ജനുവരി 21ന് കോഴിക്കോട് ക്യാമ്പയിന് ഉദ്ഘാടനത്തിന്റെ പേരില്‍ റിബല്‍ പ്രവര്‍ത്തനത്തിന് മടവൂര്‍ വിഭാഗം നാന്ദി കുറിച്ചത് 'നവോത്ഥാനം തീവ്രവാദമല്ല' എന്ന ഇരുതല മൂര്‍ച്ചയുള്ള പ്രമേയവുമായാണ്. ഇങ്ങനെ പറയേണ്ടിവരുന്ന ഒരു സാഹചര്യം സലഫികള്‍ക്ക് ലോകത്താകെയും കേരളത്തില്‍ വിശേഷിച്ചുമുണ്ട് എന്ന് സമ്മതിക്കാം. എന്നാല്‍, ഈ മുദ്രാവാക്യം പോലും സലഫികളെ കൂടുതല്‍ സംശയത്തിലും പ്രതിരോധത്തിലുമല്ലേ ചെന്നെത്തിക്കുന്നത്? മുജാഹിദുകളുമായി ബന്ധപ്പെട്ട തീവ്രവാദ ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ നിലനിര്‍ത്താനല്ലേ പ്രമേയം ഉപകരിക്കുക? ഇത് പുറമെയുള്ള കാര്യം. നവോത്ഥാനം തീവ്രവാദമല്ല എന്ന വാചകത്തിന്റെ യഥാര്‍ഥ ധ്വനി പക്ഷേ ഇതൊന്നുമല്ല. 'ഞങ്ങളല്ല, മറ്റേ ഗ്രൂപ്പാണ് തീവ്രവാദികള്‍ എന്ന മുനയാണ് അത്. നേരത്തെ ഓരോ സലഫീ ഗ്രൂപ്പും സ്വയം ന്യായീകരിച്ചു നിന്നത് ഞങ്ങളുടെ ഗ്രൂപ്പില്‍ നിന്നല്ല, മറ്റേ ഗ്രൂപ്പില്‍ നിന്നാണ് തീവ്രവാദ പ്രവണതകളുണ്ടായത് എന്നായിരുന്നല്ലോ. ഏതായാലും സലഫികള്‍ക്ക് വേണ്ടി സുന്നികളെ എങ്ങനെ അകറ്റാമെന്ന് ചിലര്‍ തല പുകച്ച ഞായറാഴ്ച വൈകുന്നേരം തന്നെയായിരുന്നു ആരുടെയും കുത്തിത്തിരിപ്പില്ലാതെ സലഫികള്‍ അരയിടത്തു പാലത്ത് വേര്‍പിരിയാന്‍ വഴി നോക്കിയത് എന്നത് കാവ്യനീതിയാകാം.

മുജാഹിദ് പ്രസ്ഥാനത്തില്‍ ഐക്യം പുനഃസ്ഥാപിക്കപ്പെടുമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവര്‍ക്ക് തിരിച്ചടിയായി, മടവൂര്‍ വിഭാഗത്തോട് കൂറ് പുലര്‍ത്തുന്ന കേരളാ നദ്വത്തുല് മുജാഹിദീന്റെ യുവജനവിഭാഗമായ ഇത്തിഹാദുല്‍ ശുബ്ബാനുല്‍ മുജാഹിദീനെ (ഐ എസ് എം) കെ എന്‍ എം പിരിച്ചുവിട്ടത് 2002 ആഗസ്റ്റിലാണ്. കുറച്ചുകാലമായി ഉള്ളില്‍ എരിപൊരി കൊണ്ടിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ അനുരഞ്ജന ശ്രമങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെയായിരുന്നു നടപടി. അബൂബക്കര്‍ കാരക്കുന്ന് പ്രസിഡന്റും മുസ്തഫാ ഫാറൂഖി ജന. സെക്രട്ടറിയുമായ ഐ എസ് എമ്മിന്റെ നേതൃത്വത്തില്‍ യുവവിഭാഗം സമാന്തര പ്രവര്‍ത്തനങ്ങള്‍ അപ്പോഴേക്കും ഏറെ മുന്നോട്ട് പോയിരുന്നു. നടപടി വന്നതോടെ മടവൂര്‍ ഗ്രൂപ്പ് റിബല്‍ കമ്മിറ്റിയുണ്ടാക്കി. ‘പുതിയ പ്രഭാതം, പുതിയ പ്രതീക്ഷകള്‍’ എന്നായിരുന്നു ശുബ്ബാനുല്‍ മുജാഹിദുകളുടെ മുഖപത്രമായ ശബാബിന്റെ പിറ്റേെത്ത ലക്കത്തിലെ ആഹ്ലാദം. ഇന്നിപ്പോള്‍ ഐ എസ് എമ്മിന്റെ പൂര്‍ണ രൂപം ഇത്തിഹാദുല്‍ ശുബ്ബാനുല്‍ മുജാഹിദീന്‍ എന്നാണെന്ന് പുറത്തുപറയാനുള്ള ആത്മ വിശ്വാസം പോലും മടവൂര്‍ വിഭാഗത്തിനില്ലെന്നത് വേറെ കാര്യം.
ഐ എസ് എം മുന്‍കൈയില്‍ ഇറക്കിയ ‘കേരളാ നദ്വത്തുല് മുജാഹിദീന്‍ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍; ആരോപണങ്ങളും മറുപടിയും’ എന്ന ‘ക്ഷുദ്രകൃതി’യായിരുന്നു നടപടിക്ക് പെട്ടെന്നുള്ള പ്രകോപനവും കാരണവുമായി ഔദ്യോഗിക വിഭാഗം പുറത്ത് പറഞ്ഞതും പ്രചരിപ്പിച്ചതും. തങ്ങളല്ല ഇത് ഇറക്കിയതെന്നും അമ്മാതിരി പല ക്ഷുദ്രകൃതികളും സംഘടനാ പ്രശ്നങ്ങള്‍ക്കിടയില്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നും പറഞ്ഞുനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. എന്തിന് മുജാഹിദ് പ്രസ്ഥാനത്തിന് വേണ്ടി ജീവന് ഉഴിഞ്ഞുവെച്ച് കടന്നുപോയ എ അലവി മൗലവിയുടെ മകനെ(സലാം സുല്ലമി) ‘നാവ് പുറത്തേക്കിട്ട് അലഞ്ഞുനടക്കുന്ന നായയായി ചിത്രീകരിച്ചുകൊണ്ട് ചിലര്‍ നോട്ടീസിറക്കി’യെന്നും അത് ഔദ്യോഗിക ചാനലുപയോഗിച്ച് നാടുനീളെ വിതരണം ചെയ്തെന്നും ശബാബ് പരിതപിച്ചു. കെ ഉമര്‍ മൗലവിയെക്കുറിച്ച് പറയാന്‍ പോലും കൊള്ളാത്ത കാര്യങ്ങളടങ്ങിയ ദുഷിച്ച കൃതി പുറത്തിറക്കിയെന്നും ആരോപണം വന്നു. ‘ഞാന്‍ നദ്വത്തിന്റെ തിരഞ്ഞെടുപ്പ് കാലത്ത് ഗുണ്ടകളെ ഇറക്കി, അവരെ കള്ള് കുടിപ്പിച്ചു എന്ന തരത്തിലുള്ള തരം താണ ആരോപണങ്ങള്‍ വരെ മറുഭാഗം ഉന്നയിച്ചെന്ന് ഔദ്യോഗിക പക്ഷം നേതാവ് എ പി അബ്ദുല്‍ ഖാദിര്‍ മൗലവി മലയാളം വാരികയോടും പരിഭവപ്പെട്ടു.
