ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 17 January 2018

മമ്പുറം പാലവും വഹാബികളുടെ ചതിയും



*മമ്പുറം പാലം: അഥവാ, ഒരു ചതിയുടെ കഥ*


നാട്ടുകാരുടെ നിറസാന്നിധ്യത്തില്‍ ഉത്സവാന്തരീക്ഷത്തിലാണ് മമ്പുറത്തേക്കുള്ള പാലം പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനാനന്തരം ഈ വികസനത്തിന്റെ പേറ്റന്റ് അവകാശപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ചെറിയ പോരാട്ടം തന്നെ നടത്തി. അതൊക്കെ പുതിയ തലമുറ.

മമ്പുറം പാലമെന്ന് കേള്‍ക്കുമ്പോള്‍ പഴമക്കാരായ പലര്‍ക്കും പഴയൊരു ചതിയുടെ ചരിത്രം ഓര്‍മവരും. ഖിലാഫത്ത് ഭരണം തകര്‍ക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വഹാബീ പ്രസ്ഥാനത്തെ ‘കേരള മുസ്‌ലിം ഐക്യ സംഘം’ എന്ന സുന്ദര നാമത്തില്‍ കേരളത്തില്‍ ആനയിച്ച കാലം. ഈ വിപത്ത് തിരിച്ചറിഞ്ഞ് സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രമുഖ പണ്ഡിതനും വാഗ്മിയും എഴുത്തുകാരനുമായ മര്‍ഹും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ ആദ്യം വിളിച്ചുവരുത്തിയത്. 1925ല്‍ കോഴിക്കോട് കുറ്റിച്ചിറ വലിയ ജുമുഅത്ത് പള്ളിയില്‍ വെച്ച് ഒരു പണ്ഡിത കൂട്ടായ്മ രൂപവത്കരിക്കുന്നതിന്റെ മുന്നോടിയായി അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിക്കുകയും പാങ്ങിലിന്റെ നേതൃത്വത്തില്‍ കാളവണ്ടിയിലും കാല്‍നടയായും കേരളത്തിലെ ഉള്‍ഗ്രാമങ്ങള്‍ വരെ സഞ്ചരിച്ച് പണ്ഡിതന്മാരെ നേരില്‍ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം തെര്യപ്പെടുത്തുകയും അങ്ങനെ 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭക്ക് രൂപം നല്‍കുകയും ചെയ്തു.

പ്രസിഡന്റ് സയ്യിദ് വരക്കല്‍ തങ്ങളായിരുന്നുവെങ്കിലും കാര്യങ്ങളെല്ലാം ആ നിര്‍ദേശാനുസരണം നടത്തിപ്പോന്നത് വൈസ് പ്രസിഡന്റായിരുന്ന പാങ്ങിലായിരുന്നു. വഹാബികള്‍ കരുനാഗപ്പള്ളിക്കാരനായ യൂസുഫ് ഇസ്സുദ്ദീന്‍ എന്ന മൗലവിയെ ഇറക്കി. തെക്കന്‍ ഭാഷയില്‍ നര്‍മം കലര്‍ത്തി മാലമൗലിദുകളെയും കറാമത്തുകളെയും യുക്തിവാദങ്ങളുപയോഗിച്ച് പരിഹസിക്കാന്‍ തുടങ്ങിയപ്പോള്‍ പാങ്ങില്‍ അയാള്‍ പ്രസംഗിച്ച മുഴുവന്‍ സ്ഥലങ്ങളിലും ചെന്ന് യുക്തിഭദ്രമായ മറുപടി കൊടുത്തു. പ്രഭാഷണം കൊണ്ട് പാങ്ങിലിനോട് തോറ്റ മൗലവി ‘മുസ്‌ലിയാരുടെ പള്ളക്കടി’ എന്ന ലഘുലേഖ ഇറക്കി. ‘രണ്ടക്ഷര മൗലവിയുടെ മണ്ടക്കടി’ എന്ന തലക്കെട്ടില്‍ പാങ്ങില്‍ മറുപടിയിറക്കിയതോടെ മൗലവി പിന്‍വലിഞ്ഞു.
ഏറെ വൈകാതെ തന്നെ 1929ല്‍ അല്‍ബയാന്‍ എന്ന മാസിക പുറത്തിറക്കുകയും ചൂടേറിയ ലേഖന പരമ്പരകളിലൂടെ പാങ്ങില്‍ വഹാബിസത്തെ കുടഞ്ഞെറിയുകയും ചെയ്തുകൊണ്ടിരുന്നു. ആദര്‍ശ പോരാട്ടത്തില്‍ പരാജയപ്പെട്ടപ്പോള്‍ ആ മഹാപണ്ഡിതനെതിരെ ചതിപ്രയോഗം നടത്താമെന്ന് വഹാബികള്‍ ആലോചിച്ചു.

