തില്‍ 365 ദൈവങ്ങളെ സ്ഥാപിച്ച, അല്ലാഹു ഏകനാണെന്ന് പറഞ്ഞാല്‍, അവര്‍ അഹങ്കാരികളാകുമെന്ന് അല്ലാഹു പഠിപ്പിച്ച, മുത്ത് നബി(സ)യെ ഭ്രാന്തനാണെന്നും മാരണക്കാരനാണെന്നുമാരോപിച്ച് അധിക്ഷേപിച്ച, വിശുദ്ധ ഖുര്‍ആന്‍ പൂര്‍വീകരുടെ കെട്ടുകഥകളാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ, മരിച്ചുമണ്ണായി പോയാല്‍ പിന്നെ പുനര്‍ജന്മം നല്‍കാന്‍ കഴിയുമോ എന്ന് ചോദിച്ച് ആ വിശ്വാസത്തെ ചോദ്യം ചെയ്ത മക്കാ മുശ്‌രിക്കുകളുമായി അമ്പതില്‍ പരം വിഷയങ്ങളില്‍ പാണക്കാട് റശീദലി തങ്ങളും മുനവ്വറലി തങ്ങളും അടക്കം അണിനിരന്ന സമസ്തക്ക് യോജിപ്പുണ്ടെന്നാണ് മുജാഹിദുകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം കടുത്ത ആരോപണങ്ങളുന്നയിച്ചവരുടെ സമ്മേളനത്തില്‍ അരോപണങ്ങളൊക്കെ അതേപടി നിലനില്‍ക്കേ പങ്കെടുത്തതിനെയും അതിന് സമ്മര്‍ദം ചെലുത്തിയതിനെയും ചോദ്യം ചെയ്തതില്‍ എന്താണ് തെറ്റ്?
ഒരു കാര്യം ഉണര്‍ത്തട്ടെ, മുജാഹിദുകള്‍ സമുദായ രാഷ്ട്രീയത്തെ കൂട്ടുപിടിച്ച് എപ്പോള്‍ മുസ്‌ലിം ഐക്യം എന്ന് പറഞ്ഞ് മുന്നോട്ട് വന്നാലും അതിന് പിന്നില്‍ സമുദായത്തില്‍ ഒരു പിളര്‍പ്പിനുള്ള വകയുണ്ടാകും. കേരള മുസ്‌ലിം ഐക്യസംഘവുമായി 1922ല്‍ രംഗത്ത് വന്നപ്പോഴും ശരീഅത്ത് പ്രശ്‌നവുമായി ബന്ധപ്പെട്ട് 1985 കാലഘട്ടത്തില്‍ ഐക്യാഹ്വാനവുമായി പ്രത്യക്ഷപ്പെട്ടപ്പോഴുമൊക്കെ നാമതു കണ്ടതാണ്. ചരിത്രത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ജാഗ്രത പുലര്‍ത്താന്‍ തയ്യാറായാല്‍ ഈ കൊലച്ചതിക്ക് ഇനിയും തല വെച്ചുകൊടുക്കാതെ സുന്നികള്‍ക്ക് ഒന്നിച്ച് നില്‍ക്കാന്‍ സാധിക്കുമോ എന്ന ചര്‍ച്ച സജീവമാക്കാം. അതായിരുന്നല്ലോ മര്‍ഹും ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ അന്ത്യാഭിലാഷവും.




റഹ്മത്തുല്ല സഖാഫി എളമരം
സിറാജ് ഡെയ്ലി - 9 - 1 - 2018