‘മുജാഹിദ് പ്രസ്ഥാനത്തിനകത്തുള്ള രണ്ട് ചിന്താധാരകള്‍ തമ്മിലാണ് ഇതുവരെ ആശയസമരം നടന്നുവന്ന’തെന്ന് പിളര്‍ന്നതിന് പിറ്റേന്ന് മടവൂര്‍ വിഭാഗം പത്രസമ്മേളനം നടത്തി ആവേശം കൊണ്ടു. തുടക്കത്തില്‍ വര്‍ത്തമാനം പത്രവും യുവാക്കളുടെ ആവേശവുമെല്ലാമായി ഉഷാറായി പോയി. എന്നാല്‍, മറുഭാഗത്തായിരുന്നു സ്ഥാപനങ്ങളും ആള്‍ക്കൂട്ടവും. ഗള്‍ഫില്‍ ഔദ്യോഗിക വിഭാഗം പരമാവധി ഉപദ്രവിക്കാനും തുടങ്ങി. എന്തിന് മറുപക്ഷം ബഹുദൈവ പ്രചാരകരാണെന്ന് പോലും അറബികളെ ധരിപ്പിച്ചു. പിന്നെപ്പിന്നെ വര്‍ത്തമാനം പത്രം പ്രതിസന്ധിയിലായി. യുവാക്കളൊക്കെ പല വഴിക്കായി. പത്രം പിന്നെ നിലച്ചു. സംഘടന മെലിഞ്ഞുതുടങ്ങി. കോഴിക്കോട് ടൗണിലെ രണ്ട് പള്ളിയും ഏതാനും പാലിയേറ്റീവ് കെയറുകളുമായി എത്രകാലം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാനാണ്? അറബ് നാടുകളിലെ പഴയ പ്രതാപകാലം മടവൂരിനെയും മറ്റു നേതാക്കളെയും മോഹിപ്പിച്ചു കൊണ്ടിരുന്നു. ഇങ്ങനെയെല്ലാമായപ്പോഴാണ് ചിന്താധാരയുടെ ആവേശമൊക്കെ മാറ്റിവെച്ച് ഒന്നൊരുമിച്ചാലോ എന്ന ചിന്ത മടവൂര്‍ വിഭാഗത്തില്‍ കനംവെക്കുന്നത്. ഓരോ നേതാവ് മരിക്കുമ്പോഴും ഇനിയെങ്കിലും നമ്മള് യോജിക്കുകയല്ലേ എന്ന് ചോദിച്ച് ഹുസൈന് മടവൂര്‍ ചന്ദ്രികയില്‍ ലേഖനമെഴുതിത്തുടങ്ങി.
മടവൂര്‍, ഔദ്യോഗിക പക്ഷ ഭിന്നിപ്പ് സത്യത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഛിദ്രതയുടെ തുടക്കമായിരുന്നു. ഇതിന് ശേഷം ഒരുപാട് ഗ്രൂപ്പുകള്‍ കൂണുപോലെ പൊന്തി. പ്രമുഖരായ പല പ്രഭാഷകരുടെയും നേതൃത്വത്തില്‍ ഗ്രൂപ്പുകളും പുതിയ ആശയങ്ങളും പരന്നുതുടങ്ങി. ഗ്രൂപ്പ് പാടില്ലെന്ന് പറയുന്ന ഗ്രൂപ്പും ജിന്നിനെയും കൂടോത്രത്തെയും അന്ധവിശ്വാസത്തെയും ചെല്ലിയുള്ള വിഭാഗങ്ങളും വന്നു. പല സലഫീ പ്രവര്‍ത്തകരും തീവ്ര ആശയങ്ങളില്‍ ചേക്കേറി. ചിലര്‍ വിദേശത്തേക്ക് കടന്നു. ഇന്ത്യ വിശ്വാസികള്‍ക്ക് നില്ക്കാന് പറ്റാത്ത നാടാണെന്നു പ്രചരിപ്പിച്ചു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസുകളായി. യു എ പി എ വന്നു. സലഫികളില്‍ ചിലര്‍ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ വിദേശത്തേക്ക് കടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ഗ്രൂപ്പുകള്‍ എല്ലാം സംശയത്തിന്റെ നിഴലിലായി. നവോത്ഥാന പ്രസ്ഥാനത്തിന്റെ യഥാര്‍ഥ നിറം ഇതാണോ എന്ന് അകലെ നിന്ന് നോക്കിയ പലരും മൂക്കത്ത് വിരല്‍ വെച്ചു. ഐ എസ് എമ്മിന്റെ പൂര്‍ണ രൂപം ഇത്തിഹാദുല്‍ ശുബ്ബാനുല്‍ മുജാഹിദീന്‍ എന്നാണെന്ന് പുറത്തുപറയാനുള്ള ആത്മ വിശ്വാസം പോലും മടവൂര്‍ വിഭാഗത്തിനു നഷ്ടപ്പെട്ടു. എല്ലാം മറന്ന് യോജിച്ചില്ലെങ്കില്‍ കാര്യം അപകടമാണെന്ന് ഔദ്യോഗിക വിഭാഗത്തിനും മടവൂര്‍ പക്ഷത്തിനും ഒരുപോലെതോന്നി. അപ്പോഴേക്കും ഔദ്യോഗിക വിഭാഗത്തിലെ നല്ലൊരു ശതമാനം യുവാക്കാള്‍ തീവ്രആശയഗതികളിലും വിസ്ഡം ഗ്രൂപ്പിലും എത്തിക്കഴിഞ്ഞിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് ഈയടുത്തായി മുജാഹിദുകള്‍ യോജിക്കാന്‍ തീരുമാനിക്കുന്നത്. ‘ആദ്യം ഐക്യം, പിന്നീട് ആശയം’ എന്നതായിരുന്നു തീരുമാനം. ആദ്യം ലയിക്കുക, ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ നിലപാടുകള്‍ പിന്നീട് ചര്‍ച്ച ചെയ്ത് ശരിപ്പെടുത്താം എന്നുവെച്ചു. അങ്ങനെ കോഴിക്കോട് കടപ്പുറത്ത് സ്റ്റേജ് കെട്ടി മുജാഹിദുകള്‍ ഐക്യപ്പെരുന്നാള്‍ ആഘോഷിച്ചു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും കാര്യങ്ങള്‍ പഴയ പടി. പഴയ ഔദ്യോഗിക വിഭാഗത്തിന്റെ ആശയങ്ങള്‍ കെ എന്‍ എമ്മിന്റെ പൊതു അഭിപ്രായമായി വന്നുതുടങ്ങി. ശബാബും വിചിന്തനവും പഴയ നിലപാടുകളില്‍ തന്നെ പരസ്പര വിരുദ്ധമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ശബാബ് അടിസ്ഥാനമാക്കി വായിച്ചു നോക്കിയാല്‍ വിചിന്തനം വായനക്കാര്‍ മുഴുവന്‍ പിഴച്ചവര്‍. തിരിച്ചും. ‘നവയാഥാസ്ഥിതികര്‍’ ആധിപത്യം ഉറപ്പിച്ചെന്ന് വിളംബരപ്പെടുത്തുന്നതായി ഈയിടെ കൂരിയാട്ട് നടന്ന സംസ്ഥാന സമ്മേളനം. മടവൂര്‍ വിഭാഗത്തിന്റെ പുസ്തക ശാലക്ക് പ്രധാന നഗരിയില്‍ ഇടം കിട്ടിയത് പോലുമില്ല. ഹുസൈന് മടവൂരിന് പോലും വേദിയില്‍ ദുരനുഭവമുണ്ടായത്രേ. ഇങ്ങനെയെല്ലാം മനം മടുത്ത്, മുറിപ്പെട്ടവരാണ് ഐ എസ് എമ്മിന്റെ പേരില്‍ ഇപ്പോള്‍ മടവൂര്‍ വിഭാഗത്തെ പുനരുജ്ജീവിപ്പിക്കുന്നത്. ഏതായാലും മടവൂരിന്റെ വലംകൈയായ കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിംഗ് പ്രസിഡന്റ് സി പി ഉമര്‍ സുല്ലമിയാണ് ഐക്യ പെരുന്നാളിന് ശേഷമുള്ള ആദ്യ ‘പിളര്‍പ്പ്’ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സമ്മേളനത്തില്‍ വിലക്ക് നേരിട്ട നേതാക്കളിലെ വലിയൊരു നിര തന്നെ അരയിടത്തുപാലത്തെ വേദിയിലുണ്ടായിരുന്നു. വേദിയുടെ ഏറ്റവും പിന്നിലായി അറ്റത്ത് രണ്ട് സ്ത്രീകളെ ഇരുത്തിച്ച്; ലയിച്ച് തിരിച്ചുവന്നു വീണ്ടും പിളരാന്‍ തുടങ്ങിയിട്ടും പുരോഗമന പ്രതീതി പോയിട്ടില്ലെന്ന് ഉറപ്പ് വരുത്താനും സംഘാടകര്‍ ശ്രദ്ധിച്ചു.