അതിനിടെ പാങ്ങില്‍ തിരൂരങ്ങാടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. കോഴിക്കോട് ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പാങ്ങിലിനെ ഒരു സംഘം പോലീസുകാര്‍ തടഞ്ഞുവെച്ചു. തങ്ങളുടെ പ്രിയങ്കരനായ നേതാവിനെ പോലീസ് തടഞ്ഞുവെച്ചതറിഞ്ഞ് നൂറുകണക്കിന് അനുയായികള്‍ അവിടെ എത്തിച്ചേര്‍ന്നു. അവര്‍ ഡപ്യൂട്ടി കലക്ടറോട് കാര്യമന്വേഷിച്ചു. പലരും ക്ഷുഭിതരായി. രംഗം പന്തിയില്ലെന്ന് കണ്ട കലക്ടര്‍ ഒരു മെമ്മോറാണ്ടം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പറഞ്ഞു: ‘നിങ്ങളുടെ നാട്ടുകാരായ ഇരുനൂറോളം പേര്‍ ഒപ്പിട്ടു തന്ന ഒരപേക്ഷയുടെ പേരില്‍ ചില അന്വേഷണങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചത്. ഇദ്ദേഹം 1921ല്‍ മലബാര്‍ ലഹളക്ക് നേതൃത്വം കൊടുത്തയാളാണെന്നും ഇപ്പോള്‍ വീണ്ടും മറ്റൊരു സംഘടനയുണ്ടാക്കി കലാപത്തിനുള്ള ഒരുക്കത്തിലാണെന്നും ഇദ്ദേഹത്തെ മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇത് കേട്ട് ഞെട്ടിയ നാട്ടുകാര്‍ ആ ഒപ്പിട്ടവരുടെ പേരുകള്‍ വായിക്കണമെന്നായി. ഉദ്യോഗസ്ഥര്‍ പേര് വായിച്ചപ്പോള്‍ ഉസ്താദിന് വേണ്ടി വാദിക്കുകയും ശബ്ദിക്കുകയും ചെയ്യുന്നവരൊക്കെ ആ കൂട്ടത്തിലുണ്ട്. അപ്പോഴാണ് ഇതൊരു കൊലച്ചതിയായിരുന്നു എന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്.
അവര്‍ വിശദീകരിച്ചു, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചില നാട്ടുമൂപ്പന്മാര്‍ വന്ന് മമ്പുറത്തേക്ക് സിയാറത്തിനു സൗകര്യപ്പെടുന്ന തരത്തില്‍ ഒരു പാലം നിര്‍മിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഒരു അപേക്ഷ കൊടുക്കണം , അതില്‍ എല്ലാവരും ഒപ്പ് വെക്കണം എന്ന് പറഞ്ഞു. ഞങ്ങളെല്ലാം ആ പാലത്തിന് വേണ്ടിയാണ് ഒപ്പിട്ടത്. അല്ലാതെ ഞങ്ങളുടെ നേതാവിനെ നാടുകടത്താനല്ല. ചതി മനസ്സിലാക്കിയ ഡപ്യൂട്ടി കലക്ടര്‍ പാങ്ങിലിന് എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തുകൊണ്ടാണ് വിട്ടയച്ചത്.
