ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 8 January 2018

ഇംഗ്ലീഷ് ഭാഷയും സമസ്തയും- കാന്തപുരം ഉസ്താദ്

മർകസിന്റെ നാൽപതു വർഷത്തെ ചരിത്രവർത്തമങ്ങൾ പറയുന്ന ദീർഘസംഭാഷണം മർകസ് റൂബി ജൂബിലി സുവനീറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സംഭാഷണത്തിൽ നിന്ന്

നുഐമാൻ  : *ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത്  ഹറാമാണ് എന്ന ഫത്‌വ സുന്നികളുടേതായിരുന്നല്ലോ?*

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ : എന്നിട്ടു മുസ്‌ലിംകൾ  ഇംഗ്ലീഷ് പഠിച്ചിട്ടില്ലേ. സമസ്തയുടെ ഭരണ ഘടനയിലെ പല ഭാഗങ്ങളും എഴുതിയത് ഇംഗ്ലീഷിൽ ആണ്. അപ്പോൾ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത്  ഹറാമാണ്, പെൺകുട്ടികൾ എഴുത്ത് പഠിക്കുന്നത്‌  കറാഹത്താണ്  എന്നൊക്കെ പണ്ഡിതന്മാർ അഭിപ്രായപ്പെടാനുള്ള കാരണം, സാഹചര്യം എന്തായിരുന്നു എന്ന് പരിശോധിക്കണം. അല്ലാതെ വെറുതെ എന്തെങ്കിലും പറയരുത്.  മുസ്‌ലിംകൾക്കു അവരുടെ വിശ്വാസമാണ് പ്രധാനം. ആ വിശ്വാസത്തിനു കോട്ടം വരുത്തുന്ന ഏതു സാഹചര്യത്തിൽ നിന്നും മാറി നിൽക്കണം എന്നതാണ് അവരുടെ നിലപാട്. ആധുനിക വിദ്യാഭ്യാസത്തോട് തുടക്കത്തിൽ മുസ്ലിംകൾക്ക് പൊതുവിൽ ഉണ്ടായിരുന്ന താല്പര്യമില്ലായ്മയുടെ കാരണവും ഇതായിരുന്നു.  അതുമനസ്സിലാക്കി അവർക്കിടയിൽ അനുകൂല സാഹചര്യം ഉണ്ടാക്കാൻ ആരും മിനക്കെട്ടില്ല. പകരം വിശാസത്തെയും വിദ്യാഭ്യാസത്തെയും പരസ്പരം എതിർ ദിശയിൽ നിർത്തിക്കൊണ്ടുള്ള പ്രചാരണമാണ് നടന്നത്. എന്നിട്ടു പറയും, മുസ്ലിംകൾ സ്‌കൂളിൽ പോകുന്നില്ല എന്നൊക്കെ. ഇവിടെ സ്‌കൂളുകൾ വന്നത് എപ്പോഴാണ്. എവിടെയൊക്കെയാണ് സ്‌കൂളുകൾ ഉണ്ടായിരുന്നത്. മറ്റുള്ള മതസ്ഥർക്കിടയിലെ വിദ്യാഭ്യാസ നിലവാരം എന്തായിരുന്നു? എന്ന കാര്യങ്ങളെ കുറിച്ചൊന്നും പറയാതെയാണ് മുസ്‌ലിംകളെ  മാത്രം ഒറ്റതിരിച്ചുള്ള കണക്കുകളും അഭിപ്രായങ്ങളും പറയുന്നത്. ഒരനുഭവം പറയാം. അൽ  അസ്ഹറിൽ പഠിക്കാൻ വന്ന ഒരു കുട്ടിയെ പരിചയപ്പെട്ടു. പത്തു വർഷത്തിലധികമായി അവിടെ പഠിക്കുന്ന ആളാണ്. ആഫ്രിക്കയിലെ നൈജീരിയക്കാരൻ. അവന്റെ നാട്ടിൽ സ്‌കൂൾ വന്നത് പത്തിരുപതു വർഷം  മുമ്പാണ്. അപ്പോൾ അവനും സ്‌കൂളിൽ ചേരാൻ പോയി. ഏഴു വയസ്സുള്ളവരെ മാത്രമേ ചേർക്കൂ എന്നും വയസ്സ് അധികമായതിനാൽ സ്‌കൂളിൽ ചേർക്കാൻ നിർവ്വാഹമില്ല എന്നും പറഞ്ഞു ആ വിദ്യാർഥിയെ തിരിച്ചയച്ചു. അങ്ങനെയാണ് ആ കുട്ടി പള്ളിദർസിലേക്കും  പിന്നീട് അൽ അസ്ഹറിലേക്കും എത്തുന്നത്. ഇവിടെ ആരാണ് കുറ്റക്കാരൻ. ആ കുട്ടിയാണോ, സ്‌കൂളാണോ, അവിടത്തെ നിബന്ധനകളാണോ? ഇതുപോലെയാണ് ഇവിടത്തെയും കാര്യങ്ങൾ. ഇനിയിപ്പോൾ ഒരു പ്രത്യേകതരം പഠനം നടത്തിയാൽ മാത്രമേ ആളുകൾക്ക് അറിവുണ്ടാകൂ എന്നു  കരുതുന്നത് ശരിയാണോ.
 ആദിവാസി വിഭാഗങ്ങളെ അവരുടെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ചു പഠിപ്പിക്കാനുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. അതൊക്കെ പത്രങ്ങളിൽ വലിയ സന്തോഷകരമായ വാർത്തകളായി വരികയും ചെയ്യും. എന്നാൽ മുസ്‌ലിംകൾ  അവരുടെ ജീവിത-വിശ്വാസ സാഹചര്യം അനുസരിച്ചു പഠനം നടത്തിയാലോ. അപ്പോഴക്കു കാര്യങ്ങൾ നേരെ തല തിരിയും. മതപഠനത്തിന്റെ പേരിൽ കുട്ടികളെ പീഢിപ്പിക്കുന്നു എന്നൊക്കെ ആയിരിക്കും പത്രത്തിൽ വാർത്ത. മുക്കം മുസ്‌ലിം  ഓർഫനേജിൽ പഠിക്കാൻ വന്ന കുട്ടികളോട് അന്നത്തെ സർക്കാർ സ്വീകരിച്ച നയം നാം കണ്ടതല്ലേ.  സുന്നികളെ, പെൺകുട്ടികളെ ആധുനിക വിദ്യാഭ്യാസം  നേടുന്നതിൽ നിന്നും തടയുന്ന സാഹചര്യങ്ങൾക്ക്  പരിഹാരം കണ്ടെത്തി എന്നതാണ് ഞങ്ങൾ കൊണ്ടുവന്ന മാറ്റം. മർകസ് ആദ്യമായി ആരംഭിച്ച സ്ഥാപനങ്ങളിൽ ഒന്ന് പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഓര്ഫനേജ്ആയിരുന്നു. നാല്പതാം വാർഷികത്തിന്റെ ഏറ്റവും വലിയ പദ്ധതിയായി അവതരിപ്പിക്കുന്നത് പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദ ഗവേഷണ മേഖലകളിൽ ഉയർന്ന വിദ്യാഭ്യാസം  ലഭ്യമാക്കുന്ന  ക്വീൻസ് ലാൻഡ് ആണ്.