അല്ലെങ്കില്‍ തന്നെ പിളര്‍ന്ന് പിളര്‍ന്ന് ഒരു വഴിക്കായ കേരളത്തിലെ സലഫികള്‍ പിന്നെയും ഭിന്നിക്കുകയാണത്രേ. കൂടോത്ര സര്‍ക്കുലറും മ്യൂസിക്കില്ലാത്ത പാട്ടും സ്ത്രീ സാന്നിധ്യമില്ലാത്ത സ്റ്റേജും ജിന്ന് പഠനക്ലാസുകളും സംസ്ഥാന സമ്മേളനത്തിലെ അവഗണനയുമൊക്കെ കണ്ട് സഹിച്ചും കുണ്ഠിതപ്പെട്ടുമാണ് ഐ എസ് എമ്മിന്റെ പേരില്‍ മടവൂര്‍ വിഭാഗം ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുന്നത്. മറ്റേ കൂട്ടം സലഫീ യുവാക്കള്‍ ‘ഭരണഘടന, മൗലികാവകാശം, ആദരിക്കുക, സംരക്ഷിക്കുക’ എന്ന് പറഞ്ഞ് നടത്തുന്ന ക്യാമ്പയിന് സമാന്തരമായാണ് മടവൂര്‍ വിഭാഗം ഗോള്‍ഡന്‍ ജൂബിലിയുടെ പേരില്‍ ‘നവോത്ഥാനം തീവ്രവാദമല്ല’ ക്യാമ്പയിനോടെ ഗ്രൂപ്പ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
യുവനിര ഇപ്പോഴും തങ്ങളുടെ കൂടെയാണെന്ന് ധ്വനിപ്പിക്കുന്നതായി അരയിടത്ത്പാലത്തെ സദസ്സ്. ‘ഞങ്ങള്‍ക്കെതിരെ ദുര്‍ബോധനം ചെയ്യാന്‍ വളണ്ടിയര്‍ കോര്‍ എന്ന തീവ്രവാദ സംഘടന പോലും മടവൂര്‍ വിഭാഗം ഉണ്ടാക്കിയെന്ന എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ വാക്കിനെ അനുസ്
മരിപ്പിക്കുന്നതായിരുന്നു സമ്മേളന നഗരിയിലെ വളണ്ടിയര്‍മാരുടെ വേഷവിധാനങ്ങളും ഭാവഹാവങ്ങളും.
ഏതായാലും, ജനുവരി 21ന് കോഴിക്കോട് ക്യാമ്പയിന് ഉദ്ഘാടനത്തിന്റെ പേരില്‍ റിബല്‍ പ്രവര്‍ത്തനത്തിന് മടവൂര്‍ വിഭാഗം നാന്ദി കുറിച്ചത് ഇരുതല മൂര്‍ച്ചയുള്ള പ്രമേയവുമായാണ്; ‘നവോത്ഥാനം തീവ്രവാദമല്ല.’ ഇങ്ങനെ പറയേണ്ടിവരുന്ന ഒരു സാഹചര്യം സലഫികള്‍ക്ക് ലോകത്താകെയും കേരളത്തില്‍ വിശേഷിച്ചുമുണ്ട് എന്ന് സമ്മതിക്കാം. മുസ്ലിം നവോത്ഥാനമെന്ന് പുരോഗമനവാദികള്‍ വ്യവഹരിക്കുന്ന മുജാഹിദ് പ്രസ്ഥാനം തീവ്രവാദമല്ല എന്നാണ് ഈ പറഞ്ഞതിന്റെ നേരെ ചൊവ്വേയുള്ള മഅന. ഈ മുദ്രാവാക്യം പോലും സലഫികളെ കൂടുതല്‍ സംശയത്തിലും പ്രതിരോധത്തിലുമല്ലേ ചെന്നെത്തിക്കുന്നത്? മുജാഹിദുകളുമായി ബന്ധപ്പെട്ട തീവ്രവാദ ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ നിലനിര്‍ത്താനല്ലേ പ്രമേയം ഉപകരിക്കുക? തീവ്രവാദവുമായി ബന്ധപ്പെട്ട് സലഫിസം, മുജാഹിദ് പ്രസ്ഥാനം, ഇസ്ലാഹീ പ്രസ്ഥാനം തുടങ്ങി പേരുകള്‍ കേട്ട് ആശയക്കുഴപ്പമുള്ളവര്‍ക്ക് ഒന്നുകൂടി വ്യക്തത വരാനല്ലേ സഹായിക്കുക? എന്നൊക്കെ ഈ പ്രമേയം കേള്‍ക്കുമ്പോള്‍ സംശയം ഉണ്ടാവുക സ്വാഭാവികം. ‘അത് ശരി, ഈ പറഞ്ഞിരുന്നത് മുജാഹിദുകളെ കുറിച്ചായിരുന്നു അല്ലേ’ എന്നാണല്ലോ കേള്‍ക്കുന്നയാള്‍ക്ക് തോന്നുക. മാത്രമല്ല, ഓരോ നിഷേധവും കൂടുതല്‍ സന്ദേഹം മാത്രമല്ല, പ്രസരിപ്പിക്കുന്നത്, മറുവാദം ഉറപ്പിക്കപ്പെടുക കൂടിയാണ്. രാഷ്ട്രീയ കൊലപാതക വാര്‍ത്തകള്‍ പരിചിതമായ മലയാളികള്‍ക്ക് ഇത് എളുപ്പം ബോധ്യപ്പെടും.
ഇത് പുറമെയുള്ള കാര്യം. നവോത്ഥാനം തീവ്രവാദമല്ല, എന്ന വാചകത്തിന്റെ യഥാര്‍ഥ ധ്വനി പക്ഷേ ഇതൊന്നുമല്ല. ‘ഞങ്ങളല്ല, മറ്റേ ഗ്രൂപ്പാണ് തീവ്രവാദികള്‍ എന്ന മുനയാണ് അത്. നവോത്ഥാനത്തിന് തീവ്രവാദമായി പരിണമിക്കാനാകില്ല, അതുകൊണ്ട് നവോത്ഥാനത്തിന്റെ പിന്തുടര്ച്ചക്കാര് ഞങ്ങളാണ്, നവയാഥാസ്ഥിതികരല്ല, തുടങ്ങിയ ഒളിയാക്രമണങ്ങളും അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. നേരത്തെ ഓരോ സലഫീ ഗ്രൂപ്പും സ്വയം ന്യായീകരിച്ചു നിന്നപോലെ, ഞങ്ങളുടെ ഗ്രൂപ്പില്‍ നിന്നല്ല, മറ്റേ ഗ്രൂപ്പില്‍ നിന്നാണ് തീവ്രവാദ പ്രവണതകളുണ്ടായത് എന്ന ഉള്‍പാര്‍ട്ടി രാഷ്ട്രീയമാണത്. ഈജിപ്ത്യന്‍ ബ്രാന്റ് നവോത്ഥാനത്തില്‍ നിന്നല്ല, അതിന് ശേഷം വന്ന സഊദി മെയ്ഡ് സലഫിസത്തില്‍ നിന്നാണ് തീവ്രവാദം വന്നതെന്നാണല്ലോ ഈ വിഭാഗത്തിന്റെ ഒരു പ്രധാന വാദം. ഏതായാലും കേരളത്തില്‍ തീവ്രവാദ ആരോപണം നേരിടുന്നത് ആരാണെന്ന സംശയം ഇനി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് കൂടി കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കുന്ന തരത്തിലായിപ്പോയി ഐ എസ് എമ്മിന്റെ പ്രമേയം. ക്യാമ്പയിനിലൂടെ ഔദ്യോഗിക വിഭാഗം മുജാഹിദുകളെയാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നതെന്നതിനുള്ള അടിവരകൂടിയാണ് ഇത്. ഇതുപോലൊരു പ്രമേയം മുന്നോട്ട് വെച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് ഉപദേശിക്കാന്‍ സമുദായ രാഷ്ട്രീയ നേതാക്കളും ഗുണകാംക്ഷികളുമൊക്കെ എവിടെപ്പോയി?
മലയാളി മുസ്ലിം സാമൂഹിക ജീവിതത്തെയും രാഷ്ട്രീയത്തെയും അവലോകനം ചെയ്തുകൊണ്ടുള്ള മിക്കവാറും അന്വേഷണങ്ങളും വാര്‍ത്തകളുമൊക്കെ സലഫിസത്തിലും, അത് തന്നെ അതിന്റെ തീവ്രവാദ ചാര്‍ച്ചയിലും പര്യവസാനിക്കുന്നതാണ് സമീപകാലത്ത് കണ്ടുവരുന്നത്. മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങള്‍, സുന്നികള്‍ തമ്മിലുള്ള യോജിപ്പിന്റെ അന്തരീക്ഷം, ഇ കെ വിഭാഗം സമസ്തയുടെ നിലപാടുകള്‍ എന്നു തുടങ്ങി എന്തും പര്യവസാനിക്കുന്നത് ഈ നിലയിലാണ്. ഈ ഘട്ടത്തില്‍ ഈ സലഫികള്‍ കൂടി ഇങ്ങനെ സെല്‍ഫ് ഗോള്‍ അടിച്ചാലോ?
ഏതായാലും സലഫികള്‍ക്ക് വേണ്ടി സുന്നികളെ എങ്ങനെ അകറ്റാമെന്ന് സമുദായ രാഷ്ട്രീയക്കാര്‍ തല പുകച്ച ഞായറാഴ്ച വൈകുന്നേരം തന്നെയായിരുന്നു ആരുടെയും കുത്തിത്തിരിപ്പില്ലാതെ സലഫികള്‍ അരയിടത്തു പാലത്ത് വേര്‍പിരിയാന്‍ വഴി നോക്കിയത് എന്നത് കാവ്യനീതിയാകാം. ആന്റണിയില്ലാത്ത എ ഗ്രൂപ്പ് ആണോ അതല്ല, മടവൂര്‍ തന്നെ നേരിട്ടിറങ്ങി നേതൃത്വം വഹിക്കുമോ എന്ന് അറിയാന്‍ പോകുന്നേയുള്ളൂ. ഇനി, ഒളി സൗഹൃദം മാത്രമേ ഉണ്ടാകൂ എന്നോ; ഒന്നും തിട്ടമില്ല. ഉറ്റ തോഴനായ സി പി ഉമര്‍ സുല്ലമിയുടെ സാന്നിധ്യവും മടവൂരിന്റെ സ്വന്തം പള്ളിയിലെ തൂണിലെ ആ പോസ്റ്ററുമൊക്കെ ചില സൂചനകള്‍ നല്‍കുന്നുണ്ട് എങ്കിലും.
പി കെ എം അബ്ദുര്‍റഹ്മാന്‍
January 25, 2018
SirajDaily