സംഘടനാ രംഗത്ത് ഉയര്‍ന്ന കാഴ്ചപ്പാടുള്ള നേതാവായിരുന്നു പാങ്ങില്‍. അക്കാലത്ത് തന്നെ കോഴിക്കോട്ടുകാരനായ ജിഹിന്റകത്ത് മാമുക്കോയ സാഹിബ് എന്ന വിദ്യാസമ്പന്നനെ പ്രൈവറ്റ് സെക്രട്ടറിയായി സ്വീകരിച്ചിരുന്നു. ആയിടക്കാണ് തിരുവനന്തപുരത്ത് ഏതാനും പേര്‍ വഹാബിസം സ്വീകരിച്ചതായും അവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ആദര്‍ശപരമായ അനൈക്യം സൃഷ്ടിക്കുന്നതായും തിരുവിതാംകൂര്‍ സെക്രേട്ടറിയറ്റ് അംഗം ജനാബ് ഇബ്‌റാഹീം സാഹിബ് ബി എ പാങ്ങിലിന് കത്തെഴുതി അറിയിക്കുന്നത്. അതുകൊണ്ട് തിരുവിതാംകൂറില്‍ വന്ന് സുന്നത്ത് ജമാഅത്തിനെ പറ്റി ഒരു പ്രസംഗം നടത്താനും അദ്ദേഹം ക്ഷണിച്ചു. ഭരണത്തില്‍ പിടിപാടുള്ള 16 പേരായിരുന്നു അന്ന് സലഫിസം സ്വീകരിച്ചത്.
ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളം പിറക്കുന്നതിന് മുമ്പ്; മലബാറില്‍ ബ്രിട്ടീഷ് ഭരണം നടക്കുന്ന 1930കളിലാണ് ഈ സംഭവം. യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ സെക്രട്ടറി മാമുക്കോയ സാഹിബ് ഇങ്ങനെ ഉണര്‍ത്തി. നാം പ്രസംഗത്തിന് പോകുന്നത് മറ്റൊരു രാജ്യത്തേക്കാണ്. അതിനാല്‍ പ്രസംഗം ഇവിടെ വെച്ച് തയ്യാറാക്കി അച്ചടിച്ച് കൊണ്ടുപോകാം. അത് നല്ലതാണെന്ന് പാങ്ങില്‍ ഉസ്താദിനും തോന്നി. അദ്ദേഹം പ്രസംഗം എഴുതിക്കൊടുക്കുകയും അത് അച്ചടിച്ച് കൈയില്‍ കരുതുകയും ചെയ്തു.
ട്രയിനിലായിരുന്നു യാത്ര. തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെ വഴിയോരത്തെല്ലാം അസാധാരണമാം വിധം പോലീസ് സാന്നിധ്യം കാണുന്നുണ്ടായിരുന്നു. അതിന് എന്തെങ്കിലും കാരണമുണ്ടാകുമെന്ന് കരുതി ആ പണ്ഡിതന്‍. ഇബ്‌റാഹീം സാഹിബ് ഒരുക്കിയ വീട്ടില്‍ എത്തിയ ഉടനെ പോലീസ് വന്ന് പാങ്ങില്‍ അവര്‍കളെ വീട്ടുതടങ്കലിലാക്കി. തിരുവിതാംകൂറിലെ 16 മുസ്‌ലിംകള്‍ കൊടുത്ത പെറ്റീഷന്‍ കാരണമാണ് ഈ മുന്‍കരുതല്‍ തടവ് എന്നാണറിഞ്ഞത്. പാങ്ങില്‍ മലബാര്‍ കലാപത്തിന് നേതൃത്വം കൊടുത്തയാളാണെന്നും ഭരണത്തെ അട്ടിമറിക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്നും ഇദ്ദേഹം പിന്തിരിപ്പനും ഇംഗ്ലീഷ് ഭാഷയോടും ജനങ്ങള്‍ വിദ്യ നേടുന്നതിനോടും വിരോധം വെച്ചുപുലര്‍ത്തുന്നയാളാണെന്നും ഇയാളെ ഇവിടെ പ്രസംഗിക്കാന്‍ അനുവദിച്ചാല്‍ ഈ രാജ്യത്തും വര്‍ഗീയ കലാപങ്ങളും രാഷ്ട്ര വിരുദ്ധ സമരങ്ങളും ഉടലെടുക്കുമെന്നുമായിരുന്നു ഇവര്‍ പരാതിയില്‍ ബോധിപ്പിച്ചിരുന്നത്.

എന്നാല്‍, ജനാബ് ഇബ്‌റാഹീം സാഹിബ് തന്റെ സ്വാധീനമുപയോഗിച്ച് ഈ കേസ് അടുത്ത ദിവസം തന്നെ വിചാരണക്കെടുപ്പിച്ചു. പാങ്ങില്‍ ഉസ്താദിന് വേണ്ടി കോടതിയില്‍ ഹാജരായത് മാമുക്കോയ സാഹിബ് തന്നെയായിരുന്നു. നേരത്തെ പറഞ്ഞ പരാതികള്‍ കോടതി വായിച്ചു കേള്‍പ്പിച്ചു. സ്ഫുടമായ ഇംഗ്ലീഷ് ഭാഷയിലാണ് മാമുക്കോയ സാഹിബ് മറുപടി കൊടുത്തത്. അതിപ്രകാരമായിരുന്നു: എന്റെ കക്ഷിക്കെതിരെ നിങ്ങളുയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ഞാനായിട്ട് ഒരു മറുപടിയും പറയുന്നില്ല. എന്റെ കൈയിലുള്ള ഈ കുറിപ്പ് ഇവിടെ പ്രസംഗിക്കുന്നതിനായി കോഴിക്കോട്ട് നിന്നും അച്ചടിച്ച് കൊണ്ടുവന്നിട്ടുള്ളതാണ്. ഇത് ഞാനിവിടെ വായിക്കാം.
കോടതി നിര്‍ദേശമനുസരിച്ച് അത് വായിച്ചു. പരസ്പര സൗഹാര്‍ദവും സ്‌നേഹവും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പാരമ്പര്യ വിശ്വാസം മുറുകെ പിടിക്കാനുള്ള ആഹ്വാനവും കൊണ്ട് തുടങ്ങി, ഭരണകൂടങ്ങളോട് സഹകരിച്ചും വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും മുന്നേറാന്‍ ഉപദേശിച്ച്, അറിവിന്റെ പ്രധാന്യം പരാമര്‍ശിച്ചുള്ള പ്രസംഗം കേട്ടതോടെ കോടതിക്ക് കാര്യം പിടികിട്ടി.
അവസാനമായി കോടതി ചോദിച്ചു, എന്തിനാണ് നിങ്ങള്‍ ഇംഗ്ലീഷ് ഭാഷ പഠിക്കരുതെന്ന് പറയുന്നത്? ഇതിനോട് മാമുക്കോയ സാഹിബിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:’ ബഹുമാനപ്പെട്ട കോടതി, ഞാന്‍ അങ്ങേയറ്റം ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന നേതാവാണ് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍. അദ്ദേഹം ഇംഗ്ലീഷ് ഭാഷക്ക് എതിരാണെങ്കില്‍ ഞാന്‍ ആ ഭാഷയില്‍ ബഹുമാനപ്പെട്ട കോടതി മുമ്പാകെ സംസാരിക്കുമോ?’
ജഡ്ജി ഇത് കേട്ട് മേശക്കടിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ‘പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ക്ക് തിരുവിതാംകൂറില്‍ എവിടെ വേണെമങ്കിലും പ്രസംഗിക്കാം. അദ്ദേഹത്തിന് പ്രസംഗം കഴിയുന്നത് വരെ എല്ലാ സംരക്ഷണവും കൊടുക്കണം. അദ്ദേഹത്തിനെതിരെ പരാതി തന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച 16 പേരും അദ്ദേഹത്തിന്റെ പ്രസംഗം കഴിയുന്നത് വരെ പരസ്പരം കാണാനോ സംസാരിക്കാനോ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ പാടില്ല’. ഈ സംഭവം മാമുക്കോയ സാഹിബില്‍ നിന്ന് നേരിട്ടു കേട്ടതായി മാത്തോട്ടം മുഹമ്മദ് കോയ സാഹിബ് എഴുതിയിട്ടുണ്ട്.
പണ്ഡിതന്മാര്‍ക്കെതിരായ കുതന്ത്രങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. അതെല്ലാം നിഷ്ഫലമായിപ്പോകുന്നതാണ് അനുഭവം. ഉഖ്‌റവിയ്യായ പണ്ഡിതര്‍ക്ക് അല്ലാഹു നല്‍കുന്ന സുരക്ഷയാണിത്. എന്നാല്‍ ഇത്തരം ചതികളെക്കുറിച്ച് ജാഗ്രത എപ്പോഴുമുണ്ടായിരിക്കണം.


റഹ്മത്തുള്ള സഖാഫി എളമരം
സിറാജ്  ഡെയ്ലി
18-01